സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കളിക്കളങ്ങളിലെ ആണാരവങ്ങള്‍ - വേണം ലിംഗേതര മൈതാനങ്ങൾ

റിയാസ് ലെസ് ക

മലപ്പുറത്തു വെച്ച് നടക്കുന്ന  യുവസമിതി സ്ക്രൈബ് സ് ശാസ്ത്ര സാംസ്കാരികോത്സവത്തിൽ ഇത്തവണ ആണും പെണ്ണും ട്രാൻജെന്ററുകളും ഒരു ടീമിൽ. ലിഗേതര മൈതാനത്തില്‍ പ്രാദേശിക ടീമുകൾ മാറ്റുരക്കും.വേനല്‍ കനക്കുന്നതോടെ മലപ്പുറത്തെ പാടങ്ങളില്‍ കൊച്ചുകൊച്ചു സ്‌റ്റേഡിയങ്ങള്‍ ഉയരും. മുളന്തണ്ടും കമുകിന്‍ ചീളുകളും കൊണ്ട് കെട്ടിയുണ്ടാക്കിയ ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയങ്ങള്‍. പിന്നെ സെവന്‍സും ഇലവന്‍സുമായി മൈതാനത്ത് ഫുട്‌ബോള്‍ മാമാങ്കങ്ങള്‍ തുടങ്ങുകയായി. മഴയൊഴിഞ്ഞ കാലത്തെല്ലാം പഞ്ചായത്ത്, സ്‌കൂള്‍ മൈതാനങ്ങളിലും ഇത്തരം ടൂര്‍ണമെന്റുകള്‍ നടക്കും. മലപ്പുറത്ത് മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഏറിയും കുറഞ്ഞും ഇത്തരം മത്സരങ്ങള്‍ നടക്കാറുണ്ട്. പത്തും അമ്പതും മുടക്കി കളികാണാനെത്തുന്നത് ആയിരങ്ങളാണ്. എന്നാല്‍ ഈ മൈതാനങ്ങളിലെല്ലാം കാണുക ആണാഘോഷത്തിന്റെ ആര്‍പ്പുവിളികളാണ്. നാട്ടിന്‍പുറത്തിന്റെ കളിയിടങ്ങളില്‍ പെണ്‍പടയെ കാണാനേ കഴിയില്ല. ആവേശപ്പൊട്ടലിന്റെ കൂക്കുവിളിയുമായി ഗ്യാലറിയില്‍ ഏറിയാല്‍ പത്തോ പതിനഞ്ചോ പേര്‍. അതും വമ്പന്‍ ടൂര്‍ണമെന്റുകളില്‍ മാത്രം. ദേശീയമത്സരങ്ങള്‍ കാണാന്‍ മാത്രമാണ് കുറേപേരെങ്കിലും എത്തുക.

കളിക്കളത്തില്‍നിന്ന് സ്ത്രീകള്‍ എങ്ങനെ മാറ്റിനിര്‍ത്തപ്പെടുന്നുവെന്ന് ചിന്തനീയമാണ്. പാതിരാവുകളിലെ സെവന്‍സ് മത്സരങ്ങള്‍ കാണാന്‍ രാത്രി നിഷേധിക്കപ്പെടുന്ന വര്‍ഗമെത്തില്ലെന്നത് ഒരു കാരണമാണ്. ഫുട്‌ബോള്‍, ക്രിക്കറ്റ്, ഹോക്കി, വടംവലി എന്നിവയെല്ലാം വീരപരിവേഷമുള്ള പുരുഷന്മാരെ സൃഷ്ടിക്കുന്ന ഇടങ്ങളാണ്. ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും അതിന് മാറ്റമില്ല. നമുക്ക് ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിലെ എത്ര അംഗങ്ങളുടെ പേരറിയും? കായികമത്സരങ്ങളോട് അത്ര താല്‍പ്പര്യമുള്ളവര്‍ക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബാലാദേവി, കമലാദേവി എന്നിവരെ കുറിച്ചറിയുമായിരിക്കും. കേരളത്തില്‍നിന്ന് ആരേയുമറിയില്ല! ക്രിക്കറ്റ്, ഹോക്കി എന്നിവയുടെ കാര്യത്തിലും തഥൈവ. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെയും ദേശീയ ടീമുകളിലെയും അറിയപ്പെടുന്ന ക്ലബുകളിലേയും ആണ്‍കളിക്കാരില്‍ ഭൂരിഭാഗത്തേയും നമുക്കറിയാം. എന്നാല്‍ വനിതാ കളിക്കാരെക്കുറിച്ച് യാതൊന്നുമറിയില്ല. മാധ്യമങ്ങളില്‍ ഏറിയപങ്കും അതിനെക്കുറിച്ച് പറയാറുമില്ല.
കളിക്കങ്ങളെ പടക്കളങ്ങളായാണ് കാണികള്‍ കാണുന്നത്. എതിരാളിയെ കരുത്തുകൊണ്ട് മുട്ട് കുത്തിക്കുന്നവര്‍ വാഴ്ത്തപ്പെടുന്നു. പ്രതിരോധം, ആക്രമണം, വേഗത തുടങ്ങി കളിക്കളങ്ങള്‍ യുദ്ധസമാനാമാകുന്നു. ഇവിടെ സഹന പ്രതീകങ്ങളായ സ്ത്രീകള്‍ക്ക് കാര്യമായൊന്നും ചെയ്യാനാകില്ലെന്ന് സമൂഹത്തില്‍ വലിയൊരു വിഭാഗം കരുതുന്നുണ്ടാകാം. കായിക ശേഷിയില്‍ അവര്‍ പിന്നാക്കമാണെന്നാണല്ലോ സങ്കല്‍പ്പം. കായികക്ഷമത എത്രയുണ്ടെങ്കിലും സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്ന ഫുട്‌ബോള്‍, ക്രിക്കറ്റ് ടീമിനെ സങ്കല്‍പ്പിക്കാന്‍ നമുക്കാകുമോ? യുദ്ധത്തിലും വിപ്ലവത്തിലും കലാപത്തിലും മേല്‍കൈ നേടുകയും വാഴ്ത്തപ്പെടുകയും ചെയ്യുന്നത് പുരുഷന്മാരാകുമ്പോള്‍ അതേ മനോനിലയാണ് കളിക്കളത്തിലും അവര്‍ക്ക് മേല്‍ക്കൈ നല്‍കുന്നത്. പൊതു ഇടങ്ങളിലെല്ലാം ആധിപത്യം സ്ഥാപിച്ചിട്ടുള്ള പുരുഷന് കളിക്കളങ്ങള്‍ കീഴടക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല.

വ്യക്തിഗത പ്രകടനങ്ങളില്‍ ലോകപ്രശസ്തരായ ചില വനിതകള്‍ നമുക്കുണ്ട്. സാനിയാ മിര്‍സ, സൈന നെഹ്‌വാള്‍, മേരി കോം, എലിസബത്ത് സൂസന്‍കോശി, കേരളത്തില്‍ പി ടി ഉഷ, അഞ്ജു ബോബി ജോര്‍ജ്, മേഴ്‌സി കുട്ടന്‍, പി യു ചിത്ര തുടങ്ങിയവര്‍. കളിക്കളത്തിലും ലോകമറിയപ്പെടുന്നവര്‍ ഉണ്ടാകേണ്ടതുണ്ട്. പുരുഷനോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് മൈതാനങ്ങളില്‍ പ്രതിരോധത്തിന്റെയും മുന്നേറ്റത്തിന്റെയും ആരവങ്ങള്‍ തീര്‍ക്കാന്‍ കഴിയണം. രാത്രിയില്‍ സുഹൃത്തിന്റെ ബൈക്കിന് പിന്നിലിരുന്ന് കളിക്കളങ്ങളിലെത്തി വുവുസേലയൂതാന്‍ എന്നാണ് വനിതകള്‍ക്ക് കഴിയുക? വിസില്‍ മുഴങ്ങുമ്പോള്‍ ആണിനൊപ്പം പന്തിനു പിന്നാലെ പായാന്‍ പെണ്‍കാലുകള്‍ക്കും വേഗതയുണ്ടാകണം. മുഴുവൻ മൈതാനവും അവര്‍ക്ക് അവകാശപ്പെട്ടതാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും