സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

അടുക്കള ഒരു അള്‍ത്താരയോ

മ്യൂസ്‌ മേരി ജോര്‍ജ്ജ്‌



അടുക്കള എന്നാണ്‌ എന്റെ ജീവിതത്തില്‍ ഇടപെട്ടു തുടങ്ങിയത്‌ എന്ന ചിന്തയാണ്‌ എഴുത്തുകാരിയുടെ അടുക്കള എങ്ങനെ എന്ന പത്രാധിപരുടെ ചോദ്യം ആദ്യം ഉണര്‍ത്തിയത്‌. അടുക്കളയ്‌ക്കായി മെരുക്കപ്പെടുന്ന ഒരു ജീവിതഘട്ടം എന്റെ കാലത്തെ പെണ്‍കുട്ടികളൊക്കെ അഭിമുഖീകരിച്ചിട്ടുണ്ട്‌. പത്താം ക്ലാസ്‌ പരീക്ഷയും പ്രീഡിഗ്രി പരീക്ഷയും കഴിഞ്ഞുള്ള അവധിക്കാലങ്ങള്‍ ശരിക്കും അടുക്കളപ്പണി പരിശീലനകാലമായിരുന്നു. നിര്‍ബന്ധിച്ചുള്ള പണിപഠിപ്പിക്കല്‍ എനിക്കിഷ്‌ടപ്പെട്ടില്ല. തയ്യല്‍, പാചകം, വീട്‌ അടിച്ചു തുടയ്‌ക്കല്‍ എന്നിവ എല്ലാം ക്രമത്തിലും നിര്‍ബന്ധപൂര്‍ണ്ണമായും പഠിപ്പിക്കപ്പെട്ടു. ഇക്കാര്യത്തില്‍ മമ്മിക്ക്‌ ഒരു മയവും ഇല്ലായിരുന്നു. തേങ്ങ ചിരകുമ്പോള്‍ ചിരട്ടയുടെ വക്കുതീര്‍ത്ത്‌ ചിരകുക, നിലത്തു തേങ്ങ വീഴാത്ത വിധത്തില്‍ ചെയ്യുക, ചിരവപ്പുറത്ത്‌ കാലൊരുവശം ചരിഞ്ഞിരിക്കുക എന്നിങ്ങനെ ഒരുമുറി തേങ്ങ ചിരകുന്നതില്‍ത്തന്നെ എത്ര പാഠങ്ങള്‍. നിര്‍ബന്ധ സൈനിക പരിശീലനം പോലുള്ള അടുക്കളപരിശീലനത്തെ ഞാന്‍ പലപ്പോഴും ചെറുത്തിട്ടുണ്ട്‌. മമ്മിയുമായി ഇടഞ്ഞിട്ടുണ്ട്‌. എനിക്ക്‌ ചോറും കൂട്ടാനും വയ്‌ക്കാനിഷ്ടമാണ്‌. ബാക്കി പണികള്‍ - പാത്രം തേച്ചുമെഴുക്കുക, ചുക്കിലിയടിക്കുക, തുണി കഴുകി നീലം മുക്കുക എന്നിത്യാദി കാര്യങ്ങള്‍ വെറുപ്പാണ്‌. മമ്മിയുണ്ടോ വിടുന്നു. മൂത്ത മകളല്ലേ? ഒരു പരിശീലനവും മുടങ്ങാന്‍ സമ്മതിച്ചിരുന്നില്ല. അടുപ്പില്‍ ചാരം വാരി തീ പൂട്ടുന്നതുമുതല്‍ നല്ല പ്രോഗ്രാം ആയിരുന്നു. എനിക്ക്‌ അവധിക്കാലം വായിക്കാനും കിടന്നുറങ്ങാനും ആഗ്രഹിച്ച സമയമായിരുന്നു, പക്ഷേ, പില്‍ക്കാല ഗാര്‍ഹികജീവിതത്തിന്റെ പയറ്റുപഠിക്കല്‍ കാലമായി അതുമാറി. സത്യം പറഞ്ഞാല്‍ അടുക്കളയെന്ന അനിവാര്യദുരന്തത്തെ ഒഴിവാക്കാന്‍ ഞാന്‍ തീവ്രമായി ആഗ്രഹിച്ചുതുടങ്ങിയത്‌ ഇക്കാലത്താണ്‌. അതുപക്ഷേ, ഒഴിവാക്കാന്‍ എനിക്കു പറ്റിയിട്ടില്ല ഇതുവരെ. ഇത്രയൊക്കെ നിര്‍ബന്ധപൂര്‍വ്വം പരിശീലിപ്പിക്കപ്പെട്ടിട്ടും വീട്ടിലെ അടുക്കള മമ്മിയുടെ അടുക്കളയായിരുന്നു.
വിവാഹാനന്തരം മറ്റൊരു അടുക്കള പരിചയപ്പെട്ടു. അത്‌ അമ്മയുടെ അടുക്കളയായിരു ന്നു. വിറകു കത്തിക്കുന്ന മൂന്ന്‌ അടുപ്പുകള്‍ എന്റെ വീട്ടിലേതുപോലെ അവിടെയുണ്ടായിരുന്നു. കൂടാതെ, ഗ്യാസ്‌ സ്റ്റൗ പൈപ്പുവെള്ളം ഇത്യാദിയെല്ലാം വീട്ടിലേതുപോലെ. ഭക്ഷണത്തിന്റെ രുചികളും അതിനുള്ള കൂട്ടും അങ്ങനെതന്നെ. അമ്മയുടെ കൂടെ കൂടിക്കൊടുത്താല്‍ മതി. വീട്ടിലുള്ളവരൊക്കെ ജോലികളില്‍ സഹായിക്കും. അതും എന്റെ വീടുപോലെ തന്നെ. പക്ഷേ, ഓരോരോ പണികളുമായി അമ്മ അടുക്കളയിലായിരിക്കും. പ്രത്യേകിച്ച്‌ പണിയൊന്നുമില്ലെങ്കിലും ഞാനും അവിടെ ചുറ്റിപറ്റിനിന്നു. അടുക്കളയില്‍ നിന്നും വിട്ടുപോന്നാല്‍ മരുമകളെക്കുറിച്ച്‌ അവരൊക്കെ എന്തു വിചാരിക്കുമെന്ന്‌ ഞാന്‍ കരുതി. അടുക്കളയിലിരിക്കുന്നതില്‍ അമ്മ ആനന്ദിക്കുന്നതുപോലെ തോന്നിയിരുന്നു. അമ്മയ്‌ക്കും മമ്മിയ്‌ക്കുമൊക്കെ അടുക്കള അള്‍ത്താരയായിരുന്നു. ഒരു പുരോഹിതന്റെ അധികാരവും വിശുദ്ധശുശ്രൂഷാ മനോഭാവവും ഞാനവരില്‍ കണ്ടു. ആഹാരം ഉണ്ടാക്കുകയും വിഭജിച്ചുകൊടുക്കുകയും ചെയ്യുന്ന അള്‍ത്താര. അവിടെയെല്ലാം ഞാന്‍ സഹായി ആയിരുന്നു.
തനിച്ച്‌ താമസിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ എന്റേതായ അടുക്കള എന്നത്‌ മനസ്സിലാകുന്നത്‌. വാടകവീടുകളില്‍ മിക്കതിലും അടുക്കളയുണ്ടായിരുന്നില്ല. അടുക്കളയായി പരിവര്‍ത്തിക്കപ്പെട്ട മുറികളില്‍ ഒരു ഗ്യാസ്‌ സ്റ്റൗവും ഏതാനും പാത്രങ്ങളുമായി തട്ടിക്കൂട്ട്‌ അടുക്കളകള്‍. അവിടെയും ചോറും പലഹാരവും കറികളുമുണ്ടായി. വീട്ടിലുള്ളവരും പഠിപ്പിക്കുന്ന കുട്ടികളും വന്നു കഴിച്ചുപോയി. അടുക്കളയെ വളരെ ഫ്‌ളെക്‌സിബിള്‍ ആയ ഒന്നായി ഞാന്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചു. പതിന്നാലുവര്‍ഷം എനിക്കൊപ്പം ഉണ്ടായിരുന്ന പാപ്പിയമ്മ അടുക്കളയുടെ അര്‍ത്ഥങ്ങള്‍ വ്യാഖ്യാനിക്കുന്നതില്‍ എന്നെ സഹായിച്ചു. കുഞ്ഞുങ്ങളെ അവര്‍ പൊന്നുപോലെ നോക്കി. മമ്മി പഠിപ്പിച്ച കറിക്കൂട്ടുകള്‍, രുചികള്‍ മക്കളുടെയും അജിച്ചായന്റെയും ഇഷ്ടങ്ങളായി മാറി. യൂണിയന്‍ ക്രിസ്‌ത്യന്‍ കോളേജിലെ പല കാലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കപ്പയും മീന്‍കറിയും കട്ടന്‍കാപ്പിയും കഴിക്കാന്‍ വന്നു. രാവിലത്തെ കുറെ സമയത്തെ പണി കഴിഞ്ഞാല്‍ അടുക്കള അനക്കമില്ലാതെ കിടന്നു. നാലുനേരം ആഹാരം വെന്തുകൊണ്ടിരുന്ന എന്റെ വീടിനും ഭര്‍ത്തൃഗൃഹത്തിനും പരിചയമില്ലാത്തതായിരുന്നു അടുക്കളയുടെ അനക്കമറ്റ നിലകള്‍. ക്ലാസില്ലാത്ത പകല്‍ സമയങ്ങള്‍ മക്കള്‍ക്കൊപ്പം കളിച്ചു. കഥപറഞ്ഞു, വായിച്ചു, സിനിമ കണ്ടു. പക്ഷേ, അപ്പോഴും ആരെങ്കിലും വരുമ്പോഴും വീട്ടിലുള്ളവര്‍ക്കും ഭക്ഷണം കൊടുക്കേണ്ടത്‌ എന്റെ കടമയാണെന്ന്‌ വിശ്വസിപ്പിക്കുന്ന മൂല്യവ്യവസ്ഥ എന്നെ ചുറ്റിപ്പറ്റി നിന്നു. എന്റെ വീട്ടിനകത്തെ റൂട്ടും മമ്മി വീട്ടില്‍ സഞ്ചരിച്ചിരുന്ന റൂട്ടില്‍ നിന്ന്‌ വ്യത്യാസമില്ലാത്തതായി. രാവിലെ ഉണര്‍ന്നാല്‍ വെളുപ്പിനെയാണെങ്കില്‍ കുറച്ചുനേരം വായിക്കും. ഇല്ലെങ്കില്‍ കിടപ്പുമുറിയില്‍ നിന്ന്‌ അടുക്കളയിലേയ്‌ക്ക്‌ ചലിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, ഇന്നിത്ര മതിയെന്നു നിശ്ചയിച്ചാല്‍ അങ്ങനെ മതിയാക്കാനും പുറത്തുനിന്ന്‌ ഭക്ഷണം വരുത്താനും വീട്ടിലുള്ളവര്‍ക്കും അതില്‍ കുട്ടുത്തരവാദിത്വം ഉണ്ടെന്നും ഓര്‍മ്മിപ്പിക്കാന്‍ പറ്റുന്ന വീടായി എനിക്കതിനെ ചിലപ്പോഴെങ്കിലും വ്യാഖ്യാനിക്കാനാകുന്നുണ്ട്‌.
പശുവും തൊഴുത്തും കോഴിയും പട്ടിയും പൂച്ചയുമൊക്കെ കുടുംബാംഗങ്ങള്‍ക്കൊപ്പം വീടിന്റെ അനിവാര്യതയായിരുന്ന മമ്മിയുടെ വീട്‌ (ഞാന്‍ വളര്‍ന്ന വീട്‌) പോലെയല്ല ഞാന്‍ ഇപ്പോള്‍ പെരുമാറുന്ന വീട്‌. മമ്മിയുടെ വീട്‌ കൃത്യമായ ചിട്ടകളും അധികാരവ്യവസ്ഥയുമുള്ള ഒന്നാണ്‌. അടുക്കള വീടിന്റെ തലസ്ഥാനവുമായിരുന്നു. പക്ഷേ, എന്റെ അടുക്കള അങ്ങനെയല്ല. ഏതു വാടകവീട്ടിലേയ്‌ക്കും റീയറേജ്‌മെന്റ്‌ ചെയ്യാവുന്ന ഒരിടമാണ്‌. പക്ഷേ ഇപ്പോഴും പെര്‍ഫക്ട്‌ ആയ അടുക്കളക്കാരിയാകാന്‍ എനിക്കു പറ്റുന്നില്ല.
പക്ഷേ ഞാന്‍ മോശമല്ലാത്ത പാചകക്കാരിയാണെന്ന്‌ എനിക്കുതന്നെ അറിയാം. അത്യാധുനിക കറികളും ആഹാരവുമൊന്നും അറിയില്ലെങ്കിലും സാധാരണ ജീവിതത്തിനു പറ്റുന്നവ എന്റെ കയ്യില്‍ ഉണ്ട്‌. കൈപുണ്യമെന്നൊക്കെ ആളുകള്‍ പറയുമ്പോള്‍ ഞാനും അതാസ്വദിക്കാറുണ്ടെന്നതാണ്‌ സത്യം. പക്ഷേ, വായിക്കാന്‍ വാങ്ങിയ പുസ്‌തകങ്ങള്‍ തുറക്കപ്പെടാതെ ഇരിക്കുമ്പോള്‍ ചെയ്യണമെന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യപ്പെടാതെ പോകുമ്പോള്‍ എല്ലാവരോടും ദേഷ്യപ്പെടും. പിന്നെയും, പഴയപടി ശീലിക്കപ്പെട്ട ഇണക്കമുള്ള നായയായി ജീവിതത്തിനു നേരെ വാലാട്ടും.
രുചിയില്ലാത്തതും വൃത്തിയില്ലാത്തതുമായ ഭക്ഷണം എനിക്കിഷ്ടമല്ല. ഒറ്റക്കറി മതി അതിനു രുചിവേണം. കരിമീന്‍ കുടംപുളിയും ഇഞ്ചിയും ഉള്ളിയും കറിവേപ്പിലയുമൊക്കെ ചുവന്ന മുളകുപൊടിയുമൊക്കെ ചേര്‍ന്നു വെന്തുവരുമ്പോള്‍ കട്ടിത്തേങ്ങാപ്പാല്‍ അതിനു മീതേ ചേര്‍ത്ത്‌ കരിമീന്‍കറി വിളമ്പാനും കഴിക്കാനും വലിയ ഇഷ്ടമാണ്‌. ഇഞ്ചി അരച്ചു പുര ട്ടി അല്‍പ്പനേരം വച്ചിട്ട്‌ പാതിവറത്തെടുത്ത്‌ മസാലകള്‍ ചേര്‍ത്തു ഞാന്‍ വയ്‌ക്കുന്ന കോഴിക്കറിയും കഴിക്കുന്നവര്‍ പിന്നെയും കഴിക്കാനിഷ്ടപ്പെടുന്നു. കപ്പ വേവിച്ചത്‌, ചക്ക വേവി ച്ചത്‌, തോരന്‍ കറികള്‍ എന്നിവയൊക്ക എന്റെ ഇഷ്ട ഇനങ്ങളാണ്‌. പ്രിയപ്പെട്ടവര്‍ അവയൊക്കെ തൃപ്‌തിയോടെ കഴിക്കുന്നു. മുളകുവറുത്ത്‌ വാളന്‍പുളിയും ഉള്ളിയും ഉപ്പും ചേര്‍ത്ത്‌ ഞാനുണ്ടാക്കുന്ന ചമ്മന്തി (ചട്‌നി) കഴിക്കാന്‍ ഇന്നും ഇളയ അനിയനു കൊതിയാണ്‌. അമ്മയുടെ രുചികള്‍ പ്രിയപ്പെട്ടതാണെന്ന്‌ മക്കളും നിന്റെ കൈകൊണ്ട്‌ വച്ചതെന്തും നല്ലതാണെന്ന്‌ അജിച്ചായനും, അതിഥികളും പറയുമ്പോള്‍ ഞാനും ആഹ്ലാദിക്കാറുണ്ട്‌. പക്ഷേ, ഇതാണ്‌ എന്റെ തട്ടകം എന്ന്‌ എന്നോടവര്‍ ഉറപ്പിച്ചു പറഞ്ഞാല്‍ എനിക്കതു പൊറുക്കാന്‍ പറ്റില്ലാ, സത്യം.
വായിച്ചതും സിനിമയില്‍ കണ്ടതുമായ രുചികള്‍ ഞാന്‍ പരീക്ഷിക്കാറുണ്ട്‌. സാറാ ജോസഫിന്റെ `മാറ്റാത്തി'യില്‍ ബീഫ്‌ കറിവയ്‌ക്കുന്നതിന്റെ ഒരു വിവരണം ഉണ്ട്‌. ഇറച്ചിയില്‍ മസാലയും ഉള്ളിയും ഇഞ്ചിയും വെളിച്ചെണ്ണയും ഉപ്പും തിരുമ്മിപ്പിടിപ്പിച്ച്‌ പാചകം ചെയ്യുന്നതായി അതില്‍ പറയുന്നുണ്ട്‌. എണ്ണ ഒഴിച്ച്‌ തിരുമ്മിപ്പിടിപ്പിച്ച്‌ ഞാന്‍ പാചകം ചെയ്‌തിരുന്നില്ല. എണ്ണയില്‍ ഇഞ്ചി, ഉള്ളി, വേപ്പില, തേങ്ങാക്കൊത്ത്‌ ഒക്കെ വഴറ്റി മസാല ചേര്‍ത്താണ്‌ പാചകം ചെയ്‌തിരുന്നത്‌. എന്നാല്‍, മാറ്റാത്തി വായിച്ചതിനുശേഷം അതു പരീക്ഷിച്ചിട്ടുണ്ട്‌. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസ്‌മരണയില്‍ അവിയല്‍ വയ്‌ക്കുന്ന ആഖ്യാനം, Like water for chocalates എന്ന സിനിമയിലെ പാചക രംഗങ്ങള്‍ എന്നിവയൊക്കെ കുറേ നാളത്തേയ്‌ക്ക്‌ എന്റെ മനസ്സില്‍ കൂടെകൂട്ടിയിരുന്നു.
ഇന്ന്‌ ഭക്ഷണം പുറത്തുനിന്നാകാം എന്നത്‌ ഇപ്പോള്‍ എന്റെ അടുക്കളയുടെ തീരുമാനത്തില്‍പ്പെടുത്താം. എന്നാല്‍ അടുക്കളയെന്ന മൂല്യവ്യവസ്ഥയുടെ ഭാഗമാണ്‌ ഞാനും. എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കാനും ശുശ്രൂഷ നല്‍കാനും വൃത്തിയാക്കാനുമുള്ളവളാണ്‌ ഞാനെന്ന ബോധം എനിക്കും കൂടെയുള്ളവര്‍ക്കും ഉണ്ട്‌. പത്തു ദിവസത്തേയ്‌ക്ക്‌ നിങ്ങള്‍ അടുക്കള നോക്ക്‌ എനിക്കൊരു നോവല്‍ എഴുതണമെന്നോ പുതിയ ഒരു പഠനം തയ്യാറാക്കണ മെന്നോ പറയാനോ പറഞ്ഞാല്‍ തന്നെ പ്രവര്‍ത്തിക്കാനോ എനിക്കു സാധിക്കുന്നില്ല. അമ്മേ, വിശക്കുന്നു എന്ന്‌ മക്കള്‍ പറഞ്ഞാല്‍, `ഞാന്‍ കൂടിത്തരാം കപ്പ ബിരിയാണി വയ്‌ക്കാം' എന്ന്‌ അജിച്ചായന്‍ പറഞ്ഞാല്‍ മോളേ, ഇത്തിരി ആട്ടിറച്ചി സ്റ്റൂ വയ്‌ക്ക്‌ എന്ന്‌ അമ്മയപ്പന്മാര്‍ പറഞ്ഞാല്‍, ``ചേച്ചി വയ്‌ക്കുന്ന മീന്‍കറി എന്തു രുചിയാ ഒന്നുണ്ടാക്കിത്തരുമോ''യെന്ന്‌ അനിയന്മാര്‍ ചോദിച്ചാല്‍ എന്റെ നോവലും പ്രബന്ധവും ഒക്കെ മാറിപ്പോകും. അവരുടെ ആവശ്യങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കേണ്ട അമ്മയും ഭാര്യയും മകളും ചേച്ചിയുമായി ഞാന്‍ മാറും. എഴുത്തുകാരി രണ്ടാമതായി പോകും. ഇതാണ്‌ എന്റെ അടുക്കളശാപം. അതില്‍ നിന്ന്‌ മോചനം നേടാന്‍ പറ്റിയിട്ടില്ല.
അടുക്കള ഒരു രൂപകനിര്‍മ്മിതിയായി നമ്മുടെ സാമൂഹ്യ ഇടങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്‌. പൊതു ഇടങ്ങളും അല്ലാത്തവയും എന്ന വേര്‍തിരിവ്‌ നിലനില്‍ക്കുകയും പൊതുഇടവും അധികാര രൂപങ്ങളും ആണിനും അല്ലാത്തവ പെണ്ണിനുമെന്നത്‌ അടുക്കളയുടെ രൂപകാത്മകാവിഷ്‌കാരമാണ്‌. ഇതിനെതിരെ എരിവുള്ള ജാഗ്രത അടുക്കളയില്‍ നിന്ന്‌ സ്‌ത്രീ അരങ്ങത്തെത്തി നാളേറെ കഴിഞ്ഞിട്ടും പാകപ്പെടുന്നില്ല. അടുക്കളയിലേയ്‌ക്ക്‌ അധിനിവേശം ചെയ്യുന്ന രുചികളും അധികാരത്തിന്റെ അടയാളങ്ങളാണ്‌. അപ്പോള്‍ അടുക്കള ഒരടുക്കളയല്ല. ഒരു ഒന്ന്‌ ഒന്നര അടുക്കളയാണ്‌.
എന്റെ മമ്മി പലപ്പോഴും അവര്‍ കണ്ട ഒരു സ്വപ്‌നത്തക്കുറിച്ച്‌ പറയുമായിരുന്നു. മമ്മി ഒരു പരീക്ഷ എഴുതാന്‍ പോകയാണ്‌. വീട്ടുജോലി തീര്‍ക്കാന്‍ തത്രപ്പെടുകയാണ്‌. ഒടുവില്‍ ഓടിക്കിതച്ച്‌ പരീക്ഷാഹാളില്‍ ചെല്ലുമ്പോള്‍ ലെയിറ്റ്‌ ആയിപ്പോകും. പലതവണ ഈ സ്വപ്‌നം മമ്മി കണ്ടതായി പറഞ്ഞിട്ടുണ്ട്‌. ആദ്യമൊക്കെ ഇതുകേള്‍ക്കുമ്പോള്‍ തമാശ തോന്നിയിരുന്നു. മുതിര്‍ന്ന സ്‌ത്രീയായപ്പോള്‍ അര്‍ത്ഥം എനിക്കു മനസ്സിലായിത്തുടങ്ങി. മമ്മി നന്നായി പഠിക്കാനും എഴുതാനും അഭിനയിക്കാനുമൊക്കെ കഴിവുള്ളയാളായിരുന്നു. സ്‌കൂള്‍ ടീച്ചറായിരുന്നു. കൂടുതല്‍ പഠിക്കാനും എഴുതാനും കൊതിച്ച മമ്മിയുടെ അബോധമാണ്‌ ഈ സ്വപ്‌നം നിര്‍മ്മിക്കുന്നതെന്ന്‌ ഇന്നെനിക്കറിയാം. വയ്‌ക്കലിന്റെയും വിളമ്പലിന്റെയും അവരുടെ കോരികകളില്‍ മടുപ്പിന്റെയും അതൃപ്‌തിയുടെയും മെഴുക്കുകള്‍ ഉണ്ടായിരുന്നു. ആ മെഴുക്കുകള്‍ ഇന്ന്‌ എന്റെ ജീവിതപ്പാതങ്ങളിലുമുണ്ട്‌. അടുക്കള അനിവാര്യതയായി പിന്തു ടരുമ്പോഴും ഇതെന്റെ സര്‍ഗ്ഗാത്മകതയെ പിന്നോട്ടടിക്കുന്ന ഒന്നാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.
എന്റെ എഴുത്തുജീവിതത്തിന്‌ ഞാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത്‌ അടുക്കളജീവിതത്തിലെ എന്റെ സഹപ്രവര്‍ത്തകരെയാണ്‌. എന്റെ സ്വന്തമായ അടുക്കളയില്‍ 14 കൊല്ലം പാപ്പിയമ്മയും പിന്നീട്‌ ഇപ്പോള്‍ വരെ യമുനയും നടത്തുന്ന പങ്കുവെക്കലുകള്‍ ജന്മാന്തരങ്ങളിലേക്കും നീളുന്ന കടപ്പാടുകളാണ്‌.
അടുക്കളയിലായിരിക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചിന്തകളും വരികളും മനസ്സില്‍ തന്നെ എഴുതി അവിടെത്തന്നെ എഡിറ്റു ചെയ്യേണ്ടിവരുന്നു. പലപ്പോഴും കഞ്ഞി വാര്‍ക്കുമ്പോളോ, മീന്‍ കഴുകുമ്പോഴോ, പച്ചക്കറി ഉലര്‍ത്തുമ്പോഴോ ആയിരിക്കും ഒരു കവിതയുടെ വരികള്‍ മനസ്സില്‍ വരുന്നത്‌. ജോലി ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ മനസ്സില്‍ എഴുതാന്‍ നോക്കിയാലും അതു മറന്നുപോകും. ഇതേ പ്രശ്‌നം തുണിയലക്കുമ്പോഴും കുട്ടികളുടെ കാര്യം നോക്കുമ്പോഴും സംഭവിക്കുന്നു. കാര്യങ്ങള്‍ ഒരു ഫിക്ഷന്‍ രൂപത്തില്‍ പറയുന്നതുകേള്‍ക്കുമ്പോള്‍ പലപ്പോഴും എന്റെ സുഹൃത്തുക്കള്‍ നിങ്ങള്‍ നോവലെഴുതു എന്ന്‌ പറയാറുണ്ട്‌. ഒരു 3 നോവലുകള്‍ എഴുതാന്‍ വേണ്ടുന്ന കാര്യങ്ങള്‍ ഒരു വണ്‍ലൈന്‍ രൂപത്തില്‍ നോട്ടുബക്കില്‍ കുറിച്ചിട്ടുണ്ടെങ്കിലും അതിനുവേണ്ടി മാത്രം ഇരിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും എഴുതാനും സാധിക്കാതെ പോകുന്നതില്‍ അടുക്കളയ്‌ക്ക്‌ ഒരു വലിയ പങ്കുണ്ട്‌. കുടുംബിനിയും എഴുത്തുകാരിയും എന്നതില്‍ ഒന്നിച്ചു വിജയിക്കുക എന്നത്‌ അത്ര എളുപ്പമല്ല. പലവ്യഞ്‌ജനപാത്രങ്ങള്‍ക്കിടയില്‍ എഴുത്തുപെന്‍സില്‍ സൂക്ഷിക്കുന്ന തന്നെക്കുറിച്ച്‌ ലളിതാംബിക എഴുതുന്നുണ്ട്‌. എന്റെ പലവ്യജ്ഞനപാത്രങ്ങള്‍ക്കിടയിലും അടുപ്പിന്‍ ചുവട്ടിലും വീട്ടിലിടപെടുന്നിടത്തെല്ലാം പേനയും കടലാസും പുസ്‌തകവും കാണുന്നു. എഴുത്തുമുറി എന്നയൊന്നിനു പകരം എവിടവും എഴുത്തിടമായി ജീവിച്ചുപോരുമ്പോള്‍ അവയൊക്കെഎഴുത്തിനു വിഷയമാകാം! `വെള്ളരി മുറിക്കുമ്പോള്‍'പിരിഞ്ഞത്‌, വെന്ത മണ്‍കുടം, പിടിയരിക്കാലം, ഗൃഹപ്രവേശം, `വെയിലിന്റെ മണം' പോലുള്ള ലേഖനങ്ങളും അടുക്കള മണമുള്ളവയാണ്‌. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും