സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഐബ്രോ പെന്‍സിലും ഉലയാണിക്കോലും-- സമരവസന്തത്തിലെ കറുത്ത സൗന്ദര്യശാസ്‌ത്രം

സുജ സൂസന്‍ ജോര്‍ജ്



``എന്നുമുതല്‍ ഞാന്‍ പേനയെടുത്ത്‌ എഴുതിത്തുടങ്ങിയോ അന്നുമുതല്‍ അപകടം എന്റെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി. നുണകള്‍ പറയുന്ന ഒരു ലോകത്ത്‌ സത്യത്തെപ്പോലെ അപകടകാരിയായി ഒന്നുമില്ല. ആദമിന്റെയും ഹവ്വയുടെയും കാലം മുതല്‍തന്നെ അറിവ്‌ ഒരു പാപമായി കരുതുന്ന ലോകത്ത്‌ അറിവിനെപ്പോലെ അപകടകാരിയായി മറ്റൊന്നുമില്ല.... എന്നാല്‍ എന്നില്‍നിന്ന്‌ എന്റെ എഴുത്തിനെ തട്ടിയെടുക്കാന്‍ പോരുന്ന ഒരു അധികാരശക്തിയും ലോകത്തില്ല.'' (നവാല്‍-അല്‍-സദാവി, മെമ്മറീസ്‌ ഫ്രം ദ വിമന്‍സ്‌ പ്രിസണ്‍)
2010-ല്‍ ടൂണിഷ്യയില്‍ തുടങ്ങി ലിബിയ, ഈജിപ്‌ത്‌, യെമന്‍, ബഹറിന്‍, സിറിയ എന്നീ രാജ്യങ്ങളിലേക്ക്‌ വ്യാപിച്ച്‌ ഇപ്പോഴും അലയൊലികള്‍ ഒടുങ്ങാതെ നില്‌ക്കുന്ന `അറബ്‌ വസന്ത'ത്തിന്റെ പ്രധാന റോളുകള്‍ വഹിച്ചത്‌ അവിടങ്ങളിലെ സ്‌ത്രീകളാണ്‌. പ്രായഭേദമില്ലാതെ വര്‍ഗ്ഗവിത്യാസമില്ലാതെ ഗ്രാമനഗരഭേദങ്ങളില്ലാതെ സ്‌ത്രീകള്‍ പ്രതിഷേധങ്ങളിലും സമരങ്ങളിലും പങ്കെടുക്കുകയും നേതൃത്വം നല്‌കുകയും ചെയ്‌തു. നിശ്ശബ്‌ദരായിരുന്നവരുടെ ശബ്‌ദം എവിടെയും ഉയര്‍ന്നു കേട്ടു. അവരായിരുന്നു പ്രധാന ചാലകശക്തി. അവര്‍ അവരുടെ രാജ്യത്തിനായി പൊരുതി. അവരുടെ അവകാശത്തിനായും അവരുടെ കുഞ്ഞുങ്ങളുടെ അവകാശത്തിനായും ശബ്‌ദമുയര്‍ത്തി. ഏകാധിപതികളെ തൂത്തെറിയുന്നതുവരെ അവര്‍ തെരുവില്‍ നിലകൊണ്ടു. അവര്‍ തെരുവില്‍ പെട്രോളിംഗ്‌ നടത്തി. അവര്‍ പരസ്‌പരം കാവല്‍ക്കാരായി. ആരായിരുന്നു ഈ സ്‌ത്രീകള്‍? പിന്നോക്കക്കാരായ പട്ടിണിക്കാരായ കറുത്തവര്‍ഗ്ഗക്കാരായ ചൂഷിതമുസ്ലീം സ്‌ത്രീകളായിരുന്നു അവര്‍. ദേശവംശഭേദമില്ലാതെ അത്തരത്തിലൊരു കൂട്ടായ്‌മ രൂപംകൊണ്ടതിന്‌ പിന്നില്‍ വലിയ ഒരു സര്‍ഗ്ഗാത്മകചാലകശക്തി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ലോകപരിസ്ഥിതി ജനകീയാരോഗ്യത്തെ പ്രവര്‍ത്തകരും നേതാക്കളും ആഫ്രിക്കന്‍-അറബ്‌ രാജ്യങ്ങളില്‍നിന്നുള്ള വനിതകളാണെന്നുള്ളത്‌ യാദൃച്ഛികമല്ല. സാഹിത്യകലാരംഗങ്ങളിലെയും ലോകസാന്നിദ്ധ്യം മദ്ധ്യദേശങ്ങളില്‍നിന്നുള്ള വനിതകളാണെന്നുള്ളതും ശ്രദ്ധേയമാണ്‌. 
മനുഷ്യരുടെ സൗന്ദര്യാവബോധം ജന്മനാ ലഭിക്കുന്നതോ വ്യക്തിപരമോ അല്ലെന്നും അത്‌ സാമൂഹ്യമായി നേടിയെടുക്കുന്ന ഗുണമോ കഴിവോ ആണെന്നും ഉള്ള മാര്‍ക്‌സിസ്റ്റ്‌ നിരീക്ഷണം ഇവിടെ പ്രസക്തമാണ്‌. മനുഷ്യരുടെ ആന്തരികജീവിതത്തില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്ന സാമൂഹികസ്വഭാവം വിശകലനം ചെയ്യുകയും അതുവഴി സാഹിത്യവും കലയും മനുഷ്യരെ തമ്മില്‍ തുന്നിച്ചേര്‍ക്കുന്ന ചാലകശക്തിയായും വര്‍ത്തിക്കും. രണ്ടുമൂന്ന്‌ പതിറ്റാണ്ടുകളായി അറബ്‌-ആഫ്രിക്കന്‍ രാജ്യങ്ങളിലെ സാഹിത്യത്തില്‍ സംഭവിക്കുന്നത്‌ ഈ സത്വാന്വേഷണവും തിരിച്ചറിയലുമാണ്‌.
അടുത്തകാലത്തായി നോബല്‍സമ്മാനനിര്‍ദ്ദേശപട്ടികയില്‍ തുടര്‍ച്ചയായി അറബി എഴുത്തുകാരികളും ആഫ്രിക്കന്‍ എഴുത്തുകാരികളും വന്നിട്ടുണ്ട്‌. ഹനാന്‍-അല്‍-ഷേക്ക്‌, ഹുദാ ബാരക്കറ്റ്‌, എല്‍. എല്‍. അഡ്‌നര്‍ (ലബനന്‍) നവാല്‍-അല്‍-സദാവി, റാഡ്‌വാ അഷര്‍ (ഈജിപ്‌ത്‌) അസിയാ ദെജ്‌ഡര്‍ (അള്‍ജീരിയ) എന്നിവര്‍ അവരില്‍ ചിലരാണ്‌.
``എന്റെ ജീവിതമാണ്‌ എറിഞ്ഞുടയ്‌ക്കുന്നത്‌, എന്റെ ദുരിതമാണ്‌ എറിഞ്ഞുടയ്‌ക്കുന്നത്‌. നിങ്ങള്‍ക്കെന്താ? നിങ്ങള്‍ക്കെന്താ ചേതം?'' എന്ന മട്ടിലുള്ള ബലിയോ ഏകാന്തതയാല്‍ ശപിക്കപ്പെട്ട ഒരു സ്‌ത്രീയുടെ പ്രതികാരമോ ആണ്‌ `അവളുടെ' എഴുത്ത്‌ എന്ന സാമ്പ്രദായിക വിചാരത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട്‌ 
``പ്രതിരോധിക്കാന്‍ 
എന്നില്‍നിന്നൊരു
അക്ഷരംപിറക്കും'' എന്ന മട്ടിലുള്ള രചനകളാണ്‌ ഈ എഴുത്തുകാരികളുടേത്‌. ``ഇനി പൊയ്‌മുഖങ്ങളില്ല; മിതോളജിയില്ല'' എന്ന്‌ അവര്‍ അവരുടെ കൃതികളില്‍ പ്രഖ്യാപിച്ചു.
ഇന്ത്യന്‍ വംശജയും ടാന്‍സാനിയന്‍ എഴുത്തുകാരിയുമായ ഷൈലജ പാട്ടീലിന്റെ `ഡ്രം റൈഡര്‍' എന്ന ഏറ്റവും പുതിയ കവിത തൊണ്ണുറ്റഞ്ചു വയസ്സുകാരിയാ ബി കിഡുഡെയെക്കുറിച്ചുള്ളതാണ്‌. ആഫ്രിക്കന്‍ സംഗീതത്തിന്റെ അദ്‌ഭുതപ്രതിഭാസമാണ്‌ അവര്‍. കരുത്തിന്റെ സംഗീതത്തിന്റെ പ്രതീകം. ഇന്നും അവര്‍ പാടുന്നു. പതിനായിരങ്ങള്‍ ആ പാട്ട്‌ കേള്‍ക്കാന്‍ ഒത്തുകൂടുന്നു. 
``അവള്‍ ഒരു പെരുമ്പറ പുല്‍ത്തകിടിയില്‍ വെച്ചു.
അലക്കാനുള്ള ഒരുക്കം പോലെ 
പച്ചക്കറികള്‍ നുറുക്കാനൊരുമ്പെടും പോലെ
കുട്ടിയെ ചുമലിലേറ്റി ചന്തയിലേക്ക്‌ പുറപ്പെടും പോലെ
അവള്‍ അരക്കെട്ടിലെ കച്ച മുറുക്കിയുടുത്തു
ആദ്യമൊന്നും ഞങ്ങള്‍ അവളെ ശ്രദ്ധിച്ചതേയില്ല...

പതിറ്റാണ്ടുകള്‍ അവള്‍ പടവെട്ടി. 
അക്രമം, അപമാനം, പരിഹാസം
ഹൃദയഭേദകമായ നിശ്ശബ്‌ദത!
ഉരത്ത തീ നാളമായ്‌ അവള്‍ നിലനിന്നു
പതിറ്റാണ്ടുകള്‍ അവള്‍ താണ്ടി
ഉള്ളിലേക്കുള്ളിലേക്ക്‌, അവളുടെ 
ജീവിതതാളത്തിന്റെ ഹൃദയത്തിലേക്ക്‌. (ഡ്രം റീഡര്‍)
ഇത്തരത്തില്‍ ജീവിതത്തിന്റെയും സ്വത്വത്തിന്റെയും ഉള്ളറകളിലേക്ക്‌ ചുഴിഞ്ഞിറങ്ങുന്ന രചനകളാണ്‌ `അറബ്‌ വസന്ത'ത്തിലെ യഥാര്‍ത്ഥ വസന്തം. ഈ വസന്തം ഇനിയുമിനിയും നിലനില്‌ക്കാനുള്ള വിത്തുകള്‍ വിതച്ചുപോയിട്ടുണ്ട്‌. 

നവാല്‍-അല്‍-സദാവിയും ഐബ്രോപെന്‍സിലും
ഈജിപ്‌ഷ്യന്‍ ഫെമിനിസ്റ്റ്‌ എഴുത്തുകാരിയാണ്‌ നവാല്‍-അല്‍-സദാവി. സാമൂഹ്യപ്രവര്‍ത്തക, ഡോക്‌ടര്‍, മനഃശാസ്‌ത്രജ്ഞ എന്നീ നിലകളില്‍ സുപ്രസിദ്ധ. ഇസ്ലാംമതവും സ്‌ത്രീകളുമാണ്‌ പ്രധാന രചനാവിഷയം. അറബ്‌ വിമന്‍സ്‌ സോളിഡാരിറ്റി അസോസിയേഷന്റെയും അറബ്‌ അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെയും സ്ഥാപകയാണ്‌ നവാല്‍. സെക്കന്റ്‌ വേവ്‌ ഫെമിനിസത്തിന്റെ അടിസ്ഥാനഗ്രന്ഥമായി വിശേഷിപ്പിക്കപ്പെടുന്ന `വിമന്‍ ആന്റ്‌ സെക്‌സ്‌' 1972-ലാണ്‌ നവാല്‍ രചിച്ചത്‌. പെണ്‍കുട്ടിയുടെ സുന്നത്ത്‌ കര്‍മ്മ ഉള്‍പ്പെടെ സ്‌ത്രീ ശരീരത്തിന്മേല്‍ നടക്കുന്ന അതിക്രമങ്ങളാണ്‌ പുസ്‌തകത്തിന്റെ ഉള്ളടക്കം. വലിയ കോളിളക്കമുണ്ടാക്കിയ രചനയായിരുന്നു അത്‌. നവാലിനെ ജോലിയില്‍നിന്ന്‌ പിരിച്ചുവിട്ടു. അന്‍വര്‍ സാദത്തിന്റെ ഗവണ്‍മെന്റെ അവരെ തുറങ്കിലടച്ചു. സാദത്ത്‌ കൊലചെയ്യപ്പെട്ട്‌ ഒരുമാസംകൂടികഴിഞ്ഞാണ്‌ നവാല്‍ ജയില്‍ മോചിതയായത്‌. 
ജയില്‍ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷം. പന്ത്രണ്ടുസ്‌ത്രീകളും ഒരു പെണ്‍കുട്ടിയും ഒറ്റമുറിയില്‍. എല്ലാവരും രാഷ്‌ട്രീയ തടവുകാര്‍. ചെയ്‌ത കുറ്റമെന്തെന്ന്‌ ആരും അവരോട്‌ പറഞ്ഞില്ല. പുറത്ത്‌ ആരോടും ബന്ധപ്പെടാനുമാകുമായിരുന്നില്ല. നവാലിന്‌ എഴുതാന്‍ ഒരു പേനയോ പേപ്പറോ കൊടുക്കാന്‍ ജയില്‍ അധികാരികള്‍ തയ്യാറായില്ല. പക്ഷേ, നവാല്‍ എഴുതി. സ്‌ത്രീകള്‍ ഉപേക്ഷിച്ചുകളഞ്ഞ ഐബ്രോപെന്‍സിലുകൊണ്ട്‌ കീറിപ്പറിഞ്ഞ ടോയ്‌ലറ്റുപേപ്പറില്‍...! ആ പുസ്‌തകമാണ്‌ `മെമ്മറീസ്‌ ഫ്രം ദ വിമന്‍സ്‌ പ്രിസണ്‍' എന്ന വിശ്രൂതഗ്രന്ഥം. `വിമന്‍ അറ്റ്‌ സിറോ പോയിന്റ്‌' എന്ന അവരുടെ നോവലും ഒരു തടവുകാരിയുടെ കഥയാണ്‌. മതതീവ്രവാദികള്‍ നവാലിന്റെ തലയ്‌ക്ക്‌ വിലപറഞ്ഞു. കുറച്ചുകാലത്തേക്ക്‌ അവര്‍ക്ക്‌ ഈജിപ്‌ത വിട്ടോടിപോകേണ്ടിവന്നു. 1996-ല്‍ മാതൃരാജ്യത്തേക്ക്‌ തിരിച്ചെത്തി. ആര്‍ക്കും ഒന്നിനും അവരുടെ നാവിനെ ബന്ധിക്കാനായില്ല. ഏതു നരകത്തിലിരുന്നും അവര്‍ എഴുതി. മതത്തിന്റെയും പുരുഷന്റെയും അധികാരപ്രയോഗങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി!
ബദര്‍ ഷാക്കര്‍, പന്ത്രണ്ടുവയസ്സുകാരി. സുന്നത്ത്‌ കര്‍മ്മം നടക്കുന്നതിനിടയില്‍ അവള്‍ മരിച്ചുപോയി. 2007-ല്‍ നടന്ന ഈ സംഭവത്തിനോടു പ്രതികരിച്ചുകൊണ്ട്‌ നവാല്‍ ഇങ്ങനെ എഴുതി. ``ബദര്‍, ഇരുട്ടുനിറഞ്ഞ മനസ്സുകളില്‍ നിന്റെ മരണം ഒരു ചെറിയ വെളിച്ചമെങ്കിലും ആകാന്‍ പര്യാപ്‌തമാകുമോ? നിന്റെ ചെറിയ സുന്ദരജീവിതത്തിന്റെ ഈ ഡോക്‌ടറുമാരെയും പുരോഹിതന്മാരെയും യഥാര്‍ത്ഥമതത്തിന്റെ ജോലി കുഞ്ഞുങ്ങളുടെ അവയവങ്ങള്‍ മുറിക്കലല്ല എന്ന്‌ പഠിപ്പിക്കാന്‍ മാത്രം വിലയുള്ളതാവുമോ?''
2011-ല്‍ കെയ്‌റോയിലെ താഹിരിര്‍ ചത്വരത്തില്‍ നടന്ന വിപ്ലവസമരങ്ങളിലെ നേതാക്കളില്‍ ഒരാളായിരുന്നു നവാല്‍. മരണംവരെ ഒരു പോരാളിയായിരിക്കുമെന്ന്‌ പ്രഖ്യാപിക്കുന്ന നവാല്‍ എണ്‍പത്തൊന്നാം പിറന്നാള്‍ ദിനത്തില്‍ ബി. ബി. സി.ക്ക്‌ കൊടുത്ത അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ താഴെകൊടുക്കുന്നു. 
``എല്ലാ മതങ്ങളും സാമാന്യബോധത്തിന്‌ എതിരാണ്‌. 
മതം ഒരു രാഷ്‌ട്രീയപ്രത്യശാസ്‌ത്രമാണ്‌. 
ആണ്‍കോയ്‌മ നിലനിര്‍ത്തുന്നതില്‍ മതങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു.''

``നിങ്ങള്‍ക്ക്‌ സര്‍ഗ്ഗാത്മകതയുണ്ടെങ്കില്‍ 
നിങ്ങള്‍ക്ക്‌ വിയോജിപ്പുകളിലേ ജീവിക്കാന്‍ കഴിയൂ''
``പൊതുവേ എഴുത്തുകാര്‍ പ്രായമാകുംതോറും മിതസ്വഭാവികളാകുകയാണ്‌ പതിവ്‌. എന്നാല്‍ പ്രായമെന്നെ കൂടുതല്‍ ക്ഷുഭിതയാക്കുന്നു. വിപ്ലവകാരിയാക്കുന്നു.''

``എല്ലാവരും മരിക്കും. ഞാനും നിങ്ങളും മരിക്കും. 
മരിക്കുന്നതുവരെ എങ്ങനെ ജീവിച്ചു എന്നതാണ്‌ പ്രധാനം''
സൈബര്‍ ആക്‌ടിവിസവും ഉലയാണിക്കോലും
`അറബ്‌ വസന്ത'ത്തിന്റെ തീവ്രത കുറഞ്ഞിരിക്കുന്നു. നാല്‌ രാജ്യങ്ങളുടെ ഏകാധിപതികള്‍ സ്ഥാനഭ്രഷ്‌ടരായി. പകരം ഇസ്ലാമിക രാഷ്‌ട്രീയപാര്‍ട്ടികള്‍ ഭരണത്തിലേക്ക്‌ വന്നു. കാര്യങ്ങള്‍ ഒന്നും വിചാരിച്ചതുപോലെയല്ല നടന്നത്‌. മുബാറക്‌ ഭരണം അവസാനിച്ചതിനുശേഷമുള്ള അന്താരാഷ്‌ട്ര വനിതാദിനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ കെയ്‌റോയിലെ താഹിരിര്‍ ചത്വരത്തില്‍ ഒത്തുകൂടിയ ആയിരക്കണക്കന്‌ സ്‌ത്രീകള്‍ ആക്രമിക്കപ്പെടുകയും പരിഹസിക്കപ്പെടുകയം ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്‌തു. നൂറുകണക്കിന്‌ പുരുഷന്മാര്‍, `വീട്ടില്‍ പോകൂ, അടുക്കളയില്‍ ചെല്ലൂ, റൊട്ടിയുണ്ടാക്കൂ എന്ന്‌ അട്ടഹസിച്ചുകൊണ്ടിരുന്നു.'
ലിബിയയില്‍ സ്‌ത്രീവിമോചനസമരക്കാരെ കൂട്ടമായി അറസ്റ്റ്‌ ചെയ്‌തു. കന്യാചര്‍മ്മ പരിശോധനകള്‍ക്ക്‌ വിധേയമാക്കി. ഭീഷണിപ്പെടുത്തിയും പട്ടാളക്കോടതികളില്‍ വിചാരണ നടത്തുകയും ചെയ്‌തു. സ്‌ത്രീ അവകാശങ്ങള്‍ക്ക്‌ ഒരു പരിധിവരെ സംരക്ഷണം ലഭിച്ചിരുന്ന ടുണീഷ്യയില്‍ എല്ലാം അട്ടിമറിക്കപ്പെട്ടു. മതനിയമങ്ങള്‍ കര്‍ക്കശമാക്കി. ഈജിപ്‌തില്‍ 80 ശതമാനം സ്‌ത്രീകളും ലൈംഗികമായി പിഡീപ്പിക്കപ്പെടുന്നുവെന്ന്‌ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പറയുന്നു. `കെയ്‌റോ 678' എന്ന പ്രശസ്‌ത ചലച്ചിത്രം വ്യത്യസ്‌ത സാമൂഹ്യസാമ്പത്തിക തലങ്ങളില്‍ ജീവിക്കുന്ന മൂന്നു സ്‌ത്രീകള്‍ക്കു നേരെയുണ്ടാകുന്ന ലൈംഗികാക്രമണങ്ങളുടെയും അവരുടെ ചെറുത്തുനില്‌പിന്റെയും കഥയാണ്‌ പറയുന്നത്‌. യഥാര്‍ത്ഥസംഭവങ്ങളില്‍നിന്നാണ്‌ ഈ കഥ മെനഞ്ഞതെന്ന്‌ സംവിധായകന്‍ അവകാശപ്പെടുന്നു. 
``ഞങ്ങള്‍ക്ക്‌ പ്രതീക്ഷയോ ആത്മവിശ്വാസമോ നഷ്‌ടപ്പെട്ടിട്ടില്ല. ഞങ്ങള്‍ക്ക്‌ ചില വീഴ്‌ചകള്‍ പറ്റിയിട്ടുണ്ട്‌. ഞാനിപ്പോള്‍ അടുക്കളയിലേക്ക്‌ തിരിച്ചുപോകുന്നു. എന്റെ കുട്ടികള്‍ക്കും വീട്ടിലെ പുരുഷന്മാര്‍ക്കും നല്ല സ്റ്റഫ്‌ഡ്‌ റൊട്ടിയുണ്ടാക്കി കൊടുക്കും. നല്ലൊരു പാചകക്കാരിയായി അറിയപ്പെടുന്നത്‌ ദുരാരോപണങ്ങള്‍ ഇല്ലാതാക്കുമെന്ന്‌ എന്റെ സുഹൃത്തുക്കള്‍ പറയുന്നു.'' ഒരു വിമോചനപ്രവര്‍ത്തക അവരുടെ ബ്ലോഗിലെഴുതി. വിമോചനത്തിന്റെ സ്വത്വരാഷ്‌ട്രീയം മതസ്വതബോധത്തിന്‌ വഴിമാറിക്കൊടുത്തതാണ്‌ ആ വീഴ്‌ച. 
`അപ്‌റൈസിങ്‌ ഓഫ്‌ വിമന്‍ ഇന്‍ ദ അറബ്‌ വേള്‍ഡ്‌' ലെബനിലെ സ്‌ത്രീവിമോചകര്‍ തുടങ്ങിയ ഒരു ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്‌മയാണ്‌. അവകാശങ്ങളെക്കുറിച്ചും നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നതിനും അറബ്‌ ദേശത്ത്‌ സ്‌ത്രീകളുടെ വിമോചനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു വേദിയായും ആണ്‌ ഈ ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്‌മ പ്രവര്‍ത്തിക്കുന്നത്‌. ലക്ഷക്കണക്കിന്‌ സ്‌ത്രീകള്‍ ഈ ഫെയ്‌സ്‌ ബുക്ക്‌ കൂട്ടായ്‌മയില്‍ ഉണ്ട്‌.
``അല്ലയോ സ്‌ത്രീയേ, നീ ശരീരം മറയ്‌ക്കു. (അവര്‍ പറയുന്നു) എന്നാല്‍ ഞാന്‍ മറയ്‌ക്കില്ല. മതത്തിന്റെ പേരിലുള്ള ചപ്പുചവറ്‌ ഉപദേശങ്ങളൊന്നും ഞാന്‍ സ്വീകരിക്കില്ല. ലൗജയിന്‍-അല്‍-ഹാത്തുല്‍ എന്ന സൗദി വിദ്യാര്‍ത്ഥിനി അവളുട `കരിങ്കണ്ണ്‌' എന്ന ബ്ലോഗില്‍ കുറിച്ചു. ഉലയാണിക്കോലുകൊണ്ട്‌ ഉലയിലെ തീയിളക്കി അതില്‍നിന്ന്‌ തീപ്പൊരിയുയര്‍ത്തുന്ന യുവതികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. `അറബ്‌--വസന്തത്തിന്‌ സംഭവിച്ച ശൈത്യം അവസാനിക്കുമെന്നും അത്‌ വീണ്ടും തളിര്‍ക്കുകയും പൂക്കുകയും ചെയ്യുമെന്നും ഈ തീപ്പൊരികള്‍ പറയുന്നു.
`അറബ്‌ വസന്ത'ത്തിന്റെ പരിണിതികള്‍ ഇന്‍ഡ്യയിലുള്‍പ്പെടെ പൊരുതുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും ചില പ്രധാന തിരിച്ചറിവുകളും പാഠങ്ങളും നല്‌കുന്നുണ്ട്‌. മത/ജാതി/സ്വത്വസമരങ്ങള്‍ ഒരു ഘട്ടത്തിലെത്തുമ്പോള്‍ യഥാര്‍ത്ഥവിമോചനത്തിന്റെ രാഷ്‌ട്രീയത്തെ തകര്‍ത്തുകളയുന്ന പ്രത്യയശാസ്‌ത്രമായി മാറുകയും പാരമ്പര്യത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും പ്രത്യയശാസ്‌ത്രം കൂടുതല്‍ കരുത്തോടെ പുനരാവിഷ്‌കരിക്കുകയും ചെയ്യും 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും