സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ചങ്കൂറ്റമുള്ള പെണ്‍കുട്ടിയും സ്‌ത്രീമുന്നേറ്റവും

സുജ സൂസന്‍ ജോര്‍ജ്



`നിര്‍ഭയ' കേസിന്‌ ആസ്‌പദമായ സംഭവം നടന്നിട്ട്‌ ഒരുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇന്ത്യ ആ സ്‌മരണ വീണ്ടും പുതുക്കുകയും സ്‌ത്രീകളുടെ അരക്ഷിതാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്‌തു. ``Cold blooded'' murder of Defenceless girl എന്നാണ്‌ ദില്ലി കൂട്ടബലാത്സംഗത്തിലെ നാല്‌ പ്രതികള്‍ക്ക്‌ വധശിക്ഷ പ്രഖ്യാപിച്ചുകൊണ്ട്‌ അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജ്‌ യോഗേഷ്‌ ഖന്ന ആ കൂറ്റകൃത്യത്തെ വിശേഷിപ്പിച്ചത്‌. സമാനതകളില്ലാത്തവിധം ക്രൂരവും പൈശാചികവുമായിരുന്നു ജ്യോതിസിംങ്‌ പാണ്ഡെ എന്ന 22 കാരി വിദ്യാര്‍ത്ഥിനിക്ക്‌ നേരിട്ട ആക്രമണം. ദക്ഷിണ ദില്ലിയില്‍നിന്ന്‌ കൂട്ടുകാരനായ അവിന്ദര്‍പാണ്ഡെയോടൊപ്പം സിനിമ കണ്ട്‌ മടങ്ങുംവഴി ഓടിക്കൊണ്ടിരുന്ന ബസ്സില്‍വച്ചായിരുന്നു കുറ്റകൃത്യം നടന്നത്‌. ബസ്സില്‍ ഉണ്ടായിരുന്ന ആറുപേര്‍, ഒരു പതിനേഴ്‌ വയസ്സുകാരന്‍ ഉള്‍പ്പെടെ പ്രതികളാണ്‌. എല്ലാ സുരക്ഷാസംവിധാനങ്ങളും ഭദ്രമാണെന്ന്‌ അധികൃതര്‍ അവകാശപ്പെടുന്ന ദില്ലിയിലെ ദേശീയപാതകളിലൂടെ ബസ്സ്‌ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്നു ആ 84 മിനിട്ടുകള്‍. അവിന്ദ്രയെ അടിച്ചു ബോധംകെടുത്തിയിട്ട്‌ ആ നരാധമന്മാര്‍ ജ്യോതിയെ പിച്ചീച്ചിന്തുകയായിരുന്നു. ഇരുവരെയും നഗ്നരാക്കി വെളിയിലേക്ക്‌ എറിയുമ്പോള്‍ പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍പോലും പുറത്തുവന്നിരുന്നു. ആ കൊടും ശൈത്യത്തില്‍ ഒരു തുണ്ടുതുണിപോലും ശരീരത്തില്‍ ഇല്ലാതെ രക്തത്തില്‍ കുളിച്ച്‌ ആ പെണ്‍കുട്ടിയും സുഹൃത്തും കിടന്നത്‌ വിലപ്പെട്ട 45 മിനിട്ടിലധികം! ധാരാളം വണ്ടികളും ആളുകളും അവരെ കടന്നുപോയി. ഒന്നു നോക്കിപോയതല്ലാതെ ആരും സഹായിക്കാന്‍ തയ്യാറായില്ല. പെട്രോളിഗിനു വന്ന പോലീസുകാരാണ്‌ അവരെ സഫ്‌ദര്‍ജംഗ്‌ ഹോസ്‌പിറ്റലില്‍ എത്തിച്ചത്‌. 

``അന്നുരാത്രി ഏതെങ്കിലും ഒരു വ്യക്തി ഞങ്ങളെ സഹായിക്കാനായി മുന്നോട്ടുവന്നിരുന്നെങ്കില്‍ ഈ കഥകളെല്ലാം മാറുമായിരുന്നു. അവളെ ഒറ്റയ്‌ക്കാക്കി പോകാന്‍ എനിക്കാവുമായിരുന്നില്ല. അവള്‍ക്ക്‌ നീതി ലഭിക്കണം. അതിനായി ഞാന്‍ പൊരുതും. ഒരു മൃഗംപോലും ഇങ്ങനെ പെരുമാറില്ല. അവള്‍ക്ക്‌ നീതി ലഭിക്കണം. അതിനെന്നെകൊണ്ടാകുന്ന എന്തു സഹായവും ഞാന്‍ ചെയ്യും.''-- അവിന്ദ്ര പാണ്ഡെ

ഒരു പക്ഷേ വെറും ഒരപകടമായി ചിത്രീകരിക്കപ്പെട്ടുപോകാമായിരുന്ന ഒരു സംഭവം ആകുമായിരുന്നു അത്‌. ``ആ രാത്രിയില്‍ നിന്ന്‌ എന്റെ ജീവന്‍ രക്ഷപ്പെട്ടത്‌ ആ ദുരന്തകഥ എല്ലാവരോടും പറയാനാണ്‌.'' അവിന്ദ്ര പറയുന്നു. ശേഷം അവള്‍ ജീവിച്ചിരുന്ന 13 ദിവസം ഓരോ നിമിഷവും ജീവിതത്തിലേക്ക്‌ തിരിച്ചുവരാന്‍ അവള്‍ കുതിച്ചുകൊണ്ടിരുന്നു. അസാമാന്യധീരതയാണ്‌ ആ പെണ്‍കുട്ടി പ്രകടിപ്പിച്ചത്‌. ``താങ്കയൂ മാഡം, എനിക്ക്‌ നീതി കിട്ടുമെന്ന്‌ ദയവായി ഉറപ്പുവരുത്തണം.'' സബ്‌ ജുഡീഷണല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ കൊടുത്ത പെണ്‍കുട്ടിയുടെ മരണമൊഴി അവസാനിക്കുന്നത്‌ ഇങ്ങനെയാണ്‌. ശരീരത്തിലെ ജൈവികചലനങ്ങളുടെ അവസാന തുടിപ്പും കെട്ടടങ്ങുമ്പോഴും അവളുടെ ബോധം ഉണര്‍ന്നിരുന്നു, തന്റെ അവസാനമൊഴിയിലൂടെ നീതി ഉറപ്പാക്കാന്‍. ഒരനീതിയോടും മരണംവരെ അവള്‍ പൊറുത്തില്ല. അവസാനംവരെ പടവെട്ടി. അവള്‍ അവസാനം കണ്ട സിനിമ `ലൈഫ്‌ ഓഫ്‌ പൈ' ആയിരുന്നല്ലോ. ഒരു തെരുവുസര്‍ക്കസുകാരന്‍ യുവാവിന്റെ കഥ. ലൈഫ്‌ ബോട്ടില്‍ ഒറ്റപ്പെട്ടുപോകുന്ന പൈയുടെയും ഒരു കടുവയുടെയും അതിസാഹസികമായ അതിജീവനത്തിന്റെ കഥ!

ഉത്തര്‍പ്രദേശിലെ ബില്ലില ജില്ലയില്‍നിന്ന്‌ ഡല്‍ഹിയില്‍ കുടിയേറിപ്പാര്‍ത്ത സാധാരണ കുടുംബത്തിലെ അംഗമായിരുന്നു അവള്‍. പരിമിതകളോട്‌ പൊരുതി, അനുകൂലതകളെ നേടിയെടുത്താണ്‌ അവള്‍ വളര്‍ന്നത്‌. മുന്നോട്ടു കുതിക്കാന്‍ വെമ്പുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമായിരുന്നു അവള്‍. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീക്ഷയുടെ മുഖമായിരുന്നു ആപെണ്‍കുട്ടിയുടേത്‌.

പ്രക്ഷോഭം... വിമര്‍ശങ്ങള്‍
ഡിസംബര്‍ 16-ന്‌ രാത്രി മരണാസന്നയായി തെരുവില്‍ കിടന്ന ജ്യോതിയോട്‌ ദില്ലി കാണിച്ച നിസംഗതയല്ല പിന്നീട്‌ നമ്മള്‍ കണ്ടത്‌. ദില്ലിയില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ, ലോകത്തിന്റെ വിവിധഭാഗങ്ങളിലും വലിയ പ്രതിഷേധറാലികളും നീതിക്കായുള്ള മുന്നേറ്റങ്ങളും ഉണ്ടായി. ദില്ലിയില്‍ നടന്നത്‌ അഭൂതപൂര്‍വ്വമായ ജനമുന്നേറ്റമായിരുന്നു. രാപകലില്ലാതെ നടന്ന സമരത്തില്‍ അതിശൈത്യം വകവയ്‌ക്കാതെ പതിനായിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി. ഡിസംബര്‍ 17-ന്‌ റെയില്‍ഭവനിന്റെ മുന്നില്‍നിന്ന്‌ ഒരുകൂട്ടം സ്‌ത്രീകള്‍ ആരംഭിച്ച ചെറിയ പ്രകടനം വളര്‍ന്നുവളര്‍ന്ന്‌ തിരമാലകള്‍പോലെ ആഞ്ഞടിക്കുന്നതാണ്‌ കണ്ടത്‌. ഇന്ത്യാഗേറ്റും റെയ്‌സിനാകുന്നും അടക്കം ദില്ലിയിലെ `തന്ത്രപ്രധാന ഇടങ്ങളും വീഥികളും' പതിനായിരക്കണക്കിന്‌ വരുന്ന പ്രക്ഷോഭകാരികളെക്കൊണ്ട്‌ നിറഞ്ഞു. അവര്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടികളിലും പെട്ടവരായിരുന്നില്ല. ആരാലും സംഘടിപ്പിക്കപ്പെട്ടവരുമായിരുന്നില്ല. അവര്‍ക്ക്‌ നേതാവുണ്ടായിരുന്നില്ല. പലവഴിക്കുനിന്ന്‌ വന്ന്‌, ഒരു ലക്ഷ്യത്തിനായി നിലകൊണ്ടു. അവര്‍ പോലീസിനെ വെല്ലുവിളിച്ചു. ജലപീരങ്കിയെയും കണ്ണീര്‍വാതകത്തിനെയും ലാത്തിചാര്‍ജ്ജിനെയും ധീരമായി നേരിട്ടു. അറസ്റ്റ്‌ ചെയ്‌ത്‌ നീക്കുംതോറും (കടലില്‍നിന്ന്‌ ഒരു ബക്കറ്റ്‌ വെള്ളം എടുക്കുംപോലെ) ആളുകള്‍ വന്നു നിറഞ്ഞുകൊണ്ടിരുന്നു. വലിയ ഊര്‍ജ്ജപ്രവാഹമായിരുന്നു അത്‌. ഭരണകൂടത്തിന്റെ നിസംഗതയേയും കപടമുഖത്തേയും പൊളിച്ചെറിയാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും ശക്തി ഇന്ത്യ കണ്ട ദിവസങ്ങളായിരുന്നു അത്‌. ജനാധിപത്യം സടകുടഞ്ഞെഴുന്നേല്‍ക്കുന്നതായി അനുഭവപ്പെട്ടു. ഭരണകൂടത്തിന്‌ ജനങ്ങളോട്‌ വഴങ്ങുകയല്ലാതെ നിവൃത്തിയില്ലാതെ വന്നു. സര്‍ക്കാരിന്‌ വളരെ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കേണ്ടിവന്നു. 

സ്‌ത്രീകളോടുള്ള അതിക്രമത്തിനെതിരെയും അനീതിക്കെതിരെയും ഇന്ത്യയാകെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതായി അനുഭവപ്പെട്ട നാളുകളായിരുന്നു അത്‌. പക്ഷേ, സമരത്തെക്കുറിച്ചും സര്‍ക്കാരിന്റെ കീഴടങ്ങലിനെക്കുറിച്ചും അരുന്ധതിറോയ്‌ ഉള്‍പ്പെടെയുള്ളവരില്‍നിന്ന്‌ വളരെ പ്രധാനപ്പെട്ട വിമര്‍ശനങ്ങളുണ്ടായി. വിശേഷിച്ചും സമരത്തിന്‌ മാധ്യമങ്ങള്‍ നല്‌കിയ അമിതപ്രാധാന്യത്തെക്കുറിച്ചായിരുന്നു ആ വിമര്‍ശങ്ങള്‍. പ്രധാനപ്പെട്ട വിമര്‍ശങ്ങള്‍ താഴെപ്പറയുന്നു.

1. ജ്യോതിസിംങ്‌ ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരു പെണ്‍കുട്ടിയായതുകൊണ്ടാണ്‌.
2. ആദിവാസികളും ദളിതരും ന്യൂനപക്ഷക്കാരുമായ സ്‌ത്രീകളുടെ നേരെ നടക്കുന്ന ആക്രമങ്ങള്‍ക്ക്‌ ഒരു വിലയും കല്‌പിക്കുന്നില്ല.
3. ദില്ലിയിലെ ചേരികളിലും സ്ഥാപനങ്ങളിലും തെരുവുകളിലും ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്ന സ്‌ത്രീകള്‍വരെ നിരന്തരം ലൈംഗിക ആക്രമണത്തിന്‌ വിധേയരാകുന്നു.
4. മധ്യവര്‍ഗ്ഗത്തിന്റെ സമരമാണിത്‌. അവരുടെ അഭിമാനക്ഷതത്തിന്റെ പ്രത്യാഘാതമാണിത്‌. 

``ആദ്യം അവര്‍ ശുദ്രസ്‌ത്രീകളെ ബലാത്സംഗം ചെയ്‌തു.
ഞാനൊന്നും മിണ്ടിയില്ല.
ഞാനൊരു ഉന്നതകുല ഹിന്ദുവാണല്ലോ!
പിന്നെ അവര്‍ മുസ്ലീംസ്‌ത്രീകളുടെ അടുത്തു ചെന്നു
ഞാനൊന്നും മിണ്ടിയില്ല.
ഞാനൊരു ഉന്നതകുല ഹിന്ദുവാണല്ലോ!
പിന്നെ അവര്‍ മണിപ്പൂരിസ്‌ത്രീകളുടെ അടുത്തുചെന്നു
ഞാനൊന്നും മിണ്ടിയില്ല.
ഞാനൊരു ഉന്നതകുല ഹിന്ദുവാണല്ലോ!
പിന്നെ അവര്‍ ആദിവാസിസ്‌ത്രീകളുടെ അടുത്തുചെന്നു
ഞാനൊന്നും മിണ്ടിയില്ല.
ഞാനൊരു ഉന്നതകുല ഹിന്ദുവാണല്ലോ!
പിന്നെ അവര്‍ എന്റെ നേരെ വന്നു
അപ്പോള്‍ ജനങ്ങള്‍ പൊട്ടിത്തെറിച്ചു
മാധ്യമങ്ങള്‍ വാതോരാതെ സംസാരിച്ചു
എന്തുകൊണ്ടെന്നാല്‍ ഞാന്‍ 
ഒരു ഉന്നതകുലജാതയായ ഹിന്ദുവാണല്ലോ.''

വിമര്‍ശങ്ങളൊന്നും ഒട്ടും പതിരല്ല. പക്ഷേ, ചരിത്രം അങ്ങനെയാണ്‌. ചില കാലങ്ങളില്‍ ചിലതൊത്തുവരുമ്പോഴാണ്‌ ചരിത്രം തിരുത്തിയെഴുതപ്പെടുന്നത്‌. ബി.സി. 510-ല്‍ ആത്മഹത്യചെയ്‌ത റോമന്‍ പ്രഭുവനിതയും ഇതിഹാസകഥാപാത്രവുമായ ലുക്രീഷ്യയുടെ കഥ നോക്കൂ. അവസാനത്തെ റോമാചക്രവര്‍ത്തിയുടെ മകന്‍ സെക്‌റ്റസ്‌ ടാര്‍ക്വിനിയസ്‌ ലുക്രീഷ്യയെ ബലാത്സംഗം ചെയ്‌തു. ലുക്രീഷ്യ പിതാവിനൊപ്പം കോടതിയിലെത്തി. പ്രധാന ജഡ്‌ജിന്‌ മുമ്പാകെ മൊഴികൊടുത്തു. മൊഴി തീര്‍ന്നതും ഒളിപ്പിച്ചു വച്ചിരുന്ന കഠാര എടുത്ത്‌ നെഞ്ചില്‍ കുത്തിയിറക്കി പിതാവിന്റെ മടിയിലേക്ക്‌ അവര്‍ മരിച്ചുവീണു. ഇതുകണ്ടുകൊണ്ടു നിന്ന ജനങ്ങള്‍ക്കിടയ്‌ക്ക്‌ നിന്നു തുടങ്ങിയ പ്രക്ഷോഭം റോമാസാമ്രാജ്യത്തെ കടപുഴക്കി എറിയുന്നതുവരെ തുടര്‍ന്നു. 
ഇന്ത്യന്‍ ആണ്‍കോയ്‌മയ്‌ക്ക്‌ ആയിരക്കണക്കിന്‌ വര്‍ഷം പഴക്കമുണ്ട്‌. അതിന്റെ പ്രവര്‍ത്തനരീതിയും അതിജീവനതന്ത്രവും അതിശക്തവും നിഗൂഢവുമാണ്‌. പ്രവര്‍ത്തിച്ചുവിജയിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രത്യയശാസ്‌ത്രമാണത്‌. അതിനെ എതിരിടാനും തോല്‌പിക്കാനും ശക്തമായ പ്രത്യയശാസ്‌ത്രബലം വേണം; തക്കതായ ആയുധങ്ങള്‍ വേണം; മുന്നണിയും പിന്തുണയും വേണം; ഉചിതമായ സമയം കൈവരണം. ഇതെല്ലാം ഒത്തുവരിക ദുഷ്‌കരം. അങ്ങനെ അത്‌ ഒത്തുവരുമ്പോള്‍ ചരിത്രം തിരുത്തപ്പെടുക തന്നെ ചെയ്യും. കീഴ്‌വഴക്കങ്ങളില്ലാതാകും. ദില്ലി പ്രക്ഷോഭത്തില്‍ ഇവയില്‍ ചിലതൊക്കെ ഒത്തുവന്നു. വിശേഷിച്ച്‌ മുന്നണിയും പിന്തുണയും. അതൊരു മധ്യവര്‍ഗ്ഗ ഇടപാടുതന്നെയായിരിക്കാം. പക്ഷേ, ആ ഇടപാടിലേക്ക്‌ ഇരമ്പിവന്ന യുവജനശക്തിക്കും അതിന്റെ ഊര്‍ജ്ജത്തിനും ഇന്ത്യയിലാകമാനം അലയടിക്കാന്‍ പ്രാപ്‌തിയുള്ളതായിരുന്നു. നിയമപീഠങ്ങളെയും ഭരണകൂടങ്ങളെയും വിറപ്പിക്കാന്‍ മാത്രം അത്‌ ശക്തമായിരുന്നു. ആ ഊര്‍ജ്ജപ്രവാഹത്തെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലേക്ക്‌ പ്രസരിപ്പിക്കുക എന്ന കര്‍ത്തവ്യം എറ്റെടുക്കേണ്ടത്‌ ഇവിടുത്തെ രാഷ്‌ട്രീയപ്രസ്ഥാനങ്ങളാണ്‌. അല്ലാതെ വന്നുകൂടി പിരിഞ്ഞുപോയ ആള്‍ക്കൂട്ടമല്ല. ദില്ലിയിലെങ്കിലും അത്‌ രാഷ്‌ട്രീയത്തിലേക്ക്‌ പ്രതിഫലിച്ചുവെന്നതിന്റെ ദൃഷ്‌ടാന്തമാണല്ലോ ആം ആദ്‌മി പാര്‍ട്ടിയും അതിന്റെ വിജയവും. ചരിത്രത്തില്‍ ആദ്യമായി സ്‌ത്രീസുരക്ഷിതത്വം പ്രധാനപ്പെട്ട തിരഞ്ഞെടുപ്പു പ്രശ്‌നമായി മാറിയ തെരഞ്ഞെടുപ്പുകൂടിയായിരുന്നു അത്‌.

വര്‍ദ്ധിക്കുന്ന ലൈംഗികാതിക്രമങ്ങള്‍?
ദില്ലി കൂട്ടബലാത്സംഗത്തിനുശേഷമുള്ള ഒരുവര്‍ഷം രാജ്യത്തെ ലൈംഗിക കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചുവെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. 

ദില്ലിയില്‍ 2013 നവംബര്‍ വരെ, രജിസ്റ്റര്‍ ചെയ്‌ത ബലാത്സംഗക്കേസുകള്‍ -- 1493
2012-ല്‍ രജിസ്റ്റര്‍ ചെയ്‌ത ബലാത്സംഗക്കേസുകള്‍ -- 706
ലൈംഗികാതിക്രമം 2013-ല്‍ -- 3237
ലൈംഗികാതിക്രമം 2012-ല്‍ -- 625
ഇന്ത്യയില്‍ ബലാത്സംഗക്കേസുകള്‍ 2013 -- 2� ലക്ഷം
2012-നെക്കാള്‍ 10% കൂടുതല്‍.

ആശങ്കപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായ കണക്കുകളാണിതെങ്കിലും ഇതിനൊരു മറുവശമുണ്ട്‌. 
1. ലൈംഗികകുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രതികരിക്കാനും നിയമവഴി തേടാനും ഇരകള്‍ കൂടുതല്‍ ധൈര്യം കാണിക്കുന്നു. 
2. ബലാത്സംഗങ്ങള്‍ മാത്രമല്ല മറ്റു ലൈംഗികാതിക്രമങ്ങളും കുറ്റകൃത്യങ്ങളായി സ്‌ത്രീകള്‍ തിരിച്ചറിയുന്നു.
3. സ്വന്തം ശരീരത്തെക്കുറുച്ചുള്ള അഭിമാനവും സ്വന്തം ശരീരത്തിന്മേല്‍ തനിക്കുള്ള അധികാരത്തെക്കുറിച്ചും കൂടുതല്‍ അവബോധവും ഉണ്ടായിരിക്കുന്നു. (പെണായിപ്പിറന്നാല്‍ ഇതൊക്കെ സഹിക്കേണ്ടതാണ്‌ എന്ന കീഴ്‌വഴക്കം ഉപേക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു.)
4. അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍ നിയമപിന്തുണയും സാമൂഹികപിന്തുണയും ലഭിക്കുമെന്ന പ്രതീക്ഷ വര്‍ദ്ധിച്ചിരിക്കുന്നു. 

ഇത്തരമൊരു ഉണര്‍വ്വിനും മുന്നേറ്റത്തിനും പെട്ടൊന്നൊരു കാരണമായി തീര്‍ന്നത്‌ ദില്ലി സംഭവവും തുടര്‍ന്നുള്ള നിയമനിര്‍മ്മാണവുമാണ്‌. സര്‍ക്കാര്‍ നിരവധി പരിപാടികള്‍ പ്രഖ്യാപിച്ചു. 1000 കോടിയുടെ നിര്‍ഭയ പദ്ധതി, ഹൈക്കോടതിയില്‍ പ്രത്യേകബഞ്ച്‌, രാജ്യത്തുടനീളം ഹെല്‍പ്‌ ഡെസ്‌ക്കുകള്‍, പ്രത്യേകപോലീസ്‌സ്റ്റേഷനുകള്‍, സന്നദ്ധസേനകള്‍, ദില്ലിയില്‍ മാത്രമായി ധാരാളം സുരക്ഷാസന്നാഹങ്ങള്‍... മിക്കതും ഏട്ടിലെ പശുവായി നിലനില്‍ക്കുന്നു. എങ്കിലും നിയമലോകത്ത്‌ ചില മാറ്റങ്ങള്‍ സംഭവിക്കുക തന്നെ ചെയ്‌തു. ജസ്റ്റീസ്‌ ജെ. എസ്‌. വര്‍മ്മ അദ്ധ്യക്ഷനായ മൂന്നംഗ കമ്മീഷന്‍ വെറും 29 ദിവസം കൊണ്ട്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ വെള്ളംചേര്‍ത്താണെങ്കില്‍പ്പോലും പ്രാവര്‍ത്തികമായി. ക്രിമിനല്‍നിയമം സമഗ്രമായി പരിഷ്‌കരിച്ചു. സ്‌ത്രീസുരക്ഷാബില്‍ നിയമമായി. അതില്‍ ലൈംഗികാതിക്രമങ്ങളുടെ നിര്‍വചനം കൂടുതല്‍ ശാസ്‌ത്രിയവും കാര്യക്ഷമവും ആക്കുകയും ശിക്ഷാപരിധിയും കാര്‍ക്കശ്യവും കാലവും വര്‍ദ്ധിപ്പിക്കുകയും ചെയ്‌തു. സുപ്രീംകോടതിയില്‍ കെട്ടിക്കിടന്ന കേസുകള്‍ ദിവസങ്ങള്‍കൊണ്ട്‌ തീര്‍പ്പാക്കി. അങ്ങനെയാണ്‌ 2006 മുതല്‍ സുപ്രീംകോടതിയുടെ പരിഗണന കാത്തുകിടന്ന സൂര്യനെല്ലികേസ്‌ അപ്പീല്‍ കേള്‍ക്കാനായി ഹൈക്കോടതിയിലേക്ക്‌ അയച്ചത്‌. വിതൂരകേസ്‌ 17 വര്‍ഷത്തെ പൊടിതട്ടിയെതുത്തതും ഈ പശ്ചാത്തലത്തില്‍ ആണ്‌. 

വര്‍മ്മകമ്മീഷന്റെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ പലതും, അതിര്‍ത്തിസേനകളുടെ കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേകപരിഗണനകള്‍ ഒഴിവാക്കണം പോലുള്ളത്‌ സര്‍ക്കാര്‍ കണ്ടില്ലെന്ന്‌ നടിച്ചെങ്കിലും വനിതാസുരക്ഷാബില്‍ സ്‌ത്രീകള്‍ക്കും സ്‌ത്രീസംഘടനകള്‍ക്കും നല്‌കിയിരിക്കുന്ന ആത്മബലം പ്രധാനമാണ്‌. പെട്ടെന്ന്‌ പിന്‍വാങ്ങിയെങ്കിലും നടി ശ്വേതാമേനോന്‍ അവരുടെ ശാരീരകാന്തസിന്‌ സംഭവിച്ച അപഹാസ്യതയ്‌ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറായതും കൊച്ചിയിലെ ട്രാഫിക്‌ വാര്‍ഡന്‍ പത്മിനിയുടെ പ്രതികരണവും ഈ നിയമബലത്തില്‍നിന്നുണ്ടായതാണ്‌. തൊഴില്‍സമയത്ത്‌ പൊതുസ്ഥലത്ത്‌ നേരിടേണ്ടിവന്ന ശാരീരാക്രമത്തിന്‌ സ്വന്തം തൊഴില്‍മേഖലയില്‍ മേലാളര്‍ എതിര്‍ത്തുനിന്നിട്ടുകൂടി പത്മിനി നിയമം കൊണ്ട്‌ നേരിടാന്‍ തയ്യാറായി. വേണ്ടത്ര പിന്തുണ ഇനിയും നല്‌കാന്‍ കേരളസമൂഹം തയ്യാറായിട്ടില്ല എന്നത്‌ ഖേദകരം. 

ഗാംഗുലിയും തേജ്‌പാലും
നവംബറില്‍ തകര്‍ന്നുവീണ രണ്ട്‌ വിഗ്രഹങ്ങളാണിവര്‍. അടുത്തകാലത്തുണ്ടായ സ്‌ത്രീമുന്നേറ്റചരിത്രത്തില്‍ പൊതുസമൂഹത്തിനെ സ്വാധീനിക്കുന്നതില്‍ വലിയ പങ്കുവഹിച്ച രണ്ട്‌ ഘടകങ്ങളാണ്‌ നിയമവും മാധ്യമവും. അവിടെ വിരാജിച്ചിരുന്ന രണ്ട്‌ കൊലകൊമ്പന്മാരാണ്‌ ലൈംഗികാരോപണക്കേസുകളില്‍പെട്ട്‌ നിലംപതിച്ചത്‌. ജസ്റ്റീസ്‌ ഗാംഗുലിക്കെതിരെ സംഭവം നടന്ന്‌ ഒരു വര്‍ഷത്തിനുശേഷമാണ്‌ യുവ അഭിഭാഷക പ്രതികരിച്ചത്‌. Through my looking glass�-- എന്ന ബ്ലോഗില്‍ അവരെഴുതുന്നു: കഴിഞ്ഞ ഡിസംബര്‍ സ്‌ത്രീ മുന്നേറ്റചരിത്രത്തിലെ അവിസ്‌മരണീയ ദിനങ്ങളായിരുന്നു. സ്‌ത്രീക്ക്‌ നേരയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെയും അനീതികള്‍ക്കെതിരെയും രാജ്യം ഒന്നാകെ ഉണര്‍ന്ന്‌ എഴുന്നേല്‍ക്കുന്നതായി അനുഭവപ്പെട്ടു. എന്നാല്‍ ഈ ഊര്‍ജ്ജപ്രവാഹത്തിന്റെ അണിയറയില്‍ അരങ്ങേറിയ എന്റെ അനുഭവങ്ങള്‍ ഈ മുന്നേറ്റത്തിന്റെ വികാരത്തിന്‌ വിരുദ്ധമായിരുന്നു.... എന്റെ കഠിനപ്രയത്‌നത്തിനും സ്ഥിരോത്സാഹത്തിനും പ്രതിഫലമായി എന്റെ മുത്തശ്ശന്റെ പ്രായമുള്ള ആ മനുഷ്യനില്‍നിന്ന്‌ എനിക്ക്‌ ലഭിച്ചത്‌ ലൈംഗികപീഡനമായിരുന്നു.

പശ്ചിമബംഗാള്‍ മനുഷ്യാവകാശകമ്മീഷനും മുന്‍ സുപ്രീംകോടതി ജഡ്‌ജിയുമായിരുന്ന എ. കെ. ഗാംഗൂലിക്കെതിരെ സുപ്രീംകോടതി അന്വേഷണക്കമ്മീഷനെ വച്ചു. പ്രഥമദൃഷ്‌ട്യാ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും ലൈംഗികാതിക്രമസ്വഭാവങ്ങള്‍ ഗാംഗുലിയില്‍നിന്ന്‌ ഉണ്ടായിട്ടുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തുകയുണ്ടായി. 

2013 നവംബര്‍ 29-ന്‌ തെഹല്‍ക്കയില്‍നിന്നുള്ള യുവ ജേര്‍ണലിസ്റ്റ്‌ തെഹല്‍ക്കയുടെ ചീഫ്‌എഡിറ്റര്‍ അരുണ്‍ തേജ്‌പാലിനെതിരെ ലൈംഗികപീഡനം ആരോപിച്ചു. ``..... എനിക്ക്‌ അറിയില്ല ഒരു ബലാത്സംഗത്തിലെ ഇരയായി ഇപ്പോഴും ഞാനോ എന്റെ സഹപ്രവര്‍ത്തകരോ സുഹൃത്തുക്കളോ എന്നെ പിന്തുണയ്‌ക്കുന്നവരോ വിമര്‍ശകരോ എന്നെ കാണുന്നുണ്ടോ എന്ന്‌. കുറ്റകൃത്യം ഏതു വിഭാഗത്തില്‍ പെടുന്നു എന്ന്‌ നോക്കേണ്ടത്‌ ഇരയല്ല. നിയമമാണ്‌. ഇക്കാര്യത്തില്‍ നിയമം കൃത്യമാണ്‌. മിസ്റ്റര്‍ തേജ്‌പാല്‍ എന്നോട്‌ ചെയ്‌തത്‌, നിയമപരമായി ബലാത്സംഗത്തിന്റെ നിര്‍വ്വചനത്തില്‍ വരും. ബലാത്സംഗത്തെ ശാസ്‌ത്രീയമായി നിര്‍വ്വചിച്ച ഒരു നിയമം നമുക്കുണ്ട്‌. നമ്മള്‍ എന്തിനുവേണ്ടി പൊരുതിയോ അതിനുവേണ്ടി നിലകൊള്ളേണ്ടതുണ്ട്‌. ബലാത്സംഗം അടിച്ചേല്‌പ്പിക്കുന്നത്‌ കാമവും ലൈംഗികതയുമല്ല പുരുഷന്റെ അധികാരങ്ങളെയും സവിശേഷ അവാകാശങ്ങളെയുമാണ്‌. ഈ പുതിയ നിയമം എല്ലാവര്‍ക്കും ബാധകമാണ്‌. മുഖമില്ലാത്ത അപരിചിതര്‍ക്കുമാത്രമല്ല സമ്പന്നര്‍ക്കും അധികാരസ്ഥാനത്തുള്ളവര്‍ക്കും ഉന്നതബന്ധമുള്ളവര്‍ക്കും ഈ നിയമം ബാധകമാണ്‌. ഈ പ്രശ്‌നത്തില്‍ ഞാന്‍ നിശ്ശബ്‌ദയായിരുന്നാല്‍ എനിക്ക്‌ എന്നെ തന്നെയോ ധീരരും പോരാളികളുമായ സ്‌ത്രീവിമോചകരുടെ പോരാട്ടത്താല്‍ പുതുവീര്യം ആര്‍ജ്ജിച്ച ഫെമിനിസ്റ്റുകളെയും അഭിമുഖീകരിക്കാനാവില്ല. 

എല്ലാ വരുംവരായ്‌കകളും അറിഞ്ഞുകൊണ്ട്‌ രണ്ട്‌ യുവതികള്‍ അവര്‍ക്ക്‌ നേരിട്ട ലൈംഗികാതിക്രമങ്ങളെ വെളിപ്പെടുത്താനും നിയമത്തിന്‌ മുന്‍പില്‍ എത്തിക്കാനും തീരുമാനിക്കുകയായിരുന്നു. 

നിയമവും കോടതിയും പോലെ ഇന്ത്യന്‍ സമൂഹത്തെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒന്നാണ്‌ മാധ്യമം. വിശേഷിച്ചും തെഹല്‍കയുടെ ചീഫ്‌ എഡിറ്ററായിരുന്ന തേജ്‌പാലിനെപ്പോലെ മീഡിയാ ആക്‌ടിവിസത്തിന്റെ ഇന്ത്യന്‍ മാതൃകയായ ഒരു പത്രപ്രവര്‍ത്തകന്‍! ഇടത്തരക്കാരുടെ ഉള്ളിലെ ജനാധിപത്യത്തോടുള്ള ആരാധനയുടെയും അനീതിയോടുള്ള പ്രതിഷേധത്തിന്റെയും ചാലകശേഷി വലിയൊരളവില്‍ നിലനിര്‍ത്താനും തൃപ്‌തിപ്പെടുത്താനും കഴിഞ്ഞ രണ്ടുപതിറ്റാണ്ടു കാലയളവില്‍ തെഹല്‍കയ്‌ക്കും തേജ്‌പാലിനും കഴിഞ്ഞിട്ടുണ്ട്‌. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ രക്ഷകനായി അവതരിച്ച ഈ തേജ്‌പാലിന്‌ തന്റെ സ്ഥാപനത്തില്‍ തന്റെ നിയമമാണ്‌ നടപ്പാക്കുന്നത്‌ എന്ന്‌ പറയാനും പ്രവര്‍ത്തിക്കാനും ഒരു വൈമുഖ്യവുമുണ്ടായില്ല. ``ഞാന്‍ ആ ജേര്‍ണലിസ്റ്റിനോട്‌ ഉപാധികളൊന്നുമില്ലാതെ ക്ഷമ ചോദിച്ചിട്ടുണ്ടെന്നും പ്രായശ്ചിത്തമായി ആറുമാസത്തേക്ക്‌ ചീഫ്‌ എഡിറ്റര്‍ സ്ഥാനത്തുനിന്നും മാറിനില്‍ക്കു''മെന്നും മാനേജിംഗ്‌ എഡിറ്ററായ ഷോമാചൗധരിക്ക്‌ എഴുതിയ കത്തില്‍ പറയുന്നു. അവര്‍ ആ കത്ത്‌ തെഹല്‍കയിലെ സ്റ്റാഫംഗങ്ങള്‍ക്ക്‌ എല്ലാം അയച്ചുകൊടുത്തു. എന്നാല്‍ ആ സൗമനസ്യം അനുവദിച്ചുകൊടുക്കാന്‍ പെണ്‍കുട്ടി തയ്യാറാകാത്തതാണ്‌ തേജ്‌പാലിന്റെ അറസ്റ്റ്‌ വരെ എത്തിച്ച സംഭവങ്ങള്‍ക്ക്‌ കാരണം. 

തെഹല്‍ക കേസില്‍ ഷോമാചൗധരിയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട്‌ വൃന്ദാകാരാട്ട്‌ `ദി ഹിന്ദു'വില്‍ ഇങ്ങനെ എഴുതി: ``ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്ന ബലാത്സംഗകേസ്സിലെ മറ്റ്‌ കുറ്റവാളികള്‍ക്കും ഇത്തരം ആനൂകൂല്യങ്ങള്‍ ലഭ്യമാകുമായിരുന്നു എങ്കില്‍ അവരെല്ലാം അവരുടെ ഇരകളുടെ വീട്ടുവാതില്‌ക്കല്‍ ക്ഷമാപണവും പ്രായ്‌ശ്ചിത്തവുമായി കാവല്‍ കിടന്നേനെ. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വലയിത്തിനുള്ളില്‍ കഴിഞ്ഞുകൊണ്ട്‌ സ്വയം വരിക്കുന്ന ഈ ശിക്ഷാവിധി നിയമത്തെയും അതിന്റെ നടപടികളെയും അഭിമുഖികരിക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ്‌. 

സ്ഥാപനത്തിന്റെ മേധാവി എന്ന നിലയില്‍ `വൈശാഖ*'ജഡ്‌ജ്‌മെന്റ്‌ പ്രകാരം തന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുറ്റകൃത്യത്തെ പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഷോമാചൗധരി ബാധ്യസ്ഥയാണ്‌. അധികാരിയായ പുരുഷന്‍ ആ അധികാരമുപയോഗിച്ച്‌ ലൈംഗികചൂഷണം നടത്തുന്നത്‌ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാതെ നിസാരവല്‍ക്കരിക്കുകയാണ്‌ ഷോമാ ചെയ്‌തിരിക്കുന്നത്‌.'' 

ഇന്ത്യന്‍ പാരമ്പര്യത്തിന്റെ വക്താക്കള്‍ സ്‌ത്രീകളുടെ ഇത്തരം മുന്നേറ്റത്തെയും പ്രതികരണത്തെയും കടുത്ത ഭാഷയില്‍ ശക്തമായി നേരിടുന്നുണ്ട്‌. സ്‌ത്രീകളുടെ ഇടയില്‍ വളര്‍ന്നുവരുന്ന സ്വാതന്ത്ര്യവും തീരുമാനം എടുക്കാനുള്ള ശേഷിയും അവരെ ഭയപ്പെടുത്തുന്നുണ്ട്‌. പൊതുവീഥികളിലും പൊതുരംഗങ്ങളിലും തനിച്ചും സുഹൃത്തുക്കളോടൊപ്പവും പ്രത്യക്ഷപ്പെടുന്നതും സ്വന്തം പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നതും പാരമ്പര്യേതര വേഷങ്ങള്‍ ധരിക്കുന്നതും സ്വന്തം ഇച്ഛകള്‍ നടപ്പാക്കുന്നതും യാഥാസ്ഥിതികതയെ വല്ലാതെ പ്രകോപിപ്പിക്കുന്നുണ്ട്‌. മതം, ജാതി, കുടുംബം, അഭിമാനം, കീഴ്‌വഴക്കങ്ങള്‍ എന്നിങ്ങനെയുള്ള പ്രത്യേയശാസ്‌ത്രങ്ങള്‍കൊണ്ട്‌ മേലിലും എല്ലാ കാലത്തേക്കും സ്‌ത്രീസമൂഹത്തെ അടിമകളാക്കി വെയ്‌ക്കാമെന്നുള്ള വ്യാമോഹങ്ങള്‍ കൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്നത്‌ നിസാരമായി കാണാന്‍ അവര്‍ക്ക്‌ ആവുന്നില്ല. പുരുഷാധിപത്യചട്ടക്കൂടിന്‌ വിള്ളലുകള്‍ വീഴുന്ന കാലമാണിത്‌. ഇത്‌ സ്‌ത്രീസമൂഹത്തോടുള്ള ഭയപ്പാടായും ഒഴിവാക്കലുകളായും കൂടുതല്‍ അതിക്രമങ്ങളായും പ്രതിഫലിച്ചേക്കാം. അതുകൊണ്ടാണ്‌ പരിചയസമ്പന്നനായ രാഷ്‌ട്രീയനേതാവും കേന്ദ്രമന്ത്രിയുമായ ഫറൂഖ്‌ അബ്‌ദുല്ലയെപോലുള്ളവര്‍ പോലും ഇത്തരം പ്രശ്‌നങ്ങളെ ഇങ്ങനെ കാണുന്നത്‌. വനിതകളെ പേഴ്‌സണല്‍ സെക്രട്ടറിമാരായി നിയമിച്ചാല്‍ പീഡനപരാതിയില്‍ കുടുങ്ങി ജയില്‍ പോകേണ്ടിവരുമെന്നാണ്‌ അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞത്‌. തൊഴില്‍ നേടാനും അന്തസ്സായി ജീവിക്കാനുമുള്ള സ്‌ത്രീയുടെ അവകാശത്തെ ചോദ്യംചെയ്യുകയും പുച്ഛിക്കുകയുമാണ്‌ കേന്ദ്രമന്ത്രി ചെയ്‌തത്‌.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും