എതിരെ ഇരിക്കുന്ന ആള്‍ `ഹെന്‍ട്രീറ്റ ടെമ്പിള്‍' വായിക്കുന്നു. അപ്പോള്‍ അവള്‍ വിചാരിക്കുന്നു; `ഈ പുസ്‌തകം }ഞാനും വായിച്ചിട്ടുണ്ട്'. ശാരദ മാസികയുടെ 1905 മെയ് ലക്കത്തില്‍ (പുസ്‌തകം 1 ലക്കം 6) പ്രസിദ്ധീകരിച്ച `നാണിച്ചുപോയി' എന്ന കഥയിലാണ് ഈ വിചാരം രേഖപ്പെടുത്തിയിരിക്കുന്നത്. കല്യാണിക്കുട്ടി എന്നയാളാണ് ഈ കഥ എഴുതിയിരിക്കുന്നത്. ട്രെയിന്‍ യാത്രയില്‍ എതിരെ ഇരിക്കുന്ന പുരുഷന്‍ വായിക്കുന്ന അതേ പുസ്‌തകം താനും വായിച്ചിട്ടുണ്ട് എന്നഭിമാനിക്കുന്ന സ്‌ത്രീയെ ഈ ആഖ്യാനത്തില്‍ കാണാം. മദ്രാസിലെത്തുന്നതുവരെ സംസാരമായിരുന്നവെന്നും ഓരോരോ പുസ്‌തകങ്ങളെപ്പറ്റി ആയിരുന്നു സംസാരമെന്നും കഥയില്‍ തുടര്‍ന്നു പറയുന്നുണ്ട്. വായിക്കുന്ന സ്‌ത്രീ എന്നത് 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ കേരളീയസമൂഹത്തില്‍ അവതരിപ്പിക്കപ്പെട്ട ഒരാശയമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുകയും പുസ്‌തകം വായിക്കുകയും സാമൂഹ്യജീവിതത്തില്‍ തങ്ങളെത്തന്നെ അത്തരത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സ്‌ത്രീ ചിത്രം 19-ാം നൂറ്റാണ്ടിന്റെ സൃഷ്‌ടിയാണ്. 1978 ല്‍ പുറത്തുവന്ന `ഘാതകവധം' എന്ന നോവലിലെ മറിയമാണ് സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ ഉദാരമാനവിക മൂല്യങ്ങളുമായി - പുത്തന്‍ സ്‌ത്രീത്വത്തിന്റെ ആവിഷ്‌കാരമായി ആദ്യമായി- അവതരിപ്പിക്കപ്പെടുന്ന സ്‌ത്രീ കഥാപാത്രം. പരമ്പരാഗതമായ സ്‌ത്രീയാഖ്യാനങ്ങളില്‍നിന്ന് വേറിട്ട നിലയാണ് മറിയത്തിനുണ്ടായിരുന്നത്. ലിബറല്‍ വിദ്യാഭ്യാസത്തിന്റെ ഉല്‌പന്നമായ മൂല്യസങ്കല്‌പത്തെയാണ് മറിയം പ്രതിനിധാനം ചെയ്യുന്നത്. വായിക്കുകയും ചിന്തിക്കുകയും സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പെണ്ണത്തം മറിയത്തിലൂടെ അവതരിപ്പിക്കപ്പെട്ടു. അപ്പോള്‍, വായിക്കുക മാത്രമല്ല, പുസ്‌തകശേഖരം സ്വന്തമായി സൂക്ഷിക്കുന്ന ഒരു വ്യക്തി എന്ന നിലയിലേക്കും സ്‌ത്രീ പരിവര്‍ത്തിക്കപ്പെട്ടു. തന്നെക്കുറിച്ച് ആരാധകനായ കവി എഴുതുന്ന `അമ്മാനപ്പാട്ട്' വായിക്കുന്ന അച്ചീനായികമാരില്‍നിന്ന് വ്യത്യസ്‌തമായ വായനാസംസ്‌കാരത്തിനലേക്ക് കേരളത്തിലെ സ്‌ത്രീ ചുവടുറപ്പിക്കുന്ന ചിത്രമാണ് കോളിന്‍സ് മദാമ്മയുടെ `ഘാതകവധ'ത്തിലെ മറിയം ആവിഷ്‌ക്കരിക്കുന്നത്. സാമൂഹ്യാനുഭവങ്ങളിലൂടെ സ്വയം പരിവര്‍ത്തിക്കുന്നതിനൊപ്പം സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ഉപകരണമായി തന്നെത്തന്നെ പുതുക്കിപ്രയോഗിക്കുന്ന സ്‌ത്രീ എന്ന ചിന്ത കൂടി വായിക്കുന്ന സ്‌ത്രീ എന്ന ആശയത്തോടു ചേര്‍ന്നുവരുന്നു. ജാതീയതയ്‌ക്കെതിരായ മറിയത്തിന്റെ ഇടപെടലുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. അപ്പോള്‍, സ്‌ത്രീയുടെ വായനയും പുസ്‌തകശേഖരം സ്വന്തമാക്കലും അവരുടെ സ്വാതന്ത്ര്യബോധത്തിന്റെ ചിഹ്നം കൂടിയാകുന്നു. സ്വാതന്ത്ര്യാകാംക്ഷ പ്രകടിപ്പിക്കുന്ന ഈ പുതിയ സ്‌ത്രീത്വത്തോട് പുരുഷസമൂഹത്തിന്റെ പ്രതികരണമറിയുന്നതിന് ഇന്ദുലേഖ ഉപകരിക്കുന്നുണ്ട്. `കുറെനേരം ഇന്ദുലേഖയുടെ മുറിയിലുള്ള സാമാനങ്ങളും മറ്റും നടന്നുനോക്കി. ബുക്കുകള്‍ വളരെ കണ്ടു. പെണ്ണങ്ങളെ ഇംഗ്ലീഷു പഠിപ്പിച്ചാല്‍ വളരെ ഭോഷ്‌കാണെന്നു മനസ്സിലാക്കി'(ഇന്ദുലേഖ 1988: പുറം 137). ഇത് ഇന്ദുലേഖയെ മുറിയില്‍ പോയി കണ്ടതിനുശേഷം സൂരിനമ്പൂതിരിപ്പാട് നടത്തുന്ന അഭിപ്രായപ്രകടനമാണ്. സൂരിക്കുശേഷം ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന സ്‌ത്രീയോട് അംഗീകാരപൂര്‍വ്വം ഇടപെടാന്‍ സാധിക്കുന്നതിലേയ്‌ക്ക് നമ്മുടെ പൊതു സമൂഹം വളര്‍ന്നിട്ടുണ്ടോ എന്നാലോചിച്ചുനോക്കുന്നത് നമ്മുടെ ലൈംഗികജനാധിപത്യബോധത്തെ വിലയിരുത്തുന്നതിന് ഉതകും. സ്‌ത്രീയുടെ വായനയെ സംബന്ധിച്ച് ഗൂഢമായ ചില താല്‌പര്യനിര്‍മ്മിതികളും രൂപകല്‌പനകളും ഇന്നും നിലനില്‍ക്കുന്നില്ലേ? `പൈങ്കിളി' എന്നു വിശേഷിപ്പിക്കപ്പെടുന്ന ജനപ്രിയരചനകളുടെ ആരാധകരും വായനക്കാരുമാണ് സ്‌ത്രീകള്‍ എന്ന ധാരണ ഇന്നും നമ്മുടെസമൂഹത്തില്‍ ശക്തമാണ്. ജനപ്രിയസിനിമകളിലെ നായകന്മാരുടെ ഡയലോഗുകളിലും കാര്‍ട്ടൂണുകളിലും ഇത്തരം അഭിപ്രായങ്ങള്‍ വെളിപ്പെടുന്നുണ്ട്. `ജോര്‍ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി' എന്ന സിനിമയില്‍ നാകയന്‍ തന്റെ ഭാര്യയുടെ വായനാശീലത്തെ വിലയിരുത്തുന്ന രംഗം ഒന്നോര്‍ത്താല്‍ ഇക്കാര്യം വ്യക്തമാകും. പൈങ്കിളി വാരികകള്‍ മാത്രം വായിക്കുകയും അതിലെ കഥാപാത്രങ്ങളോട് താദാത്മ്യം പ്രാപിക്കുകയും, അവരുടെ നാളയെക്കുറിച്ച് വല്ലാതെ ഉത്‌ക്കണ്‌ഠപ്പെടുകയും ചെയ്യുന്ന സ്വന്തം ഭാര്യയെ പരിഹസിക്കുന്ന അതിലെ നായകന്‍, യഥാര്‍ത്ഥത്തില്‍ കേരളത്തിലെ മൊത്തം സ്‌ത്രീകളുടെയും വായനാശീലത്തെയാണ് കണക്കിന് കളിയാക്കുന്നത്. വായിക്കുന്ന സ്‌ത്രീ ചിന്തിക്കുന്ന സ്‌ത്രീ കൂടിയാവുന്നതിന്റെ ഭവിഷ്യത്തുകളാണ് സൂരിമ്പൂതിരിപ്പാടിനെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെയും പുസ്‌തകവായനയുടെയും ശത്രുവാക്കുന്നത്. സ്‌ത്രീയുടെ വായനയിലും സാമൂഹ്യമായ പുനര്‍നിര്‍മ്മാണത്തിലും ഊന്നുന്ന ചിഹ്നങ്ങള്‍ ഇന്നും നമ്മുടെ സാംസ്‌കാരിക മണ്‌ഡലത്തില്‍ അത്രയൊന്നും സ്വീകാര്യമായിട്ടില്ല. പത്രവുമായി ചാരുകസേരയിലിരുക്കുന്ന ആഢ്യപുരുഷോത്തമന്റെ സീമിയോട്ടിക് പവര്‍ ഇന്നും നമ്മുടെ സാംസ്‌കാരികമണ്‌ഡലത്തിലുടനീളം നിഴല്‍ വിടര്‍ത്തുന്നു. വായനക്കായി കേരളീയസ്‌ത്രീ എത്രമാത്രം ആകാംക്ഷപ്പെട്ടിരുന്നുവെന്നതിന്റെ ചില സൂചനകള്‍ ദേവകിനിലയങ്കോടിന്റെ `നഷ്‌ടബോധങ്ങളില്ലാതെ' എന്ന കൃതി അവതരിപ്പിക്കുന്നുണ്ട്. ``അതുകൊണ്ട് ആവണിപ്പലകയുടെ അടിയിലേക്ക് സൂത്രത്തില്‍ പുസ്‌തകം വയ്‌ക്കുന്നത് ആരും കാണുകയില്ല. ചമത കഴിഞ്ഞ് ഏട്ടന്മാര്‍ പോയാല്‍ ഏടത്തിമാര്‍ പലകയ്‌ക്കടിയിലെ പുസ്‌തകം ആരും കാണാതെ വടക്കേ അറയിലെ കൂട്ടിലേയ്‌ക്ക് മാറ്റും. പെണ്‍കുട്ടികള്‍ പുസ്‌തകം വായിക്കുന്നത് കുറ്റമാണ്. കൂട്ടില്‍ വെച്ച പുസ്‌തകം കണ്ടുപിടിച്ചാലും ശിക്ഷയുണ്ടാകും. അതുകൊണ്ട് ആരും ഇല്ലാത്ത സമയത്ത് അറ അടച്ചിരുന്നാണ് ഏടത്തിമാര്‍ പുസ്‌തകം വായിക്കുക.'' ``ഋതുമതികളായവര്‍ക്ക് മാസംതോറും കിട്ടുന്ന മൂന്നുദിവസത്തെ ഒഴിവ് പുസ്‌തകവായനയ്‌ക്ക് വളരെ സഹായകമായി. ഈ മൂന്നുദിവസവും ആരെയും തൊടാതെ ഒരു മുറിയില്‍ വേറിട്ട് ഇരിക്കണം. മുറിയില്‍ ആരും വരില്ല. അതുകൊണ്ട് അലട്ടലില്ലാതെയും ആരുടെയും കണ്ണില്‍ പെടാതെയും വായിക്കാന്‍ കഴിഞ്ഞു.'' (നഷ്‌ടബോധങ്ങളില്ലാതെ: 2003, പുറം 35). വായിക്കുന്ന സ്‌ത്രീകളെക്കുറിച്ച് - അങ്ങനെയുള്ള സ്‌ത്രീരൂപപ്പെടലിന്റെ പ്രകൃതത്തെക്കുറിച്ച് - ഈ ആഖ്യാനം ചില കാര്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. വായനയെന്നത് ശിക്ഷ ലഭിക്കത്തക്കവിധത്തിലുള്ള കുറ്റമായി കരുതിയിരുന്ന സാമൂഹ്യഘടനയെ നേരിടുന്ന കാഴ്‌ച ഇവിടെ കാണാം. സ്‌ത്രീശരീരത്തിന്റെ മേലുള്ള യാഥാസ്ഥിതികമായ കാഴ്‌ചപ്പാടിനെ അതിന്റെ തന്നെ മാനകമങ്ങള്‍ ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കുമ്പോള്‍ വായനയ്‌ക്ക് ശരീരരാഷ്‌ട്രീയമായ അര്‍ത്ഥങ്ങള്‍കൂടി കൈവരുന്നു. `തീണ്ടാരി'യാകലിലെ `പുറത്താകലി'നെ ജ്ഞാനവിഷയകമായി അപനിര്‍മ്മിക്കുന്ന കാഴ്‌ച കൗതുകകരമാണ്. കൈകൊട്ടിക്കളിയും കറുകമാല കെട്ടലും പാചകപരിശീലനങ്ങളും വിട്ട് വായനയുടെ ഇമ്പങ്ങളിലേയ്‌ക്കും ഹര്‍ഷങ്ങളിലേയ്‌ക്കും വളരുന്ന നമ്പൂതിരിസ്‌ത്രീയെ 1930-40 കളുടെ പശ്ചാത്തലത്തിലാണ് ദേവകി നിലയങ്കോട് അവതരിപ്പിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം കൂടിയുണ്ട്. എന്തുവായിക്കുന്നു എന്നതുകൂടി പ്രധാനകാര്യമാണ്. ``എന്റെ പ്രിയപ്പെട്ട മാതാവ്, രാമായണ ഭാരത ഭാഗവതാദി ഗ്രന്ഥങ്ങള്‍ നിത്യം പാരായണം ചെയ്യാറുണ്ട്. അവര്‍ക്ക് ഏതു മലയാളപുസ്‌തകവും യാതൊരു തപ്പും തടവും കൂടാതെ വായിക്കാമായിരുന്നു'' (പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം : പുറം 1044) ഈ പരാമര്‍ശം നടത്തുന്നത് പുത്തേഴത്തു രാമന്‍മേനോനാണ്. അദ്ദേഹത്തിന്റെ അമ്മയുടെ വായനാശീലത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ വായനാരീതികളെ മറികടക്കുന്ന മറ്റൊരുതരം വായനാശീലത്തെയാണ് `ഘാതകവധ'ത്തിലെ മറിയം മുതലുള്ള വായനക്കാരികള്‍ അവതരിപ്പിക്കുന്നത്. നമ്മുടെ ചിരപരിചിതമായ ഗ്രന്ഥലോകത്തിനു വെളിയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന വായനക്കാരികളാണിവര്‍. രാമായണഭാഗവതാദിഗ്രന്ഥങ്ങളുടെ പരിസരത്തുനിന്ന് ലോകസാഹിത്യത്തിന്റെ ബഹുവിധമായ സാധ്യതകളിലേക്ക് കടന്നുചെല്ലാനുള്ള പത്തൊമ്പതാംനൂറ്റാണ്ടിന്റെ മാര്‍ഗ്ഗം `ഇംഗ്ലീഷ് ബുക്ക്' ആയിരുന്നു. അതാണ് ഇന്ദുലേഖയും മറിയവും ഹെന്‍ട്രീകാ ടെമ്പിള്‍ വായിച്ചിട്ടുണ്ടെന്നഭിമാനിക്കുന്ന യാത്രക്കാരിയും സാക്ഷ്യപ്പെടുത്തുന്നത്. 1930-40 കളിലെത്തുമ്പോള്‍ അത് `പാവങ്ങള്‍' പോലുള്ള വായനാസാദ്ധ്യതകളിലേയ്‌ക്കെത്തുന്നതായി ദേവകി നിലയങ്കോട് എഴുതുന്നു. ഈശ്വരന്മാര്‍ക്കൊപ്പം ഡി നഗരത്തിലെ ബിഷപ്പിനെയും മനസാ വന്ദിക്കുന്നതായി അവര്‍ എഴുതുന്നുണ്ട്. പിന്നീട് മാധവിക്കുട്ടിയെപ്പോലെ അന്താരാഷ്‌ട്രപ്രാധാന്യം ലഭിച്ച എഴുത്തുകാരിലെത്തുമ്പോള്‍ വായനയുടെ സ്വാധീനതകളെക്കുറിച്ച് കുറച്ചുകൂടി സ്വച്ഛന്ദവും സ്വതന്ത്രവുമായ ചിത്രം ലഭിക്കുന്നു. `എന്റെ കഥ'യില്‍ തന്നെ ഏറ്റം സ്വാധീനിച്ച ഒരു പുസ്‌തകമായി അവര്‍ എടുത്തുപറയുന്നത് ഇസഡോറ ഡെങ്കന്റെ `My Life' എന്ന കൃതിയെയാണ്. ലോകപ്രസിദ്ധയായ ആ നര്‍ത്തകിയുടെ ജീവിതം കലയുടെയും പ്രണയത്തിന്റെയും സാഹസികതയുടെയും അതിജീവിനത്തിന്റെയും തുറന്നുപറച്ചിലായിരുന്നു. `എന്റെ കഥ'യും തുറന്നുപറച്ചിലിന്റെയും പ്രണയകാമനകളുടെയും സ്വതന്ത്രനിലകളുടെയും ഹൃദ്യമായ ചിത്രങ്ങള്‍കൊണ്ട് നിബിഢമാണ്. പെണ്ണെഴുത്തിന്റെ വഴികള്‍ ഇന്ന് മലയാളത്തില്‍ കൃത്യമായി തിരിച്ചറിയപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എഴുത്തിലേയ്‌ക്കെത്തുന്നതിനും വളരെ മുന്‍പുതന്നെ വായനയുടെ ഒരു വലിയ കാലം ഉണ്ടെന്ന് `The History of Reading' എന്ന പുസ്‌തകം പറയുന്നുണ്ട്. അതായത് സാമൂഹ്യവും സാംസ്‌കാരികവുമായ ചിഹ്നങ്ങളെ വായിച്ചെടുക്കുക എന്നത് എഴുത്തിനു മുന്‍പ് സംഭവിക്കുന്നു. നമ്മുടെ എഴുത്തുകാരിയുടെ സാന്നിധ്യം പൊതുമണ്‌ഡലത്തില്‍ സുവ്യക്തമാവുന്നതിനു മുമ്പുള്ള വായനയുടെ സാഹസികകാലങ്ങളെയും വിളംബരകാലങ്ങളെയും മേല്‍വിവരിച്ച ഉദ്ധരണികളും കുറിപ്പുകളും വ്യക്തമാക്കുന്നു. സാമ്പത്തിക സാമൂഹ്യശ്രേണിപരമായ നിലകളോട് താദാത്മ്യപ്പെട്ടുകൊണ്ടാണ് നമ്മുടെ സ്‌ത്രീവായനയുടെ ചരിത്രം വികസിക്കുന്നതെന്ന് സി.കെ.ജാനുവിന്റെ ജീവിചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിലാകുന്നു. ഇന്ദുലേഖയും മറിയവും ദേവകി നിലയങ്കോടും വായിച്ചുവളര്‍ന്നു കഴിഞ്ഞശേഷം അക്കൂട്ടത്തില്‍നിന്ന് എഴുത്തുകാരികളുമുണ്ടായിക്കഴിഞ്ഞിട്ടാണ് ജാനുവും കൂട്ടുകാരികളും അക്ഷരലോകത്തെത്തുന്നത്. വായനയുടെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ് ഈ തിരിച്ചറിവ്. വായനയെന്നത് ഉത്തരോത്തരം വര്‍ദ്ധിക്കുന്നതും ജ്യാമിതീയ പ്രോഗ്രഷന്‍പോലെ മുന്നോട്ടുപോകുന്നതുമാണ്. ഏതു പുതിയ വായനയും വായനക്കാരന്‍ / വായനക്കാരി മുന്‍പു വായിച്ചതിനു മീതെയാണ് നിര്‍മ്മിക്കപ്പെടുന്നതെന്ന് `വായനയുടെ ചരിത്ര'ത്തില്‍ (The History of Reading) ആല്‍ബര്‍ട്ടോ മാന്‍ഗുവല്‍ നിരീക്ഷിക്കുന്നു. നമ്മുടെ വായനയുടെ സ്‌ത്രീവഴികളിലൂം രീതിഭേദങ്ങളും പാര്‍ശ്വവല്‍ക്കരണങ്ങളും സംഭവിക്കുന്നുണ്ട്. അതിനാല്‍ ഏതൊക്കെ സാമ്പത്തിക സാമൂഹ്യ ശ്രേണികളില്‍പ്പെട്ട സ്‌ത്രീകള്‍ക്ക് ഇപ്പോഴും വായിക്കാന്‍ കഴിയുന്നുണ്ട് എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. വായനയുടെ ജാതി, ലിംഗപരമായ ശ്രേണീവല്‍ക്കരണത്തില്‍ നിന്ന് ഇന്നു നാം പുറത്തുവന്നിട്ടില്ല എന്ന തിരിച്ചറിവ് ബൗദ്ധിക സാക്ഷരതാഭിമാനങ്ങളില്‍ പങ്കുവയ്‌ക്കപ്പെടേണ്ടിയിരിക്കുന്നു.