ജീവിതത്തിലാദ്യമായി സ്‌നേഹം അനുഭവിച്ചറിഞ്ഞ ദിനങ്ങള്‍ അസ്‌തമിക്കുന്നു... കണ്ടറിഞ്ഞതിനേക്കാളും കേട്ടറിഞ്ഞതിനേക്കാളും എത്രമധുരം ഈ സ്‌നേഹം...! നാറാണത്ത്‌ഭ്രാന്തന്‍ ഉരുട്ടിക്കയറ്റിയതെന്ന് വിശ്വസിക്കുന്ന അത്തിപ്പറ്റക്കുന്നിലെ ഉരുണ്ട കരിങ്കല്ലിലിരുന്ന്, വളഞ്ഞു തിരിഞ്ഞൊഴുകുന്ന കുന്തിപ്പുഴയുടെ വിദൂരദൃശ്യം ആസ്വദിക്കുമ്പോള്‍ മനസ്സില്‍ ആര്‍ത്തിരമ്പി പെയ്‌തുകൊണ്ടിരിക്കുന്ന സ്‌നേഹമഴ തോരുന്നു. കറുത്ത പാറക്കഷ്‌ണങ്ങള്‍ ചിതറിവീണ കുന്നിറങ്ങുമ്പോള്‍ വീണ്ടും അനാഥത്വത്തിന്റെ കരിനാഗങ്ങള്‍ ശരീരത്തിലേക്ക് ഇഴഞ്ഞുകയറുന്നു. വീണ്ടും ഒറ്റപ്പെട്ട ലോകത്തേക്ക്...! ``ദീപക് രാവിലെ അഞ്ച് മണിക്ക് പുറപ്പെടണം. ഒമ്പത് മണിക്കാ ഒലവക്കോട് നിന്ന് ട്രെയിന്.'' രാജീവ് അതോര്‍മ്മപ്പെടുത്തുമ്പോഴും മുക്കുറ്റിപ്പൂക്കള്‍ നിറഞ്ഞ ഊടുവഴികള്‍ പിന്നിടുമ്പോഴും ആ സ്‌നേഹതീരത്തെ എണ്ണപ്പെട്ട നിമിഷങ്ങളെക്കുറിച്ചായിരുന്നു ചിന്ത. ഒഴിവുകാലങ്ങളെല്ലാം ഹോസ്റ്റലിലെ കുടുസുമുറിയില്‍ ഒടുങ്ങിത്തീരുകയാണ് പതിവ്. ആ ഏകാന്തലോകത്ത് കൂട്ടുകാരുടെ ഗന്ധംവമിക്കുന്ന കട്ടിലുകള്‍. വിജനമായ വരാന്തയിലിറങ്ങിയാല്‍ വിവിധതരം താഴുകളാല്‍ പൂട്ടിയിട്ട മുറികള്‍. ചിലപ്പോഴെല്ലാം വളര്‍ത്തി വലുതാക്കിയ അനാഥാലയത്തില്‍ പോവും. അല്ലെങ്കില്‍ സമയം കൊല്ലാന്‍ നാടുചുറ്റും. എല്ലാ ഒഴിവുകാലത്തും രാജീവിന്റെ ക്ഷണം നിരസിക്കുകയാണ് പതിവ്, ഇത്തവണ പരാജയപ്പെട്ടു. ഐതിഹ്യങ്ങള്‍ നിറഞ്ഞ ഗ്രാമത്തിലേക്കു പുറപ്പെടുമ്പോള്‍, കാരുണ്യദീപമേന്തി കാത്തിരിക്കുന്ന രണ്ടു മനുഷ്യാത്മാക്കളുടെ അരികിലേക്കാണെന്ന് കരുതിയില്ല. അവരുടെ സ്‌നേഹസ്‌പര്‍ശത്താല്‍ വീര്‍പ്പുമുട്ടുന്നതിനിടയില്‍ ദിവസങ്ങള്‍ ഓടി അകന്നിരുന്നു. ഇരുട്ട് പരന്നിരിക്കുന്നു. പടിപ്പുരയിലെ രൂപങ്ങള്‍ ദൂരെ നിന്നുള്ള ഞങ്ങളുടെ കാലൊച്ചകള്‍ കേട്ട് എഴുന്നേറ്റു. ആ സ്‌നേഹാര്‍ദ്രമായ മുഖങ്ങള്‍ അരികിലേക്കുവരുന്നു. ``ങ്ങള് എവടെപ്പോയ്‌രുന്നു...ഉച്ചക്ക് പോയതല്ലേ...'' ``രാജീ ഇര്‌ടാവും മുമ്പ് വീടണഞ്ഞൂടെ. വല്ല `പൊട്ടിച്ചൂട്ടിലും' പെട്ടാല്‍....'' കാത്തിരുന്ന് മടുത്ത രാജീവിന്റെ അച്ഛനും അമ്മയും സംസാരിക്കാന്‍ അവസരം തരാതെ തുടരുന്നു. ``ദീപക് വെയില് കൊണ്ട് ക്ഷീണിച്ചു.'' അമ്മ എന്റെ കൈകളില്‍ പിടിച്ചു...! മാതൃത്വത്തിന്റെ സ്‌നേഹസ്‌പര്‍ശം...! ഞങ്ങള്‍ പടിപ്പുര കടന്ന് വീട്ടിലേക്കുനടന്നു. ``കാപ്പി ചൂട്‌ണ്ടോ...ആറ്റിത്തരാം....'' ``ചൂട് പാകത്തിനൊള്ളൂ....'' ``പൂള വേവ് കമ്മ്യാണോ...ദീപൂ...'' ``വേവ് പാകാ...'' ``കൊറച്ചും കൂടി കാപ്പി പാരട്ടെ'' ``മതി...മതിയമ്മേ....'' അമ്മേ- ജീവിതത്തിലാദ്യമായി...ഉള്ളില്‍ നിന്ന് അറിയാതെ ഉരുണ്ടുവീണ വാക്ക്. അമ്മയുടെ സ്‌നേഹമസൃണമായ പുഞ്ചിരി വീണ്ടും വീണ്ടും ശ്രദ്ധിച്ചു. തൊടിയിലെ കവുങ്ങുകള്‍ക്കിടയിലൂടെ പുഴയിലേക്കു കുളിക്കാന്‍ നടന്നു നീങ്ങുമ്പോള്‍, ചൂട്ടുമായി അവരും പിറകെ പോന്നു. ഞങ്ങളുടെ കുളിയും ശ്രദ്ധിച്ച് അവര്‍ കടവിലിരുന്നു. ``കുന്തിപ്പുഴയിലെ കുളീം, തെങ്കരയിലെ നെല്ലും. ശരീരം നന്നാവാന്‍ അത് മതി...'' അച്ഛന്‍ പറഞ്ഞു. വെള്ളത്തിലേക്കു ഊളിയിട്ട്, കണ്ണുകള്‍ തുറന്നു. കൈകള്‍ നിവര്‍ത്തി തണുത്ത വെള്ളത്തെ മാറോടു ചേര്‍ത്തു. കടവത്തിരുന്ന് തലതോര്‍ത്തുമ്പോള്‍ കൈകളില്‍ ആരുടെയോ വിരല്‍ സ്‌പര്‍ശം. പിന്നെ അമ്മയാണ് തലതോര്‍ത്തിയത്. ``വെള്ളം മാറ്യേണ്ട് സൂക്കേടൊന്നും പിടിക്കാതിര്‌ന്നാമത്യായ്‌ര്‌ന്നു.'' തൊടിയിലൂടെ നടന്നുനീങ്ങുമ്പോള്‍ രാജീവിനോടുള്ള എന്റെ അസൂയ വര്‍ദ്ധിക്കുന്നു. രാജീവ് ഭൂമിയിലെ ഭാഗ്യവാന്‍...! എല്ലാവരും ഒരുമിച്ചാണ് ഉണ്ണാനിരുന്നത്. വറുത്തെടുത്ത `തൂത*വാള'യുടെ രുചി രാജീവ് പറയാറുള്ളതിനേക്കാള്‍ കേമമാണ്. ``തൂതവാള പൊരിയ്‌ക്കുന്ന മണം മതി ഏത് ചോറും അകത്താവാന്‍''. അമ്മയുടെ വാക്കുകള്‍ വാസ്‌തവമാണ്. നിറച്ചുവിളമ്പിയ എന്റെ പാത്രത്തില്‍ ഒരു വറ്റ്‌പോലും അവശേഷിക്കുന്നില്ല. തുറന്നിട്ട കിളിവാതിലിലൂടെ പുഴയില്‍ നിന്നുള്ള തണുത്ത കാറ്റ് വരുന്നു. രാജീവ് ഗാഢനിദ്രയിലാണ്. അവരുടെ ഓരോ ചലനങ്ങളും മനസ്സിന്റെ ഉള്‍ഭിത്തിയില്‍നിന്ന് മായുന്നേയില്ല. ഉറക്കം അകലെയെവിടെയോ ആണ്. ഇരുട്ട് തിങ്ങിയ ഇടനാഴിയിലൂടെ നടന്നു. മേശപ്പുറത്തു വെച്ച കൂജയിലെ വെള്ളം വായിലേക്ക് ഒഴിക്കുമ്പോഴാണ് അടുക്കളയില്‍ നിന്നുള്ള സംഭാഷണം കേട്ടത്. അച്ഛനും അമ്മയും എന്തോ ഉണ്ടാക്കുകയാണ്. ``കുറച്ച് ദിവസം മുമ്പ് പറഞ്ഞാല്‍ ഇത്ര ധൃതിവെയ്‌ക്കണ്ട ആവശ്യല്ലായിരുന്നു. ഇതു പോവുന്ന തലേന്നാ പറയ്യ...'' ``ലക്ഷ്‌മി നീ ധൃതി കൂട്ടണ്ട. മെല്ലെ മതി. അച്ചാറിന് നിന്റെ കൈപ്പുണ്യം മുഴുവനങ്ങട്ട് കിട്ടണം.'' മാങ്ങയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കത്തി അമ്മയുടെ വിരലുകളിലേക്ക് പാഞ്ഞു. ``എന്താ ഈ കാണിച്ചേ...! അല്ലെങ്കിലേ പ്രമേഹത്തിന്റെ സുക്കേടുള്ളതാ..'' അമ്മ വിരല്‍ വായയിലിട്ടു. അച്ഛന്‍ അരികിലെത്തി. ``പത്തുമാസം അവന്‍ ഈ വയറ്റില്‍ കിടന്ന് ചവിട്ടിയ വേദനയൊന്നുമില്ല ഈ മുറിവിന്...'' അമ്മ മാങ്ങാക്കഷ്‌ണങ്ങള്‍ ചീനച്ചട്ടിയിലേക്ക് ഇട്ടു. അച്ചാറിന്റെ സ്വാദൂറുന്ന മണം അന്തരീക്ഷത്തില്‍ പടരുന്നു. കണ്‍പോളകളില്‍ നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്ന കണ്ണുനീര്‍ ഞാന്‍ തുടച്ചു, ഇടനാഴിയിലൂടെ നടന്നു. കട്ടിലില്‍ മലര്‍ന്നുകിടന്ന്, കണ്ണുകളടച്ചു. ഇല്ല....! മനസ്സിനെ സാന്ത്വനിപ്പിക്കാന്‍ കഴിയുന്നില്ല....! കഴിയില്ല...! ഹോസ്റ്റലിലെ കുടുസുമുറിയില്‍ വെച്ച് ആ മാതൃത്വത്തിന്റെ അദ്ധ്വാനം പാഴാകുന്നത് കാണാറുണ്ട്. ആംഗലഭാഷയിലെഴുതിയ സ്റ്റിക്കര്‍ ധരിച്ച മദ്യക്കുപ്പികള്‍ക്കിടയില്‍ ഗോട്ടി ആടിക്കളിക്കുന്ന സോഡാക്കുപ്പികള്‍ക്കിടയില്‍ പുകപാറിച്ചുകൊണ്ട് അലിഞ്ഞുതീരുന്ന ഐസുകട്ടകള്‍ക്കിടയില്‍ അവരുടെ മാനഭംഗത്തിനിരയാവുന്ന അമ്മയുടെ അച്ചാര്‍...! വരാന്തയിലെ ഇരുട്ടില്‍ ഏകനായിരിക്കുമ്പോള്‍ ആ ശബ്ദമുയരും. ``രുചിയുള്ള അച്ചാറുകള്‍ കൊണ്ടുവന്ന് നമ്മുടെ നിശാപരിപാടികളെ ആ...ആഹ്ലാദഭരിതമാക്കാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ....'' ``ആമ്മേം....'' ഓക്കാനിച്ചുകൊണ്ട്, ബോധം നഷ്ടപ്പെട്ട് നഗ്നരായി കിടക്കുന്ന അവര്‍ക്കിടയില്‍ അവനുമുണ്ടാകും- രാജീവ്. ഇടനാഴിയില്‍ കാലൊച്ചകള്‍. അവര്‍ മുറിക്കുള്ളിലേക്കുവന്നു. സിബ്ബ് വലിച്ചു നീക്കി അച്ചാര്‍കുപ്പി ബാഗിനുള്ളില്‍ വെച്ചു. കണ്ണുകളടച്ചെങ്കിലും ഉള്ളില്‍ നിന്നുള്ള തേങ്ങല്‍ അടക്കാന്‍ കഴിഞ്ഞില്ല. ``ഈ കുട്ടി കരയുന്നുണ്ടല്ലോ ലക്ഷ്‌മി...!'' അമ്മ ശിരസ്സില്‍ തലോടി. ``വല്ല സ്വപ്‌നോം കണ്ടതാവും, സ്‌നേഹിക്കാന്‍ ആരുമില്ലാത്ത പാവം കുട്ടി....'' അവര്‍ നടന്നു നീങ്ങി. ``ലക്ഷ്‌മി ഇനി അവന്‍ വരുമ്പോ ബീറ്റ്‌റൂട്ടിന്റെ അച്ചാറുണ്ടാക്കി കൊടുക്കണം, രക്തം നല്ലോണണ്ടാവാന്‍ ഫസ്റ്റാ ബീറ്റ്‌റൂട്ട്.'' ഇടനാഴിയില്‍ നിന്നുള്ള ശബ്ദം. പക്ഷികളുടെ ചിലയ്‌ക്കല്‍. ഇരുട്ട് വിട്ടൊഴിഞ്ഞിട്ടില്ല. ബാഗുകളുമെടുത്ത് ഞങ്ങള്‍ നടന്നു. അച്ഛന്‍ ചൂട്ടും കത്തിച്ച് മുന്‍പിലും, അമ്മ ഏറ്റവും പുറകിലും. ``ദീപക് കത്തെഴുതണം...'' ``എഴുതാം....'' ``ഓണത്തിന് വര്വോ...'' ``വരാം.'' ഞാന്‍ അമ്മയെ തിരിഞ്ഞുനോക്കി. കടവിലെ കൊച്ചുപുരയില്‍ കിടക്കുന്ന വൃദ്ധനെ അച്ഛന്‍ വിളിച്ചുണര്‍ത്തി. അയാള്‍ തുഴയുമായി പുറത്തിറങ്ങി. കെട്ടഴിച്ച്, തോണി പുഴയിലേക്ക് ഉന്തി. യാത്രപറഞ്ഞ് തോണിയില്‍ കയറി ഇരുന്നു. മഞ്ഞിന്റെ സ്‌പര്‍ശമേറ്റ് കുന്തിപ്പുഴ നിശ്ചലമായി കിടക്കുന്നു. കൈക്കുടന്നയില്‍ കോരിയെടുത്ത വെള്ളം വിരലുകള്‍ക്കിടയിലൂടെ ഇറ്റിറ്റുവീഴുന്നതും നോക്കി ഞാന്‍ ഇരുന്നു. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ തോണി നീങ്ങുമ്പോള്‍ കോറിപ്പിടിച്ചിരിക്കുന്ന നീര്‍ക്കാക്കകള്‍ വെള്ളത്തിലേക്ക് ഊളിയിട്ടു. ``രാജീ, അച്ചാറ് സൈഡില്‌ണ്ട്. പൊട്ടാതെ നോക്കണം.'' തണുപ്പിനെ കീറിമുറിച്ചെത്തുന്ന അമ്മയുടെ നെടുവീര്‍പ്പുകള്‍....!