അയാള്‍ വായനമുറിയില്‍ നിന്ന് പുറത്ത് കടന്നു. അസ്വാസ്ഥ്യത്തിന്റെ മുള്ളുകള്‍ മനസ്സില്‍ ആണ്ടിറങ്ങുന്നു. എന്നിട്ടും അവയുടെ പ്രവാഹം നിലയ്‌ക്കുന്നേയില്ല...! വീണ്ടും...വീണ്ടും തുളച്ചു...തുളച്ച്... വീട്ടില്‍നിന്ന് പുറത്തിറങ്ങി. അയാള്‍ റോഡിലൂടെ നടന്നു. ക്ഷുരകക്കടയില്‍ പണികഴിഞ്ഞെത്തിയ കര്‍ഷകരുടെയും കൂലിപ്പണിക്കാരുടെയും തിരക്കാണ്. വിയര്‍പ്പിന്‍ ഗന്ധം നിറഞ്ഞുനില്‍ക്കുന്ന ആ അന്തരീക്ഷത്തില്‍ന്ന്; അവരുടെ ജീവിതക്ലേശങ്ങളിലൂടെ കഥകളുയരുമ്പോള്‍, വീര്‍പ്പുമുട്ടലിന്റെ മുള്‍മുനയിലെത്തുമെന്നറിയാവുന്നതുകൊണ്ടാണ് അവിടേക്ക് കയറാതെ തലതാഴ്‌ത്തി. നടന്നുനീങ്ങിയത്. ആള്‍ത്തിരക്കില്ലാത്ത ഈ ഊടുവഴി അയാള്‍ക്ക് സുപരിചിതം. പണ്ട് സ്‌കൂളിലേക്കുള്ള യാത്രകള്‍ ഈ വഴിക്കായിരുന്നു. കന്നുപൂട്ടും, വിതയ്‌ക്കലും, ഞാറുനടീലും, കൊയ്‌ത്തും, നാടന്‍പാട്ടുകളുടെ താളലയത്തില്‍ മുങ്ങിയ പാടവരമ്പിലൂടെ പിന്നിട്ട യാത്രകള്‍. *അന്റെറമനും കാളൂട്ടാരന്‍ **ഇന്റെറമനും കാളൂട്ടാരന്‍ പിന്നെന്താടി മുണ്ടിച്ച്യേ, ഞമ്മള് തമ്മില് മുണ്ട്യാലേ...ലേ...ലേ... മണ്ണിന്റെ മക്കളുടെ നെടുവീര്‍പ്പുകള്‍ അലിഞ്ഞുചേര്‍ന്ന വയലേലകള്‍. ഇന്ന് പാടത്തിന്റെ ഒരുതരിപോലും അവശേഷിക്കുന്നില്ല. എല്ലാം വീടുകള്‍ കൈയടക്കിയിരിക്കുന്നു. വീടുകള്‍ക്കിടയിലൂടെയുള്ള വഴി. ഏതോ വീട്ടില്‍നിന്ന് മുഴങ്ങുന്ന പാശ്ചാത്യസംഗീതത്തിന്റെ കോലാഹലം. കുന്നിന്‍ചെരിവിലൂടെ നീണ്ടുകിടക്കുന്ന, കുറ്റിപ്പൊന്തകള്‍ക്കിടയിലൂടെയുള്ള നിശ്ശബ്ദസുന്ദരമായ നടപ്പാത. ആകാശത്തിലൂടെ കൂട്ടമായി പറന്നുപോവുന്ന കൊക്കുകള്‍. ഈ പ്രദേശം ``നാരങ്ങാക്കുണ്ട്.'' ആളുകള്‍ അങ്ങനെ വിളിക്കുന്നതിനു പിന്നില്‍ ഐതിഹ്യങ്ങള്‍ ഒളിച്ചിരിപ്പുണ്ടോ? അയാള്‍ ചിന്തയെ മറ്റൊരു ദിശയിലേക്കു തിരിച്ചുവിടാന്‍ ശ്രമിച്ചു. ശവപ്പറമ്പില്‍ പുതിയൊരു ശവം മറവുചെയ്‌തിരിക്കുന്നു. കിളച്ചിട്ട ചെമ്മണ്ണ്. കത്തിക്കരിഞ്ഞ വിളക്കുതിരികള്‍. രണ്ട് മൈനകള്‍ മണ്ണ് ചിനക്കുന്നു. പ്ലാറ്റ്‌ഫോമിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ആല്‍മരങ്ങള്‍കൊണ്ടു നിറഞ്ഞ ഏകാന്തസുന്ദരമായ റെയില്‍വേസ്റ്റേഷന്‍. അവസാനവണ്ടി പോയിട്ടില്ല. അയാള്‍ ആല്‍മരച്ചുവട്ടിലെ വിണ്ടുപൊട്ടിയ ബെഞ്ചിലിരുന്നു. മനസ്സിലുറവെടുക്കുന്ന കഥാബീജങ്ങളുടെ സുഗമമായ ഒഴുക്കിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ വിഭ്രാന്തിപൂണ്ടലയുന്നതിനിടയില്‍ അയാള്‍ പലപ്പോഴും ഈ വഴികള്‍ പിന്നിട്ട് റെയില്‍വേസ്റ്റേഷനില്‍ എത്താറുണ്ട്. ആല്‍മരത്തിന്റെ ശാഖകളിലേക്കു കണ്ണുംനട്ട് ബെഞ്ചില്‍ കിടക്കാറുണ്ട്. പ്ലാറ്റ്‌ഫോമില്‍ വട്ടമണഞ്ഞിരിക്കുന്ന യാചകര്‍ ഭിക്ഷാടനത്തിനിടയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് വണ്ടി കാത്തിരിക്കുകയാണ്. ബീഡി ആഞ്ഞുവലിക്കുന്ന സ്‌ത്രീയുടെ മടിയില്‍ അമ്മിഞ്ഞപ്പാലിനായി ചുണ്ടനക്കുന്ന കുട്ടി. ഭക്ഷ്യധാന്യ ഗോഡൗണിന്റെ പരിസരത്ത് ചിതറിവീണ അരിമണികള്‍ അടിച്ചുകൂട്ടി ശേഖരിക്കുന്ന വൃദ്ധന്മാര്‍. അയാള്‍ ബെഞ്ചില്‍ മലര്‍ന്നു കിടന്നു. മണിയടിക്കുന്നു. വണ്ടിയുടെ ചൂളം വിളി. കംപാര്‍ട്ടുമെന്റിലേക്ക് കയറാനുള്ള യാചകരുടെ ധൃതികൂട്ടല്‍...രാവിലത്തെ വണ്ടിക്ക് അവര്‍ വീണ്ടും വരും... കണ്ണുകള്‍ ആല്‍മരത്തിന്റെ ശാഖകളില്‍, കാതുകളില്‍... ലോഹച്ചീളുകളുടെ ഘര്‍ഷണനാദം. അരികിലേക്ക്....അരികിലേക്ക്...ചീറിവരുന്ന കാറ്റില്‍ ഉലയുന്ന ആല്‍മരം. തുരുതുരെ വീഴുന്ന ആലിന്‍കായകള്‍. ദുര്‍ഗന്ധധൂമം പരത്തിക്കൊണ്ട് ദൂരെ നിന്ന് കുതിച്ചുവരുന്ന തീവണ്ടി. അയാള്‍ ചെവിപൊത്തി എഴുന്നേറ്റു. ശ്വാസം വലിച്ചെടുക്കാന്‍ അറച്ചു. ഘോരശബ്ദം ഉതിര്‍ത്തുകൊണ്ട് വണ്ടി നിന്നു. കുറെ കര്‍ഷകരെ പ്ലാറ്റ്‌ഫോമിലേക്ക് ആരോ ഉന്തിയിടുന്നു. ആ അശരണരുടെ ദേഹത്തേക്ക് വന്നുവീഴുന്ന കലപ്പകള്‍, നുകങ്ങള്‍, ഊര്‍ച്ചപ്പലകകള്‍, ചാക്കില്‍നിന്ന് ചിതറിവീണ വിത്തുകള്‍. അവരെ ചവിട്ടിമെതിച്ചുകൊണ്ട് വികൃതസംഗീതത്തിന്റെ താളത്തില്‍ ശരീരമാട്ടി, കറുത്തപാനീയം കുടിച്ച് നടന്നുനീങ്ങുന്നവര്‍. തീവണ്ടി പതിയെ നീങ്ങുകയാണ്. അയാള്‍ കംപാര്‍ട്ടുമെന്റിനുള്ളിലേക്ക് എത്തിനോക്കി. സസ്യജൈവവിഭവങ്ങളുടെ കൂമ്പാരം. പരീക്ഷണവസ്‌തുവായി കൂട്ടിലടക്കപ്പെട്ട കറുത്തവര്‍. വണ്ടി പടിഞ്ഞാറോട്ടു പാഞ്ഞു. പ്ലാറ്റ്‌ഫോമിലും ട്രാക്കിലും നിറയെ മാലിന്യങ്ങള്‍. മാലിന്യങ്ങള്‍ക്കുള്ളില്‍നിന്ന് ഉയില്‍ത്തെഴുന്നേറ്റ കുറേ ഭിക്ഷാംദേഹികള്‍. പിച്ചച്ചട്ടിയുമായി അവര്‍ അയാളുടെ അരികിലേക്കു വരുന്നു. ``ഞങ്ങള്‍ക്ക് വല്ലതും...'' കരുണാര്‍ദ്രമായ മുഖങ്ങള്‍ കാണാന്‍ ശേഷിയില്ലാതെ തലകുനിച്ചു നില്‍ക്കുമ്പോള്‍ അവരുടെ കാലൊച്ചകള്‍ അകലുന്നു. അയാള്‍ കണ്ണുംമിഴിച്ച് കിടക്കുകയാണ്, നെഞ്ചില്‍ പുസ്‌തകവുമായി. ആല്‍മരത്തിന്റെ ശാഖയിലൂടെ ഓടിക്കളിക്കുന്ന രണ്ട് അണ്ണാന്‍കുഞ്ഞുങ്ങള്‍. ബെഞ്ചില്‍ നിന്ന് എഴുന്നേറ്റ് പ്ലാറ്റ്‌ഫോമിലൂടെ നടന്നു. റെയില്‍വേസ്റ്റേഷന്‍ വിജനമാണ്. ചാറ്റല്‍മഴ...അരിച്ചുവരുന്ന കോട. ``ഗാട്ടും കാണാച്ചരടും..'' ആലിന്‍ചുവട്ടിലിരിക്കുന്ന ഭ്രാന്തന്‍. പുസ്‌തകത്തിന്റെ പുറംചട്ടയിലേക്കു നോക്കി വായിച്ച്, പൊട്ടിച്ചിരിച്ചു. കൈയിലെ പുസ്‌തകത്തെക്കുറിച്ച് ആയാള്‍ അപ്പോഴാണ് ബോധവാനായത്. കോടയെ തുളച്ചുകൊണ്ട് നടന്നുനീങ്ങുമ്പോള്‍ ഭ്രാന്തന്റെ പൊട്ടിച്ചിരി പ്രതിധ്വനിക്കുന്നു.