സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജയലളിതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണംഃ കരുണാനിധി

വിമെന്‍ പോയിന്‍റ് ടീം

അസുഖങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധി.

ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ വിവരം ജനങ്ങളെ അറിയിക്കാന്‍ തയാറാകണം. അതിനായി ജയലളിതയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവിടണമെന്നും അഭ്യൂഹങ്ങള്‍ അങ്ങനെ അവസാനിക്കട്ടെ എന്നും കരുണാനിധി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സര്‍ക്കാര്‍ പുറത്തുവിടുന്ന സുതാര്യമല്ലാത്ത റിപ്പോര്‍ട്ടുകള്‍ കാരണം നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെന്നും കരുണാനിധി പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും വ്യാഴാഴ്ച രാത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നതിന് പിന്നാലെയാണ് കരുണാനിധിയുടെ പ്രസ്താവന.

കഴിഞ്ഞ ഒരാഴ്ചയായി മുഖ്യമന്ത്രി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു ചിത്രം പോലും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഇത് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരെയും തമിഴ്‌നാട്ടിലെ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

കടുത്ത പനിയും നിര്‍ജലീകരണവും മൂലം കഴിഞ്ഞ 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ആരോഗ്യനില ഗുരുതരമാണെന്നും വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്കു കൊണ്ടുപോകേണ്ടിവരുമെന്നുമൊക്കെ പിന്നീടുള്ള ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

തുടര്‍ന്നുള്ള കുറച്ചു ദിവസങ്ങളില്‍ ആശുപത്രിയില്‍നിന്നുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കും നല്‍കിയിരുന്നില്ല. പിന്നീട് വ്യാഴാഴ്ച രാത്രി ഏറെ വൈകിയാണ് അപ്പോളോ ആശുപത്രി അധികൃതര്‍ ആരോഗ്യനില സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.

കാവേരി വിഷയത്തില്‍ ആശുപത്രിയില്‍വച്ചു മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്ന് എ.ഐ.എ.ഡി.എം.കെ നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ ചിത്രങ്ങളോ വിഡിയോ ദൃശ്യങ്ങളോ പുറത്തുവിട്ടിരുന്നില്ല. ആശുപത്രിയിലായാലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു യോഗത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിടാറുള്ള പതിവുണ്ട്. എന്നാല്‍ ഇക്കുറി അതുണ്ടായില്ലെന്നും കരുണാനിധി പറഞ്ഞു.

ജയലളിതയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചിട്ടില്ലെന്ന് എ.ഐ.എ.ഡി.എം.കെ വക്താവ് നഞ്ചില്‍ സമ്പത്ത് പറഞ്ഞു. ആശുപത്രിയില്‍ കഴിയുകയാണെങ്കിലും ഭരണകാര്യങ്ങളില്‍ മുഖ്യമന്ത്രി സജീവമായി ഇടപെടുന്നുണ്ട്. കാവേരി വിഷയത്തിലും കോയമ്പത്തൂരിലെ വര്‍ഗീയ സംഘര്‍ഷ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയുണ്ടായി. ഇപ്പോഴത്തെ ആരോഗ്യനില തൃപ്തികരമാണ്. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും