അക്ഷരപ്പുരകളെ ആയുധപ്പുരകളായികണ്ട് ഭയന്നിരുന്ന ഭരണാധികാരികള്‍ ഉണ്ടായിരുന്നു. അപ്പോഴവര്‍ പുസ്‌തകശേഖരങ്ങള്‍ കത്തിച്ചുകളഞ്ഞു. അങ്ങനെ അക്ഷരം കൊണ്ട് ജ്വലിക്കേണ്ടുന്നതായ അഗ്നിയെ അണച്ചു കളഞ്ഞതായി സമാധാനിച്ചു. പക്ഷേ, അക്ഷരങ്ങള്‍ പിന്നെയും പുകയുകയും അവയെ ഊതിത്തെളിയിക്കാന്‍ ആളുകളുണ്ടാവുകയും പരിവര്‍ത്തനോദ്യുക്തമായ ഒരു ലോകത്തെ നിര്‍മ്മിക്കാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്‌തു. വായന മരിക്കുകയും അക്ഷരങ്ങള്‍ നിര്‍ജ്ജീവമാവുകയും ചെയ്യുന്നിടത്ത് വിമര്‍ശനാത്മകമായ അറിവിന്റെ പ്രകടനങ്ങള്‍ ഇല്ലാതാവുകയും ലോകം ജീര്‍ണ്ണിക്കുകയും ചെയ്യും. ഇത്തരം അറിവടയാളങ്ങളുടെ പശ്ചാത്തലത്തിലാണ് ഗ്രാമീണവായനശാലകളെയും അടുത്തറിയേണ്ടത്. ഗ്രന്ഥശാല പ്രസ്ഥാനം സജീവമാകുന്ന കാലത്താണ് ഗ്രാമീണ വായനശാലകളെക്കുറിച്ച് ഉള്‍നാടുകള്‍ കേട്ടറിയുന്നത്. നാട്ടിന്‍പുറങ്ങളില്‍ ചെറിയ വായനശാലകളും ഗ്രന്ഥശേഖരവും രൂപപ്പെടുത്തിയെടുക്കുന്നതിന് അതതുനാട്ടിലെ കുറച്ചാളുകള്‍ മുന്നോട്ടു വന്നു. ഞങ്ങളുടെ പാലമ്പ്രയെന്ന ഗ്രാമത്തിലെ ദീപ്‌തി ലൈബ്രറിയെയും അതിനുവേണ്ടി മുന്‍കൈയെടുത്ത എന്റെ പപ്പായെപ്പോലുള്ളവരെയും ഓര്‍മ്മിക്കാനും ഈ സന്ദര്‍ഭം ഉതകി. ആ ലൈബ്രറിക്കുവേണ്ടി പുസ്‌തകങ്ങള്‍ ശേഖരിക്കുന്ന സമയത്താണ് ഞാന്‍ `തോണ്‍ ബേര്‍ഡ്‌സ്' എന്ന പുസ്‌തകം കാണുന്നത്. കടമപ്പുഴ ജോര്‍ജ്ജുകുട്ടിച്ചേട്ടന്റെ വലിയ പുസ്‌തകശേഖരത്തില്‍നിന്ന് ദീപ്‌തി ലൈബ്രറിക്കുകൊടുത്ത പുസ്‌തകങ്ങള്‍ക്കൊപ്പമാണ് ആ പുസ്‌തകവും ഉണ്ടായിരുന്നത്. പിന്നീട് വളരെ വര്‍ഷങ്ങള്‍ക്കുശേഷം സ്‌ത്രീപക്ഷ വായനകള്‍ നടത്തുമ്പോഴാണ് ആ പുസ്‌തക ത്തിന്റെ പ്രാധാന്യം എനിക്കു മനസിലായത്. എന്റെ വായനശാലാ കാഴ്‌ചകളില്‍ ആദ്യകാലത്തെ ഈ അനുഭവം അങ്ങനെ പ്രധാനപ്പെട്ടായി മാറുന്നുവെന്ന് ഇന്നോര്‍മ്മിക്കുന്നു. പക്ഷേ ആ വായനശാലയില്‍ പോയി പുസ്‌തകമെടുക്കുകയോ വായിക്കുകയോ ഞാന്‍ ചെയ്‌തിട്ടില്ല. അതൊക്കെ മുതിര്‍ന്ന ആണുങ്ങളുടെ വിഹാരമേഖലയായിരുന്നു. ഞാന്‍ റ്റി.റ്റി.സി.ക്കു പഠിക്കുവാന്‍ പോയത് മുണ്ടക്കയത്താണ്. എന്റെ വിട്ടില്‍ നിന്ന് 10 മൈലോളം അകലമുണ്ട് അവിടേയ്‌ക്ക്. പഠനത്തിന്റെ ആദ്യവര്‍ഷം കാര്യമായിട്ടൊന്നും പുതുതായി പഠിക്കാനുണ്ടയിരുന്നില്ല. 10-ാം ക്ലാസ്സ് വരെ പഠിച്ചകാര്യങ്ങള്‍ ഒന്നുകൂടി പഠിക്കണം. ഒപ്പം വിദ്യാഭ്യാസ തത്വങ്ങളും ആരോഗ്യവിദ്യാഭ്യാസവും കൂടി പഠിക്കണമെന്നുമാത്രം. അപ്പോഴത്തെ ബോറടി മാറ്റാന്‍ പുതുതായി എന്തെങ്കിലും വായിക്കണമെന്നു തോന്നി. അപ്പോഴാണ് ജെസി എന്ന കൂട്ടുകാരി മുണ്ടക്കയം പഞ്ചായത്തു ലൈബ്രറിയെക്കുറിച്ച് പറഞ്ഞത്. ഞാന്‍ അവിടെയൊരു മെമ്പര്‍ഷിപ്പ് എടുത്തു. പുസ്‌തകങ്ങള്‍ എടുത്തു വായിക്കാന്‍ തുടങ്ങി. രാവിലെ ഒരു പുസ്‌തകമെടുക്കും. നോവലാണെങ്കില്‍ മിക്കവാറും വൈകിട്ട് വായിച്ചതിനു ശേഷം അതു തിരികെ കൊടുക്കും. വലിയ പുസ്‌തകമാണെങ്കില്‍ പിറ്റേന്നു കൊടുക്കും. എന്നിട്ട് പുതിയ പുസ്‌തകം എടുക്കും. ഇതിനിടയില്‍ അവിടത്തെ ലൈബ്രേറിയന്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ വായനയുടെ പ്രകൃതവും ഇഷ്‌ടവും രീതികളും അദ്ദേഹം മനസ്സിലാക്കി. പിന്നീട് പിന്നീട് എന്റെ അഭിരുചിക്കൊത്ത പുസ്‌തകങ്ങള്‍ അദ്ദേഹം മേശമേല്‍ എടുത്തു വച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ ഇന്ന പുസ്‌തകം താല്‍പര്യമുണ്ടോ എന്നു ചോദിക്കും. അതുമല്ലെങ്കില്‍ ആ പുസ്‌തകത്തിന്റെ പ്രത്യേകത എന്തെങ്കിലും പറയും. അങ്ങനെ വായന അതീവ വേഗതയില്‍ തുടര്‍ന്നു. ഒരുതരം ഭ്രാന്ത് പോലെയായിരുന്നു ആ വായനാകാലം. കാക്കനാടന്‍, മുകുന്ദന്‍, ഒ.വി.വിജയന്‍, ആനന്ദ്, എം.ടി. വാസുദേവന്‍ നായര്‍, മലയാറ്റൂര്‍ രാമകൃഷ്‌ണന്‍, സുഗതകുമാരി, വൈലോപ്പിള്ളി എന്നിങ്ങനെ എഴുത്തുകാരെ മൊത്തമായി വായിക്കാന്‍ ശ്രമിച്ചു. ഡോ.കെഎം.തരകന്റെ പാശ്ചാത്യതത്വശാസ്‌ത്രം പോലെയുള്ള പുസ്‌തകങ്ങളും വായിച്ചത് ഓര്‍മ്മിക്കുന്നു. ധാരാളം വിവര്‍ത്തനങ്ങളും അക്കാലത്തു കയ്യിലൂടെയും കണ്ണിലൂടെയും സഞ്ചരിച്ചു. മഹാത്മാഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ ആപ്‌തേയുടെ ആത്മകഥയുടെ വിവര്‍ത്തനം, ബിമല്‍മിത്ര, സാവിത്രിറോയ്, താരാശങ്കര്‍ ബാനര്‍ജി, സുനില്‍ ഗംഗോപാധ്യായ, ഡോസ്റ്റോവ്‌സ്‌ക്കി, ഖണ്‌ഡേക്കര്‍, ടോള്‍സ്റ്റോയ്, എമിലി ബ്രോണ്ടി എന്നിങ്ങനെ പല എഴുത്തുകാരുടെയും രചനകളുടെ വിവര്‍ത്തനങ്ങള്‍ തുടങ്ങിയവയൊക്കെ വായിച്ചതും അക്കാലത്താണ്. ഇന്നയിനം പുസ്‌തകം എന്ന പിടിവാശിയൊന്നും ഉണ്ടായിരുന്നില്ല. അന്നത്തെ കാലത്ത് മനസ്സില്‍ കടന്നു കൂടിയിരുന്ന ചില ബുദ്ധിജീവിബോധ്യങ്ങള്‍ കൊണ്ടാണോ ജനപ്രിയനോവലുകള്‍ വായനയ്‌ക്കു വിധേയമാകാതിരുന്നതെന്ന് ഇന്ന് സന്ദേഹിക്കുന്നു. പില്‍ക്കാലത്ത് അതായത് റ്റി.റ്റി.സി പാഠനത്തിനുശേഷം രണ്ടുമാസത്തിനുള്ളില്‍ സ്‌കൂളില്‍ ജോലികിട്ടിയപ്പോള്‍ തന്നെ ബി.എ.യ്‌ക്കു പ്രൈവറ്റായി ചേര്‍ന്നു. ആ പഠനകാലത്ത് എനിക്ക് ലൈബ്രറിയില്‍ പോവാനൊന്നും സമയം കിട്ടിയിരുന്നില്ല. പക്ഷേ, എന്റെ പഠനത്തെ അടിമുടി സ്വാധീനിക്കാന്‍ റ്റി.റ്റി.സി കാലത്തെ വായനാനുഭവത്തിന് സാധിച്ചു. പ്രൈമറി സ്‌കൂള്‍ കാലം മുതല്‍ സ്‌കൂള്‍ ലൈബ്രറി ഉപയോഗിക്കാന്‍ ശീലിപ്പിക്കപ്പെട്ട കുട്ടികളായിരുന്നു ഞങ്ങള്‍. ശനിയാഴ്‌ചകളില്‍ സ്‌കൂളില്‍ വന്നിരുന്നു വായിക്കാന്‍ അന്നത്തെ ഹെസ്‌മിസ്‌ടസ് സി.അര്‍സേനിയ നിഷ്‌കര്‍ഷിച്ചിരുന്നു. പല ജീവചരിത്രങ്ങളും വായിച്ചത് അക്കാലത്താണ്. വീട്ടിലാണെങ്കില്‍ പുസ്‌തകം വാങ്ങലും വായനയും, ഭക്ഷണം കഴിക്കുന്നതുപോലെ അത്യാവശ്യമാണെന്നാണ് പപ്പയും മമ്മിയും കുരുതിയിരുന്നത്. സയന്‍സ്‌ക്രീം എന്ന പേരിലുള്ള ശാസ്‌ത്രസാഹിത്യപരിഷത് ഇറക്കിയ 50 പുസ്‌തകങ്ങള്‍ ഒരോണക്കാലത്ത് പപ്പ കൊണ്ടുവന്നുതന്നത് ഇന്നും ഓര്‍മ്മിക്കുന്നു. അവര്‍ വല്യസമ്പന്നരൊന്നും അല്ലായിരുന്നു. പക്ഷേ, വായനയില്‍ വളരാന്‍ പഠിപ്പിച്ചു. ആഹാരത്തിനൊപ്പം അറിവും അവര്‍ പ്രധാനപ്പെട്ടതായി കുരതി. പപ്പാ കാഞ്ഞിരപ്പള്ളി സഹൃദയലൈബ്രറിയില്‍ അംഗമായിരുന്നു. ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ വായനയുടെ ഗതി മാറ്റിയതില്‍ സഹൃദയ ലൈബ്രറിയില്‍നിന്ന് പപ്പ കൊണ്ടുവരുന്ന പുസ്‌തകങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. കുട്ടികള്‍ വായിക്കണമെന്ന് വല്യ ആഗ്രഹം ഇല്ലാതിരുന്ന ചില പുസ്‌തകങ്ങള്‍ വായിച്ചതും അക്കാലത്താണ്. റഷ്യന്‍ നോവലുകളുടെ വിവര്‍ത്തനങ്ങളായ `പിതാക്കന്മാരും പുത്രന്മാരും, നിന്ദിതരും പീഢിതരും, അടിയോരും ഉടയോരും, ഡോണ്‍ ശാന്തമായൊഴുകുന്നു' എന്നിവയും സാവിത്രിറോയിയുടെ പത്മാ-മേഘന, ലാരികോളിന്‍സും ഡൊമിനിക് ലാപിയറും ചേര്‍ന്നെഴുതിയ ``സ്വതന്ത്ര്യം അര്‍ദ്ധരാത്രിയില്‍'' എന്നിവയൊക്കെ പപ്പ അറിയാതെയും ഒട്ടൊക്കെ അറിഞ്ഞും വായിച്ചതാണ്. 10-ാം ക്ലാസിലെ സ്റ്റഡീലീവ് കാലത്താണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലും പത്മാ-മേഘനയും അടിയോരും ഉടയോരുമൊക്കെ വായിച്ചത് മാതാപിതാക്കളറിയാതെ (അവര്‍ സ്‌കൂളില്‍ പോയിക്കഴിഞ്ഞതിനുശേഷം പുസ്‌തകമെടുത്ത് വായന തുടങ്ങും). ഇതൊക്കെ വായിച്ചതിനാല്‍ എസ്.എസ്.എല്‍.സിക്ക് വിചാരിച്ചത്രയും മാര്‍ക്ക് കിട്ടിയില്ലെങ്കിലും പിന്നീടുള്ള ജീവിതത്തില്‍ ഈ വായന എനിക്ക് ഗുണപ്പെട്ടിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സഹൃദയ ലൈബ്രറിക്ക് സ്‌തുതി. എങ്കിലും മെമ്പറായി ഞാന്‍ ഇതുവരെയും ആ ലൈബ്രറിയില്‍ പോയിട്ടില്ലായെന്നും പറയേണ്ടിയിരിക്കുന്നു. മാരിയോ പുസ്സോയുടെ `ഗോഡ്‌ഫാദര്‍' നോവല്‍ തിലകന്‍് വായിക്കുന്ന ഒരു സീന്‍ `കിലുക്കം' സിനിമയിലുണ്ട്. അതുകണ്ടപ്പോള്‍ എന്റെ ഹൈസ്‌കൂള്‍കാലത്ത് വീട്ടിലെ കട്ടിലില്‍ അതേ രീതിയില്‍ കിടന്ന് ഇതേ നോവല്‍ പപ്പ വായിക്കുന്ന രംഗം ഞാനോര്‍മ്മിച്ചു. അവര്‍ തമ്മില്‍ ദേഹപ്രകൃതിയിലും ചില മാനറിസത്തിലും നല്ല സാമ്യമുണ്ട്. ആ നോവലും അതുപോലുള്ള ധാരാളം ഇംഗ്ലീഷ് നോവലുകളും പപ്പ വായിച്ചിരുന്നു. അതൊക്കെയും കാഞ്ഞിരപ്പള്ളി സഹൃദയ ലൈബ്രറിയിലേതായിരുന്നു. ഇന്ന് ആ ലൈബ്രറി നന്നായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് എനിക്കറിയില്ല. ഇനി ഒരു കാര്യം ബാക്കിയുണ്ട്. മുണ്ടക്കയം ലൈബ്രറിയില്‍ നിന്ന് അരിച്ചുപിടിച്ച വായന നടത്തിയ കാലത്തിന്റെ ബാക്കിയാണത്. ഇഷ്‌ടമുള്ള പുസ്‌തകങ്ങള്‍ വായിക്കാന്‍ സഹായിച്ചിരുന്നുവെങ്കിലും ലൈബ്രേറിയനോട് ഒന്നോ രണ്ടോ വാക്യങ്ങള്‍ സംസാരിച്ചാലായി എന്ന രീതിയിലേ ഇടപ്പെട്ടിരുന്നുള്ളൂ. അക്കാലത്തെ സ്‌ത്രീപുരുഷബന്ധത്തിന്റെ പ്രകൃതം കൊണ്ടും മറ്റുമായിരിക്കാം അത്. അദ്ദേഹത്തിന്റെ പേരുപോലും അറിയില്ലായിരുന്നു. ഒന്നര വര്‍ഷത്തെ വായനാ സമ്പര്‍ക്കകാലത്തിനുശേഷം പിന്നീടയാളെ കണ്ടില്ല. സ്ഥലം മാറിപ്പോയെന്നറിഞ്ഞു. ആ ക്രിസ്‌തുമസിന് ഒരു കാര്‍ഡ് വന്നു. പ്രിയ അനിയത്തി വായിച്ചുവളരുക എന്നതില്‍ എഴുതിയിരുന്നു. അയച്ചത് ചേട്ടന്‍ എന്ന് എഴുതി വിക്രമന്‍നായര്‍ എന്ന് ഒപ്പിട്ട ഒരാളായിരുന്നു. പിന്നീട് കൗതുകപൂര്‍വ്വം നടത്തിയ അന്വേഷണത്തില്‍ നിന്നാണ് അത് ലൈബ്രേറിയനായിരുന്ന പത്തനാപുരം വിക്രമന്‍നായര്‍ അയച്ച കാര്‍ഡാണെന്നും അദ്ദേഹം കുറെയധികം കഥകള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള ആളായിരുന്നെന്നും അറിയുന്നത്. അദ്ദേഹം പത്തനാപുരത്തേയ്‌ക്ക് സ്ഥലം മാറിപ്പോയെന്നും മറ്റും ജെസി എന്ന കൂട്ടുകാരി പറഞ്ഞു. അവളുടെ ചേച്ചി മുണ്ടക്കയം പഞ്ചായത്തിലെ ഉദ്യോഗസ്ഥയായിരുന്നു. ഒന്നോ രണ്ടോ കത്തുകള്‍ അയച്ചു. പഠനത്തിനും ജോലിക്കും വീട്ടുകാര്യത്തിനും ഒക്കെയായുള്ള തിരക്കുകള്‍ക്കിടയില്‍ അദ്ദേഹവുമായി കത്തെഴുതാനൊന്നും പിന്നെ സാധിച്ചില്ല. നിശബ്‌ദവും വിശുദ്ധവുമായ ഒരു സൗഹാര്‍ദ്ദത്തിന്റെയും സമ്പുഷ്‌ടമായ വായനയുടെയും കാലമായിരുന്നു എന്റെ ഗ്രാമീണവായനശാലാനുഭവം. മുണ്ടക്കയം പഞ്ചായത്തു ലൈബ്രറിക്കും ലൈബ്രേറിയന്‍ പത്തനാപുരം വിക്രമന്‍നായര്‍ക്കും വായനാകാലത്തെ ക്ലാസ്‌മേറ്റ്‌സും കൂട്ടുകരുമായ ജെസി, സാലി, സി.ഗ്ലാഡിസ്, വിന്‍സി എന്നിവര്‍ക്കും നിറഞ്ഞ നന്ദി. പില്‍ക്കാലപഠനത്തിലേയ്‌ക്കും ഇന്നത്തെ ജോലിയിലേക്കും ആ കാലം നിക്ഷേപം നടത്തിയിട്ടുണ്ട്. അതിനാല്‍ ഇതൊരു കൃതജ്ഞതാ പ്രകാശനം കൂടിയാണ്.