`മലയാളഭാഷയുടെ പ്രാമുഖ്യം ഉറപ്പിക്കാന്‍ വേണ്ട നടപടികള്‍ക്ക് നിയമനിര്‍മ്മാണം നടത്തണമെന്ന് സാംസ്‌കാരികനായകര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. മലയാളത്തെ ഒന്നാംഭാഷ യാക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കോടതിവിധിയിലൂടെ തകിടംമറിഞ്ഞു. ഈ കോടതിവിധി മറികടക്കാന്‍ നിയമനിര്‍മ്മാണം വേണം. ഒഎന്‍വി., സുഗതകുമാരി, പുതുശ്ശേരി രാമചന്ദ്രന്‍, വിഷ്‌ണുനാരായണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.'' മാതൃഭൂമി 2012 ഒക്ടോ.12 സ്വന്തം ഭാഷയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്ന തിരിച്ചറിവ് പ്രകടിപ്പിക്കുന്ന പത്രവാര്‍ത്തയാണ് മേലുദ്ധരിച്ചത്. ഗതികേടുകള്‍ പലതരത്തിലുണ്ട്. ആത്മാഭിമാനം ചവിട്ടിയരയ്‌ക്കപ്പെടുക എന്നത് ഗതികെട്ട അവസ്ഥയുടെ മകുടമാണ്. ആര്‍ക്കും വേണ്ടാത്തവരായി ജീവിക്കേണ്ടിവരിക വലിയ സങ്കടവുമാണ്. ആര്‍ക്കും വേണ്ടാത്ത - ആരാലും അപമാനിക്കപ്പെടാവുന്ന - എപ്പോള്‍ വേണമെങ്കിലും തള്ളിപ്പറയപ്പെടാവുന്ന ഒരസ്‌തിത്വമാണ് നമ്മുടെ മാതൃഭാഷയുടേത്. സവിശേഷമായ, സാംസ്‌കാരിക മുദ്രകള്‍ പേറിജീവിച്ച ചില ഭാഷകള്‍ ലോകത്തുനിന്ന് തുടച്ചുമാറ്റപ്പെടുകയോ കുഴിച്ചിടപ്പെടുകയോ ചെയ്‌തിട്ടുണ്ടാവാം. മരവിച്ച വിരല്‍പ്പാടുപോലെ അവയില്‍പ്പെട്ട ചിലതൊക്കെ ശേഷിക്കുന്നു ണ്ടാവാം. സംസ്‌കൃതവും ലത്തീനുമൊക്കെ ഉദാഹരണങ്ങള്‍ മാത്രം. ഏകദേശം മൂന്നുകോടി ജനതയുടെ മാതൃഭാഷയാണ് മലയാളം. സഹ്യപര്‍വ്വതത്തിനു പടിഞ്ഞാറ് അറബിക്കടലിനോടു ചേര്‍ന്നുകിടക്കുന്ന ഒരു കൊച്ചു പ്രദേശമായ കേരളത്തിന്റെ മാതൃഭാഷയാണ് മലയാളം. കടല്‍ വ്യാപാരം കൊണ്ട് പണ്ടേ കീര്‍ത്തികേട്ട ഈ തുരുത്തില്‍ സംസാരത്തിന് ഉപയോഗിച്ചിരുന്ന ഭാഷ പരിണമിച്ചാണ് മലയാളമായിത്തീര്‍ന്നത്. പേരും അക്ഷരരൂപവുമൊക്കെ പല പരിണാമ പ്രക്രിയകളിലൂടെ കടന്നുപോയിട്ടുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിലും `മലയാള'മായിട്ടുണ്ടായിരുന്നില്ല. കേരളഭാഷയെന്നും മലയാണ്‍മയെന്നും മലയാഴ്‌മയെന്നുമൊക്കെ വിളിക്കപ്പെട്ടു. ഏതു പേരിട്ടുവിളിച്ചാലും പശ്ചിമതീരവാസികള്‍ക്ക് അവരുടേതായ ഭാഷയുണ്ടായിരുന്നു. സാഹിത്യരചനയ്‌ക്കും ഭരണാവശ്യങ്ങള്‍ക്കും ദേവഭാഷയായ സംസ്‌കൃതത്തെയും രാജഭാഷയായ ചെന്തമിഴിനെയും കൂട്ടുപിടിച്ചെങ്കിലും കൃഷ്‌ണഗാഥാകാലംമുതല്‍ നമ്മുടെ ഭാഷ സ്വന്തമായ ആവിഷ്‌കാര വിധങ്ങളാല്‍ കരുത്തു തെളിയിച്ചു. ഒരു ഭാഷ എന്നത് ഒരു ചിഹ്നവ്യവസ്ഥയാണ്. ഒരു നാടിന്റെ ഭൂപ്രകൃതിയുടെയും തൊഴിലിന്റെയും പാരിസ്ഥിതികാനുഭവങ്ങളുടെയും ബന്ധ-വിശ്വാസ, തൊഴില്‍ വൈവിദ്ധ്യങ്ങളുടെയുമെല്ലാം മുദ്രകളെ പേറുന്ന വ്യവസ്ഥയാണ്. ചേരുവയിലും വിന്യസനത്തിലും അനുഭൂതിയിലുമെല്ലാം വേരുപടര്‍ത്തി നില്‍ക്കുന്ന വ്യവസ്ഥ. നമ്മുടെ പദങ്ങളും പദസംഘാതങ്ങളും ചേര്‍ന്നുവരുന്ന അര്‍ത്ഥത്തിന്റെ അടരുകള്‍ തമിഴരുടെയോ കന്നഡിഗരുടെയോ ഇംഗ്ലീഷുകാരുടെയോ ഒന്നുംപോലെയല്ല. കന്നിമാനമെന്നോ തുലാവര്‍ഷപ്പെയ്‌ത്തെന്നോ ഓണമുണ്ണലെന്നോ ഒക്കെയൊക്കെ പറയു മ്പോള്‍ വ്യഞ്‌ജനയുടെ സാധ്യതകളെ നിര്‍മ്മിച്ചുകൊണ്ട് നമ്മുടെ ഭൂപ്രകൃതിയും കാലാവസ്ഥയും ചിന്തകളും ഭക്ഷണശീലങ്ങളും ബന്ധങ്ങളുടെ അരുമനോട്ടങ്ങളും ഉണ്ടായിരിക്കും. കേരളത്തിന്റെ മാത്രമായ കാലാവസ്ഥാ വിശേഷങ്ങളും കൃഷിരീതി കളുമൊക്കെകൂടി അനുഭൂതിപരമായ ജൈവികമണ്ഡലം നിര്‍മ്മിച്ചുതന്ന ഭാഷ നമുക്കുണ്ട്. തുലാവര്‍ഷരാത്രിയോ മഴയോ തൊട്ടടുത്തുള്ള തമിഴര്‍ക്ക് നമ്മുടേതുപോലെ ആവില്ല മനസ്സിലാവുന്നത്. ``ഏതോ തുലാവരിഷരാവിന്റെ മച്ചറയിലേകാന്ത നിര്‍വൃതി നുണഞ്ഞതിന്'' എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയിട്ടുണ്ടല്ലോ - ആകാശം പിളര്‍ത്തുന്ന മിന്നലും മനസ്സിലെ സ്വപ്‌നങ്ങളെപ്പോലും ഉടച്ചുകളയുന്ന ഇടിവെട്ടും നാലുമണി നേരത്തുപോലും പാതിരപോലെ ഇരുട്ടില്‍മൂടി കടല്‍ക്കമിഴ്‌ത്തി വീഴ്‌ത്തുംപോലെ പെയ്‌തുതിമിര്‍ക്കുന്ന തുലാമഴ നമ്മുടെ പാരിസ്ഥിതികായാഥാര്‍ത്ഥ്യമായിരുന്നു. ആ അനുഭവത്തില്‍ നിന്നേ തുലാമഴയുടെ വ്യഞ്‌ജനകള്‍ പീലി വിടര്‍ത്തുകയുള്ളൂ. ഇങ്ങനെ വാക്കിന്റെ ഓരോ ശംഖിലും (പദവും പ്രയോഗവും) സഹസ്രാബ്ദങ്ങളുടെ അര്‍ത്ഥസാഗരം ഇരമ്പുന്നുണ്ടായിരിക്കും. മഴകൊണ്ടും വെയിലുകൊണ്ടുപോലും തീര്‍ത്ത എത്രയോ വാക്കിന്റെ കൂടാരങ്ങള്‍ നമുക്കുണ്ട്. അഭയം തരുന്ന ശബ്ദഗൃഹങ്ങള്‍. കര്‍ക്കിടകത്തിലെ കറുത്ത വാവ് എന്നു പറയുമ്പോള്‍ മഴയും ഇരുട്ടും മാത്രമല്ല നാവു പിളര്‍ത്തുന്ന കരിനാഗങ്ങള്‍പോലുമുണ്ട് അതില്‍. ഏതു ഇഴജീവിക്കും വിഷം കൂടുന്ന ദിനം, തോരാമഴയുടെ നിബിഡത, രാമായണ പാരായണത്തിന്റെ പുണ്യനിര്‍ഝരി, കൂടിനെയും കൂട്ടിനെയും തേടിയെത്തുന്ന കാര്‍ന്നോന്മാര്‍. അങ്ങനെ, കൂറ്റാക്കൂരിരുട്ടും മഴയും ബന്ധങ്ങളുടെ ഇറയത്തുചേര്‍ത്തുനിര്‍ത്തി അനുഭൂതിപരമായി മഴ കൊണ്ടുപോലും ഇടപെടുന്ന തലം നമ്മുടെ ഭാഷയ്‌ക്കുണ്ട്. നമ്മുടെ പാരമ്പര്യത്തിലെ ജനിതകത്തുടര്‍ച്ചകള്‍ ഭാഷയിലൂടെ വായിക്കുന്ന അനുഭവമാണ് വാക്കുകളും ശൈലികളും പഴഞ്ചൊല്ലുകളും കടം കഥകളും ഒക്കെ മുന്നോട്ടുവയ്‌ക്കുന്നത്. ``ആനകേറാമല ആടുകേറാമല, ആയിരംകാന്താരി പൂത്തിറങ്ങി'' എന്ന ഒരു കടംകഥയോടൊന്ന് അടുത്തു നില്‍ക്കുക. അതില്‍ ആനയും ആടും കേറിയിറങ്ങുന്ന മലയും കുന്നും ആകാശവും കാന്താരിയും ഒക്കെ ചേരുന്നു. അങ്ങനെ ആ കടംകഥാ നിര്‍മ്മി തിയുടെ രസതന്ത്രം കേവലം ഉത്തരം കണ്ടുപിടിക്കലിനപ്പുറത്തേയ്‌ക്ക് അനുഭൂതിയുടെ ലോകം തുറന്നുവയ്‌ക്കുന്നുണ്ട്. ``കാളകിടക്കും കയറോടും'' എന്ന കടംകഥയ്‌ക്കുത്തരം തേടുമ്പോള്‍ കാളയും പശുവും കിടാവും മേയുന്ന പുല്‍മേടുകളും കൃഷിക്കായി കാളയെ വളര്‍ത്തുന്ന ജീവിത ശൈലിയുമൊക്കെ ചേരുമ്പോള്‍ കടംകഥ ജീവിതാനുഭവചിത്രണമാകുന്നു. ഇന്ന് പാടമില്ല, കൃഷിയില്ല, കാളയും പശുവുമില്ലാതാകുമ്പോള്‍ ``പശൂംചത്തു മോരിലെ പുളിയും കെട്ടു'' എന്ന ശൈലിയുടെ അര്‍ത്ഥാന്തരങ്ങള്‍ നമ്മുടെ സാമൂഹ്യജീവിതത്തിന്റെ കമ്പോളപരതയിലേക്കുപോലും കടന്നുചെല്ലുന്നുണ്ട്. ഭാഷ പ്രകൃതിയുടെയും പ്രകൃതിയുമായുള്ള വിനിമയത്തിന്റെയും മാതൃകകളെ ധാരാളമായി അവതരിപ്പിക്കുന്നുണ്ട്. വേനല്‍ക്കാലത്തെ നട്ടുച്ചകളില്‍ മരച്ചില്ലകള്‍ക്കിടയില്‍ ഒരാള്‍ ``ചക്കിക്കൊച്ചമ്മേ ചക്കയ്‌ക്കുപ്പുണ്ടോ'' എന്ന് കൂകി കൂകി ചോദിച്ചിരുന്നു. ചക്കയുടെയും മാങ്ങയുടെയും കാലത്ത് വിരുന്നിനെത്തുന്ന പക്ഷിപോലും വീട്ടുകാരിയോട് ചക്കയ്‌ക്കുപ്പുണ്ടോ എന്ന് ചോദിക്കുന്നതായുള്ള ഭാവനയോടൊപ്പം ദേശാന്തരങ്ങളില്‍ ചേക്കതേടുന്ന പക്ഷിയില്‍പോലും മാതൃ ഭാഷാപരമായ സംവേദനം പ്രതീക്ഷിച്ചിരുന്ന ഒരു നാടിന്റെ നേരറിവും കൂടിയുണ്ട്. ഇന്ന് ചക്ക വേണ്ടുന്നവര്‍ കുറവാണ്. അനാഗരികമായ ഭക്ഷണ ശീലങ്ങളുടെ പട്ടികയില്‍പ്പെട്ട ചക്കയും ചക്കക്കുരുവും ഒക്കെ ചേക്ക വിട്ടിറങ്ങിയിരിക്കുന്നു. പരിസ്ഥിതിയോടിണങ്ങുന്ന ജീവിതശൈലിയില്‍നിന്നുള്ള വിഛിത്തി ഭാഷാപരമായ പ്രാദേശികാനുഭവങ്ങളില്‍നിന്നുള്ള മുറിഞ്ഞുമാറലിനൊപ്പം സംഭവിക്കുന്നതാണ്. ``കുട്ടത്തീ കുറു, കുട്ടത്തീ കുറു'' എന്നാണ് പ്രാവ് കുറുകിക്കൊണ്ടിരുന്നത് എന്ന് ഒരു കാലത്തു നമ്മുടെ കുട്ടികള്‍ കരുതിയിരുന്നു. അരിവറക്കുമ്പോള്‍ കുറഞ്ഞുപോമെന്നുള്ള സത്യമറിയാതെ പോയ പ്രാവിന്റെ കഥയ്‌ക്കൊപ്പം പ്രാവിന്റെ കുറുകലും വൈലോപ്പിള്ളിയുടെ കവിതയും കൂടുകൂട്ടിയിരുന്നു. അരിവറുത്തു പൊടിച്ചുണ്ടാക്കുന്ന ഭക്ഷണ ഇനങ്ങളുടെ രുചിയും പ്രാവിന്റെ കുറുകലുമെല്ലാം വലിയൊരു ശൃംഖലാബന്ധത്തിന്റെ സൂക്ഷിപ്പുകളായിരുന്നു. നെല്‍കൃഷിയും അരിയും, അരിപ്പല ഹാരങ്ങളും ഉരലില്‍ കുത്തിയുണ്ടാക്കുന്ന അരിപ്പൊടിയും പ്രാവുകളും ആളുകളുമെല്ലാം കണ്ണിമുറിയാതെ ചേര്‍ത്തുവയ്‌ക്കപ്പെട്ട കാലത്തിന്റെ ചിത്രം അതിലുണ്ട്. പുഴകള്‍ മാന്തിപ്പൊളിക്കപ്പെട്ട് മലകള്‍ ഇടിച്ചുനിരത്തപ്പെട്ട് മണലും മണ്ണും ധൂര്‍ത്തമായി ചെലവിട്ട് മണിമന്ദിരങ്ങള്‍ പണിത് മലയാളി പാര്‍പ്പു തുടങ്ങിയ കാലംമുതല്‍ മലയാളമൊരു മാരണമാണെന്ന് ചിന്തിച്ച് തല പുകച്ചു. ഇന്ത്യന്‍ കോണകം കഴുത്തില്‍ കെട്ടിയിറങ്ങുന്ന കിടാങ്ങള്‍ മാതൃഭാഷയെ പൊട്ടഭാഷയെന്ന് ധരിച്ചുവശാകാന്‍ തുടങ്ങി. കിടാങ്ങള്‍ക്കു ഡാഡിയും മമ്മിയും മിസ്സുമാരും മാനേജര്‍മാരും പ്രിന്‍സിപ്പല്‍മാരും അത് കാലേകൂട്ടി കണക്കാക്കിയിരുന്നു. അവര്‍ `ഡേര്‍ട്ടി മലയാള'മെന്നും `ബ്ലഡി മലയാള'മെന്നും ചേര്‍ത്തുവച്ച് പുതിയ വായ്‌ത്താരികള്‍ തീര്‍ത്തിരുന്നു. തല്‍ഫലമായി പുതിയ തവിട്ടുസായ്‌പന്‍ കുഞ്ഞുങ്ങള്‍ `ഞാന്‍ മലയാളത്തില്‍ സംസാരിക്കില്ല' എന്ന് ഇമ്പോസിഷന്‍ എഴുതിയെഴുതി മാതൃഭാഷയെ പ്രാകിപ്പോന്നു. ഇങ്ങനെ ഭാഷ പള്ളിക്കൂടം കോമ്പൗണ്ടിനു വെളിയില്‍ പരുങ്ങിനിന്നു. എപ്പോഴെങ്കിലും വിളിച്ചാലോ എന്ന് വിചാരിച്ചാണ് നില്‍പ്. ഉദാരമതികളായ ചില ഇംഗ്ലീഷ് പള്ളിക്കൂടങ്ങള്‍ നവംബര്‍ 1 ന് മാതൃഭാഷയെയും സ്വദേശി വസ്‌ത്രധാരണ രീതിയെയും അകത്തേയ്‌ക്കു വിളിച്ചിട്ട് നാലുമണി ബെല്ലിനൊപ്പം ഇറക്കിവിടുകയും ചെയ്യും. മുലപ്പാലിനുപകരം കുപ്പിപ്പാലും മാതൃഭാഷയ്‌ക്കു പകരം മറ്റിംഗ്ലീഷും കുട്ടികളുടെ വായില്‍ത്തി രുകിക്കൊടുക്കുന്ന തന്തയാന്മാരെയും തള്ളയാര്‍കളെയും നമിക്കുന്നു. ക്ലാസുമുറികളില്‍ മാതൃഭാഷയെ നിരന്തരം നാണംകെടുത്തുന്ന ഗുരുഭൂതങ്ങളെയും പള്ളിക്കൂടം നടത്തിപ്പുകാരെയും എല്ലാറ്റിനും ഒത്താശ ചെയ്‌തു കൊടുക്കുന്ന ഭരണാധികാരികളെയും നമിക്കുന്നു. ഭാഷയുടെ തകര്‍ച്ചയ്‌ക്ക് കൂട്ടുത്തരവാദികളായവര്‍ ഈ പുത്തന്‍ കോളനീകരണകാലത്ത് വന്ദിക്കപ്പെടേണ്ടതല്ലേ. ഭാഷ ജീവിക്കുന്നത് അത് പ്രയോഗിക്കപ്പെടുമ്പോഴാണ്. ജീവിതം സാര്‍ത്ഥകവും സൗന്ദര്യപരവും ആകുന്നത് അത് അനുഭൂതി പ്രദാനം ചെയ്യുമ്പോഴാണ്. ഊര്‍ജ്ജത്തോടെ പ്രത്യക്ഷപ്പെടുന്നത് ലോകവ്യവഹാരാവശ്യങ്ങള്‍ക്കെല്ലാം ഭാഷ ഉപയുക്തമാകുമ്പോഴാണ്. ഏതെല്ലാം രീതിഭേദങ്ങളോടെ ഭാഷ ഉപയോഗിക്കപ്പെടുന്നുണ്ടോ അപ്പോഴാണ് ആ ഭാഷയുടെ ജീവിതം പ്രധാനപ്പെട്ടതാകുന്നത്. ജീവസന്ധാരണത്തിന്റെ വ്യത്യസ്‌ത ഇടങ്ങളില്‍ ഭാഷ പ്രധാനപ്പെട്ടതായി പരിഗണിക്കപ്പെടേണ്ടതാണ്. ഇന്ന് ഭരണഭാഷ മലയാളമാണ്. എങ്കിലും ഉന്നത വിദ്യാഭ്യാസ രംഗങ്ങളിലും കോടതിവ്യവഹാരങ്ങളുടെ ഉന്നത നിലകളിലും മാതൃഭാഷ പ്രയോഗിക്കപ്പെടുന്നില്ല. ശാസ്‌ത്രസാങ്കേതിക വിഷയങ്ങളുടെ പഠനത്തിനും കോടതിയിലെ ആവശ്യങ്ങള്‍ക്കും ഉപകരിക്കത്തക്കവിധം പ്രായോഗികവും കാലികവുമായ രീതിശാസ്‌ത്രങ്ങള്‍ ഭാഷാരംഗത്ത് ഉണ്ടാകേണ്ടിയിരിക്കുന്നു. പുതിയ പദങ്ങളും ശൈലികളും ആഖ്യാന തന്ത്രങ്ങളും വികസിപ്പിച്ച് എടുക്കേണ്ടിയിരിക്കുന്നു. ഉപയോഗമുള്ളതാണ് ഭാഷയെന്ന തോന്നല്‍ സൃഷ്ടിക്കുവാന്‍ വേണ്ടി ഭാഷ പരുവപ്പെടണം. ഇന്നത്തെ കൗമാരയൗവനങ്ങളുടെ സംഭാഷണത്തില്‍ നിന്നുപോലും മലയാളം പടിയിറങ്ങിപ്പോയിരിക്കുന്നു. മലയാളത്തില്‍ കൊച്ചുവര്‍ത്താനം പറയുന്നത് ഷ്ടൈലിനിണങ്ങാത്ത കാര്യമായിരിക്കുന്നു. സാധാരണ സംഭാഷണത്തില്‍ നിന്നുപോലും മലയാളം പുറത്താക്കപ്പെട്ടിരിക്കുന്നു. ഇനി ഈ ഭാഷ ജീവിക്കേണ്ടത് ഈ പുതുതലമുറയി ലൂടെയാണ്. അവരില്‍ ഉപരിവര്‍ഗ്ഗ ജീവിതശൈലി സ്വീകരിച്ചിരിക്കുന്നവരോ അതിനെ അനുകരിക്കുന്നവരോ മലയാളം നിത്യവ്യവഹാരത്തിന് പോരാ എന്നു തിരിച്ചറിഞ്ഞിരിക്കുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്നവര്‍ വീട്ടില്‍പോലും ഇംഗ്ലീഷ് പറയാനിഛിക്കുമ്പോള്‍ ഭാഷ സാധാരണക്കാരുടേതു മാത്രമായിരിക്കുന്നു. കേരളത്തില്‍ ജനിച്ച് ഇവിടെത്തന്നെ വളര്‍ന്നുവന്നിട്ടും മാതൃഭാഷ എഴുതാനോ വായിക്കാനോ അറിയാത്തവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നുണ്ട്. വൈകാതെ മാതൃഭാഷയെ പാമരജനപ്രസിദ്ധമായ ഭാഷയെന്നു വിശേഷിപ്പിക്കുന്ന പുതിയ വ്യാകരണഗ്രന്ഥങ്ങളുണ്ടായിയെന്നു വരാം. അപാമരഭാഷ ഇംഗ്ലീഷ് ആയിമാറുമ്പോള്‍ മാതൃഭാഷയ്‌ക്ക് പാമര ഭാഷയാവുകയേ നിവൃത്തിയുള്ളൂ.ഒരു ഭാഷ മരിക്കുമ്പോള്‍ അനുഭൂതിയുടേതായ വലിയൊരു ലോകം അതിനൊപ്പം മണ്ണിലേയ്‌ക്ക് മൂടപ്പെടുന്നുണ്ട്, നിത്യജീവിതവ്യവഹാരങ്ങളിലൊക്കെയും മലയാളി സൂക്ഷിച്ച രക്തബന്ധങ്ങളുടെയും പാരിസ്ഥിതിക ബന്ധങ്ങളുടെയും വിജ്ഞാനശേഖരണങ്ങളുടേതു മായ ഭാഷയാണ് മരിച്ചു വീഴുന്നത്. ഭാഷയുടെ മരണത്തിനൊപ്പം കേരളീയ ഭൂപ്രകൃതി ഘടകങ്ങളും പാരിസ്ഥിതിക ഘടനകളും ബന്ധങ്ങളുടെ സിരാപടലവും തകര്‍ക്കപ്പെടുക യാണ്. വഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന ജരാനരബാധിച്ച രക്തബന്ധങ്ങളും മൂക്കും മുലയും തലയും മുറിക്കപ്പെട്ട മലനിരകളും അടിവയര്‍ വരെ പിളര്‍ത്തി മണലൂറ്റപ്പെട്ട പുഴകളും അപമാനത്തിന്റെ അഗാധതകളിലേയ്‌ക്ക് ചവിട്ടി എറിയപ്പെട്ട മാതൃഭാഷയും മലയാളിയുടെ വര്‍ത്തമാനകാല ജീവിതത്തിന്റെ നേരനുഭവങ്ങളാണ്. അങ്ങനെയാണിപ്പോള്‍ കാലഘട്ടങ്ങളെ കേറിയും കടന്നും കേരളം വരളുന്നത്. ഈ വരള്‍ച്ച സാംസ്‌കാരികവും പാരിസ്ഥിതികവുമായ മരണമാണെന്ന് തിരിച്ചറിയണം. മലയാളമെന്ന മഴവില്ല് മാഞ്ഞുപോയ ആകാശച്ചുവരില്‍ വ്യാജനക്ഷത്രങ്ങള്‍ ശേഷിക്കുമെന്നോര്‍ക്കുക.