സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഗര്‍ഭപാത്രവും വില്‌പനയ്‌ക്ക്‌

ഡോ. ബി. ഇക്‌ബാല്‍



ജനിത സാങ്കേതികവിദ്യയുടെ വമ്പിച്ച മുന്നേറ്റത്തിന്റെ ഫലമായി വന്ധ്യതാനിവാരണത്തിനുള്ള നിരവധി ചികിത്സാരീതികള്‍ സമീപകാലത്ത്‌ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്‌. ബ്രിട്ടനിലെ മാഞ്ചെസ്റ്ററിലുള്ള ഓള്‍ഡ്‌ ഹാം ജനറല്‍ ആശുപത്രിയില്‍ 1978 ജൂലൈ 25-നു ടെസ്റ്റ്‌ ട്യൂബ്‌ ശിശു എന്ന്‌ വിശേഷിപ്പിക്കപ്പെട്ട ലൂയിസ്‌ ബ്രൗണ്‍ എന്ന പെണ്‍കുട്ടി ജനിച്ചതോടെയാണ്‌ വന്ധ്യതാചികിത്സയില്‍ വലിയ കുതിച്ചുചാട്ടമുണ്ടായത്‌ ലൂയിസ്‌ ബ്രൗണിന്റെ പിതാവ്‌ ഡോണ്‍ ബ്രൗണിന്റെ ബീജവും മാതാവ്‌ ലെസ്ലിയില്‍ നിന്നെടുത്ത അണ്‌ഡവും ലാബ്രട്ടറിയില്‍ വച്ച്‌ സംയോജിപ്പിച്ച്‌ ഭ്രൂണമാക്കി ലെസ്ലിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചാണ്‌ ലൂയിസ്‌ ബ്രൗണിനു ജന്മം നല്‍കിയത്‌ മനുഷ്യശരീരത്തിനു പുറത്തുവച്ച്‌ നടന്ന ആദ്യത്തെ ബീജസങ്കലനത്തിലൂടെ ജനിച്ച ലൂയിസ്‌ ബ്രൗണ്‍ വൈദ്യശാസ്‌ത്രചരിത്രത്തില്‍ സ്ഥാനം പിടിച്ചു. ബാഹ്യബീജസങ്കലനം - ഭ്രൂണമാറ്റം (In Vivo Fertilisation-Embryo Transfer ഐ.വി.എഫ്‌) എന്നാണ്‌ ഈ രീതിയുടെ സാങ്കേതിക നാമം.

ഇതിനുപുറമേ വന്ധ്യതയ്‌ക്കുള്ള വ്യത്യസ്‌തങ്ങളായ കാരണങ്ങള്‍ കണക്കിലെടുത്ത്‌ മറ്റ്‌ നിരവധി ചികിത്സാരീതികളും വന്ധ്യദമ്പതികളെ സഹായിക്കാന്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്‌. ഇവയെ മൊത്തത്തില്‍ പരസഹായ പ്രത്യുത്‌പാദന സാങ്കേതികവിദ്യകള്‍ (Assisted Reproductive Technologies: ART: എ ആര്‍ ടി) എന്നാണ്‌ വിളിക്കുക. എ ആര്‍ ടി നിരവധി നൈതിക, നിയമ, മാനുഷി, മാനസികപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. മാത്രമല്ല പല വന്ധ്യതാനിവാരണ ക്ലീനിക്കുകളും ചികിത്സക്കെത്തുന്നവരെ കടുത്ത ചൂഷണത്തിനു വിധേയരാക്കുന്നു എന്ന ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്‌. അനാവശ്യ ടെസ്റ്റുകള്‍ നടത്തുക, വൈദ്യശാസ്‌ത്ര മാനദണ്‌ഡങ്ങള്‍ പാലിക്കാതെ അമിതമായി ഹോര്‍മോണുകളും മറ്റും നല്‍കുക, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ രോഗിയില്‍ നിന്നും മറച്ചുവയ്‌ക്കുക, ചികിത്സയ്‌ക്കായി അമിത ഫീസ്‌ ഈടാക്കുക തുടങ്ങി ഒ#്‌ടനവധി വിമര്‍ശനങ്ങള്‍ വന്ധ്യതാനിവാരണ ക്ലീനിക്കുകള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്നുണ്ട്‌. ബീജ അണ്‌ഡദായകരുടെ അനുമതി കൂടാതെ വന്ധ്യതാനിവാരണ ക്ലിനിക്കുകളില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന ഭ്രൂണം കാണ്‌ഡകോശ വഗേവഷണത്തിനായി (Stem Cell Research) ചില ഗവേഷണകേന്ദ്രങ്ങള്‍ ഉപയോഗിക്കാറുണ്ടെന്നും ആരോപിക്കപ്പെട്ടിരുന്നു.

വന്ധ്യതാ ചികിത്സയുമായി ബന്ധപ്പെട്ട്‌ ഗൗരവമുള്ള ഇത്തരം പ്രശ്‌നങ്ങള്‍ വിപുലമായ പരിശോധനയ്‌ക്ക്‌ വിധേയമാക്കപ്പെടേണ്ടതായിട്ടുണ്ട്‌. അടുത്ത കാലത്ത്‌ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടുവരുന്ന ഒരു പ്രധാന വിഷയം വാടക മാതൃത്വം സംബന്ധിച്ചിട്ടുള്ളതാണ്‌. ഗര്‍ഭപാത്രത്തിനു ജന്മനാല്‍ പൂര്‍ണ്ണവളര്‍ച്ചയില്ലാത്ത അവസരങ്ങളിലും മറ്റ്‌ ചില രോഗങ്ങള്‍ ബാധിക്കുമ്പോഴും സ്‌ത്രീകള്‍ക്ക്‌ ഗര്‍ഭധാരണം അസാധ്യമാവും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഐ വി എഫ്‌ വഴി ഭ്രൂണം സൃഷ്ടിച്ച്‌ മറ്റൊരു സ്‌ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച്‌ പ്രസവശേഷം കുട്ടിയെ കൈമാറുന്ന രീതിയാണ്‌ സ്വീകരിച്ചുവരുന്നത്‌. ഇതിനെയാണ്‌ വാടക മാതൃത്വം, മാറ്റമ്മ(Surrogacy) എന്നെല്ലാം വിളിക്കുന്നത്‌.

വാടക പ്രസവം ഇന്ത്യയില്‍ വലിയൊരു ബിസിനസായി മാറിക്കൊണ്ടിരിക്കുകയാണ്‌. വിദേശരാജ്യങ്ങളില്‍ ഓ ആര്‍ ടി സംബന്ധിച്ച്‌ കര്‍ശനമായ നിയമങ്ങള്‍ നിലവിലുള്ളതുകൊണ്ട്‌ വാടക മാതൃത്വരീതി സ്വീകരിക്കുക അത്ര എളുപ്പമല്ല. മാത്രമല്ല വാടക അമ്മമാരെ കിട്ടാന്‍ വന്‍തുക മുടക്കേണ്ടിയും വരും. ഏതാണ്ട്‌ ഒരു ലക്ഷം ഡോളര്‍ അതായത്‌ 50 ലക്ഷം രൂപയാണത്രെ ഒരു വാടക അമ്മയ്‌ക്കായി അമേരിക്കയില്‍ ചെലവിടേണ്ടിവരുന്നത്‌. ശക്തമായ നിയമങ്ങളില്ലാത്തതുകൊണ്ടും സാമ്പത്തിക പിന്നോക്കാവസ്ഥമൂലം തുശ്ചമായ തുകയ്‌ക്ക്‌ വാടക അമ്മമാരെ കിട്ടുന്നതകൊണ്ടും ഔഷധപരീക്ഷണത്തിന്റെ (Clinical Drug Trials) വ്യാപനത്തിന്റെ കാര്യത്തിലെന്നപോലെ ഇന്ത്യ അതിവേഗം ഒരു ഗര്‍ഭപാത്രവിപണിയായി മാറിക്കൊണ്ടിരിക്കയാണ്‌. ഇന്ത്യയിലിന്ന്‌ വാടക പ്രസവത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്നത്‌ ഗുജറാത്തിലെ ആനന്ദ്‌ നഗരമാണ്‌. ഡോ. നയനാ പട്ടേല്‍ നടത്തുന്ന കൈവാല്‍ ക്ലിനിക്കാണ്‌ ആനന്ദിലെ പ്രധാനപ്പെട്ട വാടക പ്രസവകേന്ദ്രം. 2005-ല്‍ ആരംഭിച്ച ഈ കേന്ദ്രത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ആസ്‌ട്രേലിയ തുടങ്ങി നിരവധി വീദേശരാജ്യങ്ങലില്‍ നിന്നുള്ള ദമ്പതികള്‍ എത്തുന്നുണ്ട്‌. ഏതാണ്ട്‌ അഞ്ഞൂറിലേറെ കുട്ടികള്‍ വാടക മാതൃത്വത്തിലൂടെ ഇവിടെ ജനിച്ച്‌ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്‌.

വാടക മാതൃത്വരീതി വന്‍ ബിസിനസ്സായി മാറിയ സാഹചര്യത്തില്‍ മുന്‍ സുപ്രീംകോടതി ജഡ്‌ജി ഡോ. എ.ആര്‍ ലക്ഷണന്‍ അധ്യക്ഷനായ ലോകകമ്മീഷന്‍ ഏ ആര്‍ ടി നിരീക്ഷണത്തിനും നിയന്ത്രണത്തിനുമായി ഉചിതമായ നിയമനിര്‍മ്മാണം നടത്തണമെന്ന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുകയുണ്ടായി. ഇത്തരം ഗര്‍ഭധാരണരീതികളെ നിരോധിക്കേണ്ടതില്ലെന്നും എന്നാല്‍ ഒട്ടനവധി ധാര്‍മ്മിക നിയമ മനുഷ്യാവകാശപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതുകൊണ്ട്‌ വ്യക്തമായ നിയമചട്ടക്കൂട്‌ ഉണ്ടാക്കേണ്ടതാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അതോടൊപ്പം മറ്റ്‌ മനുഷ്യാവകാശ ആരോഗ്യ വനിതാസംഘടനകള്‍ ഉന്നയിച്ച അഭിപ്രായങ്ങളും കൂടി കണക്കിലെടുത്ത്‌ ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌ എ ആര്‍ ടി പ്രയോഗിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളും മാനദണ്‌ഡങ്ങളും അടങ്ങിയ ബില്ല്‌ തയ്യാറാക്കുകയുണ്ടായി. (Assisted Reproductive Technologies (Regulation) Bill and Rules: 2008) പ്രസ്‌തുത നിയമവിയവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന്‌ നിരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ചെയര്‍മാനായി 21 അംഗ ഉപദേശക സമിതി രൂപീകരിക്കണമെന്ന്‌ ബില്ലില്‍ പറയുന്നുണ്ട്‌. സംസ്ഥാനതലത്തിലും സമാനമായ സമിതികള്‍ നിലവില്‍ വരും. എല്ലാ എ ആര്‍ ടി സേവന സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌.

ജനകീയാരോഗ്യ പ്രവര്‍ത്തകരും വനിതാസംഘടനകളും ബില്ലിനെ പൊതുവേ സ്വാഗതം ചെയ്യുമ്പോള്‍ത്തന്നെ വാണിജ്യ താത്‌പര്യത്തോടെ എ ആര്‍ ടി ദുരുപയോഗിക്കാന്‍ സാധ്യതയുള്ള ബില്ലിലെ നിരവധി പഴുതുകളും ചൂണ്ടിക്കാട്ടുന്നുണ്ട്‌. വാടക മാതാക്കളുടെ അണ്‌ഡം ഗര്‍ഭധാരണത്തിനായി ഉപയോഗിക്കാന്‍ പാടില്ലെന്ന്‌ നിയമത്തില്‍ നിബന്ധനചെയ്‌തിട്ടുണ്ട്‌. സ്വാഭാവികമായി ഗര്‍ഭപാത്ര തകരാറിനു പുറമേ അണ്‌ഡം നല്‍കാന്‍ കൂടി കഴിവില്ലാത്ത സ്‌ത്രീകള്‍ അണ്‌ഡത്തിനായി മറ്റൊരാളെ ആശ്രയിക്കേണ്ടിവരുമെന്നു മാത്രമല്ല വാടക അമ്മ പാര്‍ശ്വഫലസാധ്യതയുള്ള ഐ വി എഫിനു വിധേയയാവേണ്ടിയും വരും. ഇത്തരം സാഹചര്യങ്ങള്‍ ബീജം നേരിട്ട്‌ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന രീതിക്ക്‌ (Artificial Insemination) അംഗീകാരം നല്‍കുന്നതാണ്‌ ഉചിതമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

വാടക അമ്മമാര്‍ ജന്മം നല്‍കുന്ന കുട്ടികളുടെ നിയമപരമായ പദവി നിയമത്തില്‍ കൃത്യതയോടെ നിര്‍വ്വചിച്ചിട്ടില്ലെന്നതാണ്‌ ബില്ലിലെ മറ്റൊരു പരിമിതിയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതു്‌. കുട്ടിയെ മാതാപിതാക്കള്‍ സ്വീകരിക്കാതിരിക്കുക, വിവാഹ മോചിതരാവുക, മരണമടയുക തുടങ്ങിയ സാഹചര്യങ്ങളില്‍ കുട്ടിയുടെ ഭാവി എന്തായിരിക്കുമെന്ന്‌ ബില്ലില്‍ വ്യക്തമായി വ്യവസ്ഥ ചെയ്‌തിട്ടില്ല.

വാടകമാതാക്കള്‍ മൂന്നുതവണ വിജയകരമായ ഗര്‍ഭധാരണത്തിനു വിധേയരാവാമെന്നും ഓരോ തവണയും മൂന്നു പ്രാവശ്യം വരെ ഗര്‍ഭധാരണത്തിനായി ശ്രമിക്കാമെന്നും ബില്ലില്‍ പറയുന്നുണ്ട്‌. അതോടൊപ്പം അണ്‌ഡധാതാക്കള്‍ മൂന്നു മാസം ഇടവിട്ട്‌ ആറുതവണ അണ്‌ഡദാനം നടത്താമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്‌തിരിക്കുന്നു. ഇത്‌ വളരെ കൂടുതലാണെന്നും സ്‌ത്രീകളുടെ ആരോഗ്യത്തിനു ഹാനികരമാണെന്നും വനിതാസംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. വാണിജ്യാടിസ്ഥാനത്തിലുള്ള വാടക മാതൃത്വത്തെ പ്രോത്സാഹിപ്പിക്കാനാണ്‌ ഇതുവഴി ബില്ല്‌ ലക്ഷ്യമിടുന്നതെന്നും ആരോപിക്കപ്പെടുന്നു.

അണ്‌ഡവും ബീജവും അതോടൊപ്പം വാടക മാതാക്കളെയും വന്ധ്യതാ നിവാരണക്ലിനിക്കുകള്‍ക്ക്‌ നല്‍കുന്നത്‌ ബീജ ബാങ്കുകളാണ്‌ (Sperm Banks). അണ്‌ഡശേഖരത്തിനായും മറ്റും വളരെ സങ്കീര്‍ണ്മങ്ങളായ ഉപകരണങ്ങലും സാങ്കേതികവിദ്യകളും ആവശ്യമാണ്‌. എന്നാല്‍ ബില്ലില്‍ ബീജബാങ്കുകളിലുണ്ടായിരിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വേണ്ടവിധം നിര്‍വ്വചിച്ചിട്ടില്ലെന്ന്‌ ആക്ഷേപമുണ്ട്‌. ബീജ അണ്‌ഡദാതാക്കളുടേയും വാടകമാതാക്കളുടേയും ആരോഗ്യസ്ഥിതിയും വന്ധ്യതാചികിത്സയ്‌ക്ക്‌ വിധേയരാവുന്നവരുടെ ഏറ്റവും ഉയര്‍ന്ന പ്രായവും എന്തായിരിക്കണമെന്നും (കുറഞ്ഞ പ്രായം 21 എന്ന്‌ നിശ്ചയിച്ചിട്ടുണ്ടെങ്കിലും) ബില്ലില്‍ പറയുന്നില്ലെന്നതും ഒരു വലിയ കുറവായി ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്‌. ഏ ആര്‍ ടി കേന്ദ്രങ്ങള്‍ ഭ്രൂണം കാണ്‌ഡകോശ ഗവേഷണത്തിനും മറ്റും ഉപയോഗിക്കുന്നതു സംബന്ധിച്ചും ബില്ലില്‍ ഉചിതമായ വ്യവസ്ഥകളില്ല എന്ന വിമര്‍ശനവും ഉയര്‍ന്നു വന്നിട്ടുണ്ട്‌.

ഏതായാലും പൊതുജനാഭിപ്രായം സ്വരൂപിക്കാന്‍ ആരോഗ്യവകുപ്പ്‌ ബില്ല്‌ പൊതുചര്‍ച്ചയ്‌ക്കായി പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ നിയമ, മനുഷ്യാവകാശമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തികളും ബില്ലിനെ വിലയിരുത്തി തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനെ അറിയിക്കേണ്ടതാണ്‌. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും