2012 ഫെബ്രുവരി 6-ന് ലളിതാംബിക അന്തര്‍ജ്ജനം അന്തരിച്ചിട്ട് 25 വര്‍ഷം തികയുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ മലയാളികളുടെ സാമൂഹ്യജിവിതത്തെ സ്വാധീനിക്കുകയും മാറ്റിത്തിര്‍ക്കുകയും ചെയ്‌തവരുടെ പട്ടികയില്‍ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ പേര് ഉള്‍ച്ചേര്‍ക്കുന്നതിന് പലപ്പോഴും നമ്മള്‍ മറന്നുപോകാറുണ്ട്. വായിക്കുംതോറും അറിയുംതോറും ഇങ്ങനെയൊരു സ്‌ത്രീ നമ്മുടെ മുന്‍തലമുറയില്‍ ജീവിച്ചിരുന്നല്ലോ എന്ന് കുറച്ചൊരു അദ്‌ഭുതത്തോടെയെ കാണാന്‍ കഴിയുന്നുള്ളൂ. അത്രമാത്രം പ്രതിഭാശാലിത്വവും ജീവിതതൃഷ്‌ണയും പുരോഗമനേച്ഛയും നിശ്ചയദാര്‍ഢ്യവും കഠിനാദ്ധ്വാനവും അവരില്‍ ഒത്തിണങ്ങിയിരുന്നു. എന്നാല്‍ ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവെന്ന നിലയിലോ സമുദായപരിഷ്‌കര്‍ത്താവെന്ന നിലയിലോ ലളിതാംബിക അന്തര്‍ജ്ജനം വി. ടി. ക്കോ എം. ആര്‍. ബി. ക്കോ മുത്തരിങ്ങോടിനോടോ ഒപ്പം ചരിത്രത്തില്‍ ഇടം നേടിയില്ല. അതോ നല്‌കിയില്ലെന്നു പറയുന്നതാവും ശരി. സ്‌ത്രീക്ക് കല്‌പിച്ച് നല്‌കാന്‍ കുറേക്കൂടി സുരക്ഷിതമായ സാഹിത്യമേഖലയിലേക്ക് ചുരുക്കുകയാണ് നമ്മള്‍ ചെയ്‌തത്. അവിടെയും മാതൃഭാവത്തിന്റെ കഥാകാരി എന്ന് മുദ്രകുത്തുകയും ചെയ്‌തു. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ചരിത്രം ഇനിയും എങ്കിലും തിരുത്തി വായിക്കേണ്ടതുണ്ട്. എഴുത്തിന്റെ കാലവും ഇടവും 1909 മാര്‍ച്ച് 30-ന് കൊട്ടാരക്കര കോട്ടവട്ടത്ത് ജനിച്ചു. 1987 ഫെബ്രുവരി 6-ന് അന്തരിച്ചു. 20-ാം നൂറ്റാണ്ടിന്റെ എല്ലാ ഭാവപ്പകര്‍ച്ചകളിലൂടെയും കടന്നുപോയ ഒരു ജീവിതമായിരുന്നു അത്. അക്കാലത്തിന്റെ പിന്നാമ്പുറമെന്തായിരുന്നു? ``ഒരു സവര്‍ണ്ണജാതിക്കാരന്‍ ഒരു നായാടിയെ കാണാന്‍ ഇടയായാല്‍ അയാള്‍ കുളിച്ച് ശുദ്ധം വരുത്തേണ്ടതുണ്ട്. നായാടികള്‍ ദൃഷ്‌ടി ദോഷമുള്ളവരെത്രെ. അവര്‍ ഭിക്ഷ യാചിച്ച് ജീവിക്കണം. എന്നാല്‍ പുറത്തിറങ്ങി ഭിക്ഷ യാചിക്കാനും പാടില്ല. വഴിയരികില്‍ ചെടിപ്പടര്‍പ്പുകള്‍ക്കിടയില്‍ മറഞ്ഞിരുന്ന് ഭിക്ഷാപാത്രം വഴിയില്‍വെച്ച് ഉറക്കെ വിളിച്ച് യാചിക്കണം.'' (എ. കെ. ഗോപാലന്‍, കേരളം ഇന്നലെ ഇന്ന്.) ``മലബാറില്‍ ഞാന്‍ കണ്ടതിനെക്കാള്‍ എറ്റവും വലിയ വിഡ്‌ഢിത്തം ഇതിനുമുമ്പ് ലോകത്തില്‍ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? സവര്‍ണ്ണര്‍ നടക്കാറുള്ള തെരുവുകളില്‍ പാവപ്പെട്ട പറയന് നടന്നുകൂടാ. പക്ഷേ, ഇംഗ്ലീഷ് നാമം സ്വീകരിച്ചാല്‍ എല്ലാം ഭദ്രമായി. ഈ മലബാറുകാരെല്ലാം മതഭ്രാന്തന്മാരാണ്. അവരുടെ വീടുകളത്രയും ഭ്രാന്താലയവും.'' (വിവേകാനന്ദന്‍, 1892). ഇക്കാലത്ത് ബ്രാഹ്മണരില്‍നിന്ന് 16 അടി അകലെ നായര്‍ക്കും 32 അടി അകലെ ഈഴവര്‍ക്കും നില്‌ക്കാം. പുലയന്റെ അടിമച്ചന്തയിലെ വില 6 ചക്രവും പുലയിയുടെ വില 4 ചക്രവും. ഇ. എം. എസ്. `ജാതി ജന്മി നാടുവാഴിത്ത'കുട്ടുകെട്ട് എന്നു വിശേഷിപ്പിച്ച വ്യവസ്ഥിതി ഇതായിരുന്നു. ഒരു കുട്ടി ജനിക്കുമ്പോഴേ ജാതി, മതം, ഉടുപ്പ്, നടപ്പ്, തൊഴില്‍, വിദ്യാഭ്യാസം, വിവാഹം, മരണം എന്നിവയെല്ലാം എങ്ങനെയായിരിക്കണം എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ആ വ്യവസ്ഥയില്‍ മനുഷ്യനു മനുഷ്യന്‍ അശുദ്ധമായിരുന്നു. സവര്‍ണ്ണജാതികള്‍ ഒരു നികുതിയും കൊടുക്കേണ്ടതില്ലായിരുന്നു. ബ്രാഹ്മണരുടെ സുഖസൗകര്യങ്ങള്‍ക്കായി അവര്‍ണ്ണര്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടു. നല്ലൊരു വിഭാഗം അടിമകളായിരുന്നു. ഉഴവുമാടുകള്‍ തികയാതെ വരുമ്പോള്‍ അടിമകളെ ഉപയോഗിച്ചിരുന്നു. 1859-ല്‍ മാറുമറയ്‌ക്കാനുള്ള അവകാശം പ്രഖ്യാപിക്കപ്പെട്ടു. 1888-ലെ അരുവിപ്പുറം പ്രതിഷ്‌ഠ, 1893-ലെ അയ്യങ്കാളിയുടെ ശോഭാവില്ലുവണ്ടി യാത്ര ഇതൊക്കെ അവകാശസമരപഥങ്ങളിലെ നിര്‍ണ്ണായകസന്ദര്‍ഭങ്ങളായിരുന്നു. പട്ടിക്കും പുച്ചയ്‌ക്കും ഒപ്പമെങ്കിലും വഴിനടക്കാനുള്ള അവകാശങ്ങള്‍ക്കായി ഈഴവരും പുലയരും ഉള്‍പ്പെട്ട അയിത്തജാതിക്കാര്‍ നടത്തിവന്ന സമരങ്ങള്‍ കേരളസമൂഹത്തെ നവീകരിച്ചു. 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലമാകുമ്പോഴേക്കും `മനുഷ്യന്‍ നന്നായാല്‍ മതി' എന്നൊരു സന്ദേശം എല്ലാ ജാതി മതവിഭാഗങ്ങളിലും അലയടിച്ചു. അതോടൊപ്പം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും `മനുഷ്യര്‍' എന്ന പൊതുമണ്ഡലം രൂപംകൊണ്ടു. ഇക്കാലത്തുതന്നെയാണ് `തൊഴിലാളി' ഉദയം ചെയ്യുന്നത്. അദ്ധ്വാനിക്കുന്ന തൊഴിലാളി സൃഷ്‌ടിച്ച മൂല്യവ്യവസ്ഥ സമൂഹത്തിന്റെ ഊര്‍ജ്ജമായി മാറി. പില്‌ക്കാലത്ത് ആ ഊര്‍ജ്ജം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവവായു ആയി പരിണമിച്ചു. ദേശീയസമരങ്ങളും സാംസ്‌കാരികനവോത്ഥാന പ്രസ്ഥാനങ്ങളും ഈഴവര്‍, നായര്‍, നമ്പൂതിരി തുടങ്ങി കീഴ്‌ജാതി മേല്‍ജാതി വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളെയും നവോത്ഥാനത്തിലേക്ക് നയിച്ചു. ഈ നവോത്ഥാനത്തില്‍ അറിവിന്റെ നിഗൂഢവല്‍ക്കരണം അവസാനിക്കുകയും അറിവ് സാമൂഹ്യവല്‍ക്കരിക്കപ്പെടുകയും ചെയ്‌തു. `എഴുത്ത്' ഒരു സമരമുറയാകുന്നത് ഇക്കാലത്താണ്. സ്‌ത്രീയുടെ എഴുത്ത് ഒരുപടികൂടി കടന്ന് `ഗറില്ലാ സമരമുറയാകുന്നതും ഇക്കാലത്താണ്. 1921 മാര്‍ച്ച് മാസത്തിലെ `മഹിള'യില്‍ ബി. പാപ്പിയമ്മ ഇങ്ങനെ എഴുതി ``സ്‌ത്രീകള്‍ അടുപ്പിനുഴിഞ്ഞുവിട്ട കോഴികളെപോലെ അടുക്കളപൂച്ചകളായി കഴിഞ്ഞുകൂടിയാല്‍ സമൂഹം എങ്ങനെ അഭിവൃദ്ധി പ്രാപിക്കും.'' 1930 കളോടെ പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ എല്ലാ ജാതിവിഭാഗങ്ങളില്‍ നിന്നും സ്‌ത്രീകള്‍ ഉയര്‍ന്നുവന്നു. ആര്യാവള്ളം, ദേവകിനിരിക്കാട്ടിരി, പാര്‍വ്വതി നെന്മേനിമംഗലം, (നമ്പൂതിരി തോട്ടയ്‌ക്കാട്ട് ഇക്കാവമ്മ കോന്നിയൂര്‍ മീനാക്ഷിയമ്മ (നായര്‍) ഗൗരി പവിത്രന്‍, മുതുകുളം പാര്‍വ്വതിയമ്മ, പാര്‍വ്വതി അയ്യപ്പന്‍ (ഈഴവ), സി. രുദ്രാണി (അരയ) രാഷ്‌ട്രീയരംഗത്തും മലബാറിലെ കര്‍ഷകസമരങ്ങളിലും ആലപ്പുഴയിലെ കര്‍ഷകഫാക്‌ടറി സമരരംഗങ്ങളിലും നേതൃത്വത്തിലുമായി ധാരാളം സ്‌ത്രീകള്‍ രംഗത്തുവന്നു. ഈ കാലഘട്ടത്തെ ലളിതാംബിക അന്തര്‍ജ്ജനം എങ്ങനെയാണ് രേഖപ്പെടുത്തുന്നതെന്ന് നോക്കാം. ``ഒന്ന് ഓര്‍ത്തു നോക്കൂ എത്ര നിസ്സാരയായ ഒരു സ്‌ത്രീയായിരുന്നു ഞാന് ചുറ്റുപാടുമുള്ള ലോകത്തെപ്പറ്റി പോലും തിരിച്ചറിവില്ലാത്ത ഗ്രാമീണയായ അന്തപുരവനിത അനദ്യസ്‌തവിദ്യാ, അബല. പക്ഷേ, ആ എനിക്കുപോലും കാലത്തിന്റെ ചുടുനെടുവീര്‍പ്പുകള്‍ ഏറ്റെടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല. നെടുവീര്‍പ്പുകളുടെ ഒരു വന്‍കൊടുങ്കാറ്റായിരുന്നു അത്. കേരളത്തില്‍-ഭാരതത്തില്‍-ലോകത്തെമ്പാടും-അലയടിച്ചിരുന്നത്. അനേകം പ്രാണമരുത്തുകള്‍ ഉള്‍ക്കൊണ്ട ആ കാലവാതം അടിച്ചുകയറിയപ്പോള്‍ മുളംതണ്ടുകളില്‍പോലും നാദമുണ്ടായി മണ്‍പ്രതിമകള്‍ ജീവന്‍ വെച്ചു. ഞാനും ഒരു കവിയായി. കഥാകര്‍ത്ത്രിയുമായി. ഇതാണ് കഥ.'' (ആത്മകഥയ്‌ക്ക് ഒരാമുഖം-പേജ് 91). നവോത്ഥാനമൂല്യങ്ങള്‍ സ്വജീവിതത്തില്‍ ഏറ്റുവാങ്ങിയ ഒരു സര്‍ഗ്ഗപ്രതിഭയായിരുന്നു അന്തര്‍ജ്ജനം. ഒരു മാതൃകാ`നവോത്ഥാനസ്‌ത്രീ'. വിദ്യാഭ്യാസം ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ലെങ്കില്‍ ജീവിതസായന്തനങ്ങളില്‍പോലും ഉത്‌കടമായ വിജ്ഞാനതൃഷ്‌ണ ലളിതാംബികയ്‌ക്കുണ്ടായിരുന്നു. വിദ്യാഭ്യാസത്തിനും സ്വതന്ത്രചിന്തയ്‌ക്കും അക്കാലത്ത് നമ്പൂതിരിസമുദായത്തില്‍ ഉണ്ടായിരുന്ന വിലക്കുകള്‍ അന്തര്‍ജ്ജനത്തിന് ബാധകമായിരുന്നില്ല. ശ്രീമൂലം പ്രജാസഭയുടെ മെമ്പറായിരുന്ന ഉല്‌പതിഷ്‌ണുവായ കെ. ദാമോദരന്‍പോറ്റി അച്ഛനായിരുന്നു എന്നതുപോലെയോ അതിനേക്കാള്‍ ഒരു പടികൂടി മുന്നില്‍ നില്‌ക്കുന്നതാണ് മകളുടെ വിദ്യാഭ്യാസത്തിലും ബുദ്ധിവികാസത്തിലും അതീവശ്രദ്ധ പുലര്‍ത്തിയിരുന്ന നങ്ങയ്യ അന്തര്‍ജ്ജനം അമ്മയായിരുന്നു എന്ന് ലളിതാംബിക അതിനെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: ``അമ്മ സൂക്ഷിച്ചു ഫയല്‍ ചെയ്‌തുവച്ചിരുന്ന പുസ്‌തകങ്ങളും മാസികകളും പത്രങ്ങളുമായിരുന്നല്ലോ എനിക്കും ചെറുപ്പകാലത്തെ കുട്ടുകാരായിരുന്നത്. ഭാഷാപോഷിണി, ലക്ഷ്‌മിഭായി, രസികരഞ്‌ജിനി, ആത്മപോഷിണി മുതലായി ആദ്യമുതല്‌ക്കുണ്ടായിരുന്ന മാസികകളെല്ലാം അമ്മ ലക്കമുറയ്‌ക്ക് കെട്ടിവെച്ചിരുന്നു. എന്തിന് `സ്വദേശാഭിമാനി' പത്രത്തിന്റെ ലക്കങ്ങള്‍ പോലും ഫയല്‍ ചെയ്‌തിരുന്നല്ലോ... പാറപ്പുറം, ഉദയഭാനു തുടങ്ങിയ നിരോധിത പുസ്‌തകങ്ങള്‍ പിന്നെ കുറെക്കാലം കഴിഞ്ഞ് എനിക്ക് വായിക്കാന്‍ പാകത്തില്‍ അമ്മ സൂക്ഷിച്ചിരുന്നു. ഇങ്ങനെ അമ്മ എടുത്തുവച്ചിരുന്ന് നിരോധിത വസ്‌തുക്കള്‍ എടുത്തു പെരുമാറിയാണോ അമ്മയുടെ മകള്‍ ഒടുവില്‍ നിരോധിതമേഖലകള്‍ ചാടിക്കടക്കുന്ന നിഷേധിയായിത്തീര്‍ന്നതെന്നും ഞാന്‍ ഇപ്പോള്‍ സംശയിക്കുന്നു.'' നിരോധിതമേഖലകള്‍ അധികാരവും സമ്പത്തും സര്‍വ്വതന്ത്രസ്വാതന്ത്ര്യവും ധൂര്‍ത്തടിച്ച് സമൂഹത്തിലെ ഇതരവിഭാഗങ്ങളുടെ ജീവിതത്തെ ചൂഷണം ചെയ്‌ത് ജീവിതത്തെ ആഘോഷമാക്കിയിരുന്നവരാണ് 20-ാം നൂറ്റാണ്ടിന്റെ പാതിവരെയുള്ള നമ്പൂതിരി സമൂദായം. എന്നാല്‍ അതിലെ സ്‌ത്രീകളുടെ അവസ്ഥ ഏത് അവര്‍ണ്ണസ്‌ത്രീയുടെ ജീവിതത്തേക്കാളും ദയനീയവും. പുരുഷാധിപത്യത്തിന്റെയും അചാരാനുഷ്‌ഠാനങ്ങളുടെയും വെറും ഇരകള്‍. അന്തര്‍ജ്ജനത്തിന്റെ `വിധിബലം' എന്ന കഥയില്‍ പറയുന്നു. 2 നായര്‍ സ്‌ത്രീകളുടെ സംഭാഷണം. ഈശ്വരാ! പത്തു ജന്മം പട്ടിയായി ജനിച്ചാലും ഈ നമ്പൂതരുടെ എടേല് പെണ്ണായി പെറക്കല്ലോ പഹവാനേ! ഈ അന്തര്‍ജ്ജനങ്ങലുടെ ദുഃഖങ്ങള്‍ എറ്റുവാങ്ങിയാണ് അന്തര്‍ജ്ജനം എഴുത്തുകാരിയായത്. ``സ്‌ത്രീ ഭൂമി പുത്രിയാണെന്ന ചൊല്ല് ഏതായാലും ശരിതന്നെ. ഭൂമിക്കടിയില്‍ എന്തൊക്കെയുണ്ട്? പാറ, ലോഹം, ലാവ തിളച്ചുണ്ടാകുന്ന ചൂട്, പുറമെ ആളുകള്‍ വെട്ടുന്ന കിളയ്‌ക്കുന്ന, മണല്‍വാരുന്നു, പാമ്പുകള്‍ മാളം തീര്‍ക്കുന്നു. എല്ലാം നിശ്ചലം, സര്‍വ്വംസഹം. പക്ഷേ, പച്ചമണ്ണില്‍ ചെവി വെച്ചു വെറും നിലത്തു കിടക്കുമ്പോള്‍ കേള്‍ക്കാം ക്ഷാമമാതാവിന്റെ ഉള്‍ത്തട്ടിലുള്ള അദ്‌ഭുതകരവും വിചിത്രവുമായ ആര്‍ത്തനാദത്തിന്റെ മാറ്റൊലി. ഞാന്‍ ഇതു കേട്ടിട്ടുണ്ട്. കേട്ടുകൊണ്ടേ കഴിയുന്നു.'' ഈയവസ്ഥയെ മാധവിക്കുട്ടി `മറ്റാരുടെയോ ഗാനം' എന്ന കവിതയില്‍ ``