കുന്നിന്‍മുകളിലെ ചെങ്കണപ്പുല്ലുകൊണ്ടുമേഞ്ഞ ചായക്കടയ്‌ക്കുള്ളില്‍ ചായ ആറ്റുന്ന ശബ്ദം. കന്നുകളുടെ ഗുണഗണങ്ങളും കാലിച്ചന്തകളിലെ വിശേഷങ്ങളും പറയുന്ന കന്നുകച്ചവടക്കാരുടെ ബഹളം ചായക്കടയുടെ വിള്ളല്‍ വീണ മണ്‍ഭിത്തിയിലൂടെ പുറത്തേക്കൊഴുകുന്നു. കടയുടെ പിറകിലിരുന്ന്, നാനാദേശത്തു നിന്നും വിശാലമായ കുന്നിന്‍ചെരിവിലെത്തിക്കൊണ്ടിരിക്കുന്ന കന്നുകളേയും കന്നുകച്ചവടക്കാരേയും ശ്രദ്ധിക്കുന്ന നാടി ചെവിപൊത്തി. കൈപ്പടം കണ്ണിനുമുകളില്‍ വെച്ച്, ഓരോ ആളുകളേയും സസൂക്ഷ്‌മം നിരീക്ഷിക്കുന്ന അയാളുടെ കൈയിലെ ആറിത്തണുത്ത ചായക്കോപ്പക്കുചുറ്റും ഈച്ചകള്‍ പാറിപ്പറന്നു. പോത്തിന്‍കൂട്ടങ്ങളെ തെളിച്ചുകൊണ്ട് വരുന്ന കറുത്തകുള്ളനെ കണ്ടപ്പോള്‍, നാടി എഴുന്നേറ്റു. കഴുത്തുനീട്ടി ഒന്നുകൂടി നോക്കി. ``ഓനല്ല....ഓന്‌ത്ര കറ്‌പ്പല്ലാ...'' ബീഡി കത്തിച്ച് ചായപ്പീടികയിലേക്കു നോക്കിയപ്പോള്‍, കിളിവാതിലിനുള്ളില്‍ പൊട്ടിച്ചിരിക്കുന്ന മുഖങ്ങള്‍. ``നാട്യേ, രണ്ട് മൂന്നാഴ്‌ചയിലെ, ഞ്ഞിജ് ഓനെക്കണ്ടാലറിയോ...!'' ``എബ്‌ടന്നറിയാന്‍ ഓനൊക്കെ ആകെ മാറിട്ട്‌ണ്ടാവും.'' നാടി കിളിവാതിലില്‍ മുഖമടുപ്പിച്ചു. ``മാറ്വോ...!'' ഓനെ കണ്ടാ തീരീലേ....തിരിയും നിക്ക് തിരിയും...'' പൊട്ടിച്ചിരിക്കുന്ന കന്നുകച്ചവടക്കാര്‍ക്ക് നേരേ നാടി ബീഡിപ്പുക ഊതിവിട്ടു. ധൂമപടലം കിളിവാതിലിനു ചുറ്റും പരന്ന്, മുകളിലേക്കുയര്‍ന്നപ്പോഴേക്കും നാടി അപ്രത്യക്ഷനായി. കുന്നിന്‍ ചെരിവിറങ്ങുമ്പോഴും, കാലിനെ ചുരുണ്ടുകൂടി.യ ഞരമ്പുകള്‍ക്കരികിലെ മുറിവിലിരിക്കുന്ന *`പിര്‍ക്കകള്‍' അനങ്ങിയില്ല. തോല്‍പ്പുരയില്‍ ഉപ്പിലിട്ട തോലിന്റെ ദുര്‍ഗന്ധം. ``നാട്യതാ പോണ്. അതിനൊക്കെ പറ്റിച്ച് എത്രണ്ടാക്ക്യാലും കൊണം കിട്ടൂല.'' മുഷിഞ്ഞ മുണ്ടിലെ ഓട്ടകള്‍ കണ്ട് പൊട്ടിച്ചിരിക്കുന്ന തോല്‍പ്പുരയിലെ കുട്ടികളെ നോക്കി നാടി തുണി പൊക്കി. ``നാട്യേ അതിനങ്ങട്ട് മറിച്ചിട്ടാ...'' നാടി മൂരിയെ ഉന്തിമറിച്ചിട്ട്, കാലുകള്‍ വരിഞ്ഞു മുറുക്കിയപ്പോഴേക്കും അയാള്‍ ലാടവുമായി വന്നു. അയാള്‍ ലാടം അടിച്ചു കയറ്റുന്നത് നോക്കി നാടി കുന്തിച്ചിരുന്നു. ``നാട്യേ യ്യെന്തിനാ അയിമ്പത് മടക്കിക്കൊടുത്തേ.'' ``പിന്നെ പത്ത് കന്നിനെ ഇതുവരെ ആട്ടീന് അയിമ്പതുര്‍പ്പ്യാ തര്വാ.'' ആണി അടിച്ചുകയറ്റുന്ന വേദനയാല്‍, കണ്ണീര്‍ പൊടിഞ്ഞ മൂരിയെ നാടി തലോടി. ``പിന്നെ അയാളെ യ്യ് കണ്ട്‌ട്ടേല്ലേ...'' ``കച്ചോടം കഴിഞ്ഞ് പൈസരാന്ന് പറഞ്ഞ ഓനെ ഇതുവരെ കണ്ട്‌ലാ.'' അയാള്‍ കാലിലെ കയര്‍ അഴിച്ചു. മൂരി എഴുന്നേറ്റു. മൂരിയുമായി അടുത്ത ആള്‍ വന്നു. ``ഓന്‍ വരും. യ്യിവ്‌ടെ നിക്ക്. നാട്യേ ആ മൂരിനീം കൂടി മറിച്ചിട്ടാ.'' അയാള്‍ ലാടമെടുക്കാന്‍ പോയി. തിരിച്ച് വന്ന അയാള്‍ നാടിയെ നോക്കി. ``മറിച്ചിട്ടില്ലേ?...'' അയാള്‍ ദേഷ്യത്തോടെ പിറുപിറുത്ത് മൂരിയെ മറിച്ചിട്ട്, ലാടം അടിച്ചുകയറ്റി. നാടി എഴുന്നേറ്റു. ``കഴിഞ്ഞായ്‌ചീം ഇങ്ങനെ വര്‍ത്താനം പറഞ്ഞ് കൊറേ മറിച്ചിട്ടില്ലേ... പോവ്‌മ്പോ നിക്കൊരഞ്ചൈസ തന്ന്‌ലാ.'' അയാള്‍ ഒന്നും മിണ്ടിയില്ല, കെട്ടഴിച്ച ഉടനെ മൂരി ചാടിയെഴുന്നേറ്റു. അത് നാടിയുടെ കാലില്‍ ചവിട്ടി. നാടി ഞൊണ്ടി ഞൊണ്ടി ആല്‍മരത്തിനരികിലിരുന്ന് കാലുഴിഞ്ഞു. ചാട്ടയടിയൊച്ചകള്‍ മുഴങ്ങി. എങ്ങും കന്നിനെ തെളിക്കുന്ന ശബ്ദം. ചന്ത അവസാനിക്കുന്നു. ആള്‍ത്തിരക്ക് കുറഞ്ഞു. ഒരാഴ്‌ചത്തേക്കുള്ള വിജനത പതുങ്ങി വരുന്നു. ആല്‍മരച്ചോട്ടിലിരുന്ന് നാടി ചുറ്റും കണ്ണോടിച്ചു. ``അട്‌ത്തായ്‌ച്ച സുബൈക്ക് പോരണം. ഓനെങ്ങാനും നാറത്തെ കച്ചോടം നടത്തി പോണ്‌ണ്ടാവും'' ചെവിക്കുറ്റിയില്‍ നിന്നെടുത്ത ബീഡി കത്തിച്ച് നാടി നടന്നു. മുറുക്കാന്‍ കടയില്‍ നിറയെ ചോരച്ചുണ്ടുകള്‍. വെറ്റില ചവച്ചരച്ച് സൊറയ്‌ക്കുന്ന കച്ചവടക്കാര്‍ നാടിയെ കണ്ടപ്പോള്‍ എന്തോ പിറുപിറുത്തുകൊണ്ട് ചിരിച്ചു. ``നാട്യോ...ടാ നാട്യേ...ഇബടെ...'' നാടി ബീഡി പുകച്ചുകൊണ്ട്, മുറുക്കാന്‍ കടയുടെ മുന്‍പില്‍ തലതാഴ്‌ത്തി നിന്നു. ``ജ്ജെന്താ അവടെ നിക്ക്‌ണ്‌ത്...'' കടക്കുള്ളിലേക്ക് കയറി അവരുടെ നടുവില്‍ കുന്തിച്ചിരുന്നു. ചാണകംപെനഞ്ഞ കാല്‍വിരലുകളില്‍ ഈച്ചകള്‍ നിറഞ്ഞു. ``കണ്ടോ....?'' നാടി ചോദിച്ചു. ``ഞങ്ങളാളും കണ്ട്‌ല്ല. കണ്ടാലും ഞങ്ങക്കാര്‍ക്കും അറീല.'' ``ഓനക്കണ്ടാ അനക്കറിയോ നാട്യേ...?'' ``തമിയനാ. ഇര്‌നെറം. മോത്തൊരു കാക്കാപ്പുള്ളി.'' ``ഏത് ഭാത്താ. വലത്തോ. എടത്തോ?'' ``വലത്ത്, അല്ല എടത്താ. എടത്താണോ?'' അവരെല്ലാം ചിരിച്ചു. പൊട്ടിച്ചിരിക്കുന്ന അവരുടെ `ചിറി'യിലൂടെ ചുവന്ന ഉമിനീര്‍ ഒലിച്ചിറങ്ങി. നാടി എഴുന്നേറ്റു നടന്നു. വെറ്റിലച്ചണ്ടി പുറത്തേക്ക് തുപ്പി, മുണ്ടുകൊണ്ട് ചിറി തുടച്ച് അയാള്‍ നാടിയുടെ പിറകെ ഓടി, അരികിലെത്തി. ``നാട്യേ ജ്ജ് ഈറച്ചോ.'' അയാള്‍ വാസനപ്പുകയില നിറച്ച വെറ്റില കൊടുത്ത് പറഞ്ഞു. ``തിന്ന്. തിന്നോ. ഓന് വേറെ വല്ലോടത്തും കച്ചോടം നടത്ത്‌ണ്‌ണ്ടാവും'' ``എവടെ?'' നാടി വെറ്റില ചവയ്‌ക്കുന്നത് നിര്‍ത്തി. ``മറ്റെന്നാ കോങ്ങാട് ചന്തേണ്. അവടെ വരാത്ത കച്ചോടക്കാരാരൂല്ലാ.'' വെറ്റില തുപ്പി, നാടി തിരിഞ്ഞു നടന്നു. ``ജ്ജെങ്ങട്ടാ മണ്ട്‌ണത്?'' ``കോങ്ങാട്ട്‌ക്ക്.'' നാടി നടത്തം തുടര്‍ന്നു. അയാള്‍ ഓടി അരികിലെത്തി. ``ന്ന്‌ക്ക്...ജ്ജെതായാലും പോവല്ലേ. ഇന്റെ കന്ന്‌ണ്ട് ആലിന്‍ചോട്ടില് അയിറ്റങ്ങളിം കോങ്ങാട്ട്‌ക്ക് ആട്ടിക്കോ.'' ആല്‍മരത്തിലെ കെട്ടഴിച്ച്, ചാഞ്ഞുനില്‍ക്കുന്ന കൊമ്പില്‍ നിന്ന് ഒരു വടി പൊട്ടിച്ച് കന്നുകളെ തെളിച്ച്, ചെമ്മണ്‍പാതയുടെ അനന്തതയിലേക്ക് കന്നുകളേയും കൊണ്ട് നടന്നു നീങ്ങുന്ന നാടിയെ നോക്കി നില്‍ക്കുന്ന അയാള്‍ ആരുടെയോ സംസാരംകേട്ട് പിറകിലേക്കു തിരിഞ്ഞുനോക്കി. ``തേങ്ങക്ക് പയിനായിരം തരാന്ന് പറഞ്ഞു.'' ``പോരാ'' അയാള്‍ പറഞ്ഞു. ``എത്രക്കായാലും വിറ്റൊയിവാക്കാനല്ലേ ങ്ങള് നാറത്തെ പറഞ്ഞേ'' ``അത് നാറത്തെ'' ``ഞമ്മക്ക് മറ്റന്നാ കോങ്ങാടെത്തെണ്ടേ...! ഇന്നന്തിയ്‌ക്കെങ്കിലും കന്ന്യേളോണ്ട് പോണ്ടേ...'' അയാള്‍ ദൂരെ മറയുന്ന നാടിയേയും കന്നുകളേയും നോക്കി വെറ്റില ചവച്ചരച്ച് ചിരിച്ചു. ``ഞമ്മക്ക് മറ്റന്നാ രാവിലെ പോയാം മതി. ബസ്സില്. അതുവരെ നേരംണ്ട്.'' നാടി കന്നുകളെയുംകൊണ്ട്‌് ചന്തയിലേക്ക് കയറി. കച്ചവടം മുറുകിയിരിക്കുന്നു. തോര്‍ത്തുമുണ്ടുകൊണ്ട് കൈകള്‍ക്കു മുകളില്‍ മറ സൃഷ്ടിച്ച്, വിരലുകളില്‍ പിടിച്ച് കന്നുകള്‍ക്ക് വിലയുറപ്പിക്കുന്ന കച്ചവടക്കാര്‍. കച്ചവടം കഴിഞ്ഞു മടങ്ങുന്ന ഓരോരുത്തരേയും നാടി ശ്രദ്ധിക്കുമ്പോഴാണ്, കന്നുകളെ എണ്ണിനോക്കുന്ന അയാളുടെ ശബ്ദം പിറകില്‍ നിന്ന് കേട്ടത്. അരയിലെ പണസഞ്ചിയില്‍ നിന്ന് രൂപയെടുത്ത് നീട്ടി. നാടി അത് തിരിച്ചും മറിച്ചും നോക്കി. ``ഇരുവതോ...!'' ``നാട്യേ, ജ്ജ് ഓനെ തെരയാന്‍ വന്നതല്ലേ. ഓന് കച്ചോടം കഴിഞ്ഞ് പോവും.'' അയാള്‍ വെറ്റില ചവച്ച്, കന്നിനെ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു. സൂര്യന്റെ ചൂടുള്ള കിരണങ്ങളേറ്റ്, കന്നിന്‍കൂട്ടത്തിനിടയിലൂടെ പാഞ്ഞു. ചാണകത്തില്‍ ചവിട്ടി, കച്ചവടക്കാരെ തള്ളിമാറ്റി വിശാലമായ മൈതാനത്തിലൂടെ ഓരോരുത്തരേയും ശ്രദ്ധിച്ച് ഓടി ഓടി തളര്‍ന്ന നാടിക്ക് തലചുറ്റാന്‍ തുടങ്ങി. കാലിച്ചന്ത ഒന്നാകെ തലക്കുള്ളില്‍ കിടന്നു ചുറ്റുന്നു, കരയുന്ന കന്നുകളുടെയും വിലപേശുന്ന മനുഷ്യരുടെയും മുഖങ്ങള്‍. ഇരുകൈകളും തലയില്‍വെച്ച് കിണറ്റിന്‍കരയില്‍ വീണു. ആരോ തലയില്‍ വെള്ളം പാര്‍ന്നപ്പോള്‍ എഴുന്നേറ്റു. കൈക്കുമ്പിള്‍ നീട്ടിയപ്പോള്‍ വെള്ളമൊഴിച്ചുതന്നു. മോന്തിമോന്തിക്കുടിച്ച്, ചാണകവും മണ്ണുപെനഞ്ഞ തുണി അഴിച്ച് നനച്ചു പിഴിഞ്ഞു. നനഞ്ഞ മുണ്ടെടുത്ത് ചായപ്പീടികയിലേക്കു കയറി. ഒരുപാത്രം കഞ്ഞിയും ചമ്മന്തിയും വാങ്ങി വരാന്തയിലിരുന്ന്, കഞ്ഞി ഊതി ഊതി കുടിക്കുമ്പോഴും, കണ്ണുകള്‍ കാലിച്ചന്തയിലൂടെ പായുകയാണ്. അരിയാട്ടുന്ന സ്‌ത്രീയുടെ തുടകള്‍ നോക്കി ചായകുടിക്കുന്ന കഷണ്ടിക്കാരന്‍ പറഞ്ഞു. ``കച്ചോടം നടന്ന്‌ലാ. ഇനി കൊഴല്‍മന്ദം പോണം. ഇപ്പ പൊറപ്പട്ടാലേ നേരത്തിനെത്തു. ആ തൊടയും, ചിരിയും കാണുമ്പോ...'' വെറ്റില ചവച്ച്‌കൊണ്ടിരിക്കുന്ന അയാള്‍, നാടിയെ ചൂണ്ടിക്കൊണ്ട് കഷണ്ടിക്കാരനോടെന്തോ പറഞ്ഞു. പാത്രം നക്കിത്തുടയ്‌ക്കുന്ന നാടിയെ കഷണ്ടിക്കാരന്‍ ശ്രദ്ധിച്ചു. ചന്ത അവസാനിച്ചു. പൈസയെണ്ണിയും കന്നിനെ തെളിച്ചും ആളുകള്‍ നടന്നകന്നു. മരങ്ങളില്‍ കാക്കകള്‍ നിറഞ്ഞു. മരച്ചുവട്ടില്‍ ആളുകള്‍ ചീട്ടുകളിയാരംഭിച്ചു. കിണറ്റിന്‍ കരയിലിരുന്ന് ഉറങ്ങിത്തൂങ്ങുന്ന നാടി ആ ശബ്ദം കേട്ട് കണ്ണു തുറന്നു. ``തമിളനല്ലേ.'' നാടി കണ്ണു തിരുമ്മി. ``ഇര്‌നെറം'' നാടി എഴുന്നേറ്റു. ``മോത്തൊരു കാക്കാപ്പുള്ളി.'' നാടിയുടെ ചുണ്ട് വിറച്ചു. ``ഓനെവെടെ! ഓനൊന്ന് കാണിച്ചരിം.'' കഷണ്ടിക്കാരന്‍ കന്നുകളുടെ അടുത്തേക്കു നടന്നു. നാടി അയാളുടെ പിറകെ കൂടി. അയാള്‍ കെട്ടഴിച്ച് കന്നുകളെ തെളിച്ചു. സഞ്ചി തോളിലിട്ട്, *`പക്കാളി' മൂരിയുടെ പുറത്ത് വെച്ചു. ``ഇങ്ങളെന്താ മുണ്ടാത്തത്. ഓനെവെടെ?'' നാടി ചോദിച്ചു. അയാള്‍ ഒന്നും മിണ്ടാതെ കുറെ നടന്നശേഷം ബീഡി കത്തിച്ചു. അയാളുടെ മുഖത്തേക്കുനോക്കി നടക്കുന്ന നാടിയോടുപറഞ്ഞു. ``കൊഴല്‍മന്ദം ചന്തേല് അയാളെന്നും കച്ചോടം നടത്താറ്‌ണ്ട്.'' ``ഇങ്ങളെങ്ങട്ടാ?'' നാടി അയാളെ പിന്‍തുടര്‍ന്നു. ``കൊഴല്‍മന്ദത്ത്‌ക്ക്'' ``ഞാനൂണ്ട്'' നാടി കന്നുകളെ തെളിച്ച് നടന്നു. സഞ്ചിയും വടിയും നാടിക്ക് കൊടുത്ത്, അയാള്‍ തോളില്‍ കൈവെച്ച് പറഞ്ഞു. ``ഞാന്‍ കൊറച്ച് നല്ല കയറ് വാങ്ങിവരാം. അനക്ക് കന്നിനെ ആട്ടാനറിയോ?'' ``ഓന്‍ കൊയല്‍മന്ദത്ത്‌ണ്ടാവോ?'' അയാള്‍ തലയാട്ടി. നടന്നുനീങ്ങുന്ന കന്നുകളുടെ അടുത്തേക്ക് നാടി ഓടി. ഇരുട്ട് പരന്നു. സഞ്ചിയില്‍നിന്ന് കുപ്പിവിളക്കെടുത്ത് മുന്‍പില്‍ നടക്കുന്ന മൂരിയുടെ കൊമ്പില്‍ വെച്ച് കെട്ടി, തീകൊളുത്തി. പ്രകാശം വിതറുന്ന ഓടക്കുറ്റിയും പിടിച്ച് നാടി പിറകില്‍ നടന്നു. ....തിരുമാംന്ധാംകുന്നമ്മ അമ്മ ഭഗോത്യമ്മ. അമ്മടെ വലംഭാഗത്ത് എയ്‌തട്ട്‌ള്ളൊരു നെലവെളക്ക്. കത്തിത്തെളിഞ്ഞന്തിക്കാ ഞാ കുടീന്ന് പോന്നേ...ന്നേ...ന്നേ... ഞാനും വുളിച്ചാല്‍, വുളികേക്കുമമ്മ. ഇന്നും അലയാണമ്മേ...വയി കാട്ടേണമ്മേ...മേ...മേ ഇരുട്ടില്‍, നാടിയുടെ വിതുമ്പുന്ന സ്വരങ്ങള്‍... പറന്നുയരുന്ന മിന്നാമിനുങ്ങുകള്‍. കൈക്കുമ്പിളിലൊതുക്കിയ മിന്നാമിനുങ്ങിനെ വിരലുകള്‍ക്കിടയിലൂടെ നോക്കുമ്പോള്‍, ഒരു ചിരി കേട്ടു. നാടി അവിടെ നിന്നു. ആ ചിരി കുഞ്ഞിപ്പെണ്ണിന്റേതാണ്.! അവളെ ഒറ്റയ്‌ക്കാക്കി പോന്നിട്ട് ആഴ്‌ചകള്‍ കഴിഞ്ഞിരിക്കുന്നു.! കന്നുകള്‍ ദൂരെ എത്തിയിരിക്കുന്നു. നാടി ഓടിക്കിതച്ച് അവയുടെ അരികിലെത്തി. പിറകില്‍ കിടക്കുന്ന തടിച്ച മൂരിയുടെ പുറത്ത് ആരോ കിടക്കുന്നു. ഓടക്കുറ്റി മുന്നോട്ടു നീട്ടി. കുഞ്ഞിപ്പെണ്ണ്...! അവള്‍ മൂരിയുടെ പുറത്ത് മലര്‍ന്നുകിടന്ന് ചിരിക്കുന്നു.! അവളുടെ കാലുകള്‍ വിടര്‍ത്തി വെച്ചിരിക്കുന്നു.! നാടിയുടെ വിറയ്‌ക്കുന്ന കൈകളില്‍ നിന്ന് ഓടക്കുറ്റി നിലത്തുവീണു. അയാള്‍ ആ മൂരിയുടെ അരികിലെത്തി. ചുറ്റും കുഞ്ഞിപ്പെണ്ണിന്റെ മണം. ശ്വാസം വലിച്ചെടുത്ത് സംതൃപ്‌തിയോടെ നിശ്വസിച്ച നാടി, മൂരിയെ ഊടുവഴിയിലെ ഇരുട്ടിലേക്കു തെളിച്ചു.