സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഗൈഡ്‌, ഫ്രണ്ട്‌, ഫിലോസഫര്‍ (?)

മ്യൂസ്‌ മേരി ജോര്‍ജ്ജ്‌



ക്ലാസ്‌മുറികള്‍ അലങ്കോലപ്പെടുത്തിയ ജീവിതങ്ങളെയും വരാന്തകളും ഇടനാഴികളും അനാഥമാക്കിയ ബാല്യങ്ങളെയും കുറിച്ച്‌ ചിന്തിക്കാന്‍ പ്രേരിപ്പിച്ച ചിത്രമാണ്‌ `താരേ സമീന്‍പര്‍'. ഇഷാന്‍ അനുഭവിക്കുന്ന ഒറ്റപ്പെടലും നിസ്സഹായതയും എന്നെ കരയിച്ചു. ഇഷാനെപ്പോലെ സിനിമാറ്റിക്‌ ആയ രക്ഷപെടല്‍ സാധ്യമാകാത്ത വിദ്യാര്‍ത്ഥികളാണ്‌ മുന്നില്‍ നിരന്നത്‌. ക്ലാസില്‍ നിന്ന്‌ ഇറക്കി വിടപ്പെട്ടവര്‍, അപമാനഭാരം കൊണ്ടു കുനിഞ്ഞ തല ഡസ്‌കില്‍ വന്നുമുട്ടിയവര്‍, പേടിച്ച്‌ ക്ലാസില്‍ മൂത്രമൊഴിച്ചവര്‍, പഠനം ഇനി വേണ്ട എന്നു നിശ്ചയിച്ചവര്‍ ഇങ്ങനെ പലതരത്തില്‍പെട്ട വിദ്യാര്‍ത്ഥികളെ എന്റെ സ്‌കൂള്‍ പഠനകാലം മുതലുള്ളവരെ ഞാനോര്‍മ്മിച്ചു. അധ്യാപകര്‍, സുഹൃത്ത്‌, സഹായി, ദാര്‍ശനി കന്‍ (friend, guide, philosopher) ആയിരിക്കണമെന്നത്‌ അധ്യാപക പരിശീലനകാലത്തു കേള്‍ക്കുന്ന കാര്യമാണ്‌. പക്ഷേ, എപ്പോഴൊക്കെയോ അതു മറന്നു പോകാറുമുണ്ട്‌. ഒരു വിദ്യാര്‍ത്ഥിയുടെ വഴികളിലേയ്‌ക്കൊക്കെ തുറന്നുവച്ചതും ദൂരങ്ങളെ സമീപസ്ഥമാക്കുന്നതുമായ കാഴ്‌ചയുടെ ഉടമയായിരിക്കണം അധ്യാപകന്‍ എന്നോര്‍മ്മിപ്പിക്കാന്‍ ആ സിനിമയ്‌ക്കു സാധിച്ചു. 
മൂത്തമകനെ സ്‌കൂളിലാക്കാന്‍ പോകുന്നകാലം ഒരു പെണ്‍കുട്ടി സ്ഥിരമായി വരാന്തയില്‍ നില്‍ക്കുന്നുണ്ടായിരിക്കും. ആ വര്‍ഷം പുതിയതായി ചേര്‍ന്നതാണ്‌. ചിലപ്പോള്‍ മുടി കടിച്ചു തിന്നുകൊണ്ടിരിക്കും. മറ്റു ചിലപ്പോള്‍ മൂക്കട്ട നക്കിത്തിന്നുണ്ടായിരിക്കും. ചിലനേരങ്ങളില്‍ ഭിത്തിയില്‍ കുത്തിവരച്ചുകൊണ്ടിരിക്കും. ടീച്ചറുമായി സംസാരിച്ചപ്പോള്‍ പല സ്‌കൂളുകള്‍ മാറിമാറി ഈ സ്‌കൂളിലെത്തിയതാണ്‌. പിന്നീട്‌ ആ സ്‌കൂളിനും താങ്ങാനാവാതെ അവള്‍ ആ സ്‌കൂള്‍ വിട്ടുപോയി. പിന്നീടെങ്ങോട്ടു പോയിട്ടുണ്ടാവും? സ്ഥാപനസ്വഭാവിയായ ഒരു സമൂഹത്തിന്‌ സ്ഥാപന സ്വഭാവത്തിലുള്ള വിദ്യാഭ്യാസവ്യവസ്ഥ ആവശ്യമായി വരും. ഇത്തരമൊരു ഘടനയില്‍ സമൂഹമെന്ന അധികാര സ്ഥാപനത്തിന്റെ നിയമാവലി അഭ്യസിപ്പിക്കുന്ന ഉപകരണം മാത്രമാണോ അധ്യാപകര്‍? ഈ ചോദ്യം കഠിനമായി അനുഭവപ്പെടുത്തിയ ഒരു സിനിമാ സന്ദര്‍ഭം `നോട്ടു ബുക്ക്‌' സിനിമയിലുണ്ട്‌. ആത്മഹത്യ ചെയ്യാന്‍ സ്‌കൂള്‍ ബില്‍ഡിംഗിനു മുകളില്‍ കയറിയ കുട്ടിയുടെ ചുറ്റുമുള്ള ഏകാന്തത പിന്നീട്‌ പലപ്പോഴും എന്നെ പിന്തുടര്‍ന്നു. ഇപ്പോള്‍ 11.20 എല്ലാ വിദ്യാര്‍ത്ഥികളും അവരവരുടെ ക്ലാസുകളിലേക്ക്‌ തിരികെ പോകണം. അധ്യാപകരും ഇക്കാര്യം ഓര്‍ മ്മിക്കണമെന്ന പ്രിന്‍സിപ്പലിന്റെ അറിയിപ്പിനുശേഷം ആരും അവിടെ ശേഷിച്ചില്ല. സ്ഥാപന സ്വഭാവിയായ വിദ്യാഭ്യാസത്തിന്റെ വിമാനുഷിക മുഖം നടുക്കത്തോടെ കൂടെയുണ്ട്‌. `ത്രീ ഇഡിയറ്റി'ലെ വിദ്യാര്‍ത്ഥി ആത്മഹത്യ വളരെ സിനിമാറ്റിക്‌ ആണെങ്കിലും ഉപഭോക്‌തൃ സ്വഭാവത്തിലുള്ളതും ഏകാധികാര സ്വഭാവിയുമായ വിദ്യാഭ്യാസമെന്ന സ്ഥാപനത്തെ അതും പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്‌.
'Kneel down' ഈ ആജ്ഞയും ശിക്ഷയും ഇന്നും പല ക്ലാസ്‌മുറികളില്‍ നിന്ന്‌ ഉയരാറുണ്ട്‌. 30-40 പേരുടെ മുന്‍പില്‍ മുട്ടുകുത്തി നില്‍ക്കുന്ന ആ ഹതഭാഗ്യവാന്‍ അനുഭവിക്കുന്ന ആത്മഹതി എത്ര ഭീകരമായിരിക്കും. ഒരിക്കല്‍ ഒരു പ്രധാനാധ്യാപകനോട്‌ ഞാന്‍ പറഞ്ഞു. സാര്‍, മുട്ടുകുത്തി നിര്‍ത്തുന്നതിനുപകരം ആ കുട്ടിയെക്കൊണ്ട്‌ ഒരു ചെടി നട്ടു വയ്‌പിക്കുക. അതിന്റെ പരിപാലനം അയാളുടെ ചുമതലയിലാക്കുക. ഇടയ്‌ക്കിടെ നിങ്ങളും ആ ചെടിയെ ഒന്നു ശ്രദ്ധിച്ചാല്‍ ഇപ്പോള്‍ ചെയ്യുന്നതുപോലുള്ള നശീകരണം (സഹപാഠികളെ മര്‍ദ്ദിക്കുക, ക്ലാസ്‌ അലങ്കോലമാക്കുക) ഒന്നും ചെയ്യില്ലയെന്നു പറഞ്ഞു. പക്ഷേ, അദ്ദേഹം സമ്മതിച്ചു തന്നില്ല. അപ്പഴപ്പോള്‍ത്തന്നെ ശിക്ഷകൊടുത്താലേ ശരിയാകൂ എന്നദ്ദേഹം മറുപടി തന്നു. തനിക്ക്‌ അജ്ഞരായ അധികാരികളോട്‌ വിധേയപ്പെടുകയും തന്റേതല്ലാത്ത താല്‍പര്യങ്ങളെ ആന്തരവല്‍ക്കരിക്കുകയും ചെയ്യേണ്ടിവരുമ്പോള്‍ ഇണങ്ങിച്ചേരലിന്റെയും സന്ധിചെയ്യലിന്റെയും തലത്തിലേയ്‌ക്ക്‌ ഇറങ്ങിച്ചെല്ലാന്‍ വിദ്യാര്‍ത്ഥി നിര്‍ബന്ധിതനാകുന്നു. ഇതിന്റെ പ്രതിപ്രവര്‍ത്തനം രണ്ടു തരത്തിലാകാം. ഒന്നുകില്‍ കാലത്തി നൊപ്പം ഒഴുകിപ്പോകുന്നതും പരിവര്‍ത്തനോന്മുഖമായ യഥാര്‍ത്ഥസ്വത്വത്തെ രൂപപ്പെടുത്താന്‍ കഴിയാത്തയാളായിത്തീരും. അല്ലെങ്കില്‍, സ്വയം നശീകരണത്തിലേയ്‌ക്കു നയിക്കുന്ന ആത്മാപമാനങ്ങളായി ഇത്തരം ശിക്ഷകള്‍ മാറും. അനുസരിപ്പിക്കലിന്റെ ബലതന്ത്രം ആത്മവിധ്വംസനത്തിന്റെ പ്രതിബലങ്ങളില്‍ എത്തിച്ചേരാനും ഇടയുണ്ട്‌.
`മുന്നാഭായി എം.ബി.ബി.എസ്‌.' ഒരു ജനപ്രിയ സിനിമയാണ്‌. പക്ഷേ, അതിലെ ഒരു ചോദ്യം പല തവണ പിന്നീട്‌ എന്റെ മുന്നില്‍ വന്നു നിന്നിട്ടുണ്ട്‌. എന്തുകൊണ്ടാണ്‌ നിങ്ങള്‍ മെഡിക്കല്‍ പ്രൊഫഷന്‍ തെരഞ്ഞെടുത്തതെന്ന്‌ പ്രിന്‍സിപ്പല്‍ ചോദിക്കുന്നു. ഒരു പെണ്‍കുട്ടി മറുപടി പറയുന്നു. `ഞാന്‍ ആളുകളെ സ്‌നേഹിക്കുന്നു'. പ്രൊഫസറുടെ മറുപടി `ഞാനൊരിക്കലും എന്റെ പേഷ്യന്‍സിനെ സ്‌നേഹിച്ചിട്ടില്ല. അവര്‍ എനിക്കൊരു രോഗം' മാത്രമാണ്‌. വ്യക്തിയെ വസ്‌തുവാക്കുന്ന സമീപനരീതി അവലംബിക്കുന്ന വിദ്യാഭ്യാസ വ്യവസ്ഥയില്‍ വിദ്യാര്‍ത്ഥിയും വസ്‌തുവാണ്‌. നല്ല റിസല്‍റ്റ്‌ ഉല്‌പാദിപ്പിക്കേണ്ടുന്ന ഇനം വസ്‌തു. ചോദ്യങ്ങള്‍ ചോദിക്കാതെ ഉത്തരങ്ങളുരുവിട്ടു പഠിച്ച്‌ പരീക്ഷ ജയിച്ച്‌ പണം നേടേണ്ടുന്ന വസ്‌തുവായ വിദ്യാര്‍ത്ഥി ഒരു തരം നിശബ്ദിത സംസ്‌കാരത്തിനുടമകളായിത്തീരും. എന്നാല്‍ നിരന്തരം പരിവര്‍ത്തിക്കപ്പെടുന്നതും അനുകൂലമായ വര്‍ത്തനവ്യതിയാനങ്ങള്‍ ഉണ്ടാക്കപ്പെടുന്നതുമായ ഒരു പ്രക്രിയയാണ്‌ വിദ്യാഭ്യാസമെങ്കില്‍ അധ്യാപകര്‍ ആരാണ്‌? ആശയപരമായും വസ്‌തുതാപരമായും നിരന്തരം സ്വയം മാറ്റിപ്പണിഞ്ഞുകൊണ്ടിരിക്കുന്ന സ്‌ത്രീയോ പുരുഷനോ ആയിരിക്കണമയാള്‍. തങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന വാര്‍പ്പുക ളില്‍ നിന്ന്‌ പുറത്തിറങ്ങാന്‍ പറ്റാത്ത അവര്‍ക്ക്‌ ലൈംഗികജനാധിപത്യത്തിലും ജനാധിപത്യ പൗരബോധത്തിലും വളര്‍ന്നു വരേണ്ട ഒരു വിദ്യാര്‍ത്ഥിയെ എങ്ങനെ സ്വാധീനിക്കാനാവും?
വാര്‍പ്പുമാതൃകകളെ വിനിര്‍മ്മിച്ചുകൊണ്ടുള്ള സാമൂഹ്യാനുഭവങ്ങള്‍ക്ക്‌ അവസരമൊരുക്കിക്കൊടുക്കാത്തതിന്റെ അനന്തരഫലം നമ്മുടെ വര്‍ത്തമാനകാലസമൂഹം നേരിടുന്നുണ്ട്‌. പരമ്പരാഗതമായ വാര്‍പ്പുമാതൃകകള്‍ക്കൊപ്പം ഉപഭോക്‌തൃപരമായ ലൈംഗികശീലങ്ങളുംകൂടി കൂട്ടിക്കലരുമ്പോള്‍ ലൈംഗികമായ വസ്‌തുവാകല്‍ പ്രക്രിയ ഇന്ന്‌ രൂക്ഷമാകുന്നു. ലൈംഗിക സ്വത്വപരമായ സ്വതന്ത്രനിര്‍മ്മിതിക്കുള്ള സാധ്യതകള്‍ ഉപ യോഗപ്പെടുത്തുന്നില്ല. സന്മാര്‍ഗ്ഗത്തിന്റെ ഉരുക്കുമുഷ്‌ഠിയോ സദാചാരത്തിന്റെ താളിയോലപ്പകര്‍പ്പുകളോ കൊണ്ട്‌ സ്വത്വപരമായ വസ്‌തുവല്‍ക്കരണത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാനാവില്ല. ഇക്കാര്യത്തില്‍ വളരെ സങ്കീര്‍ണ്ണമായ അനുഭവമേഖലയിലൂടെയാണ്‌ നാമിന്നു ചലിക്കുന്നത്‌. ഈയര്‍ത്ഥത്തിലും പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉന്നയിച്ച ചിത്രമാണ്‌ `നോട്ടുബുക്ക്‌'. കഠിന ശാസകനായ പ്രിന്‍സിപ്പല്‍, മൃദുശാ സകരായ അധ്യാപകര്‍, വിധേയരായ അധ്യാപക വിദ്യാര്‍ത്ഥി സമൂഹം, കൗമാരത്തിന്റെ ശരീരപരമായ കൗതുകങ്ങള്‍, അവരുടെ സ്വയം നിര്‍ദ്ധാരണങ്ങള്‍ എന്നിവകൊണ്ട്‌ ശ്രദ്ധേയമാണ്‌ ആ ചിത്രം. അറിവും വിദ്യാര്‍ത്ഥിയും, അധ്യാപകരും വസ്‌തുവാകുന്ന ഒരു വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്ക പങ്കുവയ്‌ക്കാന്‍ ആ സിനിമ ശ്രമിക്കുന്നുണ്ട്‌. വസ്‌തുവല്‍ ക്കരണത്തെ ജയിക്കാന്‍ വ്യക്തിസ്വത്വതലത്തിലുള്ള അനുഭവങ്ങള്‍ പ്രധാനപ്പെട്ടതാണ്‌. സ്ഥാപനസ്വഭാവിയായ അധികാരം മനുഷ്യരെ വസ്‌തുവാക്കുമ്പോള്‍ വിദ്യാര്‍ത്ഥിയെന്ന നിലയിലുള്ള പ്രതിപ്രവര്‍ത്തനങ്ങളും പ്രധാനപ്പെട്ടതാണെന്നത്‌ മറക്കാന്‍ പാടില്ല.
സങ്കുചിതമല്ലാത്ത പൗരബോധത്തിന്റെ രൂപപ്പെടലിന്‌ ഉതകുമ്പോഴാണ്‌ വിദ്യാഭ്യാസം ഒരു സാംസ്‌കാരിക പ്രവര്‍ത്തനമായി മാറുന്നത്‌. സാമൂഹ്യമായ പൊതുമണ്ഡലങ്ങളെ ചുരുക്കുന്ന സാമുദായികാതിപ്രസരണം നിലനില്‍ക്കുന്ന ഒരു മേഖലയായി വിദ്യാഭ്യാസം പരിമിതപ്പെടുന്നതിന്റെ ചിഹ്നശാസ്‌ത്രം ഇന്ന്‌ പ്രബലമാണ്‌. ഒരു തൊഴിലുല്‌പാദനകേന്ദ്രം മാത്രമല്ല വിദ്യാലയവും കലാലയവും. വിഭാഗീയവും സ്വാര്‍ത്ഥവുമായ പ്രായോഗിക രാഷ്‌ട്രീയത്തെ കലാലയത്തിന്റെ യുവരീതിശാസ്‌ത്രം കൊണ്ടു നേരിടുന്നതിന്റെ വേറിട്ട ഒരു പരിചരണരീതിയായിരുന്നു `രംഗ്‌ ദേ ബസന്തി'. സാമൂഹ്യാനുഭവങ്ങളിലെ സാധാരണ അനുഭവരേഖകളെ മാറ്റിവരയ്‌ക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നെങ്കിലും സ്ഥിതയാഥാര്‍ ത്ഥ്യങ്ങളെയും സ്ഥിരപാഠങ്ങളെയും അത്‌ അസ്ഥിരപ്പെടുത്തുന്നുണ്ട്‌. രാഷ്‌ട്രീയ തീരുമാനങ്ങളെടുക്കുന്നവര്‍ അടിച്ചേല്‌പിക്കുന്ന വിധിയെ സംബന്ധിച്ച ധാര്‍മ്മികമായ നിസംഗത പാലിക്കാത്ത യുവതയെ അത്‌ പരിചയപ്പെടുത്തി. ഭരണകൂടപരമായ പ്രശ്‌നങ്ങളുടെ സാമൂഹിക രാഷ്‌ട്രീയ യാഥാര്‍ത്ഥ്യാവസ്ഥ അറിയുംതോറും നിഷ്‌പക്ഷരായിരിക്കാന്‍ സാധ്യമല്ല എന്നത്‌ വിദ്യാഭ്യാസത്തിലൂടെ സംഭവിക്കേണ്ടതായ മാനവികതയുടെ ലക്ഷണമാണ്‌. അതായത്‌ ജാതിമതേതരമായ മാനുഷികതയേയും ജനാധിപത്യപൗര ബോധത്തെയും ലൈംഗികമായ ജനാധിപത്യത്തെയും അമൂര്‍ത്ത ദര്‍ശനമായിട്ടല്ല ചരിത്രയാഥാര്‍ത്ഥ്യമായി കാണേണ്ട പ്രക്രിയയാണ്‌ വിദ്യാഭ്യാസം. 
പലര്‍ക്കും മാനവിക വിദ്യാഭ്യാസം വേണം. എന്നാല്‍ അപമാനവീകരിക്കപ്പെട്ട സാമൂഹ്യയാഥാര്‍ത്ഥ്യത്തെ അവര്‍ക്ക്‌ നിലനിത്തുകയും വേണം (പൗലോ ഫ്രെയര്‍). ഒരു നാടിന്റെ ഭൗതികസാഹചര്യങ്ങളുടെ ഉല്‌പന്നം കൂടിയാണ്‌ വിദ്യാര്‍ത്ഥി. അറിവിന്റെ ഖനി തുറക്കുന്ന ഖനിയുടമ മാത്രമായി അധ്യാപകരെ സങ്കല്‌പിക്കാനാവില്ല. അത്‌ ഏതുതരം വിദ്യാലയമാണെങ്കിലും സര്‍ക്കാര്‍/അണ്‍ എയിഡഡ്‌, സ്‌കൂള്‍/കോളേജ്‌ എവിടെയാണെങ്കിലും സ്‌നേഹത്തിന്റെ രഹസ്യ ഇന്ദ്രിയങ്ങളുടെ വിനിമയം അവര്‍ക്കിടയില്‍ ഉണ്ടായിരിക്കണം. വിദ്യാര്‍ത്ഥിയുടെ കണ്ണില്‍നിന്ന്‌ നിസ്സഹായതയോ രോഗമോ, നിഷേധമോ വായിച്ചെടുക്കാന്‍ പറ്റിയിരുന്നെങ്കില്‍!. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും