മറ്റൊരു ജീവന്റെ സ്‌പന്ദങ്ങള്‍ അറിഞ്ഞുകൊണ്ട് സ്വന്തം ശരീരത്തെ തിരിച്ചറിയാന്‍ കഴിയുക എന്നത് ഗര്‍ഭിണിക്കുമാത്രം സാധിക്കുന്ന ഒരവസ്ഥയാണ്. ബൈബിള്‍ പ്രകാരം വേദനയോടെ മക്കളെ പ്രസവിക്കും എന്നത് ആദിമാതാവിനു കിട്ടിയ ശാപമാണ്. ശരീരത്തെ വായിക്കുമ്പോള്‍ ഈ ശാപം ജീവശാസ്‌ത്രപരമായ കാരണത്തോടുകൂടിയ കാര്യമാണ്.എല്ലാ സസ്‌തനികള്‍ക്കും ജീവശാസ്‌ത്രപരമായ ഈ വേദന അനുഭവിച്ചേ തീരൂ. ഇടുപ്പെല്ലുകള്‍ അകന്ന് ഗര്‍ഭപാത്രം വികസിച്ച് കുഞ്ഞ് പുറത്തേയ്‌ക്കു വരുന്നതിന്റെ ആയാസമാണത്. ആ വേദനകള്‍ ഈ ഭൂമിയില്‍ ഒരു ജീവിവര്‍ഗ്ഗത്തിന്റെ നിലനില്‍പിനായുള്ള നിക്ഷേപമാണ്. ഈ ബോധ്യത്തോടെ സമീപിക്കുമ്പോള്‍ ഗര്‍ഭവും വേദനയോടെയുള്ള പ്രസവവും ശാപമല്ലായെന്നും അതൊരു നിക്ഷേപമാണെന്നും അറിയാന്‍ കഴിയും. വ്യക്തിപരമായ അനുഭവങ്ങളിലുടെ ഗര്‍ഭത്തെക്കുറിച്ച് എഴുതാനാണ് ഞാനാഗ്രഹി ക്കുന്നത്. ആദ്യമേ തന്നെ ഒരു വാക്യം മുഖവുരയായി പറയുന്നു. ഗര്‍ഭം ഒരു രോഗമല്ല. എന്നോട് അവളുവളുടെ ഗര്‍ഭത്തെക്കുറിച്ച് പറയുന്ന പലരും പറയുന്ന ഒരു വാക്യമാണ് ഞാന്‍ അസുഖമായിരുന്നപ്പോള്‍ എന്നത്. ഇങ്ങനെ പറഞ്ഞു തുടങ്ങിയിട്ടാണ് തന്റെ ഗര്‍ഭകാല വിശേഷങ്ങള്‍ പലരും പറയാറുള്ളത്. അതുകൊണ്ട് ഗര്‍ഭം ഒരു രോഗമല്ല എന്ന് തുറന്നുപറയട്ടെ. പലരോഗങ്ങളും അതിനൊപ്പം വന്നെന്നു വരാം. സ്‌ത്രീശരീരത്തിന്റെ ഫലസമ്പൂര്‍ണ്ണമായ ഒരവസ്ഥയായി ഞാനതിനെ കാണുന്നു. ഇരുപത്താറാം വയസ്സില്‍ വിവാഹിതയായ ഞാന്‍ ഇരുപത്തെട്ടാംവയസ്സിലാണ് ആദ്യത്തെ മോനെ പ്രസവിക്കുന്നത്. ഗര്‍ഭിണിയാണെന്ന് ശരീരം എന്നെ അറിയിച്ച് അധികം വൈകാതെ ഛര്‍ദ്ദി ആരംഭിച്ചു. രാവിലെയെന്നോ ഉച്ചയെന്നോ രാത്രിയെന്നോ ഭേദമൊന്നുമില്ല എപ്പോള്‍ വേണമെങ്കിലും ഛര്‍ദ്ദി വരാം. എന്റെ തൊണ്ടക്കുഴിയില്‍ ഛര്‍ദ്ദി സ്റ്റോക്ക് ചെയ്‌തിരിക്കയാണോയെന്ന് ഞാന്‍ സംശയിച്ചിരുന്നു. ചിലതരം ഗന്ധങ്ങള്‍ വിശേഷിച്ച് ബീന്‍സ് വേകുന്ന മണം ഇറച്ചിയുടെ മസാലമണം കഞ്ഞി തിളക്കുമ്പോഴത്തെ മണം ഇതൊക്കെ അരോചകമായിത്തോന്നി.അവയില്‍ നിന്ന് പൂര്‍ണ്ണമായി അകന്നു നില്‍ക്കാനും സാധിച്ചിരുന്നില്ല. അതുകൊണ്ട് അവയൊക്കെ ഞങ്ങളുടെ അടുക്കളയില്‍ കുറച്ചു വയ്‌ക്കാന്‍ തീരുമാനിച്ചു. അതായത് ബീന്‍സ്, ഇറച്ചി എന്നിവ എന്റേയും അജിച്ചായന്റെയും അടുക്കള യില്‍ കുറഞ്ഞു. അമ്മയൊക്കെ വീട്ടിലുള്ളപ്പോള്‍ അവര്‍ അതു വയ്‌ക്കും. ഞാനല്‌പം വേറിട്ട് നില്‍ക്കും എന്റെ ഛര്‍ദ്ദി അജിച്ചായനെ (എന്റെ ജീവിത പങ്കാളി) ഭയപ്പെടുത്തിയിട്ടുണ്ട്. ഛര്‍ദ്ദിച്ച് തൊണ്ടപൊട്ടിയിട്ടും ഉണ്ട്. എങ്കിലും എന്റെ ശരീരത്തിന്റെ മാറ്റങ്ങളെ സാകൂതം ഞാന്‍ തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നു. അളവറ്റ ആനന്ദം എല്ലാ ക്ഷീണങ്ങള്‍ക്കിടയിലും ഞാനനുഭവിച്ചി രുന്നു. അജിച്ചായന്‍ എന്നെ കൂടുതല്‍ കൂടുതല്‍ പരിപാലിക്കാനും കരുതാനും തുടങ്ങി. എനിക്ക് എന്റെ കുഞ്ഞിന്റച്ഛനോടുള്ള പ്രേമവും കൂടി വന്നു. എനിക്ക് ഇപ്പോള്‍ തോന്നുന്നത് ഒരു ഗര്‍ഭിണിക്ക് ഏറ്റവും ആവശ്യം അവളുടെ ആള്‍ക്കാരുടെ സ്‌നേഹവും കരുതലു മാണെന്നാണ്. ഞാനാകട്ടെ, വീട്ടിലെ എല്ലാക്കാര്യവും (പാചകം, അത്യാവശ്യം വീട്ടിലെ മറ്റുപണികള്‍ സ്‌കൂള്‍ ജോലി, ഇതിനിടെ എന്റെ പ്രിയപ്പെട്ട ഛര്‍ദ്ദിയും) ചെയ്യാന്‍ തല്‍പര യുമായിരുന്നു. മൂത്തമോനെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഞാന്‍ കോരുത്തോട് സെന്റ് ജോര്‍ജ്ജ് സ്‌കൂളില്‍ പഠിപ്പിക്കുകയാണ്. വലിയ ഛര്‍ദ്ദിയുള്ള ദിവസം സ്‌കൂളില്‍ പോയിരുന്നില്ല. 6 മാസം മുതല്‍ ഛര്‍ദ്ദിയില്ലാത്ത ദിവസവും ഉണ്ടായിട്ടുണ്ട്. ഇക്കാലങ്ങളില്‍, ഒരുപാട് പേരുടെ സ്‌നേഹവും പരിലാളനയും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. എന്റെ പാപ്പിയമ്മ എന്റെ കൂടെ കൂടുന്നത് ഞാന്‍ മൂന്നു മാസം ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ്. അന്നുമുതല്‍ പതിനാലുവര്‍ഷം അവരെന്റെ അമ്മയും വീട്ടുകാരിയും കുഞ്ഞുങ്ങളുടെ മുത്തശ്ശിയുമായി ജീവിച്ചു. ഇന്ന് അവര്‍ ജീവിച്ചിരിക്കുന്നില്ലായെങ്കിലും അവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ സ്‌നേഹം നിറയുന്നു. ഗര്‍ഭിണിയായ നാലുമാസം ആയപ്പോള്‍ മുതല്‍ പാപ്പിയമ്മ കുറുന്തോട്ടിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കാന്‍ തരുമായിരുന്നു. ആയിരം കുറുന്തോട്ടി കഴിച്ചാല്‍ അയലറിയാതെ പ്രസവിക്കുമെന്ന് അവര്‍ പറയാറുണ്ടായിരുന്നു. ഏതായാലും ഒരൊറ്റ മണിക്കൂറിന്റെ പ്രസവവേദനയേ രണ്ടു പ്രസവത്തിലും എനിക്കനുഭവി ക്കേണ്ടിവന്നിട്ടുള്ളൂ. അതികഠിനമായ വേദനയായിരുന്നുവെങ്കിലും വേദനകളെ ഞാന്‍ സൂക്ഷ്‌മമായി അറിയാനും ശ്രമിച്ചിരുന്നു. നാലാം മാസം മുതല്‍ കുളിക്കുന്നതിന് മുമ്പ് പിണ്ഡതൈലം അജിച്ചായന്‍ പുരട്ടിത്തരുമായിരുന്നു. ഗര്‍ഭം വളരുന്തോറും ശരീരം ആകെ ഇളതായതു പോലെ തോന്നിയിരുന്നു. ഒരിക്കല്‍ അശ്രദ്ധമായി നടന്നുവന്നപ്പോള്‍ കതകിന്റെ കട്ടിളയില്‍ ഇടിച്ച് നെറ്റി ചതഞ്ഞ ഒരു പാട് വീണിരുന്നു. അത് പ്രസവവും കഴിഞ്ഞ് കുറെ നാളുകള്‍ക്കു ശേഷമാണ് മാഞ്ഞുപോയത്. സ്‌കൂളില്‍ ഒപ്പം പഠിപ്പിച്ചിരുന്ന തങ്കമ്മറ്റീച്ചര്‍ അവരുടെ വീട്ടില്‍ കൃഷി ചെയ്‌തിരുന്ന ഏത്തപ്പഴം എത്രയോ പ്രാവശ്യം തന്നുവിട്ടിരുന്നു. ഒരിക്കലും തിരിച്ചുകൊടുക്കാന്‍ സാധിക്കാത്ത കടങ്ങളാണവ. കൂടെ പഠിപ്പിച്ചിരുന്നവര്‍ ഉണ്ണാനിരിക്കുമ്പോള്‍ കുഞ്ഞു സെപ്‌ഷലുകള്‍ എനിക്കായി കരുതിയിരുന്നു എന്റെ പേരമ്മയും ഇളയമ്മയും വിവിധതരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകം ചെയ്‌തുകൊണ്ടുവന്നു തന്നിരുന്നു. ഇതൊക്കെ ഒരിക്കലും മറക്കാന്‍ സാധി ച്ചിട്ടില്ല. നിരുപാധികമായ ഇത്തരം സ്‌നേഹവും കരുതലും ഏതു ഗര്‍ഭിണി യും പ്രതീക്ഷിക്കുന്നുണ്ട്. കത്തോലിക്കാ, സി.എസ്.ഐ കല്യാണത്തിന്റെ നീരസങ്ങള്‍ ഗര്‍ഭകാലത്തും ഞാനനുഭവിച്ചിട്ടുണ്ട്. വളരെ മനഃപ്രയാസങ്ങള്‍ ഉണ്ടാക്കിയിട്ടുമുണ്ട്. ഒരാവശ്യമില്ലാത്ത ആ കലഹങ്ങള്‍ ഒരുപാട് കണ്ണീര്‍ വീഴ്‌ത്തിയിട്ടുണ്ട് എന്റെ ഗര്‍ഭകാലത്ത്. മതം, സമുദായം, സാമ്പത്തികസ്ഥിതി തുടങ്ങി എന്തിന്റെ പേരിലായാലും ഗര്‍ഭിണികള്‍ക്ക് മനോവിഷമം ഉണ്ടാക്കുന്ന കലഹങ്ങള്‍ ഒഴിവാക്കപ്പെടണം. നാലു മാസം ഗര്‍ഭം ഉള്ളപ്പോഴാണ് ആദ്യമായി വയറ്റില്‍ അവന്റെ ചലനം ഞാനറിഞ്ഞത്. ഒരു ചിത്രശലഭം ചിറകടിക്കുന്ന പോലൊരു പിടച്ചില്‍ ആയിരുന്നു അത്. വയറ്റില്‍ ആയിരിക്കുന്ന സമയത്ത് പലപ്പോഴും ഞാന്‍ കുഞ്ഞിനോട് വര്‍ത്തമാനം പറയുമായിരുന്നു. കൊച്ചുകൊച്ചു വര്‍ത്തമാനങ്ങള്‍. സന്തോഷവും സങ്കടവും പറയുമായിരുന്നു. അവന്റെ ഉറക്കവും പിടച്ചിലും മറുവര്‍ത്ത മാനങ്ങളും ഞാനറിഞ്ഞിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ കടല്‍ക്കര മാതാവിന്റെ ചിത്രത്തിലെ ഉണ്ണീശോയുടെ മുഖമായിരുന്നു അവന്. എന്റെയും അജിച്ചായന്റെയും ഇരുനിറത്തിനപ്പുറം വല്ലാതെ വെളുത്ത ഒരു കുട്ടി. എന്റെ മുറിയില്‍ ഗര്‍ഭകാലത്ത്, തോളില്‍ കുഞ്ഞിനെ കിടത്തിയ കടല്‍ക്കരമാതാവിന്റെ ഒരു ചിത്രം ഉണ്ടായിരുന്നു. അതിലെ ഉണ്ണിയേശുവിന്റെ നിറവും സ്വര്‍ണ്ണനിറമുള്ള മുടിയുമൊക്കെ അവനുണ്ടായിരുന്നു. രണ്ടാമത്തെ കുട്ടിയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഈശോയുടെ തിരുഹൃദയത്തിന്റെ പ്രാര്‍ത്ഥന പലപ്രാവശ്യം ഒരുവിടുമായിരുന്നു. വളരെ വിസ്‌മയകരമായ അനുഭവം അവനുണ്ടായപ്പോള്‍ ഉണ്ടായി. രണ്ടാമത്തെ മോന്റെ നെഞ്ചിന്റെ നടുഭാഗത്ത് തിരുഹൃദയത്തിന്റെ പടത്തില്‍ കാണുന്നതു പോലെയുള്ള ഒരു മറുകുണ്ട്. ഇതു ഞാന്‍ പങ്കുവച്ചത് ഗര്‍ഭകാലത്ത് നല്ല ചിന്തയും വിചാരവും ഉണ്ടായാല്‍ നല്ലതാണെന്ന ചിന്ത പങ്കുവയ്‌ക്കാനാണ്. ഈ കാര്യങ്ങളുടെ വിസ്‌മയം ഇന്നും എന്നെ വിട്ടുമാറിയിട്ടില്ല. ശാന്തിയും സ്‌നേഹവുമുള്ള അനുഭവങ്ങള്‍ ഗര്‍ഭിണിക്ക് ആവശ്യമാണ്. അവളില്‍ ഒരു ജീവന്റെ തുടിപ്പുണ്ടെന്ന യാഥാര്‍ത്ഥ്യം അവളോടിടപെടുന്നവര്‍ ഉള്‍ക്കൊള്ളണം. അതേ സമയം ഒരു ജോലിയും ചെയ്യാതെ അലസമായിരുന്നു സമയം കളയരുത്. വീടുതൂക്കുകയും തുടയ്‌ക്കുകയും പാചകം ചെയ്യുകയും മുറ്റത്തെ പുല്ലു പറിക്കയുമൊക്കെ ഞാന്‍ ചെയ്‌തി രുന്നു. ക്ഷീണം വരുമ്പോള്‍ കിടക്കുകയും ചെയ്യുമായിരുന്നു. ധാരാളം വായിക്കുകയും വല്ലതുമൊക്കെ എഴുതുകയും ചെയ്‌തിരുന്നു. പ്രസവത്തെക്കുറിച്ച് കുറെ ആശങ്കകള്‍ എനിക്കുണ്ടായിരുന്നു. ശാസ്‌ത്രീയമായി കാര്യമായി ഒന്നും എനിക്ക് അറിയുമായിരുന്നില്ല. എന്റെ കൂട്ടുകാരി ബീനയുടെ ആദ്യപ്രസവം എന്റെ ആദ്യപ്രസവത്തിനു മുന്‍പായിരുന്നു. അവള്‍ വേദനയെക്കുറിച്ചും പ്രസവമെന്ന പ്രക്രിയയെക്കുറിച്ചും പറഞ്ഞിരുന്നു. ഞാന്‍ ഗര്‍ഭകാലത്ത് കുറേ വായിച്ചിരുന്നെങ്കിലും പ്രസവപുസ്‌തകങ്ങള്‍ വായിക്കാന്‍ ശ്രമിച്ചില്ല. പ്രസവം അതിന്റെ എല്ലാ പുതുമയിലും അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു. ആദ്യപ്രസവത്തിന്റെ ദിനമെത്തി ജൂണ്‍ 14 ആയിരുന്നു തീയതി. മമ്മിയും ഞാനും ജൂണ്‍ 13 മുതല്‍ ആശുപത്രിയിലായിരുന്നു. 19-ാം തീയതി രാവിലെ പ്രസവമുറിയില്‍ കൊണ്ടുപോയി. എനിമ പോലുള്ള കാര്യങ്ങള്‍ എന്നില്‍ അല്‍പം പേടിയുണ്ടാക്കി. ഇനിയെന്ത് എന്നു ചിന്തിച്ചുകൊണ്ട് കട്ടിലില്‍ കിടന്നു. ഞാന്‍ 53 മണിജപം മനസ്സില്‍ ചൊല്ലാന്‍ തുടങ്ങി. അപ്പോള്‍ അവര്‍ ഡ്രിപ്പ് ഇട്ടിരുന്നു. പ്രസവമേശയില്‍ പ്രസവസമയമടുത്ത ഒരു സ്‌ത്രീ ഉണ്ടായിരുന്നു. അവര്‍ നിലവിളിക്കുകയും കരയുകയും ചെയ്‌തിരുന്നു. നേഴ്‌സുമാര്‍ അവരെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. 10.15 ആയപ്പോള്‍ അവര്‍ പ്രസവിച്ചു. അവരുടെ നിലവിളികള്‍ എന്നെ വല്ലാതെ ഭയപ്പെടുത്തി യെങ്കിലും മനഃസാന്നിധ്യം നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു. 10 മുതല്‍ വേദനയായിരുന്നു. വേദന വേദന മാത്രം. എന്റെ പ്രര്‍ത്ഥനകള്‍ മുറിഞ്ഞുപോയി. പെരുവിരല്‍ തൊട്ട് എന്റെ ശരീരം വേദന മാത്രമായിത്തീര്‍ന്നു. നടുവ് ശരീരത്തില്‍ നിന്ന് വിട്ടുമാറിപ്പോകുന്നുവെന്ന് തോന്നി. തുടരെത്തുടരെയുള്ള വേദനകള്‍ പ്രസവം ഉച്ചകഴിഞ്ഞ് 2 യാകുമ്പോഴേ നടക്കൂ എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. പക്ഷേ 11.25 ആയപ്പോള്‍ മോനുണ്ടായി. ഞാനപ്പോള്‍ പ്രസവിക്കുമെന്ന നേഴ്‌സുമാര്‍ക്ക് അറിയില്ലായിരുന്നു. ഞാന്‍ വലുതായി നിലവിളിക്കുകയോ ഒന്നും ചെയ്‌തിരുന്നില്ല. അപ്പോഴും ഛര്‍ദ്ദി ഉണ്ടായിരുന്നു. നേഴ്‌സുമാര്‍ എന്നെ അത്ര ശ്രദ്ധിച്ചില്ല. അടിവയര്‍ കുത്തിപ്പിളരുന്ന വേദനയില്‍ ഞാന്‍ കരഞ്ഞു. അപ്പോഴേയ്‌ക്കും കുഞ്ഞ് വന്നുകഴിഞ്ഞിരുന്നു. കുഞ്ഞിനെ ഒന്നുപിടിച്ചു നിര്‍ത്താമോ എന്നവര്‍ ചോദിച്ചു. പ്രാര്‍ത്ഥനയോടെ ഞാന്‍ കിടന്നു. അവര്‍ ഉപകരണങ്ങളെടുത്തടുത്തെ ത്തിയതും മോന്‍ പുറത്തുവന്നു. അവന്‍ കരഞ്ഞില്ല. അവര്‍ ഓക്‌സിജന്‍ കൊടുത്തപ്പോള്‍ ചെറുതായി കരഞ്ഞു. രണ്ടാമത്തെയാള്‍ ഉണ്ടായപ്പോഴാണ് ഇതിന്റെ വ്യത്യാസം അറിഞ്ഞത്. ഗര്‍ഭപാത്രം വിട്ടതും അവന്‍ അലറിക്കരഞ്ഞുകൊണ്ടാണ് വരവറിയിച്ചത്. ആദ്യത്തെ മോന്റെ മൂക്കിലും മറ്റും സ്രവങ്ങള്‍ കയറിക്കാണണം.ഏതായാലും ഒരു കുഴപ്പവുമില്ലാതെ മോനെ കിട്ടി. വേദനകള്‍, രക്തസ്രാവം, ക്ഷീണം എല്ലാം പ്രസവത്തിന്റെ പ്രത്യേകതയാണ്.വേദന കഠിനമാണെങ്കിലും ഒരു പ്രതീക്ഷ (കുഞ്ഞ്) അതോടൊപ്പമുണ്ട്. അതൊരു രോഗമല്ലെന്ന ഞാന്‍ വീണ്ടും പറയുന്നു. പക്ഷേ, ഗര്‍ഭിണിയുടെ മനസ്സിന് സ്‌നേഹവും ശാന്തമായ പെരുമാറ്റവും ആവശ്യമാണ്. ശരീരത്തിന് പോഷകഭക്ഷണവും അനിവാര്യമാണ്. പക്ഷേ, പലപ്പോഴും കുടുംബങ്ങള്‍ തമ്മിലുള്ള ഈഗോയ്‌ക്കും വഴക്കിനും ഗര്‍ഭകാലം വേദിയാകാറുണ്ട്. മറ്റു ചിലപ്പോള്‍ ഒരു മഹാരോഗകാലമായി കരുതി ആഘോഷകാലമാക്കാറുണ്ട്. രണ്ടും ശരിയല്ല എന്നാണ് എന്റെ പക്ഷം. ഗര്‍ഭിണിയെ സ്‌നേഹിക്കുക, നല്ല ഭക്ഷണം കൊടുക്കുക. ബന്ധുക്കള്‍ ഇടയ്‌ക്കിടെ സന്ദര്‍ശിക്കുക. എലിസബത്തിന്റെ ഗര്‍ഭകാലത്ത് അവളെ സന്ദര്‍ശിക്കാനും ശുശ്രൂ ഷിക്കാനും എത്തിയ മറിയത്തിന്റെ മാതൃക വേദപുസ്‌തകവായനയ്‌ക്കു മാത്രമുള്ളതല്ല പ്രയോഗിക്കാനുമുള്ളതാണ്.