സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മുംബൈ ഭീകരാക്രമണത്തിലെ ഇര സാബിറ ഖാന് സര്‍ക്കാര്‍ നല്‍കിയത് വെറും വാഗ്ദാനം

വിമെന്‍പോയിന്‍റ് ടീം

മുംബൈയുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിച്ച 26/11 എന്ന മുറിവ് സാബിറാ ഖാന്റെ ജീവിതം ബിപിടി കോളനിയിലെ വാടക വീട്ടിലെ ഒറ്റമുറിയിലൊതുക്കി. സാബിറ ഖാനെന്ന 45 വയസുകാരി മൂത്ത മകന്‍ ഹമീദിനൊപ്പം അധികൃതര്‍ക്ക് സഹായം തേടി അയക്കുന്ന അപേക്ഷകള്‍ക്ക് ഇടയിലാണ് ജീവിച്ച് തീര്‍ക്കുന്നത്. മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ച സാബിറാ ഖാന്‍ എട്ട് വര്‍ഷമായി സഹായം തേടി സര്‍ക്കാരുകള്‍ക്ക് അപേക്ഷകള്‍ അയക്കുന്നു. 

ഭീകരാക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് കിട്ടേണ്ട നഷ്ട പരിഹാരവും ചികില്‍സാ ധനസഹായവുമൊന്നും ഇവര്‍ക്ക് ഇപ്പോഴും കിട്ടിയിട്ടില്ല. ബോംബാക്രമണം ശരീരം തളര്‍ത്തിയ ഈ 45 വയസുകാരിക്ക് 8 വര്‍ഷമായി വാഗ്ദാനം നല്‍കുന്നതല്ലാതെ തിരിഞ്ഞു നോക്കാന്‍ സര്‍ക്കാരിനും അധികൃതര്‍ക്കും മനസ് തോന്നിയിട്ടില്ല.

നഷ്ടപരിഹാരമായി പ്രഖ്യാപിച്ച മൂന്ന് ലക്ഷം രൂപയും ബന്ധുക്കളിലൊരാള്‍ക്ക് ജോലിയുമെന്ന വാഗ്ദാനം മുറപോലെ നല്‍കിയെങ്കിലും വര്‍ഷങ്ങളായി സമീപിച്ചിട്ടും അധികൃതര്‍ കണ്ണു തുറന്നില്ല. മറ്റ് നൂറുകണക്കിന് കുടുംബങ്ങളിലെന്നത് പോലെ 2008ലെ മുംബൈ ഭീകരാക്രമണം സാബിറാ ഖാന്റെ ജീവിതവും ഇല്ലാതാക്കി. ഭീകരാക്രമണ രാത്രിയില്‍ ഡോക്ക്‌യാര്‍ഡ് റോഡിലുണ്ടായ ബോംബ് സ്‌ഫോടനം പരസഹായം കൂടാതെ നടക്കാനാവാത്ത അവസ്ഥയിലാക്കി. തൊട്ടുമുമ്പിലുണ്ടായിരുന്ന ടാക്‌സി പൊട്ടിത്തെറിച്ചപ്പോള്‍ 20 അടി ദൂരത്തേക്ക് ആഘാതത്തില്‍ സാബിറാ തെറിച്ചുവീണു. ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും ബോംബ് സ്‌ഫോടനം ശരീരത്തില്‍ 71 ശതമാനം വൈകല്യമാണ് ബാക്കിവെച്ചത്. പരസഹായമോ ഊന്നുവടിയോ കൂടാതെ നടക്കാനാവാത്ത അവസ്ഥ.മുംബൈയിലെ വിവിധ ആശുപത്രികളിലായി ആറ് ശസ്ത്രക്രിയകള്‍. 12 ലക്ഷം രൂപ ചികില്‍സയ്ക്കായി ഈ കുടംബം ചെലവിട്ടു. സര്‍ക്കാര്‍ ചികില്‍സാ സഹായമോ നഷ്ടപരിഹാരമോ ഇവര്‍ക്ക് നല്‍കിയില്ല.

90 വയസുള്ള രോഗബാധിതയായി അമ്മയും ആറ് മക്കളും ഭര്‍ത്താവും അടങ്ങുന്നതാണ് സബീറയുടെ കുടുംബം. ഭര്‍ത്താവ് മുംബൈ പോര്‍ട്ട് ട്രസ്റ്റിലെ ജീവനക്കാരനാണെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി പരുക്ക് മൂലം ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. ഹമീദിന്റെ വരുമാനത്തിലാണ് ഇപ്പോള്‍ സബീറയുടെ ചെലവും ഇളയകുട്ടികളുടെ പഠനവുമെല്ലാം നടക്കുന്നത്.
ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് വേണ്ടിയുള്ള ശബ്ദം ഉയര്‍ത്തലും വികാരപ്രകടനങ്ങളുമെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് നേട്ടത്തിന് മാത്രമുള്ളതാണെന്നും ഈ കുടുംബം പറയുന്നു. ഇത്രയും കാലം പിന്നാലെ അലഞ്ഞിട്ടും വാഗ്ദാന പാലനം മാത്രമില്ല.

ഭീകരാക്രമണത്തില്‍ പരുക്കേല്‍ക്കും മുമ്പ് കുട്ടികളെ അറബിയും ഉറുദുവും പഠിപ്പിച്ചാണ് സാബിറ ജീവിച്ചത്. 20-25 കുട്ടികളെ പഠിപ്പിച്ചിരുന്നു. പരുക്കുകള്‍ ശരീരത്തിന്റെ ചലനത്തെ തടഞ്ഞതോടെ പോയി ക്ലാസെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എന്നിട്ടും വീട്ടിലെത്തുന്ന അഞ്ചോ ആറോ കുട്ടികളെ ഇപ്പോഴും പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. ചെറിയ ഫീസ് ഇതില്‍ നിന്ന് കിട്ടുന്നുണ്ട്. ഇത്തരത്തില്‍ കുട്ടികള്‍ക്ക് പാഠം പറഞ്ഞു കൊടുക്കാന്‍ ഒരു ഇടമാണ് ആവശ്യം. മറ്റൊരു ഇടത്തേക്ക് പോയി പഠിപ്പിക്കാന്‍ ആവതില്ലാത്തതിനാല്‍ അതിനൊരു ഇടം തരികയെങ്കിലും സര്‍ക്കാരിന് ചെയ്തു കൂടെ എന്നാണ് ഈ കുടംബത്തിന് ചോദിക്കാനുള്ളത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും