സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഡല്‍ഹി സംഭവം

മ്യൂസ്‌ മേരി ജോര്‍ജ്ജ്‌



ഡല്‍ഹി സംഭവം അത്തരം മറ്റെല്ലാ സംഭവങ്ങളേയും പോലെ അവമതിയുടെയും നിന്ദയുടെയും അനുഭവമാണ്‌ എന്നില്‍ സൃഷ്‌ടിച്ചത്‌. അവളെ ബലാല്‍ക്കാരം ചെയ്‌തശേഷം പിന്നെ ഇരുമ്പുദണ്ഡും കയറ്റുമ്പോള്‍ അവനറിയുന്നത്‌ രതിയാണോ! ക്രൂരതയാണോ രതിഭാവം? ഇങ്ങനെ രണ്ട്‌ ദണ്ഡുകള്‍കൊണ്ട്‌ അവന്‍ ആനന്ദിക്കുന്നത്‌ ഗോത്രവര്‍ഗ്ഗജീവിതകാലത്തല്ല. ജനാധിപത്യവ്യവസ്ഥയുടെ കൊണ്ടാട്ടം കൊറിക്കുന്ന നാട്ടിലാണ്‌. ശരീരം ഒരു ഇരയുടെ രൂപത്തിലിങ്ങനെ പുഴുപോലെ ചുരുട്ടിവച്ച്‌ മണ്ണിലൂടിഴഞ്ഞ്‌ അതിനിന്ദ്യമായ വ്യാഖ്യനങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കുമുള്ള ഊഴംകാത്ത്‌ ജീവിക്കേണ്ടിവരുന്നുവല്ലോ..... എന്ന ചിന്തകൊണ്ട്‌ ഞാന്‍ എന്നെ വെറുത്തുപോയി.
മോന്റെ സാറും പരിചയത്തിലൊരു കോളേജിലെ സാറും ചോദിക്കുന്നു. എന്തിനാണവള്‍ രാത്രിസഞ്ചാരത്തിനു പോയത്‌. അതും ഭര്‍ത്താവല്ലാത്ത ഒരുത്തനോടൊപ്പം. സദാചാരമില്ലാതെ പെണ്ണുങ്ങള്‍ നടന്നതാണ്‌ ഇവിടെ പ്രശ്‌നമായി ഉന്നയിക്കപ്പെടുന്നത്‌്‌. ബലാല്‍ക്കാരങ്ങളോളം പ്രധാനപ്പെട്ടതാണ്‌ ഇത്തരം ചോദ്യങ്ങളിലുള്ള ഭീഷണി. എനിക്കു തോന്നി - ഇനിയൊരു പെണ്ണിന്റെ നേരെയും അവന്റെ ദണ്ഡുയരാത്തവിധം ഇവരെ ശിക്ഷിക്കണമെന്ന്‌. പീഡകരുടെ മാത്രമല്ല.... ഇത്ര കൊടിയ സംഭവം നടന്നുകഴിഞ്ഞിട്ടും അവളെന്തിനാണ്‌ രാത്രി സഞ്ചരിച്ചതെന്ന ചോദ്യം ചോദിച്ച എല്ലാ മാന്യന്മാരോടും ഇതുതന്നെ ചെയ്യേണ്ടതുണ്ടെന്ന്‌ എനിക്കുതോന്നി. നീയൊക്കെ രാത്രിയിലൊന്നിറങ്ങ്‌, ഞങ്ങള്‍ കാണിച്ചുതരാമെന്ന വ്യംഗ്യം ആ സദാചാരോദ്വേഗത്തിലുണ്ട്‌. മരിച്ചവള്‍ മരിച്ചു. മരിക്കാത്തവര്‍ക്കുനേരെ അവര്‍ നടത്തുന്ന നാക്കിട്ടടി യഥാര്‍ത്ഥത്തില്‍ ലിംഗപ്രദര്‍ശനം തന്നെയാണ്‌. അതില്‍ ഉദ്ധാരണമുണ്ട്‌. 
ബുദ്ധി, വിദ്യാഭ്യാസം, ഉദ്യോഗം, മനസ്സ്‌, ശരീരം ഇതെല്ലാം ചേര്‍ന്ന ഒന്നായിട്ടാണ്‌ ഞാന്‍ എന്നെ നിര്‍വ്വചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്‌തുപോന്നത്‌. അങ്ങനെ ഒരു മനുഷ്യജീവിയാണ്‌ സ്‌ത്രീയെന്ന ആത്മബോധത്തിന്റെ കരുത്തെല്ലാം ചോര്‍ത്തിക്കളയുന്ന അനുഭവങ്ങളും വാര്‍ത്തകളും അഭിമുഖീകരിച്ചുകൊണ്ട്‌ ജീവിക്കുക ഇന്ന്‌ ഒരു ശീലമായിത്തീര്‍ന്നിരിക്കുന്നു. അവയവമാത്രനിഷ്‌ഠമായ ഉറ്റുനോട്ടങ്ങള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കും ഇരയായി ജീവിക്കേണ്ടിവരുന്ന പെണ്‍ജീവിതത്തെക്കുറിച്ചുള്ള അതൃപ്‌തിയും ഖേദവും ക്ഷോഭവും ഡല്‍ഹിസംഭവം എത്രമാത്രം വര്‍ദ്ധിപ്പിച്ചു എന്നെനിക്ക്‌ പറയാനാവില്ല. ഫെമിനിസ്റ്റുകള്‍ നടത്തുന്ന സൈദ്ധാന്തികപ്രകടനങ്ങളോ എന്നെപ്പോലെ ക്ഷോഭാകുലര്‍ നടത്തുന്ന വികാരപ്രകടനങ്ങളോ കൊണ്ട്‌ സാമൂഹ്യാവസ്ഥയ്‌ക്ക്‌ മാറ്റം വരുമെന്ന്‌ വിശ്വസിക്കാനാവില്ല. അത്‌ എന്നെ കൂടുതല്‍ വിഷാദവതിയാക്കുന്നു. ലോകവ്യാപകമായി ഇത്‌ സംഭവിക്കുന്നല്ലോയെ ന്നത്‌ വിഷാദത്തെ ഇരട്ടിപ്പിക്കുന്നു.
ലൈംഗികപീഡനവാര്‍ത്തകള്‍ എല്ലാ ദിവസത്തേയും പത്രത്തിലെ ഒരിനമാണ്‌. ഇതില്ലെങ്കില്‍ വാര്‍ത്താപത്രം അപൂര്‍ണ്ണമാകുന്നു. ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടികളുടെയും സ്‌ത്രീകളുടെയും അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ അവള്‍ക്കെന്തിനാണ്‌ പടച്ചതമ്പുരാന്‍ നവദ്വാരങ്ങള്‍ നല്‍കിയതെന്ന്‌്‌ വിചാരപ്പെടാറുണ്ട്‌. എല്ലാം യോനിയായി കാണുന്ന നാട്ടില്‍ ഒന്‍പതു ദ്വാരവും യോനിയായി മാത്രം മതിയായിരുന്നല്ലോ. എങ്കില്‍ അവളുടെ വേദനകളും വിമാനുഷീകരണവും അത്ര കുറഞ്ഞിരുന്നേനെ.
മുറിവുകള്‍ മുറിവുകളല്ല. ശരീരത്തിന്റെ തൊലിയിലും മാംസത്തിലും ഞരമ്പിലും ഉണ്ടാകുന്ന പൊട്ടലുകളും കീറലുകളുമല്ല അവ. ആഴത്തിലാഴത്തില്‍ - ബോധത്തിന്റെയും ധ്യാനത്തിന്റെയും സിരാകേന്ദ്രങ്ങളെ പിളര്‍ത്തിക്കൊണ്ടാണ്‌ ബലാല്‍ക്കാരങ്ങള്‍ നടത്തപ്പെടുന്നത്‌. തങ്ങളെക്കുറിച്ചുള്ള അഭിമാനബോധത്തിന്റെ - അന്തസ്സിന്റെ എത്രയെത്ര ശരീരങ്ങളാണൊരുവളില്‍ അവന്‍ തന്റെ ദണ്ഡുകൊണ്ട്‌ കീറിയിടുന്നത്‌. ബലാല്‍ക്കാരിയായ പുരുഷന്‍ ഒരിക്കലെങ്കിലും അതറിയുന്നുണ്ടോ!
ഇനി തോന്ന്യാസം കാണിച്ചവന്റെ പ്രായം തിരഞ്ഞ്‌ റെക്കോര്‍ഡുകള്‍ കണ്ടെത്തി അവനെ രക്ഷപെടുത്തുമ്പോള്‍ വെളിപ്പെടുന്നത്‌ നിയമത്തിന്റെ ആണധികാരക്രൗര്യമാണ്‌. ലൈംഗികത അക്രമത്തിന്റെയും അനീതിയുടെയും വിളയാട്ടകേന്ദ്രമായിരിക്കുന്നു. 
പ്രമാദമായ ലൈംഗികപീഡനകേസുകള്‍ക്ക്‌ സമയബന്ധിതമായി പരിഹാരം കാണാന്‍ നമുക്ക്‌ സാധിക്കുന്നുണ്ടോ? എത്രമാത്രം പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇരകള്‍ വശംവദരാകുന്നുണ്ട്‌. പ്രമാണിമാര്‍ കേസിലുണ്ടെങ്കില്‍ ഒന്നുതീര്‍ച്ച. ആ കേസുകള്‍ നേരാം വണ്ണം വിധിതീര്‍പ്പിലെത്താന്‍ പ്രയാസമാണ്‌. ഇതെല്ലാം നമ്മുടെ വ്യവഹാരത്തില്‍ ആവര്‍ത്തിക്കുന്ന കാര്യമാണ്‌. കേരളത്തില്‍ കൂട്ടബലാത്സംഗത്തിനിരയായ ബംഗാളി പെണ്‍കുട്ടിക്ക്‌ വര്‍ഷമൊന്നുകഴിഞ്ഞിട്ടും നീതി കിട്ടിയിട്ടില്ല. 16 വര്‍ഷം കഴിഞ്ഞിട്ടും സൂര്യനെല്ലി കേസിന്‌ സുപ്രീംകോടതി വിധി ഉണ്ടായിട്ടില്ല. ഇങ്ങനെയാണ്‌ പ്രമാദമായ കേസുകളുടെ നില. പിന്നെ, അത്ര വാര്‍ത്താപ്രാധാന്യം നേടാത്തവയുടെ കാര്യം പറയാനില്ല. ലൈംഗികനീതി എന്നൊന്നില്ല. 
ബലാത്സംഗം ഒരിക്കലും ലൈംഗികമായ കുറ്റകൃത്യം മാത്രമല്ല; അതങ്ങനെയായിരിക്കു മ്പോള്‍ത്തന്നെ അത്‌ അധികാരത്തിന്റെ പ്രകടനം കൂടിയാണ്‌. ലൈംഗികതയുടെ പുനര്‍വായന മാത്രമല്ല, സാമൂഹ്യാവബോധത്തിലും പുതുപാഠനിര്‍മ്മിതി സാധ്യമാകണം. ഇത്‌ എത്രകണ്ട്‌ സംഭവിക്കുമെന്നതില്‍ ഒരു ഉറപ്പും കണ്ടെത്താനാവില്ല. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും