പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ സൈനിക നീക്കത്തെ പിന്തുണച്ച് ബംഗ്ലാദേശ്. നീതിന്യായ വ്യവസ്ഥ പ്രകാരവും രാജ്യാന്തര അവകാശങ്ങള്‍ പ്രകാരവും രാജ്യത്തിന്റെ പരമാധികാരത്തിലും പ്രവിശ്യകളിലും കടന്ന് കയറുന്ന ഏത് വിദേശ നീക്കത്തെയും പ്രതിരോധിക്കുവാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് ബംഗ്ലാദേശ് പ്രതികരിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഉപദേഷ്ടാനായ ഇഖ്ബാല്‍ ചൗധരിയാണ് ഇന്ത്യയ്ക്കുള്ള പിന്തുണ അറിയിച്ചത്. കശ്മീര്‍ വിഷയം ഉഭയകക്ഷി പ്രശ്‌നമാണെന്നും എന്നാല്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ ഉണ്ടാകുന്നുവെന്നും ചൗധരി പ്രതികരിച്ചു.ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയെ ലക്ഷ്യമാക്കിയുള്ള ഭീകര പ്രവര്‍ത്തനം അനുവദിക്കുകയില്ലെന്നും ഭീകരവാദത്തോട് അസഹിഷ്ണുത പുലര്‍ത്തുന്ന രാഷ്ട്രമാണ് തങ്ങളെന്നും ചൗധരി പ്രതികരിച്ചു. സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസവും സമാധാന അന്തരീക്ഷവും അനിവാര്യമാണെന്നും രാജ്യാന്തര ബന്ധങ്ങള്‍ തകര്‍ക്കപ്പെടുന്ന തലങ്ങളില്‍ നിന്നും രാജ്യങ്ങള്‍ പിന്‍മാറണമെന്നും ഇഖ്ബാല്‍ ചൗധരി പറഞ്ഞു. നേരത്തെ ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലും പാകിസ്ഥാനെതിരെ ബംഗ്ലാദേശ് രംഗത്തു വന്നിരുന്നു. നിയന്ത്രണരേഖ മറികടന്ന് സൈന്യം ഇന്നലെ രാത്രി നടത്തിയ ഓപറേഷനില്‍ 38 ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍.