സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

എഴുത്തിനും നിനക്കുമിടയില്‍

മ്യൂസ്‌ മേരി ജോര്‍ജ്ജ്‌



എഴുത്തിന്റെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി എഴുത്തുകാരിയെ ഇഷ്‌ടപ്പെടുന്നവരുണ്ടാവും. എഴുത്തുകാരിയെ ബുദ്ധിപരമായി സമീപിക്കുന്നവരല്ല അവര്‍. എഴുത്തുകാരിയെന്ന പെണ്ണിനെയാണ്‌ അവര്‍ക്കിഷ്‌ടം. അപ്പോള്‍, അവളുടെ രചനകള്‍ വായിക്കുമ്പോള്‍ തനിക്ക്‌ ലൈംഗികോത്തേജനം ഉണ്ടായെന്നും നിങ്ങളുടെ രചനകള്‍ സ്വയംഭോഗത്തിനുതകിയെന്നോ പോലും പറഞ്ഞ്‌ തന്റെ ശരീരാരാധനവെളിപ്പെടുത്തുന്ന സത്യസന്ധന്മാരുണ്ടായെന്നും വരാം. 
നന്ദബാല മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ്‌. `മഴവില്ലുകൊണ്ടു വരച്ച തത്തക്കുട്ടി' എന്ന കവിതാസമാഹാരം അവള്‍ എഴുതിയതാണ്‌. തന്റെ ജീവിതപരിസരം കവിതയോ പാട്ടോ ഒക്കെയായി അവളുടെ രചനകളില്‍ വിരിയുന്നു. `നിറങ്ങള്‍' എന്ന കവിതയില്‍ ``നിറങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്കേകും സന്തോഷം'' എന്നു തുടങ്ങി അവള്‍ കാണുന്ന ലോകത്തിലെ നിറങ്ങളുടെ സാന്നിദ്ധ്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ ഓരോ നിറവും തന്റെ കൂട്ടുകാരാണെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍ `നിറങ്ങള്‍' എന്ന കവിത പൂര്‍ത്തിയാകുന്നു. അനിയത്തിയെയും അമ്പിളിമാമനെയും കാക്കച്ചിയെയും കുഞ്ഞിപ്രാവിനെയും എല്ലാം അവള്‍ കവിതയ്‌ക്ക്‌ വിഷയമാക്കുന്നു. ഒരു കുഞ്ഞുകവി തന്റെ സ്വത്വം അങ്ങനെ ആവിഷ്‌ക്കരിക്കുന്ന കാഴ്‌ച `മഴവില്ലുകൊണ്ടു വരച്ച തത്തക്കുട്ടി'യിലുണ്ട്‌. മഴവില്ലും തത്തക്കുട്ടിയുമൊക്ക പുതിയ രീതിയില്‍ ചേര്‍ത്തുവച്ചിരിക്കുന്ന ഈ കവിതാസമാഹാരം പ്രസാദാത്മകതയുടെ നിറക്കാഴ്‌ചയാണ്‌.
താരാമറിയം ഏഴാംക്ലാസില്‍ പഠിക്കുന്നു. ആ കുട്ടിയും വളര്‍ന്നു വരുന്ന പുതുകവിത യുടെ സാന്നിദ്ധ്യമാണ്‌. `മ്യൂസിക്‌ വേള്‍ഡ്‌', `ഹെവന്‍ ഓഫ്‌ പോയംസ്‌' എന്നീ രണ്ടു കൃതികള്‍ താരയുടേതായി ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. താരാമറിയം ഇംഗ്ലീഷിലാണ്‌ എഴുതുന്നത്‌. അമ്മൂമ്മയും അമ്മയും അച്ഛനും കൂട്ടുകാരും അക്ഷരങ്ങളും പത്രവാര്‍ത്തകളുമൊക്ക അവളുടെ കവിതയ്‌ക്ക്‌ വിഷയമാകുന്നു. ചിലപ്പോള്‍ കുട്ടിയെപ്പോലെ ജീവിതത്തെ നോക്കിക്കാണുന്ന താര മറ്റു ചിലപ്പോള്‍ മുതിര്‍ന്ന മനുഷ്യരെ പ്പോലെ ജീവിതത്തെ വിമര്‍ശനാത്മകമായി സമീപിക്കുകയും ചെയ്യുന്നു. `Syllable' എന്ന കവിത ഇത്തരമൊരു പ്രകൃതമാണ്‌ മുന്നോട്ടു വയ്‌ക്കുന്നത്‌. അക്ഷരങ്ങള്‍ വാക്കുകളായും വാക്കുകള്‍ വാക്യങ്ങളായും വാക്യങ്ങള്‍ ഖണ്‌ഡിക കളായും ഖണ്‌ഡികകള്‍ കൃതികളായും വളരുന്ന കാഴ്‌ച താര അവതരിപ്പിക്കുമ്പോള്‍ എവിടെയോ ജീവിതമേറെ കണ്ട ഒരാളുടെ തിരിച്ചറിവുകള്‍ നാമറിയുന്നു.
ഈ പെണ്‍കുട്ടികളെപ്പോലെ കവിതയും കഥയും എഴുതുന്നവരും അഭിനയിക്കുന്നവരും പ്രസംഗിക്കുന്നവരുമൊക്കെയായ പെണ്‍കുട്ടികള്‍ ഇന്ന്‌ ധാരാളമായുണ്ട്‌. സര്‍ഗ്ഗാത്മകതയുടെ മുറ്റിത്തഴപ്പുകള്‍ നമ്മുക്കുചുറ്റും വളര്‍ന്നുവരുന്നത്‌ കാണുന്നതുതന്നെ വലിയ സന്തോഷമാണ്‌. ഈ സന്തോഷത്തിനോടൊപ്പം എഴുത്തുകാരിയെ സമൂഹം എങ്ങനെ കാണുന്നു എന്നതിനെ ക്കുറിച്ച്‌ ചിന്തിക്കുന്നതിനും ഇവരുടെ രചനകള്‍ നിമിത്തമാകുന്നു.
എഴുത്തുകാരി സമൂഹത്തിനു മുന്‍പില്‍ ഒറ്റയ്‌ക്കു വന്നിരിക്കുന്ന പക്ഷിയെപ്പോലെയാണ്‌. സാമ്യകല്‌പനയ്‌ക്ക്‌ മാധവിക്കുട്ടിയോട്‌ കടപ്പാട്‌. എപ്പോള്‍ വേണമെങ്കിലും ഒരു കല്ലേറ്‌ പ്രതീക്ഷിക്കാവുന്ന ജീവിതമാണ്‌ ആ പക്ഷിയുടേത്‌. മൗനംകൊണ്ട്‌ മൂടിവച്ചിരിക്കുന്ന ജീവിതത്തിന്റെ സ്ഥിരാര്‍ത്ഥങ്ങളെ എഴുത്തുകാരി തുറന്നു വച്ചെന്നുവരാം. കുടുംബം, വിവാഹം, മതം, ഭരണകൂടം, രക്തബന്ധങ്ങള്‍, വംശീയത, ലൈംഗികത, പൗരജീവിതം തുടങ്ങി എന്തിലുമുള്ള അര്‍ത്ഥശൂന്യതകളും ഇരട്ടത്താപ്പുകളും അലസതാമനോഭാവങ്ങളും ആധികാരികപാഠങ്ങളും അപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. നിലവിലുള്ളതൊക്കെ നല്ലത്‌ എന്നതരം വൃത്തികെട്ട നന്മയുടെ പാനപാത്രം അവള്‍ എറിഞ്ഞുടച്ചെന്നും വരാം. അവനെഴുതു മ്പോഴും ഇതു സംഭവിക്കും. അത്‌ എഴുത്തിന്റെ അപായകരമായ വഴിനടത്തമാണ്‌. `അവള്‍' എഴുതുന്നതിലേയ്‌ക്കുതന്നെ ഞാന്‍ തിരികെ വരുന്നു. നമ്മുടെ എഴുത്തുകാരികള്‍ എഴുതുമ്പോള്‍ മതവും പാരമ്പര്യവും ഒക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പഠിപ്പിച്ച പാഠങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്‌. അപ്പോള്‍ പരിഹാസവും നിന്ദയും നിരോധവും ഒക്കെ അഭിമുഖീകരിക്കേണ്ടി വരും. അപ്പനും അമ്മയും സഹോദരനും ഭര്‍ത്താവും മത, ഭരണകൂട അധികാരികളും `ഇത്രയൊക്കെ മതി', `ഇനി വേണ്ട', `എഴുത്ത്‌ നിര്‍ത്ത്‌', `ഇനിയൊരക്ഷരം എഴുതരുത്‌' എന്നൊക്കെ സ്‌നേഹിച്ചും ശാസിച്ചും ഭീഷണിപ്പെടുത്തിയുമൊക്കെ പറഞ്ഞു നോക്കും. കാല്‌പനികമധുരമായ തൂലികാചിത്രങ്ങള്‍ പരിചയപ്പെടുത്തി മോഹിപ്പിക്കാന്‍ വരും. ഒരു വിധപ്പെട്ടവരൊക്കെ ഇത്തരം മധുരമനോഹരജീവിതത്തിലേയ്‌ക്ക്‌ മനസ്സില്ലാമനസ്സോടെ നടന്നുപോകും. അവര്‍ എല്ലാവര്‍ക്കും ഇഷ്‌ടപ്പെടുന്ന തൊക്കെ എഴുതി കപടസന്തോഷത്തില്‍ ആറാടും. ചിലര്‍ സ്റ്റീരിയോ ടൈപ്പുകളെ പകര്‍ത്താനാവില്ല എന്ന്‌ നിശ്ചയിച്ച്‌ എഴുത്തേ നിര്‍ത്തിക്കളയും. ഈ രണ്ടു കൂട്ടരും സത്യമായ ജീവിതത്തിന്റെ തിക്തതകള്‍ ആവിഷ്‌കരിക്ക പ്പെടാത്തതിനാല്‍ നിരാശയുടെ കടലുകളില്‍ വലിച്ചെടുക്കപ്പെട്ട്‌ കൊഴുത്ത നിശ്ചലതകള്‍ ഉള്‍ക്കടലുകളായി പേറിനടക്കും. മറ്റു ചിലര്‍ ഉന്മാദത്തിന്റെയോ ഭക്തിയുടെയോ തിരയിളക്കങ്ങ ളില്‍ പൊട്ടിച്ചിരിച്ച്‌ ജീവിക്കും. രണ്ടുംകെട്ട ജീവിതത്തിന്റെ രഹസ്യസ്ഥലികളില്‍ എഴുത്തു കാരികള്‍ പെട്ടുപോകുന്നതിന്റെ മറ്റൊരു സാധ്യത ആവശ്യത്തിനും അനാവശ്യത്തിനും കിട്ടുന്ന അംഗീകാരങ്ങളാണ്‌. അതും സ്വതന്ത്രമായ എഴുത്തിനെ പരിമിതപ്പെടുത്തുന്നു. അംഗീകരിക്കുന്നവരോട്‌ ഒത്തുപോകാനുള്ള രഹസ്യഉടമ്പടികള്‍ ചിലപ്പോള്‍ ഇതിനിടയിലെല്ലാം ഉണ്ടാവാം. ഇനി, ഇത്തരം എല്ലാ മോഹന ദൃശ്യങ്ങളിലും പ്രലോഭിതരാവാതെ തുറന്നെഴുതുന്നവരോ ഉന്മാദിനികളും നിഷേധികളും ആയി വ്യാഖ്യാനിക്കപ്പെടും.
സ്വതന്ത്രരും ശക്തരുമായ എഴുത്തുകാരികളായിരിക്കുക എന്നത്‌ ലളിതമായ ഒരു ജീവിതാവസ്ഥയാണ്‌. അതായത്‌, മുന്‍പാഠങ്ങളുടെ ഭാരങ്ങളില്‍ നിന്ന്‌ സ്‌ത്രീത്വത്തെ വിടുര്‍ത്തിയെടുക്കാന്‍ സാധിക്കലാണത്‌. അപകടകരമായ ഈ ലാളിത്യം� രചനകളെ കൂടുതല്‍ പുതുമയും തെളിച്ചവുമുള്ളതാക്കുന്നു. അപ്പോള്‍, അവരെ വായിക്കുന്ന സഹൃദയര്‍ പൂര്‍ണ്ണമായി അംഗീകരിച്ചെന്നു വരില്ല. മറ്റു ചിലപ്പോള്‍ കൂട്ടുകാരായ എഴുത്തുകാരന്മാരുടെ സായാഹ്ന ചര്‍ച്ചകളിലും മധുപാന സദസ്സുകളിലും പുതിയപുതിയ കഥകളുടെ ചരക്കുകളായി എഴുത്തുകാരി മാറ്റപ്പെട്ടേക്കാം. അവളെ ഇന്നയിന്ന ആളുകളുടെ കിടപ്പറയിലും വീട്ടിലും കണ്ടുവെന്നും ലൈംഗികാസക്തി കൂടുതലുള്ള കൂട്ടത്തിലാണെന്നും പറഞ്ഞ്‌ രസിച്ചേക്കാം. അല്ലെങ്കില്‍ `ആ എഴുത്തുകാരിയെ അറിയില്ലേ, അവളിന്നലെ എന്നെ വീട്ടിലേയ്‌ക്ക്‌ ക്ഷണിച്ചു. അസമയമായതിനാല്‍ ഞാന്‍ പോയില്ല' എന്നു പറഞ്ഞ്‌ കണ്ണിറിക്കി ചിരിച്ചേക്കാം. മരിച്ചു മണ്ണടിഞ്ഞാലും അപഥസഞ്ചാരത്തിന്റെ ഇല്ലാക്കഥകള്‍ എഴുതി ശവഭോഗത്തിന്റെ പുത്തന്‍സാധ്യതകള്‍ അവതരിപ്പിക്കപ്പെട്ടേക്കാം. അവളുടെ എഴുത്തിന്‌ ഇടം ലഭിക്കുന്നത്‌ പത്രാധിപരെ സ്വാധീനിച്ചിട്ടാണെന്നും നമുക്കതിനു പറ്റുകയില്ലല്ലോയെന്നും പറഞ്ഞ്‌ സമാധാനപ്പെടുന്നവരുമുണ്ടാകാം. അങ്ങനെ എഴുത്തുകാരി അവളുടെ എഴുത്തിനും എഴുത്തു വിഷയത്തിനും അപ്പുറമായി ഒരു ലൈംഗികപദാര്‍ത്ഥമായി ചായക്കോപ്പയ്‌ക്കൊപ്പമോ പാനപാത്രത്തിനൊപ്പമോ മേശമേല്‍ വന്നുനിറയാം. ഇതൊക്കെ ചില സാധ്യതകള്‍ മാത്രമാണ്‌. എങ്കിലും, ഇത്തരം സാധ്യതകള്‍ ഇന്നും ശക്തമാണ്‌.
ഇനി `പാവം പിടിച്ച' വായനക്കാര്‍ മറ്റൊരു വിധത്തില്‍ പ്രതികരിച്ചെന്നു വരാം. എഴുത്തിന്റെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി എഴുത്തുകാരിയെ ഇഷ്‌ടപ്പെടുന്നവരുണ്ടാകും. എഴുത്തുകാരിയെ ബുദ്ധിപരമായി സമീപിക്കുന്നവരല്ല അവര്‍. എഴുത്തുകാരിയെന്ന പെണ്ണിനെയാണ്‌ അവര്‍ക്കിഷ്‌ടം. അപ്പോള്‍, അവളുടെ രചനകള്‍ വായിക്കുമ്പോള്‍ തനിക്ക്‌ ലൈംഗികോത്തേജനം ഉണ്ടായെന്നും നിങ്ങളുടെ രചനകള്‍ സ്വയംഭോഗത്തിനുതകിയെന്നോ പോലും പറഞ്ഞ്‌ തന്റെ ശരീരാരാധന വെളിപ്പെടുത്തുന്ന സത്യസന്ധന്മാരുണ്ടായെന്നും വരാം. ഫോണോ എഴുത്തോ ഇത്തരം ഉത്തേജനശ്രമത്തിന്റെ നിതാന്തസാന്നിദ്ധ്യമായി എഴുത്തുകാരി പ്രതീക്ഷിക്കേണ്ടതാണ്‌. അപ്പോള്‍, മോഡറേറ്റ്‌ ആയ സ്ഥിതപാഠങ്ങളില്‍നിന്ന്‌ മാറി ലൈംഗികതയെയും പ്രണയത്തെയും എഴുതാന്‍ ശ്രമിക്കുമ്പോള്‍ തന്നെത്തന്നെ ഒരു ലൈംഗികവസ്‌തുവായി വ്യാഖ്യാനിക്കാനും ലൈംഗികമായ ക്ഷണങ്ങള്‍ നല്‍കുവാനുമാണ്‌ എഴുത്തുകാരി ശ്രമിക്കുന്നതെന്ന്‌ ധരിച്ചുവശാകുന്ന `ശുദ്ധനാ'യ സഹൃദയനെ ഉള്‍ക്കൊള്ളാന്‍ ഓരോ എഴുത്തുകാരിയും തയ്യാറായി ഇരിക്കേണ്ടതാണ്‌. പ്രണയത്തെയും തുറന്ന ലൈംഗിക ജീവിതത്തെയും എഴുത്തിന്‌ വിഷയമാക്കുന്നവര്‍ക്ക്‌ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി വരാം.. അല്ലെങ്കില്‍ പിന്നെ മറ്റൊരു പുരാതനവഴി സ്വീകരിക്കാവുന്നതാണ്‌. പ്രണയത്തിന്റെയോ ലൈംഗികതയുടെയോ സ്വതന്ത്രാവിഷ്‌കാരങ്ങളെ ഭക്തിയുടെ തന്ത്രങ്ങളില്‍ ബലപ്പെടുത്തി സംരക്ഷിക്കുക എന്നതാണ്‌. വേഷപ്രച്ഛന്നതയുടെ പ്രായോഗികമാര്‍ഗ്ഗമാണ്‌ ഈ ഭക്തി. തന്റെ പ്രണയകാമനകളത്രയും ശ്രീകൃഷ്‌ണനിലോ യേശുക്രിസ്‌്‌തുവിലോ പരമകാരുണികനായ ദൈവത്തിലോ കേന്ദ്രീകരിച്ച്‌ സ്വാതന്ത്ര്യത്തെ പ്രച്ഛന്നവേഷത്തിലവതരിപ്പിച്ചവര്‍ എഴുത്തിന്റെ വഴികളിലുണ്ട്‌. അവരുടെ രീതി വേണമെങ്കില്‍ ഇന്നത്തെ എഴുത്തുകാരിയ്‌ക്കും സ്വീകരിക്കാവുന്നതാണ്‌.
കാലാകാലമായി ഉറപ്പിച്ചുവച്ചിരിക്കുന്ന അര്‍ത്ഥങ്ങള്‍ക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുക എന്ന സാമാന്യജീവിതത്തെ മറികടക്കാനുള്ള ക്ഷണം എഴുത്തിന്റെ വഴികളിലുണ്ട്‌. ഈ ക്ഷണം നിരവധിയായ പുതിയ പ്രശ്‌നങ്ങളിലേയ്‌ക്കുള്ള മാരകമായ എടുത്തുചാട്ടത്തിന പ്രേരിപ്പിക്കുന്നതായിരിക്കും. അത്‌ സ്വീകരിക്കുന്നിടത്താണ്‌ എഴുത്തിന്റെ ശരികള്‍ സ്ഥിതി ചെയ്യുന്നത്‌. അത്‌ അപകടകരമായ ലാളിത്യത്തെയാണ്‌ അവതരിപ്പിക്കുന്നത്‌. പുറംമോടികളും ആലഭാരങ്ങളും ചായക്കൂട്ടുകളും വെടിഞ്ഞ ജീവിതത്തിന്റെ നഗ്നതയാണത്‌. ഇത്തരത്തിലുള്ള തുറന്ന എഴുത്തും വിമര്‍ശനാത്മകമായ ജീവിതസമീപനവും ലളിതമായിരിക്കെ അപായകരവുമാണ്‌. എഴുത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ സര്‍ഗ്ഗപ്രകാശനത്തിന്റെ, ഒരേ സമയം മാരകവും മധുരവുമായ വഴികള്‍ ഒരെഴുത്തുകാരി അറിയണമെന്നില്ല. എഴുതിയും തിരുത്തിയും സ്വയം മുന്നോട്ടുപോകുമ്പോള്‍ പലവിധമായ പ്രതികരണസാധ്യതകള്‍ എഴുത്തുകാരിക്കു മുന്‍പിലുണ്ട്‌ എന്നോര്‍മ്മിച്ചെന്നുമാത്രം. ഇത്തരം സമരോത്സുകവും കലുഷവുമായ എഴുത്തുജീവിതത്തിന്റെ സമ്മോഹനതകള്‍ എഴുത്തിനെ കൂടുതല്‍ ശക്തമാക്കും. നൊമ്പരങ്ങളും നിന്ദകളും വിമര്‍ശനങ്ങളും അഭിനന്ദനങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കുമൊപ്പം ലഭിക്കുമ്പോഴാണ്‌ എഴുത്തു പ്രക്രിയ കൂടുതല്‍ അര്‍ത്ഥഭരിതമാകുന്നത്‌. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും