സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

സ്‌ത്രീവിലാപം

വിമന്‍ പോയിന്റ് ടീം



പിറകില്‍നിന്നുള്ള കിതപ്പ്‌ വര്‍ദ്ധിക്കുന്നുണ്ട്‌. ശ്വാസം വലിച്ചെടുക്കാന്‍ വിഷമിക്കുന്നു. നടത്തത്തിന്റെ വേഗം കുറഞ്ഞും വരുന്നു. പരസ്‌പരബന്ധമില്ലാത്ത എന്തൊക്കെയോ പുലമ്പുന്നുണ്ട്‌..!
ഇനി ഏതാനും നിമിഷങ്ങള്‍...! നിമിഷങ്ങള്‍ മാത്രം...!
കാലങ്ങളോളം ആരും കാണാതെ മനസ്സിലൊളിപ്പിച്ച പകയുടെ പടം ഉയരുന്നു. മുഖത്തു പുഞ്ചിരി വിടരുന്നു. തിരിഞ്ഞുനോക്കാതെ പിറകിലെ ഓരോ ചലനങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ച്‌ അയാള്‍ നടന്നു.
വലിയ ആല്‍മരത്തിനരികിലൂടെ നിളാതീരത്തേക്കിറങ്ങിയപ്പോള്‍ പിറകില്‍ നിന്നുള്ള കിതപ്പും ശബ്ദങ്ങളും നിലച്ചുകഴിഞ്ഞിരുന്നു. പുഞ്ചിരി പൊട്ടിച്ചിരിയാവാതിരിക്കാന്‍ ശ്രമിച്ച്‌ അയാള്‍ തിരിഞ്ഞു നോക്കി. അവര്‍ ആല്‍മരത്തിന്റെ ചുവട്ടിലിരുന്ന്‌ തലതാഴ്‌ത്തി കിതയ്‌ക്കുകയാണ്‌. ചുമച്ചുചുമച്ച്‌ കഫം വായയിലൂടെ ഒലിച്ചിറങ്ങുന്നു. മുഖത്തേക്കുവീണ നരച്ച മുടിയിഴകള്‍ പൊന്തിച്ചു.
വിളറിവെളുത്ത ശുഷ്‌കിച്ച മുഖം..!
``ഇനി യാത്ര തുടരാന്‍ എനിക്കാവില്ല...! പന്ത്രണ്ട്‌ മക്കളെ പെറ്റവളാ ഞാന്‍...ന്റെ ചോരയും നീരും വറ്റിക്കഴിഞ്ഞു. ഒരു കുഞ്ഞിനെപ്പോലും വളര്‍ത്താന്‍ നിങ്ങളെന്നെ അനുവദിച്ചില്ല. ന്റെ കുട്ട്യോള്‌...!''
അയാള്‍ നിളയെ നോക്കി... അടക്കിവെക്കാന്‍ കഴിയാതെ ചിരിച്ചു. വീണ്ടും ഗൗരവം നടിച്ച്‌ അവരെ നോക്കി.
``ജീവിതത്തിലെ പാപങ്ങളില്‍ നിന്ന്‌ മോക്ഷം ലഭിക്കാന്‍ ഞാനീ ദേശാടനം തുടരുന്നു....''
അയാള്‍ പുഴയുടെ അരികിലൂടെ നടന്നു.
``....ന്റെ കുട്ട്യോളേ... ന്റെ കുട്ട്യോളെവിടെ...!''
കൊല്ലുക...!
ഒരു സ്‌ത്രീയെ...!
അതും ബ്രാഹ്മണനായ താന്‍...!
കഴിയില്ലായിരുന്നു. എത്ര ശ്രമിച്ചിട്ടും അതിന്‌ കഴിഞ്ഞില്ല. കൊല്ലാതെ കൊല്ലുക, അതായിരുന്നു ലക്ഷ്യം.
ഇന്നതിന്‌ പൂര്‍ണ്ണവിരാമം വീണിരിക്കുന്നു.
താന്‍ വിവാഹം കഴിക്കുന്നത്‌ പറയിപ്പെണ്ണിനെയായിരിക്കുമെന്ന സത്യം വനദേവതമാരില്‍നിന്ന്‌ യാദൃച്ഛികമായി അറിയാനിടയായതിനാലാണ്‌ അതിനെ ഉന്മൂലനം ചെയ്യാനുള്ള വഴികളുമായി അയാള്‍ രാജസന്നിധിയിലെത്തിയത്‌.

``അല്ലയോ മഹാരാജന്‍, ഇന്നലെ ഒരു പറയന്റെ മാടത്തില്‍ ഒരു പറയി പ്രസവിച്ച പെണ്‍കുട്ടിയുണ്ട്‌. ജാതകഫലത്തില്‍ കുഞ്ഞിന്‌ മൂന്നുവയസ്സ്‌ തികയും മുമ്പ്‌ രാജ്യം നശിക്കുമെന്ന്‌ കാണുന്നു. അതിനെ ഉടന്‍ നശിപ്പിക്കുന്നതാണ്‌ ഉത്തമം.''

ജ്യോതിശാസ്‌ത്രതത്ത്വജ്ഞനായ ബ്രാഹ്മണോത്തന്റെ വാക്കുകള്‍ പിഴക്കില്ലെന്ന വിശ്വാസത്താല്‍, രാജാവിന്റെ ആജ്ഞയുയര്‍ന്നു. ഭടന്മാര്‍ വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയ ചങ്ങാടത്തില്‍ കുഞ്ഞിനെ കിടത്തി, ശിരസ്സില്‍ പന്തം കൊളുത്തിക്കുത്തി പുഴയിലൂടെ ഒഴുക്കി.
വിധിയെ പഴിച്ചിട്ട്‌ കാര്യമില്ല...! അവരെല്ലാം മറച്ചുവെയ്‌ക്കുകയായിരുന്നു. അറിഞ്ഞിരുന്നെങ്കില്‍ പിന്‍മാറുമായിരുന്നു. കന്യകയുടെ ബുദ്ധിസാമര്‍ത്ഥ്യത്തിനുമുന്‍പില്‍ എല്ലാംമറന്നു...! അഗ്നിസാക്ഷിയായി വരണമാല്യം ചാര്‍ത്തി.

ഓട്ടുവിളക്കിലെ പ്രകാശമണഞ്ഞു. ഇരുട്ടറയിലെ കിളിവാതിലിലൂടെ വരുന്ന ചന്ദ്രപ്രകാശത്തില്‍ ചന്ദനക്കട്ടിലില്‍ കിടക്കുന്ന വെളുത്ത ഉടയാത്ത ശരീരം, കണ്ണുകളില്‍ കുളിര്‍ കോരിയിട്ടു. മദിപ്പിക്കുന്ന അവയവങ്ങള്‍ അയാളെ മാടിവിളിച്ചു. ശരീരത്തില്‍ പിണഞ്ഞ്‌ ഇഴഞ്ഞു കയറി രതിസുഖത്തിന്റെ ഉന്മാദാവസ്ഥയിലെത്തിയ അയാള്‍, ശരീരത്തിന്റെ ചൂടും ആസ്വദിച്ച്‌ കിടക്കുമ്പോഴാണ്‌ കൈകള്‍ ശിരസ്സിലേക്ക്‌ നീങ്ങിയത്‌. മൂര്‍ദ്ധാവിലെ മുഴ അയാളെ അസ്വസ്ഥനാക്കി.
``ഇത്‌...!''
``ഇതൊരു പന്തം തറച്ച പാടാണ്‌. അമ്മ കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ വാഴപ്പിണ്ടിച്ചങ്ങാടത്തില്‍ പുഴയിലൂടെ ഒലിച്ച്‌ വരുന്ന എന്നെ കിട്ടിയത്‌. തലയില്‍ ഒരു പന്തവും തറച്ചിരുന്നത്രെ... അമ്മ എന്നെ എടുത്ത്‌ വളര്‍ത്തി.''

അയാള്‍ ചന്ദനക്കട്ടിലില്‍ നിന്ന്‌ പിടഞ്ഞെഴുന്നേറ്റു. ഉടുതുണിയുടുത്ത്‌ കിളിവാതിലിന്റെ അഴികളില്‍ പിടിച്ചുപുറത്തേക്കു നോക്കി നിന്നു. ശരീരം തളരുന്നു. പുറത്തുനിന്ന്‌ തണുത്ത കാറ്റ്‌ വീശുന്നുണ്ടെങ്കിലും വിയര്‍പ്പിന്റെ കുത്തൊഴുക്ക്‌ അവസാനിക്കുന്നില്ല.

വിക്രമാദിത്യരാജാവിന്റെ സേവകനായ ബ്രാഹ്മണന്‍...ഒരു പറയിപ്പെണ്ണിനെ..! 
ഈ സത്യം ആരെങ്കിലും അറിഞ്ഞാല്‍....!
രാജധാനിയിലേക്ക്‌ യാത്രയാവുന്നതിനേക്കാള്‍ നല്ലത്‌ ആത്മഹത്യയാണ്‌...!
രതിസുഖത്താല്‍ മയങ്ങുന്ന കന്യകയെ കണ്ടപ്പോള്‍ അയാളിലെ വിദ്വേഷം ആളിക്കത്തി. കൈകള്‍ നിവര്‍ന്നു. അവരുടെ കഴുത്തിനെ ലക്ഷ്യം വെച്ച്‌ വളയാകൃതിയില്‍ രൂപപ്പെട്ട വിരലുകള്‍ നീങ്ങി. കഴുത്തില്‍ വിരലുകളമര്‍ന്നു. സര്‍വ്വശക്തിയും ഉപയോഗിച്ച്‌ അമര്‍ത്തി.
കഴിയുന്നില്ല...! കഴിയുന്നില്ല! അയാള്‍ നിലത്തിരുന്ന്‌ കരഞ്ഞു.
യാത്രയുടെ ആരംഭം.

കലുഷിതമായ മനസ്സുമായി കാടും പുഴകളും മലകളും താണ്ടിയുള്ള യാത്ര...
പ്രതികാരത്തിന്റെ നാനാവീഥികള്‍ മുന്‍പില്‍...
ഏത്‌ തിരഞ്ഞെടുക്കണം...!
ഏതിലെ മുന്നേറണം...!
അവര്‍ കാട്ടാറിനരികിലിരുന്ന്‌ വെള്ളം കുടിക്കുമ്പോള്‍, അയാള്‍ മരങ്ങള്‍ക്കിടയിലേക്കു മറഞ്ഞു. ചമ്മല നിറഞ്ഞ വഴിത്താരയിലൂടെ ഓടി. പെട്ടെന്ന്‌ കാലുകള്‍ നിശ്ചലമായി.
വിക്രമാദിത്യരാജധാനിയിലേക്ക്‌ അവള്‍ വന്നാല്‍...
രാജാവിന്റെ സേവകനായ ഈയാളാണെന്റെ കാന്തനെന്ന്‌ പറഞ്ഞാല്‍!
അടവിയില്‍ എന്നെ ഉപേക്ഷിച്ചു രക്ഷപ്പെട്ട നീചനാണിയാളെന്ന്‌ വെളിപ്പെടുത്തിയാല്‍!
അയാള്‍ പിന്തിരിഞ്ഞു. നടന്നു നടന്ന്‌ കാട്ടാറിനരികിലെത്തി. വിവശയായ അവര്‍ അയാളുടെ അരികിലേക്കോടിയെത്തി. കണ്ണുകള്‍ തുടച്ച്‌ ഗദ്‌ഗദത്തോടെ ചോദിച്ചു.
``അങ്ങ്‌ എവിടെപ്പോയിരുന്നു... ഞാന്‍ പേടിച്ചു.''
അയാള്‍ ഒന്നും മിണ്ടാതെ നടന്നു.
ഈറ്റുനോവാല്‍ പിടഞ്ഞുരുണ്ട്‌ രാത്രി. രാവെളിച്ചത്തില്‍, കുറ്റിപ്പൊന്തകള്‍ക്കിടയിലൂടെ യോനീനാളത്തിലെ ചുടുരക്തപ്രവാഹം അയാള്‍ കണ്ടു.
നിലയ്‌ക്കാത്ത രക്തപ്രവാഹം...!
യാത്രയ്‌ക്ക്‌ ഇവിടെ വിരാമം വീഴുമെന്ന പ്രതീക്ഷയില്‍, വിക്രമാദിത്യരാജധാനിയിലേക്കുള്ള യാത്രയ്‌ക്ക്‌ വട്ടംകൂട്ടുമ്പോഴാണ്‌ കരയുന്ന ചോരക്കുഞ്ഞിനേയും കൊണ്ട്‌ അവര്‍ വന്നത്‌.
``ആണ്‍കുഞ്ഞ്‌....നമുക്കൊരാണ്‍കുഞ്ഞ്‌...''
തോളിലെ ഭാണ്ഡക്കെട്ട്‌ താഴേക്ക്‌ വീണു. പാലമരത്തില്‍ ചാരി നിര്‍ന്നിമേഷനായി അയാള്‍ നിന്നു. അശാന്തിയുടെ കടവാതിലുകള്‍ ശിഖരങ്ങളില്‍ നിന്ന്‌ ചിറകടിച്ച്‌ പറന്നു. മുലപ്പാലിനായി ചുണ്ടനക്കുന്ന കുഞ്ഞിനെ നോക്കിയപ്പോള്‍ ചില ചിന്തകള്‍ ഉള്ളിലേക്ക്‌ ഊളിയിട്ട്‌ കയറി. അയാള്‍ അവരുടെ അരികിലേക്കു നടന്നു.
``കുഞ്ഞിന്‌ വായുണ്ടോ....?''
``ഉണ്ട്‌.''
``വായുള്ളവര്‍ക്ക്‌ ഈശ്വരന്‍ തുണ; അതിനെ ഉപേക്ഷിക്കൂ...''
മരച്ചുവട്ടില്‍ കിടന്ന്‌ കരയുന്ന കുഞ്ഞിനെ നോക്കി നില്‍ക്കുന്ന അവരെ വലിച്ചുകൊണ്ട്‌ അയാള്‍ നടന്നു. കുഞ്ഞിന്റെ രോദനവും അവരുടെ നിലവിളിയും. അയാള്‍ പതറിയില്ല. പിന്നീടവര്‍ ഒന്നും മിണ്ടിയില്ല. അയാള്‍ക്ക്‌ അനുസരിക്കുന്ന പാവയായി പിറകെ നടന്നു.
സംയോഗങ്ങളാല്‍ അവരെ ഗര്‍ഭിണിയാക്കി. ശാരീരികപീഡനമേല്‍പ്പിക്കുക. ചോരക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ മാനസിക പീഡനത്തിന്റെ അസ്‌ത്രങ്ങള്‍ വ്രണിതഹൃദയത്തിലേക്ക്‌ എയ്‌തുവിടുക, അയാളുടെ പ്രതികാരമുറകള്‍ അതായിരുന്നു.

അവസാനം മനസ്സിനേറ്റ പന്ത്രണ്ട്‌ മുറിപ്പാടുകള്‍ വലിയ വ്രണമായി. രക്തഹീനവും രോഗഗ്രസ്‌തവുമായ ശരീരം കടപുഴകി വീണു. ``ന്റെ കുട്ട്യോളേ... ന്റെ കുട്ട്യോളെവിടെ?'' അന്ധകാരനിമഗ്നമായ നീളാതീരത്തെ കാറ്റിലാടുന്ന ആല്‍മരച്ചുവട്ടിലെ ഇളകുന്ന ഇരുണ്ടരൂപത്തില്‍ നിന്നുയരുന്ന വിലാപം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും