സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

താക്കോല്‍ ഇപ്പോഴും അമ്മാവന്റെ കയ്യില്‍തന്നെ

മ്യൂസ്‌ മേരി ജോര്‍ജ്ജ്‌



കമിഴത്തുപുരയ്‌ക്കല്‍ (ആ വീട്ടുപേരു കുഴപ്പമില്ല, എല്ലാ വീടും കമിഴ്‌ത്തി വച്ചിരിക്കുന്നപോലുള്ള പുരകളാണല്ലോ. അല്ലെങ്കില്‍ ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ വല്ല സാദൃശ്യവും തോന്നി പ്രശ്‌നമുണ്ടാക്കണ്ടല്ലോ) വര്‍ക്കി മകന്‍ തോമായ്‌ക്ക്‌ മക്കള്‍ എട്ടുപേരാണ്‌. 6 പെണ്ണും 2 ആണും. ഇരുപത്തഞ്ചു വര്‍ഷം മുന്‍പ്‌ മൂത്തമകള്‍ ഗ്രേസിക്കുട്ടി നേഴ്‌സിംഗ്‌ പാസായി കുറച്ചുനാള്‍ നാട്ടില്‍ ജോലി നോക്കിയിട്ട്‌ ഗള്‍ഫില്‍ നേഴ്‌സായി ജോലിക്കുപോയി. പിന്നീട്‌ അവിടെനിന്ന്‌ അമേരിക്കയിലേയ്‌ക്കും ജോലിക്കായി പോയി. ഈ ജോലികാലങ്ങളില്‍ ഗ്രേസിക്കുട്ടിയുടെ ശമ്പളം ഇന്ത്യന്‍ കറന്‍സിയും വിദേശ കറന്‍സിയുമായി അപ്പനെയും ആങ്ങളമാരെയും തേടിയെത്തി. കുറഞ്ഞത്‌ ഒരിരുപത്തഞ്ചുകൊല്ലമായി കേരളത്തിലെ ഇടത്തരം/താഴ്‌ന്ന ഇടത്തരം ക്രിസ്‌ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ അറബിയെയും സായിപ്പിനെയും കുത്തിവെച്ചും കുണ്ടി കഴുകിച്ചും കിട്ടുന്ന പണം കൊണ്ട്‌ പച്ചപിടിച്ച കുടുംബങ്ങള്‍ എത്രയെന്ന്‌ ഒന്നു കണക്കെടുക്കുന്നതു നന്നായിരിക്കും. കുടുംബത്തിന്റെ സാമ്പത്തികനയത്തില്‍ സ്‌ത്രീകളുടെ ഇടപെടലിനെക്കുറിച്ചുള്ള ആലോചന തുടങ്ങുമ്പോഴേ ഗ്രേസിക്കുട്ടിയെ പോലുള്ളവരാണ്‌ മനസ്സിലെത്തുന്നത്‌. പണമയച്ചുകൊടുത്ത്‌ വീടു കെട്ടിപ്പൊക്കാന്‍ സഹായിച്ചും അനിയത്തിമാരെ കെട്ടിച്ചും ആങ്ങളമാര്‍ക്ക്‌ ജോലി സംഘടിപ്പിച്ചു കൊടുത്തും സഹായിച്ച പെണ്‍മക്കളുള്ള നാട്ടില്‍ അവരുടെ സഹായത്തെ `നല്ല മനസ്സോടെ' സ്‌മരിക്കുമ്പോഴും കുടുംബനാഥന്മാരും സാമ്പത്തികാധികാരത്തിന്റെ കൈകാര്യകര്‍ത്താക്കളും പുരുഷന്മാരാണെന്ന അലിഖിതനിയമം മാറ്റിയെഴുതാന്‍ കഴിഞ്ഞിട്ടില്ല.
സാമ്പത്തികസമാഹര്‍ത്താക്കള്‍ക്ക്‌ സാമ്പത്തികകാര്യങ്ങളില്‍ കര്‍തൃത്വം ഉണ്ടാവണമെന്ന നിര്‍ബന്ധം ഇന്നും നമ്മുടെ കുടുംബങ്ങളില്‍ ഉണ്ടായിട്ടില്ല. ജോലി ചെയ്‌ത്‌ പണം സമ്പാദിക്കുകയും കുടുംബത്തിനതുകൊടുത്ത്‌ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമ്പോഴും അതിന്റെ അധികാരം ഇന്നും ഒരു വിളിപ്പാടകലെയാണ്‌. ``അവളു കഷ്‌ടപ്പെട്ടിട്ടാ ഇതൊക്കെ ഉണ്ടായതെന്ന്‌'' അമ്മച്ചിമാര്‍ പതം പറയാറുണ്ടെങ്കിലും സ്വത്ത്‌ കാര്യം വരുമ്പോള്‍ അത കമിഴ്‌ത്തുപുരയ്‌ക്കല്‍ വര്‍ക്കിമകന്‍ തോമായുടെയും അയാളുടെ ആണ്‍മക്കളുടെയുമായിരിക്കും. `നല്ല' നസ്രാണിഭവനങ്ങളില്‍, ഇതാണ്‌ സാമാന്യ നിയമമെങ്കിലും അപവാദങ്ങള്‍ ഉണ്ടാകാം എന്നതും നിഷേധിക്കുന്നില്ല.
നല്ലൊരു കാലം മുന്‍പുവരെ പെണ്ണുങ്ങള്‍ ജോലിക്കായി പുറത്തുപോകുന്നത്‌ വലിയ കുറച്ചിലായി നമ്മുടെ സവര്‍ണ്ണകുടുംബങ്ങള്‍ കരുതിയിരുന്നു. പെണ്ണുങ്ങളുടെ സ്ഥലം അടുക്കളയും ചുറ്റുവട്ടവും അത്യാവശ്യം പള്ളിയും അമ്പലവുമൊക്കെയായി വ്യവഹരിച്ചു വച്ചിരുന്നു. അപ്പോഴും ആടിനെയും കോഴിയെയും വളര്‍ത്തിയും, നിലത്തുവീണ കുരുമുളകും കാപ്പിക്കുരുവും കപ്പലണ്ടിയുമൊക്കെ സംഭരിച്ചും കൊച്ചു കാശു സമ്പാദിക്കുന്ന അമ്മമാര്‍ ഉണ്ടായിരുന്നു. ഇത്‌ പെണ്‍മക്കള്‍ക്ക്‌ വല്ല പൊന്നോ പൊടിയോ ഒക്കെയായി സൂക്ഷിച്ചുവച്ച്‌ കൊടുത്തിരുന്ന അമ്മമാര്‍ക്കും സര്‍ക്കാര്‍ജോലിയോ വിദേശജോലിയോ ചെയ്‌ത്‌ പണം സമ്പാദിക്കുന്ന സ്‌ത്രീകള്‍ക്കും സാമ്പത്തിക കാര്യങ്ങളില്‍ ലഭ്യമാകുന്ന/ നേടിയെടുത്തിരി ക്കുന്ന കര്‍തൃത്വത്തിന്റെ പ്രകൃതം എന്താണ്‌?
കേരളത്തിലെ ഒരു കലാലയം - അവിടെ മാസാദ്യം തലേമാസത്തെ ശമ്പളം വരുന്നു. ഭാര്യയും ഭര്‍ത്താവും ഒരേ കലാലയത്തിലെ അഭ്യാസികള്‍ - അധ്യാപകര്‍. ശമ്പളം വരുമ്പോള്‍ ഭാര്യ അക്വിറ്റന്‍സ്‌ രജിസ്റ്ററില്‍ ഒപ്പു വയ്‌ക്കുന്നു. ഭര്‍ത്താവും ഒപ്പുവയ്‌ക്കുന്നു. ഭര്‍ത്താവ്‌ രണ്ടുപേരുടെയും ശമ്പളം ഒന്നിച്ചുവാങ്ങുന്നു. വീട്ടാവശ്യങ്ങള്‍ നടത്തുന്നു. ഭാര്യയ്‌ക്ക്‌ സ്വര്‍ണ്ണാഭരണങ്ങളും പട്ടുസാരിയും പുസ്‌തകങ്ങളും ബാഗും.....ഉം ഉം ഒക്കെ വാങ്ങിക്കൊടുക്കുന്നു. സുന്ദരസുരഭില ദാമ്പത്യം തുടരുന്നു. പക്ഷേ, ഭാര്യയുടെ ഉള്ളില്‍ നിര്‍വചനാതീതമായ ഒരു നൊമ്പരമുണ്ട്‌. തന്റെ പണം ആണെന്നും താനതു വാങ്ങേണ്ടതാണെന്നും അവര്‍ക്കറിയാം. പക്ഷേ, അങ്ങനെ പറഞ്ഞാല്‍ കുടുംബജീവിതത്തില്‍ പ്രശ്‌നമുണ്ടാകുമോയെന്ന ഭയമാണ്‌ അവര്‍ക്ക്‌. അവളുടെ എല്ലാ കാര്യങ്ങളും നടക്കുന്നുണ്ട്‌. കൂടാതെ പൈസ ഒന്നിച്ച്‌ സൂക്ഷിച്ചുപയോഗിക്കുന്നതിനാല്‍ പുതിയ വീടു വയ്‌ക്കാനും സ്ഥലങ്ങള്‍ വാങ്ങാനും കഴിയുന്നു. പല കൈകളില്‍ക്കൂടെ ആ പൈസ പോയിരുന്നെങ്കില്‍ ഇതു വല്ലോം നടക്കുമായിരുന്നോയെന്നാണ്‌ നിഷ്‌കളങ്കനായ ആ ഭര്‍ത്താവിന്റെ ചോദ്യം. തന്റെ ഭാര്യയുടെ അധ്വാനത്തിന്റെ മൂല്യവും ഈടും നിശ്ചയിക്കുന്നത്‌ താനാണെന്നും കൂടാതെ അവളുടെ ശരീരത്തിന്റെയും സമ്പത്തിന്റെയും ഉടമ താനാണെന്നും ആ അഭ്യസ്‌തവിദ്യന്‍ ധരിച്ചു വെച്ചിരിക്കുന്നു. തിരിച്ച്‌ അവള്‍ക്കും തന്നെ ഉടമസ്ഥയാക്കി ചിന്തിക്കാമെന്ന ആലോചന പോലും ആ മനോഭൂമിയില്‍ ഇന്നുവരെ വിതയ്‌ക്കപ്പെട്ടിട്ടില്ല. ഇത്‌ വിദ്യാഭ്യാസവും സാമൂഹ്യ ജീവിതവും തമ്മില്‍ ഒറ്റ തിരിഞ്ഞ്‌ പരിശീലിപ്പിക്കപ്പെടുന്നതിന്റെ പ്രശ്‌നമാണ്‌. അയാള്‍ പിന്തുടരുന്ന ധനകാര്യകര്‍തൃത്വ നയം വളരെ പഴകിയതും ആണ്‍കോയ്‌മയില്‍ അധിഷ്‌ഠിതവു മാണ്‌. പുതിയ വിദ്യാഭ്യാസത്തിനനുരൂപമായി ഇതിനെ അപനിര്‍മ്മിക്കാന്‍ നമുക്കു കഴിയുന്നില്ല. കുറച്ചൊക്കെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. വീടിന്റെ പൊതുബഡ്‌ജറ്റുണ്ടാക്കി രണ്ടുപേരുടെയും വരുമാനം ചേര്‍ത്തുവച്ച്‌ ഉപയോഗിക്കുന്നവര്‍ ഉണ്ടാകാം. പക്ഷേ, ഏതു പൊതുബഡ്‌ജറ്റുള്ള - `എല്ലാം' തുറന്നുപറയുന്ന - ആദര്‍ശ ദാമ്പത്യത്തില്‍ നില്‍ക്കുമ്പോള്‍ പോലും ഭാര്യയും ഭര്‍ത്താവും മകനും മകളും ഒക്കെയാകുമ്പോഴും അവര്‍ വേറിട്ട വ്യക്തികളാണെന്നും `പൊതു' എന്നതിനൊപ്പം സ്വകാര്യമായ ഇടവും പണവും അവര്‍ക്ക്‌ ആവശ്യമുണ്ടെന്നുമുള്ള ചിന്ത കുടുംബത്തില്‍ അത്യാവശ്യമാണ്‌. എല്ലാവര്‍ക്കും കുറച്ച്‌ സ്വകാര്യമായ ഇടങ്ങള്‍ സംരക്ഷിക്കാനുള്ള അവകാശവും കുടുംബത്തില്‍ ഉണ്ടാകേണ്ടതുണ്ട്‌. ധനകാര്യവും ഇതിന്റെ ഭാഗമാണ്‌. അവനവന്റെ അപ്പനേം അമ്മേം മറ്റുള്ളവരെ കണക്കു കേള്‍പ്പിക്കാതെ സഹായിക്കാന്‍ ഭാര്യയ്‌ക്കോ മരുമക്കള്‍ക്കോ ഉള്ള അവകാശമൊക്കെ ഇതിന്റെ ഭാഗമായി വരുന്നതാണ്‌. കുടുംബം സ്ഥൂലഘടനയ്‌ക്കൊപ്പം സൂക്ഷമമായ ഇടങ്ങളെയും ആവശ്യങ്ങളെയും സംവഹിക്കുന്നതായിരിക്കണം.
പുതിയ വീടും സ്ഥലവും വാങ്ങിച്ചപ്പോള്‍ അവള്‍ വിചാരിച്ചത്‌ അത്‌ തങ്ങള്‍ രണ്ടു പേരുടെയും കൂടി പേരിലായിരിക്കുമെന്നാണ്‌. പക്ഷേ, അവന്‍ പറഞ്ഞു, ``നീ എന്റേതല്ലേ, എനിക്കുള്ളതല്ലാം നിനക്കുമുള്ളതല്ലേ എന്ന്‌''. വൈവാഹിക ജീവിതത്തിന്റെ ആദ്യനാളുകളിലെ കാല്‌പനികമായി മാത്രം വ്യാഖ്യാനിക്കപ്പെടുന്ന സ്‌നേഹകാലത്തിലായതിനാല്‍ അവള്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. ഏതാണ്ട്‌ 10 വര്‍ഷം അവളുടെ ശമ്പളത്തില്‍നിന്ന്‌ ലോണ്‍ അടച്ചു കൊണ്ടേയിരുന്നു. ഇപ്പോള്‍ ദാമ്പത്യനദി കലങ്ങിയിരിക്കുന്നു. അവളും കുട്ടികളും ഇനി കേസ്‌ നടത്തണം വീട്ടില്‍ കിടക്കാന്‍ എന്നതാണവസ്ഥ. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. സ്വത്തില്‍ ഭാര്യയ്‌ക്ക്‌ തുല്യപങ്കാളിത്തം കൊടുക്കുവാന്‍ പഠിപ്പിക്കാനും മറ്റു പലവിധ ലൈംഗിക ജനാധിപത്യ പാഠങ്ങള്‍ക്കെന്നതുപോലെ പുതിയ പള്ളിക്കൂടം തുടങ്ങേണ്ടിയിരിക്കുന്നു. സ്‌ത്രീകള്‍ക്ക്‌ വിവേകത്തോടെ ധനം കൈകാര്യം ചെയ്യാനറിയില്ല എന്ന വികലധാരണ ഇന്നും നിലനില്‍ക്കുന്നു. ഭാര്യയുടെ അധ്വാനവും ലൈംഗികതയും തന്റെ പ്രോപര്‍ടിയാണെന്ന ശിലാരേഖ മായിക്കപ്പെടേണ്ടിയിരിക്കുന്നു.
കൂലിപ്പണി ചെയ്‌ത്‌ ആ വരുനാമം കൊണ്ട്‌ വീടു പുലര്‍ത്തിയിട്ട്‌ പിന്നെ ഭര്‍ത്താക്കന്മാര്‍ക്ക്‌ കള്ളുകുടിക്കാനും സിഗരറ്റു വലിക്കാനും തന്റെ കൂലിയില്‍നിന്ന്‌ പങ്കുകൊടുക്കുന്ന ധാരാളം വീട്ടമ്മമാരെ എനിക്കറിയാം. ആണുങ്ങള്‍ക്ക്‌ പല ആവശ്യങ്ങളില്ലേയെന്നാണവരുടെ ചോദ്യം. കുടുംബജീവിതം നിലനിന്നുപോകേണ്ടത്‌ അങ്ങനെയൊക്കെയാണെന്നവര്‍ക്കറിയാം. ആണ്‍ തുണയില്ലാതെ ഈ ആണരശുനാട്ടില്‍ ജീവിതസുരക്ഷയില്ലെന്നും അവര്‍ മനസ്സിലാക്കുന്നു. അവിടെയും `അവന്‍' തന്നെ ജയിച്ചു കയറുകയാണ്‌.
ഈയിടെ ഒരു വാല്യുവേഷന്‍ ക്യാമ്പില്‍ പ്രതിഫലത്തുക നിക്ഷേപിക്കുന്നതിന്‌ അക്കൗണ്ട്‌ നമ്പര്‍ കൊടുക്കാനാവശ്യപ്പെട്ടപ്പോള്‍ ഒരധ്യാപിക കൂട്ടുകാരിയുടെ അക്കൗണ്ട്‌ നമ്പര്‍ രേഖപ്പെടുത്തി. കാരണം ലളിതമാണ്‌. ഒരൊറ്റ അക്കൗണ്ടും ഒരു എ.റ്റി.എമ്മും മാത്രമേ അവരുടെ വീട്ടില്‍ ഉള്ളൂ. എന്തൊരു ആദര്‍ശ ദാമ്പത്യം എന്നു പറയാന്‍ വരട്ടെ. എ.റ്റി.എം. കാര്‍ഡ്‌ എപ്പോഴും ഭര്‍ത്താവിന്റെ പേഴ്‌സില്‍ ആണ്‌. പണം എടുക്കേണ്ടപ്പോള്‍ അയാള്‍ എടുത്തുകൊടുക്കും. എന്തൊരു സ്‌നേഹശീലന്‍! ഭാര്യ പണവുമെടുത്തു വരുമ്പോള്‍ അവള്‍ക്കു സുരക്ഷ കിട്ടിയില്ലെങ്കിലോ അല്ലേ? ഇത്തരം ഭര്‍ത്താക്കന്മാര്‍, ആങ്ങളമാര്‍, അപ്പന്മാര്‍ ഒക്കെയും വിഹരിക്കുന്ന സമത്വസുന്ദര കേരളത്തിന്‌ നമോവാകം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും