സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

സൂര്യനെല്ലി കേസ്‌ വിധി പുരോഗമനരാഷ്‌ട്രീയവഴിയിലെ നാഴികക്കല്ല്‌

സുജ സൂസന്‍ ജോര്‍ജ്



1996 ജനുവരി 16-ന്‌ മൂന്നാര്‍ പോലീസ്‌ സ്റ്റേഷനില്‍ ഫയല്‍ചെയ്‌ത `സൂര്യനെല്ലി കേസ്‌' 2014 ഏപ്രില്‍ 04-ന്റെ ഹൈക്കോടതി വിധിയിലൂടെ സുപ്രധാന ഘട്ടത്തിലെത്തിയിരിക്കുന്നു. ദീര്‍ഘമായ 18 വര്‍ഷത്തിന്റെ സംഭവബഹുലവും സങ്കീര്‍ണ്ണവുമായ നിയമവഴികളാണ്‌ സൂര്യനെല്ലി കേസ്‌ പിന്നിട്ടത്‌. താണ്ടാന്‍ ഇനിയും ഏറെ ദൂരമുണ്ടെങ്കിലും ഈ പുതിയ വിധി പ്രതിനിധാനംചെയ്യുന്നത്‌ ഇന്ത്യന്‍ ജുഡീഷ്യറിയും ഇന്ത്യന്‍ സമൂഹവും കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന ദര്‍ശന വ്യതിയാനങ്ങളെയാണ്‌. യഥാര്‍ത്ഥത്തില്‍ അതാണ്‌ ഈ കേസിന്റെ രാഷ്‌ട്രീയ പ്രാധാന്യം. 
വര്‍ഷം 275 ലക്ഷം സ്‌ത്രീകള്‍ ലൈംഗികാതിക്രമത്തിന്‌ വിധേയരാകുന്നുണ്ട്‌. പക്ഷേ, ഒരുശതമാനം മാത്രമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. സ്‌ത്രീകളോടുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. ഒരുതരത്തിലുള്ള വംശീയാതിക്രമവും വംശീയഹത്യയുമാണ്‌ ഇവിടെ നടക്കുന്നത്‌. ഇത്തരം ഒരു സംസ്‌കാരിക രാഷ്‌ട്രീയ അവസ്ഥകളെ ചോദ്യംചെയ്‌തുകൊണ്ടും തിരുത്തിക്കൊണ്ടും സ്‌ത്രീവിമോചനപ്രസ്ഥാനങ്ങള്‍ നടത്തിവന്ന പോരാട്ടങ്ങളുടെ ഫലങ്ങള്‍ സമൂഹമനസ്സിലേക്ക്‌ ആണിയടിച്ചുറപ്പിക്കുന്നതില്‍ ചരിത്രപരമായ പങ്കുവഹിച്ച ചില കേസുകളുണ്ട്‌. ശബാനു കേസ്‌, വിശാഖ കേസ്‌, ദില്ലി കൂട്ടബലാല്‍സംഗ കേസ്‌ തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ടതാണ്‌. ഈ പട്ടികയില്‍ ഇടം പിടിക്കുന്നതാണ്‌ സൂര്യനെല്ലി കേസ്‌.
2012 ഡിസംബര്‍ 29-ന്‌ നടന്ന ദില്ലി കൂട്ടബലാല്‍സംഗവും പെണ്‍കുട്ടിയുടെ ദാരുണ മരണവും ഉണ്ടാക്കിയ നിയമ പ്രത്യാഘാതങ്ങളും രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളും പുതിയ ഇന്ത്യയുടെ ഉണര്‍ന്നെഴുന്നേല്‌ക്കുന്ന മുഖമാണ്‌ ദൃശ്യമാക്കിയത്‌. ദില്ലി സംഭവത്തിലെ `നിര്‍ഭയ' ആധുനിക ഇന്ത്യയുടെ യുവത്വത്തെ പ്രതിനിധീകരിക്കുന്നു. അതുപോലെതന്നെ മദ്ധ്യവര്‍ഗ്ഗ ഇന്ത്യയുടെ പുരോഗമനേച്ഛയേയും അത്‌ അധികാരരാഷ്‌ട്രീയഘടനയില്‍ സൃഷ്‌ടിച്ച സത്വര സ്വാധീനം അദ്‌ഭുതപ്പെടുത്തുന്നതായിരുന്നു. പരിഷ്‌കാരങ്ങളെ പരിഹസിച്ചുകൊണ്ട്‌ മാറ്റങ്ങള്‍ക്കായി നിലകൊണ്ട യുവത്വം അധികാര കസേരകളെ താല്‌ക്കാലികമായെങ്കിലും പിടിച്ചു കുലുക്കി. പുതിയ നിയമനിര്‍മ്മാണങ്ങള്‍ നടന്നു. സുപ്രീം കോടതിയില്‍ കെട്ടിക്കിടന്ന ലൈംഗികാതിക്രമ കേസുകള്‍ അടിയന്തരപ്രാധാന്യത്തോടെ തീര്‍പ്പാക്കിത്തുടങ്ങി. അങ്ങനെയാണ്‌ സുപ്രീം കോടതി പരിഗണനയ്‌ക്കായി ഏഴു വര്‍ഷമായി കാത്തു കിടന്ന സൂര്യനെല്ലി അപ്പീല്‍ കേസ്‌ പുനര്‍വിചാരണയ്‌ക്ക്‌ കേരള ഹൈക്കോടതിയിലേക്ക്‌ തിരിച്ചയയ്‌ക്കുന്നത്‌. 
സുപ്രീം കോടതി 2013 ജനുവരി 31-ന്‌ നടത്തിയ ഉത്തരവിലൂടെ 2005 ജനുവരി 20-ന്‌ ജസ്റ്റിസ്‌ കെ. എ. അബ്‌ദുള്‍ ഗഫൂറും ജസ്റ്റിസ്‌. ആര്‍. ബസന്തും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച്‌ വിധിയെ അസാധുവാക്കി. പ്രധാന പ്രതിയായ അഡ്വ. ധര്‍മ്മരാജന്റെ കേസ്‌ മാത്രം പരിഗണിക്കുകയും ആ നിഗമനത്തില്‍ മറ്റു 35 പ്രതികളേയും വെറുതെ വിട്ടത്‌ `ഞെട്ടിക്കുന്നു' എന്നാണ്‌ സുപ്രീം കോടതി നിരീക്ഷിച്ചത്‌. 
പുതിയ വിധി പുതിയ സാമൂഹ്യാവബോധത്തിന്റെ കണ്ണാടി
ജസ്റ്റിസ്‌ മാരായ കെ. പി. ശങ്കരന്റെയും എം. എല്‍. ജോസഫിന്റെയും ഡിവിഷന്‍ ബെഞ്ചില്‍ പുതിയ വിധി പ്രസ്‌താവം ഉണ്ടാകുമ്പോള്‍ കാലവും സമൂഹവും ഏറെ മാറിയിരിക്കുന്നു. സ്‌ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്നു. ധാരാളം നിയമനിര്‍മ്മാണങ്ങളും ഒപ്പം പോരാട്ടങ്ങളും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്‌. ദില്ലി സംഭവം ഇന്ത്യന്‍ സമൂഹമനസ്സാക്ഷിയെ ആഴത്തില്‍ സ്‌പര്‍ശിക്കുകയും അതിനെതിരെ സമൂഹം ഒന്നാകെ ഉണര്‍ന്നെഴുന്നേല്‌ക്കുന്ന പ്രതീതി ഉണ്ടാവുകയും ചെയ്‌തു. ``ഇരയുടെ മൊഴി ഒരിക്കലും അവിശ്വസിക്കേണ്ടതില്ലെന്ന്‌'' വിധിയിലെ പ്രസ്‌താവന നിയമവഴിയിലെ വലിയൊരു മുന്നേറ്റവും സ്‌ത്രീപക്ഷനീതിനിര്‍വ്വഹണത്തിലെ ഇടപെടലുമാണ്‌. 
2013 നവംബര്‍ 29-ന്‌ തെഹല്‍ക്കയില്‍നിന്നുള്ള യുവ ജേര്‍ണലിസ്റ്റ്‌ തെഹല്‍ക്കയുടെ ചീഫ്‌എഡിറ്റര്‍ അരുണ്‍ തേജ്‌പാലിനെതിരെ ലൈംഗികപീഡനം ആരോപിച്ചു. ``..... എനിക്ക്‌ അറിയില്ല ഒരു ബലാത്സംഗത്തിലെ ഇരയായി ഇപ്പോഴും ഞാനോ എന്റെ സഹപ്രവര്‍ത്തകരോ സുഹൃത്തുക്കളോ എന്നെ പിന്തുണയ്‌ക്കുന്നവരോ വിമര്‍ശകരോ എന്നെ കാണുന്നുണ്ടോ എന്ന്‌. കുറ്റകൃത്യം ഏതു വിഭാഗത്തില്‍ പെടുന്നു എന്ന്‌ നോക്കേണ്ടത്‌ ഇരയല്ല. നിയമമാണ്‌. ഇക്കാര്യത്തില്‍ നിയമം കൃത്യമാണ്‌. മിസ്റ്റര്‍ തേജ്‌പാല്‍ എന്നോട്‌ ചെയ്‌തത്‌, നിയമപരമായി ബലാത്സംഗത്തിന്റെ നിര്‍വ്വചനത്തില്‍ വരും. ബലാത്സംഗത്തെ ശാസ്‌ത്രീയമായി നിര്‍വ്വചിച്ച ഒരു നിയമം നമുക്കുണ്ട്‌. നമ്മള്‍ എന്തിനുവേണ്ടി പൊരുതിയോ അതിനുവേണ്ടി നിലകൊള്ളേണ്ടതുണ്ട്‌. ബലാത്സംഗം അടിച്ചേല്‌പ്പിക്കുന്നത്‌ കാമവും ലൈംഗികതയുമല്ല പുരുഷന്റെ അധികാരങ്ങളെയും സവിശേഷ അവാകാശങ്ങളെയുമാണ്‌. ഈ പുതിയ നിയമം എല്ലാവര്‍ക്കും ബാധകമാണ്‌. മുഖമില്ലാത്ത അപരിചിതര്‍ക്കുമാത്രമല്ല സമ്പന്നര്‍ക്കും അധികാരസ്ഥാനത്തുള്ളവര്‍ക്കും ഉന്നതബന്ധമുള്ളവര്‍ക്കും ഈ നിയമം ബാധകമാണ്‌. ഈ പ്രശ്‌നത്തില്‍ ഞാന്‍ നിശ്ശബ്‌ദയായിരുന്നാല്‍ എനിക്ക്‌ എന്നെ തന്നെയോ ധീരരും പോരാളികളുമായ സ്‌ത്രീവിമോചകരുടെ പോരാട്ടത്താല്‍ പുതുവീര്യം ആര്‍ജ്ജിച്ച ഫെമിനിസ്റ്റുകളെയും അഭിമുഖീകരിക്കാനാവില്ല.'' 
ഈയൊരു സാമൂഹ്യബോധ്യത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ്‌ ഗഫൂറിന്റെയു ബസന്തിന്റെയും വിധിയിലെ അന്യായങ്ങളെയും അവഹേളനങ്ങളെയും കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്‌.
ഒരു കേസ്‌ രണ്ടുതരം വിചാരണകള്‍
ലൈംഗിക പീഡന കേസുകള്‍ക്ക്‌ ഒരേസമയം രണ്ടുതരം വ്യവഹാരങ്ങളിലൂടെയും വിചാരണകളിലൂടെയും കടന്നുപോകേണ്ടതായി വരുന്നു. കേസ്‌ രജിസ്റ്റര്‍ ചെയ്യുന്ന നിമിഷം മുതല്‍ അതുവരെ `അവള്‍'ക്ക്‌ ലഭ്യമായിക്കൊണ്ടിരുന്ന സഹാനുഭൂതിയും അനുതാപവും ഒറ്റയടിക്കു നഷ്‌ടപ്പെടും. പേര്‌ നഷ്‌ടപ്പെട്ടവളായും ഇരയായും മുദ്രകുത്തപ്പെടും. അന്നുവരെയുള്ള ജീവിതത്തില്‍നിന്നും മുറിച്ചു മാറ്റപ്പെടും. പിന്നെയങ്ങോട്ട്‌ അവള്‍ വെറുമൊരു `ലീഗല്‍ ഓബ്‌ജെക്‌ട്‌' മാത്രമായിരിക്കും. നീതിക്കായുള്ള അന്തമില്ലാത്ത പോരാട്ടത്തിലേക്ക്‌ ഒരു ശുഭാപ്‌തി വിശ്വാസവുമില്ലാതെ എടുത്തെറിയപ്പെടും. ഈ പ്രക്രിയയെ കൂടുതല്‍ സാധൂകരിക്കുകയും കൂട്ടിയുറപ്പിക്കുകയും ചെയ്യുന്നതാവും ഭരണകൂടങ്ങളുടെ ഇടപെടല്‍. സൂര്യനെല്ലി കേസിലെ നിയമനടപടികളുടെ ഗതിവിഗതികള്‍ പരിശോധിച്ചാല്‍ ഇതു കൂടുതല്‍ വ്യക്തമാകും. നിയമം നടപ്പാക്കുന്നത്‌ വൈകിക്കുന്നതും നീതി നിഷേധിക്കുന്നതും കോടതികളുടെ അന്തിമവിധികൊണ്ടുമാത്രമല്ല സംഭവിക്കുന്നത്‌. പ്രോസിക്യൂഷന്‍ നിലപാടുകള്‍, പോലീസ്‌ ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍, പോലീസ്‌ സ്റ്റേഷനുകളില്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍, തെളിവുകളെക്കുറിച്ചുള്ള യാഥാസ്ഥിതിക നിലപാടുകള്‍, അലിബീസ്‌ തുടങ്ങിയവയെല്ലാം അന്തിമ കോടതിവിധിയെ സ്വാധീനിക്കുകയും വൈകിപ്പിക്കുകയും ചെയ്യും. 
1996 ജനുവരി 16-ന്‌ പെണ്‍കുട്ടിയെ കാണാതായ ദിവസം അവളുടെ പിതാവ്‌ മൂന്നാര്‍ പോലീസ്‌ സ്റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോള്‍ പോലീസ്‌ ഉദ്യോഗസ്ഥന്‍ പ്രകടിപ്പിച്ച അലംഭാവം മുതല്‍ പരിശോധിക്കുക. ആദ്യം പരാതി സ്വീകരിക്കാന്‍ തന്നെ മടിച്ചു. സ്വീകരിച്ചിട്ടും അന്വേഷണത്തില്‍ ഒരുതരത്തിലുള്ള ശുഷ്‌കാന്തിയും കാണിച്ചില്ല. അദ്ദേഹം അപ്പോള്‍ മോഷണം പോയ ഒരു ജീപ്പിന്റെ അന്വേഷണത്തിനാണ്‌ പ്രാധാന്യം കൊടുത്തത്‌. ഒന്നാം പ്രതി രാജുവിനെക്കുറിച്ച്‌ വ്യക്തമായ സൂചന നല്‌കിയിട്ടും ജനുവരി 19-ന്‌ അയളെ കസ്റ്റഡിയിലെടുത്ത്‌ അന്ന്‌ തന്നെ വിടുകയാണ്‌ ചെയ്‌തത്‌. 40 ദിവസങ്ങള്‍ക്കു ശേഷം പെണ്‍കുട്ടി സ്വയം തിരിച്ചുവരുന്നതു വരെ അവളെക്കുറിച്ച്‌ എന്തെങ്കിലും വിവരം തേടിപ്പിടിക്കാന്‍ പോലീസിനായില്ല. 3000 കിലോമീറ്ററാണ്‌ അവളെയുംകൊണ്ട്‌ ഈ വാണിഭസംഘം കേരളത്തിലും തമിഴ്‌നാട്ടിലുമായി തലങ്ങും വിലങ്ങും നടന്നത്‌. തിരിച്ചെത്തിയപ്പോഴൊ പഴുപ്പും രക്തവും ശ്രവിക്കുന്ന ശരീരവുമായി ജീവച്ഛവത്തെപ്പോലെ അവള്‍ അടിമാലിയിലും മൂന്നാറിലും നൂറുകണക്കിനാളുകളുടെ പരിഹാസവും ഏറ്റുവാങ്ങി തെരുവിലൂടെ നടക്കേണ്ടിവന്നു. അടിമാലി ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ പുരുഷ ഗൈനക്കോളജിസ്റ്റാണ്‌ അവളെ മെഡിക്കല്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയത്‌. സത്യസന്ധനും ദയാലുവുമാണ്‌ ആ ഡോക്‌ടര്‍ എന്നത്‌ ഈ കേസിന്‌ ഗുണപരമായി സ്വാധീനിച്ച വസ്‌തുത മറക്കുന്നില്ല. അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടാണ്‌ അവള്‍ ബലാല്‍സംഗത്തിന്‌ വിധേയമായി എന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനെ സഹായിച്ചത്‌. 
മാര്‍ച്ച്‌ മാസത്തിലെ മാതൃഭൂമി പത്രം ഈ കേസിന്റെ ഒരു വഴിത്തിരിവായിരുന്നു. അന്നത്ത്‌ കേന്ദ്രമന്ത്രിയായിരുന്ന പി.ജെ. കുര്യന്റെ ചിത്രം കണ്ട്‌ തന്നെ പീഡിപ്പിച്ചവരില്‍ അദ്ദേഹം ഉണ്ടെന്ന്‌ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. പക്ഷേ, പ്രത്യേക അന്വേഷണസംഘം പി.ജെ. കുര്യന്റെ പേര്‌ പ്രതി പട്ടികയില്‍ ചേര്‍ക്കാന്‍ തയ്യാറായില്ല. അദ്ദേഹം കുമളി ഗസ്റ്റ്‌ ഹൗസില്‍ ഉണ്ടായിരുന്നു എന്ന്‌ പെണ്‍കുട്ടി പറഞ്ഞ സമയം കുര്യന്‍ തന്റെ കൂടെ എന്‍.എസ്‌.എസ്‌. ആസ്ഥാനത്തുണ്ടായിരുന്നു എന്ന്‌ സുകുമാരന്‍ നായര്‍ അവകാശപ്പെട്ടു. സുകുമാരന്‍ നായരുടെ മൊഴിയിലെ `അലിബി'യാണ്‌ കുര്യനെ ഒഴിവാക്കാന്‍ കണ്ടുപിടിച്ച ന്യായം. അതുകൊണ്ട്‌ പെണ്‍കുട്ടി പി. ജെ. കുര്യനെതിരെ പ്രത്യേകം കേസ്‌ ഫയല്‍ ചെയ്യേണ്ടിവന്നു. തൊടുപുഴ കോടതി പ്രധമ ദൃഷ്‌ട്യാ കേസുണ്ടെന്ന്‌ നിരീക്ഷിച്ചെങ്കിലും പി. ജെ. കുര്യന്‍ പരമോന്നത നീതിപീഠം വരെ എത്തി ആ കേസില്‍നിന്ന്‌ ഒഴിവാകുകയാണ്‌ ചെയ്‌തത്‌. ഈ നിയമപ്രക്രിയയില്‍ ഒരു എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്താനോ പെണ്‍കുട്ടിയുടെ ഭാഗം കേള്‍ക്കാനോ നമ്മുടെ നിയമവ്യവസ്ഥ ഇതുവരെ തയ്യാറായിട്ടില്ല. പി. ജെ. കുര്യനെതിരെയുള്ള തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ കൊടുത്ത കേസ്‌ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ്‌ സൂര്യനെല്ലി കേസിന്റെ പുതിയ വിധി വന്നിരിക്കുന്നത്‌. ആ വിധി കുര്യന്റെ കേസിലും നീതിനിര്‍വ്വഹണം നടക്കുമെന്ന പ്രതീക്ഷ നല്‍കുന്നു. 
സൂര്യനെല്ലി കേസിന്റെ പുനര്‍വിചാരണ മൂന്നു മാസത്തിനുള്ളില്‍ തീര്‍ക്കണമെന്ന്‌ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും 13 മാസത്തിനു ശേഷമാണ്‌ ഹൈക്കോടതി വിധിയുണ്ടാകുന്നത്‌. ഈ ഉത്തരവ്‌ അന്തിമം എന്ന്‌ പറയാനുമാവില്ല. അപ്പീല്‍ സാദ്ധ്യത നിയമപരമായി നിലനില്‍ക്കുന്നു. ഈ കാലയളവിനിടയ്‌ക്കാണ്‌ അവള്‍ക്കെതിരെ ബോധപൂര്‍വ്വം കെട്ടിച്ചമച്ചുണ്ടാക്കിയ പണാപഹരണക്കേസും അറസ്റ്റും സസ്‌പെന്‍ഷനും നടക്കുന്നത്‌. ആ ക്രൈക്രാഞ്ച്‌ കേസ്‌ ഇപ്പൊഴും നിലനില്‍ക്കുന്നു. 
നിയമവിചാരണയെക്കാള്‍ കടുത്ത സദാചാരവിചാരണയിലൂടെയാണ്‌ സൂര്യനെല്ലി കേസിന്റെ പെണ്‍കുട്ടിയും കുടുംബവും കഴിഞ്ഞ 18 വര്‍ഷമായി കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്‌. ലൈംഗിക അതിക്രമത്തിന്‌ വിധേയരാകുന്ന സ്‌ത്രീകളും പെണ്‍കുട്ടികളും സദാചാരക്കണക്കില്‍ കുറ്റവാളികളും താന്തോന്നികളുമാണല്ലോ. `കുഷ്‌ഠരോഗികളെ കാണുംപോലെയാണ്‌ എല്ലാവരും നോക്കുന്നതെന്ന്‌' അവളുടെ പിതാവ്‌ എപ്പോഴും പറയാറുണ്ട്‌. `ഒരു വഷളു പെണ്‍കുട്ടിയുടെ ഉല്ലാസയാത്ര' ആയാണ്‌ ജസ്റ്റിസ്‌ ബസന്തും ഗഫൂറും പെണ്‍കുട്ടിയുടെ നാല്‌പതു ദിവസത്തെ പീഡനകാലത്തെ വിശേഷിപ്പിച്ചത്‌. പെണ്‍കുട്ടിയെ പണത്തിനു വേണ്ടി മാതാപിതാക്കളെ സ്വമേധയാ പറഞ്ഞുവിട്ടതാണെന്നും മറ്റുമുള്ള പ്രചരണങ്ങള്‍ വലിയ സ്വീകാര്യത ലഭിച്ചു. 
സ്വന്തം അമ്മ മരിച്ചപ്പോള്‍ പോലും കാണാന്‍ അനുവദിക്കാതിരുന്നു ബന്ധുക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍ അവളുടെ പിതാവിന്റെ ശബ്‌ദം ഇടറിപ്പോകും. ബന്ധുക്കളില്‍ നിന്ന്‌, സുഹൃത്തുക്കളില്‍നിന്ന്‌, പള്ളിയില്‍നിന്ന്‌, ഔദ്യോഗിക സ്ഥലങ്ങളില്‍നിന്ന്‌ നേരിട്ട ഒറ്റപ്പെടലുകളും പരിഹാസങ്ങളും അവരുടെ ജീവിതത്തെ ചിതറിത്തെറിപ്പിച്ചു കളഞ്ഞു. മൂന്നാറില്‍ നിന്ന്‌ കോട്ടയത്തെത്തിയിട്ടും സ്ഥിതി വ്യത്യസ്‌തമായില്ല. കാണുമ്പോള്‍ മുഖം തിരിക്കുന്ന സമൂഹത്തിനു മുന്നിലൂടെ ജീവിതം കൊണ്ടുനടക്കേണ്ടി വരുക എന്ന ഗതികേട്‌ ഇനിയും അവസാനിച്ചിട്ടില്ല. സമൂഹത്തിന്റെ കണക്കുകളില്‍ പിഴച്ചവളും പിഴച്ചവളുടെ സഹോദരിയും അവരുടെ മാതാപിതാക്കളുമാണല്ലോ.
രാഷ്‌ട്രീയ നേതാക്കളുടെ നിലപാടുകളും സമൂഹത്തിന്റെ യാഥാസ്ഥിതിക സദാചാരബോധങ്ങളെ കൂടുതല്‍ മൂര്‍ത്തമാക്കുകയാണ്‌ ചെയ്‌തതിട്ടുള്ളത്‌. കെ. സുധാകരന്‍, പി. സി. ജോര്‍ജ്‌ തുടങ്ങിയ നേതാക്കളുടെ അടുത്തിടെയുണ്ടായി വാക്‌പയറ്റുകള്‍ ഇവിടെ ഓര്‍ത്തുകൊള്ളുന്നു. പി.ജെ. കുര്യനും കോട്ടയം മുന്‍ ഡി.സി.സി. പ്രസിഡന്റ്‌ ജേക്കബ്‌ സ്റ്റീഫനും സൂര്യനെല്ലി കേസില്‍ ഉള്‍പ്പെട്ടത്‌ യാദൃച്ഛികമല്ല. അതേ അവസരത്തില്‍ത്തന്നെ പുതിയ സ്‌ത്രീ നിയമം പാസാക്കുമ്പോള്‍ രാജ്യസഭയില്‍ അദ്ധ്യക്ഷം വഹിക്കാനും `വിമന്‍ ഡലിവര്‍' കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കാനും രാജ്യം നിയോഗിച്ചത്‌ പി.ജെ. കുര്യനെ! അതുവഴി ഭരണകൂടം ഇന്ത്യന്‍ സ്‌ത്രീപോരാട്ടങ്ങളെ മുഴുവന്‍ അധിക്ഷേപിക്കുകയാണ്‌ ചെയ്‌തത്‌. 
ഒരേപോലെ വേട്ടക്കാരനും സംരക്ഷകനുമായ പുരുഷാധിപത്യ റോളാണ്‌ മാദ്ധ്യമങ്ങള്‍ സൂര്യനെല്ലി കേസില്‍ ഉടനീളം സ്വീകരിച്ചിട്ടുള്ളത്‌. 1996 മുതല്‍ 2012 വരെയുള്ള മലയാള മനോരമയുടെ നിലപാടുകളും അതിനുശേഷം എടുത്ത നിലപാടുകളും ഒരു കേസ്‌ സ്റ്റഡിക്കു തന്നെ വിധേയമാക്കേണ്ടതാണ്‌. ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ പ്രത്യക്ഷത്തില്‍ `അവളുടെ' ഭാഗത്ത്‌ നിലയുറപ്പിച്ചതായി ഒരു തോന്നലുണ്ടാക്കിയിട്ടുണ്ട്‌. കൂടുതല്‍ പഠനത്തിന്‌ വിധേയമാക്കേണ്ടതാണ്‌ ഈ തോന്നല്‍.

സ്‌ത്രീവാദരാഷ്‌ട്രീയത്തെ നവീകരിച്ച കേസ്‌

സൂര്യനെല്ലി കേസ്‌ ഉടലെടുത്തപ്പോള്‍ മുതല്‍ കേരളത്തിലെ ഇടതുപക്ഷ രാഷ്‌ട്രീയവും വിവിധ സ്‌ത്രീസംഘനകളും ഈ കുടുംബത്തിനൊപ്പം അചഞ്ചലമായി നിലകൊണ്ടിട്ടുണ്ട്‌. നേതാക്കള്‍ വന്നുപോയിട്ടും ഒരേ രാഷ്‌ട്രീയ നിലപാടെടുത്തുകൊണ്ട്‌ പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്നുവെന്നത്‌ കേരളത്തിലെ ഇടതുപക്ഷരാഷ്‌ട്രീയത്തെ മാത്രമല്ല, സമൂഹത്തെ ആകമാനം സ്‌ത്രീപക്ഷ ചായ്‌വുകളിലേക്ക്‌ നയിക്കാന്‍ പ്രാപ്‌തമായിട്ടുണ്ട്‌. ഈ കഴിഞ്ഞ 18 വര്‍ഷംകൊണ്ട്‌ കേസിനു വന്ന പുരോഗമനപരമായ പരിണാമം കേസിനൊപ്പം നിലകൊണ്ടവരുടെ രാഷ്‌ട്രീയത്തെയും പുരോഗമനപരമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്‌. അക്കാര്യത്തില്‍ അതുല്യ സംഭാവന നല്‍കിയത്‌ ഈ കുടുംബം തന്നെയാണ്‌. അവരുടെ ഉറച്ച നിലപാടുകളാണ്‌ പല സന്ദര്‍ഭങ്ങളിലും കേസിനെ മുന്നോട്ടു നയിച്ചത്‌. കൊടുക്കേണ്ടി വരുന്നത്‌ ജീവിതം തന്നെയാണ്‌ എന്ന്‌ നിശ്ചയമുണ്ടായിട്ടും അവര്‍ നിരന്തരം അവരുടെ നിലപാടുകളെ ഊട്ടിയുറപ്പിച്ചുകൊണ്ടേയിരുന്നു. പ്രലോഭനങ്ങളെയും ഭീഷണികളെയും ഒരേപോലെ തള്ളിക്കളയുവാന്‍ അവരെ പ്രാപ്‌തരാക്കുന്നത്‌ മദ്ധ്യവര്‍ഗ്ഗമൂല്യബോധം മാത്രമല്ല, ആ പിതാവ്‌ ശീലിച്ചു വന്നിരുന്ന തൊഴിലാളിവര്‍ഗ്ഗ മൂല്യബോധം കൂടിയാണ്‌.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും