സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കമ്മ്യൂണിസ്റ്റ്‌

വിമന്‍ പോയിന്റ് ടീം



ആകാശം അസ്‌തമയശോഭയില്‍. കൂട്ടത്തോടെ പറന്നു പോവുന്ന വവ്വാലുകള്‍. കാറ്റിലാടുന്ന നെല്‍വയലുകള്‍ക്കിടയിലൂടെ നടന്ന്‌ പടിപ്പുരയുടെ അരികിലെത്തി. പണി കഴിഞ്ഞ്‌ കന്നുകളേയും തെളിച്ച്‌ കുടിലുകളിലേക്കു പോവുന്ന കര്‍ഷകര്‍. ഒന്നും ഉരിയാടാത്ത കുറെ നിമിഷങ്ങള്‍ക്കു ശേഷം ഞാന്‍ അമ്മാവനെ നോക്കി. മാനസികസംഘര്‍ഷത്താല്‍ വീര്‍പ്പുമുട്ടുന്ന അദ്ദേഹം പടിപ്പുരക്കരികില്‍ കുന്തിച്ചിരുന്നു.
``യ്യ്‌ പോയി വിളിക്ക്‌...''
``ഗോവിന്ദമാമേ... ഞാന്‍....''
``അരുതാത്തതെന്തെങ്കിലും അയാള്‌ പറഞ്ഞാ നിയ്‌ക്ക്‌ കലികയറും. പിന്നെ... യ്യ്‌ പോയി വിളിയ്‌ക്കെടാ... അവള്‌ വരും...''
തലതാഴ്‌ത്തി അമ്മാവനെ നോക്കി ഞാന്‍ പടിപ്പുര വാതിലില്‍ കൈവെച്ചു. വാതില്‍ മുരള്‍ച്ചയോടെ തുറന്നു. ആരോ വരുന്നത്‌ കണ്ട്‌ കോലായിലെ ചാരുകസേരയിലിരിക്കുന്ന അയാള്‍ എഴുന്നേറ്റു. തുളസിത്തറയുടെ അരികിലെത്തിയപ്പോഴാണ്‌ അയാള്‍ക്ക്‌ എന്നെ മനസ്സിലായത്‌.
``ങും... എന്തേ പോന്നു...''
``ഞാന്‍...അമ്മായി...''
``എന്തിനാ അമ്മായിനെ...''
``ഗോവിന്ദമാമ വന്നുക്കുണു...അമ്മായിനെ...''
``പോലീസിനെ പേടിച്ച്‌ ചെറമച്ചാളീലും മാപ്പിളക്കുടീലും ഒളിഞ്ഞ്‌ കഴീണ ഓനെങ്ങനെ ഇവളേം കുട്ടീനേം പൊലത്തും...''
അമ്മായി അകത്തു നിന്ന്‌ കോലായിലേക്കു വന്നു. അവരുടെ പിറകില്‍ നില്‍ക്കുന്ന ഉണ്ണി എന്നെ കണ്ണുരുട്ടി നോക്കുകയാണ്‌. അവന്‍ വളര്‍ന്നിരിക്കുന്നു. അവനെന്നെ മറന്നോ...!
``അമ്മായി, ഗോവിന്ദമാമ വിളിക്കാന്‍ വന്നുണുക്കു. പടിപ്പുരയ്‌ക്കല്‌ നിയ്‌ക്ക്വാ...''
അവര്‍ പടിപ്പുര ഭാഗത്തേക്ക്‌ നോക്കി.
``കൃഷ്‌ണാ...വീട്ട്വാരെ ധിക്കരിച്ചിട്ട്‌...'' അമ്മായിയുടെ ഇടറിയശബ്ദം.
അയാള്‍ കോളാമ്പിയിലേക്ക്‌ കാര്‍ക്കിച്ചുതുപ്പി.
``മതി...മതി ഭാനുമതി. കുട്ടിനേംകൊണ്ട്‌ അകത്തേക്ക്‌ പൊയ്‌ക്കോളൂ...''
വിഷണ്ണയായ അമ്മായി അകത്തേക്കു നടന്നു. എന്നെ നോക്കി നില്‍ക്കുന്ന ഉണ്ണിയെ അയാള്‍ കൊണ്ടുപോയി. അകത്തളത്തില്‍ നിന്നുയരുന്ന അമ്മായിയുടെ തേങ്ങല്‍.
``ഭാര്യേനേം കുട്ടിനേക്കാളും വലുത്‌ അവന്‌ കമ്മൂണിസമല്ലേ... നടക്കട്ടെ നടക്കട്ടെ അവന്റെ കമ്മ്യൂണിസം. സന്ധ്യായി. ഇനി മടങ്ങിക്കോളൂ...'' 
ഞാനെങ്ങോട്ടു പോവും...!
അമ്മാവന്റെ മുന്‍പിലേക്ക്‌ പോവാന്‍ എനിക്കാവില്ല.
ജീവിതത്തില്‍ കരുത്തേകേണ്ട ഭാര്യയും, താങ്ങും തണലുമാകേണ്ട മകനും അമ്മാവന്‌ നഷ്ടപ്പെട്ടിരിക്കുന്നു. പടിപ്പുരയുടെ അരികിലെത്തിയപ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അമ്മാവന്റെ മുഖത്തേക്കു നോക്കാതെ തലതാഴ്‌ത്തി നിന്നു.
``കൃഷ്‌ണാ....! അവള്‌...!''
``വന്നില്ല്യ...''
``ഞാന്‍ വന്ന്‌ട്ട്‌ണ്ടെന്ന്‌ പറഞ്ഞോ!''
``പറഞ്ഞു...''
``ന്നിട്ട്‌...!''
``വന്നില്ല്യാ''
ആരോ പടിപ്പുരവാതില്‍ ശക്തിയോടെ അടച്ചു.
സൂര്യന്‍ അസ്‌തമിച്ചിരിക്കുന്നു. തണുത്ത തിരുവാതിരക്കാറ്റ്‌. ഏതോ അമ്പലത്തില്‍ നിന്ന്‌ കേള്‍ക്കുന്ന പാട്ട്‌. മരച്ചില്ലയില്‍ പക്ഷികള്‍ കൂടണയുന്ന ബഹളം. അകലെയെങ്ങോട്ടോ കണ്ണുനട്ട്‌ അമ്മാവന്‍ വേഗത്തില്‍ നടന്നു, പിറകെ ഞാനും
ദൂരെ നിന്ന്‌ ഒരു കാളവണ്ടി വരുന്നു.
കാളവണ്ടിയിലെ ചാക്കുകള്‍ക്കരികിലിരുന്ന്‌ യാത്ര തുടരുമ്പോഴും അമ്മാവന്‍ ഒന്നും മിണ്ടിയില്ല. കാളവണ്ടിക്കാരന്റെ സംസാരത്തോട്‌ പ്രതികരിച്ചില്ല. ആകാശത്തു വിരിഞ്ഞ നക്ഷത്രങ്ങളെ നോക്കി ബീഡി വലിച്ചുകൊണ്ടിരുന്നു.
ആ തഴമ്പിച്ച കാല്‍പ്പാദങ്ങളിലേക്ക്‌ ഞാന്‍ നോക്കി. ജന്മിത്വത്തിനെതിരെയുള്ള സന്ധിയില്ലാസമരങ്ങള്‍, അധഃസ്ഥിതരുടെ ഉന്നമനത്തിനായുള്ള കഠിനപ്രയത്‌നം. ആ പടയോട്ടം ഇന്നും തുടരുന്നു.
കല്യാണം കഴിപ്പിച്ചാല്‍ കൃഷിക്കാര്യങ്ങളും ശ്രദ്ധിച്ച്‌ വീട്ടില്‍ കഴിഞ്ഞുകൂടും എന്നുകരുതിയ അമ്മമ്മയ്‌ക്ക്‌ തെറ്റുപറ്റി. വിവാഹം കഴിഞ്ഞ രാത്രി തന്നെ ഒളിവില്‍ പോയ അമ്മാവന്‍ തിരിച്ചുവരുന്നത്‌ ആഴ്‌ചകള്‍ക്ക്‌ ശേഷമാണ്‌. പാത്തുംപതുങ്ങിയും രാത്രികളില്‍ വന്ന്‌ പുലരും മുമ്പ്‌ ഗ്രാമം വിടും.
പെട്ടെന്ന്‌ കാളവണ്ടി നിന്നു...
ആരോ മുന്‍പില്‍ നില്‍ക്കുന്നു. അമ്മാവന്‍ ചാക്കുകള്‍ക്കിടയിലേക്ക്‌ ചുരുണ്ടുകൂടുന്നത്‌ കണ്ടു. പോലീസുകാര്‍ ലാത്തിവീശിക്കൊണ്ട്‌ കാളവണ്ടിക്കാരന്റെ അരികിലെത്തി.
``എന്താതില്‌''
``ഏമാനേ പലചരക്ക്‌സാധനാ...''
പിറകിലിരിക്കുന്ന എന്റെ അരികിലേക്കു വന്ന്‌ മീശചുരുട്ടിക്കൊണ്ട്‌ നോക്കി.
``എങ്ങട്ടാടാ''
``പെരിന്തല്‍മണ്ണയ്‌ക്കാ.''
അമ്മാവന്റെ കാലുകള്‍ പുറത്തേക്ക്‌ നീണ്ട്‌ കാണുന്നു...!
എന്റെ ശരീരം വിറച്ചു.
ആ കാലുകള്‍ക്കരികില്‍ തലചായ്‌ച്ചു കിടന്നു. മാറത്തമര്‍ന്ന കാലുകളെ വിറയ്‌ക്കുന്ന കൈകള്‍ പുണര്‍ന്നു.
പോലീസുകാര്‍ ഇരുട്ടില്‍ മറഞ്ഞു.
കാളവണ്ടി മുന്നോട്ടു നീങ്ങി. അമ്മാവന്‍ ചാക്കുകള്‍ക്കിടയില്‍നിന്ന്‌ സാവധാനം എഴുന്നേറ്റു. കാലുകള്‍ക്കരികില്‍ കോറിപ്പിടിച്ച്‌ കിടക്കുന്ന എന്നെ വിളിച്ചുണര്‍ത്തി.
``ഗുണ്ടുഎഡിന്‍ഷേളാ..എഴുവന്തലയ്‌ക്കായിരിക്കും. ഞാനങ്ങോട്ട്‌ പോയ വിവരം ആരെങ്കിലും പറഞ്ഞ്‌ കൊടുത്തിട്ടുണ്ടാവും...''
``ഞാന്‍ പേടിച്ചു''
``എന്തിന്‌. ജീവിതത്തിലെ ഈ കയ്‌പ്പിനും ഒരു മധുരമുണ്ടടോ! ആ മധുരം എന്നെ പിന്തിരിപ്പിയ്‌ക്കാതെ മുന്നോട്ട്‌ കൊണ്ടുപോവുന്നു.''
കന്നുകളെ തെളിച്ച്‌ കാളവണ്ടിക്കാരന്‍ പാടിയ പാട്ടില്‍ ലയിച്ചുചേര്‍ന്നപ്പോള്‍ ഫര്‍ലോംഗുകള്‍ പിന്നിട്ടതറിഞ്ഞില്ല. പണം കൊടുത്തിട്ടും കാളവണ്ടിക്കാരന്‍ വാങ്ങിയില്ല. അയാള്‍ അമ്മാവനെ അറിയുമെന്ന്‌ തോന്നുന്നു.
``ഒരു തുള്ളി നെല്ലില്ലാതെ കണക്കഞ്ചേരീലെ ചെറമക്കള്‌ നെരകിയ്‌ക്കാ...സഖാവ്‌...''
``ഞാന്‍ വരാം. രാവിലെ അങ്ങോട്ട്‌ വരാം.''
അമ്മാവന്‍ കാളവണ്ടിക്കാരന്റെ തോളില്‍ തട്ടി സമാശ്വസിപ്പിച്ചു.
ഇട്ടിലിലെ ഇരുട്ടിലൂടെ ഞങ്ങള്‍ നടന്നു. ചുറ്റും ചീവീടുകളുടെ ശബ്ദം. നടപ്പാതയിലേക്കു പ്രകാശം പരത്തുന്ന പൂര്‍ണ്ണചന്ദ്രന്‍.
``ന്റെ കുട്ടിനെ യ്യ്‌ കണ്ടോ?''
``ഉണ്ണി വലുതായി. ഇന്നെ മറന്നുക്കുണു...''
അമ്മാവന്‍ കണ്ണുകള്‍ തുടച്ചു.
``ഗോവിന്ദമാമേ ഇതെത്രകാലാ ഇങ്ങനെ...''
``അറിയില്ല. അങ്ങകലെ ഒരു ചുവന്ന ചക്രവാളം. പ്രതിബന്ധങ്ങളെ തട്ടിമാറ്റി അവിടേയ്‌ക്കുള്ള യാത്ര...എത്തും അവിടെയെത്തും...''
വീട്ടിനരികിലെത്തിയപ്പോള്‍ അമ്മാവന്‍ നിന്നു. പടിപ്പുരവാതില്‍ അടച്ചിരിക്കുന്നു. വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന എന്റെ തോളില്‍ പിടിച്ച്‌ പറഞ്ഞു.
``ഞാന്‍ പോവാ''
``ന്‌ക്കൂ''
ശബ്ദമുണ്ടാക്കാതെ ഞാന്‍ മതില്‍ ചാടി പടിപ്പുരവാതില്‍ തുറന്നു.
``വടുക്കിണിയില്‍ വിളക്ക്‌ കത്തുന്നുണ്ട്‌. വല്ലതും കഴിച്ചിട്ട്‌ പോവാം.''
ഞങ്ങള്‍ ഒച്ചയുണ്ടാക്കാതെ വടുക്കിണി ഭാഗത്തേക്ക്‌ നടന്നു. ആരോ പാത്രങ്ങള്‍ കഴുകി വൃത്തിയാക്കുകയാണ്‌. വാതിലില്‍ മുട്ടി. വാതില്‍ തുറന്ന്‌, അമ്മമ്മ വിളക്ക്‌ പുറത്തേക്കു നീട്ടി.
``ഞാനാ അമ്മമ്മേ, ഗോവിന്ദമാമ വന്ന്‌ക്കുണു. ഒന്നും കഴിച്ചിട്ടില്ല. വല്ലതുംണ്ടോ''
അമ്മമ്മ ഇരുട്ടിലേക്കു നോക്കി.
``എടുത്തു..എടുത്തു ന്റെ ഗോവിന്ദന്‍കുട്ടി. ഗോവിന്ദന്‍കുട്ട്യേ...''
ഇരുട്ടത്ത്‌ നിന്ന്‌ അമ്മാവന്‍ ആ ദീപനാളത്തിനരികിലേക്കു വന്നു. അമ്മമ്മ കെട്ടിപ്പിടിച്ചുകൊണ്ട്‌ കരഞ്ഞു.
``അമ്മമ്മേ, ഗോവിന്ദമാമയ്‌ക്ക്‌ വല്ലതും കഴിക്കാന്‍ കൊടുക്കൂ...''
അമ്മമ്മ വടുക്കിണിയിലേക്കു കയറി. കലത്തിലെ ബാക്കിയുള്ള കഞ്ഞി പാത്രത്തിലേക്ക്‌ പാര്‍ന്ന്‌, അച്ചാറുകുപ്പിയുമായി വന്നു.
``ഇങ്ങട്ട്‌ കയറ്‌''
``അച്ഛന്‍''
``ഒറങ്ങാന്‍ പോയി.''
അമ്മമ്മ കഞ്ഞിപ്പാത്രവും, ഒരു ചെറിയ പിഞ്ഞാണത്തില്‍ കടുമാങ്ങച്ചാറും കൊടുത്തു. കഞ്ഞി മോന്തിക്കുടിക്കുന്ന അമ്മാവനെ നോക്കി നില്‍ക്കുന്ന അമ്മമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. ആര്‍ത്തി കണ്ടാല്‍ അമ്മാവന്‍ ഭക്ഷണം കഴിച്ചിട്ട്‌ ദിവസങ്ങളായെന്ന്‌ തോന്നും.
ഞാന്‍ കൂരിരുട്ടിലേക്ക്‌ നോക്കി നില്‍ക്കുമ്പോഴാണ്‌ അമ്മാവന്‍ മുറ്റത്തേക്ക്‌ തെറിച്ചുവീണത്‌. കഞ്ഞിപ്പാത്രം നിലത്തുവീണു. വറ്റുകള്‍ ചിതറി. വടുക്കിണിവാതില്‍ക്കല്‍ മുത്തച്ഛന്‍ നില്‍ക്കുന്നു!
``ന്റെ ചാക്ക്‌ കണക്കിന്‌ നെല്ല്‌ കട്ട്‌ട്‌ത്ത്‌ കണ്ണിക്കണ്ട ചെറുമക്കക്ക്‌ കൊടുത്ത ഇവന്‌ ഇവടന്നൊര്‌ വറ്റ്‌ കൊടുക്കരുത്‌. പോ...കടന്ന്‌ പോ... നിയ്‌ക്കിങ്ങനൊരു മകനില്ല. കടന്ന്‌ പോടാ..''
എല്ലാ മുറികളിലും വിളക്ക്‌ കത്തി.
മുഖത്തെ വറ്റുകള്‍ തുടച്ച്‌ അമ്മാവന്‍ എഴുന്നേറ്റു. മുണ്ടിലെ ചെളി തുടച്ച്‌ ഞൊണ്ടി ഞൊണ്ടി നടന്നു. അമ്മമ്മ കരയുന്നു.
നടപ്പാതയിലേക്കുവീണ പാല്‍വെളിച്ചത്തിലൂടെ ആ മനുഷ്യന്‍ നടന്നുനീങ്ങുന്നതും നോക്കി വിറങ്ങലിച്ച ശരീരവുമായി ഞാന്‍ നിന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും