സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ആത്മശരീരങ്ങളുടെ ഊട്ടുപുര

മ്യൂസ്‌ മേരി ജോര്‍ജ്ജ്‌



പ്രണയമാണ്‌ ജീവിതമെന്ന്‌ ഒരാള്‍ തിരിച്ചറിയുന്നിടത്ത്‌ അയാള്‍ ജീവിതസാരം അറിയുന്നു. ഉസ്‌താദ്‌ ഹോട്ടലില്‍ ഭക്ഷണവും ശരീരവും ദാനവും പ്രണയത്തിന്റെ ആവിഷ്‌കാര മാധ്യമങ്ങളാണ്‌. ഹൃദയത്തില്‍ നിന്നുള്ള ഒരു പുഞ്ചിരിപോലും ദാനമാണെന്ന വിശുദ്ധപാഠം വായിച്ചിട്ടുള്ളവരാണ്‌ നാമെങ്കിലും പ്രയോഗിക്കുന്നത്‌ പിടിച്ചടക്കലിന്റെയും പിടിച്ചുപറിക്കലിന്റെയും പാഠങ്ങളാണ്‌. സിനിമയുടെ അവസാനത്തെ സാമൂഹ്യസേവനപാഠങ്ങള്‍ ഉപദേശപ്രവണതയുടെ ആധികമായി തോന്നുമെങ്കിലും വെട്ടിപ്പിടിച്ചും വിറ്റും കൂട്ടിക്കൊടുത്തും പണം വാരാന്‍ വെമ്പുന്ന കാലത്ത്‌ ജീവിക്കുന്ന കാലത്ത്‌ ജീവിക്കുന്ന നമുക്ക്‌ ഈ പാഠം അധികപ്പറ്റല്ല.
``പ്രണയപ്രകാശം എങ്ങുമുണ്ട്‌. കിഴക്കും പടിഞ്ഞാറും അതെന്റെ ശിരസ്സിന്മേലുണ്ട്‌. കഴുത്തിലൊരു വലയം തീര്‍ത്തിട്ടുണ്ട്‌. സര്‍വ്വവും ആ വെളിച്ചത്തില്‍ മുങ്ങിക്കുളിക്കാത്തതാണ്‌ ആശ്ചര്യം. ആ കാന്തി പൊതിയാത്തതാണ്‌ നിര്‍ഭാഗ്യം. മനുഷ്യഹൃദയത്തിന്റെ കണ്ണാടി തൃഷ്‌ണയുടെയും ക്രോധത്തിന്റെയും ദുരയുടെയും അഹന്തയുടെയും സ്വന്തമാക്കലിന്റെയും പൊടിപടലത്താല്‍ മൂടപ്പെട്ടിരിക്കുന്നു. അതില്‍ പ്രകാശമെങ്ങനെ പ്രതിഫലിക്കാനാണ്‌'' - ജലാലുദ്ദീന്‍ റൂമി.
പലതരം അറിവുകളുടെയും അനുഭവങ്ങളുടെയും ലോകത്തിനുനേരെ തുറന്നുവെച്ചിരിക്കുന്ന ഇന്ദ്രിയങ്ങളുമായി നമ്മള്‍ നടക്കുന്നു. ഇന്ദ്രിയകാമനകളെ നിറച്ചും പൂരിപ്പിച്ചും സന്തോഷത്തിന്റെ പര്യായങ്ങളെ നിര്‍മ്മിക്കുന്നു. സ്വാര്‍ത്ഥതയും ദുരയും അമിതതൃഷ്‌ണയും ജീവിതപാത്രങ്ങളില്‍ നിറയുന്നു. എന്നാല്‍ നിരുപാധികമായ വിട്ടുകൊടുക്കലുകളും ഉള്‍ക്കൊള്ളലുകളും പ്രതിഫലേച്ഛ കൂടാത്ത പ്രവൃത്തികളും സൃഷ്‌ടിക്കുന്ന ആനന്ദത്തിന്റെ വഴികളെ തിരിച്ചറിയുന്നുമില്ല. ഇത്തരത്തിലുള്ള ആനന്ദത്തിന്റെ സാധ്യതകളെ അറിയിച്ച സിനിമയാണ്‌ `ഉസ്‌താദ്‌ ഹോട്ടല്‍'. മലയാളിയുടെ സമകാലികമായ സിനിമാ അനുഭവങ്ങളില്‍ വേറിട്ട ഒന്നായിരുന്നു ഈ സിനിമ. 
ഭക്ഷണത്തിന്‌ ഒരു ആത്മീയതലമുണ്ട്‌. നിര്‍വ്യാജമായ സ്‌നേഹത്തോടെ ഭക്ഷണം ഒരുക്കുകയും പാചകം ചെയ്യുകയും വിളമ്പുകയും ചെയ്യുന്നിടത്ത്‌ ആഹാരം ആത്മദാനത്തിന്റെ അടയാളമാകുന്നു. കൃതജ്ഞതാപൂര്‍വ്വമുള്ള ഭക്ഷിക്കല്‍ ആത്മവിശുദ്ധിക്കുള്ള സാധനയാകുന്നു. ആഹാരത്തില്‍ ഇങ്ങനെ പരസ്‌പരം വിളങ്ങുകയും വിളക്കുകയും ചെയ്യുന്ന സൂക്ഷ്‌മബന്ധങ്ങളുണ്ട്‌. വാക്കുകളും പ്രവൃത്തികളും നോട്ടവും ഒക്കെയായി ഈ സൂക്ഷ്‌മ ബന്ധങ്ങള്‍ വല നെയ്‌തെടുക്കുന്നു. തൃപ്‌തിയുടെയും ഹര്‍ഷത്തിന്റെയും ആകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന വിരുന്നുവേളകളില്‍ പാചകം പ്രാര്‍ത്ഥനയാകുന്നു; പകരല്‍ പ്രാര്‍ത്ഥനയാകുന്നു. പരസ്‌പരം വിശുദ്ധീകരിക്കുന്ന ഉണ്ണലും ഊട്ടലും മലയാളിക്ക്‌ അപരിചിതലോകമായി മാറുന്നു കാലത്താണ്‌ `ഉസ്‌താദ്‌ഹോട്ടല്‍' വരുന്നത്‌. ചവച്ചും തുപ്പിയും തൂവിയും മദിപ്പ്‌ പ്രകടമാക്കുന്ന ഊണ്‍മേശകളും ആര്‍ത്തിയുടെ നിറക്കാഴ്‌ചയായി മാറുന്ന ഭക്ഷണകൂമ്പാരങ്ങളും ആക്രാന്തത്തിന്റെ എക്കിട്ടങ്ങളാകുന്ന ഭോജനശാലകളും പെരുകുന്നിടത്താണ്‌ ആചാര്യപരിവേഷത്തോടെ കരിംക്കാ നമ്മുടെ ഭക്ഷണശീലങ്ങളെ പരിഷ്‌ക്കരിക്കുന്നത്‌.
സ്വയം അജ്ഞനാണെന്ന തിരിച്ചറിവാണ്‌, ജ്ഞാനത്തിലേയ്‌ക്കുള്ള ആദ്യകവാടം. അക്ഷരത്തിന്റെ അഹന്തയെയും അറിവിന്റെ മൗഢ്യത്തെയും പൂര്‍ണ്ണമായി ഉപയോഗിച്ചതിനുശേഷമേ ജ്ഞാനലോകത്തിലേയ്‌ക്കു പ്രവേശിക്കൂ എന്ന്‌ സൂഫിസം പഠപ്പിക്കുന്നു. നമ്മുടെ കെട്ടുപോയ രുചിശീങ്ങളുടെയും മാനം മുട്ടെ ഉയര്‍ന്നുവളരുന്ന അഹന്തയുടെയും നേരെയാണ്‌ ഒരു സൂഫിഗുരുവിനെപ്പോലെ കരിംക്കാ ഇടപെടുന്നത്‌. എടുത്തുചാട്ടങ്ങളോ ഗര്‍ജ്ജനങ്ങളോ ഇല്ലാതെ ആഴമേറിയ സ്‌നേഹത്തിന്റെയും ദാനത്തിന്റെയും ശബ്‌ദം നാമവിടെ കേള്‍ക്കുന്നു. തിലകനെന്ന നടനില്‍ ആ കഥാപാത്രം സുഭദ്രമായിരിക്കുന്നു. ഗുരു ഒരു ആല്‍ക്കെമിയാണ്‌. സാധാരണ അറിവുകളുടെ ഉടമയായ ഓരോ വിദ്യാര്‍ത്ഥിയും വിലകുറഞ്ഞ ലോഹമാണ്‌. ഗുരുസാന്നിധ്യം അതിനെ വിലയുള്ള ലോഹമാക്കുന്നു. വിദേശപഠനം കഴിഞ്ഞെത്തിയ ഫൈസിയെ മേല്‍ത്തരം മനുഷ്യനാക്കാന്‍ ഉപ്പൂപ്പയെന്ന ഗുരുവിന്‌ കഴിഞ്ഞു.
പച്ചക്കറിയും പലചരക്കുവസ്‌തുക്കളും വാങ്ങുന്നിടം മുതല്‍ നിഷ്‌കര്‍ഷയോടെ പാലിക്കപ്പെടുന്ന സ്‌നേഹത്തിന്റെ ജാഗ്രതയുണ്ട്‌. കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോള്‍ നാണയങ്ങള്‍ ദുരയുടെ പ്രതീകങ്ങളാകുന്നില്ല. പരസ്‌പം ഉപകരിക്കാന്‍ വേണ്ടിയുള്ള നീക്കിയിരുപ്പുകളായി മാറുന്നു. ഇങ്ങനെ ഹോട്ടലിനെ വ്യാഖ്യാനിക്കുന്ന കടയുടമസ്ഥന്‍ ഭക്ഷണത്തെ ആത്മീയകാര്യമായി കരുതുന്നയാളാണ്‌. തിലകനെന്ന നടന്‍ ഇക്കാര്യം ഭംഗിയായി വിനിമയം ചെയ്യുന്നു. ചുണ്ടിന്റെ ഒരു ചലനമോ മുഖത്തുണ്ടാകുന്ന ചുളിവോ ഒരിമവെട്ടലോ കൊണ്ട്‌ ഭാവത്തെ മുനകൂര്‍പ്പിച്ച്‌ പ്രേക്ഷകമനസ്സിലേക്ക്‌ എത്തിക്കാന്‍ കഴിയുന്ന തിലകന്‍ മലയാള സിനിമയുടെ മുതല്‍ക്കൂട്ടാണ്‌. 
സമകാലികമായ രുചിശീലങ്ങളെയും രതികാമനകളെയും രക്തബന്ധങ്ങളെയും ഈ സിനിമ വിമര്‍ശനാത്മകമാക്കുന്നു. അറിവ്‌ വിജ്ഞാനമാകുന്നത്‌അത്‌ വിമര്‍ശനാത്മകമാകുമ്പോഴാണ്‌. ആഹാരം മാത്രമല്ല ശരീരവും പ്രണയവും ജ്ഞാനിയുടെ കണ്ണുകള്‍ കൊണ്ട്‌ ആരതിയുഴിഞ്ഞ്‌ വിശുദ്ധീകരിക്കപ്പെട്ടതായി മാറുന്നു. ചിലപ്പോഴൊക്കെ ഈ സിനിമ ഫാന്റസിയുടെ അനുഭവമായി മാറുന്നുണ്ട്‌. ഒരു യാഥാസ്ഥിതിക കുടുംബത്തിലെ പെണ്‍കുട്ടി പാട്ടുപരിപാടി കഴിഞ്ഞ്‌ പാതിരാത്രിക്കു മതില്‍ ചാടിയെത്തുന്നത്‌ സ്വപ്‌നമായി ഞാന്‍ കരുതുന്നു. പക്ഷേ, ശരീരവും പ്രണയവും ഈ സിനിമ അതിന്റെ ധ്യാനാത്മകവിശുദ്ധിയോടെ സമീപിക്കുന്നുണ്ട്‌. നമ്മുടെ യാഥാസ്ഥിതികമായ ലൈംഗികവ്യാഖ്യാനകോഴ്‌സ്‌ പാസായിട്ടാണ്‌ ആണും പെണ്ണും പരസ്‌പരം ഇടപെടുന്നത്‌. കീഴടക്കാനും ഭോഗിക്കാനും ഉള്ള വസ്‌തുക്കളായി ശരീരത്തെ മനസ്സിലാക്കുമ്പോള്‍ വിവാഹവും ലൈംഗികബന്ധവും പ്രണയത്തിന്റെ പൊള്ളലും പകരലുമില്ലാത്തതായി മാറുന്നു. ഇവിടെയാണ്‌ തിലകന്റെ കരിംക്കായുടെ വാക്കുകള്‍ പുതുപാഠമായി മാറുന്നത്‌. ``ഓരോ സുലൈമാനിയിലും ഒരു മൊഹബത്തിന്റെ കഥയുണ്ട്‌'' എന്നു പറഞ്ഞ്‌ തിളങ്ങുന്ന കണ്ണുകളും ചിരിയും കൊണ്ട്‌ കൊച്ചുമകനെ ആരതി ഉഴിയുമ്പോള്‍ ഫൈസിയുടെ മാത്രമല്ല നമ്മളോരോരുത്തരുടെയും സ്‌നേഹപാഠങ്ങളെ അത്‌ വിശുദ്ധീകരിക്കുന്നുണ്ട്‌. അതിനുശേഷം ഓരോ കട്ടന്‍ചായയും പ്രണയത്തിന്റെ മൃദുപാനിയായി രുചിച്ചുപോകുന്നു. അതിനുമുമ്പ്‌ കട്ടന്‍ചായ (സുലൈമാനി) ഒരു വിരാഗിയുടെ വസ്‌ത്രം പോലെയായിരുന്നു എനിക്കനുഭവമപ്പെട്ടത്‌. ഒരു രുചി അപ്പാടെ പ്രണയപാഠമായി മാറിയ അനുഭവമാണ്‌ ഈ സിനിമ തന്നത്‌. 
മൊഹബത്ത്‌ - പ്രണയം - ശരീരങ്ങള്‍ എത്തിപ്പിടിക്കുന്ന ആനന്ദത്തില്‍ തളഞ്ഞുകിടക്കുന്ന ഒന്നല്ല പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്റെ സാഹസികപ്രവൃത്തിയാണ്‌. വിട്ടുകൊടുക്കലിന്റെ ദൃഢപ്രതിജ്ഞയുമാണ്‌. നഗ്നവും അര്‍ദ്ധനഗ്നവുമായ ശരീരങ്ങളും ഞരമ്പുകോച്ചിവലിക്കുന്ന സംഗീതവും കൊണ്ട്‌ ഉണ്ടാകുന്നതുമല്ല അത്‌. പരിപൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ ജ്വലിക്കുന്ന ശരീരങ്ങള്‍ പരസ്‌പരം പങ്കുവയ്‌ക്കുന്ന ആത്മീയാനുഭവം പ്രണയത്തിന്റെ സത്തയാണ്‌. ലയപൂര്‍ണ്ണമായ ഒരു സിംഫണിപോലെ ശരീരവും മനസ്സും സമര്‍പ്പിതമായ സ്‌നേഹത്താല്‍ മനുഷ്യര്‍ ഇടപെടുമ്പോള്‍ പ്രണയപ്രകാശത്താല്‍ ജീവിതസാരം വെളിപ്പെടുന്ന ഒന്നായി സ്‌ജ്‌ത്രീപുരുഷബന്ധങ്ങള്‍ പരിവര്‍ത്തിക്കപ്പെടുന്നു. ഇങ്ങനെ പരസ്‌പരം പൂരിപ്പിക്കപ്പെടുമ്പോള്‍ ജീവിതം അഭേദങ്ങളുടെ കഥയാണ്‌ പറയുക. 
`ഇഷ്‌ക്ക്‌ ഫനാക്കാ നാമ്‌ഹേ' (എരിഞ്ഞടങ്ങലിലന്റെ പേരാണ്‌ പ്രേമം) എന്ന്‌ അമീര്‍ഖുസ്രു എഴുതുന്നു. പ്രേമിക്കുന്ന വനു/വള്‍ക്കു വേണ്ടി പരസ്‌പരം അഹം എരിഞ്ഞടങ്ങിയ സ്‌നേഹത്തിന്റെ ശക്തി കരിംക്കയുടെ കണ്ണുകളിലും ചുണ്ടുകളിലും ശരീരചലനങ്ങളിലും കാണുന്നു. നമ്മുടെ ശരീര ഗൃഹത്തില്‍ പ്രണയത്തിന്റെ വിശുദ്ധപക്ഷി പാടണം. അപ്പോള്‍ ആ ഗാനത്തിന്റെ ലയം നമ്മുടെ നോക്കിലും വാക്കിലും പ്രകടമാകും. ഈ സത്യം കരീംക്കയിലൂടെ ഉസ്‌താദ്‌ ഹോട്ടലില്‍ വിളമ്പുന്നു. നടന്‍ ഒരു വിവര്‍ത്തകനാണ്‌. ശരീരം കൊണ്ട്‌ കഥാപാത്രത്തെ വിവര്‍ത്തനം ചെയ്യുന്ന ആള്‍. അനായാസമായി സ്വതന്ത്രവിവര്‍ത്തനം നടത്താന്‍ സാധിക്കുന്നയാള്‍ മികച്ച നടനായിത്തീരുന്നു. `നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പു'കളില്‍ കാമാസക്തനും ക്രൂരനുമായ രണ്ടാനച്ഛനായി തന്നെത്തന്നെ വിവര്‍ത്തനം ചെയ്‌ത തിലകന്‍ തന്നെയാണ്‌ `മൂന്നാം പക്ക'ത്തിലും പൗത്രസ്‌നേഹം കൊണ്ട്‌ ജീവന്‍ ത്യജിച്ച മുത്തച്ഛനെയും വിവര്‍ത്തനം ചെയ്‌തത്‌. ഇനിയുമെത്രയോ ഉദാഹരണങ്ങള്‍ പറയാനുണ്ട്‌. ശരീരവും വാക്കുമാണ്‌ നടനെന്ന വിവര്‍ത്തകന്റെ സാമഗ്രികള്‍. ഈ സാമഗ്രികള്‍ ഇപ്പോഴും ഭദ്രമാണെന്ന്‌ കരിംക്ക സാക്ഷ്യപ്പെടുത്തുന്നു. 
പ്രണയമാണ്‌ ജീവിതമെന്ന്‌ ഒരാള്‍ തിരിച്ചറിയുന്നിടത്ത്‌ അയാള്‍ ജീവിതസാരം അറിയുന്നു. ഹൃദയത്തില്‍ നിന്നുള്ള ഒരു പുഞ്ചിരിപോലും ദാനമാണെന്ന വിശുദ്ധപാഠം വായിച്ചിട്ടുള്ളവരാണ്‌ നാമെങ്കിലും പ്രയോഗിക്കുന്നത്‌ പിടിച്ചടക്കലിന്റെയും പിടിച്ചുപറിക്കലിന്റെയും പാഠങ്ങളാണ്‌. സിനിമയുടെ അവസാനത്തെ സാമൂഹ്യസേവനപാഠങ്ങള്‍ ഉപദേശപ്രവണതയുടെ ആധിക്യമായി തോന്നുമെങ്കിലും വെട്ടിപ്പിടിച്ചും വിറ്റും കുട്ടിക്കൊടുത്തും പണം വാരാന്‍ വെമ്പുന്ന കാലത്ത്‌ ജീവിക്കുന്ന നമുക്ക്‌ ഈ പാഠം അധികപ്പറ്റല്ല. പുഴയ്‌ക്കടിയിലുള്ള സൂക്ഷ്‌മജീവികളും പാടത്തിനുള്ളിലെ മണലും പെണ്ണിന്റെയുള്ളിലെ കാമനകളും ചരക്കാക്കുകയും വിറ്റുകാശാക്കുകയും ചെയ്യുന്ന സമകാലിക കേരളം, ഈ സിനിമ മുന്നോട്ടുവയ്‌ക്കുന്ന ശരീരം ഭക്ഷണം ദാനം പ്രണയം എന്നീ പൂരകചിന്തകളെ തിരിച്ചറിഞ്ഞെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു. ``സഹോദരാ ജീവിതത്തിന്റെ ഉറവയിലും ആനന്ദത്തിന്റെ ചഷകത്തിലും ഇരുളും തണുപ്പുമാണെന്നറിക'' എന്ന ജലാലുദ്ദീന്‍ റൂമി പാടുന്നു. ജീവിതസാരം ഇതാണെന്നറിഞ്ഞ ജ്ഞാനിയാണ്‌ ഉപ്പുപ്പാ. അതുകൊണ്ട്‌ തന്റെ ജീവിതം അന്യനുതകണം എന്ന കാതലും അദ്ദേഹത്തിനറിയാം. അദ്ദേഹം കൊച്ചുമകന്‍ ഫൈസിയെയും തന്റെ ദാനപ്രവൃത്തിയില്‍ ഭാഗഭാക്കാക്കിക്കൊണ്ട്‌ ആനന്ദത്തിന്റെ ചഷകത്തില്‍ നുരഞ്ഞു നില്‍ക്കുന്ന ഇരുളിനെയും തണുപ്പിനെയും കുറിച്ച്‌ ബോധവാനാക്കുന്നു.
സൂഫി ചിന്തയില്‍ പ്രാപഞ്ചികതയില്‍നിന്ന്‌ ഹൃദയം വിമോചനം നേടുമ്പോഴാണ്‌ ഒരാള്‍ യഥാര്‍ത്ഥ സാധകനാകുന്നത്‌. ഫൈസിയുടെ കയ്യില്‍ തന്റെ ഉത്തരവാദിത്തം ഏല്‍പ്പിച്ച്‌ കരിംക്കാ യാത്ര തുടരുമ്പോള്‍ അദ്ദേഹത്തിന്റെ ഹദയം ആത്മാവിനെ തൊട്ടറിഞ്ഞ യഥാര്‍ത്ഥ സാധകന്റെ നിലയിലാണ്‌. തീര്‍ത്ഥാടനങ്ങളും ദാനങ്ങളും ത്യാഗങ്ങളുമായി അദ്ദേഹം ആനന്ദമാര്‍ഗ്ഗത്തിലാണ്‌. ``മൃത്യുവെ ഞാന്‍ പ്രണയിനിയെപ്പോലെ സ്വാഗതം ചെയ്യുന്നു. മൃത്യുവെന്നത്‌ എനിക്കു ബാധകല്ല. അതെന്റെ മരണത്തിന്റെ മരണമാകുന്നു'' (ജലാലുദ്ദീന്‍ റൂമി). കരിംക്കാ പ്രാപഞ്ചികമായ പ്രണയവും ആത്മീയപ്രണയവും അനുഭവിച്ചവനാണ്‌. അല്ലെങ്കില്‍ രണ്ടും രണ്ടു പ്രണയമല്ല. ഒരേ പ്രണയം തന്നെ. പ്രണയം മാത്രം. ഓരോ പ്രണയവും മരണമാണ്‌. അഹത്തിന്റെ മരണം അത്തരമൊരാള്‍ ജീവിതത്തിന്റെ ദൈനംദിനമായ പാറ്റേണുകളില്‍ നിന്ന്‌ മാറി നടക്കുന്നു. ഫൈസിയുടെ ഹോട്ടല്‍ വിജയത്തിലേയ്‌ക്ക്‌ നീങ്ങുമ്പോള്‍ ഉപ്പൂപ്പാ യാത്രയിലാണ്‌. അയാള്‍ ആത്മീയാനന്ദത്തിന്റെ താഴ്‌വരകളില്‍ നിലാവിന്റെ നിഴലിലാണ്‌. മരണം പോലും അയാള്‍ക്ക്‌ പ്രണയാനുഭവമാണ്‌. ജലത്തിന്റെയും മണ്ണിന്റെയും ഉടല്‍ക്കൂടില്‍ നിന്ന്‌ വിടുതി അഭിലഷിക്കുന്ന ആത്മാവിന്റെ ഉടമ ദൈവസ്‌നേഹത്തിന്റെ ആനന്ദലോകത്താണ്‌. ദാനവും ഭക്ഷണവും ശരീരവും മരണവും ബന്ധങ്ങളും പ്രണയത്തിന്റെ ഭാഷ്യമാണ്‌. പ്രണയിനിയുടെയും ഉന്മാദിയുടെയും ആത്മജ്ഞാനിയുടെയും ചിരിയാണത്‌. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും