കേരളത്തില്‍ സിസേറിയന്‍ ശസ്ത്രക്രിയ അമിതമായ തോതില്‍ വര്‍ധിച്ചുവരികയാണ്. മുന്‍ കാലങ്ങളില്‍ സ്വകാര്യ ആശുപത്രികളിലാണ് കൂടുതലായി ഈ പ്രവണത കണ്ടുവന്നിരുന്നത്. എന്നാല്‍ അടുത്ത കാലത്ത് വിവാദങ്ങള്‍ക്ക് കാരണമായ സിസേറിയനുകള്‍ നടന്നത് സര്‍ക്കാര്‍ ആശുപത്രികളിലാണ്. പണിമുടക്ക് സമരത്തിലേര്‍പ്പെടുന്നതിന് മുന്നോടിയായി ചില സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തങ്ങളുടെ പരിചരണത്തിലിരിക്കുന്ന ഗര്‍ഭിണികളെ വിളിച്ച് വരുത്തി സിസേറിയനു വിധേയരാക്കിയെന്നുള്ള ആരോപണമാണ് അടുത്തയിടെ ഉയര്‍ന്ന് വന്നത്. കഴിഞ്ഞ വര്‍ഷം ചേര്‍ത്തല താലൂക്കാശുപത്രിയില്‍ ഈസ്റ്റര്‍ അവധിക്ക് മുന്‍പ് രണ്ടുദിവസത്തിനിടെ ഇരുപത്തിരണ്ടു ഗര്‍ഭിണികളെ പ്രസവശസ്ത്രക്രിയക്ക് വിധേയരാക്കിയ സംഭവം വലിയ വിവാദം സൃഷ്ട്രിച്ചിരിക്കയാണ്. അവധി ദിവസങ്ങളില്‍ പ്രസവ ശുശ്രൂക്കായി ആശുപത്രിയിലെത്താന്‍ ബുദ്ധിമുട്ടായതുകൊണ്ട് ഗര്‍ഭിണികളില്‍ നിന്നുള്ള ശല്യം ഒഴിവാക്കാനാണ് കൂട്ട സിസേറിയന്‍ നടത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടായിരം മുതല്‍ നാലായിരം രൂപവരെ സിസേറിയനുള്ള പ്രതിഫലമായി ഓരോ രോഗിയില്‍ നിന്നും ഡോക്ടര്‍മാര്‍ ഈടാക്കിയതായും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. വൈദ്യശാസ്ത്രപരമായി നീതീകരിക്കാനാവാത്ത ഉയര്‍ന്ന സിസേറിയൻ നിരക്ക് ഒറ്റപ്പെട്ട സംഭവങ്ങളല്ല. കേരളത്തില്‍ സിസേറിയന്‍ നിരക്ക് കഴിഞ്ഞ എതാനും വര്‍ഷക്കാലമായി ആശങ്കാജനകമായ നിലയില്‍ ഉയര്‍ന്നു വരികയാണെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണത്തില്‍ പതിനഞ്ചു ശതമാനം വരെ സിസേറിയന്‍ ഗര്‍ഭിണികളില്‍ നടത്തേണ്ടിവരാം. കേരളത്തില്‍ നിരവധി വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഇത് മുപ്പതു ശതമാനമായി വര്‍ധിച്ചിരുന്നു. ദേശീയ തലത്തില്‍ എട്ട് ശതമാനം മാത്രമാണ് സിസേറിയന്‍ നിരക്ക്. സ്ത്രീകളുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് കൊച്ചിയിലെ സോഷ്യോ എക്കോണമിക്ക് ആന്റ് എന്‍ വയര്‍മെന്റല്‍ സ്റ്റഡീസ് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം ഊന്നി പറഞ്ഞിരുന്നു (പട്ടിക) കേരളത്തില്‍ മാതൃമരണനിരക്കും നവജാത ശിശുക്കളുടെ മരണനിരക്കും കുറഞ്ഞിരിക്കുന്നതില്‍ ആശുപത്രി പ്രസവവും പ്രസവത്തിനു മുമ്പും പിമ്പും അമ്മമാര്‍ക്ക് ലഭിക്കുന്ന വൈദ്യ പരിചരണവും തീര്‍ച്ചയായും വലിയ പങ്കുവഹിക്കുന്നുണ്ട്. ഗര്‍ഭകാലത്ത് നടത്തുന്ന സ്കാനിംഗ് പ്രസവ കാലത്തുണ്ടാവാനിടയുള്ള പ്രശ്നങ്ങള്‍ മുന്‍ കൂട്ടി കണ്ട് തടയുന്നതിന് സഹായിക്കുന്നു. വൈദ്യശാസ്ത്രപരമായി നീതീകരിക്കാവുന്ന സാഹചര്യങ്ങളില്‍ നടത്തുന്ന സിസേറിയന്‍ ശസ്ത്രക്രിയയും തീര്‍ച്ചയായും മാതൃശിശുമരണനിരക്ക് കുറക്കുന്നതില്‍ പങ്കു വഹിക്കുന്നുണ്ട്. എന്നാല്‍ രോഗികള്‍ക്ക് സഹാകരമായ സാങ്കേതിക വിദ്യകളും ശസ്ത്രക്രിയാരീതികളും സാമ്പത്തിക താത്പര്യം മുന്‍നിര്‍ത്തി അവരെ ചൂഷണം ചെയ്യാനും ഡോക്ടര്‍മാരില്‍ ചിലരെങ്കിലും ദുരുപയോഗം ചെയ്തുവരുന്നുണ്ടെന്നതും സത്യമാണ്. അനസ്തീസിയ കൂടുതല്‍ സുരക്ഷിതമായതോടെ സിസേറിയന്‍ ശസ്ത്രക്രിയമൂലം മുന്‍ കാലങ്ങളുണ്ടായികൊണ്ടിരുന്ന മരണവും പാര്‍ശ്വഫലങ്ങളുമെല്ലാം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതോടൊപ്പം കുട്ടികളുടെ എണ്ണം നിയന്ത്രിച്ചതോടെ ഓരോ കുട്ടിയുടെ ജീവനും വിലപ്പെട്ടതാവുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായും സിസേറിയന്‍ ശസ്ത്രക്രിയ പ്രസവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് തടയുന്നതിനുള്ള പ്രതിരോധമായി മാറുന്നു. ഇവയൊക്കെ ഒരു പരിധിവരെ അംഗീകരിച്ചാല്‍ പോലും വികസിത രാജ്യങ്ങളില്‍ പോലും കാണാത്ത രീതിയില്‍ സിസേറിയന്‍ ശസ്ത്രക്രിയ കേരളത്തില്‍ വര്‍ധിച്ചുവരുന്നതിന്റെ മുഖ്യകാരണം സാമ്പത്തിക താത്പര്യങ്ങളാണെന്ന് കാണാന്‍ കഴിയും. പ്രസവസമയ വേദന ഒഴിവാക്കുന്നതിനും ഇഷ്ടസമയത്ത് പ്രസവം നടക്കുന്നതിനും മറ്റുമായി ഗര്‍ഭിണികളും അവരുടെ ബന്ധുക്കളും സിസേറിയനുവേണ്ടി ആവശ്യപ്പെടുകയും ഡോക്ടര്‍മാര്‍ അതിനു കീഴ്പ്പെടുകയും ചെയ്യുന്ന പ്രവണതയും അടുത്തകാലത്ത് പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പ്രസവം കൂടുതലും നടക്കുന്നത് സ്വകാര്യ ആശുപത്രികളിലാണെന്നതും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ ചികിത്സ അനുവദിച്ചിട്ടുള്ളതുകൊണ്ടും സാമ്പത്തിക താത്പര്യങ്ങളാണ് സിസേറിയന്‍ നിരക്ക് കേരളത്തില്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് കരുതുന്നതില്‍ തെറ്റില്ല. സിസേറിയന്‍ ശസ്ത്രക്രിയ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ധാരണയും ശരിയല്ല. നട്ടെലില്‍ കുത്തിവച്ചുള്ള സ്പൈനല്‍ അനസ്തീസിയ രീതിയാണ് സിസേറിയനായി കൂടുതാലായി ഉപയോഗിക്കുന്നത്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന നടുവുവേദന ഇങ്ങനെ സിസേറിയനു വിധേയരാകുന്ന പലരിലും കാണാറുണ്ട്. കൂടുതല്‍ സുരക്ഷിതമായിട്ടുണ്ടെങ്കിലും ജനറല്‍ അനസ്തീസിയക്കും അതിന്റേതായ പാര്‍ശ്വഫല സാധ്യതകളുണ്ട്. സിസേറിയന്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ഫലോപ്പിയന്‍ ട്യൂബിനുണ്ടാവാനിടയുള്ള മാറ്റങ്ങള്‍ മൂലം പിന്നീട് ഗര്‍ഭം ധരിക്കുന്നതിനുള്ള സാധ്യത പല സ്ത്രീകളിലും കുറയാനിടയുണ്ട് (Post Caeserian Sterility). പിന്‍കാലത്ത് നടക്കാനിടയുള്ള വയറ്റിലെ ശസ്ത്രക്രിയകള്‍ പലതും കൂടുതല്‍ ദുഷ്ക്കരമാവാനും സിസേറിയന്‍ കാരണമാവാം. വയറിലെ ശസ്ത്രക്രിയാഭാഗത്തുനിന്നും ഹെര്‍ണിയായും ചിലരില്‍ പിന്നീട് കാണപ്പെടുന്നുണ്ട്. പലരിലും രോഗാണുബാധയും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാറുണ്ട്. പിന്നീടുണ്ടാവുന്ന ഗര്‍ഭത്തില്‍ പ്ലാസെന്റ പ്രീവിയ (Placenta Previa) തുടങ്ങി മാതൃമരണത്തിന് കാരണമാവുന്ന പ്രശ്നങ്ങള്‍ ഉണ്ടാവാനുമിടയുണ്ട്. ഇതെല്ലാം പരിഗണിച്ച് തികച്ചും അവധാനതയോടും വൈദ്യശാസ്ത്രപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ള അവസരങ്ങളിലും മാത്രമേ സിസേറിയന്‍ ശസ്ത്രക്രിയ നടത്താവൂ. സിസേറിയന്‍ മാത്രമല്ല ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ തുടങ്ങിയ പല ശസ്ത്രക്രിയകളും ഗര്‍ഭകാലത്തെ അള്‍ട്രാസൌണ്ട് പരിശോധനയും മറ്റും കേരളത്തില്‍ വൈദ്യശാസ്ത്രപരമായി നീതീകരിക്കാന്‍ പറ്റാത്ത അളവില്‍ വര്‍ധിച്ചു വരുന്നുണ്ട്. വൈദ്യസേവനം കൂടുതല്‍ വാണിജ്യവല്‍ക്കരിക്കപ്പെടുന്നതിന്റേയും ഡോക്ടമാരില്‍ ഒരു വിഭാഗം വൈദ്യശാസ്ത്ര ധാര്‍മ്മികത കൈവെടിഞ്ഞുകൊണ്ടിരിക്കുന്നതിന്റേയും ആപത് സൂചനകളാണിവയെല്ലാം. ശസ്ത്രക്രിയ, രോഗനിര്‍ണ്ണയ പരിശോധനകള്‍, ഔഷധനിര്‍ദ്ദേശം തുടങ്ങിയ ചികിത്സാപരമായ കാര്യങ്ങളില്‍ സംസ്ഥാന തലത്തിലും ആശുപത്രി തലത്തിലും ചികിസ്താമാനദണ്ഡങ്ങളും നിര്‍ദ്ദേശകതത്വങ്ങളും (Treatment Protocols and Guidelines) ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ ഇനി ഒട്ടും വൈകികൂടാ. ശസ്ത്രക്രിയയുടെ കാര്യത്തില്‍ അടിയന്തിര ശസ്ത്രക്രിയ ഒഴികെയുള്ള അവസരങ്ങളില്‍ ഒന്നിലധികം ഡോക്ടര്‍മാരുടെ ഒരു സമിതി വേണം തീരുമാനമെടുക്കാന്‍. അതൊടൊപ്പം ചികിത്സാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി (Monitoriing) നിശ്ചിത സമയങ്ങളില്‍ ചികിത്സാ ഓഡിറ്റിങ്ങും (Treatment Auditing) നടത്തേണ്ടതാണ്. സിസേറിയന്‍ പോലുള്ള ശസ്ത്രക്രിയകള്‍ക്കായി രോഗികള്‍ നേരിട്ട് ആവശ്യപ്പെടുന്ന രീതി നിരുത്സാഹപ്പെടുത്തുകയും ഇത്തരം ശസ്ത്രക്രിയകളുടെ പാര്‍ശ്വഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാനും (Patient Counselling) ശ്രമിക്കേണ്ടതാണ്. അമിത സിസേയന്‍ നിരക്ക് നിയന്ത്രിക്കുന്നതിനായി ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുള്ള തുടര്‍വിദ്യാഭ്യാസപരിപാടി വേണ്ടത്ര ഫലപ്രദമാവില്ലെന്ന് വേണ്ടം കരുതാന്‍. അസോഷിയേഷന്‍ ഓഫ് ഒബ്സ്ട്രറ്റിക്ക്സ് ആന്റ് ഗൈനക്കോളജി പോലുള്ള സ്പെഷ്യാലിറ്റി പ്രൊഫഷനല്‍ സംഘടനകള്‍ കൂടി ഇക്കാര്യത്തില്‍ ഉചിത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.