സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഒരു `വെറും' കൂട്ടുകാരനെക്കുറിച്ച്‌

മ്യൂസ്‌ മേരി ജോര്‍ജ്ജ്‌



ആഴവും ദൃഢതയുമുള്ള സ്‌ത്രീ-പുരുഷസൗഹൃദത്തിന്റെ സാധ്യതകള്‍ താരതമ്യേന കുറവായ കേരളീയമായ സാമൂഹ്യപരിസ്ഥിതിയില്‍ ആയിരിക്കുമ്പോഴും ഒരു ശലഭച്ചിറകൊച്ച പോലെ നിശ്ശബ്‌ദ പ്രകമ്പനങ്ങള്‍ ആവര്‍ത്തിക്കുന്ന കൂട്ടുകെട്ടിനെ ഞാന്‍ ധ്യാനിക്കുന്നു. അത്‌ ഹിംസാത്മകമായ ഭാഷണങ്ങളെയും ഉറ്റുനോട്ടങ്ങളെയും അകറ്റിനിര്‍ത്തുന്നു. ഇങ്ങനെ ഭോഗത്തിന്റെയും അന്യമാക്കലിന്റെയും കണ്ണുകള്‍ കൊണ്ടല്ലാതെ നമുക്കെപ്പോഴാണ്‌ പരസ്‌പരം നോക്കിനില്‍ക്കാനാവുക! സ്വച്ഛസൗഹൃദത്തിന്റെ ഇഴകള്‍ കൊണ്ട്‌ പരസ്‌പരം ഒരു കൂട്ടുകെട്ടിനെ നെയ്‌തെടുക്കാനാവുക! ഇത്തരം ചിന്തകള്‍ സ്‌ത്രീ-പുരുഷ ജീവിതത്തിന്റെ ആഖ്യാനങ്ങളില്‍ പലപ്പോഴും വന്നെത്താറുണ്ടെങ്കിലും പെട്ടെന്ന്‌ പിന്നെയും ഇതെന്നെ ഓര്‍മ്മപ്പെടുത്തിയത്‌ വേണുനാഗവള്ളിയുടെ മരണമാണ്‌.
എത്രമേല്‍ ഇഷ്ടം തോന്നുന്ന അവസരങ്ങളില്‍ പോലും മൗനത്തിനും സൗമ്യതയ്‌ക്കും വിഷാദാത്മകതയ്‌ക്കും കരുത്തുണ്ടെന്ന്‌ തോന്നിച്ച ചില വേണുനാഗവള്ളി കഥാപാത്രങ്ങള്‍ കൗമാരക്കാലത്ത്‌ മനസ്സില്‍ കയറിയിട്ടുണ്ട്‌. അവരിന്നും പൂര്‍ണ്ണമായി ഇറങ്ങിപ്പോയിട്ടും ഇല്ല. ഈ ഓര്‍മ്മകളില്‍ പലപ്പോഴും മുന്നില്‍ കയറിവന്ന്‌ കൈപിടിച്ചുനടന്നിട്ടുള്ള ആള്‍ അനന്തുവാണ്‌. `ചില്ലി'ലെ അനന്തു. അന്യനായി മാറ്റിനിര്‍ത്തുന്നിടത്ത്‌ നിന്നും ഒരാണിന്റെ സൗഹൃദം (ആണിനോടുള്ള സൗഹൃദം) തിരിച്ചറിഞ്ഞുതുടങ്ങുമ്പോള്‍ മുതല്‍ നാം അതിനെ ആങ്ങള, കാമുകന്‍, മകന്‍, അച്ഛന്‍, സഹോദരന്‍ എന്ന തരം മൂല്യരൂപങ്ങളോട്‌ ചേര്‍ത്തുവെച്ചുകൊണ്ട്‌ ഇണങ്ങിത്തുടങ്ങുകയാണ്‌ കൂടുതല്‍ സംഭവിക്കുന്നത്‌. എന്നാല്‍ ഇങ്ങനെയൊന്നുമല്ലാത്ത `വെറും കൂട്ടുകാരനെ/കൂട്ടുകാരിയെ ഉള്‍ക്കൊള്ളാന്‍ നമുക്കിപ്പോഴും എത്രമാത്രം സാധിക്കുന്നുണ്ട്‌. ലിംഗഭേദപരമയ അറിവുകളുടെ മുന്നൊരുക്കം കൂടാതെ ഇടപെടേണ്ട ഒന്നാണ്‌ സൗഹൃദം. ഇത്തരമൊരു സൗഹൃദത്തിന്റെ സാധ്യത മലയാളികള്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിച്ച ചിത്രമാണ്‌ `ചില്ല്‌. ഒരേ സമയം കാമുകനും ആണ്‍സുഹൃത്തുമുള്ള ആനി എന്ന കഥാപാത്രം മികച്ച അവതരണമായിരുന്നു. നമ്മുടെ ലൈംഗികാവബോധത്തിലെ വാര്‍പ്പുമാതൃകകളെ അത്‌ വേറിട്ട കാഴ്‌ചകള്‍ക്ക്‌ വിധേയമാക്കി.
സഹപാഠികള്‍ തമ്മിലുള്ള അടുപ്പവും സൗഹൃദവും പിന്നീടും നമ്മുടെ സിനിമകള്‍ അവതരിപ്പിച്ചുവെങ്കിലും ചില്ലും അത്‌ നിര്‍മ്മിച്ച ആണ്‍പെണ്‍ കൂട്ടും വേറിട്ടുനില്‍ക്കുന്നു. സൗഹൃദത്തിന്റെ സത്യസന്ധതയ്‌ക്ക്‌ മുന്നില്‍ ജീവന്‍ ഹോമിച്ച ആനിയെ മറക്കാനാവുന്നില്ല. സമപ്രായക്കാരായ സഹപാഠികള്‍ തമ്മിലുള്ള സൗഹൃദം `നിറം', `ക്ലാസ്‌മേറ്റ്‌സ്‌' തുടങ്ങിയ സിനിമകള്‍ വിഷയമാക്കിയിട്ടുണ്ട്‌. ഏറ്റവും പ്രിയങ്കരിയായ കൂട്ടുകാരിയെ ജീവിതസഖിയാക്കാന്‍ നിശ്ചയിക്കുന്നിടത്ത്‌്‌ `നിറം' തിരശ്ശീല വീഴ്‌ത്തുന്നു. അവള്‍ മരണപര്യന്തം കൂട്ടുകാരി മാത്രമായിരിക്കുക എന്ന സാധ്യതയ്‌ക്കും തിരശ്ശീലയിടുന്നു. മറ്റൊരാളെ വിവാഹം ചെയ്‌താലും ഒരുവള്‍ തന്റെ പ്രിയപ്പെട്ട കുട്ടുകാരിയായി തുടരുന്നതില്‍ ഇന്നും നമുക്കെന്തോ ചില പരിമിതികള്‍ ഉണ്ട്‌. പ്രേമത്തില്‍ ശരീരം വലിയ സാന്നിദ്ധ്യമാണ്‌. ഇന്ദ്രിയനിഷ്‌ഠമായ രതിയും പ്രധാനമാണ്‌. എന്നാല്‍ സൗഹൃദത്തില്‍ സുഹൃത്തിന്റെ കണ്ണും മൂക്കും മുലയുമൊന്നും മറ്റൊരു സുഹൃത്തിന്‌ ബന്ധപരിപോഷകമായ ഒന്നല്ല. നമ്മുടെ ലൈംഗികതയുടെ സാമൂഹ്യവ്യ വഹാരത്തില്‍ ഇക്കാര്യം വേണ്ടവിധത്തില്‍ അഭിസംബോധന ചെയ്യപ്പെടുന്നില്ല. ആണും പെണ്ണും തമ്മില്‍ കൂട്ടുകൂടുമ്പോള്‍ ശരീരം പ്രസക്തമാകാതെയിരിക്കുക എന്നത്‌ അത്ര ലഘുവായ ഒന്നല്ല. ആശ്ലേഷം, സ്‌പര്‍ശം എന്നിവയിലൊക്കെ വികാരവാഹിയായ ശരീരം വിഷയമായി വരുന്ന സംഭവങ്ങള്‍ പുണ്യപുരാണകാലം മുതലേ കാണുന്നുണ്ട്‌. ഇത്തരം ജീവിതാഖ്യാനങ്ങളുടെ സുഭിക്ഷകാലമാണ്‌ ഇപ്പോഴും. ലൈംഗികതയുടെ ഇത്തരം സ്ഥിരപാഠങ്ങളെ ഒന്ന്‌ മാറ്റിനിര്‍ത്താന്‍ ആനിയും അനന്തുവും (ചില്ല്‌) ശ്രമിക്കുന്നു. കാമുകന്‍ നഷ്ടമായ ആനി ആത്മഹത്യ ചെയ്യുന്നുണ്ടെങ്കിലും അനന്തു അവളുടെ കൂട്ടുകാരന്‍ മാത്രമായി നിലനില്‍ക്കുന്നു. ഇഴയടുപ്പത്തിന്റെ നിമ്‌നോന്നതികളെ അവതരിപ്പിച്ച സൗഹൃദമായി അവര്‍ രണ്ടുപേരും ഇന്നും പ്രാധാന്യത്തോടെ എന്റെ മുന്‍പിലുണ്ട്‌.
ആണ്‍കൂട്ടുകാരനെ നിര്‍മ്മിച്ചതില്‍ വേണുനാഗവള്ളി എന്ന നടന്റെ ശരീരഭാഷ വളരെ പ്രധാനപ്പെട്ടതായിരുന്നു. നോട്ടം, ചിരി, നില്‍പ്‌, ഇരിപ്പ്‌, അടുപ്പം എന്നിവയിലെല്ലാം സൗഹൃദത്തിന്റെ മുദ്ര ചേര്‍ന്നിരുന്നു.
പൊതുവെ, ലൈംഗികതയെ സംബന്ധിച്ച നമ്മുടെ പൊതുബോധത്തെ ചില പരീക്ഷണങ്ങളിലൂടെ അവതരിപ്പിച്ച മധ്യവര്‍ത്തിസിനിമയുടെ നല്ല കാലത്തിന്റെ സന്തതിയുമായിരുന്നു `ചില്ല'. മനസ്സ്‌, അതിന്റെ വിനിമയങ്ങള്‍, സോഫിസ്റ്റിക്കേറ്റഡ്‌ ആയ ലൈംഗികാവതരണങ്ങള്‍ എന്നിവയ്‌ക്കുള്ള ചില സാധ്യതകളെ ഇത്തരം സിനിമകള്‍ അവതരിപ്പിച്ചിരുന്നു. അത്തരത്തിലുള്ള ഒന്നായിരുന്നു 1982 ല്‍ പുറത്തുവന്ന `ചില്ല്‌'. അങ്ങനെ അക്കാലത്തുതന്നെ മനസ്സില്‍ സ്ഥാനം പിടിച്ചവരാണ്‌ ആനിയും അനന്തുവും. അവര്‍ ആണ്‍-പെണ്‍ കൂട്ടുകെട്ടിന്റെ മൂര്‍ത്താനുഭവമാണ്‌. തുറന്ന ഇടപെടലും ആഴമുള്ള സൗഹൃദവും കൊണ്ട്‌ അവര്‍നിര്‍മ്മിച്ച കൂട്ടുകെട്ട്‌ എന്റെ പില്‍ക്കാലജീവിതത്തിലുടനീളം സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. സാമൂഹ്യജീവിതത്തിന്റെ വ്യത്യസ്‌ത ഇടങ്ങളില്‍ അനന്തുവിനെ തിരയുകയോ തേടുകയോ ചെയ്യുന്ന കണ്ണുകള്‍ ഇന്നും ചില അപകടങ്ങളില്‍ ചെന്നു പെടാറുണ്ട്‌. എങ്കിലും അനന്തു ഇന്നും ഒരു ചാലകശക്തിയാണ്‌. ലൈംഗികമായ ദുസ്സൂചനകളും ക്ഷണങ്ങളുമില്ലാതെ സംസാരിക്കാനും പൊട്ടിച്ചിരിക്കാനും പങ്കുവെയ്‌ക്കാനും സാധിക്കുന്ന ആണ്‍-പെണ്‍ സൗഹൃദത്തിന്റെ പരിമിതിയാണ്‌ നമ്മുടെ ലൈംഗികാവബോധത്തിലെ അസ്വസ്ഥതകള്‍ക്കും അക്രമങ്ങള്‍ക്കും ഒരു പരിധിവരെ കാരണം. 
സ്‌ത്രീയിലെ സൗഹൃദപരമായ കര്‍തൃത്വത്തെ അവളുടെ അമിതമായ ലൈംഗികാഭിനി വേശത്തിന്റെ പ്രകടനമായും പുരുഷന്റെ സൗഹൃദാകാംക്ഷയെ വിടത്തത്തിന്റെ ലക്ഷണമായും വ്യാഖ്യാനിക്കുന്നത്‌ പലപ്പോഴും കേട്ടിട്ടുണ്ട്‌. ഒരു ലൈംഗികബന്ധത്തിന്റെ ആവശ്യത്തേക്കാള്‍ നിരവധി തവണ ആവശ്യമായി വരുന്നത്‌ സൗഹൃദത്തിന്റെ (എതിര്‍ലിംഗ സൗഹദത്തിന്റെ) പൊരുളടക്കങ്ങളാവും. പ്രശ്‌നനിര്‍ദ്ധാരണ രീതികളില്‍, ജീവിതസമീപനത്തില്‍, കലാസ്വാദനത്തില്‍, അറിവുവിനിമയങ്ങളില്‍ പ്രകടിപ്പിക്കുന്ന ആണ്‍-പെണ്‍ അഭിരുചി വൈവിധ്യങ്ങളുടെ കൊടുക്കലും വാങ്ങലും സംഭവിക്കാതെ പോകുന്നതിന്റെ ഒരു കാരണം സൗഹൃദത്തിന്റെ തുറന്ന ഉദ്യാനങ്ങളുടെ അപര്യാപ്‌തതയാണ്‌. ഇഷ്ടം, സ്‌നേഹം, പരസ്‌പര ധാരണ എന്നിവയാല്‍ അങ്കിതമായ സൗഹൃദത്തിന്റെ മുദ്രമോതിരം കളഞ്ഞുപോയ ഒരു സമൂഹത്തിനു മുന്‍പിലാണ്‌ ആനിയും അനന്തുവും വേറിട്ടുനില്‍ക്കുന്നത്‌. ഇത്തരം അടുപ്പങ്ങളുടെ അര്‍ത്ഥം അപരിചിതമായതിനാല്‍ കാമുകന്‍ ആനിയെ തെറ്റിദ്ധരിപ്പിച്ചു. അയാള്‍ വേറെ വിവാഹം ചെയ്‌തു. ആനി ആത്മഹത്യ ചെയ്‌തു. അങ്ങനെ അടുപ്പങ്ങളുടെ ചില്ല്‌ പൊട്ടിത്തകര്‍ന്നു. ഈ തകര്‍ന്ന ചില്ല്‌ ഇന്നും നിലനില്‍ക്കുന്നുണ്ടോ എന്ന്‌ അന്വേഷിക്കുമ്പോള്‍, സ്‌ത്രീപുരുഷസൗഹൃദത്തിന്റെ വാതില്‍ക്കല്‍ ഇന്നും അത്‌ ശേഷിക്കുന്നുണ്ടെന്ന്‌ തോന്നിപ്പോകുന്നു. കാരണം, പലതാണ്‌. തന്നോട്‌ സംസാരിക്കുന്ന സ്‌ത്രീകളെല്ലാം തന്റെ കാമുകിമാരാണ്‌ എന്ന്‌ ജല്‌പിക്കുന്നവര്‍, വിവാഹബാഹ്യമായ സൗഹൃദമെല്ലാം അതൃപ്‌തദാമ്പത്യത്തിന്റെ ഫലമെന്ന്‌ പ്രവചിക്കുന്ന ലക്ഷണശാസ്‌ത്രിമാര്‍, സ്‌ത്രീ-പുരുഷ സൗഹൃദത്തിന്റെ മുന്‍പില്‍ പുരികം ചുളിക്കുന്നവര്‍, തൊഴിലിടങ്ങളിലും രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങളിലും സ്വസ്ഥസൗഹൃദങ്ങള്‍ നട്ടുവളര്‍ത്താത്തവര്‍, ലൈംഗികമായ അടക്കം പറച്ചിലും പരദൂഷണവുമായി സമയം ചെലവിടുന്ന ലൈംഗിക സദാചാരവാദികള്‍, സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതലേ ആണ്‍പെണ്‍ സൗഹൃദത്തെ അശ്ലീലമാക്കി നട്ടുനനച്ചുവളര്‍ത്തുന്നവര്‍ തുടങ്ങിയ നിരവധിയായ വിഭാഗങ്ങള്‍ അന്യമാക്കലിന്റെ ഉടഞ്ഞ ചില്ലിനെ വിതറുന്നവരാണ്‌. അവര്‍ക്ക്‌ മുന്‍പില്‍ ആനിയുടെ ആത്മഹത്യ നിലനില്‍ക്കുന്നു; ഉത്തരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുതന്നെ.
വിദ്യാഭ്യാസപരമായി-ഉദ്യോഗപരമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്‌ത്രീപുരുഷന്മാര്‍ നിവസിക്കുന്ന കേരളത്തില്‍ കാമാഭിനിവേശപരമല്ലാത്ത ഉറ്റുനോട്ടങ്ങളും വൃത്തിയായ വര്‍ത്തമാനങ്ങളുമുള്ള സ്‌ത്രീപുരുഷബന്ധങ്ങള്‍ - സൗഹൃദങ്ങള്‍ ധാരാളമായി ഉയര്‍ന്നു വരാത്തതെന്തുകൊണ്ടാണ്‌? അടുപ്പങ്ങള്‍ അനാശാസ്യമായി മനസ്സിലാക്കപ്പെടുന്നതെന്തു കൊണ്ട്‌? നല്ല സൗഹൃദത്തിന്റെ തെളിമയുറ്റ ആഖ്യാനങ്ങള്‍ സിനിമകളിലും രചനകളിലും സംവാദാത്മകമായി പ്രത്യക്ഷപ്പെടാത്തതെന്തുകൊണ്ട്‌? കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ പുറത്തിറങ്ങി നടക്കുന്ന സ്‌ത്രീകളില്‍ 90 ശതമാനത്തിലധികവും ലൈംഗികമായി സുരക്ഷിതരല്ലെന്ന സര്‍വ്വേകള്‍ സൂചിപ്പിക്കുന്നതെന്തുകൊണ്ട്‌? തലസ്ഥാനം ഒരു സാമ്പിള്‍ വെടിക്കെട്ട്‌ മാത്രമാണെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നതും പെടാത്തതുമായ അനുഭവങ്ങള്‍ അടിവരയിടുന്ന ലൈംഗികമായ അന്യത്വാഖ്യാനങ്ങളാകുന്നതെന്തുകൊണ്ട്‌? ലൈംഗിക ജനാധിപത്യവും സൗഹൃദവും സൂക്ഷിക്കുന്ന - പ്രകടിപ്പിക്കുന്ന ഒരു സമൂഹമായി നാമെന്നാണ്‌ ഇനി നിര്‍മ്മിക്കപ്പെടുന്നത്‌?
ആരോഗ്യകരമായ ആണ്‍പെണ്‍ കൂട്ടുകെട്ടുകള്‍ ശക്തമായ സാമൂഹ്യോര്‍ജ്ജത്തെ ഉല്‌പാദിപ്പിക്കുന്ന ഒന്നായിരിക്കും. അത്‌ ബന്ധങ്ങളെ സര്‍ഗ്ഗാത്മകമായി ആവിഷ്‌ക്കരിക്കാനുള്ള ഉപകരണങ്ങളിലൊന്നാണ്‌. അന്യരാക്കി - ആക്രമിച്ച്‌ - ഭോഗിച്ച്‌ തീരുന്ന നരജീവിതത്തിന്റെ പാര്‍ശ്വങ്ങളിലാണ്‌ ലൈംഗികപീഡനത്തിന്റെ ഘോഷയാത്രകള്‍ - പടയൊരുക്കങ്ങള്‍ കടന്നു പോകുന്നത്‌.
ചങ്ങാത്തത്തിന്റെ ചാവുനിലങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കുന്നവയാണ്‌ നമ്മുടെ ലൈംഗികാഖ്യാനങ്ങളില്‍ മിക്കവയും. സാഡിസ്റ്റ്‌-മാസോക്കിസ്റ്റ്‌ അനുഭവചിത്രങ്ങള്‍ ധാരാളമായി വന്നുനിറയുന്ന സിനിമാക്കാലത്തിന്‌ മുന്‍പില്‍ പഴയൊരു സിനിമയെ ഓര്‍ത്തത്‌ വേണു നാഗവള്ളിയുടെ മരണവാര്‍ത്തയുടെ അടിസ്ഥാനത്തിലായിപ്പോയതിന്‌ മാപ്പുചോദിക്കുന്നു. ഓരോരുത്തര്‍ക്കും ഓരോ മരണവും കൊടുക്കുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ വ്യത്യസ്‌തമാണ്‌. എനിക്കത്‌ സൗഹൃദത്തെ ഓര്‍മ്മിക്കാനും തിരയാനും പറയാനുമുള്ള ഒന്നായി മാറിയിരിക്കുന്നു.
സൗഹൃദത്തിന്റെ നേര്‍ത്ത ഇഴകളാല്‍ നാം ബന്ധപ്പെടുമ്പോള്‍ ദൃഢമായ ചില ഉറപ്പുകളുടെയും ആഴങ്ങളുടെയും നടപ്പാതകള്‍ ചുറ്റുപാടും രൂപപ്പെടുന്നുണ്ട്‌. ഈ നടപ്പാതകള്‍ നമുക്ക്‌ നല്‍കുന്നത്‌്‌ ലൈംഗികമായ സാമൂഹ്യാരോഗ്യത്തിന്റെ ഹൃദയമിടിപ്പുകളായിരിക്കും.

ലളിതമായ ഇത്തരം സൗഹൃദസവാരികള്‍ക്ക്‌ കൂട്ടുചേരലിന്റെ ഓരോരോ ഇടങ്ങളും സജ്ജമായിരുന്നെങ്കില്‍! ഈ ഓര്‍മ്മപ്പെടുത്തലുകളുമായി സൗഹൃദത്തിന്റെ ഊര്‍ജ്ജകേന്ദ്രമായി `ചില്ല്‌്‌' ഇന്നും മനസ്സിലുണ്ട്‌. പരാജിതയായ ആനിയെ, വിവാഹിതരായി വിജയിച്ച കൂട്ടുകാരികളെക്കാള്‍ ഞാനിഷ്ടപ്പെടുന്നു. ഒരു കൂട്ടുകാരനില്‍നിന്ന്‌ സംഭവിക്കേണ്ടുന്ന കാമമോഹിതമല്ലാത്ത നോട്ടവും ശരീരഭാഷയും `ചില്ലി'ല്‍ പാലിച്ച വേണുനാഗവള്ളിയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ കൂപ്പുകൈ. ഇത്തരമൊരു യുഗ്മത്തെ നമ്മുടെ ലൈംഗികാവ ബോധത്തിലേയ്‌ക്ക്‌ ആനയിച്ച ലെനിന്‍ രാജേന്ദ്രനെയും സ്‌മരിക്കുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും