സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

പ്രേമത്തിന്റെ പ്രവൃത്തി മണ്‌ഡലങ്ങള്‍

മ്യൂസ്‌ മേരി ജോര്‍ജ്ജ്‌



ഒരേസമയം സ്‌ത്രൈണമായിരിക്കുകയും എന്നാല്‍ സ്‌ത്രൈണമെന്നതിന്റെ സാമാന്യ പരികല്‌പനകളെ നിരസിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന എഴുത്തിനെക്കുറിച്ച്‌  വെര്‍ജീനിയാവുള്‍ഫ്‌ പറയുന്നു. അപ്പോള്‍ സ്‌ത്രൈണമെന്നത്‌ ഏകശിലാരൂപത്തിലുള്ള ഒന്നല്ലാതെയാകുന്നു. അതു സന്ദിഗ്‌ദ്ധമായ പാഠങ്ങളെ ഉല്‌പാദിപ്പിക്കുന്നതാകുന്നു. സന്ദിഗ്‌ദ്ധമായ ഈ നില സ്‌ത്രൈണമെന്ന സ്ഥിതിപരികല്‌പനയെ പ്രശ്‌നവല്‍ക്കരിക്കുന്നു. അഴിച്ചു പണികളും പുനര്‍നിര്‍മ്മിതികളും സാധ്യമാകുന്ന ഒന്നായി സ്‌ത്രൈണം എന്ന വ്യവസ്ഥ മാറുന്നു. സ്‌ത്രൈണമോ പൗരുഷമോ എന്നിങ്ങനെ എന്തായാലും അവ നിര്‍മ്മിക്കപ്പെടുന്ന ഒന്നാണ്‌. സാമൂഹ്യാനുഭവങ്ങളിലൂടെ അര്‍ത്ഥം ഉല്‌പാദിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌ സംസ്‌കാരം ചെയ്യുന്നത്‌. അപ്പോള്‍ സ്‌ത്രൈണമെന്നത്‌ ഒരു സംസ്‌കാരനിര്‍മ്മിതിയാണ്‌. ഈ നിര്‍മ്മിതിയെ അസ്ഥിരമാക്കുകയും പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്യുന്നതാണ്‌ കെ. സരസ്വതിയമ്മയുടെ കഥകള്‍.

സ്‌ത്രീയുടെ ബുദ്ധിശക്തി, ലൈംഗികമായ കര്‍തൃത്വം, പ്രണയകാമനകള്‍, ദാമ്പത്യത്തിലെ ഭാഗധേയം എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ സരസ്വതിയമ്മയുടെ കഥകള്‍ വ്യത്യസ്‌തമായ അഭിപ്രായങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌. അവരെ സംബന്ധിച്ച്‌ കഥയെന്നത്‌ ഏകഭാഷണഘടനയിലുള്ളതല്ല. മിക്കവാറും കഥകളിലൊക്കെയും വിപരീതാഭിപ്രായക്കാരായ രണ്ടു പേര്‍തമ്മിലുള്ള സംഭാഷണത്തിന്റെ ഘടന സ്വീകരിച്ചിരിക്കുന്നു. ഈ സംഭാഷാണാത്മകത ഒറ്റയൊരര്‍ത്ഥത്തില്‍ കെട്ടിയ കുറ്റിയില്‍ കിടന്നു കറങ്ങുന്ന ഒന്നല്ലാതെ കഥയെ ഇരുവശങ്ങളിലേയ്‌ക്ക്‌ ചലിച്ചു കൊണ്ടിരിക്കുന്നതാകുന്നു. ഇത്തരമൊരു ആഖ്യാനസമ്പ്രദായം കഥയുടെ കേന്ദ്രത്വത്തെ അസ്‌തിരമാക്കുന്നതായി കാണാന്‍ സാധിക്കും.

സരസ്വതിയമ്മയുടെ കഥകളില്‍ പ്രസിദ്ധമായ ഒന്നാണ്‌ `പെണ്‍ബുദ്ധി'. പെണ്‍ബുദ്ധിയെ സംബന്ധിച്ച്‌ നമ്മുടെ നാട്ടില്‍ രൂഢമൂലമായ ചില ധാരണകളുണ്ട്‌. `പെണ്‍ബുദ്ധി പിന്‍ബുദ്ധി', `പെണ്‍ചൊല്ലു കേള്‍ക്കുന്നവന്‍ പെരുവഴിയില്‍' തുടങ്ങിയ ചില മാതൃകകള്‍ മാത്രം ഏതായാലും സമയത്തുപകരിക്കാത്തതും ആളുകളെ - പുരുഷന്‍മാരെ അപകടത്തിലേയ്‌ക്ക്‌ പ്രവേശിപ്പിക്കുന്നതുമായ പ്രയോജനരഹിതവും ഉപദ്രവകാരിയുമായ ഒരു പദാര്‍ത്ഥമാണ്‌ പെണ്‍ബുദ്ധിയെന്നത്‌ പ്രസിദ്ധമാണ്‌. പെണ്‍ബുദ്ധിയെ നിസ്സാരീകരിക്കാനുള്ള ഈ വെമ്പലില്‍ ബുദ്ധിയുള്ള പെണ്ണിനെക്കുറിച്ച്‌ അബോധമനസ്സില്‍ സൂക്ഷിക്കുന്ന ഭയങ്ങളുടെ പ്രകടനമുണ്ട്‌. പരാശ്രിയമായി ജീവിക്കുകയും ലൈംഗികമായി നിഷക്രിയകര്‍തൃത്വം പാലിക്കുകയും ചെയ്യേണ്ടുന്ന പെണ്ണത്ത വിചാരങ്ങളോട്‌ ചേര്‍ത്തുവച്ചിട്ടണ്‌ പെണ്‍ബുദ്ധിയെ സംബന്ധിച്ച മുന്‍വിധികള്‍ പ്രസക്തമാകുന്നത്‌. ഇത്തരമൊരു പാരമ്പര്യത്തിന്‍മേലാണ്‌ `പെണ്‍ബുദ്ധി' ഇടപെടുന്നത്‌. ബുദ്ധിമതിയായ വിലാസിനിയാണ്‌ കഥാനായിക. ``ഇത്ര ബുദ്ധിശക്തിയുള്ള പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, അതു വെറുതെ പോകാനാണ്‌ വിധി''. വിലാസിനിയുടെ ബുദ്ധിയെ സംബന്ധിച്ച്‌ അവളുടെ സ്‌കൂള്‍ പഠനകാലത്ത്‌ അധ്യാപകര്‍ നടത്തുന്ന നിരീക്ഷണമാണിത്‌. 

ബുദ്ധിശക്തിയും സ്വാതന്ത്ര്യബോധവുമുള്ള പെണ്‍കുട്ടിയുടെ പെരുമാറ്റങ്ങളില്‍ ആരോപിക്കപ്പെടാവുന്ന സ്വാഭാവദൂഷ്യാരോപണങ്ങള്‍ വിലാസിനിയും കേള്‍ക്കുന്നു. ടൈപ്‌റൈറ്റിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ക്ലാസുകള്‍ അവസാനിക്കുന്ന സമയത്തെ സോഷ്യലില്‍ `പുരുഷത്വം തികഞ്ഞ സ്‌ത്രീ' എന്ന്‌ പലരും വിശേഷിപ്പിച്ചു. എന്നാല്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്ന്‌ അന്നപൂര്‍ണ്ണിയെപ്പോലുള്ളവര്‍ ``ലാസിയെപ്പോലെ സ്‌ത്രീത്വം ഞാന്‍ ഒറ്റ ഒരുത്തിയിലും കണ്ടില്ല. എന്തിനാണിങ്ങനെ ലാസി അന്യരെ തെറ്റിദ്ധരിപ്പിക്കുന്നത്‌''. ഓരേ ആളിനെക്കുറിച്ച്‌ ഇപ്രകാരം രണ്ടഭിപ്രായം ഉന്നയിക്കപ്പെടുന്നതില്‍ അവളുടെ ശരീരവും ബുദ്ധിയും വേറിട്ടുകാണുന്നതിന്റെ സംഘര്‍ഷം പ്രകടമാണ്‌. പെണ്ണിന്റെ ശരീരവും കാമനകളും ഉള്ളതുകൊണ്ടാണ്‌ പലരും അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നത്‌. യുക്തിപൂര്‍വ്വമായും തന്റേടത്തോടെയും മറുപടി പറയുന്നതുകൊണ്ടാണ്‌ അവളെ പുരുഷത്വമുള്ള സ്‌ത്രീ എന്നു വിശേഷിപ്പിക്കുന്നത്‌. ചപലത, അടിക്കടി നടത്തുന്ന കണ്ണീരൊഴുക്കല്‍, ഏതുവിധമെങ്കിലും വിവാഹ ജീവിതം തരപ്പെടുത്തിയെടുക്കാനുള്ള ആഗ്രഹം എന്നിവയൊന്നും വിലാസിനിയുടെ ജീവിതത്തില്‍ ഇല്ല. എന്നാല്‍ പലരും അവളിലേയ്‌ക്ക്‌ ലൈംഗികമായി ആകര്‍ഷിക്കപ്പെടുന്നുമുണ്ട്‌. അങ്ങനെ സ്‌ത്രീയെന്നത്‌ ശരീരം മാത്രമാണോയെന്ന ചോദ്യത്തിന്‌ ബുദ്ധിയെന്ന ഏകകം കൊണ്ട്‌ മറുചോദ്യം ഉന്നയിക്കുന്നു.

ഈ കഥയെ ഇത്തരം വ്യത്യസ്‌തമായ നിലപാടുകള്‍ മാത്രമല്ല അപകേന്ദ്രീതമാക്കുന്നത്‌. കഥാന്ത്യത്തില്‍ ബുദ്ധിശക്തിയുള്ള രണ്ടുകൂട്ടുകാരികള്‍ തമ്മിലുള്ള സംഭാഷണം ഉണ്ട്‌. വിലാസിനിയും വിജയലക്ഷ്‌മിയുമാണ്‌ സുഹൃത്തുക്കള്‍. ബുദ്ധിശക്തിയുള്ള വിലാസിനിയുടെ അഭിപ്രായം പ്രണയത്തിന്റെ കാര്യത്തില്‍ പല കൂട്ടുകാരികളും ആരായുന്നുണ്ട്‌. ``ശാശ്വതവും ദിവ്യവുമായ പ്രേമത്തിന്റെ ശക്തിയെപ്പറ്റി പ്രസംഗിച്ചപ്പോള്‍ വിലാസിനി അത്ഭുതത്തോടെ പറഞ്ഞു. എനിക്കിതു തീരെ മനസ്സിലാകുന്നില്ല. നശ്വരമായ ശരീരത്തിന്റെയും ലൗകികമായ വിവാഹത്തിന്റെയും ആവശ്യമെന്താണ്‌.'' വരുന്നതെന്തും സഹിക്കാമെന്ന ഉറപ്പോടെ സ്വന്തം ഹൃദയത്തിന്റെയും ഇന്‍സ്റ്റിക്ക്‌റ്റിന്റെയും (അന്തഃപ്രേരണ) ഹിതത്തിനു വിട്ടുകൊടുക്കുക എന്നേ എനിക്കു പറയാനുള്ളൂ'' പ്രേമത്തെ ബുദ്ധിശക്തികൊണ്ട്‌ വിശകലനം ചെയ്യുകയും തീര്‍പ്പുകളിലെത്തുകയും ചെയ്യുന്ന വ്യവഹാരതലം ഇവിടെ കാണാവുന്നതാണ്‌. ബുദ്ധിയെക്കുറിച്ചുള്ള ചര്‍ച്ച കഥയില്‍ അവസാനിക്കുമ്പോള്‍ `തലച്ചോറുള്ള സ്‌ത്രീ നിയമമല്ല, അപവാദമാണ്‌' എന്ന വിജയലക്ഷ്‌മിയുടെ അഭിപ്രായത്തെ തമാശയാക്കുകയും ചിരിക്കുകയും കൊണ്ട്‌ വിലാസിനി അതിനെ ഉറപ്പില്ലാത്തതാക്കുന്നു. വിജയലക്ഷ്‌മി - വിലാസിനി സംഭാഷണം നിലവിലുള്ള പാഠത്തെ അപനിര്‍മ്മിക്കാനുള്ള ശ്രമമാണ്‌. ബുദ്ധിശക്തിയുള്ള സ്‌ത്രീത്വത്തെ മാത്രമല്ല, പ്രേമത്തെയും പ്രയോഗത്തെയും സംവാദത്മമാക്കുന്ന കഥയാണ്‌ പെണ്‍ബുദ്ധി. ശരീരത്തിന്റെ ആവശ്യങ്ങളെ ബുദ്ധികൊണ്ടളക്കുന്ന വിലാസിനി പ്രേമത്തെ സംവാദാത്മകമായി നിലനിര്‍ത്തുന്നു. പെട്ടെന്ന്‌, ഒരു പാഠത്തിലേയ്‌ക്ക്‌ ചെന്നു വീഴാതിരിക്കുകയും ചെയ്യുന്നു.

പ്രേമത്തിന്റെ പ്രവൃത്തിമണ്‌ഡലം എന്നകഥയിലും പ്രേമമെന്നത്‌ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു ജ്ഞാന വിഷയമാകുന്നു. പ്രേമമെന്നത്‌ ശരീരതൃഷ്‌ണകളുടെ പൂരണം മാത്രമാണോ? ശരീരതൃഷ്‌ണകളെ ആദര്‍ശവല്‍ക്കരിക്കുന്ന തരം കള്ളത്തരം നിലവിലുള്ള പ്രേമവ്യവഹാരങ്ങളിലില്ലേ, എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്‌ പ്രേമത്തിന്റെ പ്രവൃത്തിമണ്‌ഡലം തിട്ടപ്പെടുത്തുന്നത്‌. പരിഹാസവും മുനയുള്ള ചിരിയും, വ്യാജകാല്‍പനികവല്‍ക്കരണത്തോടുള്ള എതിര്‍പ്പും പ്രേമത്തിന്റെ പ്രവൃത്തിമണ്‌ഡലത്തിലുണ്ട.്‌ ശരീരത്തിന്റെ ലൈംഗികാര്‍ഷണങ്ങളും ആകര്‍ഷണങ്ങളും മാത്രമായി പ്രേമം പ്രവൃത്തിക്കുകയും അതിലൂടെ സ്‌ത്രീയുടെ ബൗദ്ധിക- വൈകാരിക തലങ്ങള്‍ വക്രീകരിക്കപ്പെടുകയും ചെയ്യുന്നതിനെ അപഗ്രഥിച്ചുകൊണ്ടാണ്‌ ദേവകി-മാലതി സംഭാഷണം മുന്നോട്ടുപോകുന്നത്‌ നാലാമതും ഗര്‍ഭിണിയായിരിക്കുന്ന മാലതിയോടാണ്‌ ഇത്‌ പ്രേമത്തിന്റെ എത്രാമത്തെ വാര്‍ഷികപ്പതിപ്പാണ്‌ എന്ന്‌ ദേവകി ചോദിക്കുന്നു. `യുദ്ധം തീരുമ്പോഴേയ്‌ക്കും ജനസംഖ്യയില്‍ ഒട്ടും കുറവുണ്ടാകരുതെന്ന നിഷ്‌ക്കര്‍ഷയുള്ള മനുഷ്യരുടെ കൂട്ടത്തിലാണല്ലോ മാലതിയും ഭര്‍ത്താവും'' എന്ന്‌ ദേവകി പറയുമ്പോള്‍ കാമപൂരണയത്‌നങ്ങളെയും സന്താനോല്‌പാദനത്തെയും പ്രേമവുമായി ചേര്‍ത്തു വയ്‌ക്കുന്നതിനോടുള്ള വിയോജിപ്പ്‌ പ്രകടമാകുന്നു. വിവാഹത്തിനു മുന്‍പ്‌ ഗര്‍ഭിണിയായ മാലതി അതിന്റെ പേരില്‍ നെഞ്ചുരുകി നടന്ന കാലത്തെ ദേവകി ഓര്‍മ്മിപ്പിക്കുന്നു. ``സമുദായത്തിന്റെ അനുമതികൂടാതെ പ്രേമം പ്രവൃത്തിമണ്‌ഡലത്തിലെത്തിച്ചാല്‍ അപ്പോഴതിന്‌ ആദ്യത്തെ അക്ഷരം മാറ്റിപ്രയോഗിക്കുകയെന്ന കുരുത്തക്കേട്‌ എല്ലാ മനുഷ്യര്‍ക്കുമില്ലേ? കാമമെന്നു പറയുമെന്നാണോ? അതേ, ഞാനും ആ അഭിപ്രായക്കാരിയാണെങ്കിലും സമുദായനടപ്പിനെ എതിര്‍ക്കാനൊന്നു ശ്രമിച്ചതിന്‌ നിങ്ങളെ അഭിനന്ദിക്കാനാണെനിക്കു തോന്നുന്നത്‌''. പ്രേമത്തെയും ശരീരത്തിന്റെ ജൈവികതയെയും അതില്‍ സ്‌ത്രീശരീരത്തെക്കുറിച്ചുള്ള സദാചാരനിഷ്‌കര്‍ഷയെയുമെല്ലാം ഈ കഥ പ്രശ്‌നവല്‍ക്കരിക്കുന്നു. ``മാലതി സഹതാപ സ്വരത്തില്‍ പറഞ്ഞു - ഞാനിത്രയൊക്കെ പറഞ്ഞിട്ടും ദേവകിക്കു പ്രേമത്തിന്റെ ശക്തിയില്‍ വിശ്വാസം വന്നില്ലേ? ദേവകി ബുക്കുകള്‍ രണ്ടും കയ്യിലെടുത്തു. വെറു പ്രേമത്തെപ്പറ്റി നമ്മെന്തു പറഞ്ഞു. പ്രേമത്തിന്റെ പ്രവൃത്തിമണ്‌ഡലത്തെപ്പറ്റിയല്ലേ ഇത്രനേരം പറഞ്ഞത്‌''. ശരീരത്തെ അടിസ്ഥാനമാക്കി പ്രേമത്തിന്റെ വ്യവഹാരമണ്‌ഡലത്തെ നിര്‍ണ്ണയിക്കുന്ന ധാരണകളെ ഈ കഥ പ്രശ്‌നകേന്ദ്രത്തില്‍ നിര്‍ത്തുന്നു. പ്രേമിക്കുന്നവരായിരിക്കെ, പ്രേമിക ഗര്‍ഭിണി യാകുമ്പോള്‍ കുട്ടിയെ ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിക്കുക, ഒടുവില്‍ വിവാഹം ചെയ്‌തുകഴിയുമ്പോള്‍ അതിനെ പ്രേമത്തിന്റെ വിജയമകുടമായി കണക്കാക്കുക, എന്നിങ്ങനെയുള്ള സാധാരണകാര്യങ്ങളെ അവയുടെ പ്രശ്‌നപരിസരത്തു നിന്നെടുത്ത്‌ സംവാദമാക്കാന്‍ ദേവകി ശ്രമിക്കുന്നു. ഫലിതവും വിപരീതാര്‍ത്ഥ പ്രയോഗങ്ങളുമൊക്കെ കഥാഘടനയെ അകാല്‌പനികമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. പ്രേമത്തെക്കുറിച്ചുള്ള വ്യാജകാല്‌പനികവല്‍ക്കരണങ്ങളെയും അയഥാര്‍ത്ഥമായ ആദര്‍ശവല്‍ക്കരണങ്ങളെയും വിമര്‍ശവിധേയമാക്കുന്ന കഥയാണിത്‌.

രമണി എന്നകഥ സരസ്വതിയമ്മയുടെ കഥാലോകത്ത്‌ ഏറെ ശ്രദ്ധേയമായ ഒന്നാണ്‌. ചങ്ങമ്പുഴയുടെ രമണന്റെ ബദലാണ്‌ രമണി. രമണനിലൂടെ ചന്ദ്രികയുടെ പ്രേമവഞ്ചന കൊട്ടിപ്പാടി നടന്നവരാണ്‌ മലയാളികള്‍ എന്നാല്‍ ഇതിനു വിപരീതമായി എത്രയോ രമണന്‍മാരുടെ ചതിക്കും പ്രേമപ്രകടനങ്ങള്‍ക്കും ഇരയായി ജീവനും മാനവും വെടിയേണ്ടിവന്ന രമണിമാര്‍ എത്രയധികമുണ്ടാകും. അവരുടെ നിശബ്‌ധതകള്‍ക്കും മൗനങ്ങള്‍ അര്‍ത്ഥം കൊടുക്കാനാണ്‌ `രമണി' എന്ന കഥ ശ്രമിക്കുന്നത്‌. മറ്റു പല കഥകളിലുമെന്നപോലെ ഈ കഥയിലും സംവാദമുണ്ട്‌. കൂട്ടുകാരികള്‍ തമ്മിലുള്ള സംഭാഷണമാണ്‌ കഥയെ രാഷ്‌ട്രീയവ്യവഹാരമാക്കുന്നത്‌. പ്രേമത്തിന്റെ കാല്‌പനിക മാധുര്യത്തിനും വിഷാദത്തിനുമപ്പുറം അത്‌ സ്‌ത്രീയുടെ സാമൂഹ്യാന്തസ്സിനെയും ശരീരത്തിന്റെ ജൈവീകനിലകളെയും കൂടിചൂഴ്‌ന്നു നില്‍ക്കുന്നതാണെന്നും കഥ വ്യക്തമാക്കുന്നു. പുരുഷന്റെ ഇക്കാര്യത്തിലുള്ള ഒളിച്ചുകളികള്‍ സ്‌ത്രീയുടെ നിലനില്‍പിനെത്തന്നെ അപായപ്പെടുത്തുന്നതാണെന്നും കഥ ഉറപ്പിച്ചു പറയുന്നു. പ്രേമമെന്നത്‌ കേവലമൊരു ലാവണ്യാനുഭൂതി അല്ലെന്നും അത്‌ സാംസ്‌കാരികമായ അര്‍ത്ഥതലങ്ങളുള്ളതാണെന്നും കഥ ഉന്നയിക്കുന്നു.

സ്‌ത്രീ എഴുതുമ്പോള്‍ കാലാകാലങ്ങളായി വ്യാഖ്യാനിച്ചു വച്ചിരുന്ന പലശിലാലിഖിതങ്ങളും ലവണരേഖയായി മാറ്റപ്പെടുന്ന കാഴ്‌ച എഴുത്തിന്റെ ചരിത്രത്തിലുണ്ട്‌. ഇരട്ട ശബ്‌ദത്തിലുള്ള ഉച്ചാരണം (Double voiced interence)ആണ്‌ സ്‌ത്രീയുടെ എഴുത്തെന്ന്‌ എലൈന്‍ ഷൊവാല്‍ട്ടര്‍ പറയുന്നു. സരസ്വതിയമ്മയുടെ കഥകളില്‍ ഇരട്ടനാവിന്റെ ഉല്‍ഘോഷണങ്ങള്‍ നാം ആവര്‍ത്തിച്ചുകേള്‍ക്കുന്നു. നിലവിലുള്ള പാഠങ്ങളുടെ ഉച്ചാരണങ്ങളും പ്രതിപാഠങ്ങളുടെ കലഹങ്ങളും കഥയില്‍ ഇരട്ട ആഖ്യാനരേഖകളെ നിര്‍മ്മിക്കുന്നു. ഇതിലൂടെ ഒറ്റ അര്‍ത്ഥത്തിന്റെ കല്ലെഴുത്തുകള്‍ക്കു പകരം അതിനെ മായിച്ചുകളയുന്ന പുത്തന്‍ രേഖകളും കോറിയിടപ്പെടുന്നു. അതുവഴി സ്‌ത്രീയുടെ പ്രേമം ലൈംഗികത, എന്നിവയെല്ലാം സംവാദാത്മകമാക്കി നിലനിര്‍ത്താന്‍ സാധിക്കുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും