സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

തല്ലുകൊള്ളേണ്ടതാര്‍ക്ക്‌?

മ്യൂസ്‌ മേരി ജോര്‍ജ്ജ്‌



ചന്ദ്രശേഖരന്‍ വല്ലഭനേനി എന്ന അച്ഛനെയും അനുപമ എന്ന അമ്മയെയും നോര്‍വേ കോടതി യഥാക്രമം 18 മാസക്കാലത്തേക്കും 15 മാസക്കാലത്തേക്കും തടവിനു ശിക്ഷിച്ചു. ഏഴു വയസ്സുകാരനായ മകനെ നല്ല ശീലങ്ങള്‍ അഭ്യസിപ്പിക്കുന്നതിന്റെ ഭാഗമായി ശാരീരികോപദ്രവം ഏല്‍പിച്ചതിനാണ്‌ ശിക്ഷ. പൊള്ളലേറ്റ പാടുകളും ബെല്‍റ്റുകൊണ്ടടിച്ച പാടുകളും കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. ഈ വാര്‍ത്ത വായിച്ച പതിമൂന്നുകാരനായ എന്റെ ഇളയ മകന്‍ ചോദിച്ചു: ``അമ്മാ, ആ കുട്ടിയെ ഇനി ആരാ നോക്കുക? അമ്മയും അച്ഛനും ജയിലിലായിപ്പോയില്ലേ''? ``അതിന്‌ അവര്‍ക്ക്‌ അവിടെ ഗവണ്‍മെന്റ്‌ സംവിധാനങ്ങളുണ്ട്‌'' എന്ന്‌ മറുപടി കൊടുത്തുവെങ്കിലും കുട്ടികളെ അച്ചടക്കം പഠിപ്പിക്കലും ശിക്ഷ കൊടുക്കലുമൊക്കെ എത്രമാത്രം ആകാമെന്ന ചിന്ത പിന്നെയും എന്നെ പിന്തുടര്‍ന്നു.
തല്ലു കൊടുക്കാന്‍വേണ്ടി കൈക്കുപിടിച്ചുനിര്‍ത്തിയിരിക്കുന്ന കുഞ്ഞിന്റെ മുഖം ലോകത്തിലെ ഏറ്റവും നിസ്സഹായമായ അവസ്ഥയാണ്‌. സ്‌നേഹവും ഭയവും അമ്പരപ്പും എല്ലാം കൂടിച്ചേര്‍ന്ന മുഖം. അവനവരെ വിട്ടുപോകാനുമാവില്ല. പക്ഷേ, അവര്‍ (മാതാവ്‌/പിതാവ്‌) അവനെ മര്‍ദ്ദിക്കുകയും ചെയ്യുന്നു. അവന്റെ നിസ്സഹായത ഭയങ്കരമാണ്‌. പക്ഷേ, നല്ല തല്ലുപോലും കൊള്ളാതെ ഉറങ്ങിപ്പോയ കിടാങ്ങളെക്കുറിച്ച്‌ കടമ്മനിട്ട `ശാന്ത'യില്‍ പറയുന്നുണ്ടല്ലോ. ``തല്ലുകൊള്ളാഞ്ഞിട്ടല്ലേ'' എന്നു ചോദിച്ച അമ്മയോട്‌ പിണങ്ങിപ്പോയ കുഞ്ഞിനെക്കുറിച്ച്‌ വൈലോപ്പിള്ളിയും എഴുതിയിട്ടുണ്ടല്ലോ, `ചുട്ട അടി'യുടെ പാടുകള്‍ തൊലിക്കടിയില്‍ നമുക്കും ഉണ്ടായിരിക്കുമല്ലോ! ഇത്തരം അടിപ്പാടുകള്‍ നമ്മുടെ നാടിന്റെ മൂല്യബോധത്തിന്റെ മുദ്രകളാണൈന്നു തോന്നുന്നു. എന്നാല്‍, മറ്റൊരു ശിക്ഷാവേദിയുടെ ചിത്രം എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്‌. അച്ഛനാല്‍ രാത്രിയില്‍ കിടപ്പുമുറിയില്‍നിന്ന്‌ പുറത്താക്കപ്പെട്ട്‌ തണുത്തും പേടിച്ചും അശരണനായി നില്‍ക്കുന്ന ബാലനായ ഫ്രാന്‍സ്‌ കാഫ്‌കയുടെ ചിത്രം വായനക്കാലത്ത്‌ എപ്പോഴോ മനസ്സില്‍ കയറിയിട്ട്‌ ഇറങ്ങിപ്പോകാതെ, മായാത്ത മുദ്രയായി നില്‍ക്കുന്നതാണ്‌.
സാങ്കേതികമായും ശാസ്‌ത്രീയമായുമുള്ള കണ്ടുപിടിത്തങ്ങളും നേട്ടങ്ങളും നമുക്ക്‌ ജീവിതനിര്‍വചനസാമഗ്രികളും ഉപഭോഗവസ്‌തുക്കളും കൂടുതല്‍ നല്‍കുന്നണ്ടെങ്കിലും അധികാരത്തെ സംബന്ധിച്ച്‌ വളരെ പഴകിയ ചില ധാരണകള്‍ ഇന്നും കുടുംബത്തെ നയിക്കുന്നുണ്ട്‌. അച്ചടക്ക പരിശീലനത്തെയും ശിക്ഷാരീതികളെയും സംബന്ധിച്ച്‌ സമൂലമായ അഴിച്ചുപണി കുടുംബങ്ങളില്‍ ഇന്നും നടന്നിട്ടില്ല, നടക്കുന്നുമില്ല. വിദ്യാലയങ്ങളാണെങ്കില്‍ കൂടുതല്‍ കൂടുതല്‍ റെജിമെന്റ്‌ സ്വഭാവത്തിലേക്ക്‌ പരിവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവിടെ, അതിനാല്‍തന്നെ അച്ചടക്കപരിശീലനവും ശിക്ഷാനടപടികളും വര്‍ധിച്ചുവരുന്നു. ഇത്തരം നടപടിക്രമങ്ങളില്‍ കുഞ്ഞുങ്ങളെ വ്യക്തികളായി പരിഗണിക്കുന്നുപോലുമില്ല. പ്രായപൂര്‍ത്തിയായവരെ മാത്രം വ്യക്തികളായി പരിഹണിക്കപ്പെടുന്ന മനോഭാവം നമ്മുടെ നാട്ടില്‍ ഇന്നും ശക്തമാണ്‌. നിയമങ്ങള്‍ ഉണ്ടെങ്കിലും സമൂഹത്തില്‍ രൂഢമൂലമായതും മതം, ചരിത്രപാഠങ്ങള്‍, നാട്ടറിവുകള്‍, പാരമ്പര്യം എന്നിവയിലൂടെ വിനിമയം ചെയ്യുന്ന അധികാര സങ്കല്‍പങ്ങള്‍ക്ക്‌ ഇന്നും നമ്മുടെ കുടുംബങ്ങളില്‍ വലിയ പ്രാധാന്യം ഉണ്ട്‌.
മക്കളോട്‌ ഉടമസ്ഥതാ മനോഭാവത്തോടുകൂടി അധികാരം പ്രകടിപ്പിക്കുന്നത്‌ ന്യായവും യുക്തവുമാണെന്ന്‌ കരുതുന്നവര്‍ ഇന്നുമുണ്ട്‌. അധികാരത്തെയും ഉത്തരവാദിത്തത്തെയും സ്‌നേഹത്തെയും ഒക്കെ സംബന്ധിച്ച്‌ നമ്മള്‍ രൂപപ്പെടുത്തി വെച്ചിരിക്കുന്ന ധാരണകളില്‍ അധിഷ്‌ഠിതമാണത്‌. മാതാ പിതാ ഗുരു ദൈവം എന്ന്‌ പഠിക്കുമ്പോള്‍ ദൈവത്തിന്റെ സ്‌നേഹത്തെയും സാര്‍വാധികാര പ്രകൃതത്തെയും സര്‍വജ്ഞാവസ്ഥയെയും പരിപാലക ഭാവത്തെയും അത്‌ ഉള്‍ക്കൊള്ളുന്നുണ്ട്‌. ഒപ്പം ബഹുമാനം, വിധേയത്വം, അനുസരണം എന്നിവയൊക്കെ പാലിക്കപ്പെടേണ്ടതാണെന്ന നിഷ്‌കര്‍ഷയും ഉണ്ട്‌. ചരിത്രത്തിലാവട്ടെ, പിതാവിനെ അനുസരിച്ച്‌്‌, വിധേയത്വത്തോടെ പിന്തുടരുന്ന മകന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വാഴിക്കപ്പെടുന്നു. പിതാവിന്റെ വസ്‌തുവകകള്‍ അയാള്‍ക്കു ലഭിക്കുന്നതായും കാണുന്നു. കന്നുകാലികള്‍ക്കും സ്ഥാവരജംഗമവസ്‌തുക്കള്‍ക്കുമൊപ്പം രാജാവിന്റെ/പിതാവിന്റെ/ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു പ്രജകളും മക്കളും ഭാര്യമാരും. ഇത്തരം മൂല്യബോധത്തിന്റെ ശേഷിപ്പുകള്‍ ജനാധിപത്യത്തിന്റെ ഇക്കാലത്തും നമ്മുടെ വ്യവഹാര ങ്ങളിലുണ്ട്‌. കുടുംബവും വ്യവഹാരത്തിന്റെ ഭാഗമാണല്ലോ. ഒരു വ്യവഹാരത്തിന്റെ വ്യവസ്ഥകളും നിയമങ്ങളും നിര്‍മ്മിക്കപ്പെടുന്നതും നിലനിര്‍ത്തപ്പെടുന്നതും അധികാരങ്ങളി ലൂടെ ആയിരിക്കും. ഇക്കാര്യങ്ങളില്‍ പഴയതിന്റെ പിന്തുടര്‍ച്ച നമ്മുടെ സാംസ്‌കാരിക പാഠങ്ങളിലൂടെ വിനിമയം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
കുട്ടികളെ അച്ചടക്കം ശീലിപ്പിക്കാതിരുന്നാല്‍ കുടുംബവും രാഷ്‌ട്രവുമൊക്കെ നശിച്ചുപോകുമെന്നത്‌ യാഥാര്‍ഥ്യമാണ്‌. അച്ചടക്കം അനുസരണമായും വിധേയത്വമായും വ്യാഖ്യാനിക്കപ്പെടുന്നുവെന്നത്‌ മറ്റൊരു യാഥാര്‍ഥ്യമാണ്‌. ശരി, തെറ്റ്‌, നന്മകള്‍, മൂല്യവിചാരങ്ങള്‍ എന്നിവയൊക്കെ കുട്ടികളുടെ ശാരീരികവളര്‍ച്ചക്കൊപ്പം അവരെ മാനസികമായി വളര്‍ത്തുന്നതിന്റെ ഭാഗമായി സംഭവിക്കേണ്ടതാണ്‌. അത്‌ ശിക്ഷകളെ ഭയപ്പെട്ട്‌ സംഭവിക്കേണ്ടുന്ന ഒന്നാകരുത്‌. എന്നാല്‍, അവര്‍ നമ്മുടെ ശരികളെയോ മാന്യതാ സങ്കല്‍പങ്ങളെയോ തടസ്സപ്പെടുത്തുമ്പോള്‍ നമ്മള്‍ കോപാകുലരായി അവരുടെ മേല്‍ നടത്തുന്ന അധികാരപ്രകടനങ്ങള്‍ നിയമപരമായി ശിക്ഷയര്‍ഹിക്കുന്ന കാര്യമാണ്‌. അതുപോലെ ഔദ്യോഗികമോ സ്വകാര്യമോ ആയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന അവസ്ഥയുമാണ്‌. കോപം തീരുന്നതുവരെ മക്കളെ ശിക്ഷിക്കുന്ന മാതാപിതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്‌. അവര്‍ മക്കളെ സ്‌നേഹിക്കാത്തവരൊന്നുമല്ല. അവരുടെ സമസ്‌ത അധ്വാനവും പ്രയാസവുമൊക്കെ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയാണെങ്കിലും കുഞ്ഞുങ്ങളെ വ്യക്തികളായി പരിഗണിക്കുന്നില്ല. കുഞ്ഞുങ്ങളുടെ ഉടമസ്ഥരായി അവര്‍ തങ്ങളെത്തന്നെ വ്യാഖ്യാനിക്കുന്നു.
സാധാരണയായി ശാരീരികപീഡനമാണ്‌ അനുസരണപഠിപ്പിക്കാനുള്ള എളുപ്പ മാര്‍ഗമായി രക്ഷാകര്‍ത്താക്കള്‍/ഉടമസ്ഥര്‍ വിചാരിക്കുന്നത്‌. തല്ല്‌, പിച്ച്‌, മുറിക്കുവെളിയില്‍ നിര്‍ത്തല്‍, ഭക്ഷണം നിഷേധിക്കല്‍ എന്നിവയൊക്കെ ശിക്ഷയുടെ സാമാന്യ മാര്‍ഗങ്ങളില്‍ പെടുന്നു. ബെല്‍റ്റു കൊണ്ട്‌ കുഞ്ഞിനെ അടിച്ചുപൊട്ടിച്ച ചന്ദ്രശേഖര്‍- അനുപമ ദമ്പതികള്‍ അവലംബിച്ചതും ഇതൊക്കെത്തന്നെയാണ്‌. വാക്‌താഡനമാണ്‌ അച്ചടക്കപരിശീലനപരിപാടി യിലെ മറ്റൊരു ഇനം. കോപം ഉറഞ്ഞുതുള്ളി നടത്തുന്ന പ്രകടനങ്ങള്‍ ഒന്നു വീഡിയോ എടുത്ത്‌ സ്വയം വിശകലനം നടത്തുന്നത്‌ ആത്മവിമര്‍ശനപരമായ ഒരു കാര്യമായിരിക്കും. ഭീഷണി, നിരോധനാജ്ഞ പുറപ്പെടുവിക്കല്‍ എന്നിവയൊക്കെ പ്രയോഗസാധുതയുള്ളവയായി നമ്മുടെ നാട്ടില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. നോര്‍വേയില്‍ ശിക്ഷ ലഭിച്ച മാതാപിതാക്കള്‍ ചെയ്‌ത ഒരു കാര്യം ഇതുതന്നെയാണ്‌. വണ്ടിയില്‍ മൂത്രമൊഴിച്ചാല്‍ ഇന്ത്യയിലേക്ക്‌ വിടുമെന്ന്‌ അവര്‍ ഭീഷണിപ്പെടുത്തിയത്‌ ഒരു ഇന്ത്യന്‍ മാര്‍ഗമാണ്‌. അത്‌ നോര്‍വേയില്‍ ശിക്ഷാര്‍ഹമായിരിക്കും. ``കള്ളന്‍ പിടിച്ചോണ്ടു പോകുമെന്നോ, ഉമ്പാക്കി പിടിക്കുമെന്നോ'' കേട്ടിട്ടില്ലാത്ത എത്ര കുട്ടികള്‍ നമുക്കിടയിലുണ്ട്‌. ഭക്ഷണം കഴിച്ചില്ലെങ്കില്‍, പറയുന്നതനുസരിച്ചില്ലെങ്കി ലൊക്കെ ഉമ്പാക്കി വരുമെന്ന്‌ കേട്ടിട്ടുണ്ടായിരിക്കുമല്ലോ, പക്ഷേ, അവിടെനിന്ന്‌ കൂടുതല്‍ കൂടുതല്‍ ഭീഷണിയിലേക്കു പോകുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. 
ഒമ്പതു വയസ്സായ കുട്ടി ബസിലും കിടക്കയിലും മൂത്രമൊഴിക്കുന്നുണ്ടെങ്കില്‍ അതിന്‌ ശാരീരികമോ മാനസികമോ ആയ കാരണങ്ങള്‍ ഉണ്ടോ എന്ന്‌ പരിശോധിക്കേണ്ടതല്ലേ? ഇക്കാര്യത്തിനുള്ള സാധ്യതകള്‍ ഇന്ന്‌ വളരെയധികം ഉണ്ടല്ലോ! കുട്ടിയുടെ മനസ്സില്‍ വീടും വിദ്യാലയവുമൊക്കെ സമ്മര്‍ദ്ദങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ടാവാം. അവയൊക്കെ വിശകലനം ചെയ്യുന്നേണ്ടതിനുള്ള ഉത്തരവാദിത്തബോധം മാതൃത്വവും പിതൃത്വവും ആവശ്യപ്പെടുന്നുണ്ട്‌. പുത്തന്‍ കുടുംബകാലത്ത്‌ വീട്ടില്‍ അച്ഛനും അമ്മയു മല്ലാതെ അവര്‍ക്ക്‌ വിവരങ്ങള്‍ പങ്കുവെയ്‌ക്കുന്നതിന്‌ ആരുമില്ലല്ലോ, മാതാപിതാക്കള്‍ക്കാകട്ടെ കരിയറിന്റെ തിരക്കുകളും സമ്മര്‍ദ്ദങ്ങളും വളരെയുണ്ടാകാം. ഇതിനൊക്കെ ഇടയില്‍ ലൈംഗികതയുടെ ഉപോല്‍പന്നമായി കുട്ടി മാറാതിരിക്കാനുള്ള വിവേകം മാതാപിതാക്കള്‍ പാലിക്കണം. മര്‍ദിച്ച്‌ അനുസരണം പഠിപ്പിക്കുക എന്നത്‌ സ്ഥാപനങ്ങള്‍ പാലിക്കുന്ന പ്രാചീനമാര്‍ഗമാണ്‌. അതിനെ ജനാധിപത്യ വ്യവസ്‌തയിലെ കുടുംബങ്ങള്‍ പിന്തുടരേണ്ടതുണ്ടോ എന്ന്‌ വിമര്‍ശാത്മകമായി പരിശോധിക്കാന്‍ ഈ നോര്‍വേ കോടതി വിധി അവസരം നല്‍കുന്നുണ്ട്‌. കുട്ടികളെ കേള്‍ക്കാനും അവരുമായി ഹൃദയം തുറന്ന്‌ സംസാരിക്കാനും ഉള്ള സമയം കണ്ടെത്തുക എന്നത്‌ മാതാപിതാക്കളുടെ ടൈംമാനേജ്‌മെന്റിന്റെ ഭാഗമാക്കണം. രാത്രി വൈകുംവരെ പലപ്പോഴും കുട്ടികള്‍ വീട്ടില്‍ തനിച്ചിരിക്കേണ്ട സാഹചര്യവും കുട്ടികള്‍ അഭിമുഖീകരിക്കുന്നുണ്ട്‌. പുതിയ തൊഴില്‍ കാലാവസ്ഥയിലെ അണുകുടുംബത്തിന്റെ ഒരു പ്രത്യേകതയാണത്‌. ഇങ്ങനെയുള്ള വീട്ടിലെ കുട്ടികള്‍ അനുഭവിക്കുന്ന ഏകാന്തത ഭീകരമാണ്‌. ഇതൊക്കെയും കുട്ടികള്‍ക്ക്‌ സമ്മര്‍ദം ഉണ്ടാക്കുന്ന കാര്യമാണ്‌. മാതൃത്വവും പിതൃത്വവും ഉത്തരവാദിത്ത ത്തോടെ ജനാധിപത്യപരമായി വ്യാഖ്യാനിക്കേണ്ട കാര്യമാണ്‌.
മാതൃത്വവും പിതൃത്വവും വെറും ജൈവാവസ്ഥകള്‍ മാത്രമായി കാണാനാവില്ല. അതിന്റെ സാമൂഹികമായ ആവിഷ്‌കാരം കൃത്യമായ രാഷ്‌ട്രീയ സ്വഭാവമുള്ളതാണ്‌. ആണ്‍കോയ്‌മാ കുടുംബ ഘടന അതില്‍ത്തന്നെ പിതൃശാസനാപരമാണ്‌. അച്ഛന്‍ എന്നത്‌ സര്‍വാധികാരത്തി ന്റെയും മൂര്‍ത്തരൂപമാണ്‌. ആണ്‍കോയ്‌മാ കുടുംബഘടനയില്‍ അച്ഛനൊപ്പം അമ്മയും ശക്തമായ അധികാരസ്ഥാപനം തന്നെയാണ്‌. പ്രസിദ്ധ ചിന്തകനായ ഏഡ്രിന്‍റിച്ച്‌ മാതൃത്വത്തെ ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്‌. ``ഒന്നാമതായി കുട്ടികളുമായുള്ള ഉറ്റ ബന്ധത്തെക്കുറിച്ചും പ്രത്യുല്‍പാദനത്തിലുള്ള നിര്‍ണായക പങ്കാളിത്തത്തെക്കുറിച്ചും ഉള്ള സ്‌ത്രീയുടെ അവകാശവാദത്തിന്‌ ശക്തിയേറിയ സാധ്യതയാണ്‌ മാതൃത്വം. രണ്ടാമതായി ഇത്തരം സാധ്യതക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്ന സ്ഥാപനമാണ്‌ മാതൃത്വം''. ഈ സ്ഥാപന സ്വഭാവമാണ്‌ കുട്ടിയിലും മറ്റുള്ളവരിലും ആധിപത്യം പുലര്‍ത്തുന്ന സ്ഥാപനമായി മാറുന്നത്‌. ചരിത്രപരമായി പിന്തുടരുന്ന ഇത്തരം അധികാരഘടനകളെ നിസ്സാരമായി പരിഗണിക്കാതെ വേണം വീട്ടില്‍ നടത്തുന്ന അച്ചടക്കപരിശീലനപരിപാടിയെ കാണേണ്ടതും വിലയിരുത്തേണ്ടതും. 
നമ്മുടെ പൗരബോധത്തെ ഇന്നു നിയന്ത്രിക്കുന്ന ജനാധിപത്യബോധം വീടകത്തെ മുഴുവന്‍ രൂപാന്തരപ്പെടുത്തുന്ന രാഷ്‌ട്രീയപ്രവര്‍ത്തനമാകണം. അതിന്‌, ആദ്യം വേണ്ടുന്ന ചിന്ത അച്ചടക്കവും വിധേയത്വവും രണ്ടു കാര്യമാണെന്ന തിരിച്ചറിവാണ്‌. മൂല്യപരമായ ജീവിതം നേടുന്നതിനു വേണ്ടുന്ന പരിശീലനം അച്ചടക്കത്തിന്റെ ഭാഗമാണ്‌. ചില ക്രമങ്ങള്‍, ചിട്ടകള്‍ എന്നിവയൊക്കെ പരിശീലിക്കപ്പെടുന്നുണ്ട്‌. അച്ചടക്ക സങ്കല്‍പത്തിന്‌ വംശീയവും പ്രാദേശികവുമായ ഭേദങ്ങള്‍ ഉണ്ടായെന്നുവരാം സത്യവും സ്‌നേഹവും ഉത്തരവാദിത്ത ബോധവും നല്ല പെരുമാറ്റവിധങ്ങളും പൗരത്വബോധവും പരിശ്രമശീലവുമൊക്കെ അതിന്റെ ഉള്ളടക്കത്തില്‍ പെടുന്നുണ്ട്‌. ചിന്തയിലും പ്രവൃത്തിയിലുമൊക്കെ അച്ചടക്കത്തിന്റെ മാതൃകകള്‍ സ്വഭാവത്തിന്റെ ഭാഗമാകേണ്ട തുണ്ട്‌. സ്വമേധയാ ഉള്ള തെരഞ്ഞെടുപ്പുകളിലൂടെയും പരീക്ഷണങ്ങളിലൂടെയും ഇവയൊക്കെ തിരിച്ചറിയാനും ഉള്‍ക്കൊള്ളാനുമുള്ള അവസരങ്ങള്‍ കുട്ടികള്‍ക്കു ലഭിക്കണം. അതിന്‌ മാതൃത്വവും പിതൃത്വവും അതിന്റെ അധികാരപരമായ സ്വഭാവങ്ങളെ അഴിച്ചുപണിയേണ്ടതുണ്ട.്‌
തങ്ങള്‍ പറയുന്നതെല്ലാം അതേപടി അനുസരിക്കുന്ന അടിമകളെയല്ല മാതാപിതാക്കള്‍ കുട്ടികളില്‍ കണ്ടെത്തേണ്ടത്‌. ജീവിതത്തെ പുതുരീതിയില്‍ വ്യാഖ്യാനിക്കാനും കൂടുതല്‍ മെച്ചപ്പെട്ട മൂല്യവിചാരങ്ങള്‍ രൂപപ്പെടുത്താനും കുഞ്ഞുങ്ങള്‍ക്കു കഴിയണമെങ്കില്‍ അവരില്‍ നിന്ന്‌ വിധേയത്വവും വാമൂടിക്കെട്ടിയ അനുസരണവും പ്രതീക്ഷിക്കരുത്‌. നിലവിലുള്ള വ്യവഹാരമോ ഘടനകളോ പരിവര്‍ത്തിക്കപ്പെടണമെങ്കില്‍ അതിന്‌ പുതുചിന്തകള്‍ ആവശ്യ മാണ്‌. നിലനില്‍ക്കുന്ന വ്യവഹാരത്തില്‍ പരിവര്‍ത്തനം സംഭവിക്കുന്നത്‌ അതിനുള്ളില്‍ രൂപപ്പെടാവുന്ന പ്രതിപാഠപരമായ ഘടകള്‍ക്ക്‌ വ്യാപകമായ സമ്മതി ലഭിക്കുമ്പോള്‍ മാത്രമാണ്‌ എന്നത്‌ മിഷേല്‍ ഫൂക്കോ അച്ചടക്കത്തെയും ശിക്ഷയെയും കുറിച്ച്‌ പഠിക്കുമ്പോള്‍ പങ്കുവെക്കുന്ന ആശയമാണ്‌. പരിവര്‍ത്തന സംബന്ധമായ പാഠങ്ങള്‍ രൂപപ്പെടുത്തപ്പെടണമെങ്കില്‍ കുഞ്ഞുങ്ങളുടെ സ്വാതന്ത്ര്യവും വ്യക്തിത്വവും അംഗീകരിച്ചുകൊണ്ടുള്ള അച്ചടക്കം അവര്‍ മനസ്സിലാക്കണം.
നമ്മുടെ മക്കള്‍ നമ്മള്‍ വിരല്‍ഞൊടിക്കുമ്പോള്‍ ഓടിവരാനും വാലാട്ടി നില്‍ക്കാനുമുള്ള നായ്‌കുട്ടികളല്ല. നമുക്ക്‌ അലങ്കരിക്കാനുള്ള പാവക്കുട്ടികളും യന്ത്രമനുഷ്യരുമല്ല. അവര്‍ ചിന്താശേഷിയും ക്രിയാശേഷിയുമുള്ള വ്യക്തികളാണ്‌. അവരുടെ വ്യക്തിത്വത്തിന്‌ മാന്യതയും മൂല്യവും കല്‍പിച്ചുകൊടുക്കാന്‍ ബാധ്യതപ്പെട്ടവരാണ്‌ മാതാപിതാക്കളും അധ്യാപകരും. ജിബ്രാന്റെ `പ്രവാചകന്‍' മാതാപിതാക്കളോട്‌ പറയുന്ന ഒരു വാക്യം ഓര്‍ക്കുന്നു. ``നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടെ കുട്ടികളല്ല. ജീവിതത്തിന്‌ അതിനോടുതന്നെയുള്ള അഭിവാഞ്‌ഛയാണ്‌ നിങ്ങളുടെ പുത്രന്മാരും പുത്രിമാരും. അവര്‍ നിങ്ങളിലൂടെയാണ്‌ വന്നത്‌. എന്നാല്‍ നിങ്ങളില്‍ നിന്നല്ല.'' 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും