സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

പാട്ടുവന്നുതൊട്ടപ്പോള്‍

മ്യൂസ്‌മേരി



എന്നെ സംബന്ധിച്ചിടത്തോളം ഇന്ദ്രിയജ്ഞാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ ഗന്ധങ്ങളാണ്‌. അറിവ്‌ അനുഭൂതിയാകുന്ന അനുഭവങ്ങളാണ്‌ മണങ്ങളുടെ ലോകം. എന്നാല്‍ കേള്‍വിയും അറിവാണല്ലോ, അനുഭവം അറിവാകുന്ന ഇടമാണതും. ചില പാട്ടുകളുടെ ഓര്‍മ്മ പാടിയ കാലത്തെക്കുറിച്ചുള്ള ചില ഓര്‍മ്മകളുടെ സൂക്ഷിപ്പും കൂടിയാണ്‌. 

തുഷാരം സിനിമയിലെ പാട്ടുകള്‍ ഞങ്ങളുടെ നാട്ടില്‍ ഹിറ്റായിരുന്നു. വിജയന്‍ സാബു എന്ന സ്‌കൂള്‍ ഗായകന്‍ പുതിയ പാട്ടുകള്‍ ഓരോ പ്രോഗ്രാമിനും പാടുമായിരുന്നു. അങ്ങനെ വിജയന്‍ സാബു തുഷാരത്തിലെ പാട്ട്‌ ഞങ്ങളുടെ സ്‌കൂളില്‍ പാടി. `
`മഞ്ഞേ വാ, മധുവിധുവേള നെഞ്ചില്‍ താ 
കുളിരലമാല മാരന്‍ മാറോടണച്ചു 
നിന്‍ കാതില്‍ പറഞ്ഞു പുന്നാരം 
കനലൊളി ചുണ്ടത്തെന്തേ കുളിരല, 
കരളില്‍ വിളഞ്ഞതെന്തേ രതികല'' - വിജയന്‍ സാബുവിന്റെ പാട്ടു തുടങ്ങിയപ്പോള്‍ തന്നെ പ്രശ്‌നം ആരംഭിച്ചതാണ്‌. മധുവിധുവേള എന്ന വാക്കു കേട്ടതേ ഹെഡ്‌മിസ്‌ട്രസ്‌ അസ്വസ്ഥയാകാന്‍ തുടങ്ങി. സ്‌കൂളില്‍ പാട്ടുകേള്‍ക്കാനിരിക്കുന്നവര്‍ ഭൂരിഭാഗവും 7-ാം ക്ലാസ്സില്‍ താഴെയുള്ളവരാണ്‌. പാട്ട്‌ മധുവിധുവേളയും കടന്ന്‌ കരളില്‍ വിളഞ്ഞതെന്തേ രതികല, രതികല അതിനപ്പുറത്തേക്ക്‌ കൊണ്ടുപോകാന്‍ വിജയന്‍ സാബുവിന്‌ കഴിഞ്ഞില്ല. ഹെഡ്‌മിസ്‌ട്രസ്‌ ക്രുദ്ധയായി പാട്ടുനിര്‍ത്തിച്ചു. കൊച്ചുകുട്ടികളുടെ മുന്‍പില്‍ രതികല എന്ന വാക്ക്‌ പാടിയത്‌ സദാചാരലംഘനമയി മാറി. പയ്യന്‍സിന്‌ വയറുനിറയെ വഴക്ക്‌ കിട്ടി. ഇന്നും ഈ പാട്ട്‌ കേള്‍ക്കുമ്പോള്‍ എനിക്ക്‌ ചിരിവരും. രതികല ഉണ്ടാക്കിയ പൊല്ലാപ്പ്‌ തമാശയായി ചിരി വളര്‍ത്തും. അവിടെയിരുന്ന ഒറ്റയാള്‍ക്കും ഈ രതികല പിടികിട്ടിയിരുന്നില്ല. ചാടിക്കേറി പാട്ടുനിര്‍ത്തിച്ചപ്പം കാരണമെന്തെന്ന അന്വേഷണത്തില്‍ ആര്‍ക്കെങ്കിലും ആ `വിശുദ്ധജ്ഞാനം' കിട്ടിയിരിക്കാം. മുതിര്‍ന്നവരുടെ കണ്ണില്‍ക്കൂടി മാത്രം നോക്കുമ്പോഴാണ്‌ ഇതു സംഭവിക്കുന്നത്‌. വിജയന്‍ സാബുവിന്‌ തന്റെ പാട്ടിന്റെ പ്രശ്‌നം പിടികിട്ടിയതേയില്ല. വിജയന്‍ സാബുവിന്റെ ശബ്‌ദത്തിന്‌ കാറ്റിന്റെ മുഴക്കമുണ്ടായിരുന്നു. സ്‌കൂള്‍കാലത്തിനു ശേഷം അയാളെ കണ്ടിട്ടേയില്ല. 

``മധ്യവേനല്‍ അവധിയായി, ചിത്രശാല തുറക്കുകയായി.....'' 
എന്ന പാട്ടും 
``ഇത്‌ നയന്റീന്‍ സെവന്റിസെവന്‍ 
പിടക്കോഴി കൂകുന്ന നൂറ്റാണ്ട്‌, പെണ്ണുങ്ങള്‍ കലിതുള്ളും നൂറ്റാണ്ട്‌'' 
പോലുള്ള ഇടിവെട്ട്‌ പാട്ടുകളും ആ പത്തുവയസ്സുകാരന്‍ പാടിയിരുന്നു. നല്ല കറുപ്പുനിറവും എണ്ണ പുരട്ടി ചീകി മിനുക്കിവച്ച മുടിയുമായി നിന്നു പാടുന്ന ആ കൊച്ചുഗായകനാണ്‌ എന്റെ ഒരു പഴയ പാട്ടുകാരന്‍. ക്ലാസ്‌ മുറിയുടെ പൊടിമണവും തടിബഞ്ചിന്റെ ഉളുമ്പു മണവും മൂക്കട്ടയും വേര്‍പ്പും ഒക്കെ കലങ്ങിയ മണമാണ്‌ ഇന്നും ഈ പാട്ടുകള്‍ക്ക്‌. 

അതിനുമുമ്പ്‌ ഞങ്ങളുടെ പ്രൈമറി സ്‌കൂളില്‍ ഒരു പാട്ടുകാരന്‍ ഉണ്ടായിരുന്നു. വിജയന്‍ സാബു. എന്നേക്കാള്‍ രണ്ടുക്ലാസ്‌ മൂത്തതാണ്‌ വിജയന്‍. വിജയന്റെ പാട്ടുകള്‍ കുറച്ചുകൂടി ആഴങ്ങളെ തേടുന്ന ശബ്‌ദത്തിലുള്ളതാണ്‌. ഞങ്ങള്‍ നിലത്തിരുന്നാണ്‌ സ്റ്റേജിലെ പ്രോഗ്രാം കാണുന്നത്‌. വിജയന്റെ മെലിഞ്ഞു നീണ്ട കാലുകളാണ്‌ ആദ്യം കാണുക. കാലിന്‌ ഒരു മീറ്ററിലധികം നീളം കാണുമായിരിക്കും. ട്രൗസറിന്റെ പോക്കറ്റില്‍ കയ്യിട്ട്‌ മെലിഞ്ഞ കാലുകളില്‍ താളം പിടിച്ചാണ്‌ വിജയന്‍ പാടുന്നത്‌. 

``ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി 
രാജകൊട്ടാരത്തില്‍ വിളിക്കാതെ....''. 
മൈക്കൊന്നും ഇല്ലെങ്കിലും ഹാളുമുഴുവന്‍ കേള്‍ക്കാവുന്ന ഗംഭീരശബ്‌ദമാണ്‌ വിജയന്റേത്‌. അയാള്‍ ആരെയും നോക്കില്ല. നേരേ മുന്നിലേക്കു നീട്ടിപ്പിടിച്ച നോട്ടവുമായി ഒറ്റ നില്‍പില്‍നിന്ന്‌ പാടും. 
``മാണിക്യവീണയുമായെന്‍ മനസ്സിന്റെ.....'', 
``രാജരാജന്റെ പക്ഷി രാമായണം കഥ പാടുംപക്ഷി
രാജപക്ഷിക്കൊരു കുഞ്ഞുണ്ടായി 
രാജകുമാരിക്കൊരു കൂട്ടുമായി'' - ഇതൊക്കെ അക്കാലത്തെ ഹിറ്റ്‌ സോങ്‌സ്‌ ആയിരുന്നു. അപൂര്‍വ്വം വീടുകളില്‍ മാത്രം റേഡിയോയും സിനിമാ ക്കൊട്ടകയിലെ പാട്ടുപുസ്‌തകവും മാത്രം ഉണ്ടായിരുന്ന നാളുകളില്‍ ഈ കുട്ടികള്‍ പാട്ടൊക്കെ എങ്ങനെയാണാവോ പഠിച്ചിട്ടുണ്ടാവുക?

പിന്നെ, കുറച്ചു സീനിയറായി ഒരു മേരിക്കുട്ടി ഉണ്ടായിരുന്നു. അവര്‍, ``ഊഞ്ഞാലാ, ഊഞ്ഞാലാ, 
ഓമനക്കുട്ടന്നാലോലം കുളങ്ങരെ......'' 
എന്ന പാട്ടും 
``നിത്യവിശുദ്ധയാം കന്യാമറിയമേ, നിന്‍നാമം.....'', 
``കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന മേച്ചില്‍പ്പുറങ്ങളിലൂടെ 
അന്തിക്കിടയനെ കാണാതലയും ആട്ടിന്‍പറ്റങ്ങള്‍ ഞങ്ങള്‍''
എന്നൊക്കെയുള്ള പാട്ടുകള്‍ പാടിയിരുന്നു. ഒരു ചുളിവും വളവുമില്ലാത്ത നിബിഡമായ കോലന്‍ തലമുടി മെടഞ്ഞിട്ടോ, കുളിപ്പിന്നല്‍ പിന്നിയിട്ടോ, നീളന്‍പാവാടയുമിട്ട്‌ മേരിക്കുട്ടി പാടുമ്പോള്‍ എസ്‌. ജാനകിയുടെ ഓര്‍മ്മയുള്ള ശബ്‌ദം കേട്ടിരുന്നു.

ഹൈസ്‌കൂള്‍ കാലത്തെ പാട്ടുകളൊന്നും ഓര്‍മ്മയില്ല. പിന്നെ പ്രീഡിഗ്രിക്കാലത്തായിരുന്നു പാട്ടുപാടുന്നവരിലൂടെ പാട്ടിനെ തൊടാന്‍ കഴിഞ്ഞത്‌. പ്രീഡിഗ്രി ഇലക്ഷന്‍ കാലത്താണ്‌ പി.എം. രാജനെന്ന കലാകാരനെ കണ്ടത്‌. അയാള്‍ വോട്ടുചോദിച്ചപ്പോള്‍ `പാട്ടുപാടിയാല്‍ വോട്ടുതരാം' എന്നു പറഞ്ഞു. ഏതു പാട്ട്‌ എന്നു ചോദിച്ചപ്പോള്‍, 
``നഷ്‌ടവസന്തത്തിന്‍ തപ്‌തനിശ്വാസമേ 
മുഗ്‌ദ്ധലജ്ജാവതി രൂപലാവണ്യമേ'' 
എന്നപാട്ട്‌ പറഞ്ഞു. ആ പാട്ട്‌ മുഴുവന്‍ പാടി. കൂടാതെ ഓടക്കുഴലിലൂടെയും പാട്ടുകള്‍ ഒഴുകി. കണ്ടാല്‍ വല്യ ഗ്ലാമറോ പണക്കൊഴുപ്പോ ഇല്ലാത്ത രാജന്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചു. അന്ന്‌ കാഞ്ഞിരപ്പള്ളി കോളേജില്‍ എസ്‌.എഫ്‌. ഐ.ക്കു കിട്ടിയ ഏക വിജയമായിരുന്നു അത്‌. കേരള കോണ്‍ഗ്രസ്‌(എം)-ഉം കേരള കോണ്‍ഗ്രസ്‌ (ജെ)-യും കട്ടമത്സരം നടത്തുന്നിടത്ത്‌ രാജന്‍ ഒരു വിസ്‌മയമായി. യൂത്ത്‌ഫെസ്റ്റിവലിലും പ്രോഗ്രാമുകളിലും വിജയലക്ഷ്‌മി രാമമൂര്‍ത്തിയുടെ 
``ഒരു മയില്‍പ്പീലിയായി ജനിക്കുമെങ്കില്‍ കൃഷ്‌ണാ....'' 
എന്ന പാട്ട്‌ ഹിറ്റായിരുന്നു. കൃഷ്‌ണാ എന്നു വിളിക്കുമ്പോള്‍ ആണ്‍കുട്ടികളെല്ലാം `എന്തോ' എന്ന്‌ ഈണത്തില്‍ വിളികേട്ടിരുന്നു. മനോഹരമായ ആ ശബ്‌ദത്തിനുടമയെ പ്രീഡിഗ്രി തീരുംമുന്‍പ്‌ വിവാഹം ചെയ്‌തുവിട്ടു. പിന്നെ ബെറ്റി, സ്റ്റെല്ല, സുജ, മിനിക്കുട്ടി തുടങ്ങിയ പാട്ടുകാരികള്‍. ബെറ്റിയുടെ സ്‌പെഷ്യല്‍ ഐറ്റം ``മൈനാകം കടലില്‍ നിന്നുയരും....'' എന്ന പാട്ടായിരുന്നു. ``ഒന്നാനാം കുന്നിന്മേല്‍ കൂടുകൂട്ടും തത്തമ്മേ .....'', ``ഹിമശൈല സൈകത ഭൂമിയില്‍ നിന്നൊരു പ്രണയപ്രവാഹമായി വന്നു...'', ``മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ.....'', ``നിന്‍ തുമ്പു കെട്ടിയ ചുരുള്‍മുടിയില്‍....'' തുടങ്ങിയ പാട്ടുകളും കാമ്പസിലെ ഗായികമാര്‍ പാടിക്കൊണ്ടിരുന്നു. ഹിന്ദി പാട്ടുകളും ധാരാളമായിരുന്നെങ്കിലും ലിറിക്‌സോടു കൂടി ഗായികമാരെയും ഗാനത്തെയും പിടിച്ചെടുക്കാനാവുന്നില്ല. 

ബോണി എം-ന്റെ പാട്ടുകളുമായി നടക്കുന്ന ആണ്‍കുട്ടികളും ഉണ്ടായിരുന്നു. പിന്നെ, പാട്ട്‌ എന്റെ ജനിച്ച കരയില്‍ കൂടി പോയിട്ടില്ലാത്തതാണ്‌. അതുകൊണ്ട്‌ പാടിയ ആളുകളുടെ ശബ്‌ദം, വേഷം, അവരോട്‌ കാമ്പസിലെ ആരാധകര്‍ പുലര്‍ത്തിപ്പോന്ന പെരുമാറ്റങ്ങളുമൊക്കെ കൊണ്ടാണ്‌ എനിക്ക്‌ പാട്ട്‌ കേള്‍വിയും കാഴ്‌ചയുമായിത്തീര്‍ന്നിരിക്കുന്നത്‌.
പിന്നെയും ചില പാട്ടുകള്‍ അവിടവിടെ ചിതറിക്കിടക്കുന്നുണ്ട്‌. ``എല്ലാരും ചൊല്ലണ്‌, എല്ലാരും ചൊല്ലണ്‌, കല്ലാണ്‌ നെഞ്ചിലെന്ന്‌.....'', ``കാട്‌ കറുത്ത കാട്‌ മനുഷ്യനാദ്യം പിറന്ന വീട്‌...'', ``അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം...'', ``കണ്ണീര്‍പ്പൂവേ കമലപ്പൂവേ കാലിടറി വീണൊരു കമലപ്പൂവേ...'', ``മംഗളം നേരുന്നു ഞാന്‍ മനസ്വിനി.....'', ``കരയുന്നോ പുഴ ചിരിക്കുന്നോ...'', ``മേരാ ജീവന്‍ കോരാ കാഗസ്‌...'', ``ഏക്‌ ദോ തീന്‍ ചാര്‍ പാഞ്ച്‌...'', ``ഋതുഭേദകല്‌പന ചാരുത നല്‍കിയ...'' ഇങ്ങനെ കുറച്ചു പാട്ടുകള്‍. ഓരോ കാലത്തെ പാട്ടുകാരുടെ മുടി, കണ്ണ്‌, ചുണ്ടുകള്‍, പുരികം, ഷര്‍ട്ട്‌, മുണ്ട്‌, പാവാട, ബ്ലൗസ്‌, സാരി എന്നിവയുടെയൊക്കെ കൂടി മനസ്സിലെത്തുന്ന വാക്കുകളാണ്‌ ഈ പാട്ടുകള്‍. യേശുദാസോ, ജയചന്ദ്രനോ, സുശീലയോ, ജാനകിയോ, ചിത്രയോ അല്ല എന്നെ സംബന്ധിച്ച്‌ ഈ പാട്ടിന്റെ ശബ്‌ദത്തിന്റെ ഉടമകള്‍. ഓരോ കാലം അന്നു കണ്ടവരും കേട്ടവരും കൂടെ നടന്നവരും ഒക്കെ മാത്രമാണ്‌.

ഒരിക്കല്‍ പോലും കാണാത്ത ഒരാള്‍ ശബ്‌ദമായി വളരെ നാള്‍ കൂടെ നടന്നിട്ടുണ്ട്‌. യാത്രകള്‍ക്കിടയില്‍ ചിലപ്പോള്‍ നല്ല ഷാപ്പു കണ്ടാല്‍ അവിടെ കേറി ഭക്ഷണം കഴിക്കുന്ന പതിവ്‌ ഞങ്ങള്‍ക്കുണ്ടായിരുന്നു. തലയോലപ്പറമ്പ്‌, കുമരകം, ആലപ്പുഴ - എറണാകുളം റൂട്ടിലെ ചില ഷാപ്പുകള്‍ പല തവണ ഞങ്ങളെ സന്തോഷിപ്പിച്ചിട്ടുണ്ട്‌. അങ്ങനെ ഒരിക്കല്‍ ഞങ്ങള്‍ (അജിച്ചായനും മക്കളും ഞാനും) ആലപ്പുഴ - എറണാകുളം വഴിയിലുള്ള ഒരു ഷാപ്പ്‌ കണ്ടപ്പോള്‍ കേറിയാലോന്നു പറഞ്ഞു. അജിച്ചായന്‍ ആദ്യം പോയി ഭക്ഷണമൊക്കെ നോക്കിക്കണ്ടു. തൃപ്‌തിതോന്നി ഞങ്ങളെയും വിളിച്ചു. നല്ല വരാലുകറിയും അപ്പവും കക്കായിറച്ചിയുമൊക്കെയുണ്ട്‌. അതെല്ലാം വാങ്ങി. ഞങ്ങള്‍ ഫാമിലി റൂമിലാണ്‌ ഇരിക്കുന്നത്‌. അപ്പുറത്താണ്‌ റിയല്‍ ഷാപ്പ്‌. അവിടെയിരിക്കുന്നവരെ ഞങ്ങള്‍ക്കു കാണാന്‍ സാധിക്കില്ല. പക്ഷേ ശബ്‌ദം കേള്‍ക്കാം. ഒരാള്‍ അവിടെയിരുന്ന്‌ പാടുന്നുണ്ട്‌. കൊയ്‌ത്തു പാട്ടിന്റെ ഒരു ടോണ്‍ ആണ്‌ എനിക്കാകെ കിട്ടിയത്‌. ആ ശബ്‌ദത്തിലെ വിരഹത്തിന്റെ വേനല്‍ എന്നെ പൊള്ളിച്ചു. ജീവിതത്തിന്റെ മുളകുചാറു കുടിച്ച നീറ്റല്‍ ആ ശബ്‌ദത്തില്‍ കനംവച്ചു നിന്നു. ``എന്നെ മറന്നോ കുഞ്ഞോളേ'', എന്ന വാക്ക്‌ ആവര്‍ത്തിച്ചു വരുന്ന ആ പാട്ട്‌ അയാള്‍ പലതവണ പാടി. കേള്‍ക്കുന്തോറും സങ്കടമേറ്റി സങ്കടമേറ്റി വരുന്ന ശബ്‌ദം. എനിക്ക്‌ ഒന്നും കഴിക്കാന്‍ തോന്നിയില്ല. അതു കേട്ട്‌ കേട്ട്‌ അയാളെ കാണണമെന്നു തോന്നി. പക്ഷേ, കള്ളു കുടിച്ചോണ്ടിരിക്കുന്നവര്‍ക്കിടയിലേയ്‌ക്കു കയറിച്ചെല്ലാനുള്ള സങ്കോചം കൊണ്ട്‌ അവിടെ നിറഞ്ഞു വരുന്ന കണ്ണുകളോടെ ആ പാട്ടുകേട്ടിരുന്നു. അയാള്‍ക്കു മുന്‍പില്‍ കുപ്പികള്‍ നിറഞ്ഞും ഒഴിഞ്ഞും വന്നുകൊണ്ടിരിക്കണം. അയാള്‍ പിന്നെയും പിന്നെയും പാടി.
`പോത്തിനെന്താ ഏത്തയ്‌ക്കാ' എന്നു നാട്ടിലൊരു പറച്ചിലുണ്ട്‌. കാക്കയെപോലെ പരുപരുത്ത ശബ്‌ദവും സംഗീതാലാപന സിദ്ധാന്തങ്ങളില്‍ അജ്ഞയുമായ ഞാന്‍ പാട്ടിനെക്കുറിച്ചെഴുതുന്നത്‌ സാഹസമാണ്‌. പക്ഷേ ശബ്‌ദങ്ങളിലൂടെ എന്നെ തൊട്ട, കണ്ട മനുഷ്യരാണ്‌ എനിക്കു പാട്ട്‌. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും