സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

മാലിക്കല്യാണം

ടി രാ‍ധാമണി, സെക്രട്ടറി,കേരള വര്‍ക്കിംഗ്‌ വിമന്‍സ്‌ അസോസിയേഷന്‍



(കഥയേക്കാള്‍ വിചിത്രം ഈ സ്ത്രീ ജീവിതങ്ങള്‍-5)

രണ്ടായിരത്തി ഒമ്പതിലാണെന്നാണ്‌ ഓര്‍മ്മ. കൃത്യമായ തീയതി ഓര്‍മ്മയില്ല. ഞാന്‍ വൈലോപ്പിള്ളി സംസ്‌കൃതിഭവന്റെ വൈസ്‌ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിക്കുന്ന കാലമാണ്‌. രണ്ടു ചെറുപ്പക്കാര്‍ എന്നെ വിളിച്ചു്‌ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ പറയാന്‍ കാണണം എന്ന്‌ ആഗ്രഹം പ്രകടിപ്പിച്ചു. അവരോട്‌ വൈലോപ്പിള്ളില്‍ വരാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തു. കലാകാരന്മാരായിരിക്കും - അവിടെ പരിപാടി അവതരിപ്പിക്കാന്‍ അവസരം ചോദിക്കാനായിരിക്കും എന്നായിരുന്നു എന്റെ വിചാരം. കൃത്യസമയത്തുതന്നെ അവര്‍ എത്തി. ഒറ്റനോട്ടത്തില്‍ അറിയാം സഹോദരന്മാരാണ്‌.

ജ്യേഷ്‌ഠന്‍ പറഞ്ഞുതുടങ്ങി. അനിയന്‍ ഒരു മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഹൈക്കോടതിയില്‍ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി ഫയല്‍ ചെയ്‌തു. ഇവര്‍ക്ക്‌ കുട്ടിയെ കോടതിയില്‍ ഹാജരാക്കേണ്ടി വന്നു. കുട്ടി അച്ഛനമ്മമാരുടെ കൂടെ പോകാന്‍ വിസമ്മതിച്ചു. ജമാ അത്തില്‍വെച്ചു്‌ നിയമാനുസൃതം മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ രേഖകള്‍ വീട്ടുകാര്‍ ഹാജരാക്കി. അതുകൊണ്ട്‌ ആ വിവാഹമോചനത്തില്‍ നിന്ന്‌ മോചനം നേടാതെ കാമുകനൊപ്പം വിടാന്‍ കോടതിക്ക്‌ കഴിയില്ല. വിവാഹമോചനം കഴിയുന്നതുവരെയും പുനര്‍വിവാഹം നടക്കുന്നതുവരെയും കുട്ടിയെ താമസിപ്പിക്കാന്‍ ഞാന്‍ സെക്രട്ടറിയായിട്ടുള്ള വര്‍ക്കിംഗ്‌ വിമന്‍സ്‌ അസോസിയേഷന്റെ ഷോര്‍ട്‌ റസ്റ്റ്‌ ഹോമായ `സഹജ'യില്‍ നിന്ന്‌ അനുമതി വാങ്ങി വരാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. അഡ്വക്കേറ്റിന്റെ അപേക്ഷയുമായിട്ടാണ്‌ അവര്‍ വന്നിരുന്നത്‌. കോടതി നിര്‍ദ്ദേശവും അഡ്വക്കേറ്റിന്റെ അപേക്ഷയും പരിഗണിച്ച്‌ ഞാന്‍ അന്നുതന്നെ സമ്മതപത്രം എഴുതിനല്‌കി. രണ്ടാഴ്‌ച കഴിഞ്ഞപ്പോള്‍ കോടതി ഉത്തരവിന്റെ പകര്‍പ്പുസഹിതം അവര്‍ രണ്ടാളുംകൂടി പെണ്‍കുട്ടിയെ സഹജയില്‍ കൊണ്ടുവന്നാക്കി.

ഹസീന - അതാണവളുടെ പേര്‌. കാഴ്‌ചയ്‌ക്ക്‌ അതീവസുന്ദരിയായിട്ടുണ്ട്‌. 19 വയസ്സ്‌ പ്രായം. 10-ാം ക്ലാസ്‌ പാസ്സായി. ബാപ്പയും ഉമ്മയും ഒരു സഹോദരനും അടങ്ങുന്ന നിര്‍ദ്ധന കുടുംബാംഗം. വട്ടിപ്പലിശക്കാരുടെ നിരന്തരഭീഷണിയിലാണ്‌ കുടുംബം. അമ്മയുടെ ചികിത്സയ്‌ക്ക്‌ കടമെടുത്ത തുക പല മടങ്ങായി വളര്‍ന്നിരിക്കുന്നു. പലിശപോലും കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥ. ഹസീനയ്‌ക്കാണെങ്കില്‍ അയല്‍വക്കത്തെ കളിക്കൂട്ടുകാരനായ കണ്ണനോട്‌ ചെറിയ പ്രേമം. ഉടനെതന്നെ ഏതെങ്കിലും മുസ്ലീമുമായി ഹസീനയുടെ നിക്കാഹ്‌ നടത്തിയേ പറ്റൂ. ബാപ്പ സഹായത്തിനായി പള്ളിക്കമ്മിറ്റിയെ സമീപിച്ചു. പള്ളിക്കമ്മിറ്റിയിലെ ഒരു പ്രമുഖന്‍ മുഖേന താമസിയാതെ ഹസീനക്കൊരു കല്യാണ ആലോചന വന്നു.

പുയ്യാപ്ല മാലിക്കാരനാണ്‌. കോടീശ്വരനാണ്‌. മൂന്നു ലക്ഷം മെഹര്‍ നല്‌കും. വിവാഹം തിരുവനന്തപുരത്തുവെച്ച്‌ നടത്താം. ചിലവെല്ലാം അവര്‍ വഹിച്ചോളും. വിവാഹം കഴിഞ്ഞാല്‍ മാലിക്ക്‌ കൊണ്ടുപോകും. വരന്‌ 25 വയസ്സേ ഉള്ളൂ. ആദ്യത്തെ വിവാഹവുമാണ്‌. സാധാരണ മാലിക്കല്യാണം എന്നു പറഞ്ഞാല്‍ അറബിക്കല്യാണമോ മൈസൂര്‍ കല്യാണമോ പോലെയാണ്‌ പതിവ്‌. വരന്‌ 50 വയസ്സിനു മുകളിലുണ്ടാവും. നേരത്തെ രണ്ടോ മൂന്നോ ഭാര്യമാരുമുണ്ടാവും. ഇതങ്ങിനെയൊന്നുമല്ലല്ലോ. ``ഞങ്ങള്‍ക്ക്‌ കേരളീയരുടെ മുഖകാന്തിയും ആകാരസൗഷ്‌ഠവവുംമുള്ള പേരക്കുക്കുട്ടികളെ കിട്ടണം - അതിനാണ്‌ ഇവിടെ നിന്ന്‌ കല്യാണം കഴിക്കുന്നത്‌'' പുയ്യാപ്ലയുടെ അച്ഛന്‍ വിശദീകരിച്ചു. ഹസീനയൊഴികെ കുടുംബത്തില്‍ എല്ലാവരും സന്തുഷ്ടരായി. ബന്ധുക്കള്‍ക്കും സമാധാനമായി. അവള്‍ ആ ഹിന്ദുവിനെ കല്യാണം കഴിച്ചില്ലല്ലോ.

ഹസീനയും കണ്ണനും അവരുടെ മനസ്സില്‍ ചെറുതായി മുളച്ചുവന്ന പ്രേമത്തെ ഞെരിച്ചു കൊന്നു കളഞ്ഞ്‌ പ്രായോഗികമതികളായി. ഹസീന കല്യാണത്തിനു സമ്മതിച്ചു. ഹസീനയുടെ ഉമ്മ മാത്രം കരഞ്ഞുകൊണ്ടിരുന്നു. ഏക മകളെ മാലിക്ക്‌ പറഞ്ഞയയ്‌ക്കാന്‍ രോഗിയായ ഉമ്മയ്‌ക്ക്‌ വലിയ വിഷമമായിരുന്നു. ഒന്നങ്ങട്‌ പോയി അവളെ കാണാന്‍ കഴിയില്ലല്ലോ. പാസ്‌പോര്‍ട്ടും വിസയും ഒക്കെ വേണ്ടേ. വിമാനക്കൂലിയും വേണ്ടേ. അവര്‍ പിറുപിറുത്തുകൊണ്ടിരുന്നു. പക്ഷേ, അച്ഛനും സഹോദരനും വലിയ സന്തോഷത്തിലായിരുന്നു. കുടുംബത്തില്‍ വന്നുചേര്‍ന്ന ഭാഗ്യമാണ്‌ ഈ കല്യാണമെന്ന്‌ അവര്‍ അമ്മയേയും മകളെയും ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. തിരുവനന്തപുരത്തെ ഒരു പള്ളിയില്‍വെച്ച്‌ നിക്കാഹ്‌ നടന്നു. പക്ഷേ, നിക്കാഹിന്‌ മാലിയില്‍ നിന്ന്‌ മറ്റാരും വന്നില്ല. പുയ്യാപ്ലയുടെ അമ്മയോ സഹോദരങ്ങളോ ഒന്നും. അത്‌ ഹസീനയുടെ വീട്ടുകാരുടെ മനസ്സില്‍ ആശങ്ക ഉളവാക്കി. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ആള്‍ സമാധാനിപ്പിച്ചു. പാസ്‌പോര്‍ട്ടും വിസയും കിട്ടാന്‍ വൈകിയതുകൊണ്ടാണ്‌.

കുമാരപുരത്ത്‌ വാടകയ്‌ക്ക്‌ എടുത്തിട്ടിരുന്ന ഒരു വീട്ടിലേക്കാണ്‌ ഹസീനയെ കൊണ്ടുപോയത്‌. പാസ്‌പോര്‍ട്ടും വിസയുമൊക്കെ ശരിയായി വരുന്നതുവരെ അവിടെ താമസിക്കേണ്ടി വരും എന്ന്‌ വരന്റെ അച്ഛന്‍ പറഞ്ഞു. ഹസീനയ്‌ക്ക്‌ വലിയ ആശ്വാസം തോന്നി. കല്യാണം കഴിഞ്ഞാല്‍ ഉടന്‍ തന്നെയും കൊണ്ട്‌ മാലിക്ക്‌ പറക്കും എന്നാണ്‌ അവള്‍ കരുതിയിരുന്നത്‌. അഞ്ചാറുമാസം നാട്ടില്‍തന്നെ കഴിയാമല്ലോ.
 
ഹസീന തന്റെ പുയ്യാപ്ലയെ ഇതുവരെ കണ്ടിരുന്നില്ല. കല്യാണത്തിന്റെ ചടങ്ങിന്‌ വധു ഒരു അവശ്യ വസ്‌തു അല്ല. വധുവിന്റെ അച്ഛനും വരനും തമ്മിലാണ്‌ വിവാഹ ഉടമ്പടി ഒപ്പുവെയ്‌ക്കുന്നത്‌. വധുവിന്റെ സമ്മതമോ സാന്നിധ്യമോ ആവശ്യമില്ല. പെണ്ണുകാണല്‍ എന്നൊരു ചടങ്ങ്‌ ഉണ്ടായില്ല. അമ്മായിയമ്മ വന്ന്‌ വളയിടീല്‍ എന്ന ചടങ്ങും ഉണ്ടായില്ല. വളരെ പെട്ടെന്നാണ്‌ എല്ലാം കഴിഞ്ഞത്‌. അതുകൊണ്ട്‌ കുമാരപുരത്തെ വീട്ടില്‍ വച്ചാണ്‌ അവള്‍ ആദ്യമായി തന്റെ പുയ്യാപ്ലയെ കാണുന്നത്‌. കണ്ടാല്‍ ഒരു മന്ദബുദ്ധിയെപ്പോലുണ്ട്‌. സംസാരിക്കാന്‍ അയാള്‍ക്ക്‌ മലയാളമറിയില്ല. ഹസീനക്ക്‌ മാലിഭാഷയും അറിയില്ലല്ലോ. അമ്മായിയച്ഛന്‍ അയാളോട്‌ സംസാരിക്കുന്നതും കേട്ടില്ല. ഭാഷ അറിയാത്ത രണ്ടുപേരുടെ കൂടെ കഴിയുന്നത്‌ അവള്‍ക്ക്‌ ശ്വാസംമുട്ടായിട്ടാണ്‌ അനുഭവപ്പെട്ടത്‌.

അറിയാവുന്ന മുറി ഇംഗ്ലീഷിലും മദ്രസയില്‍ കേട്ടുപഠിച്ചിട്ടുള്ള അറബിയില്‍ അവള്‍ അയാളോട്‌ സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ, അയാള്‍ മുഖം കൊടുക്കാന്‍ തയ്യാറായില്ല. ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. അവളെ ഒന്നു തൊടാനോ ഭാര്യയെന്ന നിലയില്‍ പെരുമാറാനോ അയാള്‍ ശ്രമിച്ചതേയില്ല. ഹസീനയ്‌ക്ക്‌ ആകെ സംശയമായി. സൂക്ഷ്‌മമായി നിരീക്ഷിച്ചപ്പോഴാണ്‌ അവള്‍ക്ക്‌ മനസ്സിലായത്‌ അയാള്‍ മൂകനും ബധിരനും ആണെന്ന്‌. പുറമെ മന്ദബുദ്ധിയും. അഞ്ചു വയസ്സില്‍ താഴെയുള്ള ഒരു കുട്ടി പെരുമാറുന്നതുപോലെയാണ്‌ അയാള്‍ പെരുമാറിയിരുന്നത്‌. തന്നെ എത്ര ക്രൂരമായ വിധിയിലേക്കാണ്‌ വീട്ടുകാര്‍ പണത്തിനുവേണ്ടി തള്ളിയിട്ടത്‌ എന്ന്‌ ഹസീന തിരിച്ചറിഞ്ഞു. മൂന്നു ലക്ഷം രൂപയ്‌ക്കുവേണ്ടി തന്റെ അച്ഛനും സഹോദരനും അറിഞ്ഞുകൊണ്ടാണ്‌ ഇത്തരത്തിലൊരു നിക്കാഹ്‌ നടത്തിയത്‌ എന്നത്‌ അവളെ ഞെട്ടിപ്പിച്ചുകളഞ്ഞു. നിയമത്തിന്റെ മുമ്പില്‍ സാധുതയുണ്ടെങ്കിലും മനഷ്യത്വരഹിതമായ അറബിക്കല്യാണവും മൈസൂര്‍ കല്യാണവുംപോലെയാണ്‌ മാലിക്കല്യാണവും എന്നവള്‍ ഭീതിയോടെ തിരിച്ചറിഞ്ഞു.

ഹസീനയുടേത്‌ ഒരു ഒറ്റപ്പെട്ട സംഭവമല്ല. വടക്കന്‍ കേരളത്തില്‍ അറബിക്കല്യാണംപോലെ അല്ലെങ്കില്‍ മൈസൂര്‍ കല്യാണംപോലെ സാധാരണമാണ്‌ തിരുവനന്തപുരത്ത്‌ മാലിക്കല്യാണം. മാലിക്കാരെ കാണാന്‍ വലിയ ഭംഗിയില്ല. മംഗോളിയന്‍ മുഖച്ഛായയാണ്‌. ഭംഗിയുള്ള, ബുദ്ധിയുള്ള കുട്ടികളെ കിട്ടാന്‍ വേണ്ടി ധാരാളം മുസ്ലീം പെണ്‍കുട്ടികളെ മാലിക്കാര്‍ കല്യാണം കഴിച്ചുകൊണ്ടുപോകുന്നുണ്ട്‌. ദരിദ്രകുടുംബങ്ങളിലെ കുട്ടികളാണ്‌ ഇതിനു ഇരകളാകുന്നത്‌. രണ്ടോ മൂന്നോ പ്രസവിച്ചു കഴിയുമ്പോള്‍ കുട്ടികളെ അവരെടുത്ത്‌ പെണ്‍കുട്ടിയെ തിരിച്ചയച്ച സംഭവവും ഉണ്ട്‌. മാലിക്കാരിയായ ഭാര്യ കുട്ടികളെ വളര്‍ത്തിക്കൊള്ളും. അവിടെ തുടരുന്നവര്‍ തന്നെ വെറും വീട്ടുജോലിക്കാരിയെപ്പോലെയാണ്‌ അവിടെ കഴിയുന്നത്‌. മാലിക്കാരിയായ ഭാര്യക്കുള്ള സ്ഥാനമോ അവകാശങ്ങളോ അവര്‍ക്ക്‌ കുടുംബത്തില്‍ ലഭിക്കാറില്ല. മുസ്ലീം ശരിയത്ത്‌ നിയമം അനുസരിച്ച്‌ ഒരേസമയം നാലു ഭാര്യമാര്‍വരെ ആകാമല്ലോ.

ഈയിടെ അമ്മയുടെ ചികിത്സയ്‌ക്കായി തിരുവനന്തപുരത്തു വന്ന ഒരു മാലിക്കാരന്‍ വന്ന ഉടനെ ബീമാപള്ളി പ്രദേശത്തുനിന്നു്‌ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. അമ്മയെ ശുശ്രൂഷിക്കാനും വീട്ടുജോലി ചെയ്യാനുമായി കൂടെ നിര്‍ത്തി. മൂന്നുവര്‍ഷത്തെ ചികിത്സ കഴിഞ്ഞ്‌ അമ്മ മരിച്ചുപോയി. അമ്മയുടെ മൃതദേഹം കൊണ്ടുപോകുന്നതിനുമുമ്പ്‌ തന്നെ അയാള്‍ മൂന്നു തലാക്കും ഒരുമിച്ച്‌ ചൊല്ലി അവളെ ഇവിടെ ഉപേക്ഷിച്ച്‌ സ്ഥലം വിട്ടു. ഇതിനിടയില്‍ അവള്‍ക്ക്‌ ഒരു കുഞ്ഞും പിറന്നിരുന്നു. കുഞ്ഞിനെ അയാള്‍ കൊണ്ടുപോയില്ല. അതൊരു വലിയ ഭാഗ്യമായി ആ പാവം പെണ്‍കുട്ടി കരുതുന്നു.

നമുക്ക്‌ ഹസീനയിലേക്ക്‌ തിരിച്ചുവരാം. സ്വന്തം വിധിയെ പറിച്ചുകൊണ്ട്‌ - കരഞ്ഞുകൊണ്ട്‌ ഹസീന സ്വന്തം മാതാപിതാക്കളോട്‌ തന്നെ രക്ഷിക്കാന്‍ അപേക്ഷിച്ചു. പക്ഷേ, മൂന്നു ലക്ഷം രൂപ തിരിച്ചു നല്‌കിയാലേ വിവാഹമോചനം നല്‌കൂ എന്ന്‌ വരന്റെ അച്ഛന്‍ തീര്‍ത്തു പറഞ്ഞു. മൂന്നു ലക്ഷം തിരിച്ചു നല്‌കാന്‍ വീട്ടുകാരും തയ്യാറായിരുന്നില്ല. ഒരുപക്ഷേ, അതുപയോഗിച്ച്‌ കടംവീട്ടിക്കഴിഞ്ഞിരുന്നിരിക്കാം. ഏതായാലും പൈസ തിരിച്ചു കൊടുക്കാന്‍ കഴിയില്ലന്നും അവള്‍ അയാളുടെ കൂടെ മാലിയിലേക്ക്‌ പോയേ തീരൂ എന്നും സഹോദരന്‍ തറപ്പിച്ചുപറഞ്ഞു.

കരഞ്ഞുകരഞ്ഞ്‌ ആ വീട്ടിലെ ജോലികളെല്ലാം തീര്‍ത്ത്‌ കിടന്ന അവള്‍ എപ്പോഴോ ഒന്നുറങ്ങിപ്പോയി. ബലിഷ്‌ഠങ്ങളായ രണ്ടു കരങ്ങള്‍ തന്നെ വരിഞ്ഞുമുറുക്കുന്നതായി തോന്നിയിട്ടാണ്‌ ഹസീന ഞെട്ടിയുണര്‍ന്നത്‌. തന്റെ കിടക്കയില്‍ ഭര്‍ത്താവിന്റെ അച്ഛന്‍. മുറിയുടെ മൂലയ്‌ക്ക്‌ പേടിച്ചുവിറച്ചു നിന്ന്‌ കരയുന്ന ഭര്‍ത്താവ്‌. ഒരു നിമിഷംകൊണ്ട്‌ സര്‍വശക്തിയുമെടുത്ത്‌ അവള്‍ അയാളെ കടിച്ചുമുറിച്ചു. പിടി അയഞ്ഞപ്പോള്‍ തള്ളിമാറ്റി തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്ക്‌ ഓടി. അവളുടെ ഭര്‍ത്താവായ മന്ദബുദ്ധിയാണ്‌ കതക്‌ തുറന്നുകൊടുത്തതെന്ന്‌ അവള്‍ വിശ്വസിക്കുന്നു. തന്നെ ഇതില്‍നിന്ന്‌ രക്ഷിക്കും എന്ന്‌ അവള്‍ വിശ്വസിച്ച കളിക്കൂട്ടുകാരന്‍ കണ്ണന്റെ വീടിനു മുമ്പിലാണ്‌ ആ ഓട്ടം അവസാനിച്ചത്‌. കുമാരപുരത്തുനിന്ന്‌ ആ വീട്ടിലേക്ക്‌ ഏകദേശം അഞ്ചുകിലോമീറ്റര്‍ ദൂരം വരും. കതകില്‍ തട്ടിയപ്പോള്‍ കണ്ണനും അമ്മയും പുറത്തുവന്നു. അവരാകെ അങ്കലാപ്പിലായി. അഭയം കൊടുത്താല്‍ മുസ്ലീങ്ങള്‍ എല്ലാംകൂടി വന്ന്‌ തല്ലിക്കൊല്ലുമോ എന്നുപോലും അവര്‍ ഭയപ്പെട്ടു. കാരണം ഹസീനയെ സ്‌നേഹിച്ച കുറ്റത്തിന്‌ കണ്ണന്‍ കുറെ തല്ല്‌ നേരത്തെ കൊണ്ടതാണ്‌. ആ തല്ലുകൊണ്ടുകൂടിയാണ്‌ അവര്‍ രണ്ടു പേരും പ്രേമം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്‌. പക്ഷേ, അവളുടെ കഥനകഥ കേട്ടപ്പോള്‍ അവള്‍ക്ക്‌ അഭയം നല്‍കാതിരിക്കാന്‍ കഴിഞ്ഞില്ല. പിറ്റേദിവസം പുലരുന്നതിനു മുന്‍പേതന്നെ അവര്‍ വീടും പൂട്ടി അവിടെ നിന്ന്‌ പുറപ്പെട്ടു. കുറെ ദൂരെ താമസിക്കുന്ന ചേട്ടന്റെ വീട്ടില്‍ എത്തി. അവിടെ അടുത്തുള്ള അമ്പലത്തില്‍ പോയി താലികെട്ടി. ഹസീനയുടെ പേരില്‍ ചെറിയ മാറ്റം വരുത്തിയാണ്‌ അവിടെ വിവാഹ അപേക്ഷ നല്‍കിയത്‌.

ഇതിനിയടില്‍തന്നെ ഹസീനയുടെ മാതാപിതാക്കളും ഭര്‍ത്താവും കക്ഷിചേര്‍ന്ന്‌ ഹേബിയസ്‌ കോര്‍പ്പസ്‌ ഫയല്‍ ചെയ്‌തിരുന്നു. പിടിക്കപ്പെടും എന്ന്‌ ഉറപ്പായപ്പോള്‍ കണ്ണന്‍ സഹീനയെയും കൊണ്ട്‌ ഹൈക്കോടതയില്‍ ഹാജരായി. കോടതിമുമ്പാകെ തന്റെ ഭര്‍ത്താവ്‌ മൂകനും ബധിരനും ഷണ്‌ഡനും ആണെന്നും ഇതൊക്കെ തന്നില്‍നിന്ന്‌ മറച്ചുവെച്ചാണ്‌ വിവാഹം നടത്തിയത്‌ എന്നും തനിക്ക്‌ കണ്ണനൊപ്പം ജീവിക്കാനാണ്‌ താത്‌പര്യം എന്നും ഹസീന പറഞ്ഞു. മെഹറായി കൊടുത്ത മൂന്നു ലക്ഷം രൂപ തിരികെ കിട്ടണം എന്ന്‌ മാലിക്കാര്‍ ആവശ്യപ്പെട്ടു. ഹസീനയുടെ ദയനീയസ്ഥിതി ബോധ്യമായ ജഡ്‌ജി ഹസീനയെ മാതാപിതാക്കളുടെ കൂടെയോ ഭര്‍ത്താവിന്റെ കൂടെയോ വിടാന്‍ തയ്യാറായില്ല. ഭര്‍ത്താവ്‌ നിയമസാധുതയുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയതുകൊണ്ട്‌ കണ്ണനോടൊപ്പം വിടാനും കോടതിക്ക്‌ കഴിയുമായിരുന്നില്ല. അങ്ങിനെയാണ്‌ ഹസീന `സഹജ'യില്‍ എത്തിച്ചേര്‍ന്നത്‌. ഹസീനയുടെ വിവാഹമോചനം അത്ര എളുപ്പമായിരുന്നില്ല. മുസ്ലീം പുരുഷന്‌ മൂന്ന്‌ തലാക്കും ഒരുമിച്ച്‌ പറയുകയോ, ഇന്‍ലന്‍ഡില്‍ എഴുതി അയയ്‌ക്കുകയോ ഒക്കെ ചെയ്‌ത്‌ വിവാഹബന്ധം വേര്‍പെടുത്താം. ഖുറാനിലെ നിയമങ്ങള്‍ അല്ല ഇന്‍ഡ്യന്‍ ശരിയത്ത്‌ ആക്‌ടില്‍ ഉള്ളത്‌. പക്ഷേ, മൂസ്ലീം സ്‌ത്രീക്ക്‌ വിവാഹമോചനം നേടണമെങ്കില്‍ കോടതി വഴിയെ സാധിക്കൂ. നാട്ടിലെ നിയമങ്ങളൊക്കെ ബാധകമാണുതാനും.

ഞങ്ങളുടെ ലീഗല്‍ കൗണ്‍സിലര്‍ വിവാഹമോചനത്തിന്‌ കേസ്‌ ഫയല്‍ ചെയ്‌തു. കേസിന്റെ ദിവസം കോടതിയില്‍ ഹാജരായ മാലിക്കാര്‍ മെഹര്‍ തിരിച്ച്‌ ആവശ്യപ്പെട്ടു. മെഹര്‍ നല്‌കിയത്‌ ഹസീനയുടെ കൈയിലല്ല. ഹസീന അറിഞ്ഞിട്ടുമില്ല എന്ന്‌ ഞങ്ങളുടെ അഡ്വക്കേറ്റ്‌ കോടതിയെ ബോധ്യപ്പെടുത്തി. മെഹറിന്റെ കാര്യത്തിനും മാതാപിതാക്കള്‍ക്കെതിരെ വേറെ കേസുകൊടുക്കാനാണ്‌ കോടതി നിര്‍ദ്ദേശിച്ചത്‌. അതോടെ വിവാഹമോചനം സാധ്യമാകുമെന്ന സ്ഥിതി സംജാതമായി.
പിന്നീട്‌ കേസ്‌ വിളിച്ചപ്പോഴൊന്നും എതിര്‍ കക്ഷി ഹാജരായില്ല. വക്കീലും വന്നില്ല. മാലിക്കാര്‍ കുമാരപുരത്തെ വീടും വിട്ട്‌ തിരിച്ച്‌ മാലിക്ക്‌ പോയിരുന്നു. മാലിയിലുള്ള അവരുടെ വീടിന്റെ അഡ്രസ്സോ ഫോണ്‍നമ്പറോ ഒന്നുംതന്നെ ഹസീനയ്‌ക്ക്‌ അറിയാമായിരുന്നില്ല. വിവാഹസര്‍ട്ടിഫിക്കറ്റിന്റെ കോപ്പി കോടതിയില്‍ ഹാജരാക്കണമെന്ന്‌ ജഡ്‌ജി ആവശ്യപ്പെട്ടു. നിയമാനുസൃത വിവാഹം നടന്നു എന്ന്‌ തെളിയിച്ചാലേ നിയമാനുസൃത വിവാഹമോചനത്തിന്‌ അപേക്ഷ നല്‍കാന്‍ സാധിക്കൂ. വിവാഹസര്‍ട്ടിഫിക്കറ്റ്‌ ഹസീനയുടെ വീട്ടുകാര്‍ തരാന്‍ തയ്യാറായില്ല. ജമായത്തുമായി ബന്ധപ്പെട്ടു നോക്കി. അവരും തന്നില്ല. രണ്ടു കോപ്പിയേ കൊടുക്കുകയുള്ളൂ. ഒന്നു വരനും മറ്റേത്‌ വധുവിന്റെ രക്ഷിതാക്കള്‍ക്കും. അത്‌ രണ്ടും കൊടുത്തുകഴിഞ്ഞു. ഇനി കോപ്പി തരാന്‍ നിര്‍വാഹമില്ല എന്നാണവര്‍ പറഞ്ഞത്‌. വിവാഹം ആലോചിച്ച ഏജന്റിനെ ഞങ്ങള്‍ സമീപിച്ചു. കോടീശ്വരനായ മാലിക്കാരന്‌ ഒരു പെണ്‍കുട്ടിയെ സംഘടിപ്പിച്ചുകൊടുത്താന്‍ നല്ല കമ്മീഷന്‍ കിട്ടുമല്ലോ എന്നു മാത്രമേ അയാള്‍ ചിന്തിച്ചിരുന്നുള്ളൂ. വരന്‍ ബധിരനും മൂകനും ഷണ്‌ഡനും ആണെന്ന്‌ അയാള്‍ അറിഞ്ഞിരുന്നില്ല. താന്‍ ചെയ്‌ത അബദ്ധത്തിന്റെ കുറ്റബോധം തോന്നിയിട്ടോ എന്തോ വിവാഹസര്‍ട്ടിഫിക്കറ്റിന്റെ ഒരു കോപ്പി അയാള്‍ എവിടെനിന്നോ സംഘടിപ്പിച്ചുതന്നു.

പതിവുപോലെ കേസ്‌ നീണ്ടുപോയി. കുമാരപുരത്തെ അഡ്രസ്സില്‍ നിന്നുപോയ നോട്ടീസുകള്‍ കൈപ്പറ്റാതെ തിരിച്ചുവന്നുകൊണ്ടിരുന്നു. ഇടയ്‌ക്ക്‌ ഒരു പ്രാവശ്യം നോട്ടിസ്‌ തിരിച്ചുവന്നില്ല. എന്തുപറ്റി എന്ന്‌ ഞങ്ങള്‍ക്കും അറിഞ്ഞുകൂടാ. പോസ്റ്റ്‌മാന്‍ അവിടെയെങ്ങാനും ഇട്ടുപോന്നിട്ടുണ്ടാവും. അത്‌ നോട്ടീസ്‌ നല്‍കിയതായി കണക്കാക്കി കോടതി എക്‌സ്‌പാര്‍ട്ടിയായി വിധി പുറപ്പെടുവിച്ചു. അങ്ങിനെ ഹസീന വിവാഹമോചനം നേടി. അപ്പോഴേക്കും ഒന്നരവര്‍ഷം കഴിഞ്ഞിരുന്നു.

ഇന്ന്‌ കണ്ണനെ വിവാഹം കഴിച്ച്‌ തിരുവനന്തപുരത്തുതന്നെ ഹസീന ജീവിക്കുന്നു. ഒരു ഓമന മകളുമൊത്ത്‌. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും