സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കലാക്ഷേത്രം വിലാസിനി ടീച്ചര്‍

സലില ബാലകൃഷ്ണന്‍



നൃത്തം തപസ്യയാക്കിയ വിലാസിനി ടീച്ചര്‍ എഴുപത്തിനാലാം വയസിലും ഇരുപത്തിനാലിന്റെ ചെറുപ്പത്തോടെ ഭരതനാട്യരംഗത്ത്‌ സജീവമാണ്‌. സ്വന്തം കലാസ്ഥാപനമായ നൃത്ത്യശ്രീയിലൂടെ അനേകം നവമുകുളങ്ങളെ ശാസ്‌ത്രീയനൃത്തം അഭ്യസിപ്പിച്ച്‌ അനുഗ്രഹീതരാക്കാനുള്ള സൗഭാഗ്യം ടീച്ചറിനുമാത്രം സ്വന്തം. ഭരതനാട്യം ജീവവായുവാക്കിയ ടീച്ചര്‍ക്ക്‌ ശാസ്‌ത്രീയ നൃത്തകലയായ ഭരതനാട്യത്തെ ഒരു ക്ഷേത്രകല മാത്രമായി ഒതുക്കി നിര്‍ത്തണമെന്ന അഭിപ്രായമില്ല. ഭാരതീയ ചിന്താപദ്ധതി പ്രകാരം കാവ്യവും ദൃശ്യകാവ്യവും മനുഷ്യരിലും സദ്‌ഗുണം വളര്‍ത്താനുപകരിയ്‌ക്കണമെന്നതിനാല്‍ ദൃശ്യകാവ്യമായ ഭരതനാട്യത്തെ സദാപി ക്ഷേത്ര സംസ്‌കാര സമേതനം പരിശീലിയ്‌ക്കുകയും മനുഷ്യ ജീവിതബന്ധിയായ വേദികളില്‍ പ്രകടിപ്പിയ്‌ക്കുകയും ചെയ്യണമെന്നാണ്‌ ടീച്ചറുടെ അഭിപ്രായം.

ക്ഷേത്രമെന്നത്‌ മനുഷ്യ ശരീരത്തിന്റെ പ്രതീകവല്‌ക്കരണമാണെങ്കില്‍ കൂടി ക്ഷേത്ര ശ്രീകോവിലില്‍ ആരാധനാമൂര്‍ത്തി ഉണ്ട്‌ എന്നതു പോലെ ഭരതനാട്യത്തിനും ഒരു ആരാധനാമൂര്‍ത്തി ഉണ്ട്‌. അത്‌ സച്ചിദാനന്ദസ്വരൂപം ആണ്‌. സത്തും ചിത്തും ആനന്ദവും സമന്വയിയ്‌ക്കുന്ന പരമപദം ലക്ഷ്യമാക്കിയാണ്‌ ഏതു ഭരതനാട്യ അദ്ധ്യാപകരും പ്രവര്‍ത്തിയ്‌ക്കേണ്ടതെന്ന ഉത്തമ നിര്‍ദ്ദേശങ്ങള്‍ ഗുരുക്കളായ രുക്‌മിണീദേവി (രുക്‌മിണി അരുണ്ഡേല്‍) ഗുരുതുല്യരായ ഇ. കൃഷ്‌ണയ്യര്‍ മുതലായവരില്‍ നിന്നും ലഭിച്ചത്‌ കഴിയുന്നത്ര പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരാന്‍ ടീച്ചര്‍ ശ്രമിച്ചിട്ടുണ്ട്‌.

അച്ഛന്‌ ജോലി മദ്രാസ്‌ സ്റ്റേറ്റില്‍ ആയിരുന്നതുകൊണ്ട്‌ ടീച്ചറിന്റെ ബാല്യകാലം തമിഴ്‌നാട്ടിലായിരുന്നു. പത്താംവയസില്‍ നൃത്താഭ്യാസം ആരംഭിച്ചു. കോയമ്പത്തൂര്‍ ടാഗോര്‍ അക്കാഡമിയിലായിരുന്നു പരിശീലനം. പഴനിസ്വാമിയായിരുന്നു ഗുരുനാഥന്‍. നൃത്തത്തിന്റെ ബാലപാഠങ്ങള്‍ അവിടെനിന്നും തുടങ്ങി. പിന്നീട്‌ മധുരയിലേയ്‌ക്ക്‌ കുടുംബം മാറിയപ്പോള്‍ നൃത്താഭ്യാസം അവിടെയായി. മധുരയില്‍ ജനദാംബാള്‍ എന്ന അദ്ധ്യാപികയുടെ കീഴിലായി പിന്നീടുള്ള പഠനം. അന്ന്‌ ദേവദാസി സമ്പ്രദായത്തിലായിരുന്നു ജഗദാംബാള്‍ നൃത്തം അഭ്യസിപ്പിച്ചിരുന്നത്‌. പക്ഷേ സുബ്രഹ്മണ്യ അയ്യര്‍ എന്ന ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചപ്പോള്‍ ദേവദാസി സമ്പ്രദായത്തിലുള്ള നൃത്തം പറ്റില്ല എന്നദ്ദേഹം തീര്‍ത്തുപറഞ്ഞു. ഭരതനാട്യം ദേവദാസി നൃത്തശൈലിയില്‍ കളിയ്‌ക്കാന്‍ അദ്ദേഹം സമ്മതിച്ചില്ല. 

ഒ.സി.പി.എം.സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു ടീച്ചറിന്റെ അരങ്ങേറ്റം. അരങ്ങേറ്റത്തിനുവേണ്ടി ലക്ഷ്‌മി ടീച്ചറിന്റെ ശിഷ്യത്വം സ്വീകരിച്ചു. അന്ന്‌ തുടര്‍ച്ചയായി പന്ത്രണ്ട്‌ ഐറ്റം ചെയ്‌തുകൊണ്ടാണ്‌ ടീച്ചര്‍ അരങ്ങേറിയത്‌. ടീച്ചറിന്റെ അമ്മയും ചേച്ചിയും നന്നായി പാടുമായിരുന്നു. അവര്‍ പാടുകയും ടീച്ചര്‍ കളിയ്‌ക്കുകയും ചെയ്യുമായിരുന്നു. തുടര്‍ന്ന്‌ ധാരാളം പ്രോഗ്രാമുകള്‍ ചെയ്‌തിട്ടുണ്ട്‌.

1956ല്‍ കേരള സ്റ്റേറ്റ്‌ രൂപീകൃതമായപ്പോള്‍ അച്ഛന്‌ തലശ്ശേരിയിലേയ്‌ക്ക്‌ സ്ഥലംമാറ്റം കിട്ടി. പിന്നീടുള്ള ടീച്ചറിന്റെ പഠനം തിരുവനന്തപുരം വിമന്‍സ്‌ കോളേജില്‍ ആയിരുന്നു. തമിഴ്‌ മീഡിയത്തിലാണ്‌ ടീച്ചര്‍ ഇന്റര്‍മീഡിയറ്റ്‌ ചെയ്‌തത്‌. മ്യൂസിക്‌ മെയിന്‍ എടുത്ത്‌ പഠിച്ചു. കോളേജില്‍ എല്ലാ പരിപാടികള്‍ക്കും ടീച്ചറിന്റെ ഭരതനാട്യം ഉണ്ടായിരുന്നു.

പിന്നീടാണ്‌ കലാക്ഷേത്രയിലേയ്‌ക്കുള്ള പ്രയാണം. കേരളത്തില്‍നിന്നും കലാക്ഷേത്രയില്‍ പ്രവേശനം കിട്ടുന്ന ആദ്യത്തെ വിദ്യാര്‍ത്ഥിനിയായിരുന്നു വിലാസിനി ടീച്ചര്‍. അന്ന്‌ 175 പേരില്‍ നിന്നും ഒരാള്‍ക്കു മാത്രമായിരുന്നു കലാക്ഷേത്രയില്‍ പ്രവേശനം ലഭിച്ചത്‌. സ്‌ക്കോളര്‍ഷിപ്പോടെയായിരുന്നു കലാക്ഷേത്രയില്‍ ടീച്ചര്‍ പഠനം നടത്തിയത്‌. പ്രശസ്‌ത നര്‍ത്തകരായ ശാന്ത-ധനഞ്‌ജയന്‍ ദമ്പതികള്‍ ടീച്ചറിന്റെ സഹപാഠികള്‍ ആണ്‌.

കലാക്ഷേത്രത്തില്‍ പഠനം കഴിഞ്ഞ ഉടന്‍ ടീച്ചറിന്‌ തൃപ്പൂണിത്തുറ മ്യൂസിക്‌ കോളേജില്‍ ജോലി കിട്ടി. അവിടെ ഭരതനാട്യം എച്ച്‌.ഒ.ഡി ആയിരുന്നു. ഇതിനിടെ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ കീഴില്‍ മോഹിനിയാട്ടം പഠിച്ചു. പല വേദികളിലും ജഡ്‌ജ്‌ ആയും എക്‌സാമിനര്‍ ആയും ടീച്ചറിനു പോകേണ്ടി വരും. കലാമണ്ഡലത്തിനും പോകാറുണ്ട്‌. അതിനുവേണ്ടിയാണ്‌ മോഹനിയാട്ടം പഠിച്ചത്‌. ഭരതനാട്യത്തിന്റെ കലാമൂല്യം നഷ്‌ടപ്പെടാതിരിയ്‌ക്കാന്‍ ടീച്ചര്‍ എന്നും ശ്രദ്ധാലുവാണ്‌.
നടനകലകളില്‍ ഏറ്റവും ശ്രേഷ്‌ഠമായ കലയാണ്‌ ഭരതനാട്യമമെന്ന്‌ ടീച്ചര്‍ അഭിപ്രായപ്പെടുന്നു. 1974ല്‍ ടീച്ചര്‍ നൃത്തശ്രീ എന്ന പേരില്‍ സ്വന്തം ട്രൂപ്പിനു രൂപം നല്‍കി. അയ്യായിരത്തിലധികം പേര്‍ ശിഷ്യരായി ഉണ്ടെന്ന്‌ ടീച്ചര്‍ അഭിമാനപൂര്‍വ്വം പറയുന്നു. എഴുപത്തിനാലാം വയസ്സിലും നൃത്ത്യശ്രീയില്‍ ടീച്ചര്‍ സജീവമാണ്‌. നിരവധി കുട്ടികള്‍ ഇന്നും ടീച്ചറിന്റെ കീഴില്‍ ഭരതനാട്യം അഭ്യസിയ്‌ക്കുന്നു. ടീച്ചറിന്റെ ശിഷ്യരില്‍ പലരും കലാതിലകപട്ടം ചൂടി. സിനിമകള്‍ക്കും ഡാന്‍സ്‌ സെറ്റു ചെയ്‌തു കൊടുക്കുന്നു. പ്രശസ്‌തരായ പല സിനിമാതാരങ്ങളും ശിഷ്യരാണെന്നുള്ളത്‌ വിലാസിനി ടീച്ചറിന്റെ അഭിമാനം. അസിന്‍, ശരണ്യാ മോഹന്‍, സോണിയ ജി. നായര്‍, പൂര്‍ണിമാ ഇന്ദ്രജിത്ത്‌, സഞ്‌ജയ്‌, പ്രവീണ തുടങ്ങിയവരെല്ലാം ടീച്ചറിന്റെ ശിഷ്യരാണ്‌.

യുവജനോത്സവ വേദികളില്‍ മുപ്പതു മിനിട്ടു നീണ്ട പരിപാടി അവതരിപ്പിയ്‌ക്കുമ്പോള്‍ സമയം കൂട്ടുന്നു എന്നു പറയുന്നത്‌ വേദനാജനകമെന്ന്‌ ടീച്ചര്‍ പറയുന്നു. കാരണം കലയെ കച്ചവടമാക്കരുതെന്നാണ്‌ ടീച്ചറിന്റെ അഭിപ്രായം. മൂല്യം നഷ്‌ടപ്പെടാതെ അവതരിപ്പിയ്‌ക്കണമെങ്കില്‍ അതിനാവശ്യമായ സമയം വേണം. മിനിട്ടെണ്ണി പ്രകടിപ്പിയ്‌ക്കേണ്ടതല്ല തനതു കലകള്‍. ദൂരദര്‍ശനിലും ടീച്ചര്‍ നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. എം.ജി. യൂണിവേഴ്‌സിറ്റിയിലും കേരള യൂണിവേഴ്‌സിറ്റിയിലും ഇപ്പോഴും ടീച്ചര്‍ എക്‌സാമിനര്‍ ആയി പോകുന്നുണ്ട്‌. ഭരതനാട്യത്തെ ജീവവായുവായി കണ്ട ടീച്ചറിനെ തേടി നിരവധി പൂരസ്‌ക്കാരങ്ങളും എത്തിയിട്ടുണ്ട്‌. കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്‌, നാട്യാചാര്യ, നൃത്തകുലപതി എന്നിവയ്‌ക്കു പുറമേ രണ്ടായിരത്തി പതിമൂന്നില്‍ ഭാവലയ അവാര്‍ഡും ടീച്ചറിനെ തേടിയെത്തി. എറണാകുളം കവലയ്‌ക്കല്‍ ഭഗവതീക്ഷേത്രത്തില്‍ ഉത്സവത്തിന്‌ മുടങ്ങാതെ ടീച്ചര്‍ നൃത്തം അവതരിപ്പിയ്‌ക്കുന്നു. ആയിരത്തിതൊള്ളായിരത്തി എഴുപത്തിനാലില്‍ ആരംഭിച്ചതാണ്‌ കവയ്‌ക്കലമ്മയുടെ തിരുമുന്‍പില്‍ നൃത്തം അവതരിപ്പിയ്‌ക്കാന്‍. ക്ഷേത്രങ്ങളില്‍ നവരാത്രിയ്‌ക്കും ടീച്ചറിന്റെ ട്രൂപ്പ്‌ നൃത്താവതരണം നടത്താറുണ്ട്‌. തിരുവനന്തപുരത്ത്‌ ശ്രീചിത്രതിരുനാള്‍ സ്‌മാരക നൃത്തപഠനകേന്ദ്രം, നൂപുര എന്നിവിടങ്ങളില്‍ ഇപ്പോഴും നൃത്താദ്ധ്യാപികയാണ്‌. താന്‍ പഠിപ്പിച്ച കുട്ടികള്‍ ഇന്‍ഡ്യയ്‌ക്കകത്തും പുറത്തും നൃത്തക്ലാസുകള്‍ എടുക്കുന്നു എന്നതാണ്‌ ഏറ്റവുമധികം മാനസിക സംതൃപ്‌തി നല്‍കുന്നതെന്ന്‌ ടീച്ചര്‍ പറയുന്നു.

ഭരതനാട്യത്തെ മറ്റു നൃത്തങ്ങളുമായി താരതമ്യം ചെയ്യാനോ കൂട്ടിക്കലര്‍ത്താനോ ടീച്ചര്‍ തയ്യാറല്ല. ഇന്‍ഡ്യന്‍ ക്ലാസിക്‌ നമ്മുടെ തനതുകലയാണത്‌. പലരും മത്സര ബുദ്ധിയോടെയാണ്‌ ഇന്ന്‌ ക്ലാസിക്കല്‍ നൃത്തങ്ങള്‍ പഠിയ്‌ക്കുന്നത്‌. യുവജനോത്സവങ്ങളില്‍ ഒന്നാമതെത്താന്‍ മാത്രം. അത്‌ നൊമ്പരപ്പെടുത്തുന്നുവെന്ന്‌ ടീച്ചര്‍. ഫ്യൂഷന്‍, സിനിമാറ്റിക്‌ ഇതിനൊന്നം ടീച്ചര്‍ തയ്യാറല്ല. ഭരതനാട്യത്തിന്‌ ഉഴിഞ്ഞുവച്ചതാണ്‌ ആ ജീവിതം.

തിരക്കുപിടിച്ച ജീവിതത്തിനിടയിലും ടീച്ചറിന്റെ കുടുംബ ബന്ധങ്ങള്‍ ശക്തമാണ്‌. മാര്‍ക്കറ്റിങ്ങ്‌ ഫെഡറേഷനില്‍ നിന്നും ഡെപ്യൂട്ടി മാര്‍ക്കറ്റിങ്ങ്‌ മാനേജര്‍ ആയി വിരമിച്ച പി.എസ്‌. മുരളീധരന്‍ നായര്‍ ആണ്‌ വിലാസിനി ടീച്ചറിന്റെ ഭര്‍ത്താവ്‌. ഭര്‍ത്താവിന്റെ പിന്തുണയും താങ്ങും തണലുമാണ്‌ ഈ നര്‍ത്തകിയുടെ എല്ലാ വിജയങ്ങള്‍ക്കും പിന്നിലുള്ളത്‌. എല്ലാത്തരത്തിലും അദ്ദേഹം ടീച്ചറിനെ പ്രോത്സാഹിപ്പിയ്‌ക്കുന്നു. ഭരതനാട്യം എന്ന നടനകലയെക്കുറിച്ചുള്ള പുസ്‌തകങ്ങള്‍ വായിച്ച്‌ ശ്രീ മുരളീധരന്‍ ടീച്ചറിന്‌ സംശയങ്ങള്‍ പറഞ്ഞു കൊടുത്തിരുന്നു. ടീച്ചറിന്റെ തിരക്കുകള്‍ക്കനുസരിച്ച്‌ വീട്ടിലും അദ്ദേഹം ഒത്തിരി അഡ്‌ജസ്റ്റ്‌ ചെയ്യുമെന്ന്‌ അഭിമാനത്തോടെ ടീച്ചര്‍ പറയുന്നു. മസ്‌ക്കറ്റില്‍ കുടുംബമായി കഴിയുന്ന ഷൈലജ എം. നായര്‍, സരിത എം. നായര്‍ എന്നിവര്‍ മക്കളാണ്‌. രണ്ടുപേരും പേരെടുത്ത നര്‍ത്തകികള്‍. രണ്ടുപേരും കലാതിലകമായിരുന്നു. ഇപ്പോഴും നൃത്തത്തില്‍ സജീവമാണ്‌. നമ്മുടെ കലയെക്കുറിച്ച്‌ മറ്റു രാജ്യക്കാര്‍ പറയുമ്പോഴാണ്‌ അതിന്റെ കലാമൂല്യവും വിലയും നാം അറിയുന്നത്‌. പവിത്രമായ ഈ കല മറ്റു രാജ്യക്കാരുടെ നൃത്തവുമായി കൂട്ടിക്കലര്‍ത്താതിരിയ്‌ക്കുക. അതാണ്‌ ടീച്ചര്‍ക്ക്‌ പറയാനുള്ളത്‌.

എറണാകുളം നോര്‍ത്ത്‌ ഗിരിനഗറിലെ ചിലമ്പൊലി എന്ന വീട്ടില്‍ ഭര്‍ത്താവ്‌ മുരളീധരനോടൊപ്പം ടീച്ചര്‍ സന്തുഷ്‌ടയാണ്‌. രാവിലെ മുതല്‍ രാത്രിവരെ കാല്‍ചിലങ്കകളുടെ ചിലമ്പൊലിയുമായി ആ വീട്‌ സജീവമാണ്‌.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും