സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കേരളീയ സ്‌ത്രീകളുടെ വാര്‍ധക്യകാല ആരോഗ്യപ്രശ്‌നങ്ങള്‍

ഡോ. ബി. ഇക്‌ബാല്‍



മരണനിരക്ക്‌ കുറയുകയും ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയും ചെയ്‌തതോടെ കേരളത്തില്‍ പ്രായാധിക്യമുള്ളവരുടെ എണ്ണം വര്‍ധിക്കുകയാണ്‌. 2001 ലെ സെന്‍സസ്‌ പ്രകാരം ജനസംഖ്യയില്‍ ഏതാണ്ട്‌ 11 ശതമാനത്തോളം പേര്‍ (34 ലക്ഷം പേര്‍) 60 വയസ്സിന്‌ മുകളിലുള്ളവരാണ്‌. ഇപ്പോഴത്തെ ജനസംഖ്യാ പ്രവണതയനുസരിച്ച്‌ 2030- തോടെ 20 ശതമാനത്തോളം പേര്‍ അറുപതു വയസ്സു കടന്നവരായിരിക്കും. രണ്ടായിരത്തി അമ്പതോടെ കേരള സമൂഹത്തിലെ മൂന്നിലൊന്നുപേരും അതായത്‌ ഏതാണ്ട്‌ ഒരു കോടിയിലധികം ജനങ്ങളും അറുപതുവയസ്സിനു മുകളിലുള്ളവരായി മാറും. (പട്ടിക ഒന്ന്‌). വൃദ്ധരുടെ എണ്ണം സമൂഹത്തില്‍ വര്‍ധിക്കുന്നതോടെ നിരവധി സാമൂഹ്യ സാമ്പത്തിക ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരും. ഈ വെല്ലുവിളി നേരിടാന്‍ കേരളം ഇപ്പോഴേ തയ്യാറെടുക്കേണ്ടതായിട്ടുണ്ട്‌.

ആരോഗ്യമേഖലയില്‍ ഇന്ന്‌ കേരളം നല്‍കിവരുന്ന മുന്‍ഗണനാക്രമം പരിശോധിച്ചാല്‍ ശിശുക്കളുടെയും മധ്യവയസ്‌കരുടെയും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരു പരിധിവരെ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ സ്വകാര്യ-സര്‍ക്കാര്‍ മേഖലകളില്‍ നടക്കുന്നുണ്ടെന്നു കാണാം. ജനനനിരക്ക്‌ കുറഞ്ഞതോടെ കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ മാതാപിതാക്കള്‍ അമിതമായ താത്‌പര്യം കാണിക്കുന്നുണ്ട്‌. രോഗപ്രതിരോധ ഔഷധങ്ങളുടെ പ്രയോഗത്തിന്റെ കാര്യത്തില്‍ ഏതാണ്ട്‌ സമ്പൂര്‍ണ്ണത കേരളം കൈവരിച്ചിട്ടുണ്ട്‌. മാത്രമല്ല, ശിശുരോഗവിദഗ്‌ദ്ധരുടെ ലഭ്യതയുടെ രംഗത്തും കേരളം മുന്നിട്ടു നില്‍ക്കുന്നു.
പട്ടിക ഒന്ന്‌ കേരളം: അറുപതുവയസ്സിനു മുകളിലുള്ളവര്‍ (ലക്ഷം/ശതമാനം)
വര്‍ഷം 60+
2001 33.62 (10.5%)
2011 33.62 11.2%)
2031 72.90 (19.6%)
2051 09.40 (31.5%)
ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ കേരളത്തില്‍ മധ്യവയല്ലില്‍ത്തന്നെ കണ്ടുപിടിച്ച്‌ ചികിത്സിച്ചു തുടങ്ങിയിട്ടുണ്ട്‌. ഒരു തരത്തിലുള്ള അമിത വൈദ്യവത്‌കരണംപോലും മധ്യവയസ്‌കര്‍ നേരിടുന്നു എന്നു പറയേണ്ട സ്ഥിതിയുമുണ്ട്‌. ഹൃദ്രോഗത്തിനുള്ള ബൈപാസ്‌ ശസ്‌ത്രക്രിയയ്‌ക്കും മറ്റും വിധേയരാവുന്ന മധ്യവയസ്‌കരുടെ എണ്ണം വര്‍ധിച്ചുവരികയാണ്‌. തൊഴിലുള്ളവര്‍ക്കും മറ്റും സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന ആരോഗ്യപരിരക്ഷയും അല്ലാത്തവര്‍ക്കുള്ള ഇന്‍ഷുറന്‍സ്‌ സംവിധാനങ്ങളും ആരോഗ്യച്ചെലവ്‌ നേരിടാനുള്ള സൗകര്യവും ഇവര്‍ക്ക്‌ നല്‍കുന്നുണ്ട്‌. എന്നാല്‍ വൃദ്ധരുടെ കാര്യമെടുക്കുമ്പോള്‍ കുടുംബത്തിലും സമൂഹത്തിലും ഇവര്‍ അവഗണിക്കപ്പെടുന്നു എന്ന വസ്‌തുത നിലനില്‍ക്കുന്നു. അണുകുടുംബവ്യവസ്ഥയും 55 വയസ്സില്‍ത്തന്നെയുള്ള റിട്ടയര്‍മെന്റും വലിയൊരു വിഭാഗം പ്രായമായവരെ മാനസികമായിത്തന്നെ സമൂഹത്തില്‍നിന്നും കുടുംബത്തില്‍നിന്നും അകറ്റി നിര്‍ത്തുന്നു. കൂട്ടുകുടുംബവ്യവസ്ഥ തകര്‍ന്നതോടെ വൃദ്ധരെ സംരക്ഷിച്ചുനിര്‍ത്തുന്നതിനുള്ള വലിയൊരു സാമൂഹ്യസുരക്ഷാസംവിധാനമാണ്‌ തകര്‍ന്നത്‌. അതിന്റെ സ്ഥാനത്താവട്ടെ മറ്റു സാമൂഹ്യസ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നതുമില്ല. സ്‌ത്രീകളുടെയും ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരുടേതിനാക്കള്‍ കൂടുതലായതുകൊണ്ട്‌ കേരളത്തില്‍ വൃദ്ധജനങ്ങളില്‍ കൂടുതലും സ്‌ത്രീകളായിരിക്കും. അവസാനം ലഭ്യമായ കണക്കനുസരിച്ച്‌ കേരളത്തില്‍ സ്‌ത്രീകളുടേയും പുരുഷന്മാരുടേയും ആയുര്‍ദൈര്‍ഘ്യം യഥാക്രമം 76-ഉം 70-ഉം വയസ്സുകളാണ്‌ (പട്ടിക രണ്ട്‌). പൊതു സ്‌ത്രീപുരുഷാനുപാതം 1000 പുരുഷന്മാര്‍ക്ക്‌ 1058 സ്‌ത്രീകളായിരിക്കുമ്പോള്‍ 65 വയസ്സിനുമുകളിലുള്ളവരില്‍ ഇത്‌ 1000: 1224 ആയും 80 വയസ്സെത്തുമ്പോള്‍ 1000: 1529 ആയി മൂറുകയും ചെയ്യുന്നു. സ്വാഭാവികമായും വൃദ്ധസ്‌ത്രകീകളില്‍ കൂടുതല്‍ പേരും വിധവകളുമായിരിക്കും. 60 വയസ്സുകഴിഞ്ഞ സ്‌ത്രീകളില്‍ അറുപതു ശതമാനത്തിലേറെ പേരും വിധവകളായിരിക്കുമ്പോള്‍ ഇതേ പ്രായത്തില്‍ വിഭാര്യരായിരിക്കുന്നവര്‍ പത്തു ശതമാനം മാത്രമാണ്‌. കൂട്ടുകുടുംബവ്യവസ്ഥയില്‍ വൃദ്ധസ്‌ത്രീകള്‍ പ്രത്യേക സംരക്ഷണത്തിന്‌ വിധേയരായിരുന്നു. അണുകുടുംബരീതി വ്യാപകമായതോടെ അതും ഇല്ലാതാവുകയാണ്‌.
പട്ടിക രണ്ട്‌ സ്‌ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം: കേരളം - ഇന്ത്യ
വര്‍ഷം കേരളം ഇന്ത്യ
1961 45.3 35.7
1971 57.4 43.6
1981 62.6 50.2
2001 76 66
ആര്‍ത്തവകാലത്തിനു മുന്‍പ്‌ സ്‌ത്രീകളുടെ ആരോഗ്യസ്ഥിതി പുരുഷന്മാരുടേതിനേക്കാള്‍ മെച്ചമായിരിക്കും. ഹൃദ്രോഗം, രക്താതിമര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ സ്‌ത്രീശരീരത്തിലുള്ള ചില ഹോര്‍മോണുകളുടെ സാന്നിധ്യംമൂലം പൊതുവേ സ്‌ത്രീകളില്‍ ഇക്കാലത്ത്‌ കുറഞ്ഞിരിക്കുന്നു. എന്നാല്‍ പ്രായാധിക്യമുള്ള സ്‌ത്രീകളുടെ ആരോഗ്യസ്ഥിതി തുല്യപ്രായമുള്ള പുരുഷന്മാരേക്കാള്‍ മോശമായിരികും. ആര്‍ത്തവകാലത്തിനുശേഷം ഹോര്‍മോണ്‍ നിലയിലുണ്ടായിരുന്ന അനുകൂലസ്ഥിതിയില്‍ മാറ്റം വരും. ഹൃദ്രോഗവും മറ്റും പുരുഷന്മാരിലേതുപോലെതന്നെ സ്‌ത്രീകളിലും പ്രത്യക്ഷപ്പെടും. അതോടൊപ്പം സ്‌ത്രീകളുടെ ചലനശേഷി നഷ്ടപ്പെടുത്തുന്ന സന്ധിരോഗങ്ങള്‍, മൂത്രനിയന്ത്രണ നഷ്ടം (incontinence)തുടങ്ങിയ രോഗങ്ങള്‍ക്കുകൂടി വിധേയരാവാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. മക്കളുടെ അസാന്നിധ്യം സ്‌ത്രീകളെ കൂടുതല്‍ മാനസിക സംഘര്‍ഷത്തിലേക്ക്‌ നയിക്കും. വിവിധ സമുദായങ്ങളില്‍ നിലവിലുള്ള സ്വത്തവകാശ നിയമങ്ങള്‍മൂലവും തൊഴിലെടുത്തു ജീവിക്കുന്നവരില്‍ സ്‌ത്രീകളുടെ എണ്ണം കുറവായതുകൊണ്ടും നിരവധി സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും വൃദ്ധസ്‌ത്രീകള്‍ വിധേയരാവേണ്ടിവരും. ചുരുക്കത്തില്‍ വൃദ്ധസ്‌ത്രീകള്‍ പുരുഷന്മാരേക്കാള്‍ സാമൂഹ്യമായും സാമ്പത്തികമായും ശാരീരികമായും ഒട്ടനവധി സവിശേഷ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നു. വൃദ്ധരുടെ സവിശേഷമായ ആരോഗ്യപ്രശ്‌നങ്ങള്‍ പടിക്കാനും ക്രിയാത്മകമായി അവയിലിടപെടാനും ശ്രമിക്കുന്ന ഒരുകൂട്ടം മനുഷ്യസ്‌നേഹികളായ ഡോക്ടര്‍മാര്‍ കേരളത്തിലുണ്ടെന്ന കാര്യം വിസ്‌മരിക്കുന്നില്ല. പക്ഷേ, വൃദ്ധരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കിക്കൊണ്ട്‌ നമ്മുടെ ആരോഗ്യമേഖല പുനഃസംവിധാനം ചെയ്യാനുള്ള ശ്രമങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നത്‌ നമ്മുടെ ആരോഗ്യസംവിധാനങ്ങളുടെ പരിമിതിയായി കാണേണ്ടിയിരിക്കുന്നു. വൃദ്ധരിലെ രോഗങ്ങള്‍ പലതും ചെറുപ്പക്കാരില്‍നിന്ന്‌ വ്യത്യസ്‌തമാണ്‌. പ്രായം ശരീരകോശസമുച്ചയത്തിലും ആന്തരികാവയവങ്ങളിലും വരുത്തുന്ന മാറ്റങ്ങളാണ്‌ ഇതിനു കാരണം. പുറമേക്കു നിസ്സാരമെന്നു തോന്നുന്ന രോഗലക്ഷണങ്ങള്‍ മരണകാരണമായേക്കാം. പല രോഗങ്ങളുടേയും ലക്ഷണങ്ങള്‍ വൃദ്ധരില്‍ വ്യത്യസ്‌തമായാണ്‌ അവതരിക്കുക. ഇത്തരം പ്രവണതകള്‍ രോഗനിര്‍ണ്ണയവും ചികിത്സയും സങ്കീര്‍ണ്ണമാക്കുന്നു. അതോടൊപ്പം സ്‌ത്രീകളുടെ സവിശേഷ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുമുണ്ട്‌. വൃദ്ധരോട്‌ പ്രത്യേക സ്‌നേഹവും കാരുണ്യവും അതോടൊപ്പം ലിംഗനീതിബോധവും (Gender sensitivity) ഒരു വൈദ്യസമൂഹത്തിനു മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിരക്ഷ നല്‍കാന്‍ കഴിയൂ. വാര്‍ദ്ധക്യം ഒട്ടനവധി രോഗങ്ങളെ ക്ഷണിച്ചുവരുത്താന്‍ സാധ്യതയുണ്ട്‌ എന്നത്‌ ശരിതന്നെ. എന്നാല്‍ ചിട്ടപ്പെടുത്തിയ ജീവിതരീതിയിലൂടെയും ശാസ്‌ത്രീയമായ ചികിത്സാവിധികളിലൂടെയും മിക്ക രോഗങ്ങളും നിയന്ത്രിച്ചുന നിര്‍ത്താനും അതുവഴി സമൂഹത്തിനു പ്രയോജനകരമായ ജീവിതം നയിക്കാന്‍ വലിയൊരു വിഭാഗം വൃദ്ധരെ പ്രാപ്‌തരാക്കാനും കഴിയും. പ്രതികരണക്ഷമതയുള്ള ഒരു ആരോഗ്യസംവിധാനത്തിലേ ഇത്‌ നടക്കൂ. വൈദ്യവിദ്യാഭ്യാസ പാഠ്യപദ്ധതികളില്‍ വൃദ്ധരുടെ ആരോഗ്യപ്രശ്‌നങ്ങള്‍കൂടി ഉള്‍പ്പെടുത്താന്‍ യൂണിവേഴ്‌സിറ്റികളും മറ്റും തയ്യാറാവേണ്ടതാണ്‌. മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രി തലത്തിലും വൃദ്ധജനപരിപാലനത്തിനുള്ള ഡിപ്പാര്‍ട്ടുമെന്‍രുകളും കേന്ദ്രങ്ങളും (Geriatric Departments and Centres) ആരംഭിക്കേണ്ടതുണ്ട്‌. താഴെത്തട്ടില്‍ തന്നെ വൃദ്ധജന ആരോഗ്യപരിപാലനത്തിനുള്ള സമഗ്ര പ്രാഥമികപരിചരണരീതികളും ചികിത്സാമാനദണ്‌ഡങ്ങളും ആവിഷ്‌കരിച്ച്‌ നടപ്പിലാകണം. അതോടൊപ്പം വൃദ്ധസ്‌ത്രീകളുടെ സാമൂഹ്യ സുരക്ഷയ്‌ക്കായുള്ള പ്രത്യേക പദ്ധതികളും ആവിഷ്‌കരിക്കേണ്ടതാണ്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരായ അഞ്ചുലക്ഷത്തോളം പേര്‍ക്കു മാത്രമാണ്‌ പെന്‍ഷന്‍ ആനുകൂല്യമുള്ളത്‌. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കായിട്ടുള്ള ക്ഷേമപദ്ധതികളിലൂടെ ലഭിക്കുന്ന സാമ്പത്തികാനുകൂല്യങ്ങള്‍ വൃദ്ധരുടെ ആവശ്യങ്ങള്‍ നേരിടാന്‍ പര്യാപ്‌തവുമല്ല. സാമ്പത്തികമായി മുകള്‍ത്തട്ടിലുള്ള ഇരുപതുശതമാനം പേരെയും പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നവരെയും ഒഴിവാക്കിയാല്‍ ഏറ്റവും കുറഞ്ഞത്‌ 30-40 ലക്ഷം വൃദ്ധരുടെ സംരക്ഷണം സമൂഹത്തിനേറ്റെടുക്കേണ്ടിവരും. ഇതില്‍ ബഹുഭൂരിപക്ഷവും ദരിദ്രരും അശരണകളുമായ വൃദ്ധസ്‌ത്രീകളുമായിരിക്കും. വൃദ്ധരുടെ പ്രത്യേകിച്ച്‌ സ്‌ത്രീകളുടെ സാമൂഹ്യ സുരക്ഷിതത്വത്തിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇപ്പോഴേ സര്‍ക്കാര്‍ പരിപാടികള്‍ ആവിഷ്‌കരിക്കേണ്ടതാണ്‌. സാമൂഹ്യക്ഷേമപദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ബഡ്‌ജറ്റിന്റെ കേവലം 2.5% തുകയാണ്‌ മാറ്റിവച്ചിട്ടുള്ളത്‌. ഇത്‌ ഇരട്ടിയായെങ്കിലും വര്‍ധിപ്പിക്കണം. കേന്ദ്രസര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും ലോകാരോഗ്യസംഘടന തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളില്‍നിന്നും സാധ്യതയുളഅള ധനസഹായം മുഴുവന്‍ നേടിയെടുക്കാന്‍ ശ്രമിക്കണം. ഇതിലേക്കായി മാത്രം ഒരു പ്രത്യേക ലയസന്‍ ഓഫീസറെ ഡല്‍ഹിയില്‍ നിയമിക്കുകയും വേണം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും