സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

68 ദിവസം നീണ്ട ഉപവാസമെടുത്ത 13 വയസുകാരി മരിച്ചു

വിമെന്‍പോയിന്‍റ് ടീം

ഹൈദരാബാദില്‍ 68 ദിവസം നീണ്ട ഉപവാസമെടുത്ത 13 വയസുകാരി മരിച്ചു. ജൈന ആചാരപ്രകാരമുള്ള വിശുദ്ധമാസമായ ‘ചൗമാസ’ വ്രതമെടുത്ത സെക്കന്തരാബാദിലെ ആരാധന എന്ന എട്ടാം ക്ലാസുകാരിയാണ്‌ മരിച്ചത്.ഉപവാസം അവസാനിപ്പിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ആരാധനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നും, ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നെന്നുമാണ് കുടുംബാംഗങ്ങളുടെ വിശദീകരണം.

'ശോഭയാത്ര' എന്ന പേരിലെ നടത്തിയ ആരാധനയുടെ മരണാനന്തര ചടങ്ങുകളില്‍ 600ല്‍ അധികം പേരാണ് പങ്കെടുത്തത്. 'ബാല്‍ തപസ്വി' എന്നാണ് ആരാധനയെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. ആരാധന ഇതിന് മുന്‍പ് 41 ദിവസത്തെ ഉപവാസമനുഷ്ഠിച്ചിട്ടുണ്ടെന്നാണ് ആരാധനയുടെ ബന്ധുമിത്രാദികള്‍ പറയുന്നത്. വെള്ളം പോലും കുടിക്കാതെയായിരുന്നു ആരാധനയുടെ വ്രതം.ജൈന്‍ മതവിശ്വാസികള്‍ക്കിടയില്‍ ഇത്തരത്തില്‍ നിരാഹാര വ്രതമനുഷ്ഠിക്കുന്നത് പുണ്യപ്രവൃത്തിയായാണ് കണക്കാക്കപ്പെടുന്നത്. യോഗങ്ങളിലും മറ്റും മതാചാര്യന്മാര്‍ ആരാധനയെ പുകഴ്ത്തുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്.

സെക്കന്തരാബാദിലെ ചട്ടി ബസാറില്‍ ആഭരണ വ്യാപാരികളാണ് ആരാധനയുടെ കുടുംബം. സ്‌കൂള്‍ പോലും ഉപേക്ഷിച്ച് ഉപവാസമനുഷ്ടിക്കാന്‍ അനുവദിച്ചത് എന്തിനാണെന്നാണ്‌ എല്ലാവരും ഉന്നയിക്കുന്ന ചോദ്യം. എന്നാല്‍ ആരാധന വ്രതമെടുക്കുന്നകാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നെന്നും, ആരാധനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വരെ എത്തിയിരുന്നവരാണ് ഇപ്പോള്‍ തങ്ങളെ വിമര്‍ശിക്കുന്നതെന്ന് ആരാധനയുടെ കുടുംബം ആരോപിക്കുന്നു.

‘ഞങ്ങളൊന്നും ഒളിച്ചുവെക്കുന്നില്ല. ആരാധന നോമ്പ് എടുക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അവളോടൊത്ത് സെല്‍ഫിയെടുക്കാന്‍ പലരും വരാറുണ്ട്. ഇപ്പോള്‍ അവള്‍ മരിച്ചപ്പോള്‍ നോമ്പെടുക്കാന്‍ അവളെ അനുവദിച്ചതിന് ഞങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല’-
ആരാധനയുടെ മുത്തച്ഛന്‍

ശിശു സംരക്ഷണ പ്രവര്‍ത്തക ഷാന്‍താ സിന്‍ഹ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിയെുക്കണമെന്നാവശ്യപ്പെട്ട ബാലാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. മതനേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ പുനര്‍വിചിന്തനം ചെയ്യണമെന്ന് സിന്‍ഹ പറഞ്ഞു.

മുതിര്‍ന്നവര്‍ അനുഷ്ഠിക്കേണ്ട വ്രതാനുഷ്ഠാനങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ആചരിക്കുന്നതിലും അത് മരണത്തിലേക്ക് നയിക്കുന്നതിലും അസ്വാഭാവികതയുണ്ട്. ഇതിനെ കൊലപാതകമെന്നോ ആത്മഹത്യയെന്നോ ആണ് വിളിക്കേണ്ടത് ലത ജൈന്‍ പറഞ്ഞു.

ലതാ ജെയിന്‍, സമുദായത്തിലെ അംഗം
വധുവിനെ പോലെ ആഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞ് ക്ഷീണിതയായി രഥത്തിലിരിക്കുന്ന ആരാധ്യയുടെ ചിത്രങ്ങള്‍ സോഷ്യമീഡിയയില്‍ പ്രചരിക്കുകയാണ്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും