സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

വിദേശത്ത് നിന്നും ഡോക്ടറേറ്റ് നേടിയ മലയാളി പെണ്‍കുട്ടി-ഹൃദയസ്പര്‍ശിയായ ഫെയ്‌സ്ബുക്ക് പോസ്റ്റ്

വിമെന്‍പോയിന്‍റ് ടീം

ജീവിത സാഹചര്യങ്ങള്‍ എന്നും പിന്നോട്ട് വലിച്ചിട്ടും അറിവിന്റെ ഉന്നതിയില്‍ എത്താന്‍ കൈത്താങ്ങേകിയ അധ്യാപകര്‍ക്കും അയല്‍വാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞുള്ള മലയാളി പെണ്‍കുട്ടിയുടെ ഹൃദയസ്പര്‍ശിയായ ഫെയ്‌സ്ബുക്ക് പോസ്റ്റ് . ജീവിതത്തിലെ പ്രതികൂല അവസ്ഥകളോട് പടപൊരുതി സ്വീഡനിലെ ലുണ്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ കൊല്ലം സ്വദേശിനി ബിന്ദു സുനില്‍ കരിങ്ങല്ലൂരിന്റേതാണ് പോസ്റ്റ്.

പത്താം ക്ലാസ് കഴിഞ്ഞ് കൂലി വേലക്കിറങ്ങേണ്ടി വന്ന ഗതികേടും പണമില്ലാത്തതിനാല്‍ പലയിടത്തും തഴയുമായിരുന്നിട്ടും അവഗണ നേരിടുമായിരുന്നിട്ടും, അത്തരം സന്ദര്‍ഭങ്ങളില്‍ സഹായ കരങ്ങളുമായി എത്തിയവരേയും കുറിച്ചുള്ള ഓര്‍മ്മകളാണ് ബിന്ദുവിന്റെ പോസ്റ്റില്‍ നിറയെ. എന്നും വിശപ്പ് രണ്ട് ദോശയില്‍ അടക്കുന്നത് കണ്ട് മുതലാളി കാണാതെ അധികം രണ്ടെണ്ണം തന്നയാളേയും ക്രിസ്മസ് അവധിക്കു പോയാല്‍ തിരിച്ചു പഠിക്കാന്‍ വരാന്‍ പറ്റില്ല എന്നറിയാത്തതിനാല്‍ ഹോസ്റ്റലിന്റെ പിറകിലുള്ള പേരയ്ക്ക തിന്ന് അതിജീവിച്ചതിനേയും വാക്കുകളാല്‍ ഓര്‍മ്മിച്ചെടുക്കുന്നു ബിന്ദു.

നാട്ടുകാരുടെ പ്രേരണയാല്‍ സ്‌കൂളില്‍ വിട്ടു തന്നെ പഠിപ്പിച്ച അമ്മയും അച്ഛനും കൂടപ്പിറപ്പുകളും അധ്യാപകരും നാട്ടുകാരും കൂട്ടുകാരും അല്ലേ ശരിയ്ക്കും തന്റെ കാണപ്പെട്ട ദൈവങ്ങള്‍ എന്ന് ചോദിച്ചാണ് വിദ്യാര്‍ത്ഥിനിയും ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

വിദ്യാര്‍ത്ഥിനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ ഗവേഷണ പ്രബന്ധം ...എന്റെ ആദ്യത്തെ പുസ്തകം കടപ്പാട് ...ദൈവങ്ങളോട് ...അതെ ഒത്തിരി ആള്‍ദൈവങ്ങളോട്..വികാസ് ട്യൂട്ടോറിയല്‍ കോളേജിലെ ഫീസ് കൊടുക്കാത്തവരുടെ ലിസ്റ്റ് വിളിക്കുമ്പോള്‍ എന്റെ പേര് ഒരിക്കലും വെട്ടാന്‍ ഒരവസരം പോലും കൊടുത്തിട്ടില്ല എന്നിട്ടും ഒരു വഴക്കുപോലും പറയാതെ ക്‌ളാസിലിരുത്തി --പഠിപ്പിച്ച ഒരു കൂട്ടം അദ്ധ്യാപകര്‍, പത്താം ക്‌ളാസ് കഴിഞ്ഞു കൂലിവേലയ്ക്കിറങ്ങിയ സമയം ...ജോണ്‍സണ്‍ സാറിന്റെ വീടാണെന്നറിയാതെ .ചെന്ന് പെട്ട ഞാനും ...ചാണകം നിറച്ച ആദ്യ കുട്ട തലയിലെടുത്തു വെച്ച് തന്നു ..കണ്ണില്‍ നോക്കാതിരിക്കാന്‍ പ്രയാസപ്പെട്ടു വൈകുന്നേരം അന്നത്തെ പണിക്കുള്ള കാശു കയ്യില്‍ തരുമ്പോള്‍ ..ഇനി നിന്നെ ഈ കോലത്തില്‍ കണ്ടു പോകരുതെന്ന് പറയാതെ പറഞ്ഞ സാറും മോളുടെ പഠിത്തം ഇനി കശുവണ്ടി ഫാക്ടറിയില്‍ മതി എന്ന് പറഞ്ഞു... എന്റെ മോളാ ഫസ്റ്റ്ക്‌ളസോടു കൂടിയാ പത്താം ക്‌ളാസ്സു പാസായതെന്നു അഭിമാനത്തോട് കൂടി പറഞ്ഞ അമ്മയ്ക്ക് 200 രൂപ അധികം കൂലികൊടുത്തിട്ടു ..ഗോമതി കൊച്ചു പഠിക്കട്ടെ എന്നു പറഞ്ഞ മുതലാളിയില്‍, കയ്യിലിരുന്ന ചില്ലറ കൊടുത്തു ..ചേട്ടാ എനിക്ക് കോളേജിലിടാന്‍ ഒരു ചെരുപ്പ് വേണം പക്ഷേ മുഴുവന്‍ കാശില്ല എന്ന് അദ്ദേഹത്തിന് കേള്‍ക്കാന്‍ മാത്രം പറഞ്ഞ എനിക്ക് ചില്ലറ തിരികെ തന്നു കൂടെ ഒരു ചെരുപ്പും പൊതിഞ്ഞു തന്ന കടയുടമസ്ഥനില്‍ ...
അന്‍പതു രൂപ കൂട്ടി എല്ലാവരും ഇട്ടാല്‍ ബിന്ദുവിനെ കൂടി ട്യൂറിനു കൊണ്ടുപോകാന്‍ മനസ്സ് കാട്ടിയ ആരെ കൂട്ടുകാരില്‍, നീ വലിയ വീട്ടിലെ പിള്ളേരുകൂടെയല്ലേ ട്യൂറിനു പോകുന്നത് ഇതും കൂടിവെച്ചോ എന്നുപറഞ്ഞു കടമായി മേടിച്ച പൈസക്കൊപ്പം 200 രൂപ കൂടിത്തന്നെ സലിയണ്ണനില്‍.. സന്ധ്യയായതിനാല്‍ പൈസയില്ലാഞ്ഞിട്ടും ഒരു ധൈര്യത്തില്‍ ബസില്‍ കയറി, ടിക്കറ്റിനു പൈസയ്ക്ക് കൈനീട്ടിയപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞതു കണ്ടു ...സാരമില്ല കേട്ടോ എന്ന് ചുമലുയര്‍ത്തി കാണിച്ച കണ്ടക്ടറില്‍, ദിവസവും വേടിക്കുന്ന രണ്ടു ദോശയാണ് അന്നത്തെ ഭക്ഷണം എന്നറിഞ്ഞു ..മുതലാളി കാണാതെ അധികം രണ്ടെണ്ണം കൂടി തന്നു ..കടയില്‍ നിന്നറങ്ങുമ്പോള്‍ ആരും കാണാതെ ചിരി പാസാക്കുന്ന ..ഏന്തിവലിഞ്ഞു നടക്കുന്ന പ്രായം ചെന്ന ഒരു മനുഷ്യനില്‍....ക്രിസ്മസ് അവധിക്കുപോയാല്‍ തിരിച്ചു പഠിക്കാന്‍ വരാന്‍ ചിലപ്പോള്‍ പറ്റില്ല എന്നറിയാവുന്ന എനിക്ക് ഹോസ്റ്റലിനു പിറകിന്നുള്ള പേരമരവും അതിലെ പേരയ്ക്കയും ആഹാരമായപ്പോള്‍ ..വിശന്നിരിക്കുമ്പോള്‍ പേരയ്ക്കയ്ക്ക് എന്ത് രുചിയാ എന്നു പറഞ്ഞു കൂടെക്കൂടിയ കൂട്ടുകാരിയില്‍ ...എന്റെ പ്രീയപ്പെട്ട ങ.ടര കൂട്ടുകാരില്‍..മക്കളെ എന്നുവിളിച്ചു സ്‌നേഹത്തില്‍ പൊതിഞ്ഞ മറുപടികള്‍ അയയ്ക്കുന്ന അദ്ധ്യാപകനില്‍ ...... പിന്നെ സഹായിച്ചവരെല്ലാം എനിക്ക് ദൈവതുല്യരാണ്..
പതിനഞ്ചാം വയസില്‍ കൂലിവേലയ്ക്കിറങ്ങിയ എനിക്ക് ...ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ഉന്നതമായ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി നില്‍കുമ്പോള്‍ ...നേരെവരുന്ന മനുഷ്യര്‍ ദൈവങ്ങളും... വിഷമങ്ങള്‍..അനുഗ്രഹങ്ങളും ആയി മാത്രമേ കാണാന്‍ പറ്റുള്ളു ... നന്ദി പറയേണ്ടത്.. അക്ഷരാഭ്യാസം ഇല്ലാത്ത ... നാട്ടുകാരുടെ പ്രേരണയാല്‍ സ്‌കൂളില്‍ വിട്ടു എന്നെ പഠിപ്പിച്ച അമ്മയ്ക്കും അച്ഛനും കൂടെപ്പിറപ്പുകള്‍ക്കും പിന്നെ അദ്ധ്യാപകര്‍ക്കും എന്റെ പ്രീയപ്പെട്ട നാട്ടുകാര്‍ക്കും .. പിന്നെ മുകളില്‍ പറഞ്ഞ പ്രീയപ്പെട്ട കൂട്ടുകാര്‍ക്കും ..ശരിക്കും അവരല്ലേ കാണപ്പെട്ട ദൈവങ്ങള്‍?
ബിന്ദുവിന്റെ പോസ്റ്റിനോട് വികാരാധീനരായാണ് ഒട്ടുമിക്ക പേരും കമന്റ് ബോക്‌സില്‍ പ്രതികരിച്ചിരിക്കുന്നത്.
'എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുമ്പോഴും വീണ്ടും കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ചു നടക്കുന്നവര്‍ക്കും സൗകര്യങ്ങളുടെ കുറവ് എന്ന് പറഞ്ഞു പഠനം ഉഴപ്പുന്നവര്‍ക്കും വലിയ ഒരു പാഠമാകട്ടെ ഈ കുട്ടി..അഭിനന്ദനങ്ങള്‍'- എന്നാണ് പ്രദീപ് എന്ന യൂസറുടെ പ്രതികരണം. മറ്റൊരു യൂസറുടെ പ്രതികരണം ഇങ്ങനെ-'പിന്നിട്ട പടികളൊന്നും മറന്നില്ല, താങ്ങായ കൈകളൊന്നും മറന്നില്ല.. എല്ലാ നന്മകളും ഇനിയും ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു ചേച്ചി..'


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും