``നീ എന്തിനാ അയാളെ നോക്കി ചിരിച്ചത്?'' ബസ്സില്‍ നിന്നിറങ്ങിയിട്ട് ഞാനിറങ്ങി വരാന്‍ കാത്തുനിന്ന അജിച്ചായന്‍ ചോദിച്ചു. ``എനിക്കു മനസ്സുണ്ടായിട്ട് ചിരിച്ചു'' എന്ന തര്‍ക്കുത്തരമാണ് ആദ്യം മനസ്സില്‍ വന്നതെങ്കിലും റോഡില്‍നിന്ന് തര്‍ക്കിക്കേണ്ട എന്നു വിചാരിച്ച് മറ്റൊരുത്തരം പറഞ്ഞു. അയാളെന്നെ നോക്കി നന്നായി ചിരിച്ചു. ഞാന്‍ വിചാരിച്ചു അജിച്ചായന്റെ പരിചയക്കാരു വല്ലോരും ആയിരിക്കുമെന്ന്. കല്യാണം കഴിഞ്ഞ് അഞ്ചാറു മാസങ്ങള്‍ കഴിഞ്ഞ കാലത്ത് ഞങ്ങള്‍ കോട്ടയം ബസ്സില്‍ യാത്ര ചെയ്‌ത് വടവാതൂരില്‍ ബസ്സിറങ്ങുമ്പോഴായിരുന്നു ഈ സംഭാഷണം. കണ്ടാല്‍ മാന്യനെന്നു തോന്നുന്ന ഒരാള്‍ ബസ്സില്‍ നിന്നിറങ്ങാന്‍ വാതില്‍ക്കലെത്തിയ എന്നെ നോക്കി ചിരിച്ചതാണു സംഭവം. ചിരിക്കു മറുചിരി ഞാനും കൊടുത്തു. പിന്നല്ലേ. കഥ വെളിയില്‍ വരുന്നത്. ടിയാന്‍ ഒരാളുടെ കയ്യില്‍ നിന്ന് കരണം പൊട്ടുന്ന നല്ലൊരു തല്ലു വാങ്ങിയിട്ട് മിനിറ്റുകള്‍ മാത്രമേ ആയിരുന്നുള്ളൂ. ബസിന്റെ മുന്‍ഭാഗത്തിരുന്ന് ഉറങ്ങിയിരുന്ന ഞാന്‍ ഈ തല്ലുകേസ് അറിഞ്ഞിരുന്നില്ല. തല്ലുകൊള്ളാനുള്ള കാരണവും പറയണമല്ലോ. കട്ടപ്പനയില്‍ നിന്ന് കോട്ടയത്തിനു പോകുന്ന ബസ്സിലാണ് ഈ സംഭവം. ഹൈറേഞ്ചില്‍നിന്ന് വരുന്ന ബസ്സായതിനാല്‍ ഛര്‍ദ്ദിക്കാരികള്‍ പലരുണ്ട് വണ്ടിയില്‍. ഒരു സ്‌ത്രീ ഛര്‍ദ്ദിച്ച് വശംകെട്ടിരിക്കുകയാണ്. അവര്‍ തളര്‍ന്നു മയങ്ങിക്കിടക്കുന്നു. അവരുടെ സാരി ആകെ സ്ഥാനം തെറ്റിക്കിടക്കുന്നു. വയറും മാറിടവുമൊക്കെ ഏതാണ്ട് അനാഛാദിതം. പിറകിലെ സീറ്റിലിരുന്ന മാന്യന്‍ ആകെ പ്രലോഭിത നായി. ഈ സ്‌ത്രീയുടെ വയറിനും പള്ളയ്‌ക്കും പിടിച്ചു. ചെറുതായി പിടിച്ചപ്പോള്‍ അവരറിഞ്ഞില്ല. പക്ഷേ അല്‌പം കൂടി ഗൗരവത്തില്‍ പിടിച്ചതും തൊട്ടടുത്തിരുന്ന ആള്‍ എഴുന്നേറ്റ് കരണം തീര്‍ത്ത് ഒറ്റയടി. ഛര്‍ദ്ദിച്ചു തളര്‍ന്നുകിടക്കുന്ന സ്‌ത്രീയുടെ ഭര്‍ത്താവായിരുന്നു അടുത്തിരുന്ന സഹയാത്രികന്‍. അടിയ്‌ക്കൊപ്പം നല്ലയൊരു തെറിയും, താന്‍ അവളുടെ ഭര്‍ത്താവാണെന്ന പ്രഖ്യാപനവും ഉണ്ടായി. ഇത്രയും നടന്നതും അടി കൊണ്ടയാള്‍ എഴുന്നേറ്റ് ഇറങ്ങാനെന്ന ഭാവത്തില്‍ ഡോറിനടുത്തേയ്‌ക്കു വന്നപ്പോഴാണ് എന്റെ ഇറങ്ങി വരവ്. അയാള്‍ ഒരു പച്ചച്ചിരി ചിരിച്ചു. കാര്യമറിയാതെ ഞാനും ചിരിച്ചു. കാര്യമറിയാമായിരുന്ന എന്റെ ഭര്‍ത്താവ് കോപിഷ്‌ഠനുമായി. ഇത്രയൊക്കെ പറഞ്ഞത് അന്യശരീരത്തിന്‍മേലുള്ള മോഹവും കടന്നുകയറ്റവും അതിന്റെ മിതരൂപമായ സ്‌പര്‍ശനവും (പിടുത്തവും) കേരളത്തിലെ സ്‌ത്രീയാത്രകളുടെ അവിഭാജ്യഘടകമായിത്തീര്‍ന്നി രിക്കുന്നു എന്ന സത്യത്തെ ഉറപ്പിക്കാന്‍ വേണ്ടിയാണ്. യാത്രയെന്നത് നിത്യജീവിതാവശ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ജോലിക്കും അല്ലാതെയും പൊതുവാഹനത്തില്‍ യാത്രചെയ്യുകയും നിരത്തി ലൂടെ നടക്കുകയുമൊക്കെ ചെയ്യുമ്പോള്‍ തോണ്ടലും പിടുത്തവും സംഭവി ക്കുകയെന്നത് സാധാരണമാണ്. വിനോദവ്യവസായത്തിനു വേണ്ടുന്ന പ്രാഥമികോപകരണമായ വിരലുകള്‍ പ്രവര്‍ത്തനസജ്ജമാക്കി വച്ചുകൊണ്ട് യാത്ര ചെയ്യുന്ന പുരുഷന്മാരെ എവിടെയും കാണാം. വിരലുകള്‍ പ്രാഥമികോപകരണം മാത്രമാണ്. സൗകര്യം ഒത്തിണങ്ങിയവിധം തിക്കും തിരക്കും ഉള്ളയിടമാണെങ്കില്‍ പടിപടിയായി ശരീരാവയവങ്ങള്‍ ഉപകരണമായി എടുത്തുപയോഗിക്കാന്‍ സജ്ജമാകും. ഒരിക്കല്‍ ആലുവയില്‍നിന്ന് കോട്ടയത്തേയ്‌ക്ക് യാത്ര ചെയ്യുകയാണ്. ആലുവാസ്റ്റാന്റില്‍ നിന്ന് പുറപ്പെടുന്ന ബസ്സായതിനാല്‍ എനിക്ക് വിന്‍ഡോസീറ്റു കിട്ടി. പിന്നീട് ബസ്സില്‍ തിരക്കേറി.മൂവാറ്റുപുഴയെത്തിയ സമയത്താണെന്നു തോന്നുന്നു തെക്കന്‍കേരളത്തിലെ ഏതോ എന്‍ജിനീയറിംഗ് കോളേജില്‍ പഠിച്ചിരുന്ന രണ്ടുകുട്ടികളാണ് എന്റെ അടുത്തിരിക്കുന്നത്. അതില്‍ ഏറ്റവുമറ്റത്തിരിക്കുന്ന കുട്ടി ആകെ അസ്വസ്ഥയാണ്. അവള്‍ ഞങ്ങളെ തള്ളിത്തിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ എഴുന്നേറ്റു. ഉടനെ പിന്നില്‍നിന്ന് തിക്കിയിരുന്ന ഒരാള്‍ കുറച്ചുകൂടി മുന്നോട്ടുകയറി അവളുടെ പിന്നിലേയ്‌ക്ക് ചേര്‍ന്നുനിന്നു. അവന്റെ മുന്‍ഭാഗം അവളോട് ചേര്‍ത്തുവെച്ച് ഉരയ്‌ക്കുകയാണ്. ബസ്സിലാണെങ്കില്‍ പൂഴിവീഴാന്‍ ഇടമില്ലാത്തതിരക്കും. അവള്‍ ചുരിദാറിന്റെ ഷാള്‍ കുത്തിയിരുന്ന പിന്‍ എടുത്ത് അവന്റെ രണ്ടു തുടയ്‌ക്കും കുത്തിയിറക്കി. എന്നിട്ടും അവളോട് പറ്റിനില്‍ക്കാന്‍ അവന്‍ ശ്രമിച്ചു കൊണ്ടിരുന്നു. യാത്രക്കാരില്‍ പലരും ഇടപെട്ടു. അവനെ ബസ്സില്‍ നിന്നിറക്കിവിട്ടു പ്രശ്‌നം തല്‍ക്കാലത്തേയ്‌ക്ക് പരിഹരിച്ചു. ദേഹം നൊന്തിട്ടും തിരക്കിനിടയില്‍നിന്ന് സ്‌പര്‍ശന സാധ്യതകള്‍ ആസ്വദിച്ച ആ മനുഷ്യനെ ഒറ്റപ്പെട്ടയാളായി കാണാന്‍ എനിക്കാകുന്നില്ല. യാത്ര ഓരോരുത്തരുടെയും മൗലികാവകാശമാണ്. അതിന് സ്‌ത്രീപുരുഷഭേദമില്ല. പക്ഷേ, നമ്മുടെ കേരളത്തിലെ യാത്രകളില്‍ ലൈംഗികാതിക്രമികളുടെ സാന്നിദ്ധ്യം വളരെ സജീവമാണ്. ജയഗീതയെന്ന എഴുത്തുകാരിയും ഉദ്യോഗസ്ഥയുമായ സ്‌ത്രീ നേരിടേണ്ടി വന്ന പ്രശ്‌നം പത്രങ്ങളില്‍ വാര്‍ത്തയായി. എന്നാല്‍ ജയഗീതയെ അപമാനിച്ച ഉദ്യോഗസ്ഥനെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പൊതുഇടത്തിലെ ലൈംഗികാധിപത്യത്തിന്റെ തോതു മാത്രമല്ല, ഇത്തരം വിഷയങ്ങളോടുള്ള പൊതുവായ മനോഭാവവും വെളിപ്പെട്ടു. ഹേമലതയെന്ന യാത്രക്കാരിക്കു പീഡനം നേരിടേണ്ടി വന്നതും ഈ കഴിഞ്ഞ ദിവസമാണ്. ഏതായാലും രമേഷ്‌കുമാര്‍ എന്ന റ്റി.റ്റി.ഇ. യെ കോടതി, 15 ദിവസത്തേക്കു റിമാന്റ് ചെയ്‌തു. അദ്ദേഹം ഡല്‍ഹിക്കാരനായതിനാല്‍ പിന്താങ്ങാന്‍ ആളില്ലാത്തതാണോ കാരണം. സ്‌ത്രീയെന്ന ശരീരം മാത്രം കണ്ണില്‍പ്പെടുകയും അത് തന്റെ വരുതിയില്‍ നില്‍ക്കേണ്ടതാണെന്നും തന്റെ ആധിപത്യത്തിനും ആനന്ദത്തിനുമുള്ള ഉപാധിയാണെന്നും ധരിച്ചുവശത്താകുന്നവര്‍ വര്‍ദ്ധിക്കുന്നു. യാത്രയിലെ ലൈംഗികപീഡകനെതിരെ പരാതി നല്‍കിയ പരാതിക്കാരി അപമാനിക്കപ്പടുന്ന സംഭവവും കേരളത്തില്‍ പുതുതല്ല. ശരീരത്തിന്റെ അന്തസ്സും ലൈംഗികതയുടെ സൗന്ദര്യവും പരിപാലിക്കപ്പെടുന്ന ജീവിതശൈലിയിലേയ്‌ക്ക് ഇനി നാമെന്നാണ് പരിവര്‍ത്തിക്കപ്പെടുക. ആണ്‍കോയ്‌മയില്‍ അധിഷ്‌ഠിതമായ ലൈംഗികരാഷ്ടീയത്തിന് യാത്ര ചെയ്യുന്ന സ്‌ത്രീയെ അത്ര ഇഷ്ടമൊന്നുമല്ല. തനിച്ച് സ്‌ത്രീ യാത്രചെയ്യുന്നത് സ്വതന്ത്രമായ ജീവിത ശൈലിയുടെ ആവിഷ്‌കാരമായി കരുതപ്പെടുന്നു. ആണ്‍തുണയോടുകൂടിയ യാത്രകളാണ് മുന്‍പ് നാമധികവും കണ്ടിട്ടുള്ളതും അംഗീകൃതരീതിയായി സ്വീകരിക്കപ്പെട്ടിരുന്നതും. ജോലിക്കും മറ്റാവശ്യങ്ങള്‍ക്കുമായി തനിയെ യാത്രചെയ്യുന്നവരുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചിരി ക്കുന്നു. അതോടെ സ്വഛന്ദമായ യാത്രാനുഭവവും കുറഞ്ഞുവരുന്നു. തലോടലോ, പിടുത്തമോ സ്ഥിരസംഭവമാകുന്നു. പരാതിപ്പെടുന്നവരും പ്രതികരിക്കുന്നവരും കുറച്ചുപേരുണ്ടെങ്കിലും, ജോലിക്കും മറ്റാവശ്യങ്ങള്‍ക്കുമായുള്ള യാത്രയായതിനാല്‍ പ്രശ്‌നം വഷളാക്കണ്ട എന്നു വിചാരിച്ച് ഒഴിഞ്ഞുമാറിപ്പോകുന്നവരാണ് അധികം സ്‌ത്രീകളും. ഇതിനെ സമ്മതമോ കഴിവുകേടോ ആയി വ്യാഖ്യാനിക്കുന്നവരും ധാരാളമാണ്. ഇത്തരം വ്യാഖ്യാതാക്കള്‍ സ്‌പര്‍ശകരേക്കാള്‍ വലിയ അപകടകാരികളാണ്. പൊതുനിരത്തില്‍ ജീവനുള്ള പെണ്ണിന്റെ ഉടല്‍ കൊത്തിവലിക്കുന്ന കണ്ണുകളും പിടിച്ചുവലിക്കുന്ന കൈകളും ഇന്നു ധാരാളമാണ്. യാത്രകള്‍ ശരിക്കും ആനന്ദകരമായ അനുഭങ്ങളായിത്തീരേണ്ടതാണ്. ഏതൊരു യാത്രയിലും നാം പരിചയപ്പെടുന്ന പുതിയ സ്ഥലങ്ങള്‍, അനുഭവങ്ങള്‍, സൗഹൃദങ്ങള്‍, വ്യത്യസ്‌ത സ്വഭാവത്തിലുള്ള ആളുകള്‍ എന്നിവയൊക്കെ കൂടി തരുന്ന അനുഭൂതിയും അറിവും വളരെ വിലപ്പെട്ടതാണ്. ഒരിക്കല്‍ മാത്രം കണ്ടുമറഞ്ഞ ആളുകളുടെ മുഖത്തെ ചില ഭാവശകലങ്ങളൊ, സോപാധികമല്ലാത്ത സഹായങ്ങളോ നല്ല വാക്കുകളോ, എന്തിന് ചില സാന്നിധ്യങ്ങള്‍പോലുമോ നമ്മുടെ മനസ്സില്‍ നല്ല ശേഷിപ്പുകളാകാറുണ്ട്. എന്റെ എക്കാലത്തെയും നല്ലയൊരു സുഹൃത്തിനെ കണ്ടെത്തിയതുതന്നെ ഒരു യാത്രയിലെ യാദൃച്ഛികതയിലാണ്. കേവലസ്‌നേഹവും സൗഹൃദവും പ്രകാശം പരത്തിയ ആ നല്ല സുഹൃത്തിനെ മിക്ക യാത്രകളിലും ഞാനോര്‍ക്കാറുണ്ട്. എന്നാല്‍ നമ്മുടെ വിദ്യാഭ്യാസയോഗ്യതയും ലൈംഗികമായ ജനാധിപത്യ വിദ്യാഭ്യാസ യോഗ്യതയും തമ്മില്‍ പൊരുത്തക്കേട് നിലവിലുണ്ട്. ഉയര്‍ന്ന സാക്ഷരതാനിലയും സാമൂഹ്യ ജീവിതത്തില്‍ പാലിക്കേണ്ട ലൈംഗിക നീതിയും തമ്മില്‍ പുറംതിരിഞ്ഞു നില്‍ക്കുന്നുവെന്നാണ് വര്‍ത്തമാനകാല യാത്രാചരിതം വ്യക്തമാക്കുന്നത്.