സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ജീവിതരണഭൂമിയില്‍നിന്ന്‌ സ്‌മിത പറയുന്നു

സുജ സൂസന്‍ ജോര്‍ജ്ഇറാക്കിലെ തിക്രിത്‌, റ്റീച്ചിംഗ്‌ ഹോസ്‌പിറ്റലിന്‌ ചുറ്റും വെടിയൊച്ച പെരുകുമ്പോഴും ബോംബുസ്‌ഫോടനത്തില്‍ ആശുപത്രിചുവരുകള്‍ കിടുങ്ങി വിറയ്‌ക്കുമ്പോഴും കുറവിലങ്ങാട്‌ മണ്ണയ്‌ക്കനാട്‌ സ്വദേശി സുരേന്ദ്രന്റെ മകള്‍ 30 കാരി സ്‌മിതയെ മരണഭയം തീരെ അലട്ടിയില്ല. കിട്ടാനുള്ള 4 മാസത്തെ ശമ്പളം കിട്ടാതെ പോകുമോ എന്ന ആശങ്ക മാത്രമായിരുന്നു സ്‌മിതയുടെ മനസ്സില്‍ നിറഞ്ഞു നിന്നത്‌. 
``ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ദുരിതങ്ങളും കഷ്‌ടപ്പാടുകളുമായിരുന്നു. പിച്ചവെച്ചു തുടങ്ങുമ്പോഴേ അമ്മ ഗോമതി മരിച്ചു. ചേച്ചി വത്സല എന്നെക്കാള്‍ 16 വയസ്സ്‌ മൂത്തതാണ്‌. അച്ഛന്‍ കൂലിപ്പണി ചെയ്‌തു കൊണ്ടുവരുന്നതുമാത്രമായിരുന്നു എന്നും ഞങ്ങളുടെ ആശ്രയം.''
2004-ല്‍ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍ കോളേജില്‍നിന്ന്‌ ഇംഗ്ലീഷ്‌ ബി.എ. രണ്ടാം ക്ലാസ്സില്‍ വിജയിക്കുമ്പോള്‍ എക്കാലത്തും മനസ്സില്‍ തിരികെടാതെ സൂക്ഷിച്ചിരുന്ന ബാങ്ക്‌ ഉദ്യോഗസ്ഥയാകുക എന്ന സ്വപ്‌നം ചിറകുകള്‍ വിടര്‍ത്തി. ടെസ്റ്റിനുവേണ്ടി പരിശീലനത്തിനു പോകുക, പരീക്ഷ എഴുതി കാത്തിരിക്കുക ഇതിനൊന്നും ഒരിത്തിരി സാവകാശംപോലും സ്‌മിതയുടെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. ബാങ്ക്‌ സ്വപ്‌നങ്ങള്‍ അതേപടി കുഴിച്ചുമൂടാനേ അവള്‍ക്കു കഴിയുമായിരുന്നുള്ളൂ. 
``നേഴ്‌സിംങ്ങ്‌ പഠിച്ചിറങ്ങിയാലുടന്‍ ജോലി കിട്ടുമെന്ന്‌ പലരും അച്ഛനോട്‌ പറഞ്ഞു. അങ്ങനെയാണ്‌ ആന്ധ്രയിലെ രാജമുന്ദ്രി ജി.എസ്‌.എല്‍. സ്‌കൂള്‍ ഓഫ്‌ നേഴ്‌സിങ്ങിനു ചേരുന്നത്‌. വിദ്യാഭ്യാസലോണ്‍ എടുത്തിട്ടുണ്ട്‌. ഇന്റേണ്‍ഷിപ്പിനുള്ള ഹോസ്റ്റല്‍ഫീസ്‌ വിദ്യാഭ്യാസലോണില്‍ പെടുന്നതല്ലായിരുന്നു. മാസംതോറും 1600 രൂപ അയച്ചുതരാന്‍ എന്റെ അച്ഛന്‍ അനുഭവിച്ച കഷ്‌ടപ്പാടിന്‌ കൈയും കണക്കുമില്ല.''
സ്‌മിതയുടെ നേഴ്‌സിങ്ങ്‌ പഠനം കഴിഞ്ഞപ്പോഴേയ്‌ക്കും അച്ഛന്‍ സുരേന്ദ്രന്‍ കാന്‍സര്‍രോഗിയായി മാറി. വീടിന്റെ ഏക അത്താണി തളര്‍ന്നുവീണതോടെ സ്‌മിത രണ്ടും കല്‌പിച്ച്‌ ദില്ലിയിലേക്ക്‌ വണ്ടികയറി. അവള്‍ക്ക്‌ അവിടെ ചെന്നുകയറാനുണ്ടായിരുന്നത്‌ ഹോംനേഴ്‌സ്‌ ആയി ജോലി ചെയ്യുന്ന ചേച്ചി വത്സലയുടെ അന്തമില്ലാത്ത ജീവിതവേവലാതികളിലേക്കായിരുന്നു. 
``ഒരു നല്ല ജോലിക്കായി കാത്തിരിക്കാനൊന്നും എന്റെ സാഹചര്യം അനുവദിക്കുമായിരുന്നില്ല. വെറും 3500 രൂപയ്‌ക്ക്‌ 12 ഉം 14 ഉം മണിക്കൂര്‍ വരെ ചെറിയ ചെറിയ ആശുപത്രികളില്‍ മാറിമാറി ജോലി ചെയ്‌തു. 2014 ജനുവരിയില്‍ ഇറാക്കിലേക്ക്‌ വിമാനം കയറുന്ന സമയത്ത്‌ ദീപക്‌ ഹോസ്‌പിറ്റലില്‍ നിന്ന്‌ എനിക്ക്‌ 6500 രൂപ കിട്ടിയിരുന്നു.''
കിടപ്പിലാകും വരെ സുരേന്ദ്രന്‍ വിദ്യാഭ്യാസലോണിന്റെ പലിശ കൃത്യമായി അടച്ചു. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ കോഴ ബ്രാഞ്ചില്‍നിന്നും ജപ്‌തി നോട്ടീസുകള്‍ പലതു വന്നു. എന്തു ജപ്‌തി ചെയ്യാന്‍! കുറിച്ചിത്താനം-മണ്ണക്കനാട്‌ റോഡിനരുകില്‍ പുറംപോക്കില്‍ നിലംപൊത്താറായി നില്‍ക്കുന്ന ഒരു ഒറ്റമുറി വീട്‌. മുറിയുടെ മൂലയില്‍ അവശനായി ചുരുണ്ടുകൂടി കിടക്കുന്ന സുരേന്ദ്രന്‍. പട്ടിണിയുടെയും പരിവട്ടത്തിന്റെയും തോരാദുരിതങ്ങള്‍ പതംപെറുക്കി, ആസ്‌മാരോഗത്താല്‍ കിതച്ച്‌ ദുര്‍ബ്ബലയായ സ്‌മിതയുടെ രണ്ടാനമ്മ ശാന്ത! ഈ ദുരിതത്തിന്റെ കൊടുംതാപത്തില്‍നിന്ന്‌ എങ്ങനെയും രക്ഷപ്പെടാനുള്ള ദൃഢനിശ്ചയമാണ്‌ അവിടത്തെ ജീവിതം അത്ര സുഗമമല്ല എന്നറിഞ്ഞിട്ടും സ്‌മിതയെ ഇറാക്കിലെത്തിച്ചത്‌. 
``എന്റെ സീനിയേഴ്‌സായ മൂന്ന്‌ നാല്‌ ചേച്ചിമാര്‍ ഇറാക്കില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും നമുക്ക്‌ കുഴപ്പങ്ങളൊന്നും വരില്ലെന്നും നല്ല ശമ്പളം കിട്ടുമെന്നുമുള്ള അവരുടെ വാക്കുകളാണ്‌ എന്നെ ഇറാക്കിലെത്തിച്ചത്‌. ആരോടൊക്കെയോ പലിശയ്‌ക്കും കൈവായ്‌പ എടുത്തും ഏജന്റിന്‌ കൊടുക്കാനുള്ള പൈസ ചേച്ചി ഉണ്ടാക്കി തന്നു. ഏകദേശം രണ്ടരലക്ഷം രൂപയായി.''
ഇറാക്കിന്റെ കലുഷിത രാഷ്‌ട്രീയഭൂമിയിലേക്കാണ്‌ സ്‌മിതയും സുഹൃത്തുക്കളും വിമാനമിറങ്ങിയത്‌. അതിന്റെ വരുംവരായ്‌കകളേക്കാള്‍ അവരെ അലട്ടിയതും മോഹിപ്പിച്ചതും വരാനുള്ള ജീവിതനാളുകളെക്കുറിച്ചുള്ള ആഗ്രഹമായിരുന്നു. രണ്ടുംകല്‌പിച്ചുള്ള മുന്നോട്ടുള്ള പ്രയാണം! പ്രതിമാസം ഇന്ത്യന്‍ രൂപയില്‍ 40000/- ശമ്പളമായി നല്‌കും എന്നായിരുന്നു കരാര്‍. സ്‌മിതയടക്കം 15 പേര്‍ക്ക്‌ നിയമനം കിട്ടിയത്‌ തിക്രിത്‌ ടീച്ചിംഗ്‌ ഹോസ്‌പിറ്റലില്‍ ആയിരുന്നു.
``വലിയ ആശുപത്രിയായിരുന്നു അത്‌. വലിയ മതിലുകളും ഗെയ്‌റ്റും ഗെയ്‌റ്റിനുള്ളില്‍ ഗ്രില്ലുമൊക്കെയായി നല്ല സുരക്ഷിതത്വമുള്ള കെട്ടിടം. കാത്ത്‌ലാബുള്‍പ്പെടെ എല്ലാ ചികിത്സാസൗകര്യങ്ങളുമുള്ള ആശുപത്രി. ഞങ്ങളുടെ സീനിയേഴ്‌സായി 31 പേരും അവിടെ ഉണ്ടായിരുന്നു. ഡോക്‌ടര്‍മാരും നേഴ്‌സിങ്ങ്‌ സൂപ്രണ്ടും ഇറാക്കികള്‍ ആയിരുന്നു. ഞങ്ങളുടെ ഹോസ്റ്റല്‍ ആശുപത്രിയോട്‌ ചേര്‍ന്നു തന്നെയാണ്‌. താഴത്തെ നിലയില്‍ ഞങ്ങളും മുകളില്‍ സീനിയേഴ്‌സും.''
സദ്ദാംഹുസൈന്റെ ജന്മഗ്രാമമായ `അവിജ', തിക്രിത്ത്‌ പ്രവിശ്യയിലാണ്‌. ഐ.എസ്‌.ഐ.എസിനെ സംബന്ധിച്ച്‌ വൈകാരികപ്രാധാന്യമുള്ള സ്ഥലം. ഈ ഗ്രാമത്തിന്‌ വളരെ സമീപത്താണ്‌ ടീച്ചിംങ്ങ്‌ ഹോസ്‌പിറ്റല്‍ സ്ഥിതിചെയ്യുന്നത്‌. മൂന്നു മാസം കഴിഞ്ഞേ ശമ്പളം ലഭിക്കുവെന്ന്‌ നേരത്തെ പറഞ്ഞിരുന്നതുകൊണ്ടും മറ്റെല്ലാം ചിട്ടപ്പടി നടക്കുന്നതുകൊണ്ടും ആര്‍ക്കും ഒരു ഭയപ്പാടുമുണ്ടായിരുന്നില്ല. ഏപ്രില്‍ 17-ന്‌ ശമ്പളകുടിശ്ശികയുള്‍പ്പെടയുള്ള ശമ്പളം ആശുപത്രി സൂപ്രണ്ട്‌ ഇബ്രാഹിമിനോട്‌ ചോദിക്കുമ്പോഴാണ്‌ കാര്യങ്ങളെല്ലാം മാറിമറിഞ്ഞിരുന്നതായി അവര്‍ മനസ്സിലാക്കിയത്‌. 
``വളരെ ബഹുമാനത്തോടെയാണ്‌ ആശുപത്രിയിലെ ജോലിക്കാരായ ഇറാക്കികള്‍ വിമതരെക്കുറിച്ച്‌ സംസാരിച്ചത്‌. തീവ്രവാദികളെന്നല്ല `ലോക്കല്‍ ഗവണ്മെന്റ്‌' എന്നാണ്‌ സൂപ്രണ്ട്‌ ഉള്‍പ്പെടെയുള്ളവര്‍ അവരെക്കുറിച്ച്‌ പരാമര്‍ശിച്ചത്‌. ആശുപത്രി ഇപ്പോള്‍ ലോക്കല്‍ ഗവണ്മെന്റിന്റെ കീഴിലാണെന്നും നിങ്ങള്‍ക്കിവിടെ സുരക്ഷിതരായി ജോലി ചെയ്യാമെന്നും ശമ്പളം കൃത്യമായി ലഭിക്കുമെന്നും അവര്‍ പറഞ്ഞു. തോക്കൊക്കെ പിടിച്ച്‌ മുഖംമൂടികെട്ടി, കാണുമ്പോള്‍ പേടി തോന്നുമെങ്കിലും അവര്‍ വളരെ സൗമ്യമായും ആദരവോടെയുമാണ്‌ ഞങ്ങളോട്‌ സംസാരിച്ചത്‌.''
ജൂണ്‍ 11-ന്‌ ആശുപത്രിക്ക്‌ വളരെ അടുത്തായി വെടിയൊച്ച കേട്ടുതുടങ്ങി. ബോംബുകള്‍ അരികത്തു വന്നു വീഴുന്നതുപോലെ അനുഭവപ്പെട്ടു. ബോംബര്‍ വിമാനങ്ങള്‍ ആശുപത്രിയുടെ ആകാശത്ത്‌ വട്ടമിട്ട്‌ പറന്നു. രോഗികളും ഡോക്‌ടര്‍മാരും മറ്റ്‌ ഇറാക്കി ജോലിക്കാരും ആശുപത്രിയില്‍ വരാതായി. ആശുപത്രിക്കുള്ളില്‍ കനത്ത നിശ്ശബ്‌ദത തളംകെട്ടി. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഇന്ത്യന്‍ എംബസിയില്‍നിന്ന്‌ ഡോക്‌ടര്‍ അജയകുമാര്‍ നേഴ്‌സുമാരോട്‌ നിരന്തരം സംസാരിക്കുകയും ധൈര്യം പകരുകയും ചെയ്‌തു. എംബസിയില്‍നിന്ന്‌ അവരുടെ ഫോണുകള്‍ ചാര്‍ജ്‌ ചെയ്‌തു കൊടുത്തിരുന്നു.
``എല്ലാവരും ഞങ്ങളെ ഉപേക്ഷിച്ചുപോയപ്പോഴും കാത്ത്‌ലാബിലെ ഇറാക്കികളായ കാസിമും സത്താറും ഞങ്ങള്‍ക്കൊപ്പം അവിടെ നിന്നു. ഭക്ഷണമൊക്കെ കൃത്യമായി കിട്ടിക്കൊണ്ടിരുന്നു. ലോക്കല്‍ ഗവണ്മെന്റിന്റെ ആള്‍ക്കാര്‍ ഇടയ്‌ക്കിടയ്‌ക്ക്‌ വന്ന്‌ ഞങ്ങള്‍ അവിടെനിന്ന്‌ ഒഴിയണമെന്ന്‌ ആവശ്യപ്പെട്ടു. എന്തു ചെയ്യണമെന്ന്‌ ഞങ്ങള്‍ക്കൊരു പിടിയുമില്ലായിരുന്നു. വ്യക്തമായ ഒരു നിര്‍ദ്ദേശം നല്‌കാന്‍ എംബസിക്കോ മുഖ്യമന്ത്രിയുടെ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനോ കഴിഞ്ഞില്ല.''
ജീവന്‍ കൈയില്‍ പിടിച്ചു നില്‍ക്കുമ്പോഴും കിട്ടിയ ജോലിയും കിട്ടാനുള്ള ശമ്പളവും ഇട്ടെറിഞ്ഞുപോരാന്‍ ബഹുഭൂരിപക്ഷത്തിനും സാധ്യമാകുമായിരുന്നില്ല. അത്രയ്‌ക്കും ദുരിതക്കയങ്ങളായിരുന്നു ഓരോരുത്തരുടെയും ജീവിതം. ഏറിയും കുറഞ്ഞും ഓരോ സ്‌മിതമാരായിരുന്നു അവരോരുത്തരും. 
ജൂലൈ 2, വെളുപ്പിന്‌ ഐ എസ്‌ ഐ എസ്‌ നേഴ്‌സുമാരെ കൊണ്ടുപോകാന്‍ ബസുമായി എത്തി. തിക്രിത്തില്‍നിന്നും മൊസൂളിലേക്കും അവിടെനിന്ന്‌ ഇര്‍ബില്‍ വിമാനത്താവളത്തിലേക്കും അവരെ എത്തിച്ചു. പേടിച്ചതുപോലെ ഒന്നും സംഭവിച്ചില്ല. ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടിയതിലുള്ള സന്തോഷവും ആശ്വാസവും ഉണ്ടായിരുന്നുവെങ്കിലും `ഇനി എന്ത്‌' എന്ന ചോദ്യമാണ്‌ അവരില്‍ പലരെയും അലട്ടിയത്‌.
സ്‌മിത വന്നുകയറിയത്‌ പുറംപോക്കിലെ പഴയ അതേ പട്ടിണിയിലേക്കും രോഗത്തിലേയ്‌ക്കും തന്നെ. സ്‌മിതയ്‌ക്ക്‌ ആദ്യ കൈത്താങ്ങായി എത്തിയത്‌ സി.പി.ഐ. (എം)-ന്റെ കോട്ടയം ജില്ലാകമ്മറ്റിയാണ്‌. മൂന്നു ലക്ഷം രൂപയുടെ ചെക്ക്‌ സഖാവ്‌ കെ. ജെ. തോമസ്‌ സ്‌മിതയ്‌ക്കു കൈമാറി. അതൊരു തുടക്കവും മാതൃകയുമായിരുന്നു. കനിവിന്റെ നിരവധി കണ്ണുകള്‍ തുറക്കാനുള്ള തുടക്കം! മരങ്ങാട്ടുപിള്ളി പഞ്ചായത്ത്‌, ജനകീയസമിതി രൂപീകരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബല്‍ജി ഇമ്മാനുവലും സ്‌മിതയുടെ പഞ്ചായത്തു വാര്‍ഡ്‌ അംഗം എ. തുളസീദാസും എല്ലാത്തിനും ചുക്കാന്‍ പിടിച്ചു. സ്‌മിതയുടെ വീടിന്‌ തൊട്ടടുത്തുതന്നെ സണ്ണിജോസ്‌ എന്ന നല്ല മനുഷ്യന്‍ അഞ്ച്‌ സെന്റ്‌ സ്ഥലം നല്‍കി. ഇനി സ്‌മിതയ്‌ക്ക്‌ വീടുണ്ടാകും. ഒരു ഗ്രാമം മുഴുവന്‍ സ്‌നേഹവാത്സല്യത്തോടെ അവളെ തൊട്ടുനില്‍ക്കുന്നുണ്ടല്ലോ.
ജൂലൈ 5 ശനിയാഴ്‌ച നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്‌ കോട്ടയംകാരായ 17 നേഴ്‌സുമാരുള്‍പ്പെടെ 46 പേരാണ്‌. അവരില്‍ പാലാക്കാരി, പുറംപോക്കില്‍ താമസിക്കുന്ന ഗോപി-ലീല ദമ്പതികളുടെ മകള്‍ സുനിതയുണ്ട്‌. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശി വിദ്യാ കെ. വിശ്വംഭരന്‍ ഉണ്ട്‌. ഇവരുടെയൊക്കെയും ജീവിതകഥകള്‍ സ്‌മിതയുടെതില്‍നിന്നും വ്യത്യസ്‌തമല്ല. 
ജീവിക്കാനതിയായി മോഹിച്ച്‌ നാടുവിട്ടെങ്കിലും ജീവനും കൈപിടിച്ച്‌ തിരിച്ചെത്തേണ്ടിവന്ന നേഴ്‌സുമാരുടെ മടക്കയാത്രയെക്കുറിച്ച്‌ നാണംകെട്ട അവകാശവാദങ്ങളുന്നയിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും മോദി സര്‍ക്കാരും പരസ്‌പരം മത്സരിക്കുന്നത്‌ നമ്മള്‍ കണ്ടു. വിദ്യാസമ്പന്നരായ യുവതിയുവാക്കള്‍ക്ക്‌ അര്‍ഹിക്കുന്ന തൊഴില്‍ ലഭ്യമാക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാതെ ആരുടെയെങ്കിലും കാരുണ്യത്തില്‍ അവര്‍ രക്ഷപ്പെട്ടുകൊള്ളുമെന്ന്‌ കൈയൊഴിയുകയാണ്‌ ഭരണകൂടങ്ങള്‍ ചെയ്യുന്നത്‌. 
ലോണുകളുടെ കൊടുംഭാരത്താല്‍ നരകിച്ചു ജീവിക്കേണ്ടിവരുന്ന ഒരു സാധാരണ മലയാളിയുടെ ജീവിതകഥയാണ്‌ സ്‌മിതയുടേത്‌. നിവൃത്തിയില്ലാതെ സൗജന്യങ്ങള്‍ സ്വീകരിക്കേണ്ടിവരുമ്പോഴും സ്‌മിത പറയുന്നു, ``എനിക്കൊരു ജോലി തരൂ. എത്ര വേണമെങ്കിലും ഞാന്‍ അദ്ധ്വാനിക്കാം. കടങ്ങളൊക്കെ വീട്ടിക്കൊള്ളാം.''  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും