അഭിനയത്തിലെ അനായാസതയും ശബ്‌ദമികവും കൊണ്ട് നാടകാസ്വാദകരെ വിസ്‌മയിപ്പിച്ച കലാകാരി. ഒരു കാലത്ത് നാടകരംഗത്തിലെ താരമായിരുന്നു കെ.പി.എ.സി. സുലോചന. കെ.പി.എ.സിയുടെ `എന്റെ മകനാണു ശരി' എന്ന നാടകത്തിലൂടെ നാടകജീവിതത്തിനു തുടക്കം കുറിച്ച സുലോചന, കെ.പി.എ.സിയുടെ എട്ടു നാടകങ്ങളില്‍ തുടര്‍ച്ചയായി അഭിനയിച്ചു. നാടകാസ്വാദകര്‍ നെഞ്ചിലേറ്റിയ ഒട്ടനവധി ഗാനങ്ങളും ഈ അതുല്യപ്രതിഭയുടെ ശബ്‌ദത്തിലൂടെ പ്രശസ്‌തി നേടിയവയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ടിയിലെ ആശയഭിന്നതകള്‍ ഉള്‍ക്കൊള്ളാനാവാതെ 1965-ല്‍ സുലോചന കെ.പി.എ.സി. വിട്ടു. പിന്നീട് 1975-ല്‍ കെ.പി.എ.സിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി എന്‍.എന്‍. പിള്ള രചിച്ചു സംവിധാനം ചെയ്‌ത `മന്വന്തരം' എന്ന നാടകത്തിലൂടെ കെ.പി.എ.സിയിലേക്കു തിരിച്ചു വന്ന സുലോചന സംഗീത നാടക അക്കാദമിയുടെ നല്ല നടിയ്‌ക്കുള്ള പുരസ്‌കാരവും ഈ നാടകത്തിലൂടെ നേടി. വീണ്ടും കെ.പി.എ.സി വിട്ട സുലോചന 1983-ല്‍ `കായംകുളം സംസ്‌കാര' എന്ന പേരില്‍ സ്വന്തമായി നാടകസമിതി ആരംഭിച്ചു. 1994 വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായി 19 നാടകങ്ങള്‍ `സംസ്‌കാര'യിലൂടെ അവര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഗാനമേള ട്രൂപ്പുമായും സുലോചന കലാരംഗത്തു സജീവമായിരുന്നു. കെ.എസ്.ആര്‍.ടി.സി. കണ്ടക്‌ടറും തബലിസ്റ്റുമായ പി. കലേശനെ 1981-ല്‍ സുലോചന വിവാഹം ചെയ്‌തു.