സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കാണാതായ ഭര്‍ത്താവ്‌

ടി രാ‍ധാമണി, സെക്രട്ടറി,കേരള വര്‍ക്കിംഗ്‌ വിമന്‍സ്‌ അസോസിയേഷന്‍



(കഥയേക്കാള്‍ വിചിത്രം ഈ സ്ത്രീ ജീവിതങ്ങള്‍-6)

രണ്ടായിരത്തി ഒമ്പതിലാണ്‌ ശോഭിത വര്‍ക്കിംഗ്‌ വിമന്‍സ്‌ അസോസിയേഷന്റെ ഹോസ്റ്റലിലെ അടുക്കളില്‍ ജോലി ചെയ്യാനായി എത്തിയത്‌. കുറെ നാളായി ഞങ്ങള്‍ മുഴുവന്‍ സമയവും നില്‌ക്കാന്‍ തയ്യാറുള്ള ഒരു സ്‌ത്രീയെ അന്വേഷിച്ചു നടക്കുകയായിരുന്നു. രാവിലെ ജോലിക്ക്‌ വരുന്നവര്‍ വൈകിട്ട്‌ പോകും. വൈകിട്ട്‌ വരുന്നവര്‍ രാവിലെ പോകും. പലപ്പോഴും വരവ്‌ താമസിച്ചും പോക്ക്‌ നേരത്തെയുമാകും. മുഴുവന്‍ സമയം നില്‌ക്കുന്ന ഒരാളെങ്കിലും ഇല്ലാതെ പറ്റില്ല എന്ന്‌ വാര്‍ഡനും മേട്രനും ഏകസ്വരത്തില്‍ പരാതി പറഞ്ഞു. `സേവ'യിലും `അക്ഷയ'യിലും `കരുണ'യിലും എല്ലാം അന്വേഷിച്ചു. എവിടെനിന്നും മുഴുവന്‍ സമയം നില്‌ക്കാന്‍ തയ്യാറുള്ള ആളെ കിട്ടിയില്ല. വീട്ടുജോലിക്കു പോകുന്ന സ്‌ത്രീകള്‍ സംഘടിതരായിരിക്കുന്നു. അവകാശങ്ങളെപ്പറ്റി ബോധമുള്ളവര്‍. പണ്ട്‌ കടപ്പുറത്തുനിന്ന്‌ മത്സ്യവില്‌പനക്കാരികളായ സ്‌ത്രീകള്‍ 16, 17 വയസ്സുള്ള പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ കൊണ്ടുവന്ന്‌   ഏല്‌പിക്കും. എന്നോടു പറയും. ``ഇവിടെനിന്ന്‌ ജോലി ചെയ്യട്ടെ മാഡം. നിങ്ങള്‍ക്കിഷ്ടമുള്ള തുക ശമ്പളമായി ബാങ്കില്‍ ഇട്ടുകൊടുത്താല്‍ മതി. കല്യാണം നടത്താനുള്ള സമയമാവുമ്പോള്‍ വിളിച്ചുകൊണ്ടു പൊയ്‌ക്കോളാം. ഈ പ്രായത്തിലുള്ള പെണ്‍കുട്ടികളെ ഒറ്റയ്‌ക്ക്‌ വീട്ടിലാക്കിയിട്ട്‌ ഞങ്ങള്‍ക്ക്‌ തൊഴിലിനു പോകാന്‍ കഴിയില്ല. ഒരു സുരക്ഷിതത്വവുമില്ല. അടച്ചുറപ്പുള്ള വീടില്ല. കക്കൂസും കുളിമുറിയും ഇല്ല. ഇതുവരെ രാവിലെ സ്‌കൂളില്‍ പോയാല്‍ വൈകിട്ടു ഞങ്ങള്‍ എത്തുമ്പോഴേക്കേ വീട്ടിലെത്തുകയുള്ളൂ എന്ന്‌ സമാധാനിക്കാമായിരുന്നു. ഇവിടെ അവര്‍ സുരക്ഷിതരായി നില്‌ക്കുമല്ലോ.''

ഇന്ന്‌ കാലം മാറിയിരിക്കുന്നു. കടപ്പുറത്തെ പെണ്‍കുട്ടികളും 16 വയസ്സായാല്‍ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നില്ല. അവര്‍ കോളേജില്‍ ചേരുന്നു. മറ്റു തൊഴിലുകള്‍ പഠിക്കുന്നു. കടപ്പുറത്തെ പെണ്ണുങ്ങളുടെ പരമ്പരാഗത തൊഴിലായ മീന്‍കൊണ്ടു നടന്നുള്ള വില്‌പനയില്‍ നിന്ന്‌ അവര്‍ മോചനം കാംക്ഷിക്കുന്നു. ഫലമോ ഹോസ്റ്റലിലെ അടുക്കളപ്പണിക്കു ആളെ കിട്ടാനില്ലാത്ത അവസ്ഥ. ജോലിക്കാരിക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയപ്പോള്‍ ഹോസ്റ്റലിലെ ഒരു അന്തേവാസി ഒരാളെ കൊണ്ടുതരാം എന്നു പറഞ്ഞു. അവരുടെ കൂടെ ജോലിചെയ്യുന്ന സുഹൃത്തിന്റെ അനുജത്തിയാണ്‌. ഞങ്ങള്‍ സന്തോഷപൂര്‍വ്വം ആ നിര്‍ദ്ദേശം അംഗീകരിച്ചു. വിദ്യാസമ്പന്നയായ കൂലീനയായ ഒരു സ്‌ത്രീയാണ്‌ എത്തിയത്‌. ഞാന്‍ ആശ്വസിച്ചു. പ്രശ്‌നം പരിഹരിച്ചല്ലോ. 

രണ്ടാഴ്‌ചയോ ഒരു മാസമോ കഴിഞ്ഞിരിക്കണം. വാര്‍ഡന്‍ വിളിച്ചുപറഞ്ഞു. ഇവരെ ഇവിടെ പറ്റില്ല. ഉടന്‍ വിളിച്ചുകൊണ്ടു പോകണം. അവരെ അവിടെ കൊണ്ടുവന്നാക്കിയ ഹോസ്റ്റലിലെ അന്തേവാസിയും അവരുടെ സുഹൃത്തായ സഹോദരിയും കൈമലര്‍ത്തി. അവരുടെ മകനെ തോന്നയ്‌ക്കലുള്ള സായിഗ്രാമില്‍ പ്രവേശിപ്പിച്ച്‌ വീടും വിട്ടുകൊടുത്താണ്‌ അവര്‍ വന്നിരിക്കുന്നത്‌. എങ്ങോട്ടും പോകാന്‍ ഇടമില്ല. വര്‍ക്കിംഗ്‌ വിമന്‍സ്‌ അസോസിയേഷന്‍തന്നെ അവരെ താമസിപ്പിക്കാന്‍ ഇടം കണ്ടെത്തിയേ പറ്റൂ.

ഞാന്‍ ഹോസ്റ്റലില്‍ പോയി ശോഭിതയോട്‌ സംസാരിച്ചു. അവര്‍ ഒരു മാനസിക രോഗിയാണെന്ന്‌ വാര്‍ഡന്‍ പറഞ്ഞത്‌ ശരിയാണെന്നു ബോധ്യപ്പെട്ടു. എന്തുചെയ്യും. ആത്മഹത്യാപ്രവണതയുള്ള അവരെ എങ്ങനെ അടുക്കള ഏല്‌പിക്കും. ഭക്ഷണസാധനങ്ങളില്‍ എന്തെങ്കിലും എടുത്തിട്ടാലോ എന്നു പേടിച്ചാണ്‌ ഉടനെ അവരെ അവിടെനിന്ന്‌ കൊണ്ടുപോകണം എന്ന്‌ വാര്‍ഡന്‍ നിര്‍ബന്ധിച്ചത്‌. വൃത്തിയില്ല എന്ന പരാതി വേറെയും. കുളിക്കില്ല, ഡ്രസ്‌ മാറ്റില്ല. അവസാനം അവരെ സഹജയിലേക്ക്‌ മാറ്റാന്‍ എല്ലാവരുംകൂടി തീരുമാനിച്ചു.

കൗണ്‍സിലിങ്ങിന്‌ വിധേയയാക്കിയപ്പോള്‍ വലിയ ഒരു കദനകഥയാണ്‌ വെളിയില്‍ വന്നത്‌. നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തിലാണ്‌ ശോഭിത ജനിച്ചത്‌. വട്ടിയൂര്‍ക്കാവ്‌ പോളിടെക്‌നിക്കില്‍ നിന്ന്‌ ഡിപ്ലാമ പാസ്സായി. വാട്ടര്‍ അതോറിറ്റിയില്‍ താത്‌കാലികജീവനക്കാരിയായി ജോലിയും കിട്ടി. 75 പവനും ഒറ്റവീടും നല്‌കിയിട്ടാണ്‌ വിവാഹം കഴിച്ചയച്ചത്‌. വരന്‍ ഗള്‍ഫിലായിരുന്നു. വരന്റെ വീട്ടുകാര്‍ പുറമെ വലിയ ആര്‍ഭാടജീവിതം നയിക്കാത്തവരായിരുന്നു. പക്ഷേ മൂക്കറ്റം കടമായിരുന്നു. നാട്ടിലെ വരുമാനവും മകന്‍ ഗള്‍ഫില്‍നിന്ന്‌ അയയ്‌ക്കുന്നതും കൂട്ടിയാല്‍ പലിശ കൊടുക്കാന്‍ തികയില്ല. അത്തരം അവസ്ഥ. ശോഭിതയുടെ ആഭരണങ്ങള്‍ എല്ലാം വിറ്റ്‌ കടം വീട്ടി. ശോഭിതയുടെ പേര്‍ക്ക്‌ അച്ഛന്‍ എഴുതിക്കൊടുത്ത വീട്‌ വിറ്റ്‌ കോവളത്ത്‌ അമ്മായിഅമ്മയുടെ പേരില്‍ ഒരു വീട്‌ വാങ്ങി അങ്ങോട്ട്‌ താമസം മാറ്റി. ഭര്‍ത്താവ്‌ മാസാമാസം പൈസ അമ്മയുടെ പേര്‍ക്ക്‌ അയച്ചുകൊടുത്തു. ഒരു ജോലിക്കാരിയായി ശോഭിത ആ വീട്ടില്‍ കഴിഞ്ഞു. കല്യാണം കഴിഞ്ഞപ്പോള്‍ത്തന്നെ വാട്ടര്‍ അതോറിറ്റിയിലെ ജോലിക്ക്‌ പോകേണ്ടതില്ല എന്ന്‌ ഭര്‍തൃവീട്ടുകാര്‍ തീരുമാനിച്ചിരുന്നു. പെണ്ണുങ്ങള്‍ നയിച്ചുകൊണ്ടുവന്ന തിന്നുന്ന ശീലം ഈ കുടുംബത്തിലില്ല എന്ന്‌ അമ്മായിഅമ്മ അസന്നിഗ്‌ദ്ധമായി പ്രഖ്യാപിച്ചു. ഭര്‍ത്താവ്‌ ലീവില്‍ വരുന്നതും കാത്ത്‌ ശോഭിത ജീവിച്ചു. വരുമ്പോള്‍ അദ്ദേഹം നല്ല സ്‌നേഹത്തോടെ പെരുമാറിയിരുന്നു. ശോഭിതയ്‌ക്ക്‌ അദ്ദേഹം എല്ലാമെല്ലാമായിരുന്നു. മിടുമിടുക്കനായി ഒരു ആണ്‍കുട്ടിയും പിറന്നു.

ശോഭിതയുടെ അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ വലിയ വിഷമമൊന്നും അറിഞ്ഞില്ല. എന്ത്‌ ആവശ്യമെങ്കിലും അച്ഛനോട്‌ പറഞ്ഞാല്‍ മതി. പക്ഷേ, അച്ഛന്റെ മരണശേഷം സ്ഥിതിഗതികള്‍ മാറി. അധികം താമസിയാതെ അമ്മയും മരിച്ചു. ഏക സഹോദരനാകട്ടെ മുഴുവന്‍ സമയവും മദ്യലഹരിയിലായിരിക്കും. അങ്ങനെ എല്ലാ സ്വത്തും സഹോദരന്‍ നശിപ്പിച്ചു. വീടുപോലും നഷ്ടപ്പെട്ടു.

ഭര്‍ത്താവ്‌ അടുത്ത പ്രാവശ്യം ലീവില്‍ വന്നപ്പോള്‍ ശോഭിത അയാളുടെ കാലുപിടിച്ച്‌ സഹോദരനുവേണ്ടി ഒരു കട ഇട്ടുകൊടുത്തു. കട ഭര്‍ത്താവിന്റെ ഉടമസ്ഥതയിലാണ്‌. സഹോദരനു ശമ്പളവും നിശ്ചയിച്ചു. ഭര്‍ത്താവും എന്നും കടയില്‍ പോയിരിക്കും. കച്ചവടം പുരോഗമിച്ചു. നല്ല ലാഭം കിട്ടിത്തുടങ്ങി. ഇനിയിപ്പോള്‍ ഗള്‍ഫിലേക്ക്‌ തിരിച്ചുപോകേണ്ടതില്ല എന്ന്‌ അയാള്‍ തീരുമാനിച്ചു. വേറെ വീട്‌ വാടകയ്‌ക്കെടുത്ത്‌ ശോഭിതയും ഭര്‍ത്താവും മകനും സഹോദരനുമായി താമസം തുടങ്ങി. വളരെ സന്തോഷപ്രദമായ ദിനങ്ങള്‍ ആഭരണങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ടതോ, വീട്‌ വിറ്റുകളഞ്ഞതോ ഒന്നും ശോഭിതയെ നൊമ്പരപ്പെടുത്താതെയായി.
കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സഹോദരന്‍ വീണ്ടും കുടി തുടങ്ങി. ഭര്‍ത്താവും കൂടെ കൂടി. ഒരു കൊല്ലംകൊണ്ട്‌ കടവും കേറി, കടയും പൂട്ടി. കടക്കാരെ പേടിച്ച്‌ ഭര്‍ത്താവ്‌ മുങ്ങി. പിന്നീട്‌ ഇതുവരെ പൊങ്ങിയിട്ടില്ല. സഹോദരന്‍ മുഴുഭ്രാന്തനെപ്പോലെ തെരുവില്‍ അലഞ്ഞുതിരിഞ്ഞു കഴിയുന്നു. ഏകമകന്‍ അനാഥാലയത്തിലും. പക്ഷേ, മകന്‍ പഠിക്കാന്‍ നല്ല മിടുക്കനാണ്‌. ശോഭിത അഭിമാനത്തോടെ പറഞ്ഞു. സ്‌നേഹത്തോടെയുള്ള കൗണ്‍സിലിംഗും ചികിത്സയും ഒക്കെയായി ഒരുവര്‍ഷം കഴിഞ്ഞുപോയി. ശോഭിത ഏതാണ്ട്‌ നോര്‍മല്‍ ആയി. മരുന്നുകള്‍ കഴിക്കണം. `സഹജ'യിലെ എല്ലാ ജോലിയും സന്തോഷത്തോടെ ചെയ്യും. ഇടയ്‌ക്ക്‌ മകനെ കാണാന്‍ പോകും. സഹജയിലെ ക്ലര്‍ക്ക്‌ ആയി ജോലി നല്‌കി. പ്രോജക്ട്‌ പ്രകാരം കേന്ദ്രഗവണ്മെന്റ്‌ ക്ലര്‍ക്കിനു നല്‌കുന്ന ശമ്പളം പ്രതിമാസം 1500 രൂപയാണ്‌ അത്‌ ശോഭിതയ്‌ക്ക്‌ നല്‌കിത്തുടങ്ങി. ഒരു ബാങ്ക്‌ അക്കൗണ്ടും തുടങ്ങിക്കൊടുത്തു.

ഒരു ദിവസം പത്രത്തിലെ ചരമവാര്‍ത്ത കണ്ട്‌ ശോഭിത എന്നെ വിളിച്ചു. `എന്റെ ഭര്‍ത്താവിന്റെ അച്ഛന്‍ മരിച്ചു.' ചരമവാര്‍ത്ത പത്രത്തിലുണ്ട്‌. എന്റെ ഭര്‍ത്താവിന്റെ പേരു കൊടുത്തിട്ട്‌ ഭര്‍ത്താവ്‌ (അബുദാബി) എന്നും കൊടുത്തിരിക്കുന്നു. അപ്പോള്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ട്‌. മാഡം എങ്ങിനെയെങ്കിലും ഞാന്‍ ഇവിടെ ഉണ്ടെന്ന്‌ അദ്ദേഹത്തെ അറിയിക്കണം. ഞങ്ങളുടെ മകന്റെ കാര്യവും അറിയിക്കണം''. ആ വീട്ടിലെ ഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ച്‌ ഞാന്‍ വിളിച്ചു. അയാളുടെ അമ്മയാണ്‌ സംസാരിച്ചത്‌. അയാള്‍ എവിടെയുണ്ടെന്നോ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല എന്നും മകനായതുകൊണ്ട്‌ പത്രത്തില്‍ പേരുവെച്ചുവെന്നായുള്ളൂ എന്നും അവര്‍ പറഞ്ഞു. കോവളം പോലീസ്‌ സ്റ്റേഷനിലും അവിടത്തെ പഞ്ചായത്ത്‌ മെമ്പര്‍ക്കും പരാതി അയച്ചു. മരണാനന്തരചടങ്ങുകള്‍ക്കൊന്നും അയാള്‍ എത്തിയിട്ടില്ല എന്ന്‌ പഞ്ചായത്ത്‌ മെമ്പര്‍ അറിയിച്ചു. അടുത്തദിവസം തന്നെ പോലീസ്‌ സ്റ്റേഷനില്‍ പോയി മാന്‍-മിസ്സിംഗിന്‌ കേസ്സ്‌ കൊടുത്തു. വിധവാപെന്‍ഷനെങ്കിലും ലഭിക്കണമല്ലോ.

ശോഭിതയുടെ മകന്‍ പത്താം ക്ലാസ്‌ നല്ല മാര്‍ക്കോടെ പാസ്സായി. സായിഗ്രാമത്തില്‍ ഇനി താമസിക്കാന്‍ കഴിയില്ല എന്ന്‌ വാശിപിടിച്ചതുകൊണ്ട്‌ ശോഭിതയുടെ ചേച്ചിയുടെ വീട്ടില്‍ താമസിപ്പിച്ച്‌ തിരുവനന്തപുരം നഗരത്തില്‍ ഒരു സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം ആരംഭിച്ചു. ഞങ്ങളുടെ വാര്‍ഷിക സമ്മേളനത്തില്‍ ഞങ്ങള്‍ അവനെ വിളിച്ച്‌ അനുമോദിക്കുകയും സ്‌കോളര്‍ഷിപ്പ്‌ നല്‌കുകയും ചെയ്‌തു. ശോഭിത ആഭരണങ്ങള്‍, ഉണ്ണിയപ്പം, ഉപ്പിലിട്ടത്‌ ഒക്കെ ഉണ്ടാക്കി വിറ്റ്‌ മോശമല്ലാത്ത വരുമാനം ഉണ്ടാക്കിയിരുന്നു. ആകെ മൊത്തം പ്രശ്‌നമില്ല എന്നു കരുതിയിരിക്കുമ്പോഴാണ്‌ അടുത്ത പ്രശ്‌നം. സ്‌കൂളില്‍ ഇരുന്ന്‌ കൂട്ടുകാരും കൂടി മദ്യപിച്ചതിന്‌ ശോഭിതയുടെ മകനെ സ്‌കൂളില്‍ നിന്ന്‌ പുറത്താക്കി. ഈ വിവരം അറിഞ്ഞപ്പോള്‍ ഇനി അവനെ തങ്ങളുടെ കൂടെ താമസിപ്പിക്കാന്‍ കഴിയില്ല എന്ന്‌ ശോഭിതയുടെ ചേച്ചിയും ചേച്ചിയുടെ മകളും കട്ടായമായി പറഞ്ഞു. അന്നു രാത്രിതന്നെ അവര്‍ അവനെ വീട്ടിനു പുറത്താക്കി സാധനങ്ങളും എടുത്ത്‌ വെളിയില്‍ ഇട്ടു. ഒരു രാത്രി അവിടെ നിര്‍ത്താനും പിറ്റേ ദിവസം രാവിലെ ഞാന്‍ എന്തെങ്കിലും സംവിധാനം ഉണ്ടാക്കാമെന്നും വിളിച്ചുപറഞ്ഞിട്ടുപോലും അവര്‍ അവനെ വീട്ടില്‍ കയറ്റാന്‍ തയ്യാറായില്ല. അന്ന്‌ ഒരു കൂട്ടുകരന്റെ വീട്ടില്‍ പോയി കിടന്നു. പിറ്റേദിവസം തന്നെ സ്‌കൗട്‌സ്‌ ആന്റ്‌ ഗൈഡ്‌സിന്റെ വക ഒരു മുറി തത്‌കാലത്തേക്ക്‌ എടുത്ത്‌ അവനെ അവിടെ താമസിപ്പിച്ചു.
ഞാനും വര്‍ക്കിംഗ്‌ വിമന്‍സ്‌ അസോസിയേഷന്റെ പ്രസിഡന്റ്‌ പത്മിനിച്ചേച്ചിയും കൂടി സ്‌കൂളധികൃതരെ കണ്ട്‌ സംസാരിക്കാന്‍ പോയി. അവന്റെ ക്ലാസിലെ അധ്യാപകന്‍ വളരെ നല്ല സമീപനമാണ്‌ എടുത്തത്‌. നന്നായി പടിക്കുന്ന 12-ാം ക്ലാസില്‍ പഠിക്കുന്ന കേവലം 17 വയസ്സു മാത്രം വരുന്ന അനാഥനായ ഒരു കുട്ടിയെ അച്ചടക്കത്തിന്റെ പേരില്‍ അവന്‍ ചെയ്‌ത തെറ്റ്‌ ക്ഷമിക്കാന്‍ തയ്യാറാവാതെ പുറത്താക്കിയാല്‍ അവന്റെ ഭാവി അപ്പാടെ നശിച്ചുപോകുമെന്നും പിന്നീട്‌ അവനെ രക്ഷപ്പെടുത്താന്‍ ആരു വിചാരിച്ചാലും കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും ഞങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അതു സമ്മതിച്ചു. ഞങ്ങളെയും കൂട്ടി പ്രിന്‍സിപ്പലച്ചന്റെ അടുത്ത്‌ പോയി. പക്ഷേ, അദ്ദേഹം എട്ടിലും ഏഴിലും അടുക്കാന്‍ കൂട്ടാക്കിയില്ല. മദ്യം കടയില്‍ പോയി വാങ്ങിയതും മറ്റു കുട്ടികളെ ഫോണ്‍ ചെയ്‌ത്‌ വിളിച്ചതും അവനാണെന്നുള്ളതുകൊണ്ട്‌ അവനെ വീണ്ടും ആ സ്‌കൂളില്‍ കയറ്റാന്‍ സാധിക്കുകയില്ല എന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. ഞങ്ങല്‍ കാലുപിടിച്ചപ്പോള്‍ മോഡല്‍ പരീക്ഷയും പബ്ലിക്‌ പരീക്ഷയും ഇവിടെ വന്ന്‌ എഴുതാന്‍ സമ്മതിക്കാം. പടിപ്പിക്കാന്‍ നിങ്ങള്‍ മറ്റ്‌ മാര്‍ഗ്ഗം തേടിക്കൊള്ളൂ എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.
ഈ സംഭവത്തോടുകൂടി ശോഭിതയുടെ മാനസികരോഗം വീണ്ടും മൂര്‍ച്ഛിച്ചു. മകനെ എന്തു ചെയ്യും. എവിടെ താമസിപ്പിക്കും ഞങ്ങളുടെ ഷോര്‍ട്ട്‌ സ്റ്റേ ഹോമില്‍ 10 വയസ്സുകഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക്‌ പ്രവേശനമില്ല. അവസാനം അവന്റെ കൂടെ പടിച്ചിരുന്ന ഒരു കുട്ടിയുടെ അമ്മയാണ്‌ സഹായഹസ്‌തം നീട്ടിയത്‌. ഒരു വീട്‌ വാടകയ്‌ക്കു എടുക്കുന്നതുവരെ അവരുടെ വീട്ടില്‍ അവനെ നിര്‍ത്താമെന്ന്‌ അവര്‍ സമ്മതിച്ചു. ദിവസവും അവരുടെ മകന്‍ വരുമ്പോള്‍ ക്ലാസില്‍ കൊടുത്ത നോട്ടുകള്‍ പകര്‍ത്തിയെഴുതാനും അത്രയും പാഠഭാഗങ്ങല്‍ പടിക്കാനും അവര്‍ അവനെ സഹായിച്ചു. ശോഭിതയുടെ അസുഖം നിയന്ത്രവിധേയമായപ്പോള്‍ ട്രെയിനിംഗ്‌ ആന്റ്‌ റീഹാബിറ്റേഷന്‍ ആഫീസര്‍ മിനിയുടെ സഹായത്തോടെ രണ്ടായിരം രൂപയ്‌ക്ക്‌ ഒരു വീട്‌ വാടകയ്‌ക്ക്‌ എടുത്തു. ശോഭിതയെയും മകനെയും ഒരുമിച്ച്‌ അവിടെ താമസിപ്പിച്ചു. തൊട്ടടുത്ത വീട്ടില്‍ പ്രായമായ ഒരു അമ്യെ പകല്‍ സമയം പരിചരിക്കുന്നതിന്‌ 6000 രൂപ ശമ്പളത്തില്‍ ശോഭിതയ്‌ക്ക്‌ ഒരു ജോലിയും ശരിയാക്കി കൊടുത്തു. ശോഭിതയ്‌ക്കും മകനുപം വേണ്ട മാനസികമായ താങ്ങും കൗണ്‍സിലിംഗും നല്‌കി. അവന്‍ അതിനുശേഷം മദ്യപിച്ചിട്ടേയില്ല. മാത്രമല്ല വീട്ടിലിരുന്ന്‌ കൂട്ടുകാരന്റെ നോട്ടുകള്‍ പകര്‍ത്തിയത്‌ പഠിച്ച്‌ അവന്‍ പ്ലസ്‌ടൂ വാസായി. സാമാന്യം നല്ല മാര്‍ക്കുണ്ടായിരുന്നതുകൊണ്ട്‌ സാമ്പത്തികശാസ്‌ത്രം ഡിഗ്രി കോഴ്‌സിന്‌ കോളേജില്‍ അഡ്‌മിഷന്‍ കിട്ടി. ഇപ്പോള്‍ കോളേജില്‍ പോയി പഠിക്കുകയും അടുത്ത വീടുകളിലുള്ള പത്ത്‌ കുട്ടികള്‍ക്ക്‌ ട്യൂഷന്‍ എടുത്ത്‌ സ്വന്തം പഠിത്തത്തിന്റെ ചെലവിനുള്ള വഴി കണ്ടെത്തുകയും ചെയ്യുന്നു. മകന്റെ വിദ്യാഭ്യാസം കഴിഞ്ഞ്‌ ആ കുടുംബം സ്വന്തം കാലില്‍ നില്‌ക്കാന്‍ ആകുന്നതുവരെ ഞങ്ങള്‍ എന്തായാലും മേല്‍നോട്ടം വഹിക്കും.

ശോഭിതയ്‌ക്ക്‌ റേഷന്‍കാര്‍ഡ്‌ ശരിയാക്കിയെടുത്തു. വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡും ഉണ്ടാക്കി. ഇതൊന്നും എടുക്കാന്‍ സമ്മതിക്കാതെയാണ്‌ അവരെ ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടത്‌. വീടിനുവേണ്ടി പഞ്ചായത്തില്‍ ഒരു അപേക്ഷ കൊടുത്തിട്ടുണ്ട്‌ വിധവാ പെന്‍ഷന്‍ ലഭിക്കാന്‍ വേണ്ടിയും ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്‌. മാന്‍ മിസ്സിംഗ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ ഏഴു വര്‍ഷം കഴിഞ്ഞാല്‍ അതുവരെയും ഭര്‍ത്താവിനെക്കുറിച്ച്‌ ഒരു വിവരവും ഇല്ലെങ്കില്‍ വിധവയാണെന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ തരാം എന്നാണ്‌ അധികാരികള്‍ പറയുന്നത്‌. ആ കുടുംബത്തെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയിക്കും എന്നുതന്നെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും