ഗണേഷ് - യാമിനി ദാമ്പത്യകലഹം കേരളനിയമസഭയില്‍വരെ ചെന്നെത്തുകയും മാധ്യമലോകം കൊണ്ടാടി രസിക്കുകയും ചെയ്‌തത് സമീപകാല വിശേഷങ്ങളില്‍പെടുന്നു. ദാമ്പത്യജീവിതപരിശീലനത്തിന് ഇന്ന് മിക്ക ജാതി-മത സംഘടനകളും പരിശീലനകോഴ്‌സ് നടത്തുന്നു. ഉല്‍കൃഷ്ടദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ടുന്ന വിദഗ്‌ദ്ധപരിശീലനം നേടുന്നവര്‍ കേരളത്തിലെ ജനസംഖ്യയില്‍ പകുതിയെങ്കിലും വരും. മത, സമുദായങ്ങള്‍ നടത്തുന്ന കോഴ്‌സില്‍ പങ്കെടുക്കുക എന്നത് വിവാഹത്തിന്റെ നിയാമകഘടകമായിട്ടുണ്ട്. പക്ഷേ, ഒരു തരത്തിലും ഒത്തുജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ മാന്യമായി പിരിഞ്ഞുപോകാനുള്ള പരിശീലനവും അത്യാവശ്യമാണെന്നതിനെ ഗണേഷ് - യാമിനി പോര് സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ സാമൂഹ്യജീവിതം പണ്ടെന്നതിനെക്കാള്‍ സങ്കീര്‍ണ്ണമാണിന്ന്. നവസാങ്കേതിക വിദ്യയും മാധ്യമ സാധ്യതകളും ബന്ധങ്ങളെ സാഹസികമായ പല സന്ദര്‍ഭങ്ങളിലേയ്‌ക്കും ക്ഷണിക്കുകയും ഇഛാപഥങ്ങളെ നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം, സ്‌ത്രീപുരുഷ ബന്ധങ്ങളുടെ പഴയ ജ്യാമിതീയ മാതൃകകള്‍ പലതും അഴിച്ചുപണിക്കു വിധേയമാകുന്നുണ്ട്. സാധാരണയായി വിവാഹം ഒരാളുടെ യൗവനാരംഭത്തിലോ യൗവന മധ്യത്തിലോ സംഭവിക്കുന്നതാണ്. പ്രേമവും രതിയും ഉത്തരവാദിത്വങ്ങളും വിശ്വസ്‌തതാനിഷ്‌ക്കര്‍ഷകളു മൊക്കെ ചേര്‍ന്നാണ് ദാമ്പത്യശില്‌പം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ മറ്റെല്ലാം മറന്നാലും വിശ്വസ്‌തത എന്ന മൂലപ്രമാണത്തിന് ഇളക്കം സംഭവിക്കാന്‍ ദാമ്പത്യസംവിധാനം അനുവദിക്കാറില്ല. സ്‌ത്രീകള്‍ക്ക് പ്രത്യേകമായി റിസേര്‍വ്വ് ചെയ്‌തിരിക്കുന്ന പാതിവ്രത്യമാകട്ടെ ലൈംഗിക വിശ്വസ്‌തത എന്ന മൂലപ്രമാണത്തില്‍ പ്രതിഷ്‌ഠിതവുമാണ്. അപ്പോഴും നിരവധി ഭാര്യമാരും വെപ്പാട്ടിമാരും അതിനുപുറമേ ദാസിമാരും ഗണികമാരുമൊക്കെ കൊണ്ട് കാമമോഹിതജീവിതം നയിക്കാനുള്ള അവകാശം ഗോത്രജീവിതത്തിലും തുടര്‍ന്ന് ഏകദാമ്പത്യഘടനയ്‌ക്ക് സാമൂഹ്യസമ്മതി കിട്ടുന്നതുവരെയുള്ള കാലത്ത് പുരുഷന്‍ അനുഭവിച്ചിരുന്നു. ഏകദാമ്പത്യവും അതിലധിഷ്‌ഠിതമായ കുടുംബസംവിധാനവും കൊളോണിയല്‍ കാലത്തിന്റെ അന്ത്യപാദത്തോടെ കേരളത്തിന്റെ സാമാന്യമാതൃകയായി. അപവാദങ്ങള്‍ ഇല്ലെന്നല്ല. പൊതുവെ, സ്‌ത്രീയെ സംബന്ധിച്ചിടത്തോളം നൂറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ വിശ്വസ്‌തത ഉത്തമ സ്‌ത്രീത്വത്തിന്റെ ലക്ഷണമുദ്രയായി അണിയിക്കപ്പെട്ടിരുന്നു. ഇങ്ങനെയുള്ള സ്‌ത്രീലൈംഗികതയും നിരവധി ഇണകളിലേയ്‌ക്ക് ചേര്‍ന്നും പിരിഞ്ഞും അസ്ഥിരമായ കേന്ദ്രത്വത്തോടെ നിന്നിരുന്ന പുരുഷലൈംഗികതയും പുതിയ സാമാന്യപാഠ ത്തോട് (ഒറ്റയിണയോടുകൂടിയ വിവാഹജീവിതം) കഴിയുന്നത്ര സന്ധിചെയ്‌തുപോകുന്ന കാഴ്‌ചയാണ് സ്വാതന്ത്ര്യാനന്തര കുടുംബ സങ്കല്‌പത്തിന്റെ പൊതു സ്വഭാവം. സദാചാരവുമായി ഇഴചേര്‍ന്നുകിടക്കുന്ന ലൈംഗികവ്യവഹാരവും അതിന് അലങ്കാരമായ ലൈംഗിക വിശ്വസ്‌തതയും അപ്പടിയേ അംഗീകരിച്ച് ജീവിക്കാന്‍ സ്‌ത്രീപുരുഷന്മാര്‍ക്ക് സാധിക്കുന്നുണ്ടോ? ഇണകളല്ലാത്ത കൂട്ടുകാരനെയോ കൂട്ടുകാരിയെയോ സ്‌ത്രീപുരുഷന്മാര്‍ അഭിലഷിക്കുന്നുണ്ടോ അല്ലെങ്കില്‍ അഭിലഷിക്കുന്നില്ലേ എന്ന ചോദ്യം നിശബ്ദമായെങ്കിലും ഉയരുന്നുണ്ട്. നമ്മുടെ തൊഴിലിടങ്ങളിലും യാത്രകളിലും വിവരവിനിമയ സംവിധാനങ്ങളിലും ഇതിന്റെ ശ്ലഥചിത്രങ്ങളെങ്കിലും സംഭവിക്കുന്നുണ്ട്. ലൈംഗികബന്ധമോ ലൈംഗികചേഷ്ടകളാല്‍ നിര്‍മ്മിതമോ ആകാത്ത ബന്ധങ്ങള്‍ ധാരാളമായി സംഭവിക്കുന്നുണ്ട്. ലൈംഗികബന്ധങ്ങളും ഉണ്ടാകാം. ഒരിണയില്‍ ഒരുവന്റെ / ഒരുവളുടെ അഭിരുചികളുടെ എല്ലാവിധ പൂരണങ്ങളും സംഭവിക്കണമെന്നില്ല. മുന്‍കാലങ്ങളിലേ തിനെക്കാള്‍ സ്‌ത്രീപുരുഷന്മാര്‍ അടുത്തിടപെടാനുള്ള സാഹചര്യങ്ങള്‍ സുലഭമായതിനാല്‍ പൊരുത്തപ്പെടുന്ന ഇടങ്ങളും കൂടുതലായി ഉണ്ടാകാം. തൊഴില്‍ക്യാമ്പുകള്‍, ക്ലബ്ബുകള്‍, പാര്‍ട്ടികള്‍ എന്നിവയിലൂടെയാണ് സ്വാഭാവികമായും കൂട്ടുകെട്ടുകള്‍ ഉണ്ടാകുകയും പല മാനങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നുണ്ട്. സ്‌ത്രീ-പുരുഷസൗഹൃദങ്ങളുടെ ഉല്ലാസപരവും ബൗദ്ധികവുമായ ചേരുവകള്‍ ഇന്ന് കൂടിക്കൂടി വന്നിട്ടുണ്ട്. ഒരാള്‍ വിവാഹത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ഒരു പെണ്ണും ഒരാണും കണ്‍വെട്ടത്തിലോ മനോവൃത്തത്തിലോ ഇല്ലാതെ ജീവിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ജീവിക്കുന്നവരുണ്ടാകാം. ഉണ്ടാകാമെന്നേ പറയാന്‍ പറ്റൂ. ഭര്‍ത്താവല്ലാത്ത / ഭാര്യയല്ലാത്ത കൂട്ടുകാര്‍ ഇന്ന് ധാരാളമായി ഉണ്ടാകുന്നുണ്ടെങ്കിലും അതിനെ കാമത്തിലേയ്‌ക്കും കിടക്കയിലേയ്‌ക്കും നയിക്കാത്തവരാണ് അധികവും. വിവാഹാനന്തരം ഒരു സ്‌ത്രീയോടും ഒരു പുരുഷനോടും സൗഹൃദമേ സാധ്യമല്ലാത്ത വിധം വന്ധ്യവും തരിശുമല്ല മനുഷ്യരുടെ വൈകാരിക വ്യവഹാരം എന്നു ഞാന്‍ വിശ്വസിക്കുന്നു. ദാമ്പത്യമെന്ന സ്ഥാപനത്തിനു വെളിയില്‍ സക്രീയവും സര്‍ഗ്ഗാത്മകവുമായ സ്‌ത്രീപുരുഷബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്; അല്ലെങ്കില്‍ നിലനില്‍ക്കാവുന്നതാണ് എന്നത് പലപ്പോഴും അംഗീകരിക്കാന്‍ വിസമ്മതിക്കുന്നവരാണ് പലരും. സദാചാരഭയമാണ് ഇതിന് അടിസ്ഥാനം. 22-ാം നൂറ്റാണ്ടിന്റെ ജീവിതശൈലിയും 19-ാം നൂറ്റാണ്ടിന്റെ സദാചാരബോധവും കൊണ്ട് സങ്കീര്‍ണ്ണമനസ്സോടെ മലയാളി ജീവിച്ചുപോകുന്നു. പ്രേമപൂര്‍ണ്ണമായ ദാമ്പത്യം നയിക്കുമ്പോള്‍ത്തന്നെ സ്‌ത്രീപുരുഷസൗഹൃദങ്ങളുടെ ആവിഷ്‌ക്കാരങ്ങള്‍ നടത്തിക്കൊണ്ട് ജീവിതത്തെ കൊണ്ടുപോകുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. അതേസമയം വിശ്വസ്‌തതയുടെ ഒറ്റക്കാലില്‍ ദാമ്പത്യത്തെ പ്രതിഷ്‌ഠിക്കുന്നതിന്റെ അപകടങ്ങളാണ് പല ദാമ്പത്യകലഹങ്ങളും മൂന്നോട്ടുവയ്‌ക്കുന്നത്. പ്രേമമില്ലാതെ വിശ്വസ്‌തതയുടെ ചട്ടവും ചട്ടക്കൂടും കൊണ്ട് മെരുക്കി നയിക്കാവുന്നതാണോ ദാമ്പത്യം? അല്ലെന്നതാണ് നമ്മുടെ ഛിദ്രമായ കുടുംബങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രങ്ങള്‍. സ്‌നേഹത്തിനും സൗഹൃദത്തിനുമുള്ള സകല കാമനകളെയും ഏകശക്തിയിലേയ്‌ക്ക് ഭാര്യയിലേയ്‌ക്ക് / ഭര്‍ത്താവിലേയ്‌ക്ക് കേന്ദ്രീകരിക്കുകവഴി പലപ്പോഴും തൃപ്‌തിയില്ലായ്‌മയും സമാധാനക്കേടും ദുശ്ശങ്കകളിലേയ്‌ക്കും അസൂയയിലേയ്‌ക്കും ദമ്പതികളെ നയിക്കുന്നുണ്ട്. നല്ലനല്ല സൗഹൃദങ്ങളാല്‍ പോഷിപ്പിക്കപ്പെടുന്ന സ്‌നേഹകാമനകള്‍ ദാമ്പത്യത്തിന് സൗന്ദര്യവും സന്തോഷവും വര്‍ദ്ധിപ്പിക്കുകതന്നെ ചെയ്യും. മഹാഭാരതത്തില്‍ ദ്രൗപതിക്ക് അഞ്ചു ഭര്‍ത്താക്കന്മാരും ശ്രീകൃഷ്‌ണനെപ്പോലെ സൗഹൃദഭാവത്തിലുള്ള ദൈവവും കൂടെയുണ്ടായിരുന്നു. ഭര്‍ത്താക്കന്മാരാകട്ടെ വ്യത്യസ്‌ത അഭിരുചികളും സ്വഭാവഗുണങ്ങളും ഉള്ളവരായിരുന്നു. എന്നിട്ടും, തന്റെ സങ്കടങ്ങള്‍ തുറന്നുപറയാന്‍ നരനാരായാണ ദ്വന്ദ്വത്തിന്റെ ഉദാത്ത സാധ്യതയായ നാരായണനെ അവര്‍ തിരഞ്ഞെടുക്കുന്നു. എം.ടി.യുടെ രണ്ടാമൂഴത്തില്‍ ഈ സ്‌നേഹ-സൗഹൃദം വളരെ ഭംഗിയായി ആഖ്യാനം ചെയ്യുന്നുണ്ട്. ഗന്ധര്‍വ്വന്റെയും ഈശ്വരന്റെയും സ്‌നേഹങ്ങളില്‍ സമാധാനം കണ്ടെത്തിയിരുന്ന ഉത്തമകുടുംബിനികള്‍ ഇത്തരം പ്രഛന്നരൂപങ്ങളിലൂടെ തിരഞ്ഞത് സൗഹൃദത്തിന്റെ ചില സാധ്യതകളെയായിരുന്നു. പ്രേമസ്വരൂപനായി ഈശ്വരനെ ഏറ്റവും കൂടുതല്‍ വ്യാഖ്യാനിച്ചിട്ടുള്ളതും പെണ്ണുങ്ങള്‍ തന്നെയാണ്. ഏകശിലാരൂപിയായ മൂര്‍ത്തിയായി വൈകാരികതയ്‌ക്ക് നിലനില്‍ക്കാനാവില്ല. അത് പക്ഷേ, അംഗീകരിക്കാന്‍ ഒരു വൈമനസ്യം ഇന്നും നമുക്കുണ്ട്. ഉറൂബിന്റെ ഉമ്മാച്ചു വളരെ പ്രസിദ്ധമായ നോവലാണല്ലോ? ഇഷ്‌ടപുരുഷനുവേണ്ടി ഭര്‍ത്താവിന്റെ കൊലപാതകിയെ ചൂണ്ടിക്കാട്ടിക്കൊടുക്കാതിരുന്ന മാരകപ്രേമത്തിന്റെ ഉടമയാണവര്‍. ഉമ്മാച്ചുവിന്റെ ഭര്‍ത്താവായി ബീരാനും മായനും വരുന്നുണ്ടെങ്കിലും ഇവരിലെല്ലാം ഉപരിയായി അവര്‍ക്കൊരു ഉറ്റ സുഹൃത്തു കൂടിയുണ്ടായിരുന്നു. കാര്യസ്ഥന്‍ ചാപ്പുണ്ണിനായരുമായുള്ള ബന്ധം യജമാനത്തിയും കാര്യസ്ഥനും തമ്മിലുള്ളതു മാത്രമല്ലായിരുന്നു. അതിന് മത, സമുദായ, ലിംഗഭേദാത്മകമായ സൗഹൃദത്തിന്റെ നിലാവെട്ടം ഉണ്ടായിരുന്നു. ഉമ്മാച്ചുവിന്റെ ബലഹീനതകളെല്ലാമറിയുന്ന ചാപ്പുണ്ണിനായര്‍ അവര്‍ക്കെന്നും നല്ല സ്‌നേഹസാധ്യതയായിരുന്നു. സ്വന്തം മകള്‍ ഉമ്മാച്ചുവിന്റെ മകന്‍ അബ്‌ദുവിനെ സ്‌നേഹിച്ച് കുടുംബജീവിതം തുടങ്ങിയിട്ടും ചാപ്പുണ്ണിനായര്‍ ഉമ്മാച്ചുവിന്റെ വീട്ടിലേയ്‌ക്കുള്ള വരവ് നിര്‍ത്തിയില്ല. മകളെ അഭിമുഖീകരിക്കാന്‍ മടിക്കുന്ന അയാള്‍ മകളുടെ ഭര്‍ത്താവിന്റെ അമ്മയായ ഉമ്മാച്ചുവിനോട് പഴയ സൗഹൃദം തുടരുന്നുണ്ട്. പണ്ടേ എഴുതിയ ഈ നോവല്‍ നാട്ടുമ്പുറത്തെ ഒരു കൂട്ടുകെട്ട് വിഷയമാക്കുന്നു. പുതിയ കാലത്ത് സ്‌ത്രീപുരുഷ സൗഹൃദങ്ങളുടെ സമൃദ്ധി നിലനില്‍ക്കുന്നു. നെഞ്ചുവിരിച്ച് ഒന്നംഗീകരിച്ചാല്‍ മതിയെന്നുമാത്രം. ഈയിടെ വളരെ കൗതുകകരമായ ഒരു സംഭാഷണം കേള്‍ക്കാന്‍ ഇടവന്നു. 80 വയസ്സുകഴിഞ്ഞതും 60 വര്‍ഷത്തോളം ദാമ്പത്യം നയിച്ചതുമായ ഒരു പ്രൗഢസ്‌ത്രീയോട് 84 വയസ്സായതും 60 വര്‍ഷത്തോളംതന്നെ ദാമ്പത്യജീവിതമുള്ളതുമായ പ്രൗഢപുരുഷന്‍ തനിക്കൊരു ഉമ്മ തരുമോ എന്നു ചോദിച്ചു. ആ സ്‌ത്രീ ഉമ്മ ചോദിച്ച പരപുരുഷന് അതു കൊടുത്തില്ലെങ്കിലും ഇന്നും ഇരുവീടുകളും സ്‌നേഹസൗഹൃദത്തില്‍ തുടരുന്നുണ്ട്. ഈ രണ്ടുപേരും വളരെ മാന്യമായും അന്തസ്സായും ജീവിക്കുന്നവരാണ്; വിദ്യാസമ്പന്നരാണ്. 60 വര്‍ഷക്കാലം നല്ല ദാമ്പത്യം നയിച്ചവരുമാണ്. പക്ഷേ, അയാളുടെ വൈകാരികവ്യവഹാരത്തില്‍ ഇനിയും തൃപ്‌തിപ്പെടാത്ത തലങ്ങള്‍ ശേഷിക്കുന്നുണ്ടെന്നല്ലേ ഇതു വെളിപ്പെടുത്തുന്നത്? `മനമോടാത്ത കുമാര്‍ഗ്ഗമില്ലെടോ' എന്ന കവിവാക്യത്തോട് ഇതിനെ ചേര്‍ത്തുവയ്‌ക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. അയാളുടെ ഇഷ്‌ടങ്ങളോടും ബുദ്ധിയോടും ചേരുന്ന എന്തൊക്കെയോ അവരില്‍ അനുഭവപ്പെട്ടിട്ടുണ്ടാകാം. അതുകൊണ്ട് ചോദിച്ചതാവാം ലളിതമായ ഈ ആവശ്യം. അവര്‍ ചെരിപ്പെടുത്ത് അയാളെ അടിച്ചില്ലെന്നതും സ്വന്തം `ആര്യപുത്ര'നോട് പറഞ്ഞുകൊടുത്തില്ലയെന്നതും നല്ല കാര്യമാണ്. വയസ്സാം കാലത്ത് കുടുംബകലഹം ഒഴിവാക്കാനുള്ള ബുദ്ധിപൂര്‍വ്വകമായ തീരുമാനമാണ് സ്‌ത്രീ കൈക്കൊണ്ടത് എന്നു വേണമെങ്കില്‍ പറയാം. പക്ഷേ, വൈകാരികബന്ധങ്ങള്‍ സദാസത്യവാക്യങ്ങളല്ല എന്നത് ഒരു സത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.