സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

സൗഹൃദങ്ങള്‍ കടല്‍പ്പറവകളാണ്‌

മ്യൂസ്‌ മേരി ജോര്‍ജ്ജ്‌



അത്രമേല്‍ ശാന്തരായി നിന്ന്‌ പരസ്‌പരം കണ്ണുകളിലേയ്‌ക്കു നോക്കുമ്പോള്‍ ആഴങ്ങളുടെ കുത്തുകല്ലുകള്‍ പടിയിറങ്ങി പോകുന്നതുപോലെ നോക്കാന്‍ കഴിയുന്ന സൗഹൃദങ്ങള്‍ കുറച്ചേ ഉണ്ടാകുകയുള്ളുവെങ്കിലും അവ എക്കാലത്തെയ്‌ക്കും വേണ്ടി നാം സൂക്ഷിക്കുന്ന കരുതല്‍ ധനമാണ്‌. സൗഹൃദം എനിക്ക്‌ പ്രതീക്ഷകളെയും സ്‌നേഹ കാമനകളെയും ചേര്‍ത്തടക്കിപ്പിടിക്കാനുള്ള ആര്‍ത്തിയെ കെടാതെ നിര്‍ത്തിയിരുന്ന ഔഷധമായിരുന്നു. എല്ലാം ഇട്ടെറിഞ്ഞിട്ടോടിപ്പോകാനുള്ള രഹസ്യവിളികള്‍ എന്റെ ഉള്ളില്‍നിന്ന്‌ ആരോ ഇടയ്‌ക്കിടെ ഇടറിപ്പറഞ്ഞുകൊണ്ടിരുന്നു. പലതരം ബന്ധങ്ങളുടെ ആകര്‍ഷണങ്ങളും കൗതുകങ്ങളും പ്രലോഭനങ്ങളായി വന്ന്‌ കൈപിടിച്ച്‌ കൂടെ നടത്തുമ്പോള്‍ ഇത്തരം വിളികള്‍ പിന്‍വാങ്ങുന്ന കടല്‍പോലെ എന്റെ ഉള്ളിലെ തിരയടക്കും.
ബാല്യം മുതല്‍ പലതരത്തിലുള്ള കൂട്ടുകെട്ടുകള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്‌. കല്ലുപെന്‍സിലും മഷിത്തണ്ടും കണ്ണിമാങ്ങയും കൈമാറുകയും കൂടെക്കളിക്കുമ്പോള്‍ വീണു പൊട്ടിയ മുട്ടില്‍ ഊതിത്തരികയും ചെയ്‌ത്‌ പരസ്‌പരം കോര്‍ത്തുപിടിക്കുന്ന കൈവിരലുകള്‍ ചമയ്‌ക്കുന്ന ബാല്യകാലസൗഹൃദങ്ങള്‍. കൗമാരത്തിലെത്തുമ്പോള്‍ ശരീരത്തിന്റെ പുതുമകളും കൗതുകങ്ങളും അടക്കിപ്പറയലുകളും അഭിനിവേശത്തിന്റെ നേരിയ ചലനങ്ങളും ഒക്കെക്കൊണ്ട്‌ അടുപ്പത്തിന്റെ പുതുലോകം ചമയ്‌ക്കുന്നു. യൗവനം കുറേക്കൂടി സാഹസികതയും ആഴങ്ങളും വാഗ്‌ദാനം ചെയ്യുന്ന ബന്ധങ്ങളുടെ കടല്‍പ്പറവകളാണ്‌. ചിറകുവിരിച്ച്‌ എത്ര ദൂരത്തോളവും കടലിന്റെ പരപ്പിനെയും അഗാധതകളെയും മറികടക്കാനുള്ള ആവേശം അതു തന്നുകൊണ്ടിരിക്കും. പ്രണയങ്ങളിലും സൗഹൃദങ്ങളിലും ഇത്തരമൊരു ക്ഷണമുണ്ട്‌. എല്ലാ പ്രണയങ്ങളിലും സൗഹൃദവും എല്ലാ സൗഹൃദങ്ങളിലും ഒട്ടൊരു പ്രണയവുമുണ്ട്‌ എന്നെനിക്കു തോന്നാറുണ്ട്‌. 
ടീനേജ്‌ പിന്നിടുന്നതിനുമുമ്പേ ഞാന്‍ ജോലിക്കു കയറി. അതായത്‌ റ്റി.റ്റി.സി.യുടെ റിസള്‍ട്ട്‌ അറിഞ്ഞ്‌ രണ്ടുമാസം കഴിയുന്നതിനുമുമ്പ്‌ ജോലി കിട്ടി. അപ്പോള്‍ 19-ാത്തെ വയസിലേക്ക്‌ പ്രവേശിച്ചതേയുള്ളു. ആദ്യമായി ജോലി കിട്ടിയത്‌ പെരുവന്താനം എന്ന മലയോര ഗ്രാമത്തിലാണ്‌. രാവിലെ എട്ടര മണിയാകുമ്പോള്‍ രാജു മോട്ടേഴ്‌സ്‌ എന്ന പ്രൈവറ്റ്‌ ഫാസ്റ്റ്‌ പാസഞ്ചറില്‍ കയറും. 9.30 ആകുമ്പോള്‍ സ്‌കൂളിലെത്തും. മിക്ക ദിവസവും ഞാനും പപ്പയും കൂടിയാണ്‌ ബസ്സില്‍ കയറുക. പപ്പയ്‌ക്ക്‌ അന്ന്‌ മുണ്ടക്കയത്താണ്‌ ജോലി. ആ ബസ്സിലെ യാത്രികരില്‍ മിക്കവരും മുണ്ടക്കയം മുതല്‍ പീരുമേട്‌ വരെയുള്ള ഓഫീസുകളിലെ ഉദ്യോഗസ്ഥരായിരുന്നു. ബസ്സിലുള്ളവര്‍ തമ്മില്‍ തികഞ്ഞ സൗഹൃദം. അവിടേയ്‌ക്കാണ്‌ പുതിയ അതിഥിയായി ഞാനും ചേരുന്നത്‌. സീറ്റില്‍ അല്‌പം ഇടം കിട്ടിയാല്‍ മൂന്നാമതൊരാളെക്കൂടി ഇരുത്താന്‍ ശ്രമിക്കും. നിന്നുകൊണ്ട്‌ യാത്ര ചെയ്യുന്നതിന്റെ ക്ലേശം കുറയ്‌ക്കാനാണിത്‌. മിക്കവര്‍ക്കും തമ്മില്‍ കുടുംബ വിശേഷങ്ങളും ഔദ്യോഗിക കാര്യങ്ങളുമൊക്കെ അറിയാം. ഇതൊക്കെ എനിക്കു പുതുമയായിരുന്നു. അങ്ങനെയൊരു ദിവസമാണ്‌ ഞാനയാളെ പരിചയപ്പെടുന്നത്‌. മുഖപരിചയം ചെറിയ സംഭാഷണങ്ങളിലേക്ക്‌ നയിച്ചു. അങ്ങനെ വര്‍ത്തമാനം പറയുന്ന കൂട്ടത്തില്‍ പ്രൈവറ്റായി ബി.എ.യ്‌ക്കു ചേരുകയാണെന്നും മലയാളമാണ്‌ എടുക്കുന്നതെന്നും പറഞ്ഞു. അല്‌പാല്‍പമായ സംസാരങ്ങളും പുഞ്ചിരിയുമൊക്കെയായി പരിചയദിനങ്ങള്‍ മുന്നോട്ടുപോയി. എന്റെ താല്‍ക്കാലിക നിയമന കാലാവധി തീരാന്‍ പോകുകയാണെന്ന്‌ ഞാന്‍ പറഞ്ഞു. ആ ദിവസങ്ങളിലൊന്നില്‍ അയാള്‍ ചേദിച്ചു, `കൈരളിയുടെ കഥ' വായിച്ചിട്ടുണ്ടോന്ന്‌. മുണ്ടക്കയം പഞ്ചായത്ത്‌ ലൈബ്രറിയില്‍ നിന്നു മുകുന്ദന്റെയും ആനന്ദിന്റെയും എം.ടി.യുടെയുമൊക്കെ ഒട്ടുമിക്ക കഥകളും ഞാന്‍ വായിച്ചിരുന്നു. മികച്ച വായനക്കാരിയെന്ന അഭിമാനവും ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ `കൈരളിയുടെ കഥ' വായിച്ചിരുന്നില്ല.
വായിച്ച കഥകളും കഥാകാരന്മാരും മുന്നില്‍ വന്നുനിരന്നു. ഒട്ടൊരു ഖേദത്തോടെ ഞാന്‍ പറഞ്ഞു, ``ഇല്ല, അതു ഞാന്‍ വായിച്ചിട്ടില്ല''. അയാള്‍ പതുക്കെയൊന്നു ചിരിച്ചു. ഒട്ടും അലോസരം ഉണ്ടാക്കാത്ത ചിരിയോടെ പറഞ്ഞു, ``അത്‌ എന്‍.കൃഷ്‌ണപിള്ള എഴുതിയ സാഹിത്യചരിത്ര ഗ്രന്ഥമാണ്‌''. ഉള്ളൂരിന്റെ കേരളസാഹിത്യ ചരിത്രത്തെക്കുറിച്ച്‌ റ്റി.റ്റി.സി കാലത്ത്‌ കേട്ടിരുന്നു. ഒരിക്കല്‍ സമ്മാനം കിട്ടിയ പി.കെ.പരമേശ്വരന്‍നായരുടെ മലയാളസാഹിത്യചരിത്രം വായിച്ചിട്ടുമുണ്ട്‌. പക്ഷേ, കൈരളിയുടെ കഥ ഞാന്‍ കണ്ടിരുന്നില്ല. കേട്ടിട്ടുമില്ല. എന്റെ നിയമന കാലാവധി തീരുന്ന അവസാന ആഴ്‌ചയില്‍ അയാള്‍ പേപ്പറില്‍ പൊതിഞ്ഞ്‌ ഒരു പാക്കറ്റ്‌ എന്റെ കൈയ്യില്‍ തന്നു. ഞാനത്‌ തുറന്നുനോക്കി. `കൈരളിയുടെ കഥ' എന്ന പുസ്‌തകമായിരുന്നു അത്‌. ഇത്‌ പഠനത്തില്‍ വളരെ പ്രയോജനപ്പെടുമെന്ന്‌ അയാള്‍ പറയുകയും ചെയ്‌തു. ഞാനത്‌ സ്വീകരിച്ചു. പിന്നീട്‌ ഒരു നോവല്‍ വായിക്കുന്ന ആര്‍ത്തിയോടെ അത്‌ മുഴുവന്‍ വായിച്ചു. സാഹിത്യചരിത്രത്തിന്റെ ഹൃദ്യവും ലളിതവും സൗന്ദര്യാത്മകവും ആയ ആഖ്യാനത്തിന്റെ മാതൃകയാണ്‌ `കൈരളിയുടെ കഥ'. അതെന്റെ പില്‍ക്കാലപഠനത്തില്‍ വലിയ പ്രയോജനം ചെയ്‌തു. അതിനുപകരം ഒരു പുസ്‌തകം അപ്പോള്‍ വാങ്ങിക്കൊടുക്കാനൊന്നും എനിക്കു സാധിച്ചില്ല. അയാള്‍ അതിന്റെ വില വാങ്ങിയതുമില്ല. പല സ്ഥാപനങ്ങളിലായി ചേര്‍ന്ന്‌ എം.എ.യും എം.ഫിലും പി.എച്ച്‌.ഡിയുമൊക്കെ നേടിയെങ്കിലും പഠനത്തിന്റെ അടിസ്ഥാന സ്രോതസ്സുകളിലൊന്നായി `കൈരളിയുടെ കഥ' നിലനിന്നു. 
പിന്നീട്‌ പല പുസ്‌തകങ്ങള്‍, കത്തുകള്‍ ഒക്കെ പരസ്‌പരം കൈമാറിയിട്ടുണ്ട്‌. പല പുസ്‌തകങ്ങളും പരസ്‌പരം വായിച്ചിട്ട്‌ തിരികെ കൊടുത്തവയാണ്‌. കത്തുകളില്‍ അക്കാലത്തിന്റെ രാഷ്‌ട്രീയവും സിനിമകളും യാത്രകളും സൗഹൃദങ്ങളുമൊക്കെ വിരല്‍ പാടുകളായി ചേര്‍ത്തുവെച്ചു. ബാലചന്ദ്രന്‍ ചുള്ളിക്കാടും കടമ്മനിട്ടയും എം.ടി.യും സുഗതകുമാരിയും മാധവിക്കുട്ടിയും മുകുന്ദനും ആനന്ദും വിജയനും എത്രയോ കത്തുകളില്‍ വരികളായും ഉദ്ധരണികളായും ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക്‌ കസന്‍ ദസക്കീസും ജിബ്രാനും കാഫ്‌ക്കയും കമ്യൂവുമൊന്നും അന്യനാട്ടുകാരായിരുന്നില്ല. ഭരതന്‍, പത്മരാജന്‍, ലെനിന്‍രാജേന്ദ്രന്‍, മോഹന്‍, കെ.ജി.ജോര്‍ജ്ജ്‌ എന്നിവരുടെ സിനിമകള്‍ ഞങ്ങളുടെയൊക്കെ ജീവിതത്തിന്‌ എഴുതുന്ന അടിക്കുറിപ്പുപോലെ തോന്നിച്ചു. പലപ്പോഴും അവ ജീവിത വ്യാഖ്യാനത്തിനുള്ള ഉപകരണങ്ങളായിരുന്നു. അതിനാല്‍ കത്തുകള്‍ പലപ്പോഴും നീണ്ടതായിരുന്നു. കോളേജില്‍ ചേര്‍ന്നു ബി.എ പഠിക്കാനും അവിടങ്ങളിലെ ലൈബ്രറികള്‍ ഉപയോഗപ്പെടുത്താനും സൗഹൃദങ്ങളില്‍ ഒഴുകാനും പരക്കാനുമൊക്കെയുള്ള സാഹചര്യങ്ങളില്ലാത്ത എന്നെ സംബന്ധിച്ചിടത്തോളം യൗവനത്തിന്റെ സ്‌നേഹ സൗഹൃദകാമനകളെ പൂരിപ്പിച്ചവയായിരുന്നു അക്കാലത്തിന്റെ കത്തുകളും കുറിപ്പുകളും. ഇന്നാകട്ടെ ഞാന്‍ നല്ലൊരു കത്തെഴുതാന്‍പോലും വശമില്ലാത്ത ഒരാളായിപോയി. സൗഹൃദമാണ്‌ ജീവിതത്തെ വ്യാഖ്യാനിക്കുമ്പോള്‍ അതിന്‌ സൗന്ദര്യാത്മകപാഠം നല്‍കുന്നതെന്ന്‌ എനിക്ക്‌ തോന്നാറുണ്ട്‌. ദാമ്പത്യമോ, മാതൃത്വമോ, പുത്രിത്വമോ, സാഹോദര്യമോ പോലും സൗഹൃദത്തിന്റെ ശാശ്വത നയനങ്ങള്‍ കൊണ്ടുഴിയാതെ എങ്ങനെയാണ്‌ ചേര്‍ത്തുപിടിക്കാന്‍ ആവുക എന്നെനിക്ക്‌ ഇപ്പോഴും അറിയില്ല.
സൗഹൃദങ്ങള്‍ പ്രണയത്തിന്റെ പൂക്കാമരച്ചില്ലകളായി കണക്കാക്കുന്ന ധാരാളം പേരെ ഞാന്‍ കണ്ടിട്ടുണ്ട്‌. പ്രണയിനി, ഭാര്യ, സഹോദരി, പുത്രി എന്നിങ്ങനെ മാത്രമുള്ള സ്‌ത്രീഭാഗധേയങ്ങള്‍ ചിരപ്രതിഷ്‌ഠ നേടിയ സമൂഹത്തിലേയ്‌ക്കാണ്‌ ലെനിന്‍ രാജേന്ദ്രന്റെ `ചില്ല ്‌' എന്ന സിനിമ വന്നത്‌. അത്‌ എന്റെ ജീവിതത്തിലെ ആണ്‍പെണ്‍ കൂട്ടുജീവിതത്തിന്റെ മാസ്റ്റര്‍പ്ലാന്‍ വരച്ചിട്ട സിനിമയായിരുന്നു. ഞാനെപ്പോഴും ആനിയോട്‌ എന്നെ ചേര്‍ത്തുവയ്‌ക്കാന്‍ ശ്രമിച്ചു. ആണ്‍കൂട്ടിലൊക്കെ അനന്തുവിനെയും കണ്ടു. പലര്‍ക്കും അനന്തുവായിരിക്കുന്നതിനേക്കാള്‍ കാമവും പ്രേമവും ചേര്‍ന്ന രൂപങ്ങള്‍ നിര്‍മ്മിക്കാനായിരുന്നു ഇഷ്‌ടം. വളരെ അടുപ്പത്തിലും ഉടപ്പത്തിലും പരസ്‌പരം കോര്‍ത്തുപിടിക്കുന്ന വിരലുകള്‍ ഉണ്ടായിരിക്കൂമ്പോഴും കൂട്ടുകാരന്‍ / കൂട്ടുകാരി മാത്രമായിരിക്കാന്‍ കഴിയുന്നവര്‍ ധന്യരാണ്‌. (ധന്യ എന്ന വാക്കിനെ `നീയെത്ര ധന്യ'യെന്ന സിനിമയോടൊട്ടിച്ചല്ലാതെ ചിന്തിക്കാന്‍ സാധിച്ചിരുന്നില്ല എന്നതും മറ്റൊരു ബലഹീനത ആയിരുന്നു) അത്തരം കൂട്ടുകെട്ടിന്റെ ധന്യതയെ പകരാന്‍ അയാള്‍ക്കു സാധിച്ചിരുന്നു. കാമാ വേഗങ്ങളില്ലാതെ - പ്രേമചാപല്യം കൂടാതെ ഒരു പെണ്ണിനോട്‌ സൗഹൃദത്തിന്റെ സമവാക്യങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിച്ച കാലമായിരുന്നു ആ സൗഹൃദത്തെ മുന്നോട്ടു നയിച്ചത്‌.
ശരീരത്തിന്റെ അഭിനിവേശങ്ങള്‍ അന്നെനിക്ക്‌ അത്ര പ്രധാനപ്പെട്ടതായിരുന്നില്ല. എന്നാല്‍ എന്റെ മനസ്സുമായി നന്നായി വിനിമയം ചെയ്യാന്‍ പറ്റിയ ഒരു സുഹൃത്ത്‌ അത്യാവശ്യമായിരുന്നു. തണല്‍മരച്ചോട്ടില്‍ നിന്ന്‌ അയാള്‍ എന്റെ വിരല്‍ പിടിച്ചമര്‍ത്തുകയോ ഞാന്‍ നിന്നെ ഉമ്മവച്ചോട്ടെ എന്ന്‌ ചോദിച്ച്‌ പ്രലോഭിപ്പിക്കുകയോ ഉണ്ടായിട്ടില്ല. അക്കാര്യങ്ങളെക്കുറിച്ച്‌ രണ്ടുപേരും സംസാരിച്ചില്ല. സംസാരിക്കാന്‍ ഭ്രാന്തന്‍വായനയുടെ ശേഷിപ്പുകളും രാഷ്‌ട്രീയ നിലപാടുകളുടെ അടരുകളും ഭാവാത്മകമായ ജീവിതവ്യാഖ്യാനങ്ങളും എപ്പോഴും ശേഷിക്കെ മറ്റൊന്നും ആവശ്യമായി വന്നില്ല. ക്യാമ്പസില്‍ ചേര്‍ന്ന്‌ ബിരുദം നേടാത്ത വിദ്യാര്‍ത്ഥി ആയതിനാല്‍ ക്യാമ്പസ്‌ നല്‍കാമായിരുന്ന സൗഹൃദങ്ങള്‍ എനിക്കന്യമായി. കൂടുതല്‍ പഠിക്കണം, വായിക്കണം, എഴുതണം എന്നിത്തരം താല്‍പര്യങ്ങള്‍ എന്നില്‍ മുന്നിട്ടുനിന്നിരുന്നു. ഒപ്പം ഇഴയടുപ്പമുളള സൗഹൃദങ്ങളും ആഗ്രഹിച്ചു വിന്‍സിയെയും സുജയെയും സോഫിയെയും ഗ്ലാഡിസിനെയും പോലെയുള്ള കൂട്ടുകാരികള്‍ ഇഷ്‌ടം നിറച്ചവരാണെങ്കിലും ആണ്‍കൂട്ടില്‍ അല്‍പം സാഹസികതയും പുതുമയും ഉണ്ടായിരുന്നു. എന്റെ വായനയെയും പഠനത്തെയും ദിശാബോധത്തോടെ മുന്നോട്ടുനയിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഒരാളെയാണ്‌ ഈ സൗഹൃദം തന്നത്‌. തര്‍ക്കങ്ങളും വിശദീകരണങ്ങളും വായനയും കൂടുതല്‍ മാനങ്ങള്‍ നല്‍കി. അനഭിലഷണീയമായ ഇടപാടുകളിലേക്ക്‌ ഒരിക്കലും അയാള്‍ എന്നെ നയിച്ചില്ല. 
വ്യക്തിയുമായുള്ള സൗഹൃദം പിന്നീട്‌ വീട്ടുകാരോടുള്ള കൂട്ടായി മാറി. അവരുടെ വീട്ടിലേക്ക്‌ ഞാന്‍ ക്ഷണിക്കപ്പെട്ടു. ഞാന്‍ അനിയനും അനിയത്തിക്കും ഒപ്പം അവരുടെ വീട്ടിലേക്കുപോയി. ഒരു അവിട്ടത്തിന്‍നാള്‍ ആ വീട്ടുകാര്‍ ഞങ്ങള്‍ക്കായി സദ്യയൊരുക്കി. അവരുടെ അമ്മയും അച്ഛനും മുത്തശ്ശിയും അനിയന്മാരും മറ്റു കുടുംബാംഗങ്ങളും നിറഞ്ഞ സ്‌നേഹത്തോടെ സ്വീകരിച്ചു. എല്ലാവരുടെയും നോട്ടത്തിലും പെരുമാറ്റത്തിലും കൗതുകവും അല്‌പം വിസ്‌മയവും ഉണ്ടായിരുന്നു. ഞങ്ങള്‍ നിലത്ത്‌ പായിട്ടിരുന്ന്‌ ഇലയില്‍ ഊണു കഴിച്ചു. പുറത്തിറങ്ങി ഞങ്ങള്‍ നടന്നു. അമ്പലത്തിനടുത്തുള്ള ആല്‍ത്തറയില്‍ ഉച്ചതിരിഞ്ഞ സമയത്ത്‌ ഞങ്ങളെല്ലാവരും വന്നിരുന്ന്‌ വര്‍ത്തമാനം പറഞ്ഞു. പലമാതിരി വിഷയങ്ങള്‍ സംസാരത്തില്‍ വന്നു. ആ ആല്‍ത്തറ എന്റേതുകൂടിയായി എനിക്കു തോന്നി. ആല്‍ത്തറയില്‍ ഇരുന്ന്‌ പെണ്‍കുട്ടികള്‍ വര്‍ത്തമാനം പറയുമോ? പറയുമായിരിക്കും/പറയാമായിരിക്കും. എനിക്കറിയില്ല. ആരും ഞങ്ങളോട്‌ അപരിചിതഭാവം കാട്ടിയില്ല. സദാചാരികളുടെ തുറിച്ചുനോട്ടവും ഉണ്ടായില്ല. ഞാന്‍ അതിനുമുന്‍പ്‌ ആല്‍ത്തറവര്‍ത്തമാനം സിനിമയിലേ കണ്ടിട്ടുള്ളൂ. സ്‌ത്രീകള്‍ അങ്ങനെയുള്ള അവസരങ്ങളില്‍ ആല്‍ത്തറയിലിരുന്ന്‌ സംസാരിക്കുന്നതു കണ്ടിട്ടില്ല. ആല്‍ത്തറയില്‍ നിന്നും അവരുടെ വീട്ടില്‍ നിന്നും അല്‍പദൂരമുള്ള ഒരു പറമ്പിലേയ്‌ക്കു പിന്നെ ഞങ്ങള്‍ പോയി. അവിടെ നിരവധി കല്‍പ്രതിമകള്‍ കൂട്ടിയിട്ടിരിക്കുന്നതുകണ്ടു. അധികം വലിപ്പമില്ലാത്ത പ്രതിമകള്‍. സ്‌ത്രീരൂപങ്ങളും മറ്റുമായിരുന്നു കൂടുതല്‍. ഒരെണ്ണം ഞാനെടുക്കാന്‍ ആഗ്രഹിച്ചെങ്കിലും ആഗ്രഹത്തെ അടക്കി. വല്ല അമ്പലത്തിലെയോ മറ്റോ ആണെങ്കില്‍ പ്രശ്‌നമായാലോ? ഏതായാലും അങ്ങനെ ഒരുദിവസം വ്യത്യസ്‌തമായ അനുഭവങ്ങളുടേതായിരുന്നു. ഞാന്‍ പരിചയപ്പെട്ടിട്ടുള്ളതില്‍ നിന്ന്‌ വ്യത്യസ്‌തമായ ഒരു കുടുംബാന്തരീക്ഷം അവിടെ കണ്ടു. കളങ്കമറ്റ കണ്ണുകള്‍ കൊണ്ട്‌ ഞങ്ങള്‍ പരസ്‌പരം നോക്കി. ഓരോ നോട്ടവും ജ്ഞാനസ്‌നാനങ്ങളായി ഞങ്ങളെ വിശുദ്ധീകരിച്ചു. 
ഓരോ സൗഹൃദത്തിനും ഓരോ കാലഘട്ടങ്ങളുണ്ട്‌. ചിരസ്ഥായിയാണ്‌ സ്‌നേഹമെന്ന്‌ പറയുമ്പോഴും സൗഹൃദത്തിന്റെ ആഴങ്ങളും മാനങ്ങളും ഓരോ കാലത്തും വ്യത്യസ്‌തങ്ങളാണ്‌. ഇന്നങ്ങനെ സ്‌നേഹിക്കാന്‍ എനിക്കാകില്ല. എന്റെ സ്‌നേഹശേഷികള്‍ ദുര്‍ബലമായിരിക്കുന്ന തായി തോന്നുന്നു. സഹൃദയത്വവും നിരുപാധികനിലകളും നന്‍മയും കൊണ്ട്‌ ഒരുവന്‌ ഒരുവള്‍ക്ക്‌ നല്ല കൂട്ടുകാരനാവാന്‍ കഴിയുമെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ്‌ എനിക്ക്‌ ആ കാലം.
ഞങ്ങള്‍ വിവാഹിതരാകാന്‍ ആഗ്രഹിച്ചിരുന്നില്ല. മറ്റുള്ളവരുടെ അത്തരം സംശയങ്ങളെ നിരാകരിക്കുകയും ചെയ്‌തില്ല. അങ്ങനെയല്ല, ഇങ്ങനെയാണ്‌ എന്നൊക്കെ പ്രഖ്യാപിച്ചു കൊണ്ടും പ്രസ്‌താവനയിറക്കിയും മനുഷ്യര്‍ക്ക്‌ ജീവിക്കാനാകുമോ? ഒരാണിനും പെണ്ണിനും വിവാഹത്തിലെത്താതെ പ്രേമത്തിന്റെ നടുക്കടലില്‍ തുഴയാതെ അടുത്തിടപെടാന്‍ കഴിയുമെന്ന ചിന്തയോടെ ഞങ്ങള്‍ സുഹൃത്തുക്കളായി നിലനിന്നു. ഗാഢവും സൂക്ഷ്‌മവുമായ സ്‌നേഹത്തെക്കുറിച്ചാണ്‌ മിക്കപ്പോഴും എല്ലാവര്‍ക്കും ഭയം. വാച്യവും പ്രകടനാത്മകവുമായ സ്‌നേഹങ്ങളെയാണ്‌ ഭയപ്പെടേണ്ടതെന്ന്‌ പലരും ഓര്‍ക്കാറില്ല. ഗാഢവും സൂക്ഷ്‌മവുമായ സ്‌നേഹം അതിന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള ജാഗ്രതയാല്‍ ഒന്നു കണ്ണിമയ്‌ക്കപോലും ചെയ്യാതെ പരസ്‌പരം കാത്തുപോരുമെന്ന്‌ നല്ല സുഹൃത്തുക്കള്‍ക്കല്ലേ അറിയൂ. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും