സ്‌ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചുള്ള എന്റെ ചിന്തകള്‍ ചെന്നെത്തുന്നത് കേരളത്തിലെ ഒരു നാട്ടുപഴമയിലാണ്. അതായത് പഴങ്കഥപ്രകാരം കേരളത്തിലെ ആദ്യ പിതാ-മാതാക്കളായ വരരുചിയിലും ഭാര്യയിലും. വരരുചിയെന്ന മഹാ ബ്രാഹ്മണന്റെ പാണ്‌ഡിത്യപരീക്ഷയില്‍ യുക്തിപൂര്‍വ്വം മറുപടി പ്രവര്‍ത്തിച്ച (പറയുകയല്ലോ ചെയ്‌തത്) മുനികുമാരി പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയായി മാറി. അതിനുശേഷം ഭാര്യയുടെ ജാതി തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹം ഭാര്യയുമൊത്ത് ദേശാടനത്തിനിറങ്ങി. അവര്‍ നടത്തിയ നിരന്തരയാത്രകള്‍, യാത്രയില്‍ തന്നെ അവസാനിച്ച ജീവിതം ഇതാണല്ലോ നാട്ടുപഴമപ്രകാരം കേരളത്തിലെ ആദ്യ ദാമ്പത്യത്തിന്റെ കഥ. നാട്ടുപഴമകള്‍ നാട്ടുപഴമതന്നെ. അതിനെ വാച്യാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളേണ്ടതില്ലെങ്കിലും സാമൂഹ്യജീവിതത്തെക്കുറിച്ച് ഈ കഥ ചില ചിന്തകള്‍ പങ്കുവയ്‌ക്കുന്നുണ്ട്. ജനാധിപത്യതലമില്ലാത്ത സ്‌ത്രീപുരുഷ ഇടപെടലിന്റെ ഒരു ചിത്രമാണ് ഈ കഥയില്‍ കാണുന്നത്. പുരുഷന്റെ അറിവിനോട് തോറ്റുകൊടുക്കാത്ത അറിവിന്റെ ഉടമയായ പെണ്‍കുട്ടി എന്നതില്‍നിന്ന് ഈ അറിവിനെക്കുറിച്ച് പിന്നീട് ഒരു റഫറന്‍സും ലഭ്യമല്ലാത്ത വിനീതവിധേയ ഭാര്യ എന്ന തരം ഇടപെടലുകളാണ് പിന്നീട് കഥയിലുള്ളത്. അതായത് വരരുചിയുടെ ചോദ്യപരീക്ഷയില്‍ തോല്‍ക്കാതിരുന്നവള്‍ പിന്നീട് വധൂ പദവിയിലേക്കും അവിടെനിന്ന് പലായനത്തില്‍ പങ്കുകാരിയാവുന്ന ഭാര്യയിലേക്കും, ഭര്‍ത്താവിന്റെ തീരുമാനത്തിനും കീഴ്‌വഴങ്ങി കുട്ടികളെ ഉപേക്ഷിക്കുന്ന വ്യഥിതചിത്തയായ അമ്മയിലേക്കും രൂപാന്തരപ്പെടുന്നു. ഈ നാട്ടുപഴമയില്‍നിന്നും തന്നെ ആരംഭിക്കുന്നതാണ് അസാമൂഹികവല്‍ക്കരിക്കപ്പെട്ട സ്‌ത്രീപുരുഷ ബന്ധങ്ങളുടെ കഥ. ഇനി ചില വര്‍ത്തമാനകാല അനുഭവങ്ങളിലേക്ക് - കേരളത്തിലെ ഒരു കലായയത്തിലെ നാടക മത്സരം ഈ അടുത്തകാലത്ത് കാണാനിടയായി. പെണ്‍കുട്ടികളുടെ രണ്ടു ടീമും ആണ്‍കുട്ടികളുടെ അഞ്ചു ടീമും ആണ് മത്സരരംഗത്ത്. പെണ്‍കുട്ടികളുടെ രണ്ടു ടീമുകള്‍ക്കും അവരുടെ ഡയലോഗുകള്‍ പരസ്‌പരം കേള്‍ക്കാന്‍ പോലുമാകാത്തവിധം കൂക്കുവിളികള്‍. ഇത് ആദ്യന്തം തുടരുന്നു. എന്നാല്‍ ആണ്‍കുട്ടികളുടെ നാടകങ്ങള്‍ക്ക് മൊട്ടുസൂചി നിശബ്‌ദത. ഈ പ്രതികരണം എന്നെ സ്‌തംഭിപ്പിച്ചുകളഞ്ഞു. പരസ്‌പരം പോടാ, പോടി വിളിക്കുകയും, കൈകൊടുത്ത് അഭിവാദ്യം ചെയ്യുകയും ചെയ്യുമെങ്കിലും ഇവിടെ പ്രകടിപ്പിച്ച അസഹിഷ്‌ണുത ഭീകരമായിരുന്നു. അപ്പോള്‍ ഇത്തരം വിളികള്‍ക്ക് എന്ത് അര്‍ത്ഥം? ഇത് ഒരു കാമ്പസിന്റെ മാത്രം പ്രശ്‌നമായിരിക്കാമെന്ന് സമാധാനിക്കാം. ഇനി മറ്റൊരു അനുഭവം. എനിക്ക് വളരെ പരിചയമുള്ള ഒരു സ്‌കൂളധ്യാപിക. ഭര്‍ത്താവും ആ സ്‌കൂളില്‍ത്തന്നെ അധ്യാപകന്‍. മാസാവസാനം അക്വിറ്റന്‍സ് രജിസ്റ്ററില്‍ ഒപ്പിടുകയല്ലാതെ ആ സ്‌ത്രീ ശമ്പളം വാങ്ങാറില്ല. ശമ്പളം വാങ്ങുന്ന പണി ഭര്‍ത്താവിന്റയാണ്. ഭക്ഷണം, വസ്‌ത്രം, മരുന്ന് എന്നിവയെല്ലാം സമയാസമയങ്ങളില്‍ ഭര്‍ത്താവ് വാങ്ങിക്കൊടുക്കും. ഈ അധ്യാപകരുടേത് ഒരു പ്രേമവിവാഹമായിരുന്നു. അല്ലറ ചില്ലറ ഇഷ്‌ടക്കേടുകള്‍ ഉണ്ടായിരുന്നു. അതിന്റെ നീരസം ഇന്നും ഭാര്യാവീട്ടുകാരോട് ഭര്‍ത്താവിനുണ്ട്. പക്ഷേ, ഭാര്യമാത്രമല്ലല്ലോ അവള്‍. മകളും കൂടിയാണല്ലോ? എന്നാല്‍ രോഗിണിയായ അമ്മക്ക് ഒരിക്കല്‍പോലും ഇത്തിരി മരുന്ന് വാങ്ങിക്കൊടുക്കാന്‍ അവള്‍ക്ക് സാധിച്ചിട്ടില്ല. പണത്തിന്‍മേല്‍ അവള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ല. അങ്ങനെയങ്ങനെ സുന്ദരസുരഭില ദാമ്പത്യം അനുസ്യൂതം തുടരുന്നു. മേല്‍പറഞ്ഞവ കൃത്യമായും വ്യക്തിപരമായ അനുഭവങ്ങളാണ് എന്ന പരിമിതി അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ. നമ്മുടെ ആണ്‍പെണ്‍ ഇടപെടലുകളുടെ ജനാധിപത്യരഹിതമായ അവസ്ഥ പരിചിതത്വം കൊണ്ട് സാധാരണവും സ്വാഭാവികവുമെന്ന ബോധത്തിലെത്തിച്ചിരിക്കുന്നു. എങ്കിലും ഇതിനെക്കുറിച്ച് സംശയിച്ചു തുടങ്ങാതിരിക്കാന്‍ എനിക്കാവുന്നില്ല. ഈ സംശയം, തിരക്കുള്ള ബസ്സില്‍ ഒരു പ്രാവശ്യമെങ്കിലും യാത്ര ചെയ്‌താല്‍ വര്‍ദ്ധിക്കും. ഇരുട്ടുവീണു കഴിഞ്ഞ് ബസ്റ്റാന്റിലോ നിരത്തിലോ ഒറ്റപ്പെട്ടുപോയാല്‍ സംശയിക്കാന്‍ ഈ ഞാന്‍ പിന്നെ ബാക്കി കാണുമോയെന്നും തിട്ടമില്ല. സിനിമാശാലയില്‍ മുഴുവന്‍ ഇരുട്ടു വീണുകഴിഞ്ഞാല്‍ വിരലുകള്‍, കൈകള്‍, കാലുകള്‍ ഒക്കെ നിശാസഞ്ചാരത്തിന് ഇറങ്ങും. പെരുന്നാളിനോ പൂരത്തിനോ ഒരിക്കല്‍ രാത്രിയില്‍ പോയാല്‍ ഈ പെണ്‍ശരീരത്തോട് അറപ്പും അവജ്ഞയും തോന്നും. പൂരപ്പറമ്പിലേയും പെരുന്നാള്‍ മുറ്റത്തെയും കഥ അവിടെ നില്‍ക്കട്ടെ. വീട് എന്ന സ്വര്‍ഗ്ഗത്തിലേയ്‌ക്ക് തിരിച്ചുവരിക. ഒരുവള്‍ക്ക് തന്റെ വീടിന്റെ എല്ലായിടവും ഒരുപോലെ പെരുമാറാനാവുമോ? അടുക്കളയും ഉമ്മറവും ഒരുപോലെയല്ല. സഞ്ചാരത്തിലും ഇരുപ്പിലും നില്‍പ്പിലും പെണ്ണിനെ സംബന്ധിച്ചിടത്തോളം ജനപ്രിയ സിനിമകളില്‍ ഭാര്യക്കിട്ട് രണ്ടു തല്ലുന്ന ഭര്‍ത്താക്കന്മാരെ കണ്ടുകണ്ട് നീരസം കെട്ടുപോയിരിക്കുന്നു. വീട്ടിലും വഴിയിലും ജോലിസ്ഥലത്തും ആള്‍ കൂടുന്നിടത്തും ആശുപത്രികിടക്കയില്‍ പോലും തുറിച്ചുനോക്കപ്പെടുന്നവളും പിടിച്ചുപറിക്കപ്പെടുന്നവളും ഒതുക്കിനിര്‍ത്തപ്പെടുന്നവളും മെരുക്കപ്പെടുന്നവളുമായ പെണ്ണിനെക്കുറിച്ച് ധാരാളം വായിച്ചിട്ടുണ്ടല്ലോ? എഴുതുന്നവരും വായിക്കുന്നവരും ആയ പരിമിത ജനവിഭാഗത്താല്‍ പരിഹരിക്കാവുന്നതല്ല ഈ കാര്യങ്ങള്‍ എങ്കിലും എഴുതുക തന്നെ ചെയ്യുന്നു. ഏതാണ്ട് പതിനഞ്ച് വര്‍ഷമായി കേരളത്തില്‍ വളരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയങ്ങളാണ് സ്‌ത്രീവാദം, സ്‌ത്രീശാക്തീകരണം, പെണ്ണെഴുത്ത് എന്നിവ. സംഘടനകളാലും സര്‍ക്കാരിനാലും ശാക്തീകരിക്കപ്പെട്ട സ്‌ത്രീകളെകൊണ്ട് നാടും നഗരവും നിരത്തും നിറയുന്നു!!! എന്നിട്ടും നമ്മുടെ അധികാരക്കൂട്ടങ്ങളില്‍, തൊഴിലാളി കൂട്ടംകൂടലുകളില്‍, ജ്ഞാന സദസ്സുകളില്‍ ഒക്കെ ഈ ശക്തീകരിക്കപ്പെട്ടവള്‍ എവിടെ? ഒന്നേ രണ്ടോ മുടി മുറിച്ചിട്ട പെണ്ണുങ്ങള്‍ (ഇന്ത്യയിലെ ഒരു ബഹുമാന്യ രാഷ്‌ട്രീയ നേതാവിനോട് കടപ്പാട്) അവിടെയുമിവിടെയും കണ്ടെന്നു വരാം. സി.കെ. ജാനുവിനെപ്പോലുള്ള നേതാക്കളെ കണ്ടില്ലെന്നു നടിച്ചു കൊണ്ടല്ല ഇപ്പറയുന്നത്. എങ്കിലും കേരളത്തിലെ സാമൂഹ്യസാഹചര്യത്തില്‍ ഏകപക്ഷീയമായി ശാക്തീകരിക്കപ്പെടുകയും, ഈ ശക്തീകരണത്തോത് പ്രത്യക്ഷപ്പെടുത്തുന്നതിന് സാമൂഹ്യമായ ഇടം (വീടുള്‍പ്പെടെ) പരിമിതമായിരിക്കുകയോ, ഇല്ലാതിരിക്കുകയോ ചെയ്യുന്നിടത്ത് വ്യഥിതപ്രയത്‌നത്തിന്റെ അനുഭവം അവശേഷിക്കുന്നു. സ്‌ത്രീസാക്ഷരതാ നിരക്ക് വര്‍ദ്ധിച്ചിരിക്കുന്നതും ഉദ്യോഗസ്ഥകളായ സ്‌ത്രീകളുടെ എണ്ണം കൂടുതലുള്ളതും അടിസ്ഥാനമാക്കി കേരളത്തിലെ സ്‌ത്രീകള്‍ക്ക് പ്രശ്‌നമൊന്നുമില്ല എന്ന് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. അതിനൊപ്പമാണ് നിരത്തിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ പിടിച്ചു നിര്‍ത്തി മുടി മുറിച്ച സംഭവവും വായിക്കുന്നത്. സഞ്ചാരം, പെരുമാറ്റം എന്നിവയില്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമില്ലായ്‌മ ജനാധിപത്യരഹിതമായ നിര്‍ദ്ദേശങ്ങളോട് പുലര്‍ത്തേണ്ടിവരുന്ന വിധേയത്വം തുടങ്ങി അടിസ്ഥാനപരമായ ജീവല്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നിടത്താണ് എന്റെ ചിന്തകള്‍ കെട്ടുപിണയുന്നത്. മകള്‍, ഭാര്യ, പെങ്ങള്‍, കാമുകി തുടങ്ങിയ ചിരപരിചിത സ്‌ത്രീകളോട് താദാത്മ്യപ്പെട്ടാണ് ആണ്‍പെണ്‍ ഇടപെടലുകള്‍ സംഭവിക്കുന്നത്. ഇത്തരം ഓരോ റോളിന്റെയും വലതുവശത്ത് പൂരകമായി അച്ഛന്‍, ഭര്‍ത്താവ്, ആങ്ങള, കാമുകന്‍ എന്നീ ആണ്‍റോളുകളും ഉണ്ടല്ലോ. ഈ റോളുകളെല്ലാം ഒരുതരം ഉടമസ്ഥതാമനോഭാവത്തോടുകൂടിയ സംരക്ഷക ഭാവമുള്ളവയാണ്. ഉടമസ്ഥതയോടൊപ്പമുള്ള അധികാരവും വസ്‌തുവാങ്ങല്‍ പ്രക്രിയയും ഇത്തരം ബന്ധങ്ങളുടെ പ്രത്യേകതകളാണ്. സഹപാഠികള്‍ക്കിടയില്‍ പോലും സഹോദരി-സഹോദരബന്ധം, കാമുകീ-കാമുകബന്ധങ്ങള്‍ എന്നിങ്ങനെയുള്ള ബന്ധങ്ങളാക്കി സൗഹൃദത്തെ മാറ്റിയെടുക്കാനാണ് നമുക്കിഷ്‌ടം. സൗഹാര്‍ദ്ദത്തിനു പകരമായി സൗഭ്രാത്രം എപ്പോഴും ഗുണകരമായ ആദേശപ്രക്രിയയാണെന്ന് എനിക്കു തോന്നുന്നില്ല. ഇങ്ങനെ വളരെ സ്വകാര്യവും വ്യക്തിപരവുമായ തലത്തില്‍ മാത്രം സ്‌ത്രീപുരുഷ ബന്ധങ്ങളെ വ്യാഖ്യാനിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന പാരമ്പര്യത്തില്‍ നിന്നും പുറത്തുവരേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഇത്തരമൊരു സഹോദര്യ കിനാവ് വ്യാപകമായി പ്രായോഗികവുമല്ല. പകരം നമ്മുടെ ബന്ധങ്ങളെ നിര്‍മ്മിക്കേണ്ടത് ആണ്‍പെണ്‍ ചെങ്ങാത്തത്തിന്റെ രൂപത്തിലാണ് എന്ന് എനിക്കു തോന്നുന്നു. നമ്മുടെ ആണിനും പെണ്ണിനും ഇന്നും ഒരു അപരിചിത മേഖലയാണ് ഒരു തുറന്ന സൗഹൃദം. വ്യത്യസ്‌ത ലൈംഗിക ജീവികളായിരിക്കുമ്പോഴും, രത്യാകര്‍ഷണത്തിന്റെ സാധ്യതകളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കുമ്പോഴും ആണിനും പെണ്ണിനും ചങ്ങാതികളായിരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുകയാണ്. ഒരാള്‍ ഒരാളുടെ ഉടമയോ വസ്‌തുവോ ആകാതെ പരസ്‌പരം അംഗീകരിക്കുവാനും ജനാധിപത്യബോധത്തോടെ തന്നെ നിഷേധിക്കേണ്ടതിനെ നിഷേധിക്കാനും അവസരം നല്‍കുന്ന സൗഹൃദം വളര്‍ന്നുവന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഭാവികാമുകന്റെ കയ്യില്‍ നിന്ന് ഒരു തല്ലോ ഭീഷണിയോ ശാസനയോ ലഭിച്ചുകഴിയുമ്പോഴാണ് നമ്മുടെ സിനിമയിലെ നായികാകഥാപാത്രങ്ങളില്‍ മിക്കവര്‍ക്കും പ്രേമം വരുന്നത്. ഇത്തരം പ്രേമാങ്കുരണങ്ങള്‍ സാമൂഹ്യവിരുദ്ധമായ ഒന്നാണ് എന്ന് നമുക്കറിയാമെങ്കിലും ഇത്തരം കാര്യങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നു. ഏകപക്ഷീയമായ കോയ്‌മാബന്ധങ്ങളുടെ കെട്ടുകാഴ്‌ച ഉത്സവങ്ങളാണ് മാധ്യമങ്ങള്‍ പങ്കുവെക്കുന്നതും നാം തുറന്നമനസ്സോടെ സ്വീകരിക്കുന്നതും. കാമുകന്‍, ഭര്‍ത്താവ്, പിതാവ്, സഹോദരന്‍ എന്നിവര്‍ക്കെല്ലാം മുഖത്തടിക്കാന്‍ അവകാശാധികാരങ്ങള്‍ ഉണ്ടായിരിക്കെ ഇത്തരം ബന്ധങ്ങളിലെവിടെയാണ് സൗഹൃദം? ഭയപ്പാടു കൂടാതെ തുറന്നു സംസാരിക്കാനോ, ഇടപെടാനോ സാധിക്കുന്ന വിധത്തില്‍ നമ്മുടെ നിലവിലുള്ള സ്‌ത്രീ-പുരുഷബന്ധമാതൃകകളെ രൂപപ്പെടുത്താന്‍ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കോയ്‌മാനിലകളെ അഭംഗുരം തുടരുന്നതില്‍ നാം പുലര്‍ത്തുന്ന ജാഗരൂകത ഭയപ്പെടുത്തുന്നതാണ്. ക്ലാസ്സു മുറികളിലെങ്കിലും സഹോദരന്‍-സഹോദരി ബന്ധം രൂപപ്പെടരുത് എന്നത് എന്റെയൊരു സ്വപ്‌നമാണ്. ക്ലാസ്സ്‌മേറ്റിനെ ക്ലാസ്സ്‌മേറ്റായി തന്നെ നിലനിര്‍ത്തിക്കൊണ്ട് വളര്‍ന്നുവരുന്ന സൗഹൃദക്കൂട്ടങ്ങളാണ് നമുക്ക് ആവശ്യം. ഇത്തരം സാമൂഹ്യവല്‍ക്കരണ പാഠങ്ങള്‍ പരിചയിച്ച ആളുകള്‍ നിരത്തിലും ജോലി സ്ഥലത്തും വീട്ടിലും സിനിമാശാലയിലും പാര്‍ക്കിലും പാര്‍ട്ടി ഓഫീസിലും കണ്ടുമുട്ടുന്ന രംഗം ഞാന്‍ ചിന്തിച്ചുപോവുകയാണ്. അവളും എന്നെപ്പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തിരുത്താനും നിഷേധിക്കാനും സ്‌നേഹിക്കാനും കഴിവുള്ള പെണ്‍ചങ്ങാതിയാണ് എന്ന് ചിന്തിക്കുന്ന ആണ്‍കൂട്ടുകാരനും തിരിച്ച് ചിന്തിക്കുന്ന പെണ്‍സുഹൃത്തും ഉള്ള സാമൂഹ്യജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നതില്‍ ഞാന്‍ പിശുക്കു കാണിക്കുന്നില്ല. പെണ്ണിനോട് മാത്രമല്ലല്ലോ, കോയ്‌മാബന്ധമായ ഇടപെടലുകള്‍ നാം നിര്‍മ്മിച്ചു വച്ചിരിക്കുന്നത്. കന്യാവനവും കന്നിമണ്ണും ഭൂമിമാതാവും നദിപുത്രിയും ഒക്കെയും നമുക്ക് പരിചിത സംജ്ഞകളാണ്. അതിനാലാണ് അവയേയും കടന്നാക്രമിക്കാനും കീഴ്‌പ്പെടുത്താനും ബലാല്‍ക്കാരം നടത്താനും തടഞ്ഞുനിര്‍ത്തി വലിച്ചു മാറ്റിക്കൊണ്ടുപോകാനും സാധിച്ചിരിക്കുന്നത്. മണ്ണും പെണ്ണും പിടിച്ചടക്കുവാനും നന്നാക്കിയെടുക്കുവാനും അധികാരമുള്ളവര്‍ അതു ചെയ്യുന്നു. അങ്ങനെയങ്ങനെ സംസ്‌കരിച്ചെടുത്ത ഈ അവളുമാരെ കീഴ്‌പ്പെടുത്തിവെച്ച് അവന്മാര്‍ പുതിയ എടുപ്പുകളും കാഴ്‌ചവേലകളും കൊണ്ട് സാംസ്‌കാരിക സൗധത്തെ പുഷ്‌ടിപ്പെടുത്തുന്നു. വിലക്ഷണമായ ഇത്തരം സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കണമെങ്കില്‍ സൗഹൃദക്കൂട്ടങ്ങള്‍ പാരസ്‌പര്യത്തോടെ ഇടപെടുന്ന ഒരു സാമൂഹ്യജീവിതം സംഭവിക്കണം. ആണ്‍-പെണ്‍ കൂട്ടുകെട്ടുകള്‍ക്കൊപ്പം നിലവിലുള്ള സ്‌ത്രീ- പുരുഷ ബന്ധ മാതൃകകള്‍ക്കുള്ളിലും അല്ലാതെയും ആണ്‍-പെണ്‍ ചങ്ങാത്തങ്ങള്‍ വളര്‍ന്നു വരേണ്ടത് അത്യാവശ്യമാണ്.