സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

യാത്ര

മ്യൂസ്‌ മേരി ജോര്‍ജ്ജ്‌



യാത്രകള്‍ ഒഴുകുന്ന നദിപോലുള്ള ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്നു. യാത്രകളില്ലാത്ത ജീവിതം കെട്ടിക്കിടക്കുന്ന വെള്ളംപോലെയും. പായലും ചണ്ടിയും കേറികെട്ടുപോകുന്ന വെള്ളം. ഒഴുക്കുനീറ്റില്‍ അഴുക്കില്ല എന്ന ചൊല്ല്‌ കേട്ടിണ്ടാവുമല്ലോ! ദേശങ്ങളെ കണ്ടുകണ്ടുള്ള യാത്രകള്‍ - വായിക്കുന്ന പുസ്‌തകങ്ങളിലൂടെയുള്ള യാത്രകള്‍ - നേരേനേരേ കാണുന്ന മനുഷ്യരുടെ കണ്ണില്‍നിന്നും മനസ്സിലേയ്‌ക്കുള്ള യാത്രകള്‍. ഓരോ തരം കാഴ്‌ചകളും മനസ്സിനെ സഞ്ചരിപ്പിക്കുന്നതായാല്‍ എത്രമെച്ചമാണ്‌. ഒരിക്കല്‍ വിട്ടുപോന്ന നഗരത്തി ലേയ്‌ക്കുള്ള തിരിച്ചുവരവ്‌ നെരുദയുടെ പ്രസിദ്ധമായ കവിതയ്‌ക്കു (നഗരത്തിലേയ്‌ക്കു തിരിച്ചുചെന്നപ്പോള്‍) വിഷയമാണ്‌. ഒസിസ്സിയൂസിന്റെ തിരിച്ചുവരവ്‌ ലോകസാഹിത്യത്തില്‍ പ്രസിദ്ധമാണ്‌ തിരിച്ചുവരവില്‍ നിറവിന്റെ തൃപ്‌തിയേക്കാള്‍ അപരിചിതത്വത്തിന്റെ സങ്കടങ്ങളാവും കൂടി നില്‍ക്കുന്നത്‌. പുറപ്പെട്ടുപോകലും തിരിച്ചുവരവും യാത്രാനുഭവങ്ങളുടെ വ്യത്യസ്‌തയെ ഓര്‍മ്മിപ്പിക്കുന്നു.
മക്‌ലൂല്‍ ബഫ്‌ പ്രസിദ്ധനായ ഇറാനിയന്‍ സംവിധായകനാണ്‌. അദ്ദേഹത്തിന്റെ `ഗബെ'എന്ന സിനിമ സ്ഥിരജീവിതം നടത്താത്ത പരവതാനി നെയ്‌ത്തുകാരുടെ ജീവിത പശ്ചാത്തലത്തിലുള്ളതാണ്‌. ഇതിലെ ഒരു കഥാപാത്രം പറയുന്നുണ്ട്‌. അരുവിയുടെ തീരത്തുനിന്ന്‌ കാനറിപ്പക്ഷിയെപ്പോലെ പാടുന്ന പെണ്ണിനെ മാത്രമേ താന്‍ വിവാഹം കഴിക്കൂ എന്ന്‌. പണമോ ആഭരണമോ അല്ല അദ്ദേഹം പെണ്ണിന്റെ യോഗ്യതയായി കല്‌പിച്ചത്‌. പക്ഷിയുടെ ആത്മാവുള്ള സഞ്ചാരിക്കേ ഇത്തരം സ്വപ്‌നതുല്യമായ വധൂ സങ്കല്‌പത്തെ കിട്ടുകയുള്ളൂ. യാത്രക്കിടയില്‍ അദ്ദേഹത്തിന്‌ താനാഗ്രഹിച്ചതുപോലുള്ള പെണ്ണിനെ കൂട്ടുകിട്ടുന്നുണ്ട്‌. 
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഞങ്ങള്‍ തിരുവനനന്തപുരത്തുനിന്ന്‌ ട്രെയിനില്‍ കയറി. എതിരെ വന്നിരുന്നത്‌ മൂന്നു ഓസ്‌ട്രേലിയക്കാരാണ്‌. ഇന്ത്യായാത്രയുടെ അവസാന ഘട്ടത്തിലാണവര്‍. അവരിലൊരാള്‍ റോസ്‌ മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇറാനില്‍നിന്ന്‌ അഫ്‌ഗാനിസ്ഥാനിലൂടെ ഹിന്ദുക്കുഷ്‌ പര്‍വ്വതനിരകളിലൂടെ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച്‌ ഇന്ത്യ മുഴുവന്‍ മോട്ടോര്‍ ബൈക്കില്‍ ചുറ്റിയടിച്ച ആളാണ്‌. ഇന്ന്‌ അറുപതുകളിലുള്ള ആ മനുഷ്യന്റെ ഓരോ ചലനത്തിലും ഊര്‍ജ്ജവും ഉത്സാഹവും തുടിച്ചു നില്‍ക്കുന്നു. ഓരോ കാഴ്‌ചയെയും ഹാന്‍ഡി ക്യാമറയില്‍ പകര്‍ത്തുന്ന റോസ്‌ യാത്രയുടെ ചലനാത്മകതയെ ആവാഹിച്ചിരുന്നു. മറ്റൊരിക്കല്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കിടയില്‍ നിന്ന്‌ പരിചയപ്പെട്ട മഞ്‌ജുനാഥിനെ ഇവിടെ ഓര്‍ക്കുന്നു. ഇന്ത്യന്‍ തത്തവചിന്തയില്‍ ഒരു സ്‌കൂള്‍കുട്ടിയുടെ കൗതുകവും ആകാംക്ഷയും പ്രകടിപ്പിക്കുന്ന കന്നഡക്കാരന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഡ്രൈവര്‍. തന്റെ മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും ഫോട്ടോ കാണിച്ചുതരുമ്പോള്‍ പൂര്‍വ്വ ജന്മങ്ങളിലെവിടെയോ അയാള്‍ പരിചിതനായിരുന്നിരിക്കണമെന്നു തോന്നി. ട്രെയിന്‍ യാത്രയ്‌ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. മൂന്നും നാലും മണിക്കൂറുകളോ രണ്ടും മൂന്നും ദിവസമോ ഒരിക്കല്‍ അപരിചിതരായവരുടെ മുഖവുമായി നോട്ടമിടയേണ്ടിവരും. അപ്പോള്‍ സൗഹൃദമോ പാരുഷ്യമോ, പെട്ടെന്ന്‌ തോണ്ടിയെടുക്കേണ്ടി വരും. വ്യത്യസ്‌ത സംസ്‌കാരങ്ങള്‍ - ഭാഷകള്‍ കൂടിക്കലരുന്ന ഇത്തരം കമ്പാര്‍ട്ടുമെന്റുകള്‍ ചിലപ്പോഴൊക്കെ പലതരം ചിലന്തികളെ ഒരു കണ്ണാടിജാറിലിട്ടടച്ചതുപോലെയാകും. എന്നാല്‍ സംസ്‌കാരങ്ങളിലൂടെയുള്ള പ്രവാഹശേഷിയുടെ മിടിപ്പുകള്‍ ഉള്ള മനുഷ്യരാവട്ടെ കണ്ണാടിക്കൂടിനെ ഒരു സ്‌പോഞ്ചുകഷ്‌ണവും ചിലന്തിയെ നീര്‍ത്തുള്ളിയും ആക്കിമാറ്റും. അപ്പോഴാണ്‌ മനുഷ്യരിലുള്ള മാനുഷികതയുടെ വരമ്പുകള്‍ ഇടിയാതെ ഉദ്യാന നിര്‍മ്മിതിയുടെ കല വശമാകുന്നത്‌. അതിനു മുന്‍പൊരിക്കല്‍ ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന്‌ തികഞ്ഞ അസഹിഷ്‌ണുത നേരിടേണ്ടി വന്നിരുന്നു. മറ്റു യാത്രികരൊക്കെ തങ്ങളുടെ സ്വകാര്യതയിലേയ്‌ക്കു വന്നു തറയ്‌ക്കുന്ന മുള്ളുകളായിട്ടാണ്‌ അവര്‍ കരുതിയത്‌. വേറിട്ട കാഴ്‌ചകളും വേറിട്ട അനുഭവങ്ങളുമാണല്ലോ ജീവിതം.
ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം കൊടൈക്കനാല്‍ത്തടാകം കണ്ടപ്പോള്‍ കൊഴുകൊഴുത്ത വെള്ളത്തിലേയ്‌ക്കു നോക്കിയപ്പോള്‍ തിരക്കുകൂടുന്ന യാത്രികരെ നോക്കിയിരുന്നപ്പോള്‍ യാത്രയ്‌ക്ക്‌ നഷ്‌ടപ്പെടുന്ന ആത്മീയതയാണ്‌ അനുഭവപ്പെട്ടത്‌. ഒരു ചെറിയ പ്രദേശത്തിന്‌ ഉള്‍കൊള്ളാനാവാത്ത വിധം ജനം ഇടിച്ചുകയറുന്നതിന്റെ പ്രയാസങ്ങള്‍ നിരവധിയാണ്‌. മഞ്ഞിന്റെ സാന്ദ്രതപോലും കുറഞ്ഞിരിക്കുന്നു.
മൂന്നാറിലേയ്‌ക്കുള്ള യാത്രയില്‍ പെരിയകനാലിനുശേഷം ഗ്യാപ്‌റോഡ്‌ എന്ന ഭാഗമുണ്ട്‌. ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഇടം. ഒരു വശത്ത്‌ കൂറ്റന്‍ പാറകള്‍ ചെത്തിയരിഞ്ഞുണ്ടാക്കിയ റോഡ്‌. മറുവശത്ത്‌ കിലോമീറ്ററുകളോളം ആഴമുള്ള ഗര്‍ത്തം. ഒഴുകിനീങ്ങുന്ന മൂടല്‍മഞ്ഞ്‌. യാത്രയ്‌ക്കിടെ അല്‌പമൊന്നു പിഴച്ചാല്‍ കാത്തിരിക്കുന്ന മരണമെന്ന കോമാളി. നാം പ്രകൃതിയുടെ വൈവിധ്യങ്ങളെയും വിസ്‌മയങ്ങളെയും കണ്‍തുറന്നു കാണാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ ജീവിതത്തിലെ വലിപ്പങ്ങളുടെ നിസ്സാരത വ്യക്തമാകും. മനുഷ്യനിര്‍മ്മിതമായ സ്വാര്‍ത്ഥ അധികാരങ്ങള്‍ക്കു പിന്നാലെ ചരടുപിടിത്തം നടത്താതെ ഒരു പുല്‍മേട്ടില്‍ പുല്‌പുറത്ത്‌ ചുമ്മതെ മലര്‍ന്നുകിടന്ന്‌ ആകാശം നോക്കാനുള്ള ലാഘവത്തം മനുഷ്യമനസ്സുകള്‍ക്കു കൊടുക്കാന്‍ നമ്മുടെ വിവിധതരം ബോധനകേന്ദ്രങ്ങള്‍ക്കു സാധിച്ചിരു ന്നെങ്കില്‍! പച്ചയായ പുല്‌പുറങ്ങളില്‍ നടത്തുന്ന ദൈവസാന്നിധ്യം പ്രകൃതിയിലെ ഓരോ ചെറുചലനത്തിലും മൃദുമര്‍മ്മരത്തിലും തിരിച്ചറിയാന്‍ സാധിക്കുന്ന ആത്മീയത ശീലിക്കുന്നതു നന്നായിരിക്കും.
യാത്രയെ തന്റെ മാത്രം ആനന്ദമായി കരുതുന്നവരെയും യാത്രയ്‌ക്കിടയില്‍ കണ്ടിട്ടുണ്ട്‌. കുടിച്ചതിനുശേഷം റോഡിലേയ്‌ക്ക്‌ വലിച്ചെറിയുന്ന ബിയറുകുപ്പികള്‍ നടുറോഡില്‍ പൊട്ടിത്തകര്‍ന്നു കിടക്കുന്നതും കണ്ണില്‍ക്കാണുന്നിടത്തെല്ലാം തിന്നും തുപ്പിയും തട്ടിത്തകര്‍ത്തും മുന്നേറുന്ന യാത്രകള്‍ അക്രമമാണ്‌. പിടിച്ചടക്കാവുന്നതെല്ലാം പിടിച്ചെടുത്തും കുത്തകയാക്കി വച്ചും നടത്തുന്ന പോക്കുവരവുകള്‍ ഇന്ന്‌ നാമൊരുപാടിടത്ത്‌ കാണുന്നുണ്ട്‌. ആനയിറങ്കല്‍ എന്ന അതിമനോഹര പ്രദേശത്തുകൂടി ഒരിക്കല്‍ യാത്ര ചെയ്‌തപ്പോള്‍ കണ്ട കാഴ്‌ച മറന്നിട്ടില്ല. നിര്‍ത്തിയിട്ട വാനിനൊരു വശത്തുകൂട്ടംകൂടി നിന്ന്‌ മദ്യപിക്കുന്ന യാത്രികര്‍- നിറയുന്ന ഗ്ലാസും താല്‍ക്കാലിക സ്റ്റൗവില്‍ തിളയ്‌ക്കുന്ന ഇറച്ചിയും ആര്‍ത്തട്ടഹസിക്കുന്ന മദ്യപസദസ്സും, നിശബ്‌ദതയും സൗന്ദര്യവും തികഞ്ഞ ഒരു പ്രദേശത്തോട്‌ എത്രമാത്രം അനാത്മീയമായും അപരിഷ്‌കൃതമായും ഇടപെടാമെന്ന്‌ ഓര്‍മ്മിപ്പിച്ചു. ഒരു പ്രദേശത്തിന്റെ വിശുദ്ധിയില്‍ പങ്കുപറ്റുന്ന തീര്‍ത്ഥാടക പ്രകൃതം മനുഷ്യര്‍ പരിശീലിക്കേണ്ടതാണ്‌.
യാത്രകള്‍ ആക്രമണസ്വഭാവമുള്ളവയായും നില്‍ക്കുന്നു. അലക്‌സാണ്ടറുടെയും ചെങ്കിസ്‌ഖാന്റെയും, ഗസ്‌നി ഗോരിമാരുടെയും മറ്റനേകം യോദ്ധ്യസമൂഹങ്ങളുടെയും യാത്രകള്‍ പാരിസ്ഥിതികവും വംശീയവുമായ ഹത്യകളായിരുന്നു. സ്വത്തും, ജീവനും, പാരിസ്ഥിതിയും തല്ലിത്തകര്‍ത്തു തരിപ്പണമാക്കിയ ഇത്തരം യാത്രകള്‍ നടത്തിയ ചിലരെയെങ്കിലും നാം `മഹാന്മാരെ'ന്ന്‌ മുദ്രകുത്തിയിരുന്നുവെന്നത്‌ വിചിത്രമാണ്‌. `ഡ്രീനാ നദിയിലെ പാലം' നോബല്‍ സമ്മാനം നേടിയ നോവലാണ്‌ ഇതില്‍ സുല്‍ത്താന്റെ പട്ടാളക്കാര്‍ വന്ന്‌ പല ദേശങ്ങളില്‍ നിന്ന്‌ കുഞ്ഞുങ്ങളെ പിടിച്ചു കുട്ടകളില്‍ ഇരുത്തിക്കൊണ്ടുപോകുന്നതും അമ്മമാര്‍ വിലപിക്കുന്നതും ആഖ്യാനം ചെയ്യുന്നത്‌ കാണാം. ഒരിക്കലും അമ്മയുടെ സ്‌നേഹത്തിലേയ്‌ക്ക്‌ ആ കുഞ്ഞുങ്ങള്‍ തിരിച്ചുവരുന്നില്ല. യോദ്ധാക്കളോ ഷണ്‌ഡന്മാരോ ആയി അവര്‍ മാറ്റപ്പെടാം. ഇത്തരം തിരിച്ചുവരലില്ലാത്ത യാത്രകള്‍ നമ്മെ പിടികൂടരുത്‌. ഏതുതരം യാത്രയും തിരിച്ചുവരവിനുള്ളതാണ്‌. ബന്ധനസ്ഥിതമായ യാത്രകളല്ല കാമ്യമായിട്ടുള്ളത്‌. ഇത്തരം അക്രമസ്വഭാവമുള്ള യാത്രകളുടെ മിനിയേച്ചര്‍ രൂപങ്ങള്‍ ഇന്നും പലയിടത്തും കാണാം. സഹോദരന്റെയോ സഹോദരിയുടെയോ മാതാപിതാക്കളുടെയോ അടിത്തേയ്‌ക്കു നടത്തുന്ന യാത്രകള്‍ ഒരു വീടിന്റെ സമാധാനത്തെയും സ്വസ്ഥതയെയും ഭഞ്‌ജിക്കുന്നവയായിത്തീരുന്ന കാഴ്‌ചകളും വിരളമല്ല.
നമ്മുടെ അടുത്തിരിക്കുന്നവരുടെ കണ്ണില്‍ നിന്ന്‌ മനസ്സുകളിലേയ്‌ക്ക്‌ ഒരു സഞ്ചാര പാതയുണ്ട.്‌ ഈ പാത കണ്ടുപിടിക്കാനുള്ള കഴിവ്‌ മനുഷ്യര്‍ നേടിയെടുക്കണം. അപ്പോള്‍ ഒരു നോട്ടംപോലും ഒരു യാത്രയായിമാറും. ഏതുതരം യാത്രയ്‌ക്കും സ്വാര്‍ത്ഥങ്ങളില്‍ നിന്നുള്ള വിട്ടുനില്‍പ്‌ ആവശ്യമാണ്‌. എന്റെ പട്ടി, എന്റെ ചട്ടി, കുട്ടി എന്നൊക്കെ പറഞ്ഞ്‌ അതില്‍ത്തന്നെ കെട്ടിക്കിടക്കുന്നവര്‍ യാത്ര പോയാലും ഒരുതരം യാത്രയും നടത്തുന്നില്ല. ആഭിമുഖ്യങ്ങളെയും അഭിനിവേശങ്ങളെയും യാത്രപ്പടി ഡിമാന്റു ചെയ്യാത്ത ഒരു യാത്രയിലേയ്‌ക്ക്‌ ചാര്‍ട്ടര്‍ ചെയ്യുമ്പോള്‍ മുതല്‍ നാം യാത്രാനുഭവങ്ങളിലേയ്‌ക്കു നടന്നു തുടങ്ങുന്നു. ഓരോ പൂവിരിയുന്നതും ഇലകൊഴിയുന്നതും നമ്മുടെ കണ്ണുകള്‍ തിരിച്ചറിയട്ടെ; അപരന്റെ കണ്ണില്‍ നിന്ന്‌ സാഗരങ്ങളെയും മലമുടികളെയും ധ്യാനിക്കാനും സാധിക്കട്ടെ. അതുമൊരു സാധനയാണ്‌. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും