തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന് മദ്രാസ് ഹൈകോടതി. ജയലളിതയുടെ ആരോഗ്യനില വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളി. ആരോഗ്യനില വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയാണ് പൊതുതാല്‍പര്യ ഹര്‍ജി നൽകിയത്. രാമസ്വാമിയുടെ ഹരജിയിൽ പൊതു താൽപര്യമില്ലെന്നും പ്രസിദ്ധിയാണ് ഉദ്ദേശിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യക്തിയുടെ ആരോഗ്യസ്ഥിതി പരസ്യപ്പെടുത്തണമെന്ന് കോടതിക്ക് പറയാനാവില്ല. അവരുടെ സ്വകാര്യത മാനിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. ജയലളിതയുടെ ആരോഗ്യയ സ്ഥിതി മറച്ചു വെക്കുന്നില്ലെന്നും മെഡിക്കൽ ബുള്ളറ്റിനുകൾ പുറത്തിറക്കുന്നുണ്ടെന്നും സർക്കാറും കോടതിയിൽ വാദിച്ചു. ജയലളിതയുടെ ആരോഗ്യനില ജനങ്ങളെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും ബാധ്യതയുണ്ടെന്ന് മദ്രാസ് ഹൈകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. സര്‍ക്കാറിന്‍െറ ഒൗദ്യോഗിക അറിയിപ്പുകള്‍ ജനങ്ങളുടെ ആകാംക്ഷ കുറക്കാന്‍ സഹായിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

