സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത സ്ത്രീകളുടെ നെറ്റിയില്‍ ‘പോക്കറ്റടി’ എന്ന് പച്ചകുത്തി

വിമെന്‍പോയിന്‍റ് ടീം

പട്യാലയില്‍ പോക്കറ്റടിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ സ്ത്രീകളുടെ നെറ്റിയില്‍ പോക്കറ്റടി എന്ന് പച്ചകുത്തിയ പൊലീസുകാര്‍ക്ക് പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചു. 23 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സംഭവത്തില്‍ അന്നത്തെ എസ്.പിയായിരുന്ന സുഖ്ദേവ് സിംഗ് ചീന, എസ്.ഐ നരീന്ദര്‍ സിംഗ് മല്ലി, എ.എസ്.ഐ കന്‍വാല്‍ജിത്ത് സിംഗ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. സിംഗിന് ഒരു വര്‍ഷത്തെ കഠിനതടവും മറ്റു രണ്ടു പേര്‍ക്ക് മൂന്നു വര്‍ഷത്തെ കഠിനതടവുമാണ് കോടതി വിധിച്ചത്.

1993 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറസ്റ്റ് ചെയ്യപ്പെട്ട മൊഹീന്ദര്‍ കൗര്‍ (65), പ്രേമാവതിദേവി(60), എന്നിവരടക്കം നാലു സ്ത്രീകളുടെ നെറ്റിയിലാണ് പൊലീസ് പച്ചകുത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ സമയം ഇവരുടെ മുഖം ഷോളുപയോഗിച്ച് മറച്ചിരുന്നു. എന്നാല്‍ ഒരു സ്ത്രീ പച്ചകുത്തിയ വിവരം കോടതിയില്‍ വെളിപ്പെടുത്തുകയായിരുന്നു.

ഞാന്‍ പോക്കറ്റടിക്കാരി തന്നെയാണ് എന്ന് കരുതുക, പക്ഷേ എന്തിനാണ് എന്റെ നെറ്റിയില്‍ അങ്ങനെ പച്ച കുത്തിയത്. എന്ത് ന്യായമാണിത്. ഇത് ഞങ്ങളുടെ കുടുംബജീവിതത്തെ ഇല്ലാതെയാക്കി. ഇതു കാരണം എന്റെ രണ്ട് പെണ്‍കുട്ടിള്‍ വിവാഹമോചിതരാവേണ്ടി വന്നു. ഞങ്ങള്‍ക്ക് നീതി ഇല്ലേ?-പ്രേമാവതിദേവി

സംഭവത്തില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയായിരുന്നു. പൊലീസുകാര്‍ പ്ലാസ്റ്റിക്ക് സര്‍ജറി നടത്താന്‍ ഏര്‍പ്പാടുകള്‍ ചെയ്യണം, നഷ്ടപരിഹാരം നല്‍കണം എന്നിവ ആവശ്യപ്പെട്ട് പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ മനുഷ്യാവകാശ കമീഷന്‍ ഹര്‍ജി സമര്‍പ്പിച്ചു. പിന്നീട് സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷന്‍ കോടതിയില്‍ സത്യവാങ്മൂലവും നല്‍കുകയായിരുന്നു. സുവര്‍ണ ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്നു തങ്ങളെ പൊലീസുകാര്‍ തടഞ്ഞു നിര്‍ത്തുകയും പിന്നീട് കസ്റ്റഡിയിലെടുക്കുകയുമായിരുന്നെന്നാണ് സ്ത്രീകളുടെ വാദം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും