സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

വീരസ്‌മൃതികള്‍

വിമന്‍ പോയിന്റ് ടീം



മാഘമാസം പിറക്കുന്നു. വര്‍ഷങ്ങളായുള്ള കാത്തിരിപ്പ്‌ അന്ത്യത്തിലേക്കു നീങ്ങുകയാണ്‌. തുളുനാട്ടിലേക്ക്‌ യാത്രയാവുമ്പോള്‍ മനസ്സിലേക്ക്‌ ആളിപ്പടര്‍ന്ന പ്രതികാരാഗ്നിക്ക്‌ ഇന്നും ഇളക്കം തട്ടിയിട്ടില്ല; നിലപാടുതറയ്‌ക്ക്‌ മുകളില്‍ നില്‍ക്കുന്ന സാമൂതിരിയുടെ തല അരിഞ്ഞുവീഴ്‌ത്തുക, നാടിന്റെ മാനം വീണ്ടെടുക്കുക.

അടവുകള്‍ പതിനെട്ടും പയറ്റിത്തെളിഞ്ഞ്‌, ഭംഗിയുള്ള ചുവടുകളും വടിവുകളുംകൊണ്ട്‌ കളരിഗുരുക്കളുടെ കണ്ണിലുണ്ണിയായ അയാള്‍ ഇന്ന്‌ തുളുനാടന്‍കളരിയോട്‌ വിടചൊല്ലുകയാണ്‌.
സായംസന്ധ്യ. എല്ലാം ഭാണ്ഡത്തില്‍നിറച്ച്‌ തോളിലിട്ട്‌, ചുരിക അരയില്‍ കെട്ടിയ ഉറയില്‍ തിരുകി അയാള്‍ കളരിയിലേക്കുനടന്നു. അഭ്യാസങ്ങള്‍ കഴിഞ്ഞ്‌ എല്ലാവരും പോയിരിക്കുന്നു. വിജനമായ കളരിപ്പരിസരം. പ്രകാശം ചൊരിയുന്ന കളരിവിളക്കുകള്‍.

മുച്ചാണ്‍വടിയുടെ മുനഭാഗംകൊണ്ട്‌ ഗുരുത്തറയുടെ മുന്‍പില്‍ മൂന്നുപ്രാവശ്യം നിലത്തുരസി പിന്നാക്കം നടന്ന്‌ പ്രവേശനദ്വാരത്തിനടുത്ത്‌ നിന്ന്‌ പൂത്തറയേയും ഗുരുത്തറയേയും ധ്യാനിച്ച്‌ തൊഴുത്‌ മുച്ചാണ്‍വടി അവയുടെ മദ്ധ്യത്തിലേക്ക്‌ എറിഞ്ഞ്‌ ഗുരുക്കള്‍ പുറത്തേക്കിറങ്ങി, കളരിയുടെ വാതില്‍ അടച്ചു. കോല്‍വിളക്ക്‌ മുന്‍പിലേക്ക്‌ നീട്ടി ഗുരുക്കള്‍ ഇരുട്ടത്ത്‌ നില്‍ക്കുന്ന രൂപത്തെ ശ്രദ്ധിച്ചു.
``ആര്‌?''
``'ഞാന്‍ കേളു'
``ഇന്ന്‌ കളരിയില്‍ കണ്ടില്ല''
``മാഘമാസം അടുക്കുന്നു. മാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്ന്‌ ചില പാണന്മാര്‍ പറയുന്നത്‌ കേട്ടു. ഞാന്‍ വള്ളുവനാട്ടിലേക്ക്‌ പുറപ്പെടുകയാണ്‌. ഗുരുക്കളെന്നെ അനുഗ്രഹിക്കണം.''
കാല്‍ക്കല്‍ മുട്ടുകുത്തി വന്ദിച്ച അയാളെ ഗുരുക്കള്‍ എഴുന്നേല്‍പ്പിച്ചു.
``മെയ്യ്‌ കണ്ണാവണം, ആയുധം മനസ്സും. പതറാതെ പതറാതെ മുന്നേറണം. കളരിദൈവങ്ങള്‍ നിന്നെ തുണയ്‌ക്കട്ടെ.''
അയാള്‍ നടന്നു നീങ്ങി.

ദേശദേശാന്തരങ്ങള്‍ പിന്നിട്ട്‌ യാത്ര തുടരുമ്പോള്‍ മാമാങ്കഭൂമിയിലേക്കുള്ള സാമൂതിരിയുടെ പടയൊരുക്കത്തെക്കുറിച്ച്‌ അയാള്‍ കേട്ടു. കവലകളിലും ചന്തകളിലും മാമാങ്കവിളംബരം നടത്തുന്ന രാജസേവകന്മാര്‍. നിളാതീരം വര്‍ണ്ണശബളമാക്കാന്‍ പുറപ്പെടുന്ന ആശാരികളും മലയരും. സാമൂതിരിയുടെ വിധേയന്മാരായ ഏറനാട്ടിലേയും പോളനാട്ടിലേയും നായര്‍പ്പടയാളികളുടെ ഒരുക്കം പൂര്‍ത്തിയാവുന്നു.

സിരകളില്‍ തിളച്ചുമറിയുന്ന രക്തത്തിന്റെ വേലിയേറ്റം. ശത്രുക്കളെ അരിഞ്ഞുവീഴ്‌ത്താനുള്ള ദാഹവുമായി ചുരികയിലേക്ക്‌ നീങ്ങുന്ന കൈകള്‍. ആത്മസംയമനം പാലിച്ചുകൊണ്ട്‌ അയാള്‍ യാത്ര തുടര്‍ന്നു.
കടലുണ്ടിപ്പുഴ നിറഞ്ഞുകവിഞ്ഞൊഴുകുന്നു. കടവില്‍ തോണിയില്ല. അയാള്‍ പുഴ നീന്തിക്കടന്നു.

ഗ്രാമത്തിലെത്തിയപ്പോള്‍ അര്‍ദ്ധരാത്രിയായിക്കഴിഞ്ഞിരുന്നു. വിദൂരങ്ങളില്‍നിന്ന്‌ കേള്‍ക്കുന്ന പല്ലക്കുകാരുടെ ശബ്ദം. വഴിവിളക്കുകള്‍ യാത്രയ്‌ക്ക്‌ ആശ്വാസമേകി.

ഊടുവഴികള്‍ പിന്നിടുമ്പോള്‍ അവ്യക്തമായി കേള്‍ക്കുന്ന നാഴികമണിയുടെ ആരവം. പടിപ്പുരവാതില്‍ തുറന്ന അയാള്‍ ചന്ത്രത്ത്‌ തറവാട്ടിലേക്കു നടന്നു. കളരിയില്‍ സന്ധ്യാദീപങ്ങള്‍ കത്തുന്നു.
``അയാള്‍ വാതിലില്‍ മുട്ടി.
``ആരാണ്‌?''
``അമ്മേ ...ഞാന്‍ കേളു''
അമ്മ വാതില്‍ തുറന്നില്ല.
``വാതില്‍ തുറക്കമ്മേ''
``നീ ചാവേറിന്‌ പോവാന്‍ വന്നതാണോ?''
``തുളുനാടന്‍കളരിയിലേക്ക്‌ പിന്നെന്തിനാണമ്മേ ഞാന്‍ പോയത്‌?''
നിശ്ശബ്ദതയിലേക്കുവരുന്ന രാക്കുയിലിന്‍ശബ്ദം.
``ചാവേറിന്‌ പോവാനൊരുങ്ങി വന്നതാണെങ്കില്‍ നിനക്കീ വാതില്‍ തുറന്ന്‌ തരേണ്ട ആവശ്യമില്ല.''

അയാളുടെ ശരീരം വിറച്ചു. മുഖം ക്രോധംകൊണ്ടു ജ്വലിച്ചു. ഞാണില്‍നിന്ന്‌ വിട്ട അസ്‌ത്രം പോലെ അയാള്‍ ഓതിരം മറിഞ്ഞ്‌ നാലുകെട്ടിന്റെ മുകളിലെത്തി. അവിടെനിന്ന്‌ നടുമുറ്റത്തേക്കു ചാടി.

ചങ്ങലവട്ടവുമായി നില്‍ക്കുന്ന അമ്മയുടെ മുഖം ആഹ്ലാദംകൊണ്ടു തിളങ്ങി. അവര്‍ മകനെ കെട്ടിപ്പിടിച്ചു. അയാള്‍ സ്‌തബ്ധനായി നിന്നു.
``കേളുക്കുട്ടി...മതി...അമ്മയ്‌ക്ക്‌ തൃപ്‌തിയായി. നീ ചാവേറിന്‌ പോവാന്‍ പ്രാപ്‌തനായി...''
``അമ്മേ അമ്മേ''
അവര്‍ മകന്റെ ശരീരമാസകലം തലോടി.
``അമ്മ കരയാണോ?''
``നിന്റെ ഉറച്ച മേനികണ്ട്‌... അടവ്‌ കണ്ട്‌...ധൈര്യം കണ്ട്‌ ഉറവയെടുത്ത ആനന്ദാശ്രു...''
പാല്‍ക്കിണ്ടിയും, അവിലും ശര്‍ക്കരയും പഴവും അമ്മ മകനായി നിരത്തിവെച്ചു.
പാല്‍ കുടിക്കുന്ന മകന്റെ ശിരസ്സില്‍ കൈവെച്ച്‌ അമ്മ അനുഗ്രഹിച്ചു.
``തിരുമാന്ധാംകുന്നിലമ്മേ...നിലപാട്‌തറയില്‍ നില്‍ക്കുന്ന ചതിയന്‍ സാമൂതിരിയെ വെട്ടിവീഴ്‌ത്തി, ഈ മണ്ണിന്റെ മാനംകാക്കാന്‍ ന്റെ പൊന്നുമകന്റെ ചുരികയ്‌ക്ക്‌ കരുത്തേകണേ...''

ചാവേറുകളെ യാത്രയാക്കിയ അമ്മമാരുടെ ആശിസ്സുകളുടെ സ്‌പന്ദനങ്ങള്‍ മുഴങ്ങുന്ന അന്തരീക്ഷം, ആനന്ദാശ്രുക്കള്‍ പൊടിഞ്ഞുവീണ മണ്ണ്‌...വള്ളുവനാടന്‍ മണ്ണ്‌. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും