നമ്മള്‍ പൊതുവെ മനുഷ്യരാണെന്നതില്‍ അഭിമാനിക്കുന്നവരാണ്. മനുഷ്യന്‍ മഹത്തായ പദമാണെന്ന ധാരണ ചിന്താമണ്‌ഡലത്തില്‍ സ്വാധീനം ചെലുത്തിയിട്ട് നൂറ്റാണ്ടുകള്‍ തന്നെ പിന്നിട്ടു. പക്ഷേ, ഏതു ഹിംസ്രമൃഗത്തേക്കാളും ക്രൂരരും അധമരുമാണ് മനുഷ്യര്‍ എന്ന് പത്രവാര്‍ത്തകള്‍ വിളിച്ചു പറയുന്നു. മക്കളെ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കുന്ന അച്ഛനമ്മമാര്‍ ഇന്ന് വാര്‍ത്തകളില്‍ ആവര്‍ത്തിക്കുന്നു. സ്വന്തം മക്കളെ പട്ടിണിക്കിട്ടും ദേഹോപദ്രവം ഏല്‍പിച്ചും മദിക്കുന്നവരെയും മക്കളെ കൂട്ടികൊടുക്കുന്നവരെയും മാതാപിതാക്കള്‍ എന്നു വിളിക്കേണ്ടിവരുന്നു. അവര്‍ മക്കളുടെ ശരീരത്തെ മര്‍ദനമുറകളുടെ പരീക്ഷണ ശാലയാക്കി മാറ്റുന്നു. ആരോമല്‍, ഷഫീഖ്, അദിതി എന്നിവര്‍ ഇങ്ങനെ വാര്‍ത്തകളില്‍ ഇടംപിടിച്ചവരാണ്. അവരുടെ കരളലിയിപ്പിക്കുന്ന സങ്കടങ്ങള്‍ നമ്മളൊക്കെ വായിച്ചതുമാണ്. വാര്‍ത്തകള്‍അവസാനിക്കുന്നതിനു പകരം വാര്‍ത്തകള്‍ ആവര്‍ത്തിക്കുന്നു എന്നത് ഒരു രോഗലക്ഷണമായി മനസ്സിലാക്കണം. അതെ, രണ്ടുകാലില്‍ എഴുന്നേറ്റു നടക്കുന്ന ഇത്തരം ക്രൂരജീവികള്‍ വര്‍ദ്ധിച്ചുവരുന്നു എന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്. നമ്മള്‍ ഇങ്ങനെയൊക്കെ ജീവിച്ചുതുടങ്ങിയത് എന്നുമുതലാണ്? ജീവിതത്തെ ഇത്രമാത്രം സ്വാര്‍ത്ഥനിഷ്‌ഠവും ക്രൂരവുമായി വ്യാഖ്യാനിക്കുന്നതിലേയ്‌ക്ക് മനുഷ്യര്‍ എത്തുന്നതിന്റെ കാരണമെന്താണ്? എന്നിങ്ങനെയുള്ള ചേദ്യങ്ങള്‍ ശ്രദ്ധിക്കേണ്ടിവരുന്നു. സ്‌ത്രീപുരുഷന്മാരുടെ ലൈംഗികകാമനകളുടെ സാമൂഹികാംഗീകാരത്തോടുകൂടിയ ആവിഷ്‌കാരണത്തിനുള്ള ഉപാധി മാത്രമല്ല വിവാഹം. അതിന്റെ വ്യാഖ്യാനങ്ങളില്‍ ഒരു പ്രധാനപ്പെട്ട കാര്യമാണ് ലൈംഗികതയെങ്കിലും, സമൂഹത്തിന്റെ നിലനില്‌പിനാവശ്യമായ സന്താനോല്‍പാദനവും പരിപാലനവുമൊക്കെ അതിന്റെ ഉത്തരവാദിത്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. വിവാഹം ചെയ്യുന്നു, ലൈംഗികമായ ഭാഗധേയങ്ങള്‍ പൂര്‍ത്തീകരിക്കുന്നു, സന്താനോല്‍പാദനം സംഭവിക്കുന്നു, അവരെ പോറ്റിവളര്‍ത്തുന്നു, വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുന്നു, ആ മാതാപിതാക്കള്‍ കൊച്ചുമക്കളെ കരുതുകയും സ്‌നേഹിക്കുകയും ചെയ്യുന്നു എന്നിങ്ങനെ പോകുന്നു ശൃംഖലാബന്ധിതമായ ബന്ധങ്ങളുടെ സാധ്യതകള്‍. ഇവയൊക്കെ കുടുംബം എന്ന സാമൂഹിക സ്ഥാപനം ഉള്‍ക്കൊള്ളുന്നുണ്ട്. അല്ലെങ്കില്‍ അങ്ങനെ ചിന്തിച്ചുപോന്നിരുന്നു. പക്ഷേ, ഈ കണ്ണികളൊക്കെ ഇന്ന് മുറിഞ്ഞ് തകര്‍ന്നു പോയിരിക്കുന്നു. നിരുപാധിക സ്‌നേഹത്തിന്റെ വ്യാഖ്യാനമായ മുത്തച്ഛനും മുത്തശ്ശിയും നാമാവശേഷരായിക്കൊണ്ടിരിക്കുന്നു. സ്വത്തിന്റെ പേരില്‍ കലഹിക്കുന്നവര്‍, ഏതു മരുന്നും ചികിത്സയും കൊണ്ട് സ്വന്തം ആരോഗ്യപരിരക്ഷയില്‍ മാത്രം അതീവ ശ്രദ്ധാലുവായി കഴിയുന്നവര്‍ ഒക്കെയായി അവര്‍ തങ്ങളെത്തന്നെ നിര്‍വചിക്കുന്നു. ഭാര്യഭാര്‍ത്താക്കന്മാരും കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായ സ്‌ത്രീപുരുഷന്മാരകട്ടെ അമിതമായ ദ്രവ്യാസ്‌ക്തിയും ഭ്രാന്തമായ ലൈംഗികകല്‍പനകളും ധൂര്‍ത്തും ആര്‍ഭാടവും ഈഗോ സ്ഥാപിക്കലുകളും ഒക്കെയായി ജീവിതത്തെ ഒരു കാര്‍ണിവല്‍ മേളയാക്കാന്‍ വെമ്പുന്നു. ഒരു കാലത്ത് അനാഥത്വവും ദാരിദ്രവുമായിരുന്നു കുട്ടികള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നിരുന്നതെങ്കില്‍ ഇന്ന് അതിനൊപ്പം നിരവധി പ്രശ്‌നങ്ങള്‍ കൂടിയുണ്ട്. ക്രൂരപീഡനങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, അഭിപ്രായസ്വാതന്ത്ര്യം ഇല്ലായ്‌മ, വിധേയത്വം, ഭയപ്പെടുത്തല്‍ എന്നിങ്ങനെ പല തലങ്ങളിലേക്കും അത് കൈകള്‍ വിടര്‍ത്തുന്നു. സ്‌ത്രീകള്‍ക്ക് അല്‍പം മയവും സ്‌നേഹവും പ്രകടിപ്പിക്കാന്‍ പറ്റുമെന്നത് സമൂഹത്തിന്റെ പൊതുവായ ധാരണയാണ്. അത്തരം എല്ലാധാരണയെയും അട്ടിമറിക്കാന്‍ അദിതിയുടെയും ഷഫീഖിന്റെയുമൊക്കെ രണ്ടാനമ്മമാര്‍ക്ക് കഴിഞ്ഞിരുന്നു. പരിപാലനവും സംരക്ഷണവുമൊക്കെ മാതൃത്വത്തിന്റെ സഹജകാമനകളില്‍ പെടുന്നുവെന്നതില്‍ നിന്നാണ് സ്‌ത്രീകളെക്കുറിച്ച് ഇത്തരമൊരു ധാരണ രൂപപ്പെടുന്നുവെന്നത്. എന്നാല്‍, സ്വന്തം കുഞ്ഞുങ്ങളെപ്പോലും കഠിനമായി ഉപദ്രവിക്കാനും ലൈംഗികപീഡകര്‍ക്ക് വില്‍ക്കാനുമൊക്കെ കഴിയുന്ന അമ്മമാര്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. ആരോടൊക്കെയോ ഉള്ള പകയും എന്തിനോ ഒക്കെ വേണ്ടിയുള്ള സ്വാര്‍ത്ഥചിന്തയും മാതാപിതാക്കളെ കഠിനചിത്തരാക്കുന്നു. സൈ്വര്യജീവിതത്തിനും സ്വതന്ത്ര വ്യവഹാരങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ തടസ്സമാകുന്നു എന്നു കരുതുന്ന സ്‌ത്രീപുരുഷന്മാര്‍ വര്‍ദ്ധിച്ചുവരുന്നു എന്നത് സാമൂഹികമായി പ്രശ്‌നവത്‌കരിക്കേണ്ട ഇടമാണ്. ശരീരം വേദനിപ്പിക്കുന്നത് നോക്കിനില്‍ക്കുന്നതും അതിലേക്ക് തങ്ങളെത്തന്നെ ഇടപെടുത്തുന്നതും ഒരുതരം ഭ്രാന്താണ്. മറ്റുള്ളവരുടെ വേദനയെക്കുറിച്ച് ഒരു കരുതലുമില്ലാത്തവരായി പോകുന്നവരുടെ മനോഘടനയും പഠനവിധേയമാക്കേണ്ടതാണ്. ഇത്തരം മാതാപിതാക്കളെയും അധികാരികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതും മാതൃകാപരമായി ശിക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ഒപ്പം അവര്‍ക്ക് മാനസികമായ ചികിത്സയും നല്‍കേണ്ടത് അനിവാര്യമാണ്. കുട്ടികളുടെ സ്വച്ഛമായ ജീവിതത്തിനാവശ്യമായ നിയമപരിരക്ഷ ഉറപ്പുവരുത്തേണ്ടതാണ്. സാമൂഹികസംഘടനകള്‍ക്കും മതസംഘടനകള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യാന്‍ സാധിക്കണം. ആവശ്യമുള്ള മാതാപിതാക്കള്‍ക്ക് മാനസിക ശിക്ഷണം നല്‍കേണ്ടതുണ്ട്. ഛിദ്രമായ കുടുംബ ബന്ധങ്ങള്‍ക്കുശേഷം ജീവിതത്തെ അഭീമുഖികരിക്കുന്നിടത്ത് അവര്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ബന്ധുക്കളില്‍നിന്ന് ഉണ്ടാകാന്‍ സാധിക്കണം. സിന്‍ഡ്രല്ലയുടെയും സ്‌നോവൈറ്റിന്റെയും രണ്ടാനമ്മമാര്‍ പെണ്‍കുട്ടികളെ കഷ്‌ടപ്പെടുത്തുന്ന കഥകള്‍ നാം വായിച്ചിട്ടുണ്ട്. അത്തരം വിഷയങ്ങള്‍ പഴയ സിനിമകളിലും കണ്ടിട്ടുണ്ട്. എന്നാല്‍, പോറ്റമ്മമാര്‍ കുട്ടികളുടെ പില്‍ക്കാല ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയതിന്റെ ചില നല്ല മാതൃകകളും ഉണ്ടല്ലോ. രണ്ടാം വിവാഹം, അതിലൂടെ പുതുതായി എത്തുന്ന അച്ഛനമ്മമാര്‍, ആ അച്ഛന്റെയോ അമ്മയുടെയോ മക്കള്‍, ഇതിനിടയില്‍ ലൈംഗികമായ സൈ്വര്യവ്യവഹാരങ്ങള്‍ എല്ലാംകൂടിച്ചേര്‍ന്ന് നമ്മുടെ വീടകങ്ങളെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. വിവാഹമോചനമോ പുനര്‍വിവാഹമോ നടക്കുന്നത് കുട്ടികളുടെമേല്‍ അവകാശം സ്ഥാപിച്ച് വഴക്കടിക്കാനുള്ള കാരണമായി മാതാപിതാക്കള്‍ കാണരുത്. കുട്ടിക്ക് രണ്ടുപേരുടെയും മേല്‍ അവകാശമുണ്ട് എന്നത് മറക്കരുത്. എന്നാല്‍, ഈ അവകാശം അംഗീ കരിക്കാതെ അവരവരുടെ ഈഗോയുടെ പ്രകടനമായി കുഞ്ഞുങ്ങളെ കരുതുകയാണ് ചെയ്യുന്നത്. പിന്നീട് വാശിതീര്‍ക്കലായി ജീവിതം മാറുന്നു. ഇതിനിടയില്‍ കുഞ്ഞുങ്ങള്‍ ഇരകളായി മാറുന്നു. കാപട്യവും കളങ്കവുമറിയാത്ത ഇളം മനസ്സുകളും മൃദുലമേനികളും തകര്‍ക്കപ്പെടുകയും ഞെരിക്കപ്പെടുകയും ചെയ്യാതിരിക്കാനുള്ള സാഹചര്യം സൃഷ്‌ടിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഭരണകൂടത്തിനും മതത്തിനും അധ്യാപകര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഇക്കാര്യത്തിലുള്ള ഭാഗധേയങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയണം. അങ്ങനെ കുഞ്ഞുനിലവിളികള്‍ ഉയരാത്ത ഒരു നാളെ സംഭവിച്ചിരുന്നെങ്കില്‍.