സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കളിവിളക്ക്‌

വിമന്‍ പോയിന്റ് ടീം



1123 കന്നി രണ്ട്‌. സായം സന്ധ്യ.
ഇളംകാറ്റ്‌ ചിതാഗ്നിക്ക്‌ ആവേശവും ഉണര്‍വ്വും പകരുന്നു. വീടിന്റെ ഏതോ കോണില്‍ നിന്നുയരുന്ന അവ്യക്തമായ സ്‌ത്രീരോദനം പലതും തലതാഴ്‌ത്തി നടന്നു നീങ്ങുമ്പോള്‍ അയാള്‍ ഉയരുന്ന തീനാളത്തിലേക്കു നോക്കി നിന്നു.

ദേഹി അന്തരീക്ഷത്തില്‍ ലീനമാവുന്ന മുഹൂര്‍ത്തത്തില്‍ അയാള്‍ ഏകാന്തലോകത്ത്‌ അകപ്പെടുകയാണ്‌. മുന്‍പില്‍ ആളിക്കത്തുന്ന ചിത. ചുറ്റും വിജനമായ കണ്ണെത്താത്ത വരണ്ടഭൂമി.
``ആശാനേ...ആശാനേ..''
തിളങ്ങുന്ന കണ്ണുകളുമായി, ചിതക്കുള്ളില്‍ നിന്നുയരുന്ന വേഷങ്ങളെ നോക്കി അയാള്‍ പകച്ചുനിന്നു. നികാസുരന്‍..കീചകന്‍..രാവണന്‍...ഭീമന്‍...അര്‍ജ്ജുനന്‍. അകലെ നിന്ന്‌ കഥകളിമേളത്തിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന കഥകളിസംഗീതം. അസാമാന്യമായ അഭിനയവൈദഗ്‌ദ്ധ്യത്തില്‍നിന്നും ഉറവെടുത്ത അതുല്യങ്ങളായ വേഷങ്ങള്‍ ചുറ്റും...

മതില്‍
മതിലിനപ്പുറത്തുള്ള ലോകത്തോട്‌ അവന്റെ മനസ്സില്‍ പൊട്ടിമുളച്ച അനുരാഗം. സ്‌കൂളിലേക്കുള്ള യാത്ര എന്നും ആ മതില്‍ക്കെട്ടിനരികില്‍ അവസാനിക്കുകയാണ്‌ പതിവ്‌. കച്ചകെട്ടി മേലാകെ എണ്ണയിട്ട്‌ കഴിഞ്ഞശേഷം, കളരിയില്‍ കഥകളിയഭ്യാസം നടത്തുന്ന തന്റെ സമപ്രായക്കാരെയും, തോടയം, പുറപ്പാട്‌, പദങ്ങളുടെ ചൊല്ലിയാട്ടം, ഇളകിയാട്ടം എന്നിവ ശാസിച്ചും ശകാരിച്ചും അഭ്യസിപ്പിക്കുന്ന പട്ടിക്കാംതൊടി രാമുണ്ണ്യാശാനേയും നോക്കി മതില്‍ക്കെട്ടിന്‌ മുകളില്‍ അവന്‍ മൂകനായി ഇരിക്കും.
അന്ന്‌, കളരിയില്‍ കണ്ണുസാധകം ചെയ്യുന്നതനുസരിച്ച്‌ കണ്ണുകള്‍ ചലിപ്പിക്കുമ്പോഴാണ്‌ ആ വിരല്‍സ്‌പര്‍ശം അവനെ ഉണര്‍ത്തിയത്‌. മുന്‍പില്‍ രാമുണ്ണ്യാശാന്‍...!
മതിലില്‍ നിന്ന്‌ ചായിടിറങ്ങി. കൈയിലെ ചുണ്ടപ്പൂക്കള്‍ നിലത്തു വീണു.
``എന്താ പേര്‌...?''
``കുഞ്ചു''
``എന്തിനാ ചുണ്ടപ്പൂവ്‌ തനിയ്‌ക്ക്‌?''
``കാറല്‍മണ്ണേല്‌ കഥകളിണ്ട്‌. കളിക്കാര്‍ക്ക്‌ കൊടുക്കാനാ''
``തനിയ്‌ക്ക്‌ കഥകളി പഠിക്കണന്ന്‌ണ്ടോ?''
സന്തോഷത്താല്‍ കണ്ണുകള്‍ നിറഞ്ഞു. അവന്‍ ചെമ്മണ്‍പാതയിലൂടെ നടന്നു, ദാരിദ്ര്യത്തിന്റെ കൂറ്റന്‍മതില്‍ക്കെട്ട്‌ ചാടിക്കടക്കാനുള്ള ശേഷിയില്ലാതെ...

തിരശ്ശീല
ചെണ്ടചേങ്ങിലമദ്ദള മേളങ്ങളുടെ അകമ്പടിയോടെ പിന്നണിയില്‍ നിന്നുയരുന്ന ആട്ടപ്പദം.
ധന്യേ, മാനിനി നീ മമ സദനേ താനേ
വന്നതിനാല്‍ ശശിവദനേ..
കാമപാരവശ്യത്തോടെ മാലിനിയോട്‌ പ്രേമാഭ്യര്‍ത്ഥനയുമായടുക്കുന്ന കീചകന്‍. ആ കാമഭ്രാന്തന്റെ വലയത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ വിഷമിക്കുന്ന മാലിനി.
ശൃംഗാരരസം തുളുമ്പുന്ന കീചകന്റെ ഭാവാഭിനയം...!
അവന്‍ തിരുമാന്ധാംകുന്നമ്പലപ്പരിസരത്തുനിന്ന്‌ മാത്സ്യരാജധാനിയിലെ നൃത്തനികേതത്തില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു.
ഭീമന്റെ രംഗപ്രവേശം കണ്ണുകളെ ഈറനണിയിക്കുന്നു. അരങ്ങില്‍ ഭീമന്റെ കരവലയത്തിലകപ്പെട്ട്‌ ഞെരിഞ്ഞ്‌ ഞെരിഞ്ഞ്‌ മരിക്കുന്ന കീചകന്‍. സന്തോഷത്തോടെ കാണികളെല്ലാം മരണത്തെ വരവേല്‍ക്കുമ്പോള്‍ അവന്റെ വിരലുകള്‍ പൊടിമണ്ണില്‍ കിടന്നുപിടയുന്നു. കീചകന്റെ പകുതിഭാഗം മറച്ച തിരശ്ശീല.
അഭിനയത്തിന്റെ ഉത്തുംഗത്തിലെത്തുന്ന കീചകന്റെ മരണവെപ്രാളരംഗം!
ആളുകളെല്ലാം എഴുന്നേറ്റു. തിരശ്ശീല ഉയര്‍ന്നു.
``കുഞ്ചൂ...കുഞ്ചൂ...''
അമ്മയുടെ വിളികള്‍ കേള്‍ക്കാതെ അവന്‍ അരങ്ങത്തേക്ക്‌ ആകര്‍ഷിക്കപ്പെട്ടു. ഉയര്‍ന്ന തിരശ്ശീല മാറ്റി നോക്കി.
``ആശാനേ...ആശാനേ...''
രാമുണ്ണ്യാശാന്‍ നിലത്തുനിന്ന്‌ എഴുന്നേറ്റ്‌ അണിയറയിലേക്കു പോവുന്നത്‌ നെടുവീര്‍പ്പുകളോടെ നോക്കി.


...മനസ്സിലാരാധിച്ച, ശിഷ്യനാവാന്‍ കൊതിച്ച, കഥകളിയാചാര്യന്‍; തുടക്കക്കാരനായ തന്നോട്‌ ക്ഷമാപണം പറയുമ്പോള്‍ തന്റെ ചൊല്ലിയാട്ടം പിഴയ്‌ക്കുമോ!
സായംസന്ധ്യയില്‍ കുന്തിപ്പുഴയോരത്ത്‌ ചിന്താകുലനായി അവനിരുന്നു. അരങ്ങേറ്റത്തിന്റെ ശുഭപ്രാപ്‌തിക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട്‌ പുഴയില്‍ മുങ്ങിക്കുളിച്ചു.
കേളിക്കൊട്ടുയര്‍ന്നു.
ക്ഷേത്രദര്‍ശനം കഴിഞ്ഞ്‌ വലതുകാല്‍ വെച്ച്‌ അണിയറയിലേക്കു കയറി. അണിഞ്ഞൊരുങ്ങുന്ന ആ ദിവ്യസ്വരൂപം കണ്ട്‌ അവന്‍ നിശ്ചലനായി.
അര്‍ജ്ജുനവേഷമണിയുന്ന പട്ടിക്കാംതൊടി രാമുണ്ണ്യാശാന്‍!
ഗുരുവിന്റെ ആജ്ഞയനുസരിച്ച്‌ വിരിച്ചിട്ട പായയില്‍ വിളക്കിനരികില്‍ ഇരുന്നു. അദ്ദേഹം മോതിരവിരല്‍കൊണ്ട്‌ മനയോല തൊട്ട്‌, ആ കൈ ഹൃദയത്തില്‍ വെച്ച്‌ നല്ലവണ്ണം ധ്യാനിച്ച്‌ അവന്റെ മുഖത്ത്‌ മനയോല തൊട്ടു. അപ്പോഴും കണ്ണുകള്‍ ദൂരെ വിളക്കിനരികില്‍ ജ്വലിക്കുന്ന അര്‍ജ്ജുനവേഷത്തില്‍ തന്നെ.
ആട്ടം പിഴയ്‌ക്കുമോ...!
ശ്രീകൃഷ്‌ണവേഷമണിഞ്ഞ്‌ ഗുരുവിന്‌ ഓണപ്പുടവയര്‍പ്പിച്ച്‌ അമ്മയുടെയും ജ്യേഷ്‌ഠന്റെയും അനുഗ്രഹത്തോടെ അണിയറവിളക്ക്‌ വന്ദിച്ച്‌ അരങ്ങത്തേക്കുനടന്നു.

ചിരകാലാഭിലാഷമായ കഥകളിവേഷത്തില്‍ അരങ്ങത്തെത്തിയപ്പോള്‍ മുന്‍പില്‍ നിറകണ്ണുകളോടെ നില്‍ക്കുന്ന അമ്മയെ കണ്ടു. ഒട്ടും പരിഭ്രമിക്കാതെ പിഴയ്‌ക്കാതെ പുറപ്പാടെടുത്ത്‌ അണിയറയിലേക്ക്‌ മടങ്ങി.
മേളപ്പദം
സുഭദ്രാഹരണം ആട്ടക്കഥയുടെ ആരംഭം.
ശ്ലോകങ്ങള്‍ക്കും സുഭദ്രാര്‍ജ്ജുനവിവാഹത്തിനും ശേഷം അരങ്ങില്‍....
വലതുഭാഗത്ത്‌, പീഠത്തില്‍ ഉപവിഷ്ടനായ കൃഷ്‌ണന്റെ അരികിലേക്കുവന്ന്‌ അര്‍ജ്ജുനന്‍ വന്ദിക്കുന്നു. കൃഷ്‌ണന്‍ എഴുന്നേറ്റുകൊണ്ട്‌ 
കേട്ടാലും വചനം സഖേ, മാനവമൗലേ! കേട്ടാലും
സ്‌ഫീതമാം തവ ഭാഗ്യം സുകരമായ്‌ വിവാഹവും.
നിയതി വൈഭവമുണ്ടാം പാരിലൊരുസൂരിയറിയുന്നു...?
താതന്‍ ദേവരാജാവും ത്രിദശമാനിനിമാരും ദേവമാമുനിവൃന്ദവും 
ദേവവൃന്ദമീവണ്ണം മുന്നം മന്നിലെങ്ങാനും
തനിയേ വന്നിതോ മോദാല്‍ അഹഹ തവ സുകൃതമതിഗഹനം...
തെറ്റുകള്‍ക്ക്‌ ക്ഷമാപണം ചോദിക്കുന്ന പദവുമായി അര്‍ജ്ജുനന്‍ ചൊല്ലിയാടുമ്പോള്‍, കൃഷ്‌ണന്റെ മുഖപേശികള്‍ വിറയ്‌ക്കുന്നു. മുഖത്ത്‌ വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞു. കണ്‍പോളകള്‍ നിറഞ്ഞുതുളുമ്പി. തളരുന്ന ശരീരവുമായി മുദ്രകള്‍ പിഴയ്‌ക്കാതെ കൃഷ്‌ണന്‍.
ഉത്സവാവധൗ വീര സഹചരിയുമായി നീ
വിരവൊടു ഗമിക്കേണമേ...
യോദ്ധാക്കള്‍ തടുത്താല്‍ നീയവരെ സംഹരിക്കൊല്ലാ
ഗമിക്കുന്നേനഹമിപ്പോള്‍ ഉടനേ ഇനിത്തവ
നികടേ വന്നീടാം.
അര്‍ജ്ജുനനെ സമാധാനിപ്പിച്ചുകൊണ്ട്‌്‌ യാത്രയാകുന്ന ശ്രീകൃഷ്‌ണന്‍.
തിരശ്ശീല ഉയര്‍ന്നു.
കളികഴിഞ്ഞശേഷം അണിയറയിലേക്കുവന്ന രാമുണ്ണ്യാശാന്‍ കിരീടം അഴിച്ചുവെച്ച്‌ ചോദിച്ചു.
``അല്ല കോപ്പന്‍നായരേ....കൃഷ്‌ണവേഷമണിഞ്ഞ്‌ അരങ്ങേറ്റം നടത്തിയ കുട്ട്യേതാ...''
``കുഞ്ചു. കുഞ്ചൂന്നാ അവന്റെ പേര്‌. കുഞ്ച്വോ!''
ഇരുട്ടത്ത്‌ നില്‍ക്കുന്ന അവന്‍ അണിയറവിളക്കിനരികിലേക്കു വന്നു. രാമുണ്ണ്യാശാന്‍ എഴുന്നേറ്റു.
``ചൊല്ലിയാടുമ്പോ തനിയ്‌ക്കെന്താ ഒരു പരിഭ്രമം...''
അവന്‍ കാല്‍ക്കല്‍ വീണു. കാലില്‍ ചുംബിച്ചു....
``ആശാനേ...ആശാനേ...'' ഉയരുന്ന ആര്‍ത്തനാദം.
എഴുന്നേല്‍പ്പിച്ച്‌, ശിരസ്സില്‍ കൈവെച്ച്‌ അനുഗ്രഹിച്ചുകൊണ്ട്‌ ആശാന്‍ പറഞ്ഞു.
``നീ ഇനി എന്റെ കളരിയിലേക്ക്‌ പോരൂ... എനിക്കിഷ്ടായി നിന്നെ.''

ഓണപ്പുടവ
ശിഷ്യന്‍ കഥകളിയുടെ മര്‍മ്മമറിഞ്ഞ്‌ ആട്ടക്കാരനായി പ്രശസ്‌തനാവുമ്പോഴും ചിങ്ങമാസത്തില്‍ ഓണപ്പുടവയുമായി ഗുരുവിനരികിലെത്താന്‍ മറന്നിരുന്നില്ല.
സ്‌മരണകളെ ആര്‍ദ്രമാക്കുന്ന ചിങ്ങമാസത്തിലെ പ്രഭാതം.
കുറുവട്ടൂരിലെ ഭവനത്തിലെത്തുമ്പോള്‍ ഗുരു അവശനും ക്ഷീണിതനുമായിരുന്നു. വന്ദിച്ച്‌, ഓണപ്പുടവ സമര്‍പ്പിക്കുമ്പോള്‍ ഗുരു പറഞ്ഞു.
``കുഞ്ച്വോ, വയ്യാണ്ടായി. കാര്യായിട്ട്‌ ഒന്നും സമ്പാദിച്ചില്ല. ഒരായുസ്സ്‌ മുഴുവന്‍ കളിയെ സ്‌നേഹിച്ച്‌ കഴിച്ചുകൂട്ടി...''
രോഗശയ്യയില്‍ കിടക്കുന്ന ഗുരുവിനോട്‌ യാത്രപറഞ്ഞിറങ്ങുമ്പോള്‍ ശിഷ്യന്റെ വിരലുകളില്‍ പിടിച്ചുപറഞ്ഞു.
``ആട്ടത്തില്‍ ഭാവാവിഷ്‌കരണത്തിന്‌ കൂടുതല്‍ പ്രാധാന്യം കൊടുത്ത്‌ കല്ലുവഴിചിട്ടയിലൂടെ നിന്റെ ശിഷ്യരേയുംകൊണ്ട്‌ വരണം...'' 
ശിഷ്യന്‍ കേട്ട അവസാന ഗുരുവചനം.
1123 കന്നി രണ്ട്‌. പൗര്‍ണ്ണമി രാത്രി.
എരിഞ്ഞടങ്ങിയ ചിതയ്‌ക്കരികില്‍ അയാള്‍ ഏകനാണ്‌. നിശ്ശബ്ദതയിലൂടെ കാറ്റിലെ ചാരകണങ്ങള്‍ പാറിപ്പറക്കുന്നു. കനലൂറുന്ന ചിതയിലേക്ക്‌ കൈ പൂഴ്‌ത്തി, ഒരു കൈക്കുമ്പിള്‍ ചിതാഭസ്‌മം മാറോടുചേര്‍ത്ത്‌, ഊടുവഴികളിലൂടെ അയാള്‍ നടന്നു.

കുന്തിപ്പുഴയിലേക്കുള്ള പടവുകളിറങ്ങി. ചിതാഭസ്‌മവുമായി പുഴയില്‍ മുങ്ങി. കൈയിലെ ചിതാഭസ്‌മം പുഴയില്‍ ലയിക്കുമ്പോള്‍ അയാള്‍ കേട്ടു, അകലുന്ന കഥകളി മേളത്തിന്റെ നാദം. തണുത്ത വെള്ളത്തില്‍ നിന്ന്‌ തലയുയര്‍ത്തിയപ്പോള്‍, പുഴകടന്ന്‌ മരങ്ങള്‍ക്കിടയില്‍ മറയുന്ന കഥകളി വേഷങ്ങള്‍.
``ആശാനേ..ആശാനേ..'' 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും