സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഇരകള്‍ പ്രതികരിക്കുന്നു; അധികാരം വേട്ടയാടുന്നു

സുജ സൂസന്‍ ജോര്‍ജ്



ഡിസംബറില്‍ തണുപ്പുകൊണ്ട്‌ ദില്ലി വിറച്ചുതുടങ്ങും. ദില്ലി കൂട്ടബലാത്സംഗത്തിന്റെ വിധിപ്രസ്‌താവത്തില്‍ അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജ്‌ യോഗേഷ്‌ ഖന്ന ഇങ്ങനെ കുറിച്ചു: ``Cold blooded'' murder of a ''defenceless girl'' ദില്ലിയില്‍ നടന്ന ആ ദാരുണസംഭവത്തിന്റെ ഒന്നാംവാര്‍ഷികം ഡിസംബര്‍ 16-ന്‌. ഇന്ത്യയൊട്ടാകെ സമരങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയെങ്കിലും ദില്ലിയില്‍ നടന്ന പ്രക്ഷോഭം സമാനതകളില്ലാത്തതായിരുന്നു. രാപകലില്ലാതെ, അതിശൈത്യം വകവയ്‌ക്കാതെ ലക്ഷക്കണക്കിന്‌ യുവതിയൂവാക്കള്‍ പോരാട്ടത്തിനായി തെരുവിലിറങ്ങി. ഭരണകൂടം ഏറക്കുറെ നിശ്ചലമായി. താരതമ്യേന അക്രമരഹിതമായി നടന്ന സമരത്തെ ദില്ലി പോലീസ്‌ ലാത്തികൊണ്ടും മര്‍ദ്ദനംകൊണ്ടുമാണ്‌ നേരിട്ടത്‌. വിശേഷിച്ചും സ്‌ത്രീകളെ ഉപദ്രവിക്കുന്നതില്‍ ഒരു പ്രത്യേക താല്‌പര്യംതന്നെ പോലീസ്‌ കാണിച്ചു. ഇക്കണോമിക്‌ ടൈംസില്‍ ഒരു ലേഖനത്തില്‍ ഇന്ത്യന്‍പോലീസിനെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍ പ്രസക്തമാണ്‌. രണ്ടു സന്ദേശങ്ങളെ പോലീസിന്‌ മനസ്സിലാകൂ; ഒന്ന്‌, മുകളില്‍നിന്നുള്ള തൊഴി; രണ്ട്‌, താഴെനിന്നുള്ള കോഴ. പക്ഷേ, ഈ കേസില്‍ കുറ്റവാളികള്‍ പോലീസിനെ വിലയ്‌ക്കുവാങ്ങാന്‍ ശേഷിയില്ലാത്ത പാവങ്ങളാണ്‌. ഇരയുടെ കുടുംബവും ഏതാണ്ട്‌ അങ്ങനെതന്നെ. മാത്രമല്ല അവര്‍ പോലീസിന്റെ നടപടികളെ ശക്തമായി വിമര്‍ശിക്കുകയും ചെയ്‌തിട്ടുണ്ട്‌. പിന്നെയെവിടെനിന്നാണ്‌ `മുകളില്‍നിന്നുള്ള തൊഴി' വന്നത്‌? രാഷ്‌ട്രീയക്കാര്‍ ബസുതൊഴിലാളികളായ ക്രിമിനലുകളുടെ പക്ഷത്തായിരുന്നോ? ഒരിക്കലുമല്ല. അത്തരം നിലപാടെടുക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല. കാരണം ബഹുഭൂരിപക്ഷം ജനങ്ങളും സമരക്കാരുടെ പക്ഷത്തായിരുന്നല്ലോ. അപ്പോള്‍ പിന്നെ! അതാണ്‌ അധികാരത്തിന്റെ സങ്കീര്‍ണ്ണമായ പ്രയോഗരീതി. എത്‌ അധികാരത്തിന്റെയും അടിസ്ഥാനസ്വഭാവം നിര്‍ണ്ണയിക്കുന്നത്‌ പുരുഷാധിപത്യമാകുമ്പോള്‍ അതിന്റെ പ്രയോഗം സ്‌ത്രീക്ക്‌ എതിരാകും. സ്‌ത്രീക്കുവേണ്ടിയുള്ള സമരത്തിനും എതിരാകും.

എന്റെ `മുഖക്കണ്ണാടി'യിലൂടെ
�Through my looking glass�-- ഒരു യുവ അഭിഭാഷകയുടെ ബ്ലോഗെഴുത്താണിത്‌. 2013 നവംബര്‍ ആറിന്‌ `നാച്യുറല്‍ ജസ്റ്റീസ്‌' എന്ന ലീഗല്‍ പോര്‍ട്ടലില്‍ പോസ്റ്റ്‌ ചെയ്‌ത ഈ കുറിപ്പ്‌ അക്ഷരാര്‍ത്ഥത്തില്‍ സമൂഹത്തെ ഞെട്ടിച്ചു. സംഭവം നടന്നത്‌ ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്രഹോട്ടല്‍ മുറിയില്‍. ഇനി ബ്ലോഗില്‍ നിന്ന്‌ തന്നെ നമുക്ക്‌ വായിക്കാം. ``ചില കാലങ്ങളില്‍ എഴുതാന്‍ ഏറ്റവും പ്രയാസമുള്ള കാര്യങ്ങള്‍ എഴുതേണ്ടത്‌ അനിവാര്യമായി വരും.... ഗാന്ധിജി ഒരിക്കല്‍ പറഞ്ഞു, ``നിശിതമായി വാദപ്രതിവാദങ്ങളെക്കാള്‍ ശക്തമായ ഒന്നുണ്ട്‌ എന്റെ കൈവശം, അതെന്റെ അനുഭവങ്ങളാണ്‌.'' ഗാന്ധിജിയുടെ ഈ വാക്കുകളുടെ ഊര്‍ജ്ജത്തിലാണ്‌ ഈ എഴുത്തിന്റെ `മൂല്യം' ഞാന്‍ കണ്ടെത്തുന്നത്‌.... എന്റെ അനുഭവങ്ങള്‍ക്ക്‌ ഇന്ന്‌ നമ്മള്‍ ചര്‍ച്ച ചെയ്യുന്ന പ്രശ്‌നങ്ങള്‍ക്ക്‌ കുറേക്കൂടി വ്യക്തത വരുത്താന്‍ കഴിയും എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

കഴിഞ്ഞ ഡിസംബര്‍ സ്‌ത്രീ മുന്നേറ്റചരിത്രത്തിലെ അവിസ്‌മരണീയ ദിനങ്ങളായിരുന്നു. സ്‌ത്രീക്ക്‌ നേരയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെയും അനീതികള്‍ക്കെതിരെയും രാജ്യം ഒന്നാകെ ഉണര്‍ന്ന്‌ എഴുന്നേല്‍ക്കുന്നതായി അനുഭവപ്പെട്ടു. എന്നാല്‍ ഈ ഊര്‍ജ്ജപ്രവാഹത്തിന്റെ അണിയറയില്‍ അരങ്ങേറിയ എന്റെ അനുഭവങ്ങള്‍ ഈ മുന്നേറ്റത്തിന്റെ വികാരത്തിന്‌ വിരുദ്ധമായിരുന്നു.... യൂണിവേഴ്‌സിറ്റിയില്‍ എന്റെ അവസാനവര്‍ഷ ഇന്റേണ്‍ഷിപ്പ്‌ ചെയ്യാന്‍ ദില്ലിയില്‍ വന്നതായിരുന്നു ഞാന്‍. ആദരണീയനായ സുപ്രീംകോടതിയിലെ ഒരു ജഡ്‌ജിയോടൊപ്പമായിരുന്നു എന്റെ പ്രാക്‌ടീസ്‌. അദ്ദേഹം ഇപ്പോള്‍ വിരമിച്ചിരിക്കുന്നു. എന്റെ കഠിനപ്രയത്‌നത്തിനും സ്ഥിരോത്സാഹത്തിനും പ്രതിഫലമായി എന്റെ മുത്തശ്ശന്റെ പ്രായമുള്ള ആ മനുഷ്യനില്‍നിന്ന്‌ എനിക്ക്‌ ലഭിച്ചത്‌ ലൈംഗികപീഡനമായിരുന്നു. അതിന്റെ സൂക്ഷ്‌മമുറിവുകളിലേക്ക്‌ പോകാന്‍ എനിക്ക്‌ ഇപ്പോഴും ആവുന്നില്ല. എന്നാല്‍ ആ മുറി വിട്ടു പോന്നിട്ട്‌ ഇത്രനാളുകളായെങ്കിലും ആ ഓര്‍മ്മകള്‍ ഇപ്പഴും എന്നെ വേട്ടയാടുന്നു എന്ന്‌ പറഞ്ഞാല്‍ മതിയല്ലോ. 

എന്തുകൊണ്ടാണ്‌ ഈ സംഭവം ഇങ്ങനെ എന്നെ അലട്ടുന്നത്‌? സമൂഹത്തിനോട്‌ പൊരുത്തപ്പെട്ടുപോകാന്‍ ശീലിച്ച ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക്‌ ആ ദുരനുഭവങ്ങളില്‍ നിന്ന്‌ വേഗം പുറത്തുകടക്കാന്‍ കഴിഞ്ഞു. പക്ഷേ, തീര്‍ത്തും അസ്വീകാര്യമായ ഒരു സന്ദര്‍ഭത്തെ സ്വീകരിക്കാന്‍ നിര്‍ബന്ധിതയായതാണ്‌ യഥാര്‍ത്ഥത്തില്‍ എന്നെ അലട്ടിയത്‌ എന്ന്‌ എനിക്ക്‌ മനസ്സിലായി. കൂടുതല്‍ ആലോചിക്കുംതോറും അതിനെക്കുറിച്ച്‌ സംസാരിക്കാനോ ചിന്തിക്കാനോ പോലുമുള്ള എന്റെ കഴിവുകേടിനെക്കുറിച്ച്‌ മനസ്സിലായി. ആ ദുരനുഭവം എന്നെ ആഴത്തില്‍ മുറിവേല്‌പിച്ചെങ്കിലും പകയോ വിദ്വേഷമോ എനിക്ക്‌ തോന്നിയില്ല. പകരം ഞാന്‍ ഇത്രമാത്രം ബഹുമാനിക്കുന്ന വ്യക്തിയില്‍നിന്ന്‌ നേരിടേണ്ടിവന്ന അനുഭവത്തില്‍ നടുങ്ങുകയും അഗാധമായി വേദനിക്കുകയും ചെയ്‌തു. ഒരുപക്ഷേ, ശക്തമായി പ്രതികരിക്കാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍ ഈ ആക്രാന്തമായ ദുഃഖത്തില്‍നിന്ന്‌ രക്ഷപ്പെട്ടെനെ....'' കത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വൈകാരികമായ ഈ പ്രതിസന്ധിയുടെ പ്രത്യയശാസ്‌ത്രത്തെ അഭിഭാഷക വിശകലനം ചെയ്യുന്നു. ലൈംഗികപീഡനത്തിലെ ഒരു ഇര അനുഭവിക്കുന്ന വൈകാരികവും ധൈഷണീകവുമായ പ്രതിസന്ധികളെ അതിന്റെ ലോലതന്തുക്കളില്‍ എത്ര സത്യസന്ധമായി രേഖപ്പെടുത്തിയിരിക്കുന്നു. 

ഇപ്പോള്‍ പശ്ചിമബംഗാള്‍ മനുഷ്യാവകാശകമ്മീഷന്റെ അദ്ധ്യക്ഷനും മുന്‍ സുപ്രീംകോടതി ജഡ്‌ജിയുമായ എ. കെ. ഗാംഗുലിയാണ്‌ കുറ്റാരോപിതന്‍ എന്ന്‌ വ്യക്തമാകുകയുണ്ടായി. സുപ്രീംകോടതി ജസ്റ്റിസ്‌ ആര്‍. എം. ലോധ അദ്ധ്യക്ഷനായി ഒരു മൂന്നംഗ അന്വേഷണകമ്മീഷനെ നിയമിച്ചു. ആരോപണങ്ങളെല്ലാം ഞാന്‍ നിഷേധിക്കുന്നുവെന്നും സാഹചര്യങ്ങളുടെ ഒരു ഇര മാത്രമാണ്‌ ഞാന്‍ എന്നുമായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ജസ്റ്റീസ്‌ ആര്‍. എം. ലോധയുടെ റിപ്പോര്‍ട്ട്‌ പൂര്‍ണ്ണമായും പുറത്തുവന്നിട്ടില്ലായിരുന്നു എങ്കിലും `ലൈംഗികാതിക്രമസ്വഭാവമുള്ള' പെരുമാറ്റങ്ങള്‍ ഗാംഗൂലിയില്‍നിന്ന്‌ ഉണ്ടായിട്ടുണ്ട്‌ എന്ന്‌ കമ്മീഷന്‍ കണ്ടെത്തി. പ്രഥമദൃഷ്‌ട്യാ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന്‌ കോടതിയും നിരീക്ഷിച്ചു. ദില്ലി പോലീസും കേസ്‌ രജിസ്റ്റര്‍ചെയ്‌തിട്ടുണ്ട്‌. ദേശീയ വനിതാകമ്മീഷനും ഗാംഗൂലിക്ക്‌ എതിരെ കേസ്‌ എടുക്കുകയും നോട്ടീസ്‌ അയയ്‌ക്കുകയും ചെയ്‌തു. മനുഷ്യാവകാശകമ്മീഷന്റെ അദ്ധ്യക്ഷപദവി ഗാംഗൂലി ഒഴിയണമെന്ന ആവശ്യം രാഷ്‌ട്രീയകക്ഷികളും ബംഗാള്‍ ഗവണ്‍മെന്റും ശക്തമാക്കിയിട്ടുണ്ട്‌. 

തെഹല്‍ക്കയില്‍നിന്ന്‌ ധീരമായ ഒരു ചെറുത്തുനില്‌പ്‌
നവംബറില്‍ വീണ്ടും ഒരു വിഗ്രഹംകൂടി ഉടഞ്ഞുവീണു. നവംബര്‍ ആദ്യവാരം തെഹല്‍ക ഗോവയില്‍ സംഘടിപ്പിച്ച `തിങ്ക്‌ ഫെസ്റ്റിവലില്‍' നടന്ന ലൈംഗികപീഡനം പുറംലോകം അറിഞ്ഞത്‌ രണ്ടാഴ്‌ചകൂടി കഴിഞ്ഞ്‌ പീഡനത്തിലെ ഇരയും തെഹല്‍കയിലെ ജേര്‍ണലിസ്റ്റുമായ സംഭവങ്ങള്‍ പുറത്തു പറയുമ്പോഴാണ്‌. 

2013 നവംബര്‍ 29-ന്‌ ഈ യുവജേര്‍ണലിസ്റ്റ്‌ പത്രക്കാര്‍ക്ക്‌ നല്‌കിയ കത്തിലെ ചില ഭാഗങ്ങള്‍ താഴെകൊടുക്കുന്നു. ``..... എനിക്ക്‌ അറിയില്ല ഒരു ബലാത്സംഗത്തിലെ ഇരയായി ഇപ്പോഴും ഞാനോ എന്റെ സഹപ്രവര്‍ത്തകരോ സുഹൃത്തുക്കളോ എന്നെ പിന്തുണയ്‌ക്കുന്നവരോ വിമര്‍ശകരോ എന്നെ കാണുന്നുണ്ടോ എന്ന്‌ എനിക്കറിയില്ല. കുറ്റകൃത്യം ഏതു വിഭാഗത്തില്‍ പെടുന്നു എന്ന്‌ നോക്കേണ്ടത്‌ ഇരയല്ല. നിയമമാണ്‌. ഇക്കാര്യത്തില്‍ നിയമം കൃത്യമാണ്‌. മിസ്റ്റര്‍ തേജ്‌പാല്‍ എന്നോട്‌ ചെയ്‌തത്‌, നിയമപരമായി ബലാത്സംഗത്തിന്റെ നിര്‍വ്വചനത്തില്‍ വരും. ബലാത്സംഗത്തെ ശാസ്‌ത്രീയമായി നിര്‍വ്വചിച്ച ഒരു നിയമം നമുക്കുണ്ട്‌. നമ്മള്‍ എന്തിനുവേണ്ടി പൊരുതിയോ അതിനുവേണ്ടി നിലകൊള്ളേണ്ടതുണ്ട്‌. ബലാത്സംഗം അടിച്ചേല്‌പ്പിക്കുന്നത്‌ കാമവും ലൈംഗികതയുമല്ല പുരുഷന്റെ അധികാരങ്ങളെയും സവിശേഷ അവാകാശങ്ങളെയുമാണ്‌. ഈ പുതിയ നിയമം എല്ലാവര്‍ക്കും ബാധകമാണ്‌. മുഖമില്ലാത്ത അപരിചിതര്‍ക്കുമാത്രമല്ല സമ്പന്നര്‍ക്കും അധികാരസ്ഥാനത്തുള്ളവര്‍ക്കും ഉന്നതബന്ധമുള്ളവര്‍ക്കും ഈ നിയമം ബാധകമാണ്‌. 

തേജ്‌പാലുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ വെറുമൊരു സാധാരണക്കാരി. അച്ഛന്‍ വളരെക്കാലമായി രോഗബാധിതനായതിനാല്‍ അമ്മയുടെ ഏകവരുമാനത്തിലാണ്‌ എന്റെ കുടുംബം നിലനില്‍ക്കുന്നത്‌. തേജ്‌പാല്‍ അദ്ദേഹത്തിന്റെ സ്വത്ത്‌, പ്രശസ്‌തി, അവകാശങ്ങള്‍ ഇവ സംരക്ഷിക്കാന്‍ പൊരുതുമ്പോള്‍ ഞാന്‍ പൊരുതുന്നത്‌ എന്റെ അന്തസ്സും അവകാശവും സംരക്ഷിക്കാനും എന്റെ ശരീരത്തിന്മേലുള്ള അധികാരം എനിക്ക്‌ മാത്രമാണ്‌ എന്റെ തൊഴിലുടമയ്‌ക്കല്ല എന്നും സ്ഥാപിക്കാനാണ്‌. ഈ പരാതി ഉന്നയിക്കുമ്പോള്‍ എനിക്ക്‌ നഷ്‌ടപ്പെടുന്നത്‌, ഞാന്‍ പ്രണയിച്ച ഒരു തൊഴില്‍ മാത്രമല്ല സാമ്പത്തികസുരക്ഷിതത്വവും അതുവഴി ലഭിക്കുന്ന സ്വാതന്ത്ര്യവുമാണ്‌. വലിയൊരു യുദ്ധമുഖത്തേയ്‌ക്കാണ്‌ ഞാന്‍ എന്നെ തന്നെ തള്ളിവിട്ടിരിക്കുന്നത്‌. അത്‌ ഒരിക്കലും എളുപ്പമുള്ള ഒരു യുദ്ധമല്ല. 

എന്റെ ജീവിതത്തിലും എഴുത്തിലും ലൈഗികാതിക്രമത്തിന്‌ ഇരയാകുന്ന സ്‌ത്രീകളോട്‌ അവരുടെ നിശബ്‌ദതയില്‍നിന്ന്‌ പുറത്തുവരാന്‍ പ്രേരിപ്പിക്കാറുണ്ട്‌. ഞാന്‍ സ്വയം ആ പ്രതിസന്ധിയില്‍ എത്തി നില്‌ക്കുമ്പോഴാണ്‌ അതിന്റെ വൈഷമ്യം തിരച്ചറിയുന്നത്‌. ആദ്യം നമ്മുടെ വാക്കുകള്‍ ചോദ്യംചെയ്യപ്പെടും. പിന്നീട്‌ നമ്മുടെ പ്രേരണകളെ സംശയിക്കും. അവസാനം നമ്മുടെ പ്രതികരണശക്തിയെ തന്നെ നമുക്ക്‌ എതിരാക്കും. ലൈംഗികാതിക്രമത്തെ ചെറുക്കുന്നത്‌ പ്രൊഫഷണല്‍ വളര്‍ച്ചയെ തകര്‍ത്തുകളയും എന്ന ഉപദേശം ഉണ്ടാകും. എന്താണ്‌ ഇപ്പഴും ഇര ഇങ്ങനെ `നോര്‍മല്‍' ആയിരിക്കുന്നത്‌ എന്ന്‌ കോടതി ചോദിക്കും. 

ഈ പ്രശ്‌നത്തില്‍ ഞാന്‍ നിശ്ശബ്‌ദയായിരുന്നതില്‍ എനിക്ക്‌ എന്നെ തന്നെയോ ധീരരും പോരാളികളുമായ സ്‌ത്രീവിമോചകരുടെ പോരാട്ടത്താല്‍ പുതുവീര്യം ആര്‍ജ്ജിച്ച ഫെമിനിസ്റ്റ്‌ അഭിമുഖീകരിക്കാനാവില്ല. അവസാനമായി..... തെഹല്‍കയിലെ സഹപ്രവര്‍ത്തകരായിരുന്നവരോട്‌, ഈ പ്രതിസന്ധിക്ക്‌ കാരണം മാഗസിന്‍ ചീഫ്‌ എഡിറ്ററുടെ നിന്ദ്യമായ ലൈംഗികാതിക്രമമാണ്‌. അല്ലാതെ അതിലെ ഒരു ജോലിക്കാരിയുടെ വെളിപ്പെടുത്തലല്ല.''

കോടതിയും തെഹല്‍കയും
എല്ലാ വരുംവരായ്‌കകളും അറിഞ്ഞുകൊണ്ട്‌ രണ്ട്‌ യുവതികള്‍ അവര്‍ക്ക്‌ നേരിട്ട ലൈംഗികാതിക്രമങ്ങളെ വെളിപ്പെടുത്താനും നിയമത്തിന്‌ മുന്‍പില്‍ എത്തിക്കാനും തീരുമാനിക്കുകയായിരുന്നു. 

ജസ്റ്റീസ്‌ ഗാംഗൂലിക്ക്‌ എതിരായി ഒരു ബ്ലോഗ്‌ എഴുത്തിലൂടെ പ്രതികരിച്ച അഭിഭാഷകയുടെ ആരോപണം അതീവ ഗൗരവത്തോടെയാണ്‌ നിരീക്ഷിച്ചത്‌. ഉടന്‍ തന്നെ അനന്തരനടപടികളും ഉണ്ടായി. എന്നാല്‍ പിന്നീട്‌ സുപ്രീംകോടതി ആ ഉത്തരവാദിത്വങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുപോകുന്ന ഒരു പ്രസ്‌താവനയിലൂടെ നിലപാട്‌ തിരുത്തുകയാണുണ്ടായത്‌. ആരോപണമുണ്ടായിരിക്കുന്ന സമയത്ത്‌ ജസ്റ്റീസ്‌ ഗാംഗൂലി വിരമിച്ചിരിക്കുന്നതിനാല്‍ തുടര്‍നടപടികള്‍ക്ക്‌ സാധ്യമല്ലന്നാണ്‌ ചീഫ്‌ ജസ്റ്റീസ്‌ പി. സദാശിവം പറഞ്ഞത്‌. അദ്‌ഭുതകരമായ മലക്കംമറിച്ചിലാണ്‌ ഇവിടെ സംഭവിച്ചത്‌. സുപ്രീംകോടതിയിലെ ഒരു ജഡ്‌ജിക്ക്‌ എതിരെയുണ്ടായ ആരോപണത്തെ നിസാരമായി കാണാന്‍ ആകില്ലെന്ന്‌ പറഞ്ഞ്‌ മൂന്നംഗകമ്മീഷനെ വയ്‌ക്കുകയും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യം ഗാംഗുലി ചെയ്‌തുവെന്ന്‌ കണ്ടെത്തുകയും ചെയ്‌തിട്ട്‌ എന്താണീ ഈ ചുവട്‌മാറ്റത്തിന്‌ കാരണം.

� ഇന്ത്യന്‍ വ്യവസ്ഥയില്‍ ഇന്നും സാമാന്യജനങ്ങള്‍ക്ക്‌ പിടികിട്ടാത്ത ഉയരത്തിലും അധികാരത്തിലും കൊളോണിയല്‍ പ്രൗഡിക്ക്‌ ഒരുതരത്തിലും കോട്ടംതട്ടാതെയും നില്‌ക്കുന്ന ഏകസ്ഥാപനം കോടതിയാണ്‌. അതിന്മേല്‍ ഉള്ള വിള്ളലാകും ഈ കേസ്‌ എന്ന്‌ കരുതി പറ്റിയ അബദ്ധം കോടതി വിഴുങ്ങിയതാവാം.
� കൂടുതല്‍ ജഡ്‌ജിമാരുടെ (വിരമിക്കാത്തവരും ഉണ്ടാകും) പേരില്‍ ആരോപണങ്ങള്‍ വന്നേക്കുമെന്ന്‌ ഭയന്നിട്ടായിരിക്കും ഈ പിന്‍മാറ്റം. അഭിഭാഷകയുടെ ബ്ലോഗില്‍ അത്തരം സൂചനകള്‍ ഉണ്ടായിരുന്നല്ലോ. 
� നിയമങ്ങള്‍ ഉണ്ടാക്കുന്നത്‌, നടപ്പാക്കാനല്ല എന്ന്‌ കോടതിയുടം കരുതുന്നുണ്ടോ? അതോ അത്‌ സാധാരണക്കാര്‍ക്കുവേണ്ടി മാത്രമാണോ എന്നാണോ മനസ്സിലാക്കേണ്ടത്‌. 
� ആത്യന്തികമായി കോടതികളും ന്യായധിപസമൂഹവും നിയമങ്ങള്‍ക്ക്‌ അതീതരാണെന്ന്‌ കരുതണോ? ``എന്നെ ഉപദ്രവിക്കരുത്‌, ഞാന്‍ വേണ്ടതിലധികം സഹിച്ചുകഴിഞ്ഞു'' എന്ന്‌ കുപിതനാകുന്ന ജസ്റ്റീസ്‌ ഗാംഗൂലി അതാണോ സൂചിപ്പിക്കുന്നത്‌. 

നിയമവും കോടതിയും പോലെ ഇന്ത്യന്‍ സമൂഹത്തെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒന്നാണ്‌ മാധ്യമം. വിശേഷിച്ചും തെഹല്‍കയുടെ ചീഫ്‌ എഡിറ്ററായിരുന്ന തേജ്‌പാലിനെപ്പോലെ മീഡിയാ ആക്‌ടിവിസത്തിന്റെ ഇന്ത്യന്‍ മാതൃകയായ ഒരു പത്രപ്രവര്‍ത്തകന്‍! ഇടത്തരക്കാരുടെ ഉള്ളിലെ ജനാധിപത്യത്തോടുള്ള ആരാധനയുടെയും അനീതിയോടുള്ള പ്രതിഷേധത്തിന്റെയും ചാലകശേഷി വലിയൊരളവില്‍ നിലനിര്‍ത്താനും തൃപ്‌തിപ്പെടുത്താനും കഴിഞ്ഞ രണ്ടുപതിറ്റാണ്ടു കാലയളവില്‍ തെഹല്‍കയ്‌ക്കും തേജ്‌പാലിനും കഴിഞ്ഞിട്ടുണ്ട്‌. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ രക്ഷകനായി അവതരിച്ച ഈ തേജ്‌പാലിന്‌ തന്റെ സ്ഥാപനത്തില്‍ തന്റെ നിയമമാണ്‌ നടപ്പാക്കുന്നത്‌ എന്ന്‌ പറയാനും പ്രവര്‍ത്തിക്കാനും ഒരു വൈമുഖ്യവുമുണ്ടായില്ല. ``ഞാന്‍ ആ ജേര്‍ണലിസ്റ്റിനോട്‌ ഉപാധികളൊന്നുമില്ലാതെ ക്ഷമ ചോദിച്ചിട്ടുണ്ടെന്നും പ്രായശ്ചിത്തമായി ആറുമാസത്തേക്ക്‌ ചീഫ്‌ എഡിറ്റര്‍ സ്ഥാനത്തുനിന്നും മാറിനില്‍ക്കു''മെന്നും മാനേജിംഗ്‌ എഡിറ്ററായ ഷോമാചൗധരിക്ക്‌ എഴുതിയ കത്തില്‍ പറയുന്നു. അവര്‍ ആ കത്ത്‌ തെഹല്‍കയിലെ സ്റ്റാഫംഗങ്ങള്‍ക്ക്‌ എല്ലാം അയച്ചുകൊടുത്തു. എന്നാല്‍ ആ സൗമനസ്യം അനുവദിച്ചുകൊടുക്കാന്‍ പെണ്‍കുട്ടി തയ്യാറാകാത്തതാണ്‌ തേജ്‌പാലിന്റെ അറസ്റ്റ്‌ വരെ എത്തിച്ച സംഭവങ്ങള്‍ക്ക്‌ കാരണം. 

തെഹല്‍ക കേസില്‍ ഷോമാചൗധരിയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട്‌ വൃന്ദാകാരാട്ട്‌ `ദി ഹിന്ദു'വില്‍ ഇങ്ങനെ എഴുതി: ``ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്ന ബലാത്സംഗകേസ്സിലെ മറ്റ്‌ കുറ്റവാളികള്‍ക്കും ഇത്തരം ആനൂകൂല്യങ്ങള്‍ ലഭ്യമാകുമായിരുന്നു എങ്കില്‍ അവരെല്ലാം അവരുടെ ഇരകളുടെ വീട്ടുവാതില്‌ക്കല്‍ ക്ഷമാപണവും പ്രായ്‌ശ്ചിത്തവുമായി കാവല്‍ കിടന്നേനെ. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വലയിത്തിനുള്ളില്‍ കഴിഞ്ഞുകൊണ്ട്‌ സ്വയം വരിക്കുന്ന ഈ ശിക്ഷാവിധി നിയമത്തെയും അതിന്റെ നടപടികളെയും അഭിമുഖികരിക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ്‌. 

സ്ഥാപനത്തിന്റെ മേധാവി എന്ന നിലയില്‍ `വൈശാഖ*'ജഡ്‌ജ്‌മെന്റ്‌ പ്രകാരം തന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുറ്റകൃത്യത്തെ പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഷോമാചൗധരി ബാധ്യസ്ഥയാണ്‌. അധികാരിയായ പുരുഷന്‍ ആ അധികാരമുപയോഗിച്ച്‌ ലൈംഗികചൂഷണം നടത്തുന്നത്‌ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാതെ നിസാരവല്‍ക്കരിക്കുകയാണ്‌ ഷോമാ ചെയ്‌തിരിക്കുന്നത്‌.'' 

ഇവിടെ രണ്ടു കേസുകളിലും സമാനമായ അധികാരപ്രയോഗമാണ്‌ നടന്നിരിക്കുന്നത്‌. ആദരണീയനും സമൂഹത്തില്‍ അംഗീകാരവുമുള്ള ജഡ്‌ജിയാണ്‌ ഒരു കുറ്റവാളി. ഇരയോ വളരെ പ്രായംകുറഞ്ഞ, ചുറുചുറുക്കുള്ള നിയമമാണ്‌ എല്ലാത്തിന്റെയും അവസാനവാക്കെന്ന്‌ വിശ്വസിക്കുന്ന ഒരു വിദ്യാര്‍ത്ഥിയും. വിശ്വാസത്തിന്റെയും ആദരവിന്റെയും പ്രായക്കൂടുതലിന്റെയും പാണ്ഡിത്യത്തിന്റെയും അനുകൂല അന്തരീക്ഷം സൃഷ്‌ടിക്കുന്ന ഇരയുടെ നിര്‍ഭയത്വത്തെ ചൂഷണം ചെയ്യുകയായിരുന്നു ജസ്റ്റീസ്‌ ഗാംഗൂലി. പിതാവിന്റെ സുഹൃത്ത്‌, തൊഴില്‍ദാതാവ്‌, ആരാധ്യപുരുഷന്‍, കൂട്ടുകാരിയുടെ അച്ഛന്‍, അതൊക്കെയായിരുന്നു തെഹല്‍കാ കേസിലെ കുറ്റവാളിയായ തേജ്‌പാല്‍ ആ ജേര്‍ണലിസ്റ്റിന്‌. തിങ്ക്‌ഫെസ്റ്റിവലിന്റെ തിരക്കിട്ട അന്തരീക്ഷത്തിന്റെ അനുകൂല സാഹചര്യമാണ്‌ തന്റെ ജോലിക്കാരികൂടിയായ പെണ്‍കുട്ടിയെ കയ്യേറ്റം ചെയ്യാന്‍ തേജ്‌പാല്‍ തിരഞ്ഞെടുത്തത്‌. ``ജോലി നിലനിര്‍ത്താന്‍ ഇതാണ്‌ എളുപ്പവഴി'' എന്ന്‌ ഒരു ഉളുപ്പുമില്ലാതെ തേജ്‌പാല്‍ വിളിച്ചുപറഞ്ഞു. പ്രാചീനകാലം മുതല്‍ പുരുഷന്‍ പ്രയോഗിക്കുന്ന അധികാരത്തിന്റെ അതേ തെമ്മാടിത്തം! ഭാഷയുടെ രീതിയും തൊഴിലിടത്തിന്റെ സ്വഭാവവും മാറയെന്നേയുള്ളൂ.

ജേര്‍ണലിസ്റ്റ്‌ ആയ പെണ്‍കുട്ടി ബ്ലോഗിലെഴുതിയതുപോലെ, പരാതി കൊടുത്ത അടുത്തഘട്ടത്തില്‍ പരാതിക്കാരുടെ ഉദ്ദേശശുദ്ധിയെ ഇവിടെയും ചോദ്യംചെയ്‌തു. രണ്ടുകേസിലും അത്‌ സംഭവിക്കുന്നു. പരിചയസമ്പന്നനായ രാഷ്‌ട്രീയനേതാവും കേന്ദ്രമന്ത്രിയുമായ ഫറൂഖ്‌ അബ്‌ദുല്ലയെപോലുള്ളവര്‍ പോലും ഇത്തരം പ്രശ്‌നങ്ങളെ എത്ര ലാഘവത്തോടെയാണ്‌ കാണുന്നത്‌. വനിതകളെ പേഴ്‌സണല്‍ സെക്രട്ടറിമാരായി നിയമിച്ചാല്‍ പീഡനപരാതിയില്‍ കുടുങ്ങി ജയില്‍ പോകേണ്ടിവരുമെന്നാണ്‌ അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞത്‌. തൊഴില്‍ നേടാനും അന്തസ്സായി ജീവിക്കാനുമുള്ള സ്‌ത്രീയുടെ അവകാശത്തെ ചോദ്യംചെയ്യുകയും പുച്ഛിക്കുകയുമാണ്‌ കേന്ദ്രമന്ത്രി ചെയ്‌തത്‌. തെഹല്‍ക കേസിന്‌ അടിസ്ഥാനം രാഷ്‌ട്രീയവൈരം തീര്‍ക്കലാണെന്ന്‌ വരുത്താന്‍ വ്യാപകമായ ശ്രമം നടക്കുന്നുണ്ട്‌. രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്താന്‍ രാഷ്‌ട്രീയകക്ഷികള്‍ ശ്രമിക്കുമെന്നത്‌ സ്വാഭാവികം. പക്ഷേ, അതുകാരണം കുറ്റകൃത്യത്തെ ലഘൂകരിക്കാനോ അധികാരംകൊണ്ടോ അധികാരസ്ഥാപനങ്ങളോടുള്ള അടുപ്പംകൊണ്ടോ കേസില്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുത്തുതോല്‌പിക്കേണ്ടത്‌ സ്‌ത്രീ അനുകൂല സാമൂഹ്യസൃഷ്‌ടിക്കുമാത്രമല്ല ജനാധിപത്യസംരക്ഷണത്തിനും അനിവാര്യമാണ്‌.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും