കൊഴിഞ്ഞുപോയ കാലമേ നീയെന്താണൊന്നുമുരിയാടാത്തത്? നിനക്ക് ആദിയില്ലല്ലോ അന്തവും കഥകളനേകം ചൊരിയുന്നുണ്ട് തലമുറകള്‍ നിന്നിലേക്ക് ജീവിതനദികളനേകം കലര്‍ന്നൊഴുകുന്നുണ്ട് നിന്നിലേക്ക് മൂകഭീതിദമായൊരു സാഗരമാണു നീ എന്താണ് നീയൊന്നുമുരിയാടാത്തത്? എനിക്കറിയാം നീ അബോധത്തിലല്ലെന്ന് ഓരോരോ കാലത്ത് ഇളക്കിമറിച്ചിട്ടുണ്ട് നീയെന്റെ ഹൃദയത്തെ കാലത്തിന്റെ നിഗൂഢതകളെ ഉഴുതുമറിച്ച് നിധികുംഭങ്ങളെനി- ക്കായി തുറന്നുവച്ചിട്ടുണ്ട് കരുത്തു പകരാന്‍ പല കാലത്ത് പല നാടുകളില്‍ ശബ്‌ദമില്ലാത്തവളായി നീ പണിയെടുത്തു എങ്കിലും നീ മൂകയും പ്രച്ഛന്നയുമല്ലോ എന്റെ ഹൃദയത്തോട് പറയൂ എല്ലാവരും വിസ്‌മരിച്ചത് എന്നോട് പറയൂ നീ കുറിച്ചിട്ടിരിക്കുന്ന അവരുടെ കഥകള്‍ വായിക്കെനിനിക്കൊരു ഭാഷ വേണം കേള്‍ക്കാനെനിക്കൊരു ഭാഷ വേണം എന്റെ ദൈവമേ! എന്നോടു പറയൂ എനിക്കായി കരുണ ചൊരിയൂ ആ ഓര്‍മ്മകള്‍ പകര്‍ത്താനെ- നിക്കൊരു ഭാഷ തരൂ ആ ഓര്‍മ്മകളേറ്റു പാടാനെ- നിക്കൊരു ശബ്‌ദം തരൂ (കടപ്പാട് `ദി പാസ്റ്റ്' രവീന്ദ്രനാഥടാഗോര്‍) 2014 ഏപ്രില്‍ 4-ന് ജസ്റ്റീസ്‌മാരായ കെ. ടി. ശങ്കരനും എം. എല്‍. ജോസഫും ഉള്‍പ്പെടുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നടത്തിയ സൂര്യനെല്ലികേസ് വിധിപ്രസ്‌താവം നിയമപോരാട്ടങ്ങളുടെ ചരിത്രവഴിയില്‍ നാഴികക്കല്ലാകുകയാണ്. ഇപ്പോള്‍ ഈ കോടതി വിധി വരുമ്പോള്‍ കാലമേറെ മാറിയിരിക്കുന്നു. സമൂഹമനസ്സും മാറിയിട്ടുണ്ട്. സ്‌ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ധാരാളം നിയമനിര്‍മ്മാണങ്ങളും ഇടപെടലുകളും ഇതിനോടകം ഉണ്ടായിട്ടുണ്ട്. ദില്ലി കൂട്ടബലാത്സംഗവും പെണ്‍കുട്ടിയുടെ മരണവും ഇന്ത്യന്‍സമൂഹമനസ്സാക്ഷിയെ ആഴത്തില്‍ സ്‌പര്‍ശിക്കുകയും അതിനെതിരെ സമൂഹം ഒന്നാകെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന പ്രതീതിയുണ്ടാകുകയും ചെയ്‌തു. ഈ പശ്ചാത്തലത്തിലാണ് സൂര്യനെല്ലിക്കേസിന്റെ പുതിയവിധി. `ഇരയുടെ മൊഴി ഒരിക്കലും അവിശ്വസിക്കേണ്ടതില്ലെന്ന' പ്രസ്‌താവന നീതി നിര്‍വ്വഹണമെന്നതിലുപരി അവള്‍ക്കും അവളുടെ കുടുംബത്തിനും വൈകി ലഭിച്ച ഒരു സാമൂഹികനീതി കൂടിയാണ്. 2005 ജനുവരി 20-ന് ജസ്റ്റീസ്‌മാരായ കെ. അബ്‌ദൂള്‍ ഗഫുറൂം ആര്‍. ബസന്തും ഉള്‍പ്പെടുന്ന ഹൈക്കോടതി ബഞ്ച് വിചാരണക്കോടതിയുടെ വിധിയെ തത്ത്വത്തില്‍ അപ്പാടെ റദ്ദുചെയ്യുകയും ധര്‍മ്മരാജിന് മാത്രം കേവലം അഞ്ചുവര്‍ഷം ശിക്ഷ നല്‍കുകയും ചെയ്‌തു. 40 ദിവസം നീണ്ടുനിന്ന പീഡനങ്ങളെയും തട്ടിക്കൊണ്ടുപോകലിനെയും ആ കുപ്രസിദ്ധവിധി വിശേഷിപ്പിച്ചത്, `ഒരു വഷളുപെണ്‍കുട്ടിയുടെ ഉല്ലാസയാത്രയായാണ്' മറ്റുപ്രതികളെ സംബന്ധിച്ച് ചെറിയൊരു സദാചാരപ്രശ്‌നമേ ഉള്ളൂ എന്നാണ് കോടതി നിരീക്ഷിച്ചത്. ഒരു പതിനാറുകാരിക്ക് നേരിടേണ്ടിവന്ന ക്രൂരമായ ലൈംഗികപീഡനവും ശാരീരികപീഡനവും അവളുടെയും കുടുംബത്തിന്റെയും ജീവപര്യന്തഏകാന്തതടവായും അവഹേളനം ആയിമാറുന്നത് 2005-ലെ ഈ ഹൈക്കോടതി വിധിയിലൂടെയാണ്. 18 വര്‍ഷത്തിനുശേഷം അതേ കോടതിയിലെ മറ്റൊരുബഞ്ച് നീതിയോട് കാണിച്ച പ്രത്യേക കരുതല്‍ ആ കറുത്തപാടുകളെ കുറഞ്ഞൊന്ന് ഉരച്ച് മായിച്ച് കളയും. 1996 ജനുവരി 16. അന്നായിരുന്നു കേരളത്തിനെ കീഴ്‌മേല്‍ മറിച്ച ആ സംഭവങ്ങളുടെ തുടക്കം. മൂന്നാര്‍ ലിറ്റില്‍ഫ്‌ളവര്‍ ഗേള്‍സ് ഹൈസ്‌ക്കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു അവള്‍ അന്ന്. സ്‌കൂള്‍ ബോര്‍ഡിംഗില്‍ താമസം. അവളുടെ പപ്പ മൂന്നാര്‍ ടൗണിലെ പോസ്റ്റ്‌മാസ്റ്റര്‍. ആഴ്‌ച അവസാനം അവളും പപ്പയോടൊപ്പം സൂര്യനെല്ലിയിലേക്ക് പോകും. തിങ്കളാഴ്‌ച തിരിച്ച് സ്‌കൂളിലേക്ക് വരും. അതായിരുന്നു പതിവ്. അന്ന് ആ ജനുവരി 16-ന് രാവിലെ പപ്പയോടൊപ്പം അവള്‍ വീട്ടില്‍നിന്ന് വന്നതേ ഉണ്ടായിരുന്നുള്ളൂ. അന്ന് വൈകുന്നേരമാകുമ്പോഴേയ്‌ക്കും ബോര്‍ഡിംഗില്‍നിന്ന് ഒരു ഫോണ്‍ വന്നു. കുട്ടി ഇതുവരെ ബോര്‍ഡിംഗില്‍ എത്തിയിട്ടില്ലെന്നായിരുന്നു സന്ദേശം. തളര്‍ന്ന് ഇരുന്നുപോയെങ്കിലും തൊഴിലാളിസംഘടനാപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ആ പിതാവ് മൂന്നാര്‍ പോലീസ്‌സ്റ്റേഷനിലെത്തി പരാതി കൊടുത്തു. ഒന്നാംപ്രതി രാജുവിനോടൊപ്പമാണ് അവളെ കാണാതായതെന്ന സംശയവും പ്രകടിപ്പിച്ചിരുന്നു. ഫെബ്രുവരി 19-ന് പോലീസ് രാജുവിനെ കസ്റ്റഡിയിലെടുത്തെങ്കിലും ആ പിതാവിന്റെ മുഖത്ത് നോക്കി ഒരു പരിഹാസച്ചിരിയോടെ അയാള്‍ അപ്പോഴെ അവിടെനിന്ന് ഇറങ്ങിപ്പോയി. പിന്നീടുള്ള 40 ദിവസം!! പോലീസ് കാര്യമായൊന്നും ചെയ്‌തില്ല. ഇടയ്‌ക്കിടെ വരുന്ന അജ്ഞാതഫോണ്‍കോളുകള്‍, ഭീഷണികള്‍, ഫോണില്‍ക്കുടിയുള്ള അവളുടെ നിലവിളികള്‍.... ഭ്രാന്തുപിടിച്ചതുപോലെ ആ പിതാവ് നാട്ടില്‍ നെടുകെയും കുറുകെയും പാഞ്ഞുനടന്നു. 40 ദിവസങ്ങള്‍ക്കുശേഷം ഫെബ്രുവരി 26-ന് പിതാവിന്റെ ഓഫീസിനുമുന്നില്‍ പ്രത്യക്ഷപ്പെടുന്നതുവരെ അവളെ കണ്ടുപിടിക്കാനായില്ല. ജീര്‍ണ്ണിച്ചു ചീര്‍ത്ത ശരീരവുമായി തിരിച്ചെത്തിയ പെണ്‍കുട്ടി കഴിഞ്ഞ 40 ദിവസങ്ങളില്‍ എന്തുസംഭവിച്ചു എന്ന് പറഞ്ഞു. സൂര്യനെല്ലി-മൂന്നാര്‍ ബസ്സിലെ ക്ലീനറായിരുന്നു രാജു. പെണ്‍കുട്ടിയെ പ്രണയം നടിച്ച് അവന്‍ വശത്താക്കി. അവനോടൊപ്പം ഇറങ്ങിവരാന്‍ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. രാജു കൈവശപ്പെടുത്തിയ അവളുടെ ഫോട്ടോ മോര്‍ഫ് ചെയ്‌ത് പപ്പായുടെ ഓഫീസിനുമുമ്പില്‍ ഒട്ടിക്കുമെന്ന് ഭയപ്പെടുത്തി. കല്യാണം കഴിച്ച് എവിടെയെങ്കിലും ജീവിക്കാമെന്ന് പ്രലോഭിപ്പിച്ച് അവളെ കോതമംഗലം ബസ്സില്‍ കയറ്റി. അത് ജനുവരി 16-നായിരുന്നു. കോതമംഗലത്ത് എത്തിയപ്പോള്‍ രാജുവിനെ കാണാതെ പെണ്‍കുട്ടി പരിഭ്രാന്തയായി. ബസ്സില്‍ കാലേകൂട്ടി അവളുടെ സീറ്റിനടുത്ത് ഇരിപ്പുറപ്പിച്ചിരുന്ന ഉഷ, സഹായിക്കനെന്നോണം അടുത്തുകൂടുകയും പെണ്‍കുട്ടിയെ കോട്ടയത്ത് വച്ച് അഡ്വ. ധര്‍മ്മരാജിന് കൈമാറുകയും ചെയ്‌തു. ധര്‍മ്മരാജന്‍ ലോഡ്‌ജ്‌മുറിയില്‍ വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തു. കഠിനമായി ദേഹോപദ്രവം ഏല്‍പ്പിച്ചു. പിന്നിടുള്ള 40 ദിവസം കേരളത്തിലും തമിഴ്‌നാട്ടിലുമായി വിവിധകേന്ദ്രങ്ങളിലായി പെണ്‍കുട്ടി കൂട്ടബലാത്സംഗങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായി. അവളുടെ ചെറിയ കുണുക്കു കമ്മലുകളും വെള്ളിപ്പാദസരങ്ങളും വരെ ധര്‍മ്മരാജന്‍ പിടിച്ചു വാങ്ങി വിറ്റു. അവസാനം കടിച്ചുപറിച്ച പാടുകളും മാന്തിക്കീറിയ മുറിവുകളുമായി രക്തവും പഴുപ്പും ശ്രവിക്കുന്ന ശരീരവുമായി അവളെ മൂന്നാറിലേക്കുള്ള ബസ്സില്‍ കയറ്റിവിട്ടു. ശരീരം ഇറുന്നപോകുന്ന വേദനയോടുകൂടി വേച്ച്‌വേച്ച് നടക്കുന്ന അവളെയുംകൂട്ടി അടിമാലി ടൗണിലും മൂന്നാര്‍ ടൗണിലും പോലീസ് തെളിവെടുപ്പ് നടത്തി. ആ മാതാപിതാക്കളും പെണ്‍കുട്ടിയും കുനിഞ്ഞ ശിരസ്സോടെ ആര്‍ത്തിരമ്പുന്ന ആയിരക്കണക്കിനാളുകളുടെ നടുവിലൂടെ പലവട്ടം വേച്ചുവേച്ചു നടന്നു. ആത്മഹത്യയ്‌ക്കും ജീവിതത്തിനുമിടയില്‍ ചിതറിയോടുന്ന ആ ജീവിതങ്ങള്‍ക്ക് ഇന്നുവരെയും ആ ശിരസ്സുകളൊന്ന് ഉയര്‍ത്തിപ്പിടിക്കാനായിട്ടില്ല. ഞങ്ങളല്ല, ഞങ്ങളുടെ മകളല്ല തെറ്റുചെയ്‌തതെന്ന് ഉറച്ചുപറയാന്‍, തെറ്റ് ചെയ്‌തവര്‍ ശിക്ഷിക്കപ്പെടണമെന്ന് ഉറപ്പിച്ചുപറയാന്‍ എത്ര തീ നിലങ്ങളാണ് അവര്‍ക്ക് തരണം ചെയ്യേണ്ടിവന്നത്. മനസ്സ് കല്ലായിപോയെങ്കിലും സ്വന്തം അമ്മ മരിച്ചിട്ടുകൂടി കാണാന്‍ അനുവാദമില്ലാതെ വന്നത് ഓര്‍ക്കുമ്പോള്‍ ആ പിതാവ് നെഞ്ച് ഇപ്പഴും കനക്കുന്നുണ്ട്. അദ്ദേഹത്തിന് ഹൃദ്‌രോഗവും പ്രേമഹവും; അമ്മയ്‌ക്ക് പ്രഷറും ഹൃദ്‌രോഗവും; രണ്ടുപേരും ബൈപാസ് സര്‍ജറി കഴിഞ്ഞവര്‍; നിരന്തരം രോഗാവസ്ഥയില്‍.... പള്ളിയും ആസ്‌പത്രിയുമാണ് അവരുടെ സാമൂഹിക ഇടങ്ങള്‍. അവസാനം പള്ളികൂടി അവരെ തള്ളിപ്പറയുന്ന ഒരു കാലഘട്ടമുണ്ടായി. കേസ് ഒക്കെ തീര്‍ന്നിട്ടുമതി പള്ളിയില്‍ വരുന്നത് എന്ന് പള്ളിയില്‍നിന്ന് ശാസനയുണ്ടായി. അതവരെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. 2012 ഫെബ്രുവരി 6-ന് അവള്‍ ബസ്സുകയറാന്‍ നിന്നടത്തുനിന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അവളെ അറസ്റ്റ് ചെയ്‌തോണ്ടുപോകുമ്പോഴാണ് കോട്ടയത്തെ അവരുടെ പുതിയ വീടിന്റെ അയല്‍വാസികള്‍ അവള്‍ സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ടു തിരിച്ചറിയുന്നത്. 2006 മുതല്‍ കോട്ടയത്ത് ഏതാണ്ടൊരു ഒളിവുതാമസമായിരുന്നു അവരുടേത്. ഏറെ ആഗ്രഹിച്ച് മൂന്നാറില്‍ വച്ച വീട് കിട്ടിയ വിലയ്‌ക്ക് വിറ്റ് രായ്‌ക്കുരായ്‌മാനം പോന്നതാണ് കോട്ടയത്തേക്ക്. നിവൃത്തിയില്ലാഞ്ഞിട്ടാണ് ലൗവ് ഡേയില്‍ എന്നു പേരിട്ടിരുന്ന മൂന്നാറിലെ വീട് വിറ്റത്. അത്രയ്‌ക്ക് ഒറ്റപ്പെട്ടതും അപമാനിതവുമായ ജീവിതമായിരുന്നു അവിടുത്തേത്. ആ വീടിന്റെ പാലുകാച്ചലിനെക്കുറിച്ച് പറയുമ്പോള്‍ അവളുടെ അമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. പപ്പായുടെ പെന്‍ഷന്‍ പണം സ്വരൂക്കുട്ടിയാണ് വീട് വച്ചത്. കേസ്സുകാലത്ത് കൂടെയുണ്ടായിരുന്നവരേയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയുംമെല്ലാം പാലുകാച്ചലിന് ക്ഷണിച്ചു. 800 പേര്‍ക്ക് വേണ്ട ഭക്ഷണസാധനങ്ങള്‍ ഒരുക്കി. പക്ഷേ, സംഭവിച്ചത് അവര്‍ 4 പേര്‍ മാത്രമായി കയറിത്താമസിക്കേണ്ടിവന്നു. ഈ അനുഭവം ജീവിതത്തില്‍ ഉടനീളം ഏറിയും കുറഞ്ഞും അവര്‍ അനുഭവിച്ചുകൊണ്ടേയിരുന്നു. അതിനിടയിലാണ് അവള്‍ ജോലി ചെയ്‌തിരുന്ന ചങ്ങനാശ്ശേരി ഇന്‍കംടാക്‌സ് ഓഫീസിലെ പണാപഹരണപ്രശ്‌നം. കരുതിക്കൂട്ടി അവളെ പ്രതിയാക്കുകയായിരുന്നു എന്നതിന് സംശയമില്ല. രണ്ടുലക്ഷത്തിഇരുപത്തിയാറായിരം രൂപ അവള്‍ അപഹരിച്ചുവെന്നായിരുന്നു ആരോപണം. വകുപ്പുതല അന്വേഷണത്തില്‍ മേലുദ്യോഗസ്ഥരുള്‍പ്പെടെ 4 പേരെ നിര്‍ബ്ബന്ധിതസ്ഥലമാറ്റത്തിന് വിധേയമാക്കി. ഇതിനിടയില്‍ ഒരുദിവസം അവളെ ഓഫീസില്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും മാതാപിതാക്കളെ വിളിച്ചുവരുത്തി ഈ തുക അത്രയും അടപ്പിക്കുകയും ചെയ്‌തു. മാത്രമല്ല അവളെക്കൊണ്ട് താനാണ് ഈ പണമെടുത്തതെന്നും അത് തിരിച്ചടയ്‌ക്കുന്നുവെന്നും രേഖയുണ്ടാക്കി ഒപ്പുവയ്‌പ്പിക്കുകയും ചെയ്‌തു. ഈ സംഭവങ്ങള്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് യാദൃശ്ചികമായ അറസ്റ്റ്. ഉമ്മന്‍ചാണ്ടി ഗവണ്മെന്റ് അധികാരമേറ്റിട്ട് 2 മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. 7 ദിവസം പൂര്‍ണ്ണമായും അവളെ കസ്റ്റഡിയില്‍ വെച്ചു. 8-ാം ദിവസം ജാമ്യം കൊടുത്തെങ്കിലും എല്ലാ ആഴ്‌ചയും ക്രൈബ്രാഞ്ച് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ബ്ബന്ധിച്ചു. അതോടെ അവളെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ആ സസ്‌പെന്‍ഷന്‍ എട്ടുമാസം നീണ്ടുനില്‍ക്കുകയും ചെയ്‌തു. ഇതൊക്കെ കണ്ട് നിശബ്‌ദമായി നിന്ന സമൂഹത്തില്‍ മനസ്സ് മരവിച്ചിട്ടില്ലാത്ത ഒരുപറ്റം ആള്‍ക്കാരുടെ ശക്തമായ ഇടപെടല്‍കാരണമാണ് അവളെ തിരിച്ച് ജോലിയില്‍ എടുത്തത്. അവള്‍ക്കും അവളുടെ കുടുംബത്തിനും നേരിടേണ്ടിവന്ന ചില പ്രതിസന്ധികള്‍മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. സൂര്യനെല്ലി കേസില്‍ അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന പി. ജെ. കൂര്യന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി ആരോപിക്കുന്നതോടെയാണ് ഒന്നിനുമേല്‍ ഒന്നായി കെണികളൊരുങ്ങുന്നത്. അഭയാകേസില്‍ എന്തിനാണ് അവളെ ചോദ്യംചെയ്‌തത്? അഭയ കൊല്ലപ്പെടുമ്പോള്‍ അവള്‍ക്ക് വെറും പതിനൊന്ന് വയസ്സ്. ഒരേ ഹോസ്റ്റലില്‍പോലും അവര്‍ ഒന്നിച്ച് താമസിച്ചിട്ടില്ല. സൂര്യനെല്ലിക്കേസിലെ ഒരു പ്രതിയായ മേരിയുടെ വാക്കുകളായിരുന്നു അന്ന് സി.ബി.ഐ.ക്ക് വേദവാക്യം. 2005 മാര്‍ച്ച് മാസത്തിലെ മാതൃഭൂമി പത്രത്തിലാണ് പെണ്‍കുട്ടി പി. ജെ. കുര്യന്റെ ഫോട്ടോ കണ്ടത്. പി. ജെ. കുര്യന്‍ ആരാണെന്നോ അദ്ദേഹം രാഷ്‌ട്രീയ നേതാവാണെന്നോ ഒന്നും തിരിച്ചറിയാതെയാണ് അവള്‍ ഇദ്ദേഹവും എന്നെ പീഡിപ്പിച്ചവരില്‍ പെടുന്ന ആളാണെന്ന് പറയുന്നത്. എന്നാല്‍ അന്വേഷണഉദ്യോഗസ്ഥര്‍ പ്രതിപട്ടികയില്‍ പി. ജെ. കുര്യന്റെ പേര് ഉള്‍പ്പെടുത്താന്‍ തയ്യാറായില്ല. കുമളി ഗസ്റ്റ്‌ഹൗസില്‍ കുര്യന്‍ വന്നു എന്ന് പെണ്‍കുട്ടി പറയുന്ന സമയം അദ്ദേഹം തന്റെകൂടെ ചങ്ങനാശ്ശേരി എന്‍. എസ്. എസ്. ആസ്ഥാനത്ത് ഉണ്ടായിരുന്നു എന്ന് സുകുമാരന്‍നായര്‍ മൊഴികൊടുത്തു. ആ `അലിബി' തെളിവായി എടുത്ത് പി. ജെ. കുര്യന് കേസില്‍നിന്ന് ഒഴിവാക്കി. അതുകൊണ്ടാണ് പെണ്‍കുട്ടിക്ക് പി. ജെ. കുര്യന് എതിരെ വ്യക്തിപരമായി കേസ് കൊടുക്കേണ്ടിവന്നത്. തൊടുപുഴ കോടതി കുര്യന് എതിരെ പ്രഥമദൃഷ്‌ട്യാകേസ് നിലനില്‌ക്കും എന്ന് കണ്ടെത്തി. എന്നാല്‍ നിയമത്തിന്റെ പഴുതുകളോ അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് പരമോന്നത നീതിപീഠംവരെ പോയി കേസില്‍നിന്ന് പി. ജെ. കുര്യന്‍ ഒഴിവായി. ഈയൊരു പ്രക്രിയയില്‍ പെണ്‍കുട്ടിയുടെ ഭാഗം കേള്‍ക്കാനോ ഒരു എഫ്. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം നടത്താനോ നമ്മുടെ നിയമവ്യവസ്ഥ ഇതുവരെ തയ്യാറായിട്ടില്ല. അതിനെതിരെ പെണ്‍കുട്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനിടയില്‍ പി. ജെ. കുര്യന്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ള ധര്‍മ്മരാജന്റെ വെളിപ്പെടുത്തലുകളും പി. ജെ. കുര്യന് അനുകൂലമായ അന്നത്തെ മൊഴികളിലെ വൈരുധ്യങ്ങളും പുറത്തുവരികയുണ്ടായി. ഡല്‍ഹിയിലെ നിര്‍ഭയ കേസുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രക്ഷോഭവും അതിന്റെ ഫലമായി സര്‍ക്കാര്‍ നിയോഗിച്ച വര്‍മ്മാകമ്മീഷനും പുതിയ നിയമനിര്‍മ്മാണവും സ്‌ത്രീപോരാട്ടങ്ങളെ ശക്തിപ്പെടുത്തുകയുണ്ടായി. ഈ പുതിയ നിയമം രാജ്യസഭയുടെ അംഗീകാരത്തിനായി വരുമ്പോള്‍ അതിന് അദ്ധ്യക്ഷപദവി നിര്‍വ്വഹിക്കാന്‍ നമ്മുടെ ഭരണകൂടം നിയോഗിച്ചിരുന്ന വ്യക്തി പീഡനക്കേസിലെ കുറ്റാരോപിതനായ പി. ജെ. കൂര്യന്‍ ആണ് എന്നത് കോണ്‍ഗ്രസ്സിന്റെയും അത് നേതൃത്വം നല്‍കുന്ന ഗവണ്മെന്റിന്റെയും കപടമുഖം വെളിവാക്കുന്നതാണ്. പെണ്‍കുട്ടിയും അമ്മയും പി. ജെ. കുര്യന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പലകുറി സംസ്ഥാനസര്‍ക്കാരിനോടും അദ്ദേഹത്തെ രാജ്യത്തിന്റെ നിയമനിര്‍മ്മാണസഭയുടെനിന്ന് ഒഴിവാക്കണമെന്ന് യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധിയോടും അപേക്ഷിക്കുകയുണ്ടായി. എന്നാല്‍ ഒരുതരം വാശിയോടെ `വിമന്‍ ഡെലിവര്‍' കോണ്‍ഫ്രന്‍സില്‍ ഇന്ത്യയെ പ്രതിനിധികരിക്കാന്‍ നിയോഗിക്കുകയാണ് ഉണ്ടായത്. ഇതിനെ ഇന്ത്യന്‍ സ്‌ത്രീപോരാട്ടചരിത്രത്തെ മുഴുവന്‍ അധിക്ഷേപിക്കുന്നതിന് തുല്യമായാണ് സ്‌ത്രീസംഘടനകള്‍ വിലയിരുത്തിയത്. പുതിയ മാര്‍പാപ്പായുടെ സ്ഥാനാരോഹണച്ചടങ്ങില്‍ രാഷ്‌ട്രത്തെയും ഇന്ത്യയിലെ വിശ്വാസികളെയും പ്രതിനിധികരിക്കാന്‍ നിയോഗിക്കപ്പെട്ടതും സ്‌ത്രീപീഡനത്തിലെ ഈ കുറ്റാരോപിതനെയാണ്. നിരന്തരം നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും ജനാധിപത്യപോരാട്ടങ്ങള്‍ നടത്തുക ചെയ്യുകവഴി സമൂഹത്തിലെ അശരണക്കര്‍ക്കും പാര്‍ശ്വവത്‌ക്കൃതര്‍ക്കും നീതി ഉറപ്പാക്കേണ്ട ജനപ്രതിനിധികള്‍ സ്‌ത്രീപീഡകരാകുന്നത് സ്‌ത്രീമുന്നേറ്റത്തെ മാത്രമല്ല മന്യുഷ്യമുന്നേറ്റത്തെയും പ്രതികൂലമായി ബാധിക്കും. ഏറ്റവും അവസാനം പി. ജെ. കുര്യനെ കേന്ദ്രഗവണ്മെന്റ് ആദരിച്ചത് ക്യാബിനറ്റ് റാങ്കില്‍ അദ്ദേഹത്തിനെ അവരോധിച്ചുകൊണ്ടാണ്. 2012-ല്‍ പി. ജെ. കുര്യനെതിരെ പീരുമേട് കോടതിയില്‍ കേസ് കൊടുക്കുന്നതോടുകൂടിയാണ് പെണ്‍കുട്ടിക്ക് നേരെയുള്ള രാഷ്‌ട്രീയ ആക്രമണം ശക്തമാകുന്നത്. ജസ്റ്റീസ് ബസന്ത് ഒരു ദൃശ്യമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവള്‍ ബാലവേശ്യയായിരുന്നുവെന്നും പണത്തിനുവേണ്ടി സ്വന്തം ഇഷ്‌ടത്താലാണ് പ്രതികള്‍ക്കൊപ്പം പോയതെന്നും പറഞ്ഞത് വലിയ വിവാദമായി. ഇടതുപക്ഷസംഘടനകളും യുവസംഘടനകളും എതിര്‍പ്പുമായി രംഗത്തുവന്നു. എന്നാല്‍ എം. പി. യായ കെ. സുധാകരന്‍ കുറേക്കൂടി കടുത്തഭാഷയില്‍ പെണ്‍കുട്ടിയെ അധിക്ഷേപിക്കുകയാണ് ഉണ്ടായത്. ചീഫ്‌വിപ്പ് പി. സി. ജോര്‍ജും പെണ്‍കുട്ടി വഴിപിഴച്ചവളാണെന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ആക്ഷേപം ഉന്നയിച്ചു. രാഷ്‌ട്രീയനേതാക്കളുടെ ഇത്തരം നിലപാടുകള്‍ സമൂഹത്തിന്റെ യാഥാസ്ഥിതിക സദാചാരബോധങ്ങളെ കൂടുതല്‍ മൂര്‍ത്തമാക്കാനാണ് സഹായിച്ചിട്ടുള്ളത്. ഒരേപോലെ വേട്ടക്കാരനും സംരക്ഷകനുമായ പുരുഷാധിപത്യറോളാണ് മാധ്യമങ്ങള്‍ സൂര്യനെല്ലിക്കേസില്‍ ഉടനീളം സ്വീകരിച്ചിട്ടുള്ളത്. ഇടതുപക്ഷവും സൂര്യനെല്ലിക്കേസും സൂര്യനെല്ലിക്കേസ് ഉടലെടുത്തപ്പോള്‍ മുതല്‍ കേരളത്തിലെ വിവിധ സ്‌ത്രീസംഘടനകള്‍ക്കൊപ്പം ശക്തമായും അചഞ്ചലമായും ഇടതുപക്ഷം വിശേഷിച്ച് സി.പി.ഐ. (എം) നിലകൊണ്ടിട്ടുണ്ട്. നേതാക്കള്‍ പലരുവന്നുപോയിട്ടും ആ രാഷ്‌ട്രീയ നിലപാടുകള്‍ക്ക് വ്യതിയാനം ഉണ്ടായിട്ടില്ല. ഈ നിലപാടുകള്‍ കേരളത്തിലെ ഇടതുപക്ഷരാഷ്‌ട്രീയത്തെ മാത്രമല്ല, കേരളസമൂഹത്തെയും സ്‌ത്രീപക്ഷചായ്‌വുകളിലേക്ക് നയിക്കാന്‍ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ 18 വര്‍ഷംകൊണ്ട് കേസില്‍വന്ന പുരോഗമനപരമായ പരിണാമം കേസിനൊപ്പം നിലകൊണ്ടവരുടെ രാഷ്‌ട്രീയത്തെയും പുരോഗമനപരമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അമൂല്യമായ സംഭാവന നല്‌കിയത് ഈ കുടുംബംതന്നെയാണ്. അവരുടെ ഉറച്ച നിലപാടിലാണ് പല സന്ദര്‍ഭങ്ങളിലും ഈ കേസിനെ മുന്നോട്ട് നയിച്ചത്. പ്രലോഭനങ്ങളെയും ഭീഷണികളെയും ഒരേപോലെ തള്ളിക്കളയാന്‍ ഈ കുടുംബത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനവരെ പ്രാപ്‌തമാക്കിയത് അവളുടെ പിതാവിന്റെ തൊഴിലാളിവര്‍ഗ്ഗബന്ധവും ഇടതുപക്ഷസംഘടന(എന്‍.എഫ്.പി.റ്റി.എ.)യിലുള്ള സജീവപ്രവര്‍ത്തനപരിചയവുമാണ്.