സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ബോധജ്ഞാനത്തിന്റെ സഹസ്രധാരകള്‍

മ്യൂസ്‌ മേരി ജോര്‍ജ്ജ്‌



പെണ്ണെഴുതുന്നതെല്ലാം പെണ്ണെഴുത്തല്ലെന്ന ബോധ്യം മലയാളത്തില്‍ വന്നിട്ട്‌ പത്തിരുപത്തഞ്ച്‌ കൊല്ലം കഴിഞ്ഞിരിക്കുന്നു. ഇനി പെണ്ണെഴുത്തായിരിക്കുമ്പോള്‍ത്തന്നെ സാര്‍വ്വലൗകികത ഇക്കാര്യത്തില്‍ ഇല്ലെന്നും ഇന്ന്‌ വ്യക്തമാണ്‌. ജാതിയും മതവും പ്രാദേശികതയുമൊക്കെ എഴുത്തിനെ പലതാക്കി മാറ്റിനിര്‍ത്തുന്നു. പലതായിരിക്കുന്നതാണ്‌ എഴുത്തിന്റെ രാഷ്‌ട്രിയത്തെ അടയാളപ്പെടുത്തുന്നതും. ദളിത്‌ കവിതയുടെ രാഷ്‌ട്രീയത്തെ നിര്‍ണ്ണയിക്കുന്നതെന്തൊക്കെയെന്നത്‌ ഇന്ന്‌ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞ കാര്യങ്ങളാണ്‌. ദളിത്‌ കവിതയായിരിക്കുമ്പോള്‍ത്തന്നെ ദളിത്‌ പെണ്‍കവിതകള്‍ ശരീരത്തിന്റെയും ജീവിത ഇടങ്ങളുടെയും സാമ്പത്തിക-ലൈംഗിക വ്യവഹാരങ്ങളുടെയും അനുഭവങ്ങളെ രേഖപ്പെടുത്തിക്കൊണ്ടാണ്‌ വേറിട്ടുനില്‍ക്കുന്നത്‌. മലയാള കവിതാരംഗത്ത്‌ ദളിത്‌ പെണ്‍മയുടെ ചുവരെഴുത്തുകള്‍ കൃത്യമായി സന്നിഹിതമാണ്‌. ഇത്തരമൊരു വായനാനുഭവത്തെ അവതരിപ്പിക്കാനാണ്‌ എം.സി.മനോജ്‌ എഡിറ്റ്‌ ചെയ്‌ത `മുദിത' എന്ന സമാഹാരം ശ്രമിക്കുന്നത്‌. ദളിത്‌ പെണ്ണെഴുത്തിന്റെ ചില മാതൃകകളെ ഈ കൃതി മുന്നോട്ടുവയ്‌ക്കുന്നു.

ശരീരത്തിന്റെ രാഷ്‌ട്രീയം ഇന്ന്‌ എഴുത്തിടത്തില്‍ ശക്തമായ സാന്നിധ്യമാണ്‌. ശരീരമെന്നു പറയുമ്പോല്‍ ജാതിസമൂഹത്തിലും മതസമൂഹത്തിലും പ്രതിനിധാനപരമായ നിരവധി പ്രത്യേകതകള്‍ ഉണ്ട്‌. ഒരു ചിഹ്നമെന്ന നിലയില്‍ അത്‌ ലൈംഗികതയുടെ അടയാളമായിരിക്കുമ്പോള്‍ത്തന്നെ ലൈംഗികത വ്യത്യസ്‌തമായ വ്യാഖ്യാന സവിശേഷതകളുള്ള ഒന്നാണെന്നും വ്യക്തമാണ്‌. വെളുത്ത ശരീരം / കറുത്ത ശരീരം പോലുള്ള സാമാന്യ വിഭജനങ്ങള്‍ക്കപ്പുറത്ത്‌ സാംസ്‌കാരികമായ ആധിപത്യവിധേയത്വബന്ധങ്ങളുടെയും ലൈംഗികതയെ സംബന്ധിച്ച മാനകീകരണങ്ങളുടെയും കാനോനീകരണങ്ങളുടെയും കെണിനിലങ്ങളെ എഴുത്ത്‌ പ്രശ്‌നവല്‍ക്കരിക്കുമ്പോഴാണ്‌ എഴുത്തിന്റെ ലൈംഗികരാഷ്‌ട്രീയം സൂക്ഷ്‌മ ഭേദങ്ങളോടു കൂടിയതാകുന്നത്‌. മലയാളത്തിലെ ദളിത്‌ പെണ്‍കവിതകളില്‍ ഇത്തരം സൂക്ഷ്‌മങ്ങളുടെ ചിഹ്നങ്ങളുണ്ട്‌.

പെണ്ണുങ്ങള്‍ എഴുത്ത്‌ തുടങ്ങിയ കാലം മുതല്‍ കുടുംബവും പ്രേമവും ദാമ്പത്യവും ലൈംഗികബന്ധങ്ങളും കവിതയില്‍ ഉടല്‍ വ്യസനങ്ങളായും ആത്മതാപങ്ങളായും സ്വത്വവ്യാപനങ്ങളായും അണിനിരന്നിട്ടുണ്ട്‌. എന്നാല്‍ അജിത കുടുംബത്തെ എഴുതുമ്പോള്‍ ഭൗതികജീവിതപരിസരത്തുനിന്നുതന്നെ നിര്‍മ്മാണസാമഗ്രികള്‍ ചുമന്നെടുത്തുകൊണ്ടുവരുന്നതാകുന്നു. ``അമ്മ, മക്കള്‍, വീണ്ടും കുറെ അംഗങ്ങള്‍ കൊട്ട മെടയേണ്ടുന്ന പൊളിത്തണ്ടുപോലെ മനസ്സുകൊണ്ടും വാക്കുകൊണ്ടും അടുക്കപ്പെട്ടവര്‍ ഞങ്ങള്‍ പത്തോ പതിനാറോ പൊളിക്കീറുകള്‍''. അവര്‍ ജീവിതത്തെയും കുടുംബത്തെയും നിര്‍മ്മിക്കുന്നത്‌ കൊട്ട മെടയുന്ന ക്രിയയുമായി ചേര്‍ത്തുവച്ചാണ്‌. വരേണ്യതയുടെ അടയാളങ്ങള്‍ക്കു പകരം കുലത്തൊഴിലിന്റെ ജീവിതവൃത്തത്തില്‍നിന്ന്‌ അടര്‍ത്തിയെടുത്തതാകുന്നു കവിതയുടെ അസംസ്‌കൃത വസ്‌തു.

നമ്മുടെ ചരിത്രം മനുഷ്യ നന്മയുടെയും പരസ്‌പര തുല്യതയുടെതുമല്ല. വിവേചനങ്ങളുടെ മാറ്റപ്പേരാണു ചരിത്രമെന്നു പറയാം. ദളിത്‌സ്‌ത്രീയുടെ ശരീരം അധിനിവേശങ്ങളുടെയും ആധിപത്യങ്ങളുടെയും അനുശാനകളുടെയും മുന്‍വിധികളുടെയും കല്ലെഴുത്തുകളെ തകര്‍ത്തുകളഞ്ഞുകൊണ്ടാണ്‌ ഇത്രത്തോളം എത്തിയത്‌. മാറുമറയ്‌ക്കാന്‍ അനുവാദം ഇല്ലാതിരിക്കുക മണ്ണില്‍ പണിയെടുക്കാനുള്ളതായിരിക്കുമ്പോള്‍ത്തന്നെ മണ്ണിനുടയോന്റെ ലൈംഗികാതിക്രമങ്ങള്‍ക്ക്‌ ഇരയാകേണ്ടി വരിക, അവന്റെ ലൈംഗികമിത്തുകളില്‍ കമ്പക്കാരിയും ലൈംഗികാസക്തയുമായി ചിത്രീകരിക്കപ്പെടുക തുടങ്ങി എത്രയോ പാഠങ്ങള്‍ ഇതിനെക്കുറിച്ച്‌ രൂപപ്പെട്ടിരുന്നു. ഇവയില്‍ പലതും ഇന്ന്‌ തിരുത്തപ്പെട്ടു കഴിഞ്ഞുവെങ്കിലും അതിന്റെ ഗുപ്‌തനിലകള്‍ ശേഷിക്കുന്നുണ്ട്‌. ഇങ്ങനെ പല തരത്തില്‍ വ്യാഖ്യാനക്ഷമമായ ശരീരത്തിന്റെ രാഷ്‌ട്രീയം ദളിത്‌ പെണ്‍കവിതകളുടെ ഉയിരാണ്‌. വീട്ടുപണിക്കും വിടുപണിക്കും ഉപകരണമാകുന്നതിലും ഈ ശരീരം ചരിത്രപരമായ പങ്കുവഹിച്ചിട്ടുണ്ട്‌, ദളിത്‌സ്‌ത്രീ കവിതയെഴുതുമ്പോള്‍ ശരീരത്തിന്റെ ഉപയോഗപരവും ഉപഭോഗപരമായ ചരിത്രഘട്ടങ്ങളെ നോക്കിക്കാണുകയും എഴുതുകയും ചെയ്യുന്നുണ്ട്‌.

``നിന്റെ കൊട്ടാരത്തിന്റെ
ആരും കാണാമൂലയില്‍
കുറ്റിച്ചൂലിനും കുപ്പത്തൊട്ടിക്കുമൊപ്പം
ഞാനൊളിപ്പിച്ചുവച്ച അപകര്‍ഷതകളെയും
നിറപ്പകിട്ടുള്ള ഉടുപ്പുകളണിഞ്ഞ്‌
ചിത്രശലഭങ്ങളാകും'' 
                      (ഇറങ്ങിപ്പോകുന്നവള്‍ - അമ്മു ദീപ)
``ഞങ്ങളുടെ വീട്ടില്‍
ടി.വി.യോ ഫ്രിഡ്‌ജോ മിക്‌സിയോ
ഗ്രൈന്‍ഡറോ എല്‍.പി.ഗ്യാസോ
അയണ്‍ ബോക്‌സോ 
ഒന്നുമുണ്ടായിരുന്നില്ല.
എന്നിട്ടും എനിക്കുമുന്‍പേ
അമ്മയ്‌ക്കിതൊക്കെ പ്രവര്‍ത്തിപ്പിക്കാനറിയാം
കാരണം
മാധവിക്കുട്ടിയുടെ
കഥകളിലേതു പോലെയോ
എം.ടി.യുടെ സിനിമകളിലേതുപോലെയോ
ജാനു എന്ന വേലക്കാരിയാണവള്‍''
                                     (മുന്‍പേ പറന്നവള്‍ - വിജില)

മുന്നെഴുത്തുകളെ അപനിര്‍മ്മിക്കുന്ന പരിഹാസത്തിന്റെയും വിമര്‍ശനത്തിന്റെ മുനകള്‍ ഉള്ള ശരീര - സ്വത്വരാഷ്‌ട്രീയ പാഠം വിജിലയുടെ കവിതയിലുണ്ട്‌.

ജീവിത ഇടങ്ങള്‍ സാമ്പത്തിക രാഷ്‌ട്രീയത്തില്‍ പ്രധാന കാര്യമാണ്‌. ജീവിതത്തിന്റെ പുറമ്പോക്കുകളില്‍ നിന്ന്‌ കോളനികളിലേയ്‌ക്ക്‌ താമസം പരുവപ്പെടുത്തിയതെങ്ങനെയാണ്‌. ജാതിസാമുദായിക വിഭാഗങ്ങള്‍ ഇടകലര്‍ന്നു ജീവിക്കുന്നതിനു പകരം ലക്ഷംവീടു കോളനികളിലെ താമസക്കാരിലെങ്ങനെയാണ്‌ സംവരണം ഉണ്ടായത്‌. ഭൗതിക വിഭവങ്ങള്‍ തീരെ കുറഞ്ഞ തരിശിടങ്ങള്‍ ദളിത്‌ വിഭാഗക്കാരുടെ താമസ ഇടമായി മാറിയതെങ്ങനെ? നമ്മുടെ ഭൂവിതരണത്തിലും കയ്യടക്കലിലും സംഭവിച്ച അസമതയുടെ പ്രശ്‌നങ്ങള്‍ ദളിത്‌ പെണ്‍കവിതയില്‍ കടന്നുവരുന്നുണ്ട്‌. അംബിക പ്രഭാകരന്റെ ``എന്റെയും അവന്റെയും അവളുടെയും'' എന്ന കവിതയിലെ ജീവിതത്തില്‍ ഈ വിഷയവും ഉണ്ട്‌. 

``എന്റെയും അവന്റെയും അവളുടെയും
ജനനങ്ങള്‍ക്ക്‌ മുന്‍പ്‌
ഞങ്ങളുടെ കോളനി രൂപപ്പെട്ടു
നാലു സെന്റില്‍ ഒരു വീട്‌ രണ്ടു കുടുംബത്തിനു
വീതിച്ചത്‌
അങ്ങനെ മുപ്പത്തിരണ്ടു കുടുംബങ്ങള്‍''

കോളനിജീവിതത്തിനിടയിലെ പ്രേമങ്ങള്‍, അവിടെയും പ്രവര്‍ത്തിക്കുന്ന ശരീരത്തെക്കുറിച്ചുള്ള മുന്‍വിധികള്‍ എന്നിവ അംബിക വിഷയമാക്കുന്നു. ആഖ്യാനഭാഷയും വിഷയവും ശരീരസംബന്ധിയായ മുന്‍വിധികളും ഒക്കെക്കൊണ്ട്‌ ഈ കവിത നിര്‍മ്മിക്കുന്ന പാഠം പ്രധാനപ്പെട്ടതാകുന്നു.
 
എന്നാല്‍ `മുദിത' എന്ന സമാഹാരം മുന്നോട്ടുവയ്‌ക്കുന്നത്‌ ശരീരത്തിന്റെയും ജാതീയതയുടെയും അടയാളങ്ങളാല്‍ അങ്കനം ചെയ്യപ്പെട്ട ജീവിതങ്ങള്‍ മാത്രമല്ല. സാമാന്യമായ ജീവിതത്തിന്റെയും മാനകീകരിക്കപ്പെട്ട ജീവിതനിലകളുടെയും ചുറ്റുവട്ടത്തുനിന്നുകൊണ്ട്‌ എഴുതുന്നവയുമുണ്ട്‌. വിജില ചിറപ്പാടിന്റെ `പെണ്‍ക്രിയകളുടെ പ്രസാധനം' ദളിത്‌ ജീവിതത്തിന്റേതുമാത്രമായ ഒന്നല്ല; സാമാന്യമായ പെണ്‍ജീവിതത്തിന്റെ ആഖ്യാനം കൂടിയാണ്‌. 

``ചേച്ചിയെ പകര്‍ത്തി എഴുതിക്കൊണ്ട്‌
കൗമാരം കടന്നുപോയി
വിവാഹം അവളെ
അടുക്കളെയെന്ന്‌ പരിഭാഷപ്പെടുത്തി
പൊള്ളലുകളും മുറിവുകളും 
അവളെ ചിത്രകാരിയാക്കി
..........................................................
...........................................................''

ഒരുപാടു പെണ്ണുങ്ങള്‍ തങ്ങളുടെ ജീവിതത്തെ പ്രസാധനം ചെയ്യുന്ന കാഴ്‌ച ഇതിലുണ്ട്‌. 

``ഒളിച്ചതല്ല എനിക്കറിയാം
പൊടിമണം കൊതിപ്പിച്ച പാമ്പിനെപ്പോലെ
ചൂടുള്ള മണലില്‍ നീ പൂണ്ടുകിടന്നു
തലതാഴ്‌ത്തിയിട്ടും നിന്റെ വാല്‍ ആടിക്കൊണ്ടിരുന്നു
ശല്‍ക്കങ്ങള്‍ എന്നോടുള്ള കൊതികൊണ്ട്‌
ഇളകിത്തെറിച്ചുകൊണ്ടിരുന്നു.
ഒരു മേഘഗര്‍ജ്ജനം ഭയക്കുന്നെങ്കിലും
നിന്റെ ഉടല്‍ എന്റെ മുന്നില്‍ക്കിടന്ന്‌
പുളഞ്ഞുകൊണ്ടിരുന്നു. 
അന്നവും ശ്വാസവും കിട്ടാത്ത ജീവന്‍ പോലെ 
നീ നിന്റെ പ്രണയം തെളിയിച്ചുകഴിഞ്ഞു'' 
                                          (ഉടല്‍ക്കലര്‍പ്പ്‌ - അനിത എം.എ)

ഇവിടെ ശരീരം, കാമം, അനുരാഗം, അഭിനിവേശം എന്നിവയെല്ലാം മണലില്‍ ഉടലൊളിപ്പിച്ച പാമ്പിലൂടെ പറയുന്നുണ്ട്‌. ആസക്തിയുടെ പുളയലും പുനയലും ഉള്ള ഈ വരികള്‍ തീവ്രകാമനയുടെ അടയാളങ്ങളാണ്‌. ഈ കവിതപോലെ പല കവിതകളും ദളിത്‌ പെണ്‍ കവിതാ സമാഹാരം എന്ന തലക്കെട്ടിലല്ല പുറത്തുവന്നതെങ്കില്‍ അപ്രകാരം വായിക്കപ്പെടണമെന്നില്ല. ഇതൊരു ന്യൂനതയോ മികവോ ആയിട്ടല്ല ഇവിടെ ചൂണ്ടിക്കാട്ടിയത്‌. ഇങ്ങനെയുള്ളതും കൂടിയാണ്‌ കവിത. അതില്‍ ജാതീയതയുടെയും ലിംഗവിവേചനത്തിന്റെയും പ്രാദേശികതയുടെയുമൊക്കെ ചിഹ്നങ്ങളും ഭാഷയും ഉണ്ടായിരിക്കുമ്പോള്‍ത്തന്നെ അവയെ അട്ടിമറിക്കുന്ന ഘടകങ്ങളും ഉണ്ടാകാം. അത്‌ സര്‍ഗ്ഗാത്മകതയുടെ കളികളില്‍ പെടുന്ന കാര്യമാണ്‌.

ജീവിതത്തെ എഴുതുന്ന വിധവും ഭാഷയും ശൈലീവല്‍ക്കരിക്കപ്പെട്ടതും കാനോനീകരിക്കപ്പെട്ടതുമല്ലെന്ന രീതിശാസ്‌ത്രം `മുദിത'യുടെ ഏറ്റവും വലിയ പ്രത്യേകതയാണ്‌. ഐറണികളും പരന്ന ആഖ്യാനങ്ങളും മുറിവാക്കുകളും സൂക്ഷ്‌മ പരിഹാസങ്ങളും ചൂഴ്‌ന്ന നോട്ടങ്ങളും കൊണ്ട്‌ ആണധികാരത്തെയും ജാത്യാധികാരത്തെയും പ്രശ്‌നവല്‍ക്കരിക്കുന്ന രചനകള്‍ ഈ സമാഹാരത്തിലുണ്ട്‌. എന്നാല്‍ ഇങ്ങനെയല്ലാത്തവയും ഇതിലുണ്ട്‌. ഇത്തരം ബഹുസ്വരത ഇതിന്റെ സ്വത്വത്തെ നിര്‍ണ്ണയിക്കുന്നു. വിജില ചിറപ്പാട്‌, അംബിക പ്രഭാകരന്‍, അമ്മു ദീപ, രാധാമണി എം.ആര്‍, പി.ലിസ, സുനിത തോപ്പില്‍, അജിത, അനിത എം.എ തുടങ്ങിയ എഴുത്തുകാരികള്‍ അവരുടെ ലോകങ്ങളെ കണ്ടെത്തുന്ന വിധവും പറയുന്ന വിധവും കൂടുതല്‍ പഠനവിധേയമാക്കേണ്ടതാണ്‌. വരുംകാല മലയാളകവിത ഇവര്‍ നിര്‍മ്മിക്കുന്ന അനുഭവരേഖകള്‍ കൊണ്ടുകൂടി പിടഞ്ഞുനില്‍ക്കും. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും